Custom Search

Thursday, July 29, 2010

ഗുണ്ടല്‍പേട്ടയില്‍ ഒരു സൂര്യകാന്തിക്കാലത്ത്

നാടുകാണി ചുരവും കയറി കയറി ബന്ദിപൂര്‍ വനങ്ങള്‍ വഴിയുള്ള യാത്രകള്‍ ഇത്ര പ്രിയപ്പെട്ടതായത് എന്തുകൊണ്ടാണ്? പ്രത്യേകിച്ചും രാത്രിയിലെ യാത്രകള്‍. നിഗൂഡമായ ഒരു സൗന്ദര്യമുണ്ട് രാത്രിയില്‍ ഇതുവഴിയുള്ള യാത്രക്ക്. കാടിന്റെ
ഭീകരമായ അന്തരീക്ഷത്തില്‍, മുന്നില്‍ വന്നുചാടിയേക്കാവുന്ന കാട്ടു മൃഗങ്ങളെയും ഭയന്ന് ഇടയ്ക്കിടയ്ക്ക് പാസ്‌ ചെയ്യുന്ന പാണ്ടി ലോറികളുമൊക്കെയായി ഈ രാത്രിയാത്രകള്‍ ആസ്വദിക്കാന്‍ പലവട്ടം ഇതിലൂടെ പോയിട്ടുണ്ട്. പിന്നിലോട്ടു മറയുന്ന വനങ്ങള്‍ക്കിടയില്‍ മുളയൊടിക്കുന്ന കാട്ടാനകളെ കാണുമ്പോള്‍ , ഇരുട്ടില്‍ വെട്ടിത്തിളങ്ങുന്ന കണ്ണുകളുമായി നമ്മെ
തുറിച്ചുനോക്കുന്ന ചെന്നായകളും കുറുക്കന്മാരും, ഇവയൊക്കെ കാണുമ്പോള്‍ ഉള്ളില്‍ വരുന്ന ഭീതിനിറഞ്ഞ ഒരു അനുഭവമില്ലേ..? ഞാനതിനെ വല്ലാതെ ഇഷ്ട്ടപ്പെടുന്നു.
ഈ യാത്ര ഗുണ്ടല്‍പെട്ടയിലേക്കാണ്. മനസ്സില്‍ പതിയുന്ന ചില അനുഭവങ്ങളാണ് കന്നഡ ഗ്രാമങ്ങള്‍. നഗരത്തിന്റെ പൊലിമയിലൊന്നും ഇവര്‍ വീഴില്ല. പകരം കൃഷിയിലൂടെയും മറ്റും അവരുടെ വിയര്‍പ്പും നഗരങ്ങളിലെത്തുന്നു. എന്തൊരു രസമാണ് ഈ ഗ്രാമീണ റോഡുകളിലൂടെ നടക്കാന്‍ . ഇടയ്ക്കിടയ്ക്ക് വലിയ മരങ്ങള്‍. അതിനു താഴെ ചെറിയൊരു പ്രതിഷ്ഠ. തിരി എപ്പോഴും തെളിഞ്ഞുകൊണ്ടേയിരിക്കും. ഇടയ്ക്കിടയ്ക്ക് കാളവണ്ടികള്‍ , പിന്നെ കൃഷിയിടങ്ങളിലേക്ക് നീങ്ങുന്ന ട്രാക്ടറുകള്‍. ഇനിയൊരു പത്ത് വര്ഷം കഴിഞ്ഞാലും ഇവിടെ ഇങ്ങിനെതന്നെ ആയിരിക്കും.
ഞങ്ങളിപ്പോള്‍ കേജീ ഹള്ളി (Kaligowdanahalli) എന്ന ഗ്രാമത്തിലാണ്. ഇവിടെ കൃഷിയിടങ്ങള്‍ പാട്ടത്തിനെടുത്ത് കരിമ്പ്‌ കൃഷിചെയ്യുന്ന ഒരു സുഹൃത്തിന്റെ കൂടെ. ഇനി രണ്ട് ദിവസം ഈ ഗ്രാമമാണ് ഞങ്ങളുടെ ലോകം. കരിമ്പ്‌ കാടുകളിലൂടെയും സൂര്യകാന്തി തോട്ടങ്ങല്‍ക്കിടയിലൂടെയും ഞങ്ങള്‍ അലഞ്ഞുനടന്നു. ഉള്ളിയും തണ്ണിമത്തനും ബീറ്റ്റൂട്ടും കടലയും എല്ലാം കൃഷി ചെയ്യുന്നുണ്ട് ഇവിടെ. കൃഷിയാണ് ഇവരുടെ ദൈവം. സ്ഥലത്തിന്റെ ഉടമ രാമദേവ ഗൗഡ നല്ല സ്നേഹമുള്ള ആളാണ്‌. . പാടങ്ങള്‍ക്കിടയില്‍ വളരുന്ന തെങ്ങില്‍ നിന്നും ഇളനീര്‍ പൊട്ടിച്ചുനല്കാന്‍ കുശന്‍ എന്ന ശിങ്കിടിയോട്‌ ഗൗഡ പറഞ്ഞു. എന്തൊരു രുചി. തണ്ണിമത്തന്‍ പൊട്ടിച്ച്‌ അവിടന്ന് തന്നെ തട്ടാന്‍ രസം വേറെ തന്നെ. ഞങ്ങളുടെ ആവേശം കണ്ട് കുടവയറും കുലുക്കി ഗൗഡ ചിരിക്കുന്നു.
കൃഷിയിടങ്ങളിലേക്ക് വെള്ളം പമ്പ് ചെയ്യുന്ന ചെറിയ കുളങ്ങള്‍. നല്ല തണുത്ത വെള്ളം. മുങ്ങി നിവരുമ്പോള്‍ തണുപ്പ് കാരണം വിറക്കുന്നു. പക്ഷെ ക്ഷീണം പരിസരത്ത് കാണില്ല പിന്നെ. കരിമ്പിന്‍ കാടിന് അരികെ പുല്‍പായ വിരിച്ചു ഉച്ചയൂണ്. ഗൗഡയും കുശണ്ണനും ഞങ്ങോടൊപ്പം കൂടി. ഉമ്മച്ചി പൊതിഞ്ഞു തന്ന ബീഫ് ഫ്രൈയുടെ മണം കുറ നേരത്തെ തന്നെ കൊതിപ്പിക്കാന്‍ തുടങ്ങിയിരുന്നു. ഗൗഡയുടെ കുടവയര്‍ ഇത്തിരി പേടിപ്പിച്ചെങ്കിലും വെജിറ്റെറിയന്‍ ആണെന്നുള്ള പ്രഖ്യാപനം ആശ്വാസം തന്നു. "സ്നേഹം വേറെ ബീഫ് ഫ്രൈ വേറെ".
"പഞ്ചായത്ത് ആപ്പീസില്‍ പോവണം, നാളെ കാണാം" എന്നും പറഞ്ഞു ഒരു ട്രാക്ടറില്‍ കയറി ഗൗഡ പോയി. കുശണ്ണന്‍ കൂടെത്തന്നെയുണ്ട്‌. ഇവിടെ തന്നെ ഒന്ന് മയങ്ങാം. കരിമ്പിന്‍കാടുകള്‍ക്കിടയിലൂടെ മൂളിവരുന്ന പാട്ടിനൊപ്പിച്ച് സൂര്യകാന്തി പൂക്കള്‍ താളം പിടിക്കുന്നു. പുല്‍ത്തകിടിയില്‍ മാനം നോക്കി നോക്കി അങ്ങിനെ മയങ്ങിപോയി എല്ലാരും. എത്ര നേരം ഉറങ്ങിയോ ആവോ. ഉണര്‍ന്നപ്പോള്‍ കട്ടന്‍ ചായയുമായി ഒരു പെണ്ണ്. കുശണ്ണന്‍ പറഞ്ഞു, "നിങ്ങളുടെ നാട്ടുകാരി ആണ് ". കല്‍പ്പറ്റയില്‍
നിന്നും കല്യാണം കഴിഞ്ഞു ഇവിടെ എത്തിയതാണ്. ചിത്ര പറഞ്ഞു തുടങ്ങി. ഇവിടെ കള പറിച്ചും മറ്റു കൂലി പണികള്‍ ചെയ്തും നില്‍ക്കുന്നു. ഭര്‍ത്താവും അതെ. ചിത്രയുടെ വിഷമം അതല്ല. അവിടത്തെ പെണ്ണുങ്ങള്‍ അവളോടൊപ്പം ജോലി ചെയ്യും.
പക്ഷ ഭക്ഷണം ഒന്നിച്ചു കഴിക്കില്ല. ജാതി താഴെയാണത്രെ. ഇതിനൊരു പരിഹാരം ഞങ്ങളുടെ അടുത്തില്ല ചിത്രേ. എന്നാലും മലയാളം പറയാന്‍ ആളെ കിട്ടിയതില്‍ അവള്‍ക്കും സന്തോഷം.
ഇന്നത്തെ രാത്രി ഞങ്ങള്‍ ഇവിടെയാണ്‌. കൃഷിയിടങ്ങള്‍ക്ക് നടുവിലായി ഗൗഡയുടെ തന്നെ ഒരു ചെറിയ വീട്. എന്തൊരു
പ്രസന്നതയാണ് ഇവിടത്തെ അന്തരീക്ഷത്തിന്‌.
ഇന്ന് രാത്രി നെയ്ച്ചോറും ചിക്കനും ആവാം. നജ്മുവും ആരിഫും സാധനങ്ങള്‍ വാങ്ങാന്‍ പുറത്തേക്കു പോയി.
"പെട്ടൊന്ന് മടങ്ങണം. പകല് പോലെയല്ല ഇവിടെ രാത്രി". കുശണ്ണന്‍ ഓര്‍മ്മിപ്പിച്ചു. വീടിനു പുറത്തിറങ്ങിയപ്പോള്‍ എന്തൊരു തണുപ്പ്. കോടമഞ്ഞ്‌ ഇറങ്ങിയിട്ടുണ്ട്. തണുത്താലും വേണ്ടീല, ഇത് ആസ്വദിച്ചേ പറ്റൂ. വില്‍സിനൊന്നും സ്ട്രോങ്ങ്‌ പോര. മരം കൊണ്ട് കെട്ടിയുണ്ടാക്കിയ കട്ടിലില്‍ ഇരുന്ന്‌ ശാപ്പാട്. ഓരോന്നും ഓരോ അനുഭവമാണ്. തണുപ്പും ഒട്ടും സഹിക്കില്ല
എന്നായപ്പോള്‍ ഉറങ്ങാന്‍ കിടന്നു.
ഇത്രയും സുന്ദരമായ പ്രഭാതം മുമ്പ് കണ്ടിട്ടുണ്ടോ? സൂര്യകാന്തി പൂക്കളിലെ മഞ്ഞുത്തുള്ളികള്‍ ഇളം വെയിലില്‍
മിന്നിത്തിളങ്ങുന്നു. കളത്തില്‍ നിറയെ പെണ്ണുങ്ങള്‍. പാട്ടും വര്‍ത്താനവുമായി എന്തൊരു സന്തോഷത്തോടെയാണ് അവര്‍ ജോലി ചെയ്യുന്നത്. പ്രകൃതിയോടു ചേര്‍ന്നുതന്നെ വേണം പ്രഭാത കര്‍മ്മങ്ങളും. യാത്ര സിനിമയിലെ രംഗം ഓര്‍മ്മവന്നത് കൊണ്ടോ എന്തോ ഞാനൊന്ന് മടിച്ചു. നാണം കൊണ്ടൊന്നും അല്ല. ഒരു കന്നടകാരിയെ പ്രേമിച്ചു നടക്കാനൊന്നും നമുക്ക് ടൈം ഇല്ല. പിന്നെ
ഒടുവില്‍ പറഞ്ഞപോലെ "നല്ല അടി നാട്ടില്‍ തന്നെ കിട്ടില്ലേ".
ഇനി തിരിച്ചുപോകാം. ഗൗഡ കുറെ തണ്ണിമത്തനും ഇളനീരും വണ്ടിയില്‍ എടുത്തു വെപ്പിച്ചു. എതിര്‍പ്പ് സ്നേഹത്തിന്‌ വഴിമാറി. ഇനിയും വരണമെന്ന് ഓര്‍മ്മിപ്പിച്ചു. എങ്ങിനെ വരാതിരിക്കും?
തിരിച്ചു വിളിക്കുന്നൊരു സൗഹൃദ ഭാവമുണ്ട് ഈ ഗ്രാമങ്ങള്‍ക്ക്. ഞങ്ങള്‍ വരും. കരിമ്പ്‌ തണ്ടും ചവച്ചുതുപ്പി ഈ പാടങ്ങളിലൂടെ ഒരു കന്നഡ പാട്ടും പാടി വീണ്ടുമൊരു അവധികാലത്തിന്.
കോടമഞ്ഞും സൂര്യകാന്തി വര്‍ണങ്ങളും സന്തോഷത്തിന്റെ കയ്യൊപ്പ് ചാര്‍ത്തിയ രണ്ടു ദിവസങ്ങള്‍. ഞങ്ങള്‍ ഇറങ്ങി. ഇനി വീണ്ടും ബന്ദിപൂരിന്റെയും മുതുമലയുടെയും നിഗൂഡതകളിലൂടെ നാടുകാണി ചുരവും ഇറങ്ങി
നാട്ടിലേക്ക്.
സൂര്യകാന്തി പൂക്കള്‍ തലകുലുക്കി ഞങ്ങളോട് യാത്ര പറഞ്ഞു.

ഇവിടേക്കും വന്നോളൂ സെന്റര്‍ കോര്‍ട്ട്

Wednesday, July 28, 2010

'ദി പാഷന്‍ ഓഫ് ജോൺ ഓഫ് ആർക്ക്’




പ്രേരണയുടെ പ്രതിവാര സിനിമാ പ്രദര്ശലനത്തിന്റെ ഭാഗമായി 29.07.2010 നു കന്നഡ സംഘത്തില് വച്ച് പ്രശസ്ത ഫ്രഞ്ച് സംവിധായകൻ കാൾ ഡ്രയരിന്റെ മാസ്റ്റർപീസ് ആയ 'ദി പാഷന്‍ ഓഫ് ജോൺ ഓഫ് ആർക്ക്' സ്ക്രീൻ ചെയ്യുന്നു. വൈകുന്നേരം എട്ടു പതിനഞ്ചിന് ആരംഭിക്കുന്ന പ്രദര്ശവനം സൗജന്യമാണ്. 'ജീവിതം കലയെ അനുകരിക്കുന്നു' എന്ന ക്ലീഷേ യുടെ വിരുധോക്തി ഈ ചലച്ചിത്രം വരച്ചുകാട്ടുന്നുണ്ട്. ഉടനീളം ക്ലോസ് അപ്പ്‌ ഷോട്ടുകളുടെ ആധിക്യത്താൽ നിറഞ്ഞ സിനിമയിൽ ഇത്തരം ഷോട്ടുകളുണ്ടാക്കുന്ന വികാര തീവ്രതയോടൊപ്പം സിനിമയുടെ വിഷയത്തിലെക്കുള്ള മനശ്ശാസ്ത്ര പരമായ പ്രേക്ഷകന്റെ പ്രവേശത്തെ യാണ് ഡ്രയർ ലക്‌ഷ്യം വെക്കുന്നത്. റിച്ചാര്ഡ്ഷ‌ എന്ഹോെനിന്റെ 'വെളിച്ചത്തിന്റെ ശബ്ദങ്ങൾ’ എന്ന് പേരിട്ട ഇതിന്റെ സംഗീതം ഈ സിനിമയുടെ മറ്റൊരു സവിശേഷതയാണ്.

നല്ല സിനിമയെ സ്നേഹിക്കുന്ന ബഹറിനിലെ എല്ലാ സിനിമ ആസ്വാദകരെയും 29.07.2010 8pm നു കന്നഡ സംഘം ഓഡിറ്റോറിയത്തിലേക്ക് സ്വാഗതം ചെയ്യുന്നു.

for Prerana Bahrain

K.V. Prakash - 39643309
Convenor, Prerana Film Society

Tuesday, July 27, 2010

പവിഴ മഴ - ഗള്‍ഫ് മലയാള കവിതകള്‍ - പ്രകാശനവും സെമിനാറും

പവിഴ മഴ - ഗള്‍ഫ് മലയാള കവിതകള്‍ - പ്രകാശനവും സെമിനാറും ബഹറിന്‍ കേരളീയ സമാജം സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ 30/07/2010 വെള്ളിയാഴ്‌ച വൈകിട്ട് 5 മണിക്ക് നടക്കുന്ന മീറ്റിംഗില്‍ ഗള്‍ഫ് മേഖലയിലെ 80 കവികളുടെ കവിതകള്‍ അടങ്ങിയ കവിതാസമാഹാരം " പവിഴ മഴ " പ്രകാശനം ചെയ്യുന്നു. പ്രശസ്‌ത ചലച്ചിത്രകാരന്‍ ശ്രി. പി. ടി. കുഞ്ഞുമുഹമ്മദാണ്പ്രകാശനം ചെയ്യുന്നത്. ആദ്യ പ്രതി അദ്ദേഹത്തില്‍ നിന്നും സമാജം സെക്രട്ടറി ശ്രി. എന്‍. കെ. വീരമണി ഏറ്റുവാങ്ങും. സമാജം ആക്‌ടിങ്ങ് പ്രസിഡന്റ് ശ്രീ. സജു കുമാര്‍ കെ. എസ്. അദ്ധ്യക്ഷത വഹിക്കും. ബിജു എം. സതീഷ്, കമാല്‍ മൊഹിതീന്‍, ഒഴൂര്‍ രാധാകൃഷ്ണന്‍, മുരളീധര്‍ തമ്പാന്‍, കാമിന്‍ നസീഫ് തുടങ്ങിയവര്‍ സംസാരിക്കും. ബാജി ഓടംവേലി എഡിറ്ററായുള്ള ഈ കവിതാ സമാഹാരത്തില്‍ ദുബായ്, അബുദാബി, ഖത്തര്‍, സൌദി എന്നിങ്ങനെ ഗള്‍ഫ് പ്രാധിനിത്യം ഉറപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. 73 കവിതകള്‍ ബഹറിനില്‍ നിന്നു തന്നെയുള്ളതാണ്‍. എഴുത്തുകാരുടെ ഫോട്ടോയും അവരേപ്പറ്റിയുള്ള വിവരണവും കൂടെ ചേര്‍ത്തിരിക്കുന്നത് എഴുത്തുകാരെ കൂടുതല്‍ അടുത്തറിയാന്‍ സഹായിക്കും. ബഹറിനിലെ എഴുത്തുകാരുടെ കൂട്ടായ്‌മയായ തണല്‍ പബ്ലിഷേര്‍സാണ് പുസ്‌തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആഗസ്‌റ്റ് രണ്ടാം തീയതി വൈകിട്ട് 8 മണിക്ക് നടക്കുന്ന സാഹിത്യവേദി മീറ്റിംഗില്‍ ഇതില്‍ എഴിതിയിരിക്കുന്ന കവിതകള്‍ കവികള്‍ അവതരിപ്പിക്കുകയും കവികളെ അനുമോദിക്കുകയും ചെയ്യും. "ആധുനീക കേരള നിര്‍മ്മിതിയില്‍ പ്രവാസികളുടെ പങ്ക് " എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ ശ്രീ. പി. ടി. കുഞ്ഞുമുഹമ്മദ് വിഷയം അവതരിപ്പിക്കും. തുടര്‍ന്ന് ചര്‍ച്ചയും അദ്ദേഹവുമായി മുഖാമുഖവും ഉണ്ടായിരിക്കും. ഫാല്‍ക്കണ്‍ ടോസ്‌റ്റ് മാസ്‌റ്റേഴ്‌സിന്റെ സഹകരണത്തിലാണ്പരിപാടി സംഘടിപ്പിക്കുന്നത്.
 

സമാജം സാഹിത്യ ക്യാമ്പിന് വിപുലമായ ഒരുക്കം

സപ്തംബര്‍ രണ്ടാം വാരം ജി.സി.സിയിലെ പ്രവാസി മലയാളികളായ എഴുത്തുകാരെ പങ്കെടുപ്പിച്ച് കേരളീയ സമാജം സാഹിത്യ അക്കാദമിയുടെ സഹകരണത്തോടെ നടത്തുന്ന സാഹിത്യക്യാമ്പിന്റെ സംഘാടക സമിതി ഓഫീസ് ഇന്ന് രാത്രി എട്ടിന് ഉദ്ഘാടനം ചെയ്യും.

ക്യാമ്പില്‍ 100ഓളം പേര്‍ പങ്കെടുക്കമെന്ന് പ്രതീക്ഷിക്കുന്നു. എം മുകുന്ദനാണ് ക്യാമ്പ് ഡയറക്ടര്‍. സാഹിത്യ അക്കാദമി ഭാരവാഹികളായ പുരുഷന്‍ കടലുണ്ടി, പ്രഭാവര്‍മ എന്നിവരും കഥാകൃത്ത് കെ.ആര്‍ മീര, നിരൂപകന്‍ ഡോ. കെ.എസ് രവികുമാര്‍ എന്നിവരും പങ്കെടുക്കും. നോവല്‍, കഥ മേഖലകളെ അടിസ്ഥാനമാക്കിയുള്ള ക്യാമ്പില്‍ മറ്റ് സാഹിത്യവിഷയങ്ങളും ചര്‍ച്ച ചെയ്യും. ഗള്‍ഫ് മേഖലയില്‍ തന്നെ സാഹിത്യ അക്കാദമിയുടെ സഹകരണത്തോടെ നടക്കുന്ന ആദ്യ സാഹിത്യ ക്യാമ്പാണിത്.

ക്യാമ്പില്‍ എഴുതപ്പെടുന്ന രചനകള്‍ സമാജം സോവനീര്‍ ആയി പ്രസിദ്ധീകരിക്കും. പങ്കാളികളുടെ പ്രസിദ്ധീകരണയോഗ്യമായ കൃതികള്‍ സാഹിത്യ അക്കാദമിക്ക് കൈമാറും. അക്കാദമി തയാറാക്കിയ സിലബസിന്റെ അടിസ്ഥാനത്തിലാണ് ക്യാമ്പിന് രൂപം നല്‍കിയിരിക്കുന്നത്. മറ്റ് ജി.സി.സി രാജ്യങ്ങളില്‍ നിന്ന് പങ്കെടുക്കുന്നവര്‍ക്കുള്ള ക്രമീകരണങ്ങള്‍ സംഘാടക സമിതി ഏര്‍പ്പെടുത്തും. കേരള തനിമ വിളിച്ചോതുന്ന സാംസ്‌കാരിക പരിപാടികളുമുണ്ട്.

ക്യാമ്പിന്റെ നടത്തിപ്പിന് സംഘാടക സമിതി രൂപവത്കരിച്ചു. യോഗത്തില്‍ സമാജം ജോ. സെക്രട്ടറി എ കണ്ണന്‍ അധ്യക്ഷത വഹിച്ചു. പി.വി രാധാകൃഷ്ണപിള്ള, സെക്രട്ടറി എന്‍.കെ വീരമണി, സാഹിത്യ വിഭാഗം സെക്രട്ടറി ബിജു എം സതീഷ്, കെ.എസ് സജുകുമാര്‍ എന്നിവര്‍ സംസാരിച്ചു.ഡി. സലിമാണ് സംഘാടക സമിതി കണ്‍വീനര്‍. മനോജ് മാത്യു, ശങ്കര്‍ പല്ലൂര്‍, രാജഗോപാല്‍, ബാജി ഓടംവേലി, ജോസ് തോമസ്, സത്യന്‍, ജനാര്‍ദ്ദനന്‍, രാധാകൃഷ്ണന്‍ ഓയൂര്‍, കെ.എസ് സജുകുമാര്‍, സജി കുടശ്ശനാട് എന്നിവരുടെ നേതൃത്വത്തില്‍ സബ് കമ്മിറ്റികളും രൂപവത്കരിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബിജു എം സതീഷ് (36045442), ഡി സലിം (39125889) എന്നിവരുമായി ബന്ധപ്പെടാം.

Friday, July 23, 2010

ബി.കെ.എസ്. ഫോട്ടോഗ്രാഫി ക്ലബ് ~ഔട്ട്ഡോര്‍ സ്‌റ്റഡി ട്രിപ്പ്


ബഹറിന്‍ കേരളീയ സമാജം ഫോട്ടോഗ്രാഫി ഔട്ട്ഡോര്‍ സ്‌റ്റഡി ട്രിപ്പ് സമാജം ലൈഫ് മെമ്പേഴ്‌സ് ഫോറം കണ്‍വീനര്‍ ശ്രി. ഏം. പി. രഘു ഉദ്‌ഘാടനം ചെയ്യുന്നു.


ബഹറിന്‍ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ പുതിയതായി ആരംഭിച്ച ബി.കെ.എസ്. ഫോട്ടോഗ്രാഫി ക്ലബ്ബ് ആദ്യ ഔട്ട്ഡോര്‍ സ്‌റ്റഡി ട്രിപ്പ് നടത്തി. ഇന്നലെ (23/07/2010) അതിരാവിലെ 4.40 ന് മനാമയില്‍ ബഹറിന്‍ ഫിനാന്‍ഷ്യാല്‍ ഹാര്‍ബറിന് അടുത്തുള്ള കിഡ്സ്‌ കിംഗ്‌ടം പാര്‍ക്കില്‍ നിന്നായിരുന്നു പഠനയാത്രയുടെ തുടക്കം. ഫോട്ടോഗ്രാഫി പരിശീലനക്ലാസ്സിന്റെ ഭാഗമായിരുന്നു ഈ പഠനയാത്ര. സൂര്യോദയത്തിന്റെ വിവിധ ദൃശ്യങ്ങള്‍ ബഹറിന്റെ പശ്ചാത്തലത്തില്‍ ക്യാമറയില്‍ കൂട്ടായി പകര്‍ത്തിയത് ഒരു പുതിയ അനുഭവമായി. മൊബൈല്‍ ക്യാമറ, പോയിന്റ്‌ ഷൂട്ട്‌ ക്യാമറ, ഡി.എസ്.എല്‍.ആര്‍. ക്യാമറ, തുടങ്ങി വിവിധ തരത്തിലുള്ള ക്യാമറകളുമായാണ്‍ പരിശീലനത്തിന്‍ ഫോട്ടോഗ്രാഫേഴ്‌സ് എത്തിയത്. സ്‌ത്രീകളും കുട്ടികളും അടക്കം നൂറോളം പേര്‍ പഠനയാത്രയില്‍ പങ്കെടുത്തു. സമാജം ലൈഫ് മെമ്പേഴ്‌സ് ഫോറം കണ്‍‌വീനര്‍ ശ്രി. എം. പി രഘു ഉദ്‌ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. സജി ആന്റെണി, മുഹമ്മദ് ത്വാക്കി, മാത്യൂസ് കെ.ഡി, ലിനു ഫോട്ടോഗ്രാഫി, തുടങ്ങിയവരാണ്‍ പഠനയാത്രയ്‌ക്ക് നേതൃത്വം നല്‍കിയത്. ബിജു എം. സതീഷ് കോഡിനേറ്ററായും ബാജി ഓടംവേലി കണ്‍വീനറായും പ്രവര്‍ത്തിക്കുന്നു.

അടുത്ത പരിശീലനക്ലാസ് ആഗസ്‌റ്റ് ആറാം തീയതി വെള്ളിയാഴ്‌ച വൈകിട്ട് 6 മുതല്‍ 8.30 വരെ കേരളീയ സമാജത്തില്‍ വെച്ച് നടത്തും. കൂടുതല്‍ വിവരങ്ങള്‍ 39884383 (മാത്യൂസ് കെ.ഡി) , ലിനു ഫോട്ടോഗ്രാഫി (33863577) എന്നിവരില്‍ നിന്നും ലഭിക്കും

ബാജി ഓടംവേലി - 39258308
കണ്‍‌വീനര്‍ - സാഹിത്യ വിഭാഗം

Thursday, July 22, 2010

ബി.കെ.എസ്.ഫോട്ടോഗ്രഫി ക്ലബ്‌ ഔട്ട്‌ ഡോര്‍ പഠനം തുടങ്ങുന്നു.

നാളെ ( വെള്ളിയാഴ്ച)  ബി.കെ.എസ്.ഫോട്ടോഗ്രഫി ക്ലബ്‌ ഔട്ട്‌ ഡോര്‍ ഫോട്ടോഗ്രാഫി പഠനം തുടങ്ങുന്നു....
മനാമയില്‍ ബഹറിന്‍ ഫിനാന്‍ഷ്യാല്‍ ഹാര്‍ബറിന് അടുത്തുള്ള കിഡ്സ്‌ കിംഗ്‌ടത്തിനടുത്തുള്ള പാര്‍ക്കിലാണ് നാളെ ഒത്തു കൂടുന്നത് . കാലത്ത് 4.40 നു അവിടെ എത്തണം എന്നാല്‍ സൂര്യോദയ സമയത്തുള്ള മനോഹര
ദൃശ്യങ്ങള്‍ ഫോട്ടോ എടുക്കാന്‍ കഴിയും, കാലത്ത് ഏഴു മണിവരെയാണ് അവിടെ ചെലവഴിക്കുക. അന്തരീക്ഷത്തിനു ചൂട് കൂടി വരുമ്പോഴേക്കും നാളത്തെ  ഔട്ട്‌ ഡോര്‍ ഫോട്ടോഗ്രാഫി പഠനം അവസാനിപ്പിക്കും, ഫോട്ടോഗ്രാഫിയില്‍ താല്‍പ്പര്യമുള്ള നിങ്ങടെ സുഹൃത്തുകളേയും ഈ വിവരം അറിയിക്കാന്‍ മടിക്കരുത്. നിങ്ങടെ കയ്യില്‍ ഉള്ള ക്യാമറ ഏതുമാകട്ടെ (മൊബൈല്‍ ക്യാമറയോ, പോയിന്റ്‌ ഷൂട്ട്‌ ക്യാമറയോ, ഡി.എസ്.എല്‍.ആര്‍. ക്യാമറയോ ) കൂടെ കരുതുക... ഒപ്പം ട്രൈപോടും മറ്റു ഉപകരണങ്ങളും ഉണ്ടെങ്കില്‍ എടുക്കാന്‍ മറക്കരുത്.
നാളെ കാലത്ത് ഹുമിഡിടി കൂടുതലുണ്ടെങ്കില്‍ ക്യാമറ വണ്ടിയില്‍ വച്ചു തന്നെ ഓണ്‍ ചെയ്തു സൂക്ഷിച്ചു അല്‍പ്പ സമയം കഴിഞ്ഞു പുറത്തെ അന്തരീക്ഷത്തിലേക്ക് കൊണ്ട് വരണം, ഇത് ശ്രദ്ധിച്ചില്ലെങ്കില്‍ ലെന്‍സില്‍ ജലാംശം അടിഞ്ഞ് കൂടി ഫോട്ടോ എടുക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കും, പിന്നെ കാലാവസ്ഥ ചൂട് കൂടിയതായത്  കൊണ്ട്  കുടിക്കാനുള്ള വെള്ളം, കര്‍ച്ചീഫ് അല്ലെങ്കില്‍ ടിഷ്യൂ, തൊപ്പി, എന്നിവ കയ്യില്‍ കരുതാന്‍ മറക്കരുത്തു.
വിശദവിവരങ്ങള്‍ക്ക് - മാത്യൂസ് : 39 88 43 83, ലിനു: 33 86 35 77

Wednesday, July 21, 2010

ഒരു *വയനാടന്‍ മഴക്കാഴ്ച


***************
*ലക്കിടിയിലെ
'മഴമേഘങ്ങള്‍ക്ക്
കരി നീല നിറമാണ് ,
ശ്രീ കൃഷ്ണ നിറം '
പ്രശസ്ത എഴുത്തുകാരി
കുട ചൂടാതെ പറഞ്ഞു.

'മഴയോട് എനിക്ക് പ്രണയമാണ് '
യുവ സിനിമാ നടി യുടെ
കിളി കൊഞ്ചലില്‍
ചെറുപ്പക്കാര്‍ മഴയില്‍ നടന്നു.

ചുരങ്ങളില്‍ വീഴുന്നത്
'നേര്‍ത്ത നൂല്‍ മഴയാണ്'
തൊപ്പിയും കുടയും ചൂടിയ ഒരാള്‍
ചാനലില്‍ വിശദീ കരിക്കുമ്പോള്‍
എല്ലും തോലുമായ ഒരാള്‍
അരികിലൂടെ കൂസാതെ നടന്നു പോയി .

'തുള്ളിക്ക്‌ ഒരു കുടം മാരി '
പേരക്കുട്ടിയുടെ കൈ പിടച്ച്
മുത്തശ്ശി
മച്ചിയായ പാടത്ത് നോക്കി
ഓര്‍മ്മകള്‍ അയവിറച്ചു

ഉരല്‍ പൊട്ടലിന്‍റെ ഭയപ്പാടില്‍
ആദിവാസി കുന്നുകളിലെ
മണ്ണും വേരും കമ്പിളിയില്ലാതെ
തണുത്തു വിറങ്ങലിച്ചു .

കുടിയൊഴിക്കലും കുടിയേറ്റലും
പതിനഞ്ചു നായയും പുലിയുമായ്
മഴ നനയാതെ
രാഷ്ട്രീയം കളിച്ചു .

കബനീ നദിക്കരയിലെ
കര്‍ഷക വറുതികള്‍
കുത്തിയൊലിച്ച്
നഗരത്തിലെ
കടല്‍ക്കരയിലെത്തിയപ്പോള്‍
കൌമാരങ്ങള്‍ അവകാശികളില്ലാത്ത
പുതു നാമ്പുകള്‍ ഉദരത്തില്‍ പേറി .

പടിഞ്ഞാറന്‍ കാറ്റിന്‍റെ ശക്തിയില്‍
ചുരത്തില്‍
പ്രണയം ഇല്ലി പൊട്ടി
മഴ നനഞ്ഞപ്പോള്‍
പതിനാറു കാരനും
പതി മൂന്നു കാരിയും
മഴ കാണാനെത്തിയ
സായിപ്പിനെയും മദാമ്മ യെയും
അനുകരിച്ചു.

അകവും പുറവും തിരിച്ചറിയാനാകാതെ
*കാമ സൂത്ര
*പൂക്കോട്ടിലേക്ക് വലിച്ചെറിഞ്ഞു.
-------------------------------------------ഷംസ്

*വയനാടന്‍ ചുരത്തിലെ മഴ കാഴ്ച ഏറ്റവും മനോഹര മായ മഴ കാഴ്ചകളില്‍ ഒന്നായി കണക്കാക്കപ്പെടുന്നു.
ലക്കിടി *കേരളത്തില്‍ ഏറ്റവും കൂടുതല്‍ മഴ പെയ്യുന്ന സ്ഥലം
കബനീ നദി*..വയനാട്ടിലെ ഒരു നദി ,പണ്ട് നക്സല്‍ പ്രസ്ഥാനങ്ങള്‍ സജീവ മായിരുന്ന പ്രദേശം
കാമ സൂത്ര *മലയാളം ടിവി ചാനലുകളില്‍ ഏറ്റവും കൂടുതല്‍ പരസ്യം വരുന്ന ഗര്‍ഭ നിരോധന ഉറ.
പൂക്കോട് * പുക്കോട് തടാകം ,വിദേശികളും സ്വദേശികളും വരുന്ന വയനാട്ടിലെ ഒരു ടൂറിസ്റ്റ് കേന്ദ്രം,

Tuesday, July 20, 2010

ഭൂമിക....

"a cultural platform for thought and dialogues..."

സാംസ്കാരിക പ്രവർത്തനത്തിന്റെ സർഗ്ഗാത്മക ഇടം എന്ന നിലയിൽ ഭൂമിക ചിന്തയ്ക്കും സാഹിത്യപ്രവർത്തനങ്ങൾക്കും മറ്റ് കലാ- സാംസ്കാരിക പ്രവർത്തനങ്ങൾക്കും സർഗ്ഗാത്മകമായ വേദിയാകുന്ന ഒരു പ്ലാറ്റ്ഫോമാണ്. സർഗ്ഗാത്മക പ്രവർത്തനങ്ങൾക്ക് വേദിയൊരുക്കുന്ന നൂറ് തരം സംഘടകൾ നിലവിലുള്ളപ്പോൾ എന്തിനാണ് മറ്റൊന്ന് കൂടിയെന്ന ചോദ്യം ആരെങ്കിലും ഉന്നയിച്ചേയ്ക്കാം. എന്നാൽ ഇത് സർഗ്ഗാത്മക പ്രവർത്തനങ്ങളുടെ വേദിയല്ല മറിച്ച് വേദിതന്നെ സർഗ്ഗാത്മകമാവുകയെന്ന മാറ്റം ഇതിൽ ഉൾച്ചേർന്നിരിക്കുന്നു.

സംഘടനകളുടെ ഘടനാപരമായ കെട്ടുപാടുകളിലൂടെ മാത്രം സാംസ്കാരിക സാമൂഹിക പ്രവർത്തനങ്ങൾ കണ്ട ബഹ്‌‌റൈൻ മലയാളിക്ക് ഒരു പ്ലാറ്റ്ഫോം എന്ന ഈ പരികല്പനതന്നെ പുതുമയുള്ളതാവാം. ആമുഖങ്ങൾക്കപ്പുറം പോവുകയെന്ന സ്വാതന്ത്ര്യവും ഭാവനയും ഇതിനെ ഉണ്മയുള്ളതാക്കുന്നു.

ഭൂമിക സ്വത്വം - സ്ഥിതിയും സൃഷ്ടിയും എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സംവാദം ഇത്തരത്തിൽ ആഴവും പരപ്പുമുള്ളതാകും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ജൂലായ് 22 വ്യാഴാഴ്ച രാത്രി 7.30 നു സൌത്ത് പാർക്ക് ഹോട്ടലിൽ വച്ച് നടക്കുന്ന ഈ സംവാദത്തിൽ പങ്കുചേരാനും അറിയാനും അറിയികാനുമുള്ള സ്വാതന്ത്രത്തിൽ ഭാഗമാകാനും താങ്കളെയും കുടുംബത്തെയും സാദരം ക്ഷണിക്കുന്നു.


കാര്യപരിപാടി.
സ്വാഗതം : സുധീഷ് കുമാർ
മോഡറേറ്റർ : ഇ എ സലിം
വിഷയാവതരണം : അനിൽ വേങ്കോട്

സംവാദത്തിൽ പങ്കെടുക്കുന്നവർ
1.  ഡി സലിം
2  എസ്സ് വി ബഷീർ
3  നിബു നൈനാൻ
4  വി എ ബാലകൃഷ്ണൻ
5  റഫീക്ക്
6  കെ പി ശ്രീകുമാർ
7  സജി മാർക്കോസ്


പൊതു ചർച്ച

Monday, July 19, 2010

അഞ്ചക്ഷരങ്ങളുടെ സുല്‍ത്താന്‍-ബഷീര്‍ അനുസ്മരണം

 ബഹറിന്‍ കേരളീയ സമാജം സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍  വൈക്കം മുഹമ്മദു ബഷീര്‍ അനുസ്മരണം നടത്തുന്നു . "അഞ്ചക്ഷരങ്ങളുടെ സുല്‍ത്താന്‍ " എന്ന് പേരിട്ടിരുക്കുന്ന ഈ പരിപാടി ഇന്ന് (19  തിങ്കളാഴ്ച) രാത്രി 8 മണിക്ക് ബഹ്‌റൈന്‍  കേരളീയ സമാജത്തില്‍ വച്ച് നടത്തുന്നു. യോഗത്തില്‍ ശ്രീ പി ടി തോമസ്‌ മുഖ്യ പ്രഭാഷണം നടത്തുന്നു. രാധാകൃഷന്‍ ഒഴൂര്‍, ലത ഷാജു , എം കെ നമ്പ്യാര്‍, ഷീജ ജയന്‍, മിനേഷ് ആര്‍ മേനോന്‍ എന്നിവര്‍ ബഷീറിന്റെ കൃതികളുടെ വായനാനുഭവങ്ങള്‍ പങ്കുവെക്കുന്നു

Saturday, July 17, 2010

ബഹറൈന്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഒരാള്‍

കുറ്റം ചെയ്ത് കഴിയുമ്പോഴാണ് അയ്യോ ഇത് ചെയ്ത് പോയല്ലോ ന്ന്പശ്ചാത്തപിക്കുന്നത് .
ബഹറൈന്‍ സെന്‍ട്രല്‍ ജയിലിലെ കൊലപാതകിക്ക് വേണ്ടി നമുക്ക് എന്ത് ചെയ്യാന്‍ കഴിയും??!!

അദ്ദേഹത്തിന്‍റെ വാക്കുകള്‍ ശ്രദ്ധിക്കൂ

Tuesday, July 6, 2010

നോവല്‍ ചെറുകഥ ക്യാമ്പ്

ബഹറിന്‍ കേരളീയ സമാജം കേരള സാഹിത്യ അക്കാദമിയുമായി സഹകരിച്ചു കൊണ്ട് ഗള്‍ഫ്‌ മേഖലയിലെ  എഴുത്തുക്കര്‍ക്കായി നോവല്‍, ചെറുകഥ ക്യാമ്പ് സംഘടിപ്പിക്കുന്നു . ആദ്യമായാണ് സാഹിത്യത്തെക്കുറിച്ച് ഇന്ത്യക്ക് പുറത്ത് ഇത്തരത്തിലുള്ള ഒരു ക്യാമ്പ് സംഘടിപ്പിക്കുന്നത് .
 
ഈദ് ഉല്‍ ഫിതര്‍ അവധിയോടനുബന്ധിച്ചു സെപ്റ്റംബര്‍ 11 ,12 , 13  തീയതികളില്‍ ബഹറിന്‍ കേരളീയ സമാജത്തില്‍ആണ് ക്യാമ്പ് . കഥ, നോവല്‍ എന്നിവയ്ക്ക് മുന്‍‌തൂക്കം നല്‍കുന്ന ക്യാമ്പ് ആണെങ്കില്‍ കൂടി എല്ലാ മേഖലകളിലും ഉള്ള സാഹിത്യകാരന്മാര്‍ക്കും പങ്കെടുക്കാം. പ്രശസ്തസാഹിത്യകാരന്‍ എം മുകുന്ദന്‍, സാഹിത്യ നിരൂപകന്‍ കെ. എസ്‌ . രവികുമാര്‍  എന്നിവര്‍ ക്യാമ്പിനു നേതൃത്വം  നല്‍കും.  സാഹിത്യ അക്കാദമിയെ  പ്രതിനിധീരിച്ചു സെക്രടറി  ശ്രീ. പുരുഷന്‍ കടലുണ്ടി, വൈസ് പ്രസിഡണ്ട്‌ പ്രഭാവര്‍മ്മ എന്നിവര്‍ ഉള്‍പെടെ  ഉള്ള പ്രമുഖര്‍ പങ്കെടുക്കും .

പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ പ്രസിദ്ധീകരിച്ചതോ അല്ലാത്തതോ ആയ സ്വന്തം സൃഷ്ടികള്‍ ജൂലൈ 31നകം സെക്രട്ടറി, ബഹറിന്‍ കേരളീയ സമാജം, പി ബി നമ്പര്‍ 757 , മനാമ , കിങ്ങ്ഡം ഓഫ് ബഹറിന്‍ എന്ന വിലാസത്തിലോ bksamajam@gmail.com എന്ന മെയിലിലോ അയച്ചു തരണം. തെരഞ്ഞെടുത്ത 75 സാഹിത്യകാരെയാണ് ക്യാമ്പിനു പങ്കെടുപ്പിക്കുന്നത് .10  ബഹറിന്‍ ദിനാറാണ് റെജിസ്ട്രേഷന്‍ ഫീസ്‌. കൂടുതല്‍ വിവരങ്ങള്‍ സെക്രട്ടറി എന്‍.കെ വീരമണി (39621808), സാഹിത്യവിഭാഗം സെക്രട്ടറി ബിജു എം സതീഷ് (36045442) എന്നിവരില്‍ നിന്നറിയാം.