Custom Search

Wednesday, July 29, 2009

രാജന്‍ പി ദേവ് ... ഒരു .. ഓര്‍മ്മ കുറിപ്പ് .







രാജന്‍ പി ദേവിന് ആദരാഞ്ജലികള്‍ !!!! .


രാജന്‍ പി ദേവ് സിനിമാക്കാരായ ഞങ്ങള്‍ക്ക് ഒരു ഏട്ടനെ പോലെയായിരുന്നു ... മറ്റു നടന്മാരില്‍ നിന്നും വ്യത്യസ്തമായ ഒരു ശൈലി വെച്ച് പുലര്‍ത്തുന്ന സ്വഭാവമായിരുന്നു . അദ്ദേഹത്തിന്റേത് , ദേവേട്ടന്‍ എന്നും രാജേട്ടന്‍ എന്നും ഞങ്ങള്‍ വിളിക്കുന്ന ഈ കലാ പ്രതിഭ മലയാള സിനിമക്കു തീരാ നഷ്ട്ടം തന്നെയാണ് .

അദ്ദേഹത്തിന്‍റെ ഒപ്പം ഒത്തിരി ചിത്രങ്ങളില്‍ ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് . എല്ലാവരോടും തുറന്നു ഇടപ്പെടുന്ന പ്രകൃതം ... സിനിമയില്‍ പെരുമാറുന്നത് പോലെ തന്നെയായിരുന്നു അദേഹം ലോക്കെഷനിലുകളിലും പെരുമാറിയത് . ഫലിതം മേമ്പൊടി ചേര്‍ത്ത് പറഞ്ഞു ഫലിപ്പിക്കാന്‍ അദ്ദേഹത്തിന്‌ നന്നായി കഴിയുമായിരുന്നു .

ഷൂട്ടിംഗ് ഇടവേളകളില്‍ മുറുക്കുന്ന സ്വഭാവം അദ്ദേഹത്തിനുണ്ടായിരുന്നു . രണ്ടു വെറ്റില എടുത്ത്‌ അടക്കയും ചുണ്ണാമ്പും ചേര്‍ത്ത് കൂട്ടി മുറുക്കി കൊണ്ട് വാചാലമായി സംസാരിക്കുന്ന ദേവേട്ടനെ ഇന്നും എനിക്ക് ഓര്‍മയുണ്ട് .

'' എടാ ഈ പ്രൊഡക്ഷന്‍ പണിയൊക്കെ വിട്ടു അഭിനയിക്കാന്‍ പോടാ ... നിനക്ക് അതിനു കഴിയും '' എന്ന് അന്ന് എന്നോട് പറയുമായിരുന്നു ദേവേട്ടന്‍ . അപ്പോള്‍ ആ മുഖത്ത്‌ പ്രതി ഫലിക്കുന്ന ഭാവങ്ങള്‍ എനിക്ക് ഇന്നും നന്നായി ഓര്‍മയുണ്ട് ....

പിന്നീട് മറ്റൊരിടത്ത് കണ്ടാല്‍ ... എടാ .... എടാ .... വടകരെ .... കാലമാടാ നീ ഇതുവരെ ഈ ഫീല്‍ഡ്‌ വിട്ടില്ലേ .... പണ്ടാരടങ്ങി പോകത്തെയുള്ളൂ നീ ... എന്ന് നാലാള്‍ കേള്‍ക്കെ പറയുമ്പോള്‍ .... ‍മിണ്ടാതെ ആ മനുഷ്യന്‍ പറയുന്നത് ഞാന്‍ കേട്ടിരിക്കും ...എന്ത് തന്നെ പറഞ്ഞാലും .അത്രയ്ക്ക് എനിക്കിഷ്ട്ടമാരുന്നു എനിക്ക് ദേവേട്ടനോടും ... അദ്ദേഹത്തിനിങ്ങോട്ടും .

സെറ്റുകളില്‍ പെണ്‍ പിള്ളേര്‍ കേള്‍ക്കെ എന്നെ തമാശ പൂര്‍വ്വം മറ്റു സെറ്റുകളിലെ കാര്യങ്ങള്‍ പറഞ്ഞും മറ്റും അദ്ദേഹത്തിന്‍റെ സ്വത സിദ്ധമായ ശൈലിയില്‍ പരിഹസിക്കുന്ന സ്വഭാവം അദ്ദേഹത്തിനുണ്ടായിരുന്നു .

രാക്ഷസ രാജാവ് എന്ന സെറ്റില്‍ വെച്ചുണ്ടായ ഒരു സംഭവം ഇന്നും എനിക്ക് ഓര്‍മയുണ്ട് ....

എറണാകുളം വില്ലിംഗ്ട്ടന്‍ ഐ ലാന്റില്‍ ഈ ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് നടക്കുമ്പോള്‍ .... എന്‍റെ കൂടെ വര്‍ക്കു ചെയ്തു കൊണ്ടിരുന്ന എന്‍റെ സഹ പ്രവര്‍ത്തകന്‍ (ഇന്ന് മലയാള ആല്‍ബം രംഗത്ത് പ്രശസ്തനായ എന്‍റെ നാട്ടുകാരന്‍ കൂടിയായ നിസാര്‍ വടകര ) ഓടി കിതച്ച് കൊണ്ട് വന്നു .

'' എടാ ദേവേട്ടന്‍ നിന്നെ തിരക്കുന്നു. എന്തോ അര്‍ജന്റ്റ്‌ കാര്യമാണ് .... നിന്നോട് എന്തെങ്കിലും വാങ്ങാന്‍ പറഞ്ഞു എല്പ്പിചിരുന്നോ ??? ... "

അപ്പോഴാണ്‌ അദ്ദേഹം എന്നോട് വാങ്ങാന്‍ പറഞ്ഞ സാധനം എനിക്ക് ഓര്‍മ്മ വന്നത് . "ഹാന്‍സ്‌ " ആയിരുന്നു അത് . അത് വായിലിട്ടു അരച്ച് കഴിക്കുന്ന സ്വഭാവം അദ്ദേഹത്തിന്‌ അന്നുണ്ടായിരുന്നു .

ഈശ്വരാ അത് ഞാന്‍ വാങ്ങാന്‍ മറന്നു . ഇന്ന് ദേവേട്ടന്റെ തെറി മൊത്തം കേള്‍ക്കും ഉറപ്പാണ് ... വരുന്നത് വരട്ടെ എന്ന് കരുതി ..ഞാന്‍ നിസാറിന്റെ ഒപ്പം അദ്ദേഹത്തിന്‍റെ അടുത്ത്‌ ച്ചെന്നു. ,,,

''' .... വന്നുവല്ലോ വനമാല ....വാ വാ എവിടെ... എവിടെ .... സാധനം എവിടെ ??? """ ഈശ്വരാ എന്താ ഞാന്‍ പറയ്യാ .... എനിക്ക് തിരിച്ചു പറയാന്‍ ഉത്തരം ഒന്നും കിട്ടുന്നില്ല .

അപ്പോഴാണ്‌ രക്ഷകനായി ഒരാള്‍ അത് വഴി കടന്നു പോയത് . ഒരു പോലീസുകാരന്‍ . അയാള്‍ കയ്യിലിട്ടു ഹാന്‍സ്‌ തിരച്ച് കൊണ്ട് വരുകയാണ് .
ദേവേട്ടന്‍ അത് കണ്ടു .... " ടാ വടകരെ ... ദെ ഒരുത്തന്‍ ഹാന്‍സും കൊണ്ട് പോണ് ... പിടിച്ചു വാങ്ങടാ .. " ഞാന്‍ ഉള്ള ധൈര്യവും സംഭരിച്ചു അദ്ദേഹത്തിന്‍റെ അടുത്ത്‌ ച്ചെന്നു .

ബഹുമാന പൂര്‍വ്വം പോലീസുകാരനോട് ഞാന്‍ ചോദിച്ചു .
'' സാറേ .... കുറച്ചു ഹാന്‍സ്‌ തരുമോ ??? '''

" നാണമില്ലടാ ... ഇങ്ങനെ ... ഇരക്കാന്‍ ... രണ്ടു രൂപ കയ്യില്‍ ഇല്ലേ എടുക്കാന്‍ .." .

" ഇതൊക്കെ വാങ്ങി സ്റ്റോക്ക്‌ ചെയ്യണ്ടേ ??!! . "

" അയ്യോ സാറേ ഇത് എനിക്കല്ലാ ... രാജന്‍ പി ദേവ് ചേട്ടനാ .... " ദേ അവിടെ ഇരിക്കുന്നു . ഞാന്‍ ഒതുങ്ങി ഒരിടത്തിരിക്കുന്ന ദേവേട്ടനെ കാണിച്ചു കൊടുത്തു .

""അയ്യോ !! ദേവ് സാറിനാണോ എന്നാല്‍ ഇന്നാ ... "" പോലീസുകാരന്‍ ആ പേക്കറ്റ് എനിക്ക് തന്നു ... ഞാന്‍ അതും കൊണ്ട് തിരിച്ചു ദേവേട്ടന്റെ അടുത്ത്‌ എത്തി . അദ്ദേഹത്തിന്‌ അത് കിട്ടിയപ്പോള്‍ സമാധാനമായി ...

അദ്ദേഹം പോലീസുകാരനെ അടുത്തോട്ടു വിളിച്ചു .

" സാറേ ഇവന്‍ ഒരു പോത്തുണ്ണി യാ
ഞാന്‍ ഇവനെ പറഞ്ഞു എല്പ്പിച്ചതാ ഇവന്‍ അത് മറന്നു . ''

ഇത് കേട്ട് പോലീസുകാരന്‍ ചിരിച്ചു .

ഇത് കണ്ട ദേവേട്ടന്‍ തിരിച്ചു ചോദിച്ചു സാര്‍ എന്തിനാ ഇങ്ങനെ ചിരിക്കുന്നത് .

ഇതിനുത്തരം പറഞ്ഞത് രാജന്‍ പി ദേവിന്റെ അസിസ്റ്റന്റ്റ് പയ്യന്‍ ആയിരുന്നു ...

"" രാജന്‍ സാര്‍ ,,, ഇദ്ദേഹം പോലീസുകാരന്‍ അല്ല . ഇവിടെ അഭിനയിക്കാന്‍ വന്ന ആളാണ്‌
പോലീസ്‌ വേഷം കെട്ടി എന്ന് മാത്രം ... ''''

"" ആണോ എന്നാല്‍ അത് നേരത്തെ പറയണ്ടേ ... ഹ ഹ ഹ .""

ദേവേട്ടന്റെ മുഖത്തോടു നോക്കി ചമ്മിയ മുഖത്തോടെ ... ഞാനും ... ....

ഇത് പോലെ ഒത്തിരി രസകരമായ അനുഭവങ്ങള്‍ അദ്ദേഹത്തോടൊപ്പം സെറ്റില്‍ വര്‍ക്ക്‌ ചെയ്യുമ്പോള്‍ എനിക്കുണ്ടായിട്ടുണ്ട് .

ഞങ്ങള്‍ സിനിമാ പ്രവര്‍ത്തകര്‍ക്ക് വലിയൊരു നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം -

നീട്ടിയും കുറുക്കിയുമുള്ള സംഭാഷണശൈലിയും മുഖത്ത് പ്രകടിപ്പിച്ച ക്രൗര്യവും അദ്ദേഹത്തെ മലയാളത്തിലെ തിരക്കുള്ള വില്ലനാക്കി മാറ്റി. പിന്നീട് തെലുങ്കിലും തമിഴിലും സമാനമായ നിരവധി വില്ലന്‍ വേഷങ്ങള്‍ ചെയ്തു. വില്ലന്‍ വേഷങ്ങളില്‍ തിളങ്ങിയ പലരേയും പോലെ സ്വന്തം ശൈലിയില്‍ തന്നെ ഹാസ്യവും വഴങ്ങുമെന്ന് തെളിയിച്ചതോടെ ന്യൂ ജനറേഷന്‍ സംവിധായകരുടെ ചിത്രങ്ങളില്‍ രാജന്‍ പി ദേവ് മികച്ച ഹാസ്യതാരമായി. ജനാര്‍ദ്ദന്‍ അടക്കമുള്ള പലര്‍ക്കും സംഭവിച്ചപോലെ. അഭിനയത്തിന്റെ കാര്യത്തില്‍ വില്ലന്‍ വേഷങ്ങളില്‍ തിളങ്ങിയ ഒരാളുടെ താഴ്ച്ചയോ ഉയര്‍ച്ചയോ അല്ല, മറിച്ച് വൈവിധ്യത തന്നെയാണ്. പക്ഷേ കഥാപാത്രത്തിന്റെ ശക്തമായ മാനറിസങ്ങള്‍ക്കോ സ്വഭാവരീതികള്‍ക്കോ വലിയ പ്രധാന്യമൊന്നും ലഭിച്ചില്ലെന്നതാണ് സത്യം.
തൊമ്മനും മക്കളും ശൈലിയുടെ കഥാപാത്ര തുടര്‍ച്ചയായി മാറി രാജന്‍ പി ദേവ് പിന്നീട് അഭിനയിച്ച മിക്ക ചിത്രങ്ങളും. ഛോട്ടാ മുംബൈ അടക്കമുള്ള ചിത്രങ്ങളെല്ലാം ഇത്തരം വേഷങ്ങള്‍ തന്നെ. എങ്കിലും ലഭിച്ച വേഷങ്ങള്‍ മനോഹരമാക്കാന്‍ നാടകത്തിന്റെ പരുപരുത്ത പ്രതലത്തില്‍ വിളഞ്ഞ ഒരു നടനെ ആര്‍ക്കും പഠിപ്പിക്കേണ്ടിവന്നില്ല എന്നതാണ് സത്യം. മലയാളസിനിമയെ സംബന്ധിച്ചിടത്തോളം രാജന്‍ പി ദേവിന്റെ വേര്‍പാടോടെ നഷ്ടപ്പെടുന്നത് വില്ലന്‍ വേഷങ്ങള്‍ ചെയ്തിരുന്ന ഒരു നടനെയല്ല, മറിച്ച് നല്ലൊരു സ്വഭാവനടനെയാണ്. വില്ലന്‍ വേഷങ്ങളെ ക്യാരക്ടര്‍ റോളുകളുടെ ഗണത്തില്‍ പെടുത്താതെയുള്ള സാമ്പ്രദായിക സിനിമാ നിരൂപണ വര്‍ഗീകരണം മാറ്റിവെച്ചാല്‍ ജീവിതത്തിലെ വില്ലന്‍മാരെ തന്‍മയത്വത്തോടെയാണ് രാജന്‍ പി ദേവ് സിനിമയില്‍ അവതരിപ്പിച്ചതെന്ന് പറയാം. അതേസമയം വ്യക്തിജീവിതത്തില്‍ തികഞ്ഞ നായകനായി നിറഞ്ഞുനില്‍ക്കുകയും ചെയ്തു.

സിനിമയിലെ നായകന്‍മാര്‍ പലരും നിത്യജീവിതത്തില്‍ വില്ലന്‍മാരാകുന്ന ഈ കാലത്ത് കാര്യത്തില്‍ ക്യാരക്ടര്‍ റോളുകളുടെ ഒരു കാട്ടുകുതിരയാണ് ഈ മരണത്തോടെ ഇല്ലാതാകുന്നത്. കാര്‍ലോസ് മാത്രമല്ല ഛോട്ടാ മുംബൈയിലെ മുഴുക്കുടിയനായ കഥാപാത്രവും തൊമ്മനും മക്കളിലെ തൊമ്മനും സ്ഫടികത്തിലെ ചാക്കോ മാഷുടെ അനുജന്‍ കഥാപാത്രവും സമൂഹത്തിലെ പോലീസ് വേഷവും അനിയന്‍ ബാവ ചേട്ടന്‍ ബാവയിലെ അനിയനും ജൂനിയര്‍ മാന്‍ഡ്രേക്കിലെ ജഗദീഷിന്റെ അച്ഛന്‍ വേഷവും ചാന്തുപൊട്ടിലെ തുറയിലാശാനുമെല്ലാം അടുത്ത ഓര്‍മ്മിക്കപ്പെട്ട കഥാപാത്രങ്ങള്‍ തന്നെ. സിനിമയിലെ കാട്ടുകുതിരയെ കൈവിട്ടെങ്കിലും കാര്‍ലോസിലൂടെ തിരിച്ചുപിടിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

ഷാജി കൈലാസ് സിനിമകളിലെ സ്ഥിരം പോലീസ് - വേഷങ്ങള്‍ ജീവിച്ചുപോകുക എന്നതില്‍ കവിഞ്ഞ് കാര്യമായൊന്നും ചെയ്യാന്‍ മലയാളസിനിമ വില്ലന്‍വേഷക്കാരെ അനുവദിക്കാത്തതുകൊണ്ട് വേഷങ്ങളിലെ വൈവിധ്യം എന്നതിലുപരി സ്വന്തമായൊരു അഭിനയശൈലിയാകും രാജന്‍ പി ദേവ് എന്ന നടനെ ഓര്‍ക്കുമ്പോള്‍ ആദ്യം മനസ്സിലെത്തുക. പിന്നീട് കുറെക്കാലം സ്വന്തമായി നാടകട്രൂപ്പ് നടത്തിയ അദ്ദേഹം രണ്ട് ചിത്രങ്ങള്‍ സംവിധാനം ചെയ്ത് കൈ പൊള്ളിക്കുകയും ചെയ്തു. വില്ലന്‍ വേഷങ്ങള്‍ ചെയ്യുന്നവര്‍ക്ക് മികച്ച നടന്‍ പരിഗണന പോയിട്ട് മികച്ച സഹനടന്‍ ഇമേജുപോലും കല്‍പ്പിക്കാന്‍ അവാര്‍ഡ് കമ്മിറ്റികളോ സര്‍ക്കാര്‍ തയ്യാറാകുമില്ല. പക്ഷേ എത്രയോ മികച്ച വേഷങ്ങള്‍ ഇത്തരം സഹനടന്‍മാര്‍ അവതരിപ്പിച്ചിട്ടുണ്ട്. സഹനടന്‍ എന്നാല്‍ നായകന്റെ സ്ഥിരം ശിങ്കിടിവേഷമാണെന്ന യാഥാസ്ഥിതിക ധാരണ തെറ്റിക്കുന്ന ഒരു കാലത്ത് തീര്‍ച്ചയായും ആ ലിസ്റ്റില്‍ രാജന്‍ പി ദേവുമുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. അപ്പോള്‍ അത് കേട്ട് സ്വതസിദ്ധമായ ശൈലിയില്‍ പൊട്ടിച്ചിരിക്കാന്‍ ഈ ചേര്‍ത്തലക്കാരന്‍ ഉണ്ടാകില്ലെങ്കിലും .....

Tuesday, July 28, 2009

അന്തര്‍‌ദേശീയ കാവ്യേത്സവം

ബഹറിന്‍ കേരളീയ സമാജം സാഹിത്യവിഭാഗം വിവിധ ഭാഷകളിലെ കവികളെ പങ്കെടുപ്പിച്ച് ' ഗ്രീഷ്മം ' എന്ന പേരില്‍ അന്തര്‍ദേശീയ കാവ്യേത്സവം നടത്തുന്നു.അറബ് അടക്കമുള്ള മറ്റ് സാമൂഹങ്ങളുമായുള്ള സാംസ്കാരിക വിനിമയത്തിന്റെ തുടക്കമാണ്‌ കാവ്യോത്സവമെന്ന് സാഹിത്യ വിഭാഗം സെക്രട്ടറി ബന്യാമീന്‍ പറഞ്ഞു.സംസ്കാരങ്ങള്‍ തമ്മിലുള്ള പരസ്പര ബന് ധങ്ങള്‍ കുറവാണെന്നും കേരളീയ സമാജം ഇതിന്‌ തുടക്കമിടുകയാണ്‌ എന്നും അദ്ദേഹം പറഞ്ഞു.ആദ്യമായാണ്‌ ബഹറിനില്‍ ഇത്തരമൊരു വിവിധ ഭാഷാ കവി സമ്മേളനം നടക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഈ മാസം 29 മുതല്‍ 31 വരെയാണ്‌ പരിപാടി.

29ന്‌ രാത്രി എട്ടിന്‌ കുട്ടികളുടെ കാവ്യാലാപനം,എഴുത്തച്‌ഛന്‍ ,കുമാരനാശാന്‍, കടമ്മനിട്ട രാമകൃഷ്ണന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, അനില്‍ പനച്ചൂരാന്‍, റ്റി. പി. അനില്‍ കുമാര്‍, ദിവാകരന്‍ വിഷുമംഗലം, കുഴൂര്‍ വിത്സണ്‍ ,വിഷ്‌ണു പ്രസാദ്, അനൂപ് ചന്ദ്രന്‍, അഭിരാമി തുടങ്ങിയവരുടെ കവിതകള്‍ കുട്ടികള്‍ അവതരിപ്പിക്കുന്നു. മലയാള കവിതയിലെ വിവിധ തലമുറകളെയും കാവ്യപരബര്യത്തെയും അറിയുവാനുള്ള അവസരമാണിത്.

30 ന്‌ രാവിലെ 8 ന്‌ അന്തര്‍ദേശീയ കാവ്യദിനം .
വിവിധ ഭാഷകളിലുള്ള കവികള്‍ സ്വന്തം കവിത അവതരിപ്പിക്കും .ഹമീദ് ഖൈദ്, അലി അല്‍ ജലാവി, ഫാത്തിമാ മഹ്സിന്‍ (അറബി), മെലെന്‍ പാരഡസ് ( ഫിലിപ്പിന്‍), സാദിഖ് ഷാദ് (ഉറുദു) പരാഗ് മോഹന്‍ നത്കര്‍ണി (മറാട്ടി), രാജു ഇരിങ്ങല്‍ ( മലയാളം) എന്നിവര്‍ കവിതകള്‍ അവതരിപ്പിക്കും. തമിഴ്, തെലുങ്ക്, കന്നട കവികളെ പ്രതീക്ഷിക്കുന്നു. എഫ് . റേഡിയേ ചെയര്‍മാന്‍ പി. ഉണ്ണികൃഷ്ണന്‍ ഉത്ഘാടനം ചെയും.

31 ന്‌ രാത്രി 8.30 ന്‍്‌
ബഹറിനിലെ മലയാളം കവികളുടെ ദിനം .ശക്‌തീധരന്‍, അനില്‍ കുമാര്‍, സജീവ് കടവനാട്, ഷംസ് ബാലുശേശരി, ജോമി മാത്യു, എം കെ, നമ്പ്യാര്‍, സെലാം കേച്ചേരി, സത്യന്‍ മാടാക്കര, ജിജി സ്വരൂപ്, ബിനോയ് കുമാര്‍, ലതാ ഷാജു, ശ്രീദേവി മധു, ഷൈലാ സോമകുമാര്‍ തുടങ്ങി ബഹറിനിലുള്ള പതിനഞ്ചോളം കവികള്‍ സ്വന്തം കവിതകള്‍ ആലപിക്കുന്നു. .ഇതിനകം 16 പേര്‍ കവിതകള്‍നല്‍കിയിട്ടുണ്‌ടെന്ന് ബന്യാമീന്‍ അറിയുച്ചു. കവിത അവതരിപ്പിക്കുവാന്‍ തത്പര്യം ഉള്ളവര്‍ സാഹിത്യവിഭാഗം സെക്രട്ടറിയുമായി ബന്ധപ്പെടണം . കവിതകളെ വിലയിരുത്തി കെ സി വര്‍ഗ്ഗിസ്, സുകുമാര്‍ മുള്ളേത്ത് എന്നിവര്‍ സംസാരിക്കും

ബഹറിനില്‍ ആദ്യമായി ഇത്രയും വിപുലമായി സംഘടിപ്പിക്കുന്ന ഈ കാവ്യോത്സവത്തിലേക്ക് ഏവരേയും ക്ഷണിച്ചു കൊള്ളുന്നു.

Thursday, July 23, 2009

ഗ്രീഷ്‌മം - ഇന്റ്രര്‍നാഷണല്‍ പൊയറ്ററി ഫെസ്‌റ്റിവെല്‍

ഗ്രീഷ്‌മം
ഇന്റ്രര്‍നാഷണല്‍ പൊയറ്ററി ഫെസ്‌റ്റിവെല്‍

ബഹറിന്‍ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 29, 30, 31 തീയതികളില്‍ സമാജം ജൂബിലി ഹാളില്‍ വെച്ച് ‘ഗ്രീഷ്‌മം‘ എന്ന പേരില്‍ ഇന്റ്രര്‍നാഷണല്‍ പൊയറ്ററി ഫെസ്‌റ്റിവെല്‍ നടത്തുന്നു.

അറബിക്ക്, ഇംഗ്ലീഷ്, ഹിന്ദി, ഫിലിപ്പിയന്‍സ്, തമിഴ്, കന്നട, ഉറുദ്ദു, ഗുജറാത്തി, മറാട്ടി, മലയാളം തുടങ്ങി വിവിധ ഭാഷയിലെ ഇരുപത്തഞ്ചോളം കവികള്‍ സ്വന്തം കവിതകള്‍ അവതരിപ്പിക്കും.

ഒന്നാം ദിവസം (29/07/2009 - ബുധന്‍ - വൈകിട്ട് 8 മണി)

എഴുത്തച്‌ഛന്‍ ,കുമാരനാശാന്‍, കടമ്മനിട്ട രാമകൃഷ്ണന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, അനില്‍ പനച്ചൂരാന്‍, റ്റി. പി. അനില്‍ കുമാര്‍, ദിവാകരന്‍ വിഷുമംഗലം, കുഴൂര്‍ വിത്സണ്‍ ,വിഷ്‌ണു പ്രസാദ്, അനൂപ് ചന്ദ്രന്‍, അഭിരാമി തുടങ്ങിയവരുടെ കവിതകള്‍ കുട്ടികള്‍ അവതരിപ്പിക്കുന്നു.

രണ്ടാം ദിവസം (30/07/2009 - വ്യാഴം - വൈകിട്ട് 8 മണി)

ഉദ്ഘാടനം - പി. ഉണ്ണികൃഷ്‌ണന്‍ (എഫ്. എം. റേഡിയോ ഡയറക്‌ടര്‍)

ഹമീദ് ക്വാദ് (അറബിക്) , അലി അല്‍ ജലാവി ( അറബിക്), ഫാത്തിമ മാഗ്‌സിന്‍ (അറബിക്),
മൈലെനി പരേഡസ് (ഫിലിപ്പിയനസ്), സാദ്ദിക്ക് ഷാദ് (ഉറുദ്ദു), പാരങ്ങ് മോഹന്‍ നാട്ട്കര്‍നി (മറാത്തി). രാജു ഇരിങ്ങല്‍ (മലയാളം) തുടങ്ങി വിവിധ ഭാഷയിലെ കവികള്‍ പങ്കെടുക്കുന്നു.

മൂന്നാം ദിവസം (31/07/2009 - വെള്ളിയാഴ്‌ച - വൈകിട്ട് 7.30)

ശക്‌തീധരന്‍, അനില്‍ കുമാര്‍, സജീവ് കടവനാട്, ഷംസ് ബാലുശേശരി, ജോമി മാത്യു, എം കെ, നമ്പ്യാര്‍, സെലാം കേച്ചേരി, സത്യന്‍ മാടാക്കര, ജിജി സ്വരൂപ്, ബിനോയ് കുമാര്‍, ലതാ ഷാജു, ശ്രീദേവി മധു, ഷൈലാ സോമകുമാര്‍ തുടങ്ങി ബഹറിനിലുള്ള പതിനഞ്ചോളം കവികള്‍ സ്വന്തം കവിതകള്‍ ആലപിക്കുന്നു.

ഈ പരിപാടിയില്‍ പങ്കെടുത്ത് സ്വന്തം കവിതകള്‍ അവതരിപ്പിക്കാന്‍ താത്‌പര്യമുള്ളവര്‍ സാഹിത്യ വിഭാഗം സെക്രട്ടറി ശ്രി. ബെന്യാമിനുമായി ബന്ധപ്പെടുക ടെലിഫോണ്‍ - 39812111

ബഹറിനില്‍ ആദ്യമായി ഇത്രയും വിപുലമായി സംഘടിപ്പിക്കുന്ന ഈ കാവ്യോത്സവത്തിലേക്ക് ഏവരേയും ക്ഷണിച്ചു കൊള്ളുന്നു.

Saturday, July 18, 2009

കണ്ണാടി

-----------
ചങ്ങാതി പിണങ്ങി പ്പോയപ്പോള്‍
ഞാനൊരു കണ്ണാടി വാങ്ങി
ചങ്ങാതി യായ ഒരാള്‍
വിറ്റതാണ് എന്നെ
കണ്ണാടി പറഞ്ഞു .
കണ്ണാടി
ചീന്തിനോക്കിയപ്പോള്‍
കരിവാളിച്ചൊരു പാതി മുഖം,
മറു പാതിയില്‍
പഴയൊരു മരക്കുരിശും
മുപ്പത്‌
വെള്ളി ക്കാശും
-------------------ഷംസ്

കാമദേവന്റെ ബാണങ്ങള്‍ ഏതെല്ലാം?

അഞ്ചു ശരങ്ങളും പോരാതെ മന്മഥന്‍
നിന്‍ ചിരി സായകം ആക്കി...
(ചിത്രം - പരിണയം)

അഞ്ചു ശരങ്ങള്‍ (ബാണങ്ങള്‍)ആണല്ലോ കാമദേവന്റെ ആയുധങ്ങള്‍. അവ ഏതെല്ലാം?



(വയസ്സാംകാലത്ത് ഒന്നു നോക്കാമല്ലോ?)

Sunday, July 12, 2009

എന്താണീ സാമ ഗാനം?

ചിത്രം : പഞ്ചാഗ്നി
ഗാനരചന : ഓ.എന്‍.വി.കുറുപ്പ്
സംഗീതം : ബോംബെ രവി
ആലാപനം : കെ.ജെ.യേശുദാസ്

സാഗരങ്ങളേ... പാടി ഉണര്‍ത്തിയ സാമഗീതമേ
സാമ സംഗീതമേ ഹൃദയ സാഗരങ്ങളേ...

ഈ പാട്ട് എല്ലാവര്‍ക്കും അറിയാമല്ലോ?

എന്താണീ സാമഗീതം? സാമസംഗീതം?

Tuesday, July 7, 2009

ബഹറിന്‍ ബ്ലോഗേഴ്‌സ് മീറ്റ് - പടങ്ങള്‍

ബഹറിന്‍ കേരളീയ സമാജം
ബഹറിനിലുള്ള എല്ലാ ബ്ലോഗ്ഗേഴസിനും
ബ്ലോഗ്ഗിങ്ങില്‍ താത്പര്യമുള്ള എല്ലാവര്‍ക്കുമായി
ഒരു കൂടിവരവ് സംഘടിപ്പിച്ചു.
ജൂലൈ മാസം 6 തിങ്കളാഴ്‌ച വൈകിട്ട് 7.30 മുതല്‍ 9.30 വരെ
ബഹറിന്‍ കേരളീയ സമാജം ഹാളില്‍ വെച്ചായിരുന്നു പരിപാടി.
“സമകാലീക വിഷയങ്ങളും - ബൂലോക ഇടപെടലുകളും”
എന്ന വിഷയത്തിലായിരുന്നു പ്രധാന ചര്‍ച്ച.
പടങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
ബെന്യാമിന്‍ (സമാജം സാഹിത്യ വിഭാഗം സെക്രട്ടറി)

അനില്‍ വേങ്കോട് ( വിഷയ അവതരണം )

നിബു നൈനാന്‍

സാലി ജോസഫ്

സജി മാര്‍ക്കോസ്

രാജു ഇരിങ്ങല്‍ (ചീഫ് എഡിറ്റര്‍ തുഷാരം മാഗസിന്‍)

ലതാ ഷാജു

സജീവ് കടവനാട്

മോഹന്‍ പുത്തന്‍ഞ്ചിറ

വി. കെ . അശോകന്‍

സുഭാഷ് എന്‍.

ശക്‌തീധരന്‍ പി.


റ്റി. എസ്. നദീര്‍


കുഞ്ഞന്‍ ( പ്രവീണ്‍ )


ബാജി ഓടംവേലി
-------------------------------------------------------------------------------------------------
* ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ച
സര്‍വ്വശ്രി നട്ടപ്പിരാന്തന്‍ , ബിജു നചികേതസ്, സജി മങ്ങാട്, വിനൂപ്‌ കുമാര്
എന്നിവരുടെ ചിത്രങ്ങള്‍ ക്യാമറായില്‍ പതിയാഞ്ഞതില്‍ ഖേദിക്കുന്നു.
സദയം ക്ഷമിച്ച് മാപ്പാക്കണമെന്ന് വിനയപൂര്‍വ്വം അപേക്ഷിക്കുന്നു.
ബൂലോക ദൈവങ്ങളാണെ സത്യം ഈ തെറ്റ് ഇനിയും ആവര്‍ത്തിക്കില്ല .
സത്യം സത്യം സത്യം.........

Wednesday, July 1, 2009

അബുദാബി ശക്തി അവാര്‍ഡ് ബെന്യാമിന്


ഈ വര്‍ഷത്തെ അബുദാബി ശക്തി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ബൂലോകത്തിന് ഒത്തിരിയേറെ ആഹ്ലാദിക്കാനുള്ള വക നല്‍കിക്കൊണ്ട് ശ്രീ. ബെന്യാമിന്റെ നോവല്‍ -‘ആടുജീവിതം’ മികച്ചനോവലിനുള്ള പുരസ്കാരം കരസ്ഥമാക്കിയിരിക്കുന്നു.

പ്രവാസജീവിതത്തിന്റെ ദുരന്തമുഖങ്ങളിലൂടെ കയറിയിറങ്ങേണ്ടി വരാത്ത ഒരു പ്രവാസിയും ഉണ്ടാകില്ല. എന്നാല്‍ നോവലിലെ നജീബിനെപ്പോലെ ദുരന്തത്തിന്റെ തീവ്രതയില്‍നിന്നും ജീവിതത്തിലേക്ക് പടികയറിപ്പോയവര്‍ ചുരുക്കമാകും.  ബഹറിനില്‍ പ്രവാസം ജീവിതം തുടരുന്ന നോവലിലെ നജീബ് ഓരോ പ്രവാസിയുടേയും ജീവിതാനുഭവത്തിന്റെ ഏതെങ്കിലും ഒരു താള്‍ വായനക്കിടയില്‍ ഓര്‍മ്മിപ്പിക്കാതിരിക്കില്ല. നജീബിന്റെ, തെല്ലതിശയോക്തിയില്ലേയെന്ന് ഗള്‍ഫ് പ്രവാസിയാകാത്ത ഏതു വായനക്കാരനും തോന്നിപ്പോകാവുന്ന ജീവിതത്തെ പുസ്തകത്താളുകളിലേക്ക് വിളമ്പിവെച്ച ബെന്യാമിന്‍ പുരസ്കാരത്തേക്കാള്‍ ഉപരിയായ് അര്‍ഹിക്കുന്നുണ്ട് വായനാസമൂഹത്തില്‍ നിന്നും.

ഈ അടുത്തിടെ നാട്ടില്‍ പോയിരുന്ന ബിജ്വേട്ടന്‍, തൃശൂര്‍ ഗ്രീന്‍ ബുക്സില്‍ ബെന്യാമിന്റെ നോവലിനെ ആസ്പദമാക്കി ഏതോ വായനക്കാരന്‍ വരച്ചുവെച്ച ചിത്രങ്ങള്‍ കണ്ടതിനെക്കുറിച്ച് പറഞ്ഞിരുന്നു.

ഈ പുരസ്കാരത്തെ മലയാള സാഹിത്യലോകം ഏറെ ശ്രദ്ധിക്കപ്പെടുന്ന ഒന്ന് എന്നതിലുപരി, പ്രവാസലോകത്തുനിന്ന് മലയാളസാഹിത്യത്തിലേക്കുള്ള ഏറ്റവും വലിയ പുരസ്കാരം പ്രവാസിയായ ബെന്യാമിന്റെ, പ്രവാസകഥ പറയുന്ന ‘ആടുജീവിതം’ സ്വന്തമാക്കിയതില്‍ ഒരു പ്രവാസി എന്ന നിലക്കും, ബൂലോകത്തിലെ, പ്രത്യേകിച്ചും ബഹറിന്‍ ബൂലോകത്തിലെ ഒരു കുടുംബാംഗമെന്ന നിലക്കും സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ വയ്യേ....!!!