എല്ലാ ദിവസങ്ങളും ഞായറാഴ്ച ആവണേ എന്ന് എത്ര പ്രാര്ഥിച്ചതാ കുട്ടിക്കാലത്ത്. സ്കൂളിലും പോവേണ്ട പിന്നെ സാഹിത്യ സമാജം എന്നും പറഞ്ഞ് മദ്രസ നേരത്തെ വിടുകയും ചെയ്യും. ബാക്കിയുള്ള സമയം എന്തൊക്കെ ചെയ്തു തീര്‍ക്കണം. എത്ര വണ്‍ ഡേ മേച്ചാണ് ഒരു ദിവസം കളിക്കുക. കളിയുടെ ആവേശം കൂടുമ്പോഴായിരിക്കും ഉമ്മാന്റെ വിളി. "മന്സ്വോ...പീടികയില്‍ പോയി സാധനങ്ങള്‍ മേടിച്ചു കൊണ്ടുവാ" എന്ന്. ഉപ്പ ഉമ്മറത്ത് തന്നെ ഇരിക്കുമ്പോള്‍ ഈ തീരുമാനത്തിന് അപ്പീലിന് പോകാന്‍ പോലും പറ്റില്ല . കളി നിര്‍ത്തി മനസ്സില്ല മനസ്സോടെ പീടികയില്‍ പോവും. തിരിച്ചു വരുമ്പോള്‍ പോക്കറ്റില്‍ നിറയെ ആ കറുത്ത പുളി അച്ചാര്‍ കുത്തി നിറച്ചിരിക്കും. ഇടക്കൊക്കെ നാട്ടില്‍ പോവുമ്പോള്‍ കുട്ടികളെ കൊണ്ട് അതൊക്കെ മേടിച്ചു കഴിക്കാന്‍ രസായിരുന്നു. കവറിന്റെ മൂലയ്ക്ക് ഓട്ടയുണ്ടാക്കി അത് വലിച്ചു കഴിക്കുമ്പോള്‍ നമുക്ക് പ്രായം ഒത്തിരി കുറഞ്ഞ പോലെ തോന്നും. ഇന്ന് നോക്കുമ്പോള്‍ വെറും പുളിയച്ചാര്‍ മാത്രമല്ല അത്, ബാല്യവുമായി കണക്റ്റ് ചെയ്യുന്ന ഒരു പ്രതീകം കൂടിയാണ്.
നാളെ പാടത്ത് കന്ന് പൂട്ടുകാര്‍ ഉണ്ടാവും എന്ന് വല്യുമ്മ പറയുന്നത് കേട്ടു. എനിക്ക് സന്തോഷമായി. നല്ല രസമാണ് ആ സമയത്ത് പാടത്തെ ചെളിയില്‍ കളിക്കാന്‍ . ഞങ്ങള്‍ കുറെ കുട്ടികള്‍ ഉണ്ടാവും. മീന്‍ പിടിക്കാനായിരുന്നു കൂടുതല്‍ ആവേശം. നല്ല വലിയ പരല്‍ മീനുകള്‍ കിട്ടും. കോട്ടി എന്ന് വിളിക്കുന്ന ഒരു മീനുണ്ട്. വലിയ മീശയൊക്കെ ഉള്ളത്. അത് കുത്തിയാല്‍ രണ്ടു ദിവസം കൈ അനക്കാന്‍ പറ്റില്ല. അത്രക്കും കടച്ചിലാ.ഞങ്ങളെ ശല്യം കൂടുമ്പോള്‍ കന്ന് പൂട്ടുന്ന ആല്യാക്ക വഴക്ക് പറയും. ഞങ്ങളുണ്ടോ കേള്‍ക്കുന്നു. കുറെ നാളായി എന്റെയൊരു പൂതിയാണ് കാളകളെ കെട്ടിയ ആ തട്ടില്‍ കയറി ഒരു റൌണ്ട് പാടത്ത് കറങ്ങണം എന്ന്. ആല്യാക്ക സമ്മതിക്കില്ല. നല്ലം പെരവനെ സോപ്പിട്ടു. നന്നായി മുറുകെ പിടിക്കണം . അല്ലേല്‍ താഴെ വീഴും എന്നൊക്കെ പറഞ്ഞെങ്കിലും ഇതൊക്കെ എത്ര കണ്ടതാ എന്ന ഭാവത്തിലായിരുന്നു ഞാന്‍ . എന്റെ അഹങ്കാരം കാളകള്‍ക്ക് മനസ്സിലായെന്ന് തോന്നുന്നു . എനിക്കൊന്നും ആലോചിക്കാന്‍ സമയമുണ്ടായിരുന്നില്ല. കാളകള്‍ നല്ല സ്പീഡില്‍ തന്നെ ഓട്ടം തുടങ്ങിയതും ഞാന്‍ പിടിവിട്ട് ചളിയില്‍ വീണു. ശരീരത്തിന്റെ ഒരു ഭാഗവും ചളി ആവാത്തതില്ല. കണ്ണ് എന്ന ഭാഗമേ ഇല്ല എന്ന് തോന്നും. ഒന്നും കാണുന്നില്ല. പിടിച്ചു എണീപ്പിച്ചത് നല്ലം പെരവന് ആണെന്നും തലയ്ക്കു മേടിയത് ആല്യാക്ക ആണെന്നും പ്രതികരണം കൊണ്ട് മനസ്സിലായി. പക്ഷെ ആ പൂതി അതോടെ തീര്‍ന്നു.
നല്ലം പെരവന് ഈയിടെ മരിച്ചെന്ന് കേട്ടു . നല്ല സ്നേഹം ആയിരുന്നു. പക്ഷെ എനിക്കിഷ്ടം പുറം പോക്കില്‍ നല്ലം പെരവന് കൃഷി ചെയ്തിരുന്ന വെള്ളരിയോടായിരുന്നു. മൂപ്പ് ആകുന്നതിനു മുമ്പുള്ള നല്ല ഇളം വെള്ളരി കട്ട് തിന്നാന്‍ ഞങ്ങള്‍ ചങ്ങാതിമാര്‍ രാത്രിയിലാണ് പോകുക. അന്നതൊക്കെ ഒരു സല്‍കര്‍മ്മം ചെയ്യുന്നത് പോലെയാണ്. പിന്നെ നല്ലം പെരവന്റെതാകുമ്പോള്‍ കക്കുകയല്ല ഒരു അവകാശം മേടിക്കുകയാണ് എന്ന രീതിയിലാണ് എന്റെ സമീപനം. ഒരിക്കല്‍ നാട്ടില്‍ പോയപ്പോള്‍ ഞാന്‍ കുറച്ച് പൈസ കൊടുത്തിട്ട് വാങ്ങിയില്ല. കട്ട് തിന്ന വെള്ളരിയുടെ കണക്കില്‍ കുറച്ചാല്‍ മതി എന്ന് പറഞ്ഞപ്പോള്‍ പല്ലില്ലാത്ത ഒരു പൊട്ടിച്ചിരി തന്നുകൊണ്ട് പറഞ്ഞു " എനിക്കറിയായിരുന്നു കുട്ടി കട്ട് തിന്നുന്ന കാര്യം" എന്ന് . ആ ചിരി കണ്ടപ്പോള്‍ എനിക്കും ഒരു പാപ മോക്ഷം കിട്ടിയ സുഖം.
എന്റെ കുട്ടിക്കാലം മുതലേ നല്ലം പെരവനെ ഞാന്‍ കാണാറുണ്ട്. കാണുമ്പോഴൊക്കെ കള്ളിന്റെ മണവും ഉണ്ടാകാറുണ്ട്. പക്ഷെ അതുകൊണ്ട് ഒരു കുഴപ്പവും കണ്ടിട്ടില്ല. ഇടയ്ക്കു കെട്ട്യോളെ അടിക്കും എന്ന് കേട്ടിട്ടുണ്ട്. പക്ഷെ ഞാന്‍ കാണുമ്പോഴൊക്കെ അവര്‍ മാതൃകാ ദമ്പതികള്‍ ആണ്. പാടത്തെ പണിക്കാര്‍ക്ക് ഭക്ഷണം കൊണ്ടുപോകാന്‍ അവരും വരും. ഞാനും കൂടും അവരുടെ കൂടെ ഭക്ഷണം കഴിക്കാന്‍ . ആ സമയത്ത് ആല്യാക്കക്ക് ദേഷ്യം ഒന്നും കാണില്ല. പുട്ടോ കപ്പയോ അടിക്കുന്നതിനിടക്ക് നല്ല തമാശയും പറയും. അത് കഴിഞ്ഞു നാടന്‍ ബീഡി വലിക്കുന്നത് കാണാന്‍ നല്ല രസാണ്. എനിക്കും പൂതി തോന്നും. നാടന്‍ ബീഡി കിട്ടിയില്ലെങ്കിലും നാടന്‍ അടി കിട്ടും . അതുകൊണ്ട് ചോദിക്കാന്‍ പേടി തോന്നും. പക്ഷെ നല്ലം പെരവന്റെ അടുത്ത് മുറുക്കാന്‍ കാണും. പകുതി വെറ്റിലയില്‍ പാകത്തിന് ചുണ്ണാമ്പ് ഒക്കെ ചേര്‍ത്ത് തരും. വല്യ കുട്ടിയായി എന്നൊക്കെ തോന്നും അത് കഴിക്കുമ്പോള്‍. ഭക്ഷണം കഴിഞ്ഞാല്‍ അവര്‍ വീണ്ടും പണിക്കിറങ്ങും. ഞങ്ങള്‍ പാടത്തിന്റെ മൂലക്കുള്ള വല്യ പേര മരത്തില്‍ വലിഞ്ഞു കയറും. മൂത്തതും മൂക്കാത്തതും ആയ എല്ലാ പേരക്കയും പറിച്ചു തിന്നും.
പാടത്തെ പണി തുടങ്ങിയാല്‍ പിന്നെ ഞാറ് നടുന്നത് മറ്റൊരു ആഘോഷം. ഇടയ്ക്കിടയ്ക്ക് പാടത്തു പോയി നോക്കണം. വയലില്‍ വെള്ളംകൂടുതല്‍ ഉണ്ടെങ്കില്‍ വേറെ വയലിലേക്ക് ഒഴുക്കി വിടണം. കുറവാണേല് ഇങ്ങോട്ടും. പിന്നെ കൊയ്ത്തുകാലം. അതാണ് കൂടുതല്‍ രസകരം. മുമ്പ് എഴുതിയത് കൊണ്ട് അത് പറയുന്നില്ല.
എന്ത് മധുരമാണ് ഈ ഓര്‍മ്മകള്‍ക്ക്. ആ ഓര്‍മ്മകളെ പ്രവാസവുമായി ഒരു താരതമ്യം ഞാന്‍ ആഗ്രഹിക്കുന്നില്ല. കാരണം വയല്‍ കരയിലെ ശുദ്ധമായ കാറ്റിന്റെയും സമൃദ്ധമായ പച്ചപ്പിന്റെയും ഓര്‍മ്മകള്‍ അങ്ങിനെ നില്ക്കട്ടെ. അരയൊപ്പം വളര്‍ച്ച എത്തിയ നെല്‍കൃഷിയും കണ്ട് അല്ലെങ്കില്‍ പാടത്തെ ചളി വെള്ളത്തില്‍ മീന്‍ പിടിച്ച്, ഇളം വെള്ളരി കട്ട് തിന്ന് ഓര്‍മ്മകളുടെ നടവരമ്പിലൂടെ ഞാന്‍ കുറച്ച് ദൂരം നടക്കട്ടെ.

Custom Search
Monday, April 25, 2011
Tuesday, April 19, 2011
ഈ പുഴയും ഇവിടത്തെ കാറ്റും

എന്തൊരു സൗന്ദര്യമാണ് ഈ സായാഹ്നത്തിന്. വിടപറയാനൊരുങ്ങുന്ന സൂര്യന്റെ പൊന്കിരണങ്ങള് പതിക്കുന്ന ചാലിയാര്‍ മുഖം ചുവന്നു തുടുത്ത് സുന്ദരിയായിരിക്കുന്നു. ചെരുപ്പ് കരയില്‍ അഴിച്ചു വെച്ച് ഞാന്‍ പുഴയിലേക്കിറങ്ങി. നിശ്ചലമായിരുന്ന പുഴയിലെ ഓളങ്ങള്‍ കരക്കൊരു ചെറിയ മുത്തം കൊടുത്തു. നാണം വന്ന പരല്‍ മീനുകള്‍ ഓടിയൊളിച്ചു. നല്ല തെളിഞ്ഞ വെള്ളം. അടിത്തട്ട് കാണുന്നുണ്ട്. ഞാന്‍ മുട്ടറ്റം വെള്ളത്തിലേക്ക് ഇറങ്ങി നിന്നു.എന്തൊരു അവാച്യമായ അനുഭൂതിയാണിപ്പോള്‍ . ഒരു സുന്ദരമായ പ്രണയ കവിത വായിക്കുന്ന സുഖം. അസ്തമിക്കാന്‍ ഒരുങ്ങുന്ന സൂര്യനും ശാന്തമായി മയങ്ങുന്ന ചാലിയാറും ഇരു കരകളിലെ സുന്ദരമായ പച്ചപ്പും നല്‍കുന്നൊരു സ്വപ്ന ലോകം. എനിക്ക് തിരിച്ചു കയറാന്‍ തോന്നിയില്ല.
ചാലിയാറിനെ പറ്റി എത്ര തവണ പറഞ്ഞിരിക്കുന്നു ഞാന്‍ . പക്ഷെ ഓരോ തവണ
ഇവള്‍ക്കരികിലെത്തുമ്പോഴും ഓരോ കഥ പറഞ്ഞു തരും. പക്ഷെ മഴക്കാലത്ത് ഞങ്ങള്‍ പിണങ്ങും. ഇത്തിരി രൗദ്രമാകുന്ന ചാലിയാറിനെ പേടിയാണെനിക്ക്. അപ്പോഴെന്റെ പ്രണയം മഴയോട് മാത്രമാകും. ഇടക്കാലത്തേക്ക് കാമുകിയെ മാറുന്നത് കൊണ്ടാണോ എന്തോ വര്‍ഷക്കാലം കഥയൊന്നും പറഞ്ഞുതരില്ല. പക്ഷെ അവള്‍ക്കറിയാം വര്‍ഷം കഴിഞ്ഞാല്‍ ആ കാമുകിയേയും തള്ളിപറഞ്ഞ് ഞാന്‍ തിരിച്ചെത്തുമെന്ന്. പരിഭവമില്ലാതെ എന്നെ സ്വീകരിക്കുകയും ചെയ്യും.
നല്ല ഇളം ചൂടുള്ള വെള്ളം. ഇറങ്ങി നില്ക്കാന് നല്ല രസമുണ്ട്. ഇതുപോലെ ടാറിട്ട റോഡിലൂടെ ചെരിപ്പില്ലാതെ നടന്ന് നോക്കിയിട്ടുണ്ടോ നിങ്ങള്‍. ഒരു ഇളം ചൂട് കാലില്‍ തട്ടും. നല്ല രസമാണ് അതും. ഇത്തരം ചെറിയ വട്ടുകളല്ലേ നമ്മെ വിത്യസ്തമാക്കുന്നത് . ഞാനത് ആസ്വദിക്കുന്നു.
പുഴക്കരയില്‍ ഒരു പള്ളിയുണ്ട്. വഴിയാത്രകാര്‍ക്ക് നിസ്കരിക്കാനായി ഏതോ നല്ല മനുഷ്യര്‍ ഒരുക്കിയത്. പുഴയില്‍ നിന്നു കാലൊക്കെ കൊടുത്തു മരങ്ങള്‍ കൊണ്ട് നിര്‍മ്മിച്ച ചെറിയൊരു പള്ളി. "സ്രാമ്പ്യ" എന്ന് പഴമക്കാര്‍ വിളിച്ചിരുന്നു. ഒരുകാലത്ത് വളരെ സജീവമായിരുന്നു ഇത്തരം പള്ളികള്‍. ദൂരയാത്ര പോകുന്നവര്‍ക്കും തോണി യാത്രകാര്‍ക്കും വിശ്രമിക്കാന്‍ ഒരു ഇടത്താവളം കൂടിയായിരുന്നു ഇത്. പുഴയില്‍ നിന്നു അംഗ ശുദ്ധി വരുത്തി ഞങ്ങള്‍ മഗ്രിബ് നിസ്കരിക്കാന്‍ കയറി. പതിയെ ഒഴുകുന്ന നദിയും മനസ്സിനെ കുളിരണിയിച്ച് പതുക്കെ വീശുന്ന കാറ്റും ഒപ്പം ഒരു നാട്ടുകാരന്റെ സുന്ദരമായ ഖുര്‍ ആന്‍ പാരായണവും പ്രസന്നമാക്കിയ ഈ അന്തരീക്ഷത്തില്‍ അനുഭവിക്കുന്ന ഒരു ആത്മീയ നിര്‍വൃതി അനിര്‍വചനീയം. മണന്തല കടവില്‍ ഇപ്പോഴും ഉണ്ടോ ആവോ ആ പള്ളി. ഒരു കാലഘട്ടത്തിന്റെ ഓര്‍മ്മയുടെ ബാക്കി പത്രമായിരുന്നു അത്. ഓര്‍മ്മകളില്‍ ഒരു നന്മയുടെ വീണ്ടെടുപ്പിന് പരിക്കുകളൊന്നും പറ്റാതെ അതവിടെ കാണണേ എന്ന് ആശിച്ചുപോകുന്നു.
മഗരിബ് നിസ്കാരം കഴിഞ്ഞ് ഞങ്ങള്‍ വീണ്ടും പുഴവക്കിലേക്കിറങ്ങി. പതിയെ ഇരുട്ടായി വരുന്നു. ബോട്ട് ജെട്ടിയുടെ കരിങ്കല്‍ പടവില്‍ ഞങ്ങള്‍ വെടിവട്ടത്തിനിരുന്നു.കക്കയിറച്ചിയുമായി ഒരു തോണിക്കാരന് വന്നു. ഇനി ഇത് പാകം ചെയ്യാന്‍ ഉമ്മച്ചിക്ക് പണിയായി. സന്തോഷത്തോടെ തോണിക്കാരന് തുഴഞ്ഞു നീങ്ങി. വലയും ചൂണ്ടയുമായി ഒരുപ്പയും മകനും പുഴയിലേക്ക് ഇറങ്ങുന്നു. നാളത്തെ അന്നം തേടിയൊന്നും അല്ലെന്നു തോന്നുന്നു. പുഴയുടെ മാറിലൂടെ അല്പം നേരമ്പോക്കാവാം അവര്‍ക്ക്. പെട്രോള്‍ മാക്സ് നേരെ പിടിക്കെടാ എന്ന് പറഞ്ഞു അയാള്‍ മകനെ വഴക്ക് പറഞ്ഞു. അവനൊരു ചമ്മലോടെ ഞങ്ങളെ നോക്കി. സാരല്ല്യ എന്ന മട്ടില്‍ ഞങ്ങളും ചിരിച്ചത് അവനെ സന്തോഷിപ്പിച്ചു കാണും.
ഒരു കാറ്റ് ഞങ്ങളെ തഴുകി കടന്നു പോയി. എന്തേ ഈ കാറ്റിനൊരു ശോക ഭാവം. തിരിഞ്ഞു നോക്കിയാല്‍ കുന്നിന്റെ മുകളില്‍ നിന്നും മങ്ങിയ വെളിച്ചം കാണാം. എളമരം യതീം ഖാനയാണ്. ആ കുട്ടികളെ, അവരുടെ നൊമ്പരങ്ങളെ തഴുകിയാവണം ഈ കാറ്റും വന്നിട്ടുണ്ടാവുക. അല്ലെങ്കില്‍ പതിവില്ലാതെ ഇവിടത്തെ കാറ്റുകള്‍ സങ്കടം പറയാറില്ല. പാരമ്പര്യവും പ്രശസ്തിയും ഒത്തിരിയുള്ള സ്ഥാപനമാണിത്. ചാലിയാറിന്റെ മേലെ കുന്നിനു മുകളില്‍ ഈ അനാഥാലയം ഒരുപാട് കുട്ടികളുടെ കണ്ണീരൊപ്പുന്നു. ഈ പുഴക്കരയിലിരുന്ന് അവിടെ നിന്നുമുള്ള മങ്ങിയ വെളിച്ചവും കണ്ട് പിന്നെ അന്തരീക്ഷത്തിന് പെട്ടൊന്നൊരു ശോകച്ഛായ പകര്‍ന്നപോലെ ഈ സങ്കടക്കാറ്റും കൊണ്ട് കൂടുതലിരിക്കാന്‍ എന്തോ വിഷമം തോന്നുന്നു. പുഴയിലും തോണിക്കാരുടെ ആരവം ഒഴിഞ്ഞിട്ടുണ്ട്. ഞങ്ങള്‍ കുറച്ചൂടെ വിശാലമായ തീരത്തേക്ക് മാറിയിരുന്നു. പൂഴിമണലില്‍ മലര്‍ന്നു കിടക്കുന്ന ഞങ്ങള്‍ക്ക് കൂട്ടായി നല്ല പാല്‍നിലാവും കുറെ നക്ഷത്രങ്ങളും. തീരത്തെ ഒരു കുടിലില്‍ നിന്നും പഴയൊരു മാപ്പിള പാട്ടിന്റെ ഈരടികള്‍ ഒഴുകിവരുന്നു. അതില്‍ ലയിച്ച് ഞങ്ങളും.
Pls visit my Blog CENTRE COURT
Wednesday, April 6, 2011
വഴിയോര കാഴ്ചകള്‍

ഒരിക്കല്‍ ഞാന്‍ നിങ്ങളെ വിരുന്നിന് ക്ഷണിച്ചതാണ് എന്റെ ഗ്രാമത്തിലേക്ക്. അവിടത്തെ കാഴ്ചകള്‍ ഇഷ്ടായി എന്ന് നിങ്ങള്‍ പറഞ്ഞപ്പോള്‍ സന്തോഷവും തോന്നി. പിന്നെയും ഒരുപാട് പ്രത്യേകതകളുള്ള എന്റെ അയല്‍ ഗ്രാമങ്ങളെയും ഞാനൊന്ന് പറഞ്ഞു പോകട്ടെ. പക്ഷെ ചെറുവാടിയില്‍ നിന്നുതന്നെ തുടങ്ങും ഇതും.
നമ്മള് നടന്നു തുടങ്ങുന്നു. ഈ പാടങ്ങളിലില്ലേ.. . ഇപ്പോഴും നിങ്ങള്‍ക്ക് മനോഹരമായി തോന്നുന്നത് ഈ ഗ്രാമത്തിന്റെ പ്രത്യേകതകള്‍ കൊണ്ടുതന്നെയാകണം. അല്ലെങ്കില്‍ പണ്ട് കൊയ്ത്ത് പാട്ടുകളും നെല്കതിര് കൊത്തി പറക്കുന്ന തത്തകളും അവരുടെ ശബ്ദവും നിറഞ്ഞു നിന്നിരുന്ന ഈ പാടങ്ങള്‍ ഇപ്പോള്‍ വാഴയും കപ്പയും കൃഷിചെയ്യുന്നവയായി മാത്രമല്ലേ നിങ്ങള്‍ കണ്ടത്. പക്ഷെ നഷ്ടപ്പെട്ട ആ നല്ല കാഴ്ചകളുടെ നൊമ്പരം പേറുന്ന എനിക്ക് ആ ഓര്‍മ്മകള്‍ മരിക്കാത്തതാണ്.
ഇപ്പോള്‍ നമ്മളെ കടന്നു പോയ ആ പെണ്ണില്ലേ. കാരിച്ചി എന്ന അവരായിരുന്നു ഇവിടത്തെ കൊയിത്തുത്സവങ്ങളിലെ നായിക. കൊയ്തെടുത്ത നെല്‍കറ്റകളുമായി കാരിച്ചിയും കൂട്ടരും നടക്കുന്നതിന് ഒരു ഫോള്‍ക് ഡാന്‍സിന്റെ താളമുണ്ടായിരുന്നു.നിങ്ങള്‍ പെണ്ണുങ്ങള് ഒക്കെ കാതില്‍ ഇടുന്ന വല്യ വട്ടത്തിലുള്ള റിംഗ് ഇല്ലേ..? ആ ഫാഷനൊക്കെ വര്‍ഷങ്ങള്‍ക്ക് മുമ്പ് കാരിച്ചി ഇന്‍ട്രഡ്യൂസ് ചെയ്തതാ. പക്ഷെ ഇപ്പോഴും അത് തന്നെയാണെന്ന് മാത്രം. വീടിന്റെ മുമ്പില്‍ നെല്‍കറ്റകള്‍ കുന്നു കൂടുമ്പോള്‍
ഞങ്ങള്‍ കുട്ടികള്‍ക്ക് മറ്റൊരു ഉത്സവകാലം തുടങ്ങും. അതില്‍ കയറി മറിഞ്ഞും അത് കാരണം ശരീരമാകെ ചൊറിഞ്ഞും ഓര്‍ക്കാന്‍ രസമുള്ള കുട്ടിക്കാലം. പത്തായപുരകളില്‍ ഇപ്പോള്‍ നെല്ലുകള്‍ നിറയാറില്ല. പാടമില്ലെങ്കില്‍ പിന്നെ പത്തായപുരയുണ്ടോ.

പറഞ്ഞു പറഞു നമ്മള് അടുത്ത ഗ്രാമത്തില്‍ എത്തി. കേട്ടിട്ടുണ്ടോ കൂളിമാട് എന്ന സ്ഥലം. കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ പുകവലി വിമുക്ത ഗ്രാമമാണ് ഇത്. ഒരല്പം കുറ്റബോധം ഇതിലൂടെ നടക്കുമ്പോള്‍ എനിക്കും ഇല്ലാതില്ല. പുക വലിക്കില്ല , വാങ്ങില്ല, വിലക്കില്ല ഇവിടെയുള്ളവര്‍. ഈ മാതൃകാ നേട്ടത്തിന് പിന്നില്‍ ഉത്സാഹിച്ച കുറെ ചെറുപ്പകാര്‍ ഉണ്ടിവിടെ.

എനിക്കും വൈകാരികമായി ഏറെ അടുപ്പം തോന്നും ഈ ഗ്രാമത്തോട്. മുമ്പ് കോഴിക്കോട് പോവാന്‍ ഇരുവഴിഞ്ഞി കടവ് കടന്ന് ഇവിടെ വന്നാണ് ബസ്സ് കയറുക. ഇത്തിരി നേരത്തെ എത്തുന്നത് വല്യൊരു മാവിന്റെ ചുവട്ടില്‍ രണ്ടു കവുങ്ങില്‍ തടി ഇട്ടൊരുക്കിയ ബസ് സ്റ്റോപ്പില്‍ കുറച്ചു നേരം ആസ്വദിച്ചിരിക്കാനാണ് . ഇരുവഴിഞ്ഞിക്ക് മീതെ പാലം വന്നെങ്കിലും പഴയ ഐശ്വര്യവുമായി ഇപ്പോഴും മാറാതെയുണ്ട് കൂളിമാട്. ആദ്യമൊക്കെ ഉപ്പാന്റെ കൂടയാണ് കോഴിക്കോട് പോവുക. അന്ന് മുതല്‍ ഈ ഗ്രാമം എനിക്ക് പ്രിയപ്പെട്ടതാണ്. ചായ കുടിച്ചും രാഷ്ട്രീയം പറഞ്ഞും ഉപ്പ സെയിദുക്കാന്റെ മക്കാനിയില്‍ ഇരിക്കും. ഞാന്‍ മരങ്ങളും പാടവും നോക്കി പുറത്തിരിക്കും. തൊട്ടടുത്ത ഗ്രാമത്തില്‍ നിന്നും കല്യാണവും കഴിച്ചതോടെ ഇപ്പോഴും യാത്ര ഇതിലൂടെ തന്നെ. ഇന്നും ഇവിടെത്തുമ്പോള്‍ ഉപ്പാന്റെ കയ്യും പിടിച്ചു ബസ്സിലെ സൈഡ് സീറ്റ് കിട്ടാന്‍ വെപ്രാളപ്പെടുന്ന കൊച്ചു കുട്ടിയാകും ഞാന്‍ . പക്ഷെ സെയിദുക്കാന്റെ മക്കാനി ഇപ്പോള്‍ കാണാത്തത് ഒരു നൊമ്പരവും.

അയ്യോ.. നിങ്ങള്‍ കൂടെയുള്ള കാര്യം ഞാനങ്ങു മറന്നു. നാട് കാണാന്‍ വിളിച്ചിട്ട് നിങ്ങളെ ഒറ്റക്കാക്കി ഞാന്‍ എവിടെയൊക്കെയോ പോയി. ദാ.. ആ വരുന്ന ബസ്സില്ലേ. സുല്‍ത്താന്‍ ആണ്. ഒരുപാട് തലമുറകളുടെ യാത്രയിലെ ഓര്‍മ്മയായി അന്നും ഇന്നും ഈ ബസ്സുണ്ട്. ഇനി യാത്ര നമ്മുക്കിതിലാവാം. വഴിയോര കാഴ്ചകള്‍ കണ്ട് നിങ്ങളെയും കൊണ്ട് കോഴിക്കോട് വരെ പോവണം എന്നുണ്ട്. പക്ഷെ നമ്മള് തിരക്കിലല്ലേ. തല്കാലം മാവൂര്‍ വരെയാകാം.
വല്യ ഈ ചീനിമരത്തിന്റെ തണലില്‍ നില്ക്കുന്ന ഈ ഗ്രാമമാണ് ഇപ്പോള്‍ PHED എന്നും പണ്ടുള്ളവര്‍ മടത്തുംപാറ എന്നും പറയുന്ന സ്ഥലം. കോഴിക്കോട് നഗരത്തിലേക്ക് കുടിവെള്ളം പോകുന്നത് ചാലിയാറില്‍ നിന്നും ശേഖരിച്ച് ഇവിടെ ശുദ്ധീകരിച്ചിട്ടാണ്. ഒപ്പം നല്ലൊരു പ്രകൃതിയും. ഈ പെട്ടിപീടികയില്‍ കയറി ഒന്ന് മുറുക്കണം എന്നുണ്ട് എനിക്ക്. പക്ഷെ പിന്നെയാകാം.

നമ്മള് മാവൂരില്‍ എത്താറായി. പക്ഷെ ഇത് പഴയ മാവൂരല്ല. ഗോളിയോര്‍ റയോണ്‍സ് ഫാക്ടറി അടച്ചു പൂട്ടിയപ്പോള്‍ ആത്മാവ് നഷ്ടപ്പെട്ട ഒരു ചെറിയ സിറ്റി. ഫാക്ടറി വക ഒഴിഞ്ഞു പൊളിഞ്ഞ് പ്രേത ഭവനം പോലെ നില്ക്കുന്ന കോര്‍ട്ടെഴ്സുകള്‍ പറയുന്നത് നഷ്ടപ്പെട്ടുപോയ കുറേ ജീവിത സൗകര്യങ്ങളുടേതാണ് , കേള്‍ക്കാതെ പോയ അവരുടെ പ്രാര്‍ത്ഥനകളുടേയാണ് , പെയ്തു തീരാത്ത അവരുടെ കണ്ണീരിന്റെയാണ്. ഈ കാഴ്ച കാണാനാണോ നിങ്ങളെ കൊണ്ടുവന്നതെന്ന് തോന്നുന്നുവെങ്കില്‍ , സോറി .. ഈ സങ്കടം കാണിക്കാതെ എങ്ങിനെ ഞാന്‍ മാവൂരിനെ പരിചയപ്പെടുത്തും.
ശരി ഇനിയൊരു ചായ കുടിക്കാം. ഈ ചായ കടയില്‍ എന്താ ഇത്ര തിരക്ക് എന്ന് നിങ്ങള്‍ ചോദിക്കുന്നത് ഞാന്‍ കേള്‍ക്കുന്നു. അതില്‍ അത്ഭുതമില്ല. ഇതാണ് പേരുകേട്ട ഹൈദറാക്കാന്റെ പരിപ്പുവട . പകരം വെക്കാനില്ലാത്ത രുചി. ഏഷ്യ നെറ്റുകാര്‍ സ്പെഷ്യല്‍ ഫീച്ചര്‍ ഒരുക്കിയ രുചി വൈഭവം. ഇവിടന്നു കഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ പാര്‍സല്‍ പോകുന്നു. ഇത് വഴി പോകുന്ന ഞങ്ങളും അത് ഒഴിവാക്കില്ല. ഞാനേതായാലും രണ്ടെണ്ണം തട്ടിയിട്ട് ബാക്കി പറയാം. അപ്പോള്‍ നിങ്ങള്‍ എങ്ങിനാ... ഇവിടുന്നു കഴിക്കുന്നോ അതോ പാര്‍സല്‍ എടുക്കുന്നോ...?.
(ഫോട്ടോസ് എടുത്തത് ഗൂഗിളില്‍ നിന്നും പിന്നെ ഫെയിസ് ബുക്കിലെ ചില സുഹൃത്തുക്കളുടെതും)
Subscribe to:
Posts (Atom)