Custom Search
Showing posts with label അനുഭവം. Show all posts
Showing posts with label അനുഭവം. Show all posts

Tuesday, January 17, 2012

പുഴയെ പോലെ ചിരിക്കുന്നവര്‍

മനസ്സ് നിറഞ്ഞു ചിരിക്കുന്നവര്‍, നോട്ടത്തിലും വാക്കിലും സ്നേഹം കൈമാറുന്നവര്‍. വിനയവും ലാളിത്യവും മാത്രം കൈമുതലായി ഉള്ളവര്‍.

ഞാനൊരു നാട്ടുകാര്യം പറഞ്ഞോട്ടെ. ...?

പുതിയ പോസ്റ്റ്‌ വായിക്കുമല്ലോ..

പുഴയെ പോലെ ചിരിക്കുന്നവര്‍.

സ്നേഹപൂര്‍വ്വം
മന്‍സൂര്‍ ചെറുവാടി

Wednesday, May 26, 2010

ക്ലാവറില്‍ ഒന്ന് , ഡയ്മനില്‍ ഒന്ന് , എന്റെ പുറത്ത് രണ്ട്.

അതല്ലെങ്കിലും അങ്ങിനെതന്നെയാണ്. വേണ്ട എന്ന് പറയുന്നത് ചെയ്യുമ്പോഴാണ് രസം കൂടുതല്‍. ഏറിവന്നാല്‍ രണ്ടടി കിട്ടും. അതിനപ്പുറം പോകുന്ന കുരുത്തക്കേടുകള്‍ ക്കൊന്നും നമ്മള് പോയിരുന്നില്ല. പക്ഷെ ഒരിക്കല്‍ ചെയ്തു. ഫലം അടി മാത്രമല്ല, മാനഹാനിയും സംഭവിച്ചു.
ഉമ്മാന്റെ തറവാടിന്റെ തൊട്ടടുത്തായി ചെറിയൊരു കാവുണ്ട്. ബാപ്പൂട്ടീന്റെ കാവെന്ന് ഞങ്ങള്‍ പറയും. വര്‍ഷം തോറും അവിടെ തിറയുത്സവം നടക്കാറുണ്ട്. ഉത്സവത്തിന്റെ രണ്ട് ദിവസം മുമ്പ് തന്നെ ഞാന്‍ ഉമ്മാന്റെ വീട്ടിലെത്തും. രണ്ട് കാര്യങ്ങള്‍ കൊണ്ടുതന്നെ ഉത്സവം എനിക്ക് ഒഴിവാക്കാന്‍ പറ്റില്ല. ഒന്ന് ചെറുവാടിയില്‍ നിന്ന് തന്നെ അബ്ദുള്ള കാക്ക ഉണ്ടാക്കി ഉത്സവപറമ്പില്‍ വില്‍ക്കുന്ന ശര്‍ക്കര ജിലേബി, രണ്ടാമത് കാശ് വെച്ച് കളിക്കുന്ന കിലുക്കിക്കുത്ത് കളി. (ഇതിനാണ് ഞാന്‍ നേരത്തെ പറഞ്ഞ നിരോധനം).
രാത്രിയൊക്കെ ആകുമ്പോഴേക്കെ എല്ലാം ഒന്ന് ചൂട് പിടിക്കുകയുള്ളൂ. അതുവരെ അവിടെയൊക്കെ ചന്ത പശുക്കളെപോലെ ചുറ്റിക്കറങ്ങും. ഉത്സവം ഒന്ന് മുറുകുമ്പോഴേ കിലുക്കികുത്തിനു കളമൊരുങ്ങുകയുള്ളൂ. വാഴക്കാട് പോലീസ് സ്റ്റേഷന്‍ അത്ര ദൂരെയുമല്ല. കഴിഞ്ഞ വര്‍ഷം പത്ത് രൂപ ലാഭം നല്‍കിയ ഈ കിലുക്കിക്കുത്ത് പ്രസ്ഥാനത്തെ അവഗണിക്കാന്‍ പറ്റില്ല. ഉമ്മാന്റെ കയ്യീന്ന് അടിച്ചു മാറ്റിയ പത്ത് രൂപ ക്യാപിറ്റല്‍ മണിയും ഒരു സഹായത്തിന് കസിന്‍ ശരീഫും കൂടെയുണ്ട് അങ്കത്തിന്. എന്റെ എല്ലാ കുരുത്തകേടുകള്‍ക്കും കീ കൊടുക്കാനും തല്ലായി കിട്ടുന്ന അതിന്റെ പ്രതിഫലം പങ്കു വെക്കാനും എന്നും അവന്‍ കൂടെയുണ്ടായിരുന്നു എന്നത് ഞാന്‍ നന്ദിപൂര്‍വ്വം സ്മരിക്കുന്നു.
ഉമ്മാന്റെ വീടിന്റെ തൊട്ടടുത്താണ് എന്നതുകൊണ്ട്‌ മാത്രമാണ് ഉത്സവം കാണാന്‍ അനുമതി കിട്ടുന്നത്. ഇവടെ കിലുക്കി കുത്താണ് പരിപാടി എന്ന് അവരറിയുന്നോ. വല്യ തിരിയുള്ള വിളക്കിന്റെ വെട്ടത്തില്‍ കളി തുടങ്ങി. ആദ്യ കുത്തിന് ഞങ്ങള്‍ പങ്കെടുത്തില്ല. രണ്ടാമത്തെ കുത്തില്‍ ഞാന്‍ ഡയ്മനില്‍ ഒരു രൂപയിട്ടു. കിട്ടി. വീണ്ടും ഒന്നൂടെ ഇട്ടു. അതും കിട്ടി. ഇപ്പോള്‍ രണ്ട് രൂപ ലാഭത്തിലാണ് കമ്പനി. അടുത്ത കുത്തിലും ഇടണമെന്ന് ശരീഫ് നിര്‍ബന്ധിച്ചെങ്കിലും കിട്ടിയ ലാഭത്തിന് ശര്‍ക്കര ജിലേബി അടിക്കാതെ ഗോധയിലേക്കില്ലെന്ന എന്റെ വാശിയില്‍ അവന്‍ ഒതുങ്ങി. ഇക്കാ .. ജിലേബിയോന്നും തീര്‍ക്കല്ലേ .. ഒരു രണ്ട് റൌണ്ടും കൂടെ കഴിഞ്ഞു ഞങ്ങളിങ്ങെത്തി എന്ന് മനസ്സില്‍ പറഞ്ഞ്‌ ഞങ്ങള്‍ അടുത്ത കളിക്കിരുന്നു. പക്ഷെ കാറ്റ് എതിരാണ്. അടിച്ച ജിലേബി ലാഭം. ഇനി കയ്യില്‍ രണ്ട് രൂപയെ ഉള്ളൂ. കിട്ടിയും പോയും സമയം കുറേ പോയത് ഞങ്ങളും അറിഞ്ഞില്ല. ബാക്കിയുള്ള രണ്ട് രൂപ വച്ച് ഒരു ഡബിള്‍ കളിക്കാന്‍ ശരീഫിന്റെ നിര്‍ദ്ദേശം ഞാനവഗണിച്ചില്ല. "ക്ലാവറില്‍ ഒന്ന്, ഡയ്മനില്‍ ഒന്ന്". കാശ് ബോര്‍ഡില്‍ വീഴുന്നതിനു മുമ്പേ എന്റെ പുറത്ത്‌ വീണു രണ്ടെണ്ണം. " ..ണീറ്റ് ഓടെടാ ഹമുക്കുകളെ... ."
അമ്മാവനാണ്. സമയം കുറെയായിട്ടും കാണാത്തതിനെ തുടര്‍ന്ന് തിരഞ്ഞുവന്നപ്പോള്‍ വന്നപ്പോള്‍ കാണുന്നത് ഈ പരിപാടിയാണ്. ആള്‍ക്കാരുടെ മുമ്പില്‍ വെച്ച് കൂടുതല്‍ കിട്ടുന്നതിനു മുമ്പേ ഞാനോടി. കൂടെ ശരീഫും. പക്ഷെ എനിക്ക് മാനക്കേടായത് തല്ലു കിട്ടിയത് മൂലമാണെങ്കില്‍ അവനത്‌ ഇത്തിരി കൂടിയ ലെവലിലാണ്. അതായത് ഓടുന്ന ഓട്ടത്തില്‍ അവന്റെ മുണ്ടഴിഞ്ഞു വീണു. മാനക്കേട് രണ്ട്‌ പേര്‍ക്കും രണ്ട് രീതിയിലാണ് ഉപകാരപ്പെട്ടത്‌. ഉത്സവം കാണല്‍ ഞാന്‍ നിര്‍ത്തി. കിലുക്കിക്കുത്തും ശര്‍ക്കര ജിലേബിയും ഇല്ലാതെ എന്ത് ഉത്സവം?
പക്ഷെ ഏറ്റവും മാറ്റം വന്നത് ശരീഫിനാണ്. ഈ സംഭവത്തിന്‌ ശേഷമാണ് അവന്‍ അണ്ടര്‍ വെയര്‍ ഉപയോഗിച്ച് തുടങ്ങിയത്.
www.mansoormaruppacha.blogspot.com

Monday, April 19, 2010

ബോണ്ട കൊണ്ടൊരു ബൗണ്‍സര്‍ (ഇതും ഒരു ലവ് സ്റ്റോറി തന്നെ).

സെന്റര്‍ കോര്‍ട്ട്
www.mansoormaruppacha.blogspot.com

അന്നും ഇന്നും. ഒരു വിട്ടുവീഴ്ചക്കും തയ്യാറാകാത്ത ഒരു കാര്യമേ എനിക്കുള്ളൂ. ഭക്ഷണം.ഇന്നത്തെ ഒരു ട്രാക്ക് റെക്കോര്‍ഡ്‌ വെച്ച് നോക്കുമ്പോള്‍ നാളയും മറിച്ചാവാന്‍ ‍വഴിയില്ല.
കൊടിയത്തൂര്‍ PTM ഹൈസ്കൂളിലെ എട്ടാം ക്ലാസില്‍ ഞാന്‍ വലതുകാല് വെച്ച് കയറിയത് മുതല്‍ എന്നോടൊപ്പമുള്ള ഇഷ്ടമാണ് മയമ്മാക്കന്റെ (മുഹമ്മദ്‌ കാക്ക) ഹോട്ടലിലെ ബോണ്ട. ഒരു പ്രേമത്തിനുള്ള മൂപ്പൊന്നും സമൂഹം അനുവദിച്ചു തന്നിട്ടില്ലാത്തതിനാല്‍ എനെ സ്നേഹം മുഴുവന്‍ അനുഭവിക്കാന്‍ യോഗമുണ്ടായത്‌ ഈ ബോണ്ടകള്‍ക്കാണ്.അതാണെങ്കില്‍ സത്യായിട്ടും ഒരു ടൂവേ ലൈനും. തമ്മില്‍ കണ്ടാല്‍ രണ്ടാള്‍ക്കും ഇളക്കം തുടങ്ങും. ഷെല്‍ഫിലെ ബോണ്ടകളെല്ലാം സിക്സര്‍ അടിക്കാന്‍ പാകത്തില്‍ വരുന്ന ഫുള്‍ടോസ്സ് ബോള്‍ പോലെ തോന്നും എനിക്ക്. ഇനി വേണ്ടാന്ന് വെച്ച് പോകാന്‍ നോക്കിയാല്‍, മയമ്മാക്ക വിടില്ല. " മോനെ, എന്താ ബോണ്ട വേണ്ടേ? നല്ല ഏലക്കായ പൊടിച്ചതും ഏത്തക്കായ നിറച്ചും ഉണ്ടാക്കിയ സ്പെഷ്യല്‍ ആണ്. ഒരു രണ്ടെണ്ണം എടുക്കാം അല്ലെ"? രണ്ടെണ്ണം വെറും സ്റ്റാര്‍ട്ടര്‍ ആണെങ്കിലും അതിനപ്പുറം പോകാറില്ല. കാരണം ഫിനാന്‍ഷ്യല്‍ ക്രൈസിസൊക്കെ ചെറുവാടിയില്‍ ഇത്തിരി നേരത്തെ തുടങ്ങിയിരുന്നു.
ഉച്ചക്കാണെങ്കില്‍ ചോറ് വീട്ടില്‍നിന്നും കൊണ്ടുവരുന്നതൊക്കെ ഔട്ട്‌ ഓഫ് ഫാഷന്‍ ആയി തോന്നി തുടങ്ങുകയും ഇനി കൊണ്ട് വന്നാല്‍ അതിലെ വല്ലപ്പോഴും ഒക്കുന്ന ആംലൈറ്റ് ചങ്ങാതിമാര്‍ നേരത്തെ തട്ടുകയും ചെയ്യുന്നത് കാരണം ഞാന്‍ ലഞ്ചും മയമ്മാക്കാന്റെ ഹോട്ടലിലേക്ക് മാറ്റി.
മൂപ്പര്‍ക്കും എനിക്കും സന്തോഷം. ഒന്ന് രണ്ട്‌ മാസം സംഭവം ഭംഗിയായി മുന്നോട്ട് നീങ്ങി. പിന്നെ മയമ്മാക്ക പതുക്കെ കാശ് ചോദിച്ചു തുടങ്ങി. ഇന്ന് തരാം നാളെ തരാം എന്നൊക്കെ പറഞ്ഞു സംഗതി പിടിവിട്ടുപോയി. ശ്രീശാന്തിനെ കണ്ട ഹെയ്ഡനെ പോലെ മയമ്മാക്ക കൂടുതല്‍ സ്ട്രോങ്ങ്‌ ആയി.
സംഭവം വീട്ടില്‍ പറഞ്ഞാല്‍ സംഗതി കിട്ടും . കാശല്ല. വെടിപ്പായി ഉപ്പാന്റെ അടി. കഴിച്ച ഓരോ ബോണ്ടയും ഓരോ ബൌണ്‍സര്‍ പോലെ എന്റെ നേരെ വരുന്നു.
മയമ്മാക്കന്റെ കണ്ണില്‍ പെടാതെ ക്ലാസില്‍ കയറി പറ്റാന്‍ അധികം ഷോര്‍ട്ട് കട്ടൊന്നും ഇല്ല. മാത്രമല്ല, ഇപ്പോള്‍ അകത്തും പുറത്തും പ്രശ്നമാണ്. കണക്കിന് തോമസ്‌ മാഷിന്റെ അടുത്തുനിന്നും ഞാനൊരു അവകാശം പോലെ മേടിച്ചെടുക്കുന്ന തല്ലുണ്ട്. ഡെയിലി മിനിമം രണ്ടെണ്ണം വെച്ച് കിട്ടും.എന്നോടുള്ള ഇഷ്ടം കൊണ്ടോ എന്തോ, സാറത്‌ ഒരു ദിവസം പോലും മുടക്കിയിട്ടില്ല. ആ വര്‍ഷം തീരുന്നതുവരെ. ആ ചൂരലിന്റെ വിഷമം തീര്‍ക്കുന്നത് ഇന്റര്‍വല്‍ സമയത്തെ ബോണ്ടയടിയിലൂടെയാണ്. അടിയുടെ ഡോസിനനുസരിച്ചു ബോണ്ടയുടെ എണ്ണവും കൂടും. ഇതിപ്പോള്‍ അടി മാത്രം കൂടി, എന്റെ സങ്കടം തീര്‍ക്കാന്‍ ബോണ്ടയും ഇല്ല.
അങ്ങിനെ കാത്തിരുന്ന ആ ദിനം വന്നെത്തി, സംഗതി വീട്ടിലെത്തി. അതുമാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. എന്റെ മൂന്ന്‌ മാസത്തെ ടെന്‍ഷന്‍ ഉപ്പ മൂന്ന്‌ മിനുട്ട് കൊണ്ട് സോള്‍വ്‌ ആക്കി.സ്കോര്‍ 3 + 2 . സ്കോര്‍ ഇന്‍ ഡീറ്റയില്‍സ്.. മൂന്ന്‌ അടി, രണ്ട്‌ മേട്ടം. അതും ഹെല്‍മറ്റ് ഇല്ലാത്ത തലക്ക്. കളി തീര്‍ന്നു. മയമ്മാക്കാക്ക് ഫുള്‍ പേ എനിക്ക് ഫുള്‍ പെയിന്‍.
കഴിഞ്ഞ തവണ നാട്ടില്‍ വെച്ച് പള്ളിയില്‍ നിന്നും ഇറങ്ങിവരുമ്പോള്‍ മുന്നില്‍ മയമ്മാക്ക. പെട്ടൊന്ന് ഞാനാലോചിച്ചത് വീട്ടിലേക്കു ഷോര്‍ട്ട് കട്ടുണ്ടോ എന്നാണ്. കാരണം ആ പഴയ ചമ്മല്‍ ഇന്നും മാറിയിട്ടില്ല. എന്നാലും എന്റെ ബോണ്ട പ്രേമം ഓര്‍മ്മിപ്പിക്കാതിരുന്നില്ല മയമ്മാക്ക. രണ്ടാളും പൊട്ടിച്ചിരിച്ചു. നാട്ടില്‍ മാത്രം സാധ്യമാകുന്ന ആ തുറന്ന ചിരി.
ഇന്നലെ സല്‍മാനിയയിലൂടെ നടക്കുമ്പോള്‍ ശ്രീനിവാസ് റസ്റ്റോരന്റിലെ ഷെല്‍ഫില്‍ നിറച്ചും ബോണ്ട പൊരിച്ചത്. പോക്കറ്റില് കാശും ഉണ്ട്.
പക്ഷെ ഞാനെന്തൊക്കെയോ ഓര്‍ത്തുപോയി. ആ പഴയ സ്കൂള്‍ കാലം, തോമസ്‌ സാറ്, മയമ്മാക്ക, പിന്നെ ഉപ്പാന്റെ തല്ലും അത് കഴിഞ്ഞുള്ള സ്നേഹം നിറഞ്ഞ ഉപദേശവും. എനിക്കെന്തോ...... കഴിക്കാന്‍ തോന്നിയില്ല.