Sunday, February 27, 2011
ഗുണ്ടല്‍പേട്ടയില്‍ ഒരു സൂര്യകാന്തിക്കാലത്ത്.
കാട്ടാനകളെ കാണുമ്പോള്‍ , ഇരുട്ടില്‍ വെട്ടിത്തിളങ്ങുന്ന കണ്ണുകളുമായി നമ്മെ തുറിച്ചുനോക്കുന്ന ചെന്നായകളും കുറുക്കന്മാരും, ഇവയൊക്കെ കാണുമ്പോള്‍ ഉള്ളില്‍ വരുന്ന ഭീതിനിറഞ്ഞ ഒരു അനുഭവമില്ലേ..? ഞാനതിനെ വല്ലാതെ ഇഷ്ട്ടപ്പെടുന്നു.
ഈ യാത്ര ഗുണ്ടല്‍പെട്ടയിലേക്കാണ്. മനസ്സില്‍ പതിയുന്ന ചില അനുഭവങ്ങളാണ് കന്നഡ ഗ്രാമങ്ങള്‍. നഗരത്തിന്റെ പൊലിമയിലൊന്നും ഇവര്‍ വീഴില്ല. പകരം കൃഷിയിലൂടെയും മറ്റും അവരുടെ വിയര്‍പ്പും നഗരങ്ങളിലെത്തുന്നു. എന്തൊരു രസമാണ് ഈ ഗ്രാമീണ റോഡുകളിലൂടെ നടക്കാന്‍ . ഇടയ്ക്കിടയ്ക്ക് വലിയ മരങ്ങള്‍. അതിനു താഴെ ചെറിയൊരു പ്രതിഷ്ഠ. തിരി എപ്പോഴും തെളിഞ്ഞുകൊണ്ടേയിരിക്കും. ഇടയ്ക്കിടയ്ക്ക് കാളവണ്ടികള്‍ , പിന്നെ കൃഷിയിടങ്ങളിലേക്ക് നീങ്ങുന്ന ട്രാക്ടറുകള്‍. ഇനിയൊരു പത്ത് വര്ഷം കഴിഞ്ഞാലും ഇവിടെ ഇങ്ങിനെതന്നെ ആയിരിക്കും.
ഞങ്ങളിപ്പോള്‍ കേജീ ഹള്ളി (Kaligowdanahalli) എന്ന ഗ്രാമത്തിലാണ്. ഇവിടെ കൃഷിയിടങ്ങള്‍ പാട്ടത്തിനെടുത്ത് കരിമ്പ് കൃഷിചെയ്യുന്ന ഒരു സുഹൃത്തിന്റെ കൂടെ. ഇനി രണ്ട് ദിവസം ഈ ഗ്രാമമാണ് ഞങ്ങളുടെ ലോകം. കരിമ്പ് കാടുകളിലൂടെയും സൂര്യകാന്തി തോട്ടങ്ങല്‍ക്കിടയിലൂടെയും ഞങ്ങള്‍ അലഞ്ഞുനടന്നു. ഉള്ളിയും തണ്ണിമത്തനും ബീറ്റ്റൂട്ടും കടലയും എല്ലാം കൃഷി ചെയ്യുന്നുണ്ട് ഇവിടെ. കൃഷിയാണ് ഇവരുടെ ദൈവം. സ്ഥലത്തിന്റെ മുതലാളി രാമദേവ ഗൗഡ സ്നേഹമുള്ള ആള്‍ തന്നെയാണ്. പാടങ്ങള്‍ക്കിടയില്‍ വളരുന്ന തെങ്ങില്‍ നിന്നും ഇളനീര്‍ പൊട്ടിച്ചുനല്കാന്‍ കുശന്‍ എന്ന ശിങ്കിടിയോട് ഗൗഡ പറഞ്ഞു. എന്തൊരു രുചി. തണ്ണിമത്തന്‍ പൊട്ടിച്ച് അവിടന്ന് തന്നെ തട്ടാന്‍ രസം വേറെ തന്നെ. ഞങ്ങളുടെ ആവേശം കണ്ട് കുടവയറും കുലുക്കി ഗൗഡ ചിരിക്കുന്നു.
കൃഷിയിടങ്ങളിലേക്ക് വെള്ളം പമ്പ് ചെയ്യുന്ന ചെറിയ കുളങ്ങള്‍. നല്ല തണുത്ത വെള്ളം. മുങ്ങി നിവരുമ്പോള്‍ തണുപ്പ് കാരണം വിറക്കുന്നു. പക്ഷെ ക്ഷീണം പരിസരത്ത് കാണില്ല പിന്നെ. കരിമ്പിന്‍ കാടിന് അരികെ പുല്‍പായ വിരിച്ചു ഉച്ചയൂണ്. ഉമ്മച്ചി പൊതിഞ്ഞു തന്ന ബീഫ് ഫ്രൈയുടെ മണം കുറ നേരത്തെ തന്നെ കൊതിപ്പിക്കാന്‍ തുടങ്ങിയിരുന്നു. ഗൗഡയുടെ കുടവയര്‍ ഇത്തിരി പേടിപ്പിച്ചെങ്കിലും വെജിറ്റെറിയന്‍ ആണെന്നുള്ള പ്രഖ്യാപനം ആശ്വാസം തന്നു. "സ്നേഹം വേറെ ബീഫ് ഫ്രൈ വേറെ".
പഞ്ചായത്ത് ആപ്പീസില്‍ പോവണം, നാളെ കാണാം എന്നും പറഞ്ഞു ഒരു ട്രാക്ടറില്‍ കയറി ഗൗഡ പോയി. കുശണ്ണന്‍ കൂടെത്തന്നെയുണ്ട്.
ഇവിടെ തന്നെ ഒന്ന് മയങ്ങാം. കരിമ്പിന്‍കാടുകള്‍ക്കിടയിലൂടെ മൂളിവരുന്ന പാട്ടിനൊപ്പിച്ച് സൂര്യകാന്തി പൂക്കള്‍ താളം പിടിക്കുന്നു. പുല്‍ത്തകിടിയില്‍ മാനം നോക്കി നോക്കി അങ്ങിനെ മയങ്ങിപോയി എല്ലാരും. എത്ര നേരം ഉറങ്ങിയോ ആവോ. ഉണര്‍ന്നപ്പോള്‍ കട്ടന്‍ ചായയുമായി ഒരു പെണ്ണ്. കുശണ്ണന്‍ പറഞ്ഞു, "നിങ്ങളുടെ നാട്ടുകാരി ആണ് ". കല്‍പ്പറ്റയില്‍ നിന്നും കല്യാണം കഴിഞ്ഞു ഇവിടെ എത്തിയതാണ്. ചിത്ര പറഞ്ഞു തുടങ്ങി. ഇവിടെ കള പറിച്ചും മറ്റു കൂലി പണികള്‍ ചെയ്തും നില്‍ക്കുന്നു. ഭര്‍ത്താവും അതെ. ചിത്രയുടെ വിഷമം അതല്ല. അവിടത്തെ പെണ്ണുങ്ങള്‍ അവളോടൊപ്പം ജോലി ചെയ്യും. പക്ഷ ഭക്ഷണം ഒന്നിച്ചു കഴിക്കില്ല. ജാതി താഴെയാണത്രെ. ഇതിനൊരു പരിഹാരം ഞങ്ങളുടെ അടുത്തില്ല ചിത്രേ. എന്നാലും മലയാളം പറയാന്‍ ആളെ കിട്ടിയതില്‍ അവള്‍ക്കും സന്തോഷം.
ഇന്നത്തെ രാത്രി ഞങ്ങള്‍ ഇവിടെയാണ്. കൃഷിയിടങ്ങള്‍ക്ക് നടുവിലായി ഗൗഡയുടെ തന്നെ ഒരു ചെറിയ വീട്. എന്തൊരു പ്രസന്നതയാണ് ഇവിടത്തെ അന്തരീക്ഷത്തിന്.
ഇന്ന് രാത്രി നെയ്ച്ചോറും ചിക്കനും ആവാം. നജ്മുവും ആരിഫും സാധനങ്ങള്‍ വാങ്ങാന്‍ പുറത്തേക്കു പോയി. "പെട്ടൊന്ന് മടങ്ങണം. പകല് പോലെയല്ല ഇവിടെ രാത്രി".
കുശണ്ണന്‍ ഓര്‍മ്മിപ്പിച്ചു. വീടിനു പുറത്തിറങ്ങിയപ്പോള്‍ എന്തൊരു തണുപ്പ്. കോടമഞ്ഞ് ഇറങ്ങിയിട്ടുണ്ട്. തണുത്താലും വേണ്ടീല, ഇത് ആസ്വദിച്ചേ പറ്റൂ. വില്‍സിനൊന്നും സ്ട്രോങ്ങ് പോര. മരം കൊണ്ട് കെട്ടിയുണ്ടാക്കിയ കട്ടിലില്‍ ഇരുന്ന് ശാപ്പാട്. ഓരോന്നും ഓരോ അനുഭവമാണ്. തണുപ്പും ഒട്ടും സഹിക്കില്ല എന്നായപ്പോള്‍ ഉറങ്ങാന്‍ കിടന്നു.
ഇത്രയും സുന്ദരമായ പ്രഭാതം മുമ്പ് കണ്ടിട്ടുണ്ടോ? സൂര്യകാന്തി പൂക്കളിലെ മഞ്ഞുത്തുള്ളികള്‍ ഇളം വെയിലില്‍ മിന്നിത്തിളങ്ങുന്നു. കളത്തില്‍ നിറയെ പെണ്ണുങ്ങള്‍. പാട്ടും വര്‍ത്താനവുമായി എന്തൊരു സന്തോഷത്തോടെയാണ് അവര്‍ ജോലി ചെയ്യുന്നത്. പ്രകൃതിയോടു ചേര്‍ന്നുതന്നെ വേണം പ്രഭാത കര്‍മ്മങ്ങളും. യാത്ര സിനിമയിലെ രംഗം ഓര്‍മ്മവന്നത് കൊണ്ടോ എന്തോ ഞാനൊന്ന് മടിച്ചു. നാണം കൊണ്ടൊന്നും അല്ല. ഒരു കന്നടകാരിയെ പ്രേമിച്ചു നടക്കാനൊന്നും നമുക്ക് ടൈം ഇല്ല. പിന്നെ ഒടുവില്‍ പറഞ്ഞപോലെ "നല്ല അടി നാട്ടില്‍ തന്നെ കിട്ടില്ലേ".
ഇനി തിരിച്ചുപോകാം. ഗൗഡ കുറെ തണ്ണിമത്തനും ഇളനീരും വണ്ടിയില്‍ എടുത്തു വെപ്പിച്ചു. എതിര്‍പ്പ് സ്നേഹത്തിന് വഴിമാറി. ഇനിയും വരണമെന്ന് ഓര്‍മ്മിപ്പിച്ചു. എങ്ങിനെ വരാതിരിക്കും?
തിരിച്ചു വിളിക്കുന്നൊരു സൗഹൃദ ഭാവമുണ്ട് ഈ ഗ്രാമങ്ങള്‍ക്ക്. ഞങ്ങള്‍ വരും. കരിമ്പ് തണ്ടും ചവച്ചുതുപ്പി ഈ പാടങ്ങളിലൂടെ ഒരു കന്നഡ പാട്ടും പാടി വീണ്ടുമൊരു അവധികാലത്തിന്.
കോടമഞ്ഞും സൂര്യകാന്തി വര്‍ണങ്ങളും സന്തോഷത്തിന്റെ കയ്യൊപ്പ് ചാര്‍ത്തിയ രണ്ടു ദിവസങ്ങള്‍. ഞങ്ങള്‍ ഇറങ്ങി. ഇനി വീണ്ടും ബന്ദിപൂരിന്റെയും മുതുമലയുടെയും നിഗൂഡതകളിലൂടെ നാടുകാണി ചുരവും ഇറങ്ങി നാട്ടിലേക്ക്.
സൂര്യകാന്തി പൂക്കള്‍ തലകുലുക്കി ഞങ്ങളോട് യാത്ര പറഞ്ഞു.
ബഹറിന്‍ ബൂ ലോഗം നിര്‍ജീവ മായോ...?..
ബഹറിന്‍ ബൂ ലോഗം നിര്‍ജീവ മായോ...?..ദിവസവും വന്നു നോക്കും ഒരു ഇല അനക്കവും കാണില്ല....ഒന്ന് അനങ്ങിക്കോട്ടേ എന്ന് കരുതി വല്ലതും പോസ്റ്റും...എനിക്കിനി വയ്യ ഇങ്ങനെ ഇടക്യു വന്ന് ഈച്ചനെ ആട്ടാന്‍...
Saturday, February 26, 2011
സ്പെഷ്യല്‍ ക്ലാസ്
അവളുടെ കോമ്പസ് മുനയാണ്
എന്‍റെ ആദ്യത്തെ പ്രണയം
എന്‍റെ സ്ലേറ്റിന്‍റെ മൂലയാണ്
അവളുടെ നെറ്റിയിലെ പൊട്ട്.
രാത്രി കണ്ട സ്വപ്‌നങ്ങള്‍
മനപ്പാ0 മാക്കി
ചോറ്റു പാത്രത്തില്‍ മൂടി അവള്‍
ഇടവഴില്‍ വെച്ച് വായിക്കാന്‍ തരും .
മനസ്സ് തുറക്കുമ്പോള്‍
അരി വെന്ത നിറമുണ്ടാകും.
കാന്താരി മുളകിന്‍റെ ചൂരും ,
തേങ്ങ വെന്ത മണവും .
വിശപ്പ് തിളച്ച് തൂവിയാണ്
അവളുടെ അരക്കെട്ടിന് തീപ്പിടിച്ചത്.
അന്ന് തെറിച്ചുപോയ ചോരക്കറയാണ്
ഇന്നുമവളുടെ മുഖത്തെ കറുപ്പ്.
മുതിര്‍ന്നപ്പോള്‍ അവളുടെ പാവാടയ്ക്ക്
എന്‍റെ തുടയേക്കാള്‍ നീളം കൂടി .
ഏഴാം ക്ലാസ്സില്‍ സങ്കലനം തെറ്റിയാലുള്ള
കണക്കിലെ കളികള്‍
നിക്കറിനേക്കാള്‍ ചുരുട്ടി വെച്ചവള്‍
കാണിച്ചു തരും.
എത്ര കുറച്ചാലും ശിഷ്ടം വരുത്താന്‍
മാഷ് ഗുണന ചിഹ്നന ത്തില്‍
കൂട്ടിയിട്ടുണ്ടാകും .
ഒഴിവ് ദിവസങ്ങളില്‍
ലാബിലെ മേശയില്‍
തവളകിടന്നവള്‍
ജീവ ശാസ്ത്രം പഠിച്ചിട്ടും
ഒമ്പതില്‍ മൂന്നു തവണ തോറ്റു.
നിങ്ങളന്ന് കുടഞ്ഞ മഷിയാണ്
ഇന്നുമവളുടെ ഉള്ളിലെ ചുവന്ന വര .
അടി വരവീണ താളുകള്‍ മായ്ക്കാന്‍
പാഠം മുഴുവനവള്‍ കീറി കളഞ്ഞില്ല
പൊതിഞ്ഞു വെക്കാന്‍ മടിയുള്ളതെല്ലാം
വഴി യാത്രക്കാരെ കൊണ്ട് വായിപ്പിച്ചു .
അവളൊരു
പൊതിഞ്ഞ പുസ്തകമായിരുന്നു ,
ജീവിതത്തിലെഴുതി കൊടുത്ത
നിങ്ങളുടെ വിശപ്പാണ്
ഇന്നും വായിക്കപ്പെടുന്നത് .
------------------------------------------------------------------------ഷംസ്
Wednesday, February 23, 2011
കുറ്റിപെന്‍സില്‍
ഒരു നാള്‍ മരിച്ചവരെല്ലാം
നിന്‍റെ നഗരത്തില്‍
ഉയര്‍ത്തെഴുനേല്‍ക്കപ്പെടും .
നിന്‍റെ കാതുകളില്‍
യന്ത്ര ചിറകുകള്‍ മുരളും.
നെഞ്ചില്‍
വെടിയൊച്ചകള്‍ പിടയും .
മുറിവേറ്റവരെ ബാക്കി വെച്ച്
സൈറണുകള്‍ പാഞ്ഞു പോകും .
അന്ന് നിന്നെ പോലെ
ആരുമുണ്ടാവില്ല .
അവര്‍ നിന്‍റെ പിറകില്‍
വരികളായ് അണി നിരക്കും.
നീ എഴുതി തേഞ്ഞ്
ഒരു ചരമ കോളത്തില്‍
മുനയൊടിഞ്ഞ് ചത്തതല്ല .
ഭരണകൂടത്തിന് ഒരു കുത്തിടാന്‍
മുന കൂര്‍പ്പിച്ച്
ഒരു തെരുവില്‍ കൊല്ലപ്പെട്ടതാണ് .
-----------------------------------------------------------------------------ഷംസ്
Monday, February 7, 2011
ഒരു ചോദ്യം
പുറത്ത് നിന്ന് പൂട്ടാന്‍
വാതിലിന്
ഒരു ഓടാമ്പിലയുണ്ട് .
അകത്ത് നിന്ന് പൂട്ടാന്‍
വാതിലിന് ഒരു താഴുണ്ട് .
ആണായതിനാലാണോ
വാതിലുകളെല്ലാം
നിന്നെ തുറന്ന് വിടുന്നത് .
വഴിതെറ്റി ഓടുന്ന
നിയമത്തെ
റോഡില്‍ നിര്‍ത്താനൊരു
ബെല്ലുണ്ട് .
കടിഞ്ഞാണില്ലാതെ പായുന്ന
ഭരണത്തെ
പാളത്തില്‍ ഒതുക്കാനോരു
ചങ്ങല യുണ്ട് .
ബെല്ലും ചങ്ങലയുമില്ലാതെ
ഞങ്ങള്‍
പെറുന്നത് കൊണ്ടാണോ
ജീവിതത്തിലെ
ബോഗികളിലെല്ലാം
നിര്‍ത്താതെ
ഒറ്റ കയ്യന്‍മാര്‍
നുഴഞ്ഞ് കയറുന്നത് .
----------------------------------------ഷംസ്
Friday, February 4, 2011
ചിരിയുടെ മച്ചാന് പ്രണാമം
സാധാരണക്കാരന്റെ മട്ടും ഭാവവും പാടെ പകര്‍ത്തി കഥാപാത്രങ്ങളെ തന്റെ
സ്വതസിദ്ധ ശൈലിയില്‍ അവതരിപ്പിച്ച് മലയാള സിനിമയില്‍ ചിരിയുടെ മാല പടക്കം
പൊട്ടിച്ച മലയാള സിനിമയുടെ ചിരിയുടെ മച്ചാന്‍ താന്‍ ചെയ്ത കഥാപാത്രങ്ങളെയും
രംഗങ്ങളെയും എന്നും അയവിറക്കാന്‍ ബാക്കി വെച്ച് എന്നന്നേക്കുമായി സിനിമാ പ്രേക്ഷകരുടെ
ഓര്‍മകളുടെ ചില്ലുകൂട്ടിലേക്ക് അന്ത്യ പാലായനം ചെയ്തു .
കൊച്ചിന്‍ ഹനീഫ് ക്കാ വിട വാങ്ങിയതിന്റെ ഒന്നാം വാര്‍ഷികത്തില്‍ വീണ്ടും ഒരു മരണ വാര്‍ത്ത
ക്കൂടി സിനിമാ ലോകത്ത് അമ്പരപ്പ് സൃഷ്ട്ടിച്ചിരിക്കുകയാണ് . മലയാള
സിനിമയിലെ കഴിവുള്ള താരങ്ങള്‍ നമ്മെ വിട്ടു മറഞ്ഞു പോവുകയാണ് .....
' അടര്‍ന്നു വീഴുന്ന ഓരോ പകലുകള്‍ക്കും മുന്നോട്ടുള്ള ഓരോ ചുവടുകള്‍ക്കും
ഇടയില്‍ പതിയിരിക്കുന്ന യാഥാര്‍ത്യത്തെ (അന്ത്യം ) ആര്‍ക്കും
കണ്ടുപിടിക്കാനും , ചെറുക്കാനും കഴിയില്ലല്ലോ ' ... അസ്വാഭാവികമായി നര്‍മ്മം കൈകാര്യം ചെയ്തിരുന്ന അസാധ്യമായ ടൈമിങ്ങുകളുള്ള നടനായിരുന്നു മച്ചാന്‍ വര്‍ഗീസ്. അദേഹത്തിന്റെ ശബ്ദത്തിന്റെ പ്രത്യേകത യും ആ വ്യത്യസ്ത്യമായ കഴിവുകളും കൊണ്ടാവും അദേഹം ചെയ്ത ചെറിയ കഥാപാത്രങ്ങളെ പോലും നാം എന്നും ഓര്‍ത്തിരിക്കുന്നത് . മൂന്നു മാസം മുമ്പാണ് ഞാന്‍ അദേഹത്തെ വീണ്ടും കണ്ടു മുട്ടുന്നത് അതും തികച്ചും അപ്രതീക്ഷിതമായി കലൂരിലെ ലിസ്സി ജംഗ്ഷനിലെ ഷംസു ടൂറിസ്റ്റ് ഹോമില്‍ വെച്ച് .... " ബെസ്റ്റ് ആക്ടര്‍ " എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വര്‍ക്കുകള്‍ കഴിഞ്ഞ് നാട്ടിലേക്ക് പോകാന്‍ തയ്യാറായി നില്‍ക്കുകയാണ് ഞങ്ങള്‍ . സിറ്റൌട്ടില്‍ മറ്റാരോടോ സംസാരിച്ചു കൊണ്ട് നിന്നിരുന്ന അദേഹം ഞങ്ങളെ കണ്ടു അടുത്തേക്ക് വന്നു . കുശലന്വേഷണങ്ങള്‍ക്കൊടുവില്‍ അദേഹം ചായക്ക് ഓര്‍ഡര്‍ ചെയ്തു . കൂടെ കഴിക്കാന്‍ തൊട്ടടുത്ത കടയില്‍ അദേഹം തന്നെ ചെന്ന് ഒരു പാക്ക് ക്രീം ബിസ്ക്കറ്റും വാങ്ങി പൊട്ടിച്ചു ഞങ്ങളും കൂടെ കഴിച്ചു . ' സിജാറേ നിന്റെ പേര് മാറ്റി അച്ചാര്‍ എന്നാക്കി വിളിച്ചു കൂടെ ... കേള്‍ക്കാനും വിളിക്കാനും അതല്ലേ രസം ' എന്ന് പറഞ്ഞു എപ്പോഴും കളിയാക്കിയിരുന്ന അദേഹം അന്നും ഇത് പറഞ്ഞു എന്നെ ശുണ്ടി പിടിപ്പിച്ചിരുന്നു .. ...ഇതായിരുന്നു അദേഹത്തിന്റെ സ്വഭാവം . സാധാരണക്കാരനില്‍ സാധാരണക്കാരന്‍ ആകാനായിരുന്നു എപ്പോഴും അദേഹത്തിന് കൂടുതല്‍ ഇഷ്ട്ടം . സ്കൂട്ടറില്‍ തലയില്‍ പകുതി ഹെല്‍മറ്റും ധരിച്ച് യാത്രയില്‍ ഇടയ്ക്കു വെച്ച് ട്രാഫിക്ക് പോലീസിനെ കാണുമ്പോള്‍ മാത്രം ഹെല്‍മെറ്റ് മുഴുവനും ധരിക്കുന്ന , കാണുന്നവരോട് സ്കൂട്ടര്‍ നിര്‍ത്തി പരിചയം നില നിര്‍ത്തുന്ന സാധാരണ സ്കൂട്ടര്‍ യാത്രക്കാരനായ മച്ചാന്‍ വര്‍ഗീസിനെ എന്നെ പോലെ തന്നെ മറ്റുള്ളവരും കണ്ടിരിക്കും ഏറണാകുളം ടൌണിലെ റോഡുകളില്‍ ഇനി അതും ഓര്‍മ്മകള്‍ മാത്രമാവും ... ലിസ്സി ഹോസ്പിറ്റലില്‍ ഡോക്ടറെ കാണാന്‍ മകനെയും കാത്തു നില്‍ക്കുകയായിരുന്നു അന്ന് അദേഹം . കുറച്ചു കഴിഞ്ഞ് മകന്‍ വന്നപ്പോള്‍ ഞാന്‍ വരട്ടെ എന്ന് പറഞ്ഞു അദേഹം ഞങ്ങളോട് യാത്ര പറഞ്ഞു പോയപ്പോള്‍ .... വീണ്ടും കാണുവാനും സംസാരിക്കാനും തിരിച്ചു വരാത്ത യാത്രയാവും അതെന്നു ഞങ്ങള്‍ ആരും ഒരിക്കലും കരുതിയത് പോലുമില്ല . ആ ഓര്‍മ്മകള്‍ ഞങ്ങള്‍ക്ക് എന്നും ഓര്‍ക്കാന്‍ പാഴ് കിനാവുകള്‍ മാത്രമായി ... ഹാസ്യത്തിന് രൂപം കൊണ്ടും ഭാവം കൊണ്ടും സംഭാഷണം കൊണ്ടും തന്റേതായ ശൈലി നല്കിയ നടനായിരുന്നു മച്ചാന്‍ വര്‍ഗീസ്. മീശമാധവനിലെ ലൈന്‍മാന്‍ ലോനപ്പനെയും തെങ്കാശിപ്പട്ടണത്തിലെ കറവക്കാരനെയും പഞ്ചാബി ഹൗസിലെ പന്തല്‍ക്കാരനെയും സി ഐ ഡി മൂസയിലെ സെബാസ്റ്റ്യനെയും സിനിമപ്രേമികളുടെ മനസില്‍ ബാക്കിയാക്കിയാണ് മച്ചാന്‍ വര്‍ഗീസ് വിടപറഞ്ഞത്. ഏച്ചുകെട്ടലില്ലാത്ത സാധാരണക്കാരന്റെ ലാളിത്യമുളള ഹാസ്യമായിരുന്നു ഈ
എളമക്കരക്കാരനെ ശ്രദ്ധേയനാക്കിയത്. മീശമാധവനില്‍ ഇലക്ട്രിക്
പോസ്റ്റിലിരുന്നുകൊണ്ട് പിടലീ എന്ന് കൊച്ചിന്‍ ഹനീഫയെ വിളിക്കുന്ന ഒരൊറ്റ
രംഗം മതി മച്ചാന്റെ തനതുശൈലി തിരിച്ചറിയാന്‍. കാബൂളിവാല , മാന്നാര്‍ മത്തായി സ്പീക്കിങ് , തെങ്കാശിപ്പട്ടണം,
മീശമാധവന്‍, തൊമ്മനും മക്കളും സിഐഡി മൂസ, പഞ്ചാബി ഹൗസ്, തിളക്കം,
ഫ്രണ്ട്‌സ്, ജലോത്സവം, കൊച്ചിരാജാവ്, ചതിക്കാത്ത ചന്തു, പറക്കുംതളിക,
കുഞ്ഞിക്കൂനന്‍, ഹിറ്റ്‌ലര്‍, പാപ്പീ അപ്പച്ചാ, ചക്രം, ഡ്യൂപ്ലിക്കേറ്റ്,
മലബാര്‍ വെഡ്ഡിംഗ്, പട്ടാളം, വെള്ളിത്തിര, വണ്‍മാന്‍ ഷോ, വാഴുന്നോര്‍,
മന്ത്രമോതിരം, പുതുക്കോട്ടയിലെ പുതുമണവാളന്‍ തുടങ്ങി അമ്പതോളം
ചിത്രങ്ങളില്‍ ശ്രദ്ധേയങ്ങളായ കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചു.
സ്‌കൂള്‍ പഠനകാലത്ത് തന്നെ അനുകരണകലയില്‍ വര്‍ഗീസ് വിദഗ്ധനായിരുന്നു. കൊച്ചിയിലെ നാടകവേദികളില്‍ കര്‍ട്ടന്‍കെട്ടുകാരനായി രംഗപ്രവേശം നടത്തിയ
മച്ചാന്‍ വര്‍ഗീസ് വരാത്ത നടന്‍മാര്‍ക്ക് പകരക്കാരനായി അഭിനയത്തിലും
പയറ്റി. നാടകവേദിയില്‍ നിന്ന് മിമിക്രിയിലേക്ക് മച്ചാനെ
കൈപിടിച്ചുകയറ്റിയത് നടന്‍ ഹരിശ്രീ അശോകനായിരുന്നു. എല്ലാവരെയും മച്ചാനെ
എന്ന് വിളിച്ചിരുന്ന എം എല്‍ വര്‍ഗീസിനെ മച്ചാന്‍ വര്‍ഗീസാക്കിയത്
സംവിധായകന്‍ സിദ്ദിഖായിരുന്നു. സിനിമയില്‍ മച്ചാനെ ശ്രദ്ധേയനാക്കിയ
വേഷങ്ങള്‍ സമ്മാനിച്ചതും സിദ്ദിഖ്-ലാല്‍, റാഫി-മെക്കാര്‍ട്ടിന്‍, ലാല്‍ജോസ്
ചിത്രങ്ങളാണ്.
സിനിമയെന്ന മാസ്മരികലോകത്ത് എത്തിപ്പെട്ടതിനു പിന്നില്‍ താരങ്ങള്‍ക്ക്
പറയാനുള്ള കഥകള്‍ വലുതാണ്. എന്നാല്‍ വളര്‍ത്തുനായയുടെ കനിവുമൂലം
വെള്ളിത്തിരയില്‍ ഭാഗ്യം തെളിഞ്ഞ താരമാണത്രെ മച്ചാന്‍ വര്‍ഗീസ്.
ഇതേക്കുറിച്ച് ഒരു അഭിമുഖത്തില്‍ മച്ചാന്‍ പറയുന്നുണ്ട്. 'കാബൂളിവാലയിലേക്ക്
വിളി വന്നപ്പോള്‍ വളര്‍ത്തുനായ പിംഗിയുമായി മച്ചാന്‍ സെറ്റിലെത്തിയത് വലിയ
പ്രതീക്ഷയോടെയായിരുന്നു. പിന്നീടാണറിഞ്ഞത് തന്നെയല്ല, മറിച്ച് തന്റെ
പട്ടിയെയാണ് അവര്‍ക്കാവശ്യമെന്ന്. വിഷമത്തോടെ മച്ചാന്‍ സംവിധായകരോട്
പ്രതികരിച്ചപ്പോള്‍ സ്‌നേഹപൂര്‍വം മച്ചാനായി ഒരു വേഷം സിദ്ദിഖ് ലാല്‍ എഴുതി
ചേര്‍ക്കുകയായിരുന്നു. വളര്‍ത്തുനായയ്‌ക്കൊപ്പം സെറ്റിലെത്തിയ മച്ചാന്റെ അഭിനയമോഹം അദ്ദേഹത്തെയും
നടനാക്കി. പിന്നീട് മാന്നാര്‍മത്തായിയിലും വളര്‍ത്തുനായ പിങ്കിക്കൊപ്പം ഒരു
വേഷം മച്ചാനെ തേടിയെത്തി. തന്റെ പിങ്കിയാണ് തന്നെ നടനാക്കിയതെന്ന്
പിന്നീട് പല അഭിമുഖങ്ങളിലും മച്ചാന്‍ തന്നെ അഭിമാനത്തോടെ
ആവര്‍ത്തിച്ചിരുന്നു. മുന്‍പ് ചില ചിത്രങ്ങളില്‍ മുഖം
കാണിച്ചിരുന്നുവെങ്കിലും പ്രതിഫലം ലഭിക്കുന്ന മച്ചാന്റെ ആദ്യചിത്രം
കാബൂളിവാലയാണ്. സ്‌റ്റേജ് ഷോകളിലും, ടി.വി.പ്രോഗ്രാമുകളിലും
പ്രത്യക്ഷപ്പെടാറുണ്ടായിരുന്ന മച്ചാന് സംഗീതത്തിലും കമ്പമുണ്ടായിരുന്നു.
മകന്‍ റോബിച്ചന്‍ സൗണ്ട് എന്‍ജിനീയറാണ്. എറണാകുളം എളമക്കര സ്വദേശിയായ മച്ചാന്റെ ഭാര്യ: എല്‍സി. മക്കള്‍: റോബിച്ചന്‍, റിന്‍സു. ബെസ്റ്റ് ഓഫ് ലക്ക് ആണ് അവസാനമായി റിലീസ് ചെയ്ത ചിത്രം. ബോംബെ മിഠായി ആണ് പുറത്തിറങ്ങാനുള്ള ചിത്രം.
Thursday, February 3, 2011
ചുടല മരം
പേരമരച്ചോട്ടില്‍
അടുത്ത വീട്ടിലെ കൌമാരക്കാരി
ഉഞ്ഞലാടാനെത്തിയതിനാണ്
രസം വെച്ച് അച്ഛന്‍ പേരയുണക്കിയത് .
തെരുവിലേക്ക് നീണ്ട കൊമ്പില്‍
ചുവന്നൊരു കൊടി കണ്ടപ്പോ ഴാണ്
ഇടത് ഭാഗത്തേക്ക് ചായുമെന്ന് പറഞ്ഞ്
അച്ഛന്‍ ആഞ്ഞിലി മുറിച്ചൊരു
ചില്ലലമാര യുണ്ടാക്കിയത്.
കളിപ്പാട്ടങ്ങളില്ലാത്ത വീട്ടിലെ
ചില്ലലമാറയ്ക്ക് ഒരു പൂട്ട് വന്നപ്പോഴാണ്
പുസ്തകങ്ങള്‍ എനിക്ക് അന്യമായത്.
മഹാഗണിയുടെ
തോല് വെട്ടുന്ന ചെക്കന്‍
പെണ്ണ് കെട്ടാതിരുന്നത്തിനാണ് ,
മഹാ ഗണി മുറിച്ച്
അച്ഛന്‍ രണ്ടു കട്ടിലുണ്ടാക്കിയത് .
കട്ടിലുകള്‍ രണ്ടു മുറിയിലേക്ക്
താമസം മാറിയ അന്നാണ്
പാത്രങ്ങള്‍
തട്ടുകയും മുട്ടുകയും ചെയ്യാതെ
വീടൊരു മ്യൂസിയമായത്.
വീടൊരു കാവായിരുന്നു ,
വെട്ടിയും,
മുറിച്ചും,
ഉണക്കിയും,
ഒരു മാവ് ബാക്കിവെച്ച്
അച്ഛന്‍ മരിച്ചു .
അച്ഛനെ ചുടാന്‍
ഞാനാ മാവ് മുറിക്കില്ല,
വീട്ടിലൊരു കൊമ്പെങ്കിലും വേണ്ടേ
അമ്മയ്ക്ക് തൂങ്ങാന്‍ ...
-----------------------------------------------ഷംസ്