Custom Search

Thursday, April 15, 2010

തരൂര്‍, മോഡി, കോടി പിന്നെ സുനന്ദയും.

മറ്റേത് വ്യവസായത്തിന്റെ കാര്യത്തിലും പിറകിലാണെങ്കിലും വിവാദ വ്യവസായത്തിന്റെ കാര്യത്തില്‍ ഒട്ടും വിട്ടുകൊടുക്കാന്‍ തയ്യാറല്ല നമ്മള്‍ കേരളീയര്‍. അത് തരൂരായും തച്ചങ്കരിയായും അഴീക്കോടായും ഇങ്ങിനെ വന്നുകൊണ്ടേയിരിക്കും. ഒരു വഴിപാട് പോലെ. ദൈവം സഹായിച്ച് ഇവര്‍ക്കെല്ലാം ഒരു പ്രത്യേകത കൂടിയുണ്ട്. ഒന്ന് മിണ്ടണമെന്ന് വിചാരിച്ചാല്‍ തന്നെ അത് വിവാദമായേക്കും. അഴീക്കോട് സാറ് പിന്നെ കൃഷി ഇറക്കുന്നത്‌ തന്നെ വിവാദം കൊയ്യാനാണ്. ബാക്കി പണി മാധ്യമങ്ങള്‍ ചെയ്തോളും.
ഇതിപ്പോള്‍ കേരള IPL ആണ് പുതിയ സദ്യ. തരൂര്‍ തിരുമേനിയുടെ ഇടപെടലും മോഡി ചേട്ടന്റെ ഭീഷണിയും പിന്നെ സുനന്ദ മാഡത്തിന്റെ ഷെയറും ഒക്കെയായി സംഗതി അങ്ങ് ടോപ്‌ ഗിയറിലായി. കേരളത്തിന്റെ യുവജനങ്ങള്‍ക്കായി ആണ് എന്റെ ത്യാഗം എന്ന തരൂര്‍ മന്ത്രിയുടെ നിലവിളി എനിക്കും ഇഷ്ടായി. സംഗതി ആത്മാര്‍ത്ഥമായിരിക്കും. ക്രിക്കറ്റിനെ കുറിച്ച് പുസ്തകമൊക്കെ എഴുതിയ മഹാനാണ് . ഇങ്ങിനെ ഒരു സത്കര്‍മ്മം ഈ കൊച്ചു കേരളത്തിന്‌ വേണ്ടി ചെയ്തില്ലെങ്കില്‍ പിന്നെന്തു കേന്ദ്ര മന്ത്രി." നമുക്ക് വേറെ താല്പര്യങ്ങള്‍ ഒന്നും ഇല്ല. ഉണ്ടാവുകയും ഇല്ല" എന്നും പറഞ്ഞിട്ടുണ്ട്.
സുനന്ദ ചേച്ചിയും കല്യാണകാര്യവുമൊക്കെ പിന്നീട് ചര്‍ച്ച ചെയ്യാം. അഴീക്കോട് സാറ് തല്ക്കാലം മിണ്ടുന്നില്ലല്ലോ. നാളത്തേക്കും വേണമല്ലോ വിഷയങ്ങള്‍. ചാനല്‍ ചര്‍ച്ചക്കും നേരമ്പോക്കിനും. അതിനിടക്ക് ഏതോ ഒരു ചാനല്‍ അവതാരികയുടെ വകയും കേട്ടു ചെറിയൊരു വിവാദം. കാശ് ചോദിച്ചിട്ട് ചീത്ത കേട്ടെന്നോ മറ്റോ. ആയമ്മയുടെ മലയാളം കേട്ട് സഹിക്കെട്ട ചിലരാണ് ചീത്ത പറഞ്ഞതെന്നും കേട്ടു ഒരു ഡിസ്കഷന്‍ബോര്‍ഡില്‍. പോട്ടെ, ആനക്കാര്യത്തിനിടക്കോ ചേനകാര്യം.
IPL ലേക്ക് തിരിച്ചു വരാം. മോഡിക്കിട്ടു കളിക്കരുതെന്ന് മറ്റു ചിലര്‍. പണി കിട്ടുമത്രേ. IPL നെ ഒരു മാഹാസംരംഭമാക്കിയ പുലിജന്മമത്രെ ആ ജന്മം. പിന്നല്ലാതെ, കളിക്കിടയില്‍ കാബറെ ഡാന്‍സും കളി കഴിഞ്ഞു പട്ട അഭിഷേകവും പിന്നെ അതൊക്കെ ചാനല്‍ ലൈവും ആകുമ്പോള്‍ കോടിയും മോഡിയും ഒക്കെ മാറിമറിയും എന്ന് തീര്‍പ്പാക്കാന്‍ ഈ മോഡിക്ക് മാത്രമല്ലേ പറ്റൂ. ഇതിനെ പറ്റിയൊക്കെ സുതാര്യമായ ഒരന്യോഷണം നടക്കട്ടെ. അപ്പോള്‍ കാണാം കമ്മീഷണറുടെയും ഐ ജീ യുടേയുമൊക്കെ പത്രാസ് .
ഇതിപ്പോള്‍ ഒരു ടീം തുടങ്ങണം എന്ന് തീരുമാനിച്ചപ്പോള്‍ തന്നെ ഇത്രക്കായി. ഇനി കളി തുടങ്ങിയാലോ? മോശമാകാന്‍ വഴിയില്ല. ശ്രീശാന്ത് ടീമില്‍ വരുമെന്നല്ലേ പറയുന്നത്. വിട്ടുകൊടുക്കാന്‍ ഈ ശാന്ത സ്വഭാവക്കാരന്‍ തയ്യാറാവില്ല. ക്യാപ്ടന്‍ ആണെങ്കില്‍ തീര്‍ന്നു,പിന്നെ വിവാദത്തിന്റെ മൊത്ത കച്ചവടമാകും.
ഏതായാലും ഒരു കാര്യം ഉറപ്പ്‌. ബെര്‍ളി പറഞ്ഞ പോലെ, സ്റ്റുഡിയോയില്‍ ഇരുന്നും കിടന്നും മലര്‍ന്നും വെച്ച് കീറാന്‍ വിഷയങ്ങള്‍ ഒത്തിരി വരുന്നുണ്ട് വഴിയെ.
അതല്ല, ഈ അഴീക്കോട് സാറ് ഈ ബഹളമൊന്നും കേട്ടില്ലേ? ഒരഭിപ്രായവും വന്നില്ലല്ലോ ഇതുവരെ.കയ്യിലിരിപ്പ് വച്ച് ഒരു പത്ത് പഞ്ച് ഡയലോഗ് വരേണ്ട സമയം കഴിഞ്ഞു ഈ വിഷയത്തില്‍. ലാലിനെ വിട്ടുപിടിക്കാന്‍ ഇനിയും സമയം ആയില്ലേ സുന്ദരന്‍ മാഷിന്‌?

1 comment:

ഷൈജൻ കാക്കര said...

തരൂരിനെതിരെ അന്വേഷണം വേണമെന്ന്‌ പറയുന്ന മലയാളികൾപോലും I.P.L ന്റെ എല്ലം ഇടപാടുകളും അന്വേഷിക്കണമെന്ന്‌ ആവശ്യപ്പെടുന്നില്ല.


ചേരയെ തിന്നുന്ന നാട്ടിൽ ചെന്നാൽ, നടുകഷ്ണം തന്നെ തിന്നുക, അല്ല പിന്നെ....