Custom Search

Friday, April 17, 2009

മനോഹരമായ ഒരു ബ്ലോഗ്

വളരെയധികം പോസ്റ്റുകള്‍ ഉണ്ടായിട്ടും ഇന്നുമാത്രം ശ്രദ്ധയില്‍ പെട്ട ഒരു ബ്ലോഗ് പരിചയപ്പെടുത്തുന്നു.
ഇരുപതാം നൂറ്റണ്ടിലെ പ്രിയ കവികളെയും അവരുടെ കവിതകളേയും പരിചയപ്പെടുത്തുന്ന ഈ ബ്ലോഗ് കവിതാ സ്നേഹികളെ ആകര്‍ഷിക്കാതെയിരുക്കുകയില്ല!

തിരഞ്ഞെടുത്ത കവിതകള്‍ മനോഹരമായി ആലപിച്ച് നല്ല ഒരു അനുഭവം തരുന്നു പ്രിയ ബ്ലോഗ്ഗര്‍.
ഇത്രയേറെ കവിതകള്‍ സൂക്ഷ്മയോടെ പാടി ,റെക്കോഡ് ചെയ്ത്, ശ്രോതാക്കള്‍ക്കു നല്‍കിയ ബ്ലോഗ്ഗര്‍ അഭിനന്ദനം അര്‍ഹിക്കുന്നു.
കാവ്യം സുഗേയം എന്ന മനോഹരമായ ബ്ലോഗിന്റെ ആമുഖം ഇതാ..

“കവിതയുടെ ആ വഴികളെ തിരയാനുള്ള ഒരു ചൊല്‍ശ്രമമാണ്‌ കാവ്യം സുഗേയം. ഇരുപതാം നൂറ്റാണ്ടിന്റെ കവിതകളെ ചൊല്ലി അടയാളപ്പെടുത്താനുള്ള ഒരു ശ്രമം. വിലയിരുത്തുകയും വിമര്‍ശിക്കുകയുമാവാം..“

സന്ദര്‍ശിക്കുക...
http://kavyamsugeyam.blogspot.com/






.

Monday, April 13, 2009

കൊടിതോരണങ്ങളാൽ അലംകൃതമായ....

ഭാരതീയരായ നമ്മൾക്കു ധാരാളം ഉത്സവങ്ങൾ ഉണ്ട്. മണങ്ങൾ കൊണ്ടും നിറങ്ങൾ കൊണ്ടും വേർതിരിക്കാവുന്നവ,തണുപ്പുകൊണ്ടും ചൂടുകൊണ്ടും വകതിരിച്ചവ, സമൃദ്ധികൊണ്ടും പഞ്ഞംകൊണ്ടും അകന്നു നിൽക്കുന്നവ, ശബ്ദകോലാഹലങ്ങൾ കൊണ്ടും അടക്കിപിടിച്ച കുശുകുശുക്കലുകളാലും വ്യതിരിക്തമായവ. ഇന്ത്യൻ ഗ്രാമങ്ങളുടെ തനതു അസ്തിത്വം അറിയണമെങ്കിൽ ഈ ഉത്സവങ്ങളിലൂടെ നാം പ്രവേശിക്കണം. മതപരവും ഗോത്രപരവുമായ നിരവധി ഉത്സവങ്ങളെപ്പോലെ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ പോലുള്ള ദേശീയ ആഘോഷങ്ങൾ കൂടി നാം ഏറ്റെടുത്തിട്ടുണ്ട്. മറ്റൊരർത്ഥത്തിൽ നാം ഇന്നു എന്തും ആഘോഷമാക്കാനുള്ള ഒരു മനോഗതിയിലാണെന്നു തോന്നിപ്പോയിട്ടുണ്ട്. മരണാ‍നന്തരം ഷെയറിട്ടു മദ്യപിക്കുന്ന ആഘോഷങ്ങൾ മുതൽ ഇതു പുതിയ പുതിയ മേഖലകളിലേക്കു വ്യാപിക്കുന്നതായി എനിക്കു തോന്നിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും തെരഞ്ഞെടുപ്പുകളെ നാം സ്വീകരിച്ചതിന്റെ സൂക്ഷ്മാംശങ്ങൾ പരിശോധിച്ചാൽ തെരഞ്ഞെടുപ്പുകൾ ഒരു മഹോത്സവമായിത്തീരുന്ന പ്രക്രീയ നമുക്കു കാണാനാകും.
ന്ത്യൻ ജനാധിപത്യം ലോകത്തിലെ ഏറ്റവും ശ്രദ്ധേയവും വലുതുമായ ഒരു സംവിധാനമാണു. എന്തെല്ലാം അപവാദങ്ങൾ അതിനെതിരെ നിരത്താനുണ്ടെങ്കിലും അതു തുറന്നു വയ്ക്കുന്ന തിരഞ്ഞെടുക്കൽ സ്വാതന്ത്ര്യം മറ്റേത് രാജ്യത്തേക്കാളും മികച്ചതാണു . കഴിഞ്ഞ25 വർഷക്കാലത്തിനിടക്കു ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ഭൂരിപക്ഷം വരുന്ന ദളിത് - സ്ത്രീ ജനവിഭാഗങ്ങൾ ജനാധിപത്യ പ്രക്രീയയിലേക്കു സജീവമായി കടന്നു വന്നത് നമ്മുടെ ജനാധിപത്യ സംവിധാ‍നത്തിന്റെ വലുപ്പത്തെ വർദ്ധിപ്പിച്ചിട്ടുണ്ട്. പറ്റങ്ങൾ വോട്ട് ചെയ്തിരുന്ന ആ ഗ്രാമങ്ങളിൽ ഇപ്പോൾ വ്യക്തി വോട്ടുകൾ വന്നിരിക്കുന്നു. വ്യക്തി പ്രഭാവങ്ങളിൽ കുടുക്കിയുള്ള വോട്ടു ബാങ്കുകളില്ലയെന്നല്ല, 25 വർഷം മുമ്പുള്ള നിലയിൽ നിന്നു വളരെ അഭിവൃദ്ധിപ്പെട്ടിട്ടുണ്ടെന്നു മാത്രമാണു അർഥം. പഴയ വോട്ടുബാങ്കുകൾ നഷ്ടമായതിൽ പാപ്പരായ പ്രസ്ഥാനങ്ങൾ അതിൽനിന്നു പിന്നെ എണീറ്റിട്ടില്ല.

കേരളം വളരെ മുമ്പുതന്നെ ജനാധിപത്യ പ്രക്രീയയിൽ ഉയർന്ന ബോധത്തോടെ പ്രതികരിച്ച സംസ്ഥാനമാണു. അടിയന്തിരാവസ്ഥയോട് കാണിച്ച ആഭിമുഖ്യത്തോടെ ജനാധിപത്യ വിരുദ്ധമായ ഒരു കാലത്തിനോട് ചേർന്നു നിന്നവർ എന്ന ചീത്തപ്പേരു മലയാളിക്കു ഒരിക്കലും മായ്ച്ചുകളയാനാകാത്തതായി ഉണ്ടെങ്കിൽ പോലും വ്യക്തികൾ അവരുടെ നിർണ്ണയാവകാശം വിനിയോഗിക്കുന്നതിലും മറ്റും ഉയർന്ന ബോധം പുലർത്തിയിരുന്നു. ഇന്ത്യയിൽ മറ്റൊരിടത്തും ചർച്ചചെയ്യാത്തതരത്തിലുള്ള ചില രാഷ്ട്രീയ പ്രശ്നങ്ങൾ വളരെ ഗൌരവത്തോടെ ഇലക്ഷൻ സമയത്തും അല്ലാതെയും കേരളം ചർച്ചചെയ്തിരുന്നു. എന്നാൽ നിർഭാഗ്യമെന്നു പറയട്ടെ മാധ്യമങ്ങളൂടെ കാലമെന്നു പേർകേട്ട ഇക്കാലത്ത് നടക്കുന്ന തെരഞ്ഞെടുപ്പിൽ കേരളം രാഷ്ട്രീയം ചർച്ചചെയ്യുന്നില്ലായെന്ന ദുരന്തമാണു നാം അറിയുന്നത്.
ന്തുകൊണ്ടാണു ഇതു സംഭവിച്ചത്? മാധ്യമങ്ങൾ സൃഷ്ടിച്ചെടുത്ത കൃത്രിമ വിവാദങ്ങളിലാണു ഇന്നത്തെ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒരു സ്വീഡോ- പൊളിറ്റിക്കൽ സ്പിയർ അവർ സൃഷ്ടിച്ചെടുത്തിരിക്കുന്നു. നമ്മുടെ നേതാക്കൻമാർ ഇടതു വലതു വ്യത്യാസമില്ലാതെ മീഡിയാ മാനിയാക്കുകളായിരിക്കുന്നു. വസ്ത്രധാരണത്തിലും മുടിചീകിവയ്ക്കുന്നതിലും മറ്റ് ബോഡി-ലാംഗേജുകളിലും ശ്രദ്ധിച്ചുനടക്കുന്ന സുന്ദരപുരുഷന്മാരുടെ നേതൃനിരയാണു നാം ഇന്നു കാണുന്നത്.
അടുത്ത അഞ്ചുവർഷത്തേയ്ക്കു ഇന്ത്യയെ ആ‍രു ഭരിക്കണം, ആഗോള സാമ്പത്തിക മാന്ദ്യത്തിൽ നമ്മുടെ നാടു നേരിടുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണു, അല്പമെങ്കിലും ആ കെടുതികളിൽ നിന്നു നമ്മൾക്കു വിടുതൽ കിട്ടാൻ സഹായിച്ച നടപടികൾ ഏതെല്ലാ‍മായിരുന്നു. എന്നിങ്ങനെ ശ്രദ്ധയോടെ രാജ്യതാല്പര്യത്തിൽ ഊന്നി ചർച്ചചെയ്യേണ്ട ധാരാളം പ്രശ്നങ്ങൾ ഇരിക്കെ നമ്മുടെ സന്ധ്യകൾ ഇരുളുന്നത് ആരുടെ പുകമറയിൽ പെട്ടാണു. ഇന്നു തകർന്നടിഞ്ഞു കിടക്കുന്ന ലോക സാമ്പത്തിക രംഗത്തിന്റെ കുഴലൂത്തുകാരും ബ്രോക്കറുമാരുമായി നിറഞ്ഞാടിയാവർ ആരെല്ലാമാണു. ഇന്നു അവർക്കു പറയാനുള്ളതെന്തെല്ലാമാണു. അവരെല്ലാം നോമിനേഷൻ പേപ്പറിനൊപ്പം പൂരിപ്പിച്ചു നൽകിയ സ്വത്ത് വിവര കണക്കിലെ ഭീമൻ സഖ്യകളെകുറിച്ചോ പാപ്പരായി പേപ്പർ നൽകിയ ചിലരുടെ മില്ല്യനർ ഭാര്യമാരെകുറിച്ചോ നമ്മൾ ചിന്തിക്കുന്നില്ല.
ജാതി -മതാദി കക്ഷികൾ പ്രത്യേകം പ്രത്യേകം യോഗം ചേരുകയും തെരഞ്ഞെടുപ്പിനു ശേഷമുണ്ടാകാവുന്ന അധികാര ധ്രുവീകരണത്തെ എങ്ങനെ തങ്ങൾക്കു അനുകൂലമാക്കിതീർക്കാം എന്നു കൊണ്ട്പിടിച്ചു ശ്രമം നടത്തികൊണ്ടിരിക്കുന്നു. കുരിശിലേറിയ ഒരു മഹാജീവന്റെ ഓർമ്മയിലും കച്ചവടപ്രസംഗങ്ങൾ നടത്തുന്ന പാതിരിമാർ അരങ്ങു തകർത്തു വാഴുന്നു. ഇലക്ഷൻ സ്ക്വോഡിറങ്ങി തിരികെ വന്ന നമ്മുടെ നാട്ടുപ്രവർത്തകർ ജാതിയും മതവും തിരിച്ച ലിസ്റ്റു വച്ചു വോട്ടു പകുത്തു വയ്ക്കുന്നു.പോൾ ചെയ്ത വോട്ടുകളുടെ ക്രഡിറ്റ് വർഷങ്ങളായി സാമൂഹികപ്രവർത്തനം നടത്തിയവരുടെ കൈയ്യിൽനിന്നും കിമിനലുകളും വ്യവസായികളും കൊണ്ടുപോകുന്നു.

ഞാൻ തുടക്കത്തിൽ പറഞ്ഞതു പോലെ നമ്മൾക്കിതൊരു ഉത്സവമാണു. മാർക്കറ്റിന്റെ എല്ലാ തലങ്ങളിലും ഇളക്കം വയ്ക്കുന്ന ഒരു ഉശിരൻ ഉത്സവം. ഒന്നു വച്ചാൽ പത്ത് , പത്തു വച്ചാൽ നൂറ് എന്ന് വിളിച്ചു കൊണ്ട് പടംകുത്തുകാ‍ർ ഒരു വശത്ത്. എല്ലാ‍ കാഴ്ച്ചയും മറയ്ക്കുന്ന അതിവെളിച്ചത്തിന്റെ ക്രൂര മാധ്യമ കണ്ണുകൾ മറു വശത്ത്. നമുക്കു നഷ്ടപ്പെടുന്ന നമ്മുടെ ഇടങ്ങൾ, ഓർമ്മകൾ ചികഞ്ഞെടുക്കാനുള്ള നമ്മുടെ അവകാ‍ശങ്ങൾ , ഭാവിയിലേയ്ക്ക് നോക്കാനുള്ള നമ്മുടെ കർത്തവ്യങ്ങൾ ഇവയെല്ലാം തകർത്തെറിയുന്നതാരാണു?
സ്നേഹിതാ .. സത്യത്തിൽ നാം ജനാധിപത്യത്തിലേക്കു വളരുകയാണോ?



അനിൽ വേങ്കോട്

Thursday, April 9, 2009

ഈസ്റ്റര്‍ ആശംസകള്‍

എല്ലാ മലയാളികള്‍ക്കും പ്രത്യാശയുടെ ദിനമായ ഈസ്റ്റര്‍ ദിനാശംസകള്‍

ഒരു ഈസ്റ്റര്‍ ദിന ചിന്ത:

ഈശോയെ ക്രൂശിച്ചത് വെള്ളിയാഴ്ച തന്നെയാണോ? ബൈബിളും യഹൂദ ചരിത്രകാരനായ ജോസിഫസും നല്‍കുന്ന വിവരണമല്ലാതെ മറ്റൊരിടത്തും ഈശോയുടെ ജീവിതവും മരണവും, രേഖപ്പെടുത്തിയിട്ടില്ലാത്തതിനാല്‍, ഇതിന്റെ അന്വേഷണങ്ങള്‍ക്കു ബൈബിളിനെത്തന്നെ ആശ്രയിക്കുകയേ വഴിയുള്ളൂ.

ബൈബിളിലെ വിവരണം കൃത്യമായി പരിശോദിച്ചാല്‍ ഇശോയുടെ ക്രൂശീകരണം നടന്നതു ഒരു ബുദ്ധനാഴ്ച ആവാനേ തരമുള്ളൂ. എന്തായാലും വെള്ളിയാഴ്ച അല്ല!

ഇശോ പറഞ്ഞു “യോനാ കടലാനയുടെ വയറ്റിൽ മൂന്നു രാവും മൂന്നു പകലും ഇരുന്നതു പോലെ മനുഷ്യപുത്രൻ മൂന്നു രാവും മൂന്നു പകലും ഭൂമിയുടെ ഉള്ളിൽ ഇരിക്കും.” മത്തായി 12:40 . എന്നുവച്ചാല്‍ മൂന്നു പൂര്‍ണ്ണ ദിവസം ഈശോ കല്ലറയ്ക്കുള്ളില്‍ തന്നെയിരുന്നു എന്നു സാരം. ഇതു പറഞ്ഞതു ഈശോ അയതുകൊണ്ടു സത്യമാവാതെ തരമില്ല.

പൊതുവായ വിശ്വാസം അനുസരിച്ച് വെള്ളിയാഴ്ച് വൈകിട്ട് ആണ് യേശു മരിച്ചതു എന്ന് തന്നെയിരിക്കട്ടെ.ഈശോ പറഞ്ഞ മൂന്നു രാത്രിയും മൂന്നു പകലും കൂട്ടിയാല്‍- മൂന്നു രാത്രി- വെള്ളി, ശനി ഞായര്‍ രാത്രികള്‍, മൂന്നു പകല്‍ ശനി ,ഞായര്‍,തിങ്കള്‍ പകല്‍-. അങ്ങിനെ വരുമ്പോള്‍, തിങ്കളാഴ്ച രാത്രിയില്‍ ആകേണ്ടി വരും ഈസ്റ്റര്‍.

പക്ഷേ ഇതു ശരിയാകാന്‍ വഴിയില്ല. കാരണം യോഹന്നാന്‍ 20:1 ല്‍, മഗ്ദലന മറിയം ആഴ്ചയുടെ ഒന്നാം ദിവസം (ഞായറാഴ്ച) രാവിലെ ക്രിസ്തുവിന്റെ കല്ലറയ്ക്കരികില്‍ വന്നപ്പോള്‍ യേശുവിന്റെ ശരീരം കണ്ടില്ല. അപ്പോഴെക്കും യേശു ഉയര്‍ത്തെഴുന്നേറ്റിരുന്നു. അതായതു ഈശോ ശനിയാഴ്ച രാത്രി തന്നെ ഉയര്‍ത്ത് എഴുന്നേറ്റു എന്നു കരുതാം. പക്ഷേ, “മൂന്നു രാത്രിയും മൂന്നു പകലും“ കണക്ക് ശരിയാകാന്‍ ഈസ്റ്റര്‍ ഞായറാഴ്ചയില്‍ നിന്നും പുറകോട്ടു എണ്ണെണ്ടി വരും.

അങ്ങിനെ നോക്കുമ്പോള്‍ വേരെ ചില കണക്കുകള്‍ ശരിയാകാതെവരുന്നതായി തോന്നാം. യേശുവിന്റെ ശരീരം കുരിശില്‍ തറച്ച അന്നു തന്നെ സംസ്കരിക്കുവാന്‍ ഉള്ള കാരണം “ശബ്ബത്തു ദിവസം‍ (ശനിയാഴ്ച) ശവ ശരീരങ്ങള്‍ കുരിശില്‍ കിടക്കരുത് “ എന്നു ഒരു ആചാരം ഉണ്ടായിരുന്നു. മാത്രമല്ല ശാബ്ബത്തില്‍ ഒരു ജോലിയും ചെയ്യുവാന്‍ അനുവാദം ഉണ്ടായിരുന്നില്ല. അതുകൊണ്ട് ശാബത്തിന്റെ തലേ ദിവസം അതായതു വെ ള്ളിയാഴ്ച യാണ് ക്രൂശീകരണം നടന്നതു എന്നു അനുമാനിക്കാവുന്നതാണ്. എന്നാല്‍ യോഹന്നാന്‍ 19: 31 ല്‍ പറയുന്നു ആ ശാബത്തു വലിയ ശാബത്ത് ആയിരുന്നു എന്ന്. എല്ലാ ആഴ്ചയിലേയും ഏഴാമത്തെ ദിവസം ശാബത്ത് ആയി ആചരിക്കണം എന്നു ആദമിനു ദൈവം കൊടുത്ത കല്‍പ്പനയാണെന്നു ഉല്പത്തി പുസ്തകം പറയുന്നു. എന്നാല്‍ പിന്നീട് മോശയ്ക്കു ന്യായപ്രമാണം കൊടുക്കുന്ന സമയത്തു (ലേവ്യാ പുസ്തകം 23) ഏഴു വാര്‍ഷിക ശാബത്തുകള്‍ പെരുന്നാളിനോടുള്ള ബന്ധത്തില്‍ ആചരിക്കുവാന്‍ ആവശ്യപ്പെടുന്നുണ്ട് . ഇതു വീക്ക്ല്യ് ശാബ്ബത്തിനു പുറമേയുള്ളവ ആണ്. ആ ശാബ്ബതുകള്‍ ആഴ്ചയിലെ ഏതു ദിവസം വേണമെങ്കിലും ആവാം. അവയെ ആണ് “വലിയ ശാബത്” യോഹന്നാന്‍ 19: 31 ല്‍ പറഞ്ഞിരിക്കുന്നത്. അതായതു ക്രിസ്തുവിന്റെ ക്രൂശീകരണം നടന്നത് പതിവു ശാബത്തു ദിനത്തിന്റെ തലേ ദിവസമായ വെള്ളിയാഴ്ചയല്ല മറിച്ചു വലിയ ശാബത്തിന്റെ തലേ ദിവസം ആയിരിന്നു.

അപ്പോള്‍ എന്നായിരുന്നു വലിയ ശാബത്ത്? ഉയര്‍പ്പിന്റെ ദിവസത്തില്‍ നിന്നു മൂന്നു രാത്രിയും, മൂന്നു പകലും പുറകോട്ടു എണ്ണിയാല്‍ മതി .

ദിവസ ക്രമത്തില്‍ ഇങ്ങനെ പരിശോധിക്കാം:
1. ചൊവ്വാഴ്ച: യേശുവിനെ ഗത്ശമേന തോട്ടത്തില്‍ വച്ചു അറസ്റ്റ് ചെയ്യുന്നു
2. ബുധനാഴ്ച: വൈകുന്നേരത്തോടെ യേശുവുനെ ക്രൂശിക്കുന്നു.ശവം സന്ധ്യക്കുമുന്‍പു സംസ്കരിക്കുന്നു
4. വ്യാഴാഴ്ച: വലിയ ശാബത്ത്
5. വെള്ളിയാഴ്ച: ഈശോ കല്ലറക്കുള്ളില്‍
6. ശനിയാഴ്ച: വീക്‍ലി ശാബത്ത്. സന്ധ്യക്ക് ഈശോ ഉയര്‍ത്തെഴുന്നേല്‍ക്കുന്നു.
7. ഞായറാഴ്ച: അതിരാവിലെ കല്ലറല്‍ ചെന്ന സ്ത്രീകള്‍ ഈശോ ഉയര്‍ത്തെഴുന്നേറ്റതായി കണ്ടെത്തുന്നു



സത്യമിങ്ങനെയെല്ലാമായിരിക്കമെങ്കിലും, യേശു മരിച്ചു എന്നതും, ഉയര്‍ത്ത് എഴുന്നേറ്റു എന്നതുമാണ് പ്രധാന കാര്യം- അതു നല്‍കുന്ന പ്രത്യാശ യാണ് ഈസ്റ്ററിന്റെ നല്ല സന്ദേശവും