Custom Search
Showing posts with label യാത്രാകുറിപ്പുകള്‍. Show all posts
Showing posts with label യാത്രാകുറിപ്പുകള്‍. Show all posts

Sunday, April 7, 2013

പവിഴ ദ്വീപില്‍ ഉറങ്ങുന്ന ചരിത്രസ്മരണകള്‍

ഏതാനും ദ്വീപുകള്‍ കൂടിച്ചേര്‍ന്ന ഒരു രാജ്യം , അധികം ശ്രദ്ധിക്കപ്പെടാത്ത കുറച്ച് ചരിത്രം , അതിലുപരി "ട്രീ ഓഫ് ലൈഫ് "എന്ന മരം ചേര്‍ന്ന ഒരു പാരമ്പര്യം ഇത്രയും മാത്രമാണ് ബഹ്റൈന്‍ എന്ന രാജ്യത്തിന് പറയാനുള്ളത് എന്ന് കരുതിയിരുന്ന എന്‍റെ വിവരക്കേട് ഞാനിവിടെ അഴിച്ചു വെക്കുന്നു. ഇനി പറയുന്ന കാര്യങ്ങള്‍ എന്‍റെ ഈ അബദ്ധ ധാരണയ്ക്കുള്ള പ്രായക്ശ്ചിത്തമായി എഴുതിച്ചേര്‍ക്കുന്നു. ബഹ്റൈനിലെ പ്രസിദ്ധമായ ബുദയ്യ കോട്ട തേടിയുള്ള ആ യാത്ര വഴിതെറ്റി എന്നെ എത്തിച്ചത് ചരിത്ര സ്മരണകള്‍ മിഴി പൂട്ടി ഉറങ്ങുന്ന ഒരു ഭൂമിയിലേക്കായിരുന്നു . ഓരോ രാജ്യത്തിന്റെയും പുരാതനമായ സംസ്കാരത്തെ അന്വേഷിച്ചിറങ്ങിയാല്‍ അറിയാനും പഠിക്കാനും ഏറെ കാണുമെന്ന ഒരു തിരിച്ചറിവിലേക്കായിരുന്നു ഞാന്‍ എത്തപ്പെട്ടതും . ബഹ്‌റൈന്‍ എന്ന ഈ കൊച്ചു രാജ്യത്തിനും ഉള്ളിലടക്കി പിടിച്ച കുറേ ചരിത്ര സത്യങ്ങള്‍ ഉണ്ടായിരുന്നു എന്ന പുതിയ അറിവ് എന്നെ ഏറെ സന്തോഷിപ്പിച്ചു . തകര്‍ന്ന് കിടക്കുന്ന ഈ ഭൂമിയില്‍ നില്‍ക്കുമ്പോള്‍ ഒരു സാധാരണക്കാരന്റെ നോട്ടത്തില്‍ ഒന്നും കാണില്ലായിരിക്കാം. പക്ഷെ ഒരു ചരിത്രാന്യോഷിയുടെ കണ്ണിലൂടെ സമീപ്പിക്കുമ്പോള്‍ നമ്മെ വിസ്മയിപ്പിക്കുന്ന ഒരു നാഗരികതയുടെ ബാക്കിപത്രം ഇവിടെ വായിച്ചെടുക്കാം . ആര്‍ക്കിയോളജിക്കല്‍ വിഭാഗം "ബാര്‍ബാര്‍ ക്ഷേത്രം " എന്ന് വിളിപ്പേരിട്ട , പുരാതന നാഗരികതയുടെ തിരുശേഷിപ്പുകള്‍ നിറഞ്ഞ ഈ മണ്ണില്‍ നിന്ന് എന്തെല്ലാം അറിയാനുണ്ട് നമുക്ക്..? ഡില്‍മന്‍ സംസ്കാരവുമായ ബന്ധപ്പെട്ട പേരത്രേ ഇത്. 2000 BC യില്‍ ഡില്‍മന്‍ സംസ്കാരത്തിന്റെ അവസാന കാലത്താണ് ഇത് നിലനിന്നിരുന്നത് എന്നാണ് ചില രേഖകള്‍ പറയുന്നത്. 1954 ഡാനിഷ് പുരാവസ്തു ഗവേഷകരാണ് ഇത് കണ്ടെത്തുന്നത്. ലൈം സ്റ്റോണുകള്‍ കൊണ്ട് നിര്‍മ്മിച്ച ഇത്തരം മൂന്നു ക്ഷേത്രങ്ങള്‍ ഇവിടെ ഉണ്ടായിരുന്നു . സുമേറിയന്‍ ക്ഷേത്രങ്ങളുടെ മാതൃകയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ക്ഷേത്രങ്ങള്‍ ഓരോന്നും ഓരോ കാലഘട്ടത്തിലാണ് നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത് . എന്നാല്‍ വലിപ്പത്തിലും, ആകൃതിയിലും മൂന്നാമത്തെ ക്ഷേത്രം മറ്റ് രണ്ടിനെക്കാളും വ്യത്യസ്തമായിരുന്നു. എങ്കി (Enki )എന്ന ദേവനേയും പത്നി നാന്‍ഖൂര്‍ സാക് ( (Ninhursag). ) എന്ന ദേവതയെയും ആയിരുന്നു ഇവര്‍ ആരാധിച്ചിരുന്നത്. വെള്ളത്തിന്‍റെയും വിജ്ഞാനത്തിന്റെയും ദൈവമായിരുന്ന enki യെക്കുറിച്ച് സുമേറിയന്‍ മിത്തോളജിയിലാണ് പരാമര്‍ശമുള്ളത്‌. ക്ഷേത്രത്തിന്‌ ഉള്ളില്‍ത്തന്നെ കാണുന്ന കിണറുകള്‍ ഒരു പക്ഷെ ആ വിശ്വാസത്തിന്റെ അടയാളമാകാം . കിണറിലേക്ക് ഇറങ്ങി ചെല്ലുന്ന പടവുകള്‍ ഇന്നും കേടു കൂടാതെയുണ്ട്. ആര്‍ക്കിയോളജിക്കല്‍ വിഭാഗം ഇവിടെ നിന്നും കണ്ടെടുക്കപ്പെട്ട ആയുധങ്ങളും പാത്രങ്ങളും ചെറിയ സ്വര്‍ണ തകിടുകളും മറ്റും ബഹ്‌റൈന്‍ നാഷണല്‍ മ്യൂസിയത്തില്‍ പ്രദര്‍ശിച്ചിട്ടുണ്ട്. പ്രധാനമായും കണ്ടെടുത്തത് ചെമ്പില്‍ നിര്‍മ്മിച്ച ഒരു പശുവിന്റെ തലയാണ് എന്നും പറയപ്പെടുന്നു. മ്യൂസിയത്തിലെ ശേഖരത്തില്‍ ഉള്ള ഈ രൂപം ആരാധനയുമായി ബന്ധപ്പെട്ട ഒന്നാണോ എന്ന് ഒരു വിവരണങ്ങളില്‍ നിന്നും അറിയുവാന്‍ സാധിച്ചില്ല. സിന്ധൂ നദീതട സംസ്കാരവും, മറ്റ് പല സംസ്കാരങ്ങളെയും കുറിച്ച് പണ്ട് സ്കൂളില്‍ ചരിത്ര പുസ്തകങ്ങളില്‍ പഠിച്ച കുറെ അദ്ധ്യായങ്ങളുണ്ട്‌. അന്ന് പഠന വിഷയം എന്നതിലപ്പുറം അതിനെക്കുറിച്ചൊന്നും അറിയാന്‍ ശ്രമിച്ചിട്ടുമില്ല എന്നതാണ് സത്യം . ജീവിതത്തില്‍ ഒരിക്കല്‍ പോലും അതുമായി ബന്ധപ്പെട്ട ഒരു സ്ഥലങ്ങളും കണ്ടിട്ടുമില്ല. പക്ഷേ യുഗങ്ങള്‍ക്ക് പിറകില്‍ സംഭവിച്ചു പോയ ഒരു നാഗരികതയുടെ അവശിഷ്ടങ്ങള്‍ കഥ പറയുന്ന ഈ ഭൂമിയില്‍ നില്‍ക്കുമ്പോള്‍ ഇവിടെ ചിക്കിച്ചികയാന്‍ വളരെയധികം കാര്യങ്ങളുണ്ടെന്ന് എന്‍റെ മനസ്സ് പറയുന്നു. മിത്തുകളിലെ ദൈവങ്ങളും ആരാധനാ മുറകളും ഉണ്ടായിരുന്ന ഒരു കാലത്തുനിന്നും തുടങ്ങി ഇന്ന് ഇസ്ലാമിന്‍റെ ഏക ദൈവ വിശ്വാസത്തിലേക്കുള്ള ഈ രാജ്യത്തിന്‍റെ യാത്ര എങ്ങിനെ ആയിരുന്നിരിക്കണം..? മെസപ്പൊട്ടോമിയന്‍ സംസ്കാരവും, പിന്നെ അതിനോട് തന്നെ ചേര്‍ന്ന ഡില്‍മന്‍ സംസ്കാരവും ആയിരുന്നു ആദ്യ കാലത്തെ ബഹ്റൈന്‍ . അസ്സീറിയന്‍സും ( ആദ്യകാല സിറിയന്‍ ക്രിസ്ത്യന്‍ വിഭാഗം) ബാബിലോണിയന്‍ സംസ്കാരവും ആണ് തുടര്‍ന്ന് വന്നത്. പിന്നെ പേര്‍ഷ്യന്‍സും കഴിഞ്ഞാണ് ഇന്ന് കാണുന്ന ഈ ഇസ്ലാമിക രാജ്യം അറബ് സംസ്കാരത്തിലേക്ക് എത്തിയത് എന്നാണ് രേഖകളില്‍ കാണുന്നത്, അത് പ്രവാചകന്‍ മുഹമ്മദ്‌ നബി (സ .അ ) കാലത്താണ് . AD 628 ലാണ് പ്രവാചകന്‍ അയച്ച സംഘം ദൌത്യവുമായി ബഹ്റൈനില്‍ എത്തിയത്. അന്നത്തെ ബഹ്റൈന്‍റെയും ഖത്തറിന്റെയും ഭരണാധികാരി ആയിരുന്ന മിര്‍സ ബിന്‍ സവ അല്‍ തമീമിയുടെ നേതൃത്വത്തില്‍ ഈ രണ്ട് രാജ്യവും ഇസ്ലാമിക സ്വാധീനത്തിലേക്ക് മാറുകയും ചെയ്തു. അതായത് ഏകദേശം ഒരേ സമയത്ത് തന്നെയാണ് ബഹ്റൈനും ഖത്തറും ഇസ്ലാമിക രാജ്യമായി മാറിയത് എന്ന് സാരം . അതിന് ശേഷം മറ്റു മുസ്ലിം മത വിഭാഗങ്ങള്‍ ഭരണത്തില്‍ വന്നിട്ടുണ്ട് എന്നും രേഖകളില്‍ കാണുന്നുണ്ട്. പോര്‍ച്ചുഗീസ് അധിനിവേശത്തിന് ശേഷമാണ് അത്. ഒരു കാലത്ത് യൂറോപ്പില്‍ Tylos എന്ന പേരിലായിരുന്നത്രേ ബഹ്‌റൈന്‍ അറിയപ്പെട്ടിരുന്നത് . പോര്‍ച്ചുഗീസ് അധിനിവേശം ആരംഭി ക്കുന്നത് 1622 AD മുതല്‍ക്കാണ് . നീണ്ട എണ്‍പതോളം വര്‍ഷങ്ങള്‍ പിന്നെ അവരുടെ അധീനതയില്‍ ആയിരുന്നു രാജ്യം. ഇന്ന് കാണുന്ന ബഹ്റൈനിലേക്ക് എത്തിയത് പിന്നെയും രണ്ട് നൂറ്റാണ്ടുകള്‍ക്ക് ശേഷവും . ആ ചരിത്രം പറയാന്‍ ഒരുപാടുണ്ട്. ബാര്‍ബാര്‍ ക്ഷേത്രത്തെ കുറിച്ച് പറഞ്ഞു വന്നിട്ട് ഞാന്‍ വന്നു നിന്നത് ബഹ്‌റൈന്‍ ചരിത്രത്തില്‍ ആയി പോയല്ലേ..? പക്ഷെ ചരിത്രത്തിന്റെ ശേഷിപ്പായി അവശേഷിക്കുന്ന ഈ മണ്ണില്‍ ഒരു ചരിത്ര വിദ്യാര്‍ഥിയുടെ ആവേശത്തോടെ നില്‍ക്കുമ്പോള്‍ ആ കഥകളും പറയാതെ വയ്യല്ലോ. അറാദ്‌ ഫോര്‍ട്ട്‌ കൂടെ സന്ദര്‍ശിക്കണം എന്ന് ഞങ്ങള്‍ തീരുമാനിച്ചതാണ്. ബഹ്റൈന്‍റെ ചരിത്രത്തോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതാണ് ഈ കോട്ടയും. പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തിലും പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തിലും ആണ് ഇതിന്‍റെ നിര്‍മ്മാണം . അതായത് പോര്‍ച്ചുഗീസ് അധിനിവേശത്തിനും മുമ്പ്. പ്രതിരോധത്തിന് വേണ്ടി തന്നെയാണ് ഇതിന്റെയും നിര്‍മ്മാണം. ആ കാലത്തെ യുദ്ധങ്ങളിലും മറ്റും ഒരു നിര്‍ണ്ണായകമായ ഒരു സ്ഥാനം ഈ കോട്ടയ്ക്കും ഉണ്ടായിരുന്നിരിക്കണം. കാരണം ഖലീഫ ഭരണം വരുന്നതിന്‌ മുമ്പ് പല അധിനിവേശങ്ങളും നാട്ടു യുദ്ധങ്ങളും ഇവിടെയും നടന്നിരുന്നു എന്ന് രേഖകളില്‍ കാണപ്പെടുന്നുണ്ട്. തനിമ നഷ്ടപ്പെടാതെ പുതുക്കി പണിതെങ്കിലും അറാദ്‌ ഫോര്‍ട്ടിന്റെ ഉള്ളറകള്‍ നമ്മെ വിസ്മയിപ്പിക്കും. പക്ഷെ ഈ ചരിത്ര സത്യങ്ങള്‍ അറിയാനും പഠിക്കാനും സഞ്ചാരികള്‍ക്കായി ഇവിടെ ഒരു വിവരങ്ങളും ലഭ്യമാകുന്നില്ല എന്നത് നിരാശപ്പെടുത്തുന്ന കാര്യം തന്നെയാണ് . അതേ സമയം ഇവയെല്ലാം സൂക്ഷമമായി പരിപാലിക്കുന്ന കാര്യത്തില്‍ ഇവര്‍ തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു. നമ്മുടെ നാട്ടിലെ ഓരോ ചരിത്ര സ്മാരകങ്ങളില്‍ ചെല്ലുമ്പോഴും വ്യക്തമായ വിവരങ്ങള്‍ നല്‍കുന്നതിലും , അവയെല്ലാം പരിചയപ്പെടുത്തുന്നതിലും സംരക്ഷിക്കുന്നതിലും നമ്മുടെ രാജ്യം വളരെ ശ്രദ്ധിക്കുന്നു എന്നതും ഇവിടെ എടുത്ത് പറയേണ്ട കാര്യമാണ്. പൊടിക്കാറ്റ് മറച്ചിട്ടുണ്ട്‌ ഹൈവേകളെ . പതുക്കെയാണ് വാഹനം നീങ്ങുന്നത്‌. കോട്ടയിലെ അനുഭവങ്ങള്‍ക്കൊപ്പം അമര്‍ ദിയാബിന്റെ അറബി സംഗീതം കൂടി ചേര്‍ന്നപ്പോള്‍ സന്തോഷം തോന്നുന്നു. ഈ അവധി ദിവസം നല്ലൊരു അനുഭവമായി എന്ന്തന്നെ പറയാം. പതുക്കെ തണുപ്പിന്റെ ആലസ്യത്തില്‍ നിന്നുണര്‍ന്ന് ചൂടിലേക്കുള്ള പ്രയാണത്തില്‍ ആണ് പവിഴ ദ്വീപ്‌. ഒപ്പം സമ്പന്നമായ കുറേ ചരിത്ര സത്യങ്ങളെ അടുത്തറിഞ്ഞ സന്തോഷത്തില്‍ എന്‍റെ മനസ്സും.

Monday, March 19, 2012

കേട്ടിട്ടില്ലാത്ത ബഹ്റൈന്‍റെ ചരിത്രത്തിലേക്ക്.

ഞാനിതുവരെ അറിഞ്ഞിട്ടില്ലാത്ത , കേട്ടിട്ടില്ലാത്ത ബഹ്റൈന്‍റെ ചരിത്രത്തിലേക്ക്.

സ്നേഹപ്പൂര്‍വ്വം എല്ലാവരെയും ക്ഷണിക്കുന്നു വായനക്ക്.



പവിഴ ദ്വീപില്‍ ഉറങ്ങുന്ന ചരിത്രസ്മരണകള്‍




മന്‍സൂര്‍ ചെറുവാടി

Sunday, February 27, 2011

ഗുണ്ടല്‍പേട്ടയില്‍ ഒരു സൂര്യകാന്തിക്കാലത്ത്.

നാടുകാണി ചുരവും കയറി കയറി ബന്ദിപൂര്‍ വനങ്ങള്‍ വഴിയുള്ള യാത്രകള്‍ ഇത്ര പ്രിയപ്പെട്ടതായത് എന്തുകൊണ്ടാണ്? പ്രത്യേകിച്ചും രാത്രിയിലെ യാത്രകള്‍. നിഗൂഡമായ ഒരു സൗന്ദര്യമുണ്ട് രാത്രിയില്‍ ഇതുവഴിയുള്ള യാത്രക്ക്. കാടിന്റെ ഭീകരമായ അന്തരീക്ഷത്തില്‍, മുന്നില്‍ വന്നുചാടിയേക്കാവുന്ന കാട്ടു മൃഗങ്ങളെയും ഭയന്ന് ഇടയ്ക്കിടയ്ക്ക് പാസ്‌ ചെയ്യുന്ന പാണ്ടി ലോറികളുമൊക്കെയായി ഈ രാത്രിയാത്രകള്‍ ആസ്വദിക്കാന്‍ പലവട്ടം ഇതിലൂടെ പോയിട്ടുണ്ട്. പിന്നിലോട്ടു മറയുന്ന വനങ്ങള്‍ക്കിടയില്‍ മുളയൊടിക്കുന്ന
കാട്ടാനകളെ കാണുമ്പോള്‍ , ഇരുട്ടില്‍ വെട്ടിത്തിളങ്ങുന്ന കണ്ണുകളുമായി നമ്മെ തുറിച്ചുനോക്കുന്ന ചെന്നായകളും കുറുക്കന്മാരും, ഇവയൊക്കെ കാണുമ്പോള്‍ ഉള്ളില്‍ വരുന്ന ഭീതിനിറഞ്ഞ ഒരു അനുഭവമില്ലേ..? ഞാനതിനെ വല്ലാതെ ഇഷ്ട്ടപ്പെടുന്നു.
ഈ യാത്ര ഗുണ്ടല്‍പെട്ടയിലേക്കാണ്. മനസ്സില്‍ പതിയുന്ന ചില അനുഭവങ്ങളാണ് കന്നഡ ഗ്രാമങ്ങള്‍. നഗരത്തിന്റെ പൊലിമയിലൊന്നും ഇവര്‍ വീഴില്ല. പകരം കൃഷിയിലൂടെയും മറ്റും അവരുടെ വിയര്‍പ്പും നഗരങ്ങളിലെത്തുന്നു. എന്തൊരു രസമാണ് ഈ ഗ്രാമീണ റോഡുകളിലൂടെ നടക്കാന്‍ . ഇടയ്ക്കിടയ്ക്ക് വലിയ മരങ്ങള്‍. അതിനു താഴെ ചെറിയൊരു പ്രതിഷ്ഠ. തിരി എപ്പോഴും തെളിഞ്ഞുകൊണ്ടേയിരിക്കും. ഇടയ്ക്കിടയ്ക്ക് കാളവണ്ടികള്‍ , പിന്നെ കൃഷിയിടങ്ങളിലേക്ക് നീങ്ങുന്ന ട്രാക്ടറുകള്‍. ഇനിയൊരു പത്ത് വര്ഷം കഴിഞ്ഞാലും ഇവിടെ ഇങ്ങിനെതന്നെ ആയിരിക്കും.
ഞങ്ങളിപ്പോള്‍ കേജീ ഹള്ളി (Kaligowdanahalli) എന്ന ഗ്രാമത്തിലാണ്. ഇവിടെ കൃഷിയിടങ്ങള്‍ പാട്ടത്തിനെടുത്ത് കരിമ്പ്‌ കൃഷിചെയ്യുന്ന ഒരു സുഹൃത്തിന്റെ കൂടെ. ഇനി രണ്ട് ദിവസം ഈ ഗ്രാമമാണ് ഞങ്ങളുടെ ലോകം. കരിമ്പ്‌ കാടുകളിലൂടെയും സൂര്യകാന്തി തോട്ടങ്ങല്‍ക്കിടയിലൂടെയും ഞങ്ങള്‍ അലഞ്ഞുനടന്നു. ഉള്ളിയും തണ്ണിമത്തനും ബീറ്റ്റൂട്ടും കടലയും എല്ലാം കൃഷി ചെയ്യുന്നുണ്ട് ഇവിടെ. കൃഷിയാണ് ഇവരുടെ ദൈവം. സ്ഥലത്തിന്റെ മുതലാളി രാമദേവ ഗൗഡ സ്നേഹമുള്ള ആള്‍ തന്നെയാണ്. പാടങ്ങള്‍ക്കിടയില്‍ വളരുന്ന തെങ്ങില്‍ നിന്നും ഇളനീര്‍ പൊട്ടിച്ചുനല്കാന്‍ കുശന്‍ എന്ന ശിങ്കിടിയോട്‌ ഗൗഡ പറഞ്ഞു. എന്തൊരു രുചി. തണ്ണിമത്തന്‍ പൊട്ടിച്ച്‌ അവിടന്ന് തന്നെ തട്ടാന്‍ രസം വേറെ തന്നെ. ഞങ്ങളുടെ ആവേശം കണ്ട് കുടവയറും കുലുക്കി ഗൗഡ ചിരിക്കുന്നു.
കൃഷിയിടങ്ങളിലേക്ക് വെള്ളം പമ്പ് ചെയ്യുന്ന ചെറിയ കുളങ്ങള്‍. നല്ല തണുത്ത വെള്ളം. മുങ്ങി നിവരുമ്പോള്‍ തണുപ്പ് കാരണം വിറക്കുന്നു. പക്ഷെ ക്ഷീണം പരിസരത്ത് കാണില്ല പിന്നെ. കരിമ്പിന്‍ കാടിന് അരികെ പുല്‍പായ വിരിച്ചു ഉച്ചയൂണ്. ഉമ്മച്ചി പൊതിഞ്ഞു തന്ന ബീഫ് ഫ്രൈയുടെ മണം കുറ നേരത്തെ തന്നെ കൊതിപ്പിക്കാന്‍ തുടങ്ങിയിരുന്നു. ഗൗഡയുടെ കുടവയര്‍ ഇത്തിരി പേടിപ്പിച്ചെങ്കിലും വെജിറ്റെറിയന്‍ ആണെന്നുള്ള പ്രഖ്യാപനം ആശ്വാസം തന്നു. "സ്നേഹം വേറെ ബീഫ് ഫ്രൈ വേറെ".
പഞ്ചായത്ത് ആപ്പീസില്‍ പോവണം, നാളെ കാണാം എന്നും പറഞ്ഞു ഒരു ട്രാക്ടറില്‍ കയറി ഗൗഡ പോയി. കുശണ്ണന്‍ കൂടെത്തന്നെയുണ്ട്‌.
ഇവിടെ തന്നെ ഒന്ന് മയങ്ങാം. കരിമ്പിന്‍കാടുകള്‍ക്കിടയിലൂടെ മൂളിവരുന്ന പാട്ടിനൊപ്പിച്ച് സൂര്യകാന്തി പൂക്കള്‍ താളം പിടിക്കുന്നു. പുല്‍ത്തകിടിയില്‍ മാനം നോക്കി നോക്കി അങ്ങിനെ മയങ്ങിപോയി എല്ലാരും. എത്ര നേരം ഉറങ്ങിയോ ആവോ. ഉണര്‍ന്നപ്പോള്‍ കട്ടന്‍ ചായയുമായി ഒരു പെണ്ണ്. കുശണ്ണന്‍ പറഞ്ഞു, "നിങ്ങളുടെ നാട്ടുകാരി ആണ് ". കല്‍പ്പറ്റയില്‍ നിന്നും കല്യാണം കഴിഞ്ഞു ഇവിടെ എത്തിയതാണ്. ചിത്ര പറഞ്ഞു തുടങ്ങി. ഇവിടെ കള പറിച്ചും മറ്റു കൂലി പണികള്‍ ചെയ്തും നില്‍ക്കുന്നു. ഭര്‍ത്താവും അതെ. ചിത്രയുടെ വിഷമം അതല്ല. അവിടത്തെ പെണ്ണുങ്ങള്‍ അവളോടൊപ്പം ജോലി ചെയ്യും. പക്ഷ ഭക്ഷണം ഒന്നിച്ചു കഴിക്കില്ല. ജാതി താഴെയാണത്രെ. ഇതിനൊരു പരിഹാരം ഞങ്ങളുടെ അടുത്തില്ല ചിത്രേ. എന്നാലും മലയാളം പറയാന്‍ ആളെ കിട്ടിയതില്‍ അവള്‍ക്കും സന്തോഷം.
ഇന്നത്തെ രാത്രി ഞങ്ങള്‍ ഇവിടെയാണ്‌. കൃഷിയിടങ്ങള്‍ക്ക് നടുവിലായി ഗൗഡയുടെ തന്നെ ഒരു ചെറിയ വീട്. എന്തൊരു പ്രസന്നതയാണ് ഇവിടത്തെ അന്തരീക്ഷത്തിന്‌.
ഇന്ന് രാത്രി നെയ്ച്ചോറും ചിക്കനും ആവാം. നജ്മുവും ആരിഫും സാധനങ്ങള്‍ വാങ്ങാന്‍ പുറത്തേക്കു പോയി. "പെട്ടൊന്ന് മടങ്ങണം. പകല് പോലെയല്ല ഇവിടെ രാത്രി".
കുശണ്ണന്‍ ഓര്‍മ്മിപ്പിച്ചു. വീടിനു പുറത്തിറങ്ങിയപ്പോള്‍ എന്തൊരു തണുപ്പ്. കോടമഞ്ഞ്‌ ഇറങ്ങിയിട്ടുണ്ട്. തണുത്താലും വേണ്ടീല, ഇത് ആസ്വദിച്ചേ പറ്റൂ. വില്‍സിനൊന്നും സ്ട്രോങ്ങ്‌ പോര. മരം കൊണ്ട് കെട്ടിയുണ്ടാക്കിയ കട്ടിലില്‍ ഇരുന്ന്‌ ശാപ്പാട്. ഓരോന്നും ഓരോ അനുഭവമാണ്. തണുപ്പും ഒട്ടും സഹിക്കില്ല എന്നായപ്പോള്‍ ഉറങ്ങാന്‍ കിടന്നു.
ഇത്രയും സുന്ദരമായ പ്രഭാതം മുമ്പ് കണ്ടിട്ടുണ്ടോ? സൂര്യകാന്തി പൂക്കളിലെ മഞ്ഞുത്തുള്ളികള്‍ ഇളം വെയിലില്‍ മിന്നിത്തിളങ്ങുന്നു. കളത്തില്‍ നിറയെ പെണ്ണുങ്ങള്‍. പാട്ടും വര്‍ത്താനവുമായി എന്തൊരു സന്തോഷത്തോടെയാണ് അവര്‍ ജോലി ചെയ്യുന്നത്. പ്രകൃതിയോടു ചേര്‍ന്നുതന്നെ വേണം പ്രഭാത കര്‍മ്മങ്ങളും. യാത്ര സിനിമയിലെ രംഗം ഓര്‍മ്മവന്നത് കൊണ്ടോ എന്തോ ഞാനൊന്ന് മടിച്ചു. നാണം കൊണ്ടൊന്നും അല്ല. ഒരു കന്നടകാരിയെ പ്രേമിച്ചു നടക്കാനൊന്നും നമുക്ക് ടൈം ഇല്ല. പിന്നെ ഒടുവില്‍ പറഞ്ഞപോലെ "നല്ല അടി നാട്ടില്‍ തന്നെ കിട്ടില്ലേ".
ഇനി തിരിച്ചുപോകാം. ഗൗഡ കുറെ തണ്ണിമത്തനും ഇളനീരും വണ്ടിയില്‍ എടുത്തു വെപ്പിച്ചു. എതിര്‍പ്പ് സ്നേഹത്തിന്‌ വഴിമാറി. ഇനിയും വരണമെന്ന് ഓര്‍മ്മിപ്പിച്ചു. എങ്ങിനെ വരാതിരിക്കും?
തിരിച്ചു വിളിക്കുന്നൊരു സൗഹൃദ ഭാവമുണ്ട് ഈ ഗ്രാമങ്ങള്‍ക്ക്. ഞങ്ങള്‍ വരും. കരിമ്പ്‌ തണ്ടും ചവച്ചുതുപ്പി ഈ പാടങ്ങളിലൂടെ ഒരു കന്നഡ പാട്ടും പാടി വീണ്ടുമൊരു അവധികാലത്തിന്.
കോടമഞ്ഞും സൂര്യകാന്തി വര്‍ണങ്ങളും സന്തോഷത്തിന്റെ കയ്യൊപ്പ് ചാര്‍ത്തിയ രണ്ടു ദിവസങ്ങള്‍. ഞങ്ങള്‍ ഇറങ്ങി. ഇനി വീണ്ടും ബന്ദിപൂരിന്റെയും മുതുമലയുടെയും നിഗൂഡതകളിലൂടെ നാടുകാണി ചുരവും ഇറങ്ങി നാട്ടിലേക്ക്.
സൂര്യകാന്തി പൂക്കള്‍ തലകുലുക്കി ഞങ്ങളോട് യാത്ര പറഞ്ഞു.

Monday, March 22, 2010

ഇതിഹാസം പിറന്ന മണ്ണിലൂടെ...

അതൊരു സ്വപ്നമായിരുന്നു.ചരിത്രം ഇതിഹാസം രചിച്ച പുണ്യഭൂമിയിലേക്ക്‌ ഒരു തീര്‍ഥയാത്ര.മഹത്തായൊരു പ്രസ്ഥാനത്തിന്റെ, ഗ്രന്ഥത്തിന്റെ ഉദ്ഭവം തൊട്ട് പ്രവാചകന്റെ ജനനവും ജീവിതവും കൊണ്ട് ധന്യമായ,ഇസ്ലാമിക ചരിത്രത്തിന്റെ നിര്‍ണായകമായ മക്ക മദീന എന്ന ദേശങ്ങള്‍.ഒരു സ്വപ്ന സാക്ഷാല്‍കാരത്തിന്റെ നിറവില്‍ തിരിച്ചെത്തി ഒരു കുറിപ്പെഴുതാനിരിക്കുമ്പോള്‍ ഞാനശക്ക്തനാണ്.എന്തെഴുതണം അല്ലെങ്കില്‍ എങ്ങിനെ എഴുതണം എന്നതിനെ പറ്റി. ഭക്തിയും പ്രാര്‍ഥനയും നിറഞ്ഞ പത്ത് ദിനരാത്രങ്ങള്‍ നല്‍കിയ ദിവ്യാനുഭൂതിയെ ഞാനെങ്ങിനെ വരികളാക്കി മാറ്റും. എന്നിരുന്നാലും എനിക്കെഴുതാതിരിക്കനാവില്ല അവിടത്തെ ചൈതന്യത്തെ പറ്റി.
മലയും മരുഭൂമികളും താണ്ടി വണ്ടി നീങ്ങിതുടങ്ങിയപ്പോള്‍ തന്നെ മനസ്സ് മുമ്പേ പായാന്‍ തുടങ്ങി.കുട്ടികാലം മുതല്‍ തന്നെ കേട്ടും പഠിച്ചുമറിഞ്ഞ ചരിത്ര സത്യങ്ങള്‍. ത്യാഗോജ്വലമായ ഒരു സമര ജീവിതത്തിലൂടെ ഇസ്ലാം എന്ന പ്രസ്ഥാനത്തെ കെട്ടിപടുക്കുന്നതില്‍ തുടങ്ങി ലോകത്തിന് സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും മാതൃക കാണിച്ചു കൊടുത്ത പ്രാവാചകന്‍ തിരുമേനിയുടെ ജന്മദേശം.പരിശുദ്ധ ഖുര്‍ആന്‍ ഇറങ്ങിയ ഭാഗ്യനാട്. ഇവിടം കാലുകുത്താന്‍ ഇടം നല്‍കിയ നാഥാ... നിനക്ക് സര്‍വ്വ സ്തുതിയും.
പരിപാവനമായൊരു ലക്‌ഷ്യം മുന്നിലുള്ളത് കൊണ്ടോ എന്തോ ദീര്‍ഘയാത്രയായിട്ടും ക്ഷീണം തോന്നുന്നില്ല.ഉദ്വാഗജനകമായ മനസ്സിനുമുന്നിലതാ മസ്ജിദുല്‍ ഹറമിന്റെ മിനാരങ്ങള്‍ തെളിയുന്നു.പിന്നെ വലതുകാലും വെച്ച് അകത്തുകയറുമ്പോള്‍ മുന്നില്‍ കഅബ.ലോക മുസ്ലിംകളുടെ പ്രാര്‍ത്ഥനകളില്‍ ലക്‌ഷ്യം വെക്കുന്ന കഅബ എന്ന സത്യം മുന്നില്‍ തെളിയുമ്പോള്‍ ശരീരത്തിലേക്ക് ഇരച്ചുകയറി വരുന്ന വികാരത്തെ ഞാനെന്തു പേരിട്ടാണ് വിളിക്കേണ്ടത്.അറിയില്ല.ഉറ്റി വീണ കണ്ണുനീരില്‍ ഒഴുകിപോയിരിക്കുമോ എന്റെ പാപങ്ങള്‍?കുത്തിയൊഴുകിയ വികാരവായ്പില്‍ പറഞ്ഞു തീര്‍ന്നിട്ടുണ്ടാകുമോ എല്ലാ പ്രാര്‍ത്ഥനകളും? സര്‍വ്വശക്തനായ നാഥാ... ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍ സ്വീകരിക്കേണമേ.. .തെറ്റുകളെ പൊറുക്കുകയും ശരികള്‍ക്ക്‌ പ്രതിഫലം നല്‍കുകയും ചെയ്യുന്ന നാഥാ. നീയാണ് സത്യം.
ദിവ്യമായൊരു അനുഭൂതിയാണ് കഅബക്ക് ചുറ്റും.ഭക്തിയുടെ മറ്റൊരു തലത്തിലേക്ക് നമ്മള്‍ മറഞ്ഞു പോകുന്ന ഒരപൂര്‍വ്വ അനുഭവം.
വീണ്ടും വീണ്ടും തിരിച്ചെത്തിക്കണം എന്നൊരു പ്രാര്‍ത്ഥനയോടെ ഹറമിന് പുറത്തുകടന്നു.വലതുതിരിയുമ്പോള്‍ നബിയുടെ ജന്മഗേഹം.ലോകത്തിന്റെ വിളക്കുമാടം വളര്‍ന്ന സ്ഥലം.ത്യാഗത്തിന്റെയും അര്‍പ്പണത്തിന്റെയും എത്രയെത്ര കഥകളാണ് ഈ ദൃശ്യം നമ്മെഓര്‍മിപ്പിക്കുന്നത്‌.
ഇനി യാത്ര മദീനയിലേക്കാണ്.റസൂലിന് അഭയം നല്‍കിയ സ്നേഹനിധികളായ അന്‍സാരികളുടെ നാട്.ഹറമിന് ചുറ്റുമുള്ള പ്രാവുകള്‍ക്ക് പോലും ആ സൗഹൃദത്തിന്റെ മുഖമുണ്ടെന്ന് ഉപ്പ എഴുതിയത് ഓര്‍ക്കുന്നു.അന്‍സാരിപ്രാവുകള്‍ എന്നാണ്‌ ഉപ്പ വിശേഷിപ്പിച്ചത്‌.മലനിരകളിലൂടെ ചരിത്രത്തോടൊപ്പം യാത്ര തുടരുമ്പോള്‍ ഇറങ്ങിയത്‌ ഉഹദ് മലയോരത്ത്.ചരിത്ര പ്രസിദ്ധമായ ഉഹദ് യുദ്ധം നടന്ന ഭൂമി.മനസ്സിലേക്കോടിയെത്തുന്ന സ്മ്രിതികള്‍.യുദ്ധത്തിന്റെ പൊടിപടലങ്ങള്‍,മലഞ്ചെരിവുകളിലൂടെയുള്ള പടയോട്ടം. വീരയോദ്ധാക്കള്‍ വീണുകിടക്കുന്ന മണ്ണ് നോക്കി നില്‍ക്കെ നമുക്ക് നമ്മെ തന്നെ നഷ്ടപെടുന്നു.അമീര്‍ ഹംസ അന്‍വരിയുടെ പക്വമായ വിവരണങ്ങള്‍.ഇവിടത്തെ കാറ്റിനു പോലുമുണ്ട് നമ്മോടെന്തെക്കൊയോ പറയാന്‍.ഓര്‍മകളെ അവിടെ തന്നെ മേയാന്‍ വിട്ട്‌ ഞങ്ങള്‍ തിരിച്ചു നടന്നു.ഇസ്ലാമിക ചരിത്രത്തിലെ രണ്ടു നിര്‍ണായക ഘടകങ്ങളായ മസ്ജിദുല്‍ ഖുബ്ബയും മസ്ജിദുല്‍ ഖിബ്‌ലതൈനും കടന്നു റസൂലുള്ളായുടെ മദീനയിലേക്ക്.ഹറമിന്റെ വാതിലുകളും കടന്ന്‌ ഉള്ളിലേക്ക്.വിശേഷണങ്ങള്‍ കിട്ടാതെ ഞാന്‍ വീണ്ടും കുഴങ്ങുന്നു. വികാരങ്ങളെ നിയന്ത്രിക്കാന്‍ യുക്ക്തിക്ക് സാധ്യമല്ലിവിടം. നബി പ്രാര്‍ത്ഥിച്ച,ഉദ്ബോധനം ചെയ്ത സ്ഥലം.നബി ഉറങ്ങുന്ന മണ്ണ്. നമ്മളിവിടെ സമര്‍പ്പിക്കപ്പെടുകയാണ്.പൊട്ടിയൊഴുകുന്ന കണ്ണുനീര്‍.തെറ്റുകളെ ഏറ്റുപറഞ്ഞും ശരികള്‍ക്കായി തേടിയും നമ്മളിവിടെ നിറയുന്നു.ഇതിലും വലിയൊരു ആശ്വാസം അല്ലെങ്കില്‍ ആഹ്ലാദം അതപൂര്‍വ്വമാണ്.അതാണ്‌ ഈ പുണ്യഭൂമികളുടെ ശക്തി.
മദീനയിലെ നാല്‌ ദിവസങ്ങളും കഴിയാറായി.ഇതൊരു വേദനിപ്പിക്കുന്ന വിടപറയലാണ്.ഒപ്പം സന്തോഷത്തിന്റെതും കാരണം കനവിലും നിനവിലും സ്വപ്നം കണ്ടത്‌ സാഫല്യമായ അനുഭൂതി.വിട്ടുപിരിയാന്‍ തോന്നില്ല നമുക്കിവിടം.എന്റെ മനസ്സിനെ ഇവിടെ വിട്ടിട്ടാണ് ഞങള്‍ മടങ്ങുന്നത്.കാരണം തിരിച്ചുവരണം എന്ന് നമ്മെ ഓര്‍മ്മപെടുത്തുന്ന ഒരു മായിക ശക്തിയുണ്ട് മക്കക്കും മദീനക്കും.
ഞാന്‍ വീണ്ടും സ്വപ്നം കണ്ടു തുടങ്ങി.അനുഗ്രഹങ്ങളാല്‍ സ്വര്‍ഗം പെയ്ത പുണ്യഭൂമിയിലേക്ക്‌ തിരിച്ചെത്തുന്നത്.ഇന്നെന്റെ പ്രാര്‍ത്ഥനകളില്‍ നിറയുന്നതും അതുതന്നെയാണ്.