Custom Search

Tuesday, August 9, 2011

ഒരു ഒപ്പനപ്പാട്ടിന്‍റെ ഓര്‍മ്മയ്ക്ക്‌

പടിയിറങ്ങിപോയതില്‍ പിന്നെ കണ്ടില്ലല്ലോ എന്ന പരിഭവം പറയല്ലേ എന്‍റെ വിദ്യാലയമേ. അല്ലെങ്കിലും ഓര്‍മ്മകള്‍ക്കുണ്ടോ പടിയിറക്കം. ചെമ്മണ്ണിട്ട റോഡിലൂടെ നടന്ന് വലത്തോട്ടുള്ള ഇടവഴി തിരിഞ്ഞ് ഞാനിതാ എത്തിരിയിരിക്കുന്നു നിന്‍റെ തിരുമുറ്റത്ത്‌. ഇതെന്ത് മറിമായമാണ്. മീശ തടവി വല്ല്യ ആളായൊരു അഹങ്കാരത്തില്‍ ഇവിടെത്തിയ ഞാനെങ്ങിനെ ആ പഴയ സ്കൂള്‍ കുട്ടിയായി. ഏതോ കുട്ടികള്‍ കഴിച്ചിട്ട മാങ്ങയണ്ടി ഞാന്‍ തട്ടി തെറിപ്പിച്ചു. സ്കൂള്‍ മുറ്റത്തെ ആ പഴയ കാഞ്ഞിര മരത്തില്‍ തട്ടി അത് തിരിച്ചുവരുമ്പോള്‍ കുറെ പഴയ ഓര്‍മ്മകളും കൂടെ പോന്നു. ഒരു പഞ്ചാര മാങ്ങയുടെ രുചിയുള്ള ഓര്‍മ്മകള്‍. റഹീം മാഷിന്‍റെ മലയാളം ക്ലാസുകള്‍ നടക്കുമ്പോള്‍ പുറത്തു വീഴുന്ന പഴുത്ത മാങ്ങകള്‍ പെറുക്കി ആരും കാണാതെ എനിക്ക് തരും പ്യൂണ്‍ നാരായണേട്ടന്‍ . ഉപ്പ ഇതേ സ്കൂളിലെ മാഷായതില്‍ ഉള്ള ആനുകൂല്യമാണ്. ‌. ഒരിത്തിരി കുശുമ്പ് മറ്റു കുട്ട്യോള്‍ക്ക് എന്നോട് തോന്നാതിരുന്നില്ല.

ഇന്നും ഞാന്‍ ക്ലാസിലെത്താന്‍ അല്പം വൈകിയോ..? ഇടത്തോട്ടൊന്ന് പാളി നോക്കി. ഹെഡ് മാഷ്‌ കുട്ട്യാലി മാഷിനെ കാണാനില്ല. സമാധാനം. നേരം വൈകിയതിന് ഇന്നലെയും കണ്ണുരുട്ടിയതാണ് എന്നോട്. ഞാനോടി ഏഴ് ബിയിലെ ഒന്നാമത്തെ ബെഞ്ചില്‍ ഇരുന്നു. എന്നേ കണ്ടതും ആമി ഹോം വര്‍ക്ക് ചെയ്ത കണക്കു പുസ്തകം നീട്ടി. ഗംഗാധരന്‍ മാഷ്‌ വരുന്നതിന് മുമ്പായി അത് പകര്‍ത്തണം. അല്ലേല്‍ ബുക്ക്‌ കൊണ്ട് ചെകിടത്താണ് മാഷ്‌ പൊട്ടിക്കുക. ആറാം ക്ലാസ് മുതല്‍ മാഷിന്‍റെ അടിയില്‍ നിന്നും എന്നെ കാക്കുന്നത് ആമിയുടെ സഹായമാണ്.

പതുക്കെ ഞാനാ ഷെഡിലേക്ക് കയറി. ശൂന്യമായ ബെഞ്ചുകളൊന്നില്‍ നിന്നും ചുണ്ടില്‍ ഒരു കള്ളചിരിയും മുഖത്ത് ഒരു നാണവുമായി ആമിയുടെ കണക്ക് നോട്ട്ബുക്ക് എന്‍റെ നേരെ നീണ്ടു വരുന്നുണ്ടോ. എനിക്കങ്ങിനെ തോന്നി. ഹോം വര്‍ക്ക് ചെയ്തു ബുക്ക്‌ തിരിച്ചു നല്‍കുമ്പോള്‍ എന്നെക്കാള്‍ ആശ്വാസം അവള്‍ക്കായിരുന്നോ? എനിക്ക് അടി കിട്ടില്ലല്ലോ എന്ന ആശ്വാസം ആയിരുന്നില്ലേ അത്. നിന്‍റെ നിഷ്കളങ്കതക്ക് നന്ദി ഇപ്പോള്‍ പറഞ്ഞാല്‍ മതിയോ ആമീ. വൈകിയിട്ടില്ല. കാരണം ഞാനിപ്പോള്‍ ആ പഴയ ഏഴാം ക്ലാസുകാരനാണ്.

ഞാന്‍ സ്കൂളിന്‍റെ മൈതാനത്തിലേക്കിറങ്ങി. എത്ര തവണ വീണതാ ഇവിടെ. തൊലിപൊട്ടി ചോര വരുമ്പോള്‍ ശിവദാസന്‍ മാസ്റ്റര്‍ പഞ്ഞിയില്‍ ടിങ്ക്ചര്‍ മുക്കി മുറിവില്‍ വെക്കും. നീറിയിട്ട് സ്വര്‍ഗം കാണുമെങ്കിലും കരയാതിരിക്കുന്നത് മാഷ്‌ മരുന്ന് വെക്കുമ്പോള്‍ അതില്‍ ഒളിപ്പിക്കുന്ന വാത്സല്യത്തിന്‍റെ മധുരം കൊണ്ടാണ്. യൂത്ത് ഫെസ്റ്റിവലിന് മാഷിന്‍റെ വീട്ടില്‍ നിന്നും ഹാര്‍മോണിയം കൊണ്ടുവരും. മാഷിന്‍റെ വിരലുകള്‍ അതില്‍ തലോടുമ്പോള്‍ പൊഴിക്കുന്ന സംഗീതം പോലെ തന്നയായിരുന്നു മാഷിന്‍റെ ക്ലാസുകളും.
അറിയാതെ കേട്ടു പോകുന്ന ഏത് ഹാര്‍മോണിയം ശ്രുതികളും ഇപ്പോഴും എന്നെ കൊണ്ട് പോവാറുണ്ട് ആ പഴയ സ്കൂള്‍ കാലത്തിലേക്ക്. ഒപ്പം മാഷിനെ കുറിച്ചുള്ള ഓര്‍മ്മകളിലേക്കും . മിക്കപ്പോഴും മാഷിന്‍റെ ക്ലാസുകള്‍ സ്കൂളിനു പുറത്ത് ഏതേലും മരത്തിന്‍റെ ചുവട്ടിലാകും. ആ മരങ്ങളൊക്കെ മാറി അവിടെയെല്ലാം പുതിയ സ്കൂള്‍ കെട്ടിടങ്ങള്‍ വന്നു. പ്രകൃതിയോട് ചേര്‍ന്നുള്ള ഇത്തരം അനുഭവങ്ങളൊക്കെ പുതിയ കുട്ടികള്‍ക്ക് നഷ്ടപ്പെടുന്നു.

ഈ മൈതാനത്തില്‍ ആയിരുന്നു സ്കൂള്‍ അസംബ്ലി കൂടുക. ഏഴാം ക്ലാസില്‍ വെച്ച് സ്കൂള്‍ ലീഡറായി തിരഞ്ഞെടുത്തപ്പോള്‍ ഇത്തിരി അഹങ്കാരം തോന്നിയോ എനിക്ക് . ആദ്യത്തെ അസംബ്ലിയില്‍ തന്നെ "അസ്സംബ്ലി അറ്റന്‍ഷന്‍ " എന്ന് വലിയ ശബ്ദത്തില്‍ വിളിച്ചു കൂവി കുട്ടികളെ ഞെട്ടിക്കുകയും അധ്യാപകരെ ചിരിപ്പിക്കുകയും ചെയ്ത റെക്കോര്‍ഡ്‌ ആരേലും മാറ്റിയിട്ടുണ്ടാവുമോ ആവോ. "എന്നെ സ്കൂള്‍ ലീഡറായി തിരഞ്ഞെടുത്താല്‍ സ്കൂളിന്‍റെ ഭാവിക്ക് അത് ചെയ്യും ഇത് ചെയ്യും " എന്നൊക്കെ പ്രസംഗിപ്പിച്ചത് സുബ്രമണ്യന്‍ സാറായിരുന്നു. അത് കേട്ട് ചിരിച്ചു മറിയാന്‍ മുമ്പില്‍ തന്നെ സാറും ഉണ്ടായിരുന്നു. പക്ഷെ ഞാന്‍ വിട്ടുകൊടുത്തില്ല.

നോക്കിനില്‍ക്കെ മറ്റൊരു സ്കൂള്‍ ദിവസം കടന്നുവരുന്നു. ഇന്ന് കലോത്സവം അല്ലേ. ഞാനും ഉണ്ടല്ലോ പ്രസംഗ മത്സരത്തിന്. വരാന്‍ സാധ്യതയുള്ള വിഷയങ്ങളെ പറ്റി ഒരു ചെറുകുറിപ്പ് എഴുതിതന്നിട്ടുണ്ട് ഉപ്പ. ഇനി അതുവെച്ച്‌ ഒന്ന് വിശാലമാക്കണം പ്രസംഗം. ആ കുറിപ്പും തേടി ഞാന്‍ അറിയാതെ പോക്കറ്റില്‍ തപ്പിയോ? ഫസല്‍ സാറിന്‍റെ അനൌണ്‍സ്മെന്റ് വരുന്നു. പ്രസംഗ മത്സരം ഫസ്റ്റ് പ്രൈസ് ഗോസ് റ്റു... ആമി ഓടിവന്നു കയ്യില്‍ പിടിച്ചു. ഒപ്പന മത്സരത്തില്‍ അവള് മണവാട്ടി ആയ ടീമിനായിരുന്നു ഒന്നാം സ്ഥാനം. അവളുടെ ഉമ്മാന്‍റെ പട്ടുസാരിയുടുത്ത് മുഖത്തൊരു കള്ള നാണവുമായി അവള്‍ നന്നായി ശോഭിച്ചിരുന്നു. മുന്നിലൂടെ ഓടിപ്പോയ ഒരു കുട്ടിയുടെ പാദസരത്തിന്‍റെ കിലുക്കം എന്നെ തിരിച്ചു വിളിച്ചു.



മഴക്കാലമായി. സ്കൂളിലേക്കുള്ള റോഡൊക്കെ വെള്ളത്തിനടിയിലായി. ഇനി കുറച്ച് കാലം സ്കൂളിന് അവധിയാണ്. ഞങ്ങളുടെ പ്രാര്‍ത്ഥന പോലെ വെള്ളപൊക്കമിറങ്ങാന്‍ കുറെ കഴിയും. വെള്ളമിറങ്ങി കഴിഞ്ഞാല്‍ വീണ്ടും സ്കൂള്‍ തുറക്കും. നല്ല രസമാണ് രണ്ടു വശത്തും വെള്ളം നിറഞ്ഞ വയലുകള്‍ക്കിടയിലൂടെ പോവാന്‍ . പക്ഷെ റോഡിന്‌ നടുവിലൂടെ നടക്കണം . അല്ലെങ്കില്‍ മുതിര്‍ന്നവര്‍ വഴക്ക് പറയും. വെള്ളത്തില്‍ വീണു പോകുമോ എന്ന പേടിയാണ് അവര്‍ക്ക്.

അന്നും ഇന്നും ചെറുവാടിക്കാരുടെ സ്വന്തം ഹെഡ് മാഷ്‌ ആണ് കുട്ട്യാലി മാസ്റ്റര്‍. വാത്സല്യം കൊണ്ട് എങ്ങിനെ കുട്ടികളെ നേരെയാക്കാം എന്നതായിരുന്നു മാഷിന്‍റെ വിജയം.ആ മനോഹരമായ പുഞ്ചിരിയുമായി ഇന്നും ഞങ്ങളുടെ ഗ്രാമത്തില്‍ സാറുണ്ട്‌. തലമുറകളുടെ അക്ഷര സൗഭാഗ്യത്തിന് തിരികൊളുത്തിയ സുകൃതവുമായി. നാട്ടിലെത്തുമ്പോള്‍ ഞാനും ഓടിയെത്തും മാഷിനടുത്ത്. ആ ആലിംഗനത്തില്‍ അറിയുക ഒരച്ഛന്‍റെ വാത്സല്യമാണ്.

സ്കൂള്‍ വരാന്തയിലൂടെ ഞാന്‍ പുറത്തോട്ട് നടന്നു. വീതികൂടിയ നെറ്റിയിലെ വിയര്‍പ്പ് തുടച്ച് വേഗത്തില്‍ നടന്നു വരുന്നത് ഖാദര്‍ മാഷല്ലേ. പക്ഷെ മാഷ്‌ ഇന്നില്ല എന്നത് മറ്റൊരു തിരിച്ചറിവും. ഞാന്‍ പഠിച്ച മറ്റൊരു കലാലയത്തിനും ഇത്രത്തോളം മധുരമായ ഓര്‍മ്മകള്‍ നല്‍കാന്‍ പറ്റിയിട്ടില്ല. ഒരു കാലാലയത്തിനോടും ഇത്രക്കടുപ്പം എനിക്കും തോന്നിയിട്ടില്ല. അന്ന് കിട്ടിയ അടിയുടെ വേദന ഇന്നെനിക്ക് സുഖമുള്ള നോവുകളാണ്, കേട്ട വഴക്കുകള്‍ ഇന്നൊരു ഗാനം പോലെ മധുരമാണ് . കാരണം വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ തിരിച്ചറിയുന്നത് അതൊരു വിജയ മന്ത്രമായിട്ടാണ്. പാഠപുസ്തകങ്ങള്‍ക്കൊപ്പം പഠിച്ചിറങ്ങിയത് സ്നേഹത്തിന്‍റെ കൂടി പാഠങ്ങളാണ്.കുട്ടികള്‍ക്കൊപ്പം നിന്ന് അവരുടെ മനസ്സറിഞ്ഞ് ഇടപ്പെട്ട കുറെ അധ്യാപകരുണ്ടായിരുന്നു ഇവിടെ. ഇപ്പോഴും ഞങ്ങളുടെ മനസ്സില്‍ ജീവിക്കുന്നവര്‍. പലരും ഇന്നീ ലോകത്ത് ഇല്ലാതിരിക്കാം. പക്ഷെ ഈ വിദ്യാലയവും ഇതിന്‍റെ മതില്‍കെട്ടും പിന്നെ എഴുതിയും ചൊല്ലിയും പഠിച്ച അക്ഷരങ്ങളും നിലനില്‍ക്കുവോളം അവര്‍ക്കും മരണമില്ല. പ്രിയപ്പെട്ട ആ അധ്യാപകര്‍ക്കുള്ള ഗുരുദക്ഷിണ കൂടിയാണ് ഈ കുറിപ്പ്. അങ്ങിനെ കുറെ അനുഭവങ്ങള്‍. എല്ലാര്‍ക്കും കാണുമല്ലോ പഠിച്ച കലാലയങ്ങളെ ചുറ്റി പറ്റി മറക്കാന്‍ പറ്റാത്ത ഓര്‍മ്മകള്‍.

ദേ... പ്യൂണ്‍ നാരായണേട്ടന്‍ ലോങ്ങ്‌ ബെല്‍ അടിക്കുന്നു. ക്ലാസ് തുടങ്ങാന്‍ സമയമായി. വര്‍ഷങ്ങള്‍ പിറകിലേക്കോടി ഞാന്‍ വീണ്ടും ഏഴ് ബി യിലെ മുന്‍ ബെഞ്ചില്‍ ചെന്നിരുന്നു . നീണ്ട ഹാജര്‍ പുസ്തകവുമായി ഗംഗാധരന്‍ മാസ്റ്റര്‍ എത്തി.
അസീസ്‌ ടീ.പി
ഹാജര്‍ സര്‍
മായ. സി
ഓള് വന്നീല്ല സേര്‍
കെ. ടി. മന്‍സൂര്‍ അഹമ്മദ്
പ്രസന്റ് സര്‍ .
.....................

3 comments:

Anil cheleri kumaran said...

മധുരിക്കും ഓർമ്മകൾ..

വീകെ said...

അന്നത്തെ മധുരം ഇപ്പോഴുമുണ്ടല്ലേ....!

ഏറനാടന്‍ said...

ഓര്‍മ്മകളേ കൈവള ചാര്‍ത്തി
വരൂ വിമൂഖമാം വീഥിയില്‍