സെന്റര്‍ കോര്‍ട്ട്
www.mansoormaruppacha.blogspot.com
അന്നും ഇന്നും. ഒരു വിട്ടുവീഴ്ചക്കും തയ്യാറാകാത്ത ഒരു കാര്യമേ എനിക്കുള്ളൂ. ഭക്ഷണം.ഇന്നത്തെ ഒരു ട്രാക്ക് റെക്കോര്‍ഡ് വെച്ച് നോക്കുമ്പോള്‍ നാളയും മറിച്ചാവാന്‍ വഴിയില്ല.
കൊടിയത്തൂര്‍ PTM ഹൈസ്കൂളിലെ എട്ടാം ക്ലാസില്‍ ഞാന്‍ വലതുകാല്‍ വെച്ച് കയറിയത് മുതല്‍ എന്നോടൊപ്പമുള്ള ഇഷ്ടമാണ് മയമ്മാക്കന്റെ (മുഹമ്മദ് കാക്ക) ഹോട്ടലിലെ ബോണ്ട. ഒരു പ്രേമത്തിനുള്ള മൂപ്പൊന്നും സമൂഹം അനുവദിച്ചു തന്നിട്ടില്ലാത്തതിനാല്‍ എനെ സ്നേഹം മുഴുവന്‍ അനുഭവിക്കാന്‍ യോഗമുണ്ടായത് ഈ ബോണ്ടകള്‍ക്കാണ്.അതാണെങ്കില്‍ സത്യായിട്ടും ഒരു ടൂവേ ലൈനും. തമ്മില്‍ കണ്ടാല്‍ രണ്ടാള്‍ക്കും ഇളക്കം തുടങ്ങും. ഷെല്‍ഫിലെ ബോണ്ടകളെല്ലാം സിക്സര്‍ അടിക്കാന്‍ പാകത്തില്‍ വരുന്ന ഫുള്‍ടോസ്സ് ബോള്‍ പോലെ തോന്നും എനിക്ക്. ഇനി വേണ്ടാന്ന് വെച്ച് പോകാന്‍ നോക്കിയാല്‍, മയമ്മാക്ക വിടില്ല. " മോനെ, എന്താ ബോണ്ട വേണ്ടേ? നല്ല ഏലക്കായ പൊടിച്ചതും ഏത്തക്കായ നിറച്ചും ഉണ്ടാക്കിയ സ്പെഷ്യല്‍ ആണ്. ഒരു രണ്ടെണ്ണം എടുക്കാം അല്ലെ"? രണ്ടെണ്ണം വെറും സ്റ്റാര്‍ട്ടര്‍ ആണെങ്കിലും അതിനപ്പുറം പോകാറില്ല. കാരണം ഫിനാന്‍ഷ്യല്‍ ക്രൈസിസൊക്കെ ചെറുവാടിയില്‍ ഇത്തിരി നേരത്തെ തുടങ്ങിയിരുന്നു.
ഉച്ചക്കാണെങ്കില്‍ ചോറ് വീട്ടില്‍നിന്നും കൊണ്ടുവരുന്നതൊക്കെ ഔട്ട് ഓഫ് ഫാഷന്‍ ആയി തോന്നി തുടങ്ങുകയും ഇനി കൊണ്ട് വന്നാല്‍ അതിലെ വല്ലപ്പോഴും ഒക്കുന്ന ആംലൈറ്റ് ചങ്ങാതിമാര്‍ നേരത്തെ തട്ടുകയും ചെയ്യുന്നത് കാരണം ഞാന്‍ ലഞ്ചും മയമ്മാക്കാന്റെ ഹോട്ടലിലേക്ക് മാറ്റി.
മൂപ്പര്‍ക്കും എനിക്കും സന്തോഷം. ഒന്ന് രണ്ട് മാസം സംഭവം ഭംഗിയായി മുന്നോട്ട് നീങ്ങി. പിന്നെ മയമ്മാക്ക പതുക്കെ കാശ് ചോദിച്ചു തുടങ്ങി. ഇന്ന് തരാം നാളെ തരാം എന്നൊക്കെ പറഞ്ഞു സംഗതി പിടിവിട്ടുപോയി. ശ്രീശാന്തിനെ കണ്ട ഹെയ്ഡനെ പോലെ മയമ്മാക്ക കൂടുതല്‍ സ്ട്രോങ്ങ് ആയി.
സംഭവം വീട്ടില്‍ പറഞ്ഞാല്‍ സംഗതി കിട്ടും . കാശല്ല. വെടിപ്പായി ഉപ്പാന്റെ അടി. കഴിച്ച ഓരോ ബോണ്ടയും ഓരോ ബൌണ്സര് പോലെ എന്റെ നേരെ വരുന്നു.
മയമ്മാക്കന്റെ കണ്ണില്‍ പെടാതെ ക്ലാസില്‍ കയറി പറ്റാന്‍ അധികം ഷോര്‍ട്ട് കട്ടൊന്നും ഇല്ല. മാത്രമല്ല, ഇപ്പോള്‍ അകത്തും പുറത്തും പ്രശ്നമാണ്. കണക്കിന് തോമസ് മാഷിന്റെ അടുത്തുനിന്നും ഞാനൊരു അവകാശം പോലെ മേടിച്ചെടുക്കുന്ന തല്ലുണ്ട്. ഡെയിലി മിനിമം രണ്ടെണ്ണം വെച്ച് കിട്ടും.എന്നോടുള്ള ഇഷ്ടം കൊണ്ടോ എന്തോ, സാറത് ഒരു ദിവസം പോലും മുടക്കിയിട്ടില്ല. ആ വര്‍ഷം തീരുന്നതുവരെ. ആ ചൂരലിന്റെ വിഷമം തീര്‍ക്കുന്നത് ഇന്റര്‍വല്‍ സമയത്തെ ബോണ്ടയടിയിലൂടെയാണ്. അടിയുടെ ഡോസിനനുസരിച്ചു ബോണ്ടയുടെ എണ്ണവും കൂടും. ഇതിപ്പോള്‍ അടി മാത്രം കൂടി, എന്റെ സങ്കടം തീര്‍ക്കാന്‍ ബോണ്ടയും ഇല്ല.
അങ്ങിനെ കാത്തിരുന്ന ആ ദിനം വന്നെത്തി, സംഗതി വീട്ടിലെത്തി. അതുമാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. എന്റെ മൂന്ന് മാസത്തെ ടെന്‍ഷന്‍ ഉപ്പ മൂന്ന് മിനുട്ട് കൊണ്ട് സോള്‍വ് ആക്കി.സ്കോര്‍ 3 + 2 . സ്കോര്‍ ഇന്‍ ഡീറ്റയില്‍സ്.. മൂന്ന് അടി, രണ്ട് മേട്ടം. അതും ഹെല്‍മറ്റ് ഇല്ലാത്ത തലക്ക്. കളി തീര്‍ന്നു. മയമ്മാക്കാക്ക് ഫുള്‍ പേ എനിക്ക് ഫുള്‍ പെയിന്‍.
കഴിഞ്ഞ തവണ നാട്ടില്‍ വെച്ച് പള്ളിയില്‍ നിന്നും ഇറങ്ങിവരുമ്പോള്‍ മുന്നില്‍ മയമ്മാക്ക. പെട്ടൊന്ന് ഞാനാലോചിച്ചത് വീട്ടിലേക്കു ഷോര്‍ട്ട് കട്ടുണ്ടോ എന്നാണ്. കാരണം ആ പഴയ ചമ്മല് ഇന്നും മാറിയിട്ടില്ല. എന്നാലും എന്റെ ബോണ്ട പ്രേമം ഓര്‍മ്മിപ്പിക്കാതിരുന്നില്ല മയമ്മാക്ക. രണ്ടാളും പൊട്ടിച്ചിരിച്ചു. നാട്ടില്‍ മാത്രം സാധ്യമാകുന്ന ആ തുറന്ന ചിരി.
ഇന്നലെ സല്‍മാനിയയിലൂടെ നടക്കുമ്പോള്‍ ശ്രീനിവാസ് റസ്റ്റോരന്റിലെ ഷെല്‍ഫില്‍ നിറച്ചും ബോണ്ട പൊരിച്ചത്. പോക്കറ്റില്‍ കാശും ഉണ്ട്.
പക്ഷെ ഞാനെന്തൊക്കെയോ ഓര്‍ത്തുപോയി. ആ പഴയ സ്കൂള്‍ കാലം, തോമസ് സാറ്, മയമ്മാക്ക, പിന്നെ ഉപ്പാന്റെ തല്ലും അത് കഴിഞ്ഞുള്ള സ്നേഹം നിറഞ്ഞ ഉപദേശവും. എനിക്കെന്തോ...... കഴിക്കാന്‍ തോന്നിയില്ല.
ആശ്രമത്തിലെ ദിനങ്ങള്‍ . ഭാഗം-1
-
*(ജീവിതത്തിലെ മറക്കാനാകാത്ത ഒരു ഏടായിരുന്നു ആശ്രമത്തില്‍ കഴിച്ച ചുരുക്കം
നാളുകള്‍. ബ്ലോഗ് എഴുത്ത് ആരംഭിച്ച നാളില്‍ കുറിച്ച ആ കുറിപ്പുകള്‍,പിന്നെ
ഡിലീറ്റു ച...
4 months ago
4 comments:
ഹഹ...
ഫുൾ പേ ഫുൾ പേയിൻ..ഫുൾ പെർഫൊമൻസ്..!
മാഷെ, ബോണ്ടയിൽ ഏത്തക്കാ ചേർക്കുമെന്നുള്ളത് ആദ്യമായാണ് അറിയുന്നത്. ബോണ്ട പുരാണം കലക്കി മാഷെ
ബോണ്ടപ്രേമം ഇഷ്ടപെട്ടതില്‍ സന്തോഷം കുഞ്ഞന്‍.
പഴം നിറച്ച ബോണ്ടയാണ് കഴിക്കേണ്ടത്. അതും ഏലക്കായ പൊടിച്ചിട്ടതും ചേര്‍ത്തുള്ള സംഗതി ഇടിവെട്ടാണ്.
നഷ്ടപ്പെട്ട നല്ലൊരു കുട്ടിക്കാലമാണ്
വരികളില്‍ വായിക്കാനാകുന്നത്.
നല്ല കുറിപ്പ്.
സുഖമുള്ള ഓര്‍മ്മകള്‍!
Post a Comment