Custom Search

Tuesday, August 18, 2020

മറന്നുവോ?

 ഇങ്ങനെ ഒരു കാലം ഉണ്ടായിരുന്നു എന്ന് ആരെങ്കിലും ഓർക്കുന്നോ?

Thursday, June 11, 2015

കഥാ(പാത്രം)

ജനങ്ങൾക്ക്‌  ആവേശമായി  മാറിയിരിക്കയാണ്. മറ്റൊന്നുമല്ല സോഷ്യൽ വർക്ക്‌. ശ്രദ്ധേയമായി തുടങ്ങിയത്  ഐസ്  ബക്കറ്റ്  ചലഞ്ച് മുതൽ ആണ്. അതിനെ പിന്തുടർന്ന് പല ചലഞ്ചും വന്നെത്തി. മമ്മുക്ക കൊണ്ടുവന്നു മൈ ട്രീ ചലഞ്ച്. ഞാനും അതിന്റെ ഭാഗമാണ് കേട്ടോ? ഞാനും കൊണ്ടുവന്നു മികച്ച ഒരു ചലഞ്ച്. ബ്ലഡ് ബാഗ്‌  ചലഞ്ച് . ഒരു 6 മാസം മുൻപ് ഞാൻ രക്തദാനം ചെയ്യുന്ന ഫോട്ടോ ഫെയ്സ് ബുക്കിൽ പോസ്റ്റ്ചെയ്തു. എന്നിട്ട് സ്വഛ ഭാരത്‌  മോഡലിൽ 9 പേരെ  ചലഞ്ച് ചെയ്തു. 9 പേരും ഇതുവരെ അത് കണ്ടില്ലെന്നു തോന്നുന്നു.
          എല്ലാം  സോഷ്യൽ  മീഡിയ  മായം  ആണ് . ആള്ക്കാരുടെ  ശ്രദ്ധ  ആകർഷിക്കാൻ പക്ഷെ  കോപ്രായങ്ങൾ ഒന്നും    കാണിക്കാൻ  ഞാനില്ല . സാമൂഹ്യ  സേവനത്തിലൂടെ  ശ്രദ്ധ  ആകർഷിക്കട്ടെ . മനസ്സിന്  സന്തോഷം … മുഖത്തിന്‌  സൌന്ദര്യം .
നിശബ്ദ  സേവനമാണ്  ഏറ്റവും  ഉദാത്തം . പരസ്യമില്ലാത്ത  സേവനങ്ങൾ. പരസ്യതിന്നാണെങ്കിൽ കൂടിയും  സേവനങ്ങൾ  ചെയ്യുന്നവരെ  നിരുല്സാഹപ്പെടുതരുത്. അടുത്തിടെ  ഒരു  വാർത്ത വായിക്കുകയുണ്ടായി. കഴിഞ്ഞ  ഏഴെട്ടു  കൊല്ലമായി  തുടർച്ചയായി ആലംബമില്ലാത്ത, തെരുവ്  നിവാസികൾക്ക് ഭക്ഷണപ്പൊതി  എത്തിച്ചു  നല്കുന്ന  ഒരു  ഓട്ടോ  ഡ്രൈവർ… എങ്ങിനെ  സാധിക്കുന്നു?... 2 പെണ്മക്കളുടെ  അച്ഛനാണയാൾ. ആളുടെ  ചിത്രം  സഹിതമുള്ള  വാർത്ത. സത്യം  പറയാമല്ലോ? അത്  വായിച്ചതിനു  ശേഷം  ഞാൻ  എഴുന്നേറ്റു  നിന്ന്  അയാളുടെ  ഫോട്ടോ  നോക്കി  സല്യൂട്ട്  ചെയ്തു.
*          *          *          *          *          *
 ജോലിസ്ഥലവും  താമസ  സ്ഥലവുമായി  5 മിനിറ്റ്  ബൈക്ക്  യാത്രയെ  ഉള്ളു. താമസം  തനിച്ചാണ് . രാവിലെ  എഴുന്നേറ്റു  ഭക്ഷണം   ഉൾപ്പടെ എല്ലാം  തയ്യാറാക്കും . ഉച്ചയ്ക്ക്  വന്നു  കഴിക്കും . അങ്ങിനെ  ജീവിതം  ഒരു  ടൈം ടേബിൾ  പ്രകാരം  പോകുന്ന  സമയത്താണ്  പെട്ടന്ന്  ഒരുദിവസം  ഒരു  രൂപം  ശ്രദ്ധയിൽ  പെട്ടത്. താടിയും  മുടിയും  നീട്ടി  വളർത്തിയ ഒരു  മനുഷ്യക്കോലം . ഒരു  60-65 വയസ്സുണ്ടാവും . കയ്യിൽ വലിയൊരു  ചാക്കുകെട്ട് . ആക്രി  പെറുക്കലാണ്  ഉപജീവനം  എന്ന്  തോന്നുന്നു . ഞാൻ  പോകുന്ന  വഴിയിൽ    വലിയ  പള്ളിയുടെ  മറുവശത്ത്   കാണുന്ന  ലേഡീസ്  ബ്യൂടി പാർലർ  വരാന്തയാണ്  താവളം. ഇതിൽ  എന്നെ  ചിരിപ്പിച്ച  ഒരു  വിരോധാഭാസം  എന്തെന്നാൽ, സുന്ദരികളും  അല്ലാത്തവരും    മദാലസകളുമായി  നിരവധി  തരുണികൾ വന്നു  പോകുന്ന  ഒരു  സ്ഥാപനത്തിന്റെ  മുന്നില്    വികൃത  രൂപം  ആരാലും  ആട്ടിപ്പായിക്കപ്പെടാതെ  എങ്ങിനെ  കഴിഞ്ഞുകൂടുന്നു? പാർലർ  തുറന്നിരിക്കുമ്പോഴും  അടഞ്ഞിരിക്കുമ്പോഴും   ആളിനെ    വരാന്തയിൽ  കാണാം. ചില ദിവസങ്ങളിൽ പൊടുന്നനെ അയാളും    അയാളുടെ  ചാക്ക്  ഭാണ്ടവും   അപ്രത്യക്ഷമാവും . പിന്നെ  ഒന്നുരണ്ടാഴ്ച  കാണില്ല. പിന്നെ  വന്നാൽ  കുറഞ്ഞത്‌  2 ആഴ്ചയെങ്കിലും  തുടർച്ചയായി  കാണും . ഏരിയ   മാറി  പാട്ടപെറുക്കുന്നതാവും.
…. അത്  പോട്ടെ . ആളിനെക്കുറിച്ച്  വിശദീകരിക്കുവാനുണ്ടായ   സാഹചര്യം  പറയാം . ആളെ  ശ്രദ്ധിച്ചു   തുടങ്ങിയമുതൽ  എന്റെ  മനസ്സിൽ ഒരാശയം  മുളപൊട്ടി . ആളിന്  ദിവസവും  ഒരുപൊതി  ചോറ്  നല്കിയാലോ?–‘നിശബ്ദ  സേവനം’. അത്  ലാക്കാക്കി  ആളിനെ  നിരീക്ഷിച്ച  വകയ്ക്കു  കിട്ടിയ  കാര്യങ്ങളാണ്  മുകളിൽ ചാർത്തിയിരിക്കുന്നത്. അങ്ങിനെ  നാലഞ്ചു  ദിവസത്തെ  നിരീക്ഷണത്തിന്  ശേഷം  ഞാൻ  എന്റെ  കർമപാതയിലെയ്ക്കു  തിരിഞ്ഞു. എനിക്കായി  ഉണ്ടാക്കിയ  ഭക്ഷണത്തിന്റെ  ഒരു  ഭാഗം  പൊതി   കെട്ടി  രാവിലെ  ഓഫീസിലേയ്ക്ക്  പോകുമ്പോൾ  കൂടെ  കരുതി. ബൈക്കിൽ  കേറി  യാത്ര  തുടങ്ങുമ്പോൾ  മനസ്സിൽ  ഒരു  സങ്കോചമോ  ആശങ്കയോ   ഭയമോ  എന്തൊക്കെയോ  എന്നെ  വേട്ടയാടാൻ  തുടങ്ങി. അയാള്  അവിടെ  ഉണ്ടാവുമോ? എന്റെ  ഭക്ഷണം  ഇഷ്ടപ്പെടുമോ? ഭ്രാന്തനാണേൽ  പൊതി  വലിച്ചെറിയുമോ? എന്നെ  ചീത്ത  വിളിക്കുമോ? ധാരാളം  ആൾക്കാർ  കടന്നുപോകുന്ന  റോഡാണ് മുന്നിൽ. അങ്ങിനെ മനസ്സിൽ രണ്ടു കൂടുകൾ രൂപം കൊണ്ടു. ഒരു പ്രതിക്കൂടും ഒരു വാദിക്കൂടും. ഈ സന്ദർഭങ്ങളിൽ മിക്കവാറും വാദിക്കാണ് ജയം ഉണ്ടാവുക. ഓരോ ചോദ്യങ്ങള്ക്കും വാദിക്കൂട്ടിൽ നിന്നും വാദം ഉയർന്നുതുടങ്ങി. അയാൾ അവിടെ ഇല്ലെങ്കിൽ ഭക്ഷണപ്പൊതി ഓഫീസിൽ കൊണ്ടുപോകണം. ഉച്ചയ്ക്ക് വീട്ടിലേയ്ക്ക് വരാതെ കഴിച്ചുകൂട്ടാമല്ലോ? പൊതി വാങ്ങിയില്ലേൽ നീ എന്തിനാ ചമ്മുന്നെ? നീ ഒരു social worker അല്ലെ? ഇതിലും വലുത് പലതും നിനക്ക്നേരിടേണ്ടിവരും. ഉം….പിച്ചക്കാരനല്ലേ നിന്റെ ഭക്ഷണം  ഇഷ്ടപ്പെടാതെ വരിക? ഭക്ഷണത്തിന് വിശപ്പ്‌ നല്ലൊരു കറി ആണ് . മറക്കേണ്ടാ. നീ നാലഞ്ചുനാൾ അയാളെ നിരീക്ഷിച്ചതല്ലേ? ഭ്രാന്തനാണെന്ന് തോന്നീട്ടുണ്ടോ? ആരെയെങ്കിലും ചീത്തവിളിക്കുന്നതായി കണ്ടിട്ടുണ്ടോ?
വാഗ്വാദങ്ങൾക്കിടയിൽ ഞാൻ നമ്മുടെ കഥാനായകന്റെ താവളത്തിൽ എത്തി. ഭാഗ്യം! ആളവിടെ ഉണ്ട്. തന്റെ ഭാണ്ഡത്തിൽ നിന്നും എന്തൊക്കെയോ തിരയുകയാണ്. മറ്റൊന്നും ശ്രദ്ധിക്കുന്നില്ല. ഞാൻ വണ്ടി സ്റ്റാൻഡിൽ വച്ച് തെല്ലു സങ്കോചത്തോടെ അയാളുടെ അരികിലേയ്ക്ക് ചെന്നു. വാഹനങ്ങൾ തെരുവിലൂടെ തലങ്ങും വിലങ്ങും പോകുന്നുണ്ട്. ബസ്സിലെ യാത്രക്കാർ- അവർക്ക് പ്രത്യേകിച്ച് പണിയൊന്നും ഇല്ലാത്തതുകൊണ്ട് രണ്ടു കണ്ണുകൾ നാലാക്കി ഞങ്ങളെ നോക്കുന്നുണ്ട്. ഞാൻ കുറച്ചുകൂടി അടുത്ത് ചെന്ന് അയാളുടെ അരികില ഇരുന്നു. പെട്ടന്ന് കിഴവാൻ തന്റെ ഭാണ്ഡം അടച്ചു വച്ച് വെട്ടിത്തിരിഞ്ഞ് എന്നെ നോക്കി. ഞാൻ പിറകോട്ടു ചെറുതായൊന്നു മലച്ചപോലെ. ഒരു കറുത്ത രോമം പോലും ഇല്ലാത്ത വെളുത്ത താടിമീശ നീണ്ടുവളർന്ന് മാറോളം എത്തി നില്ക്കുന്നു. വായോടു ചേർന്ന് നില്ക്കുന്ന വെള്ളി രോമാങ്ങൾക്ക് ചെമ്പുപൂശിയിരിക്കുന്നു. തലയിലെ രോമങ്ങളുടെ സ്ഥിതി അറിയണമെങ്കിൽ തലപ്പാവഴിക്കണം വെളുത്ത് (കറുത്ത) ഒരുടുപ്പ്‌. നീല കള്ളിമുണ്ട്.
എന്നെത്തന്നെ നോക്കി കണ്ണുകൾകൊണ്ട് കുറെ ചോദ്യങ്ങളെയ്തു. ഞാൻ അവയ്ക്കെല്ലാം മറുപടിയായി പൊതി വച്ച് നീട്ടി. അയാള് പൊതിയും എന്നെയും മാറിമാറി നോക്കി. അത് വാങ്ങാൻ കൂട്ടാക്കിയില്ല. രംഗം അങ്ങിനെ തന്നെ തുടരാൻ താല്പര്യമില്ലാതതുകൊണ്ട് ഞാൻ പെട്ടന്ന് തന്നെ പൊതി അവിടെ വച്ച് എഴുന്നെറ്റു. വണ്ടിയിൽ കയറി ഹെൽമറ്റ് തലയില തിരിക്കും മുന്നേ കിഴവനോട് ആങ്ങ്യ ഭാഷയിൽ പറഞ്ഞു-“ഭക്ഷണമാണ്. നിങ്ങൾക്കുള്ളത്‌”. 
ബൈക്കിൽ കേറി ആദ്യ ഘട്ടം വിജയിച്ചതിന്റെ സന്തോഷത്തിൽ ഞാൻ നിറഞ്ഞ മനസ്സോടെ ഓഫീസിലേയ്ക്ക് പോയി. പോണവഴിയിൽ റോഡ്ടാർ ചെയ്യാൻ പണം അനുവദിച്ച MLA യുടെ പേരില് ഫ്ലെക്സ് വച്ചിരിക്കുന്നത് കണ്ടിട്ട് എനിക്ക് പുച്ഛം തോന്നി. ഇത് കണ്ടാൽ തോന്നും പുള്ളിയുടെ കുടുംബ സ്വത്താണ് അനുവദിച്ചു കൊടുത്തതെന്ന്. ഓഫീസിലെ ഫ്രീ ടൈമിൽ ഫേസ് ബുക്കിൽ എന്റെ സാമൂഹ്യ സേവനത്തെ കുറിച്ച്  പോസ്റ്റ്ഇട്ടാലോ എന്ന് ആലോചിച്ചു. നിശബ്ദ സേവനം എന്ന ആശയം എന്നെ ഉദ്യമത്തിൽ നിന്നും പിന്തിരിപ്പിച്ചു.
വൈകുന്നേരം തിരികെ വരുമ്പോൾ നമ്മുടെ കഥാനായകന്റെ സങ്കേതം ഞാൻ ദൂരേന്നു തന്നെ വീക്ഷിക്കാൻ തുടങ്ങി. ആൾ അവിടെ തന്നെ ഉണ്ട്. ഇന്ന് ഭക്ഷണം കിട്ടിയതുകൊണ്ട് പണിക്കു പോകാഞ്ഞതാവും. അടുത്ത് വന്നപ്പോൾ അധികം ശ്രദ്ധിക്കാതെതന്നെ ഞാൻ അയാളെ കടന്നു പോയി.
വീട്ടിലെത്തിയപ്പോൾ നാളത്തെ ഭക്ഷണത്തെക്കുറിചായി ചിന്ത. ചിന്തകൾ കാടുകേറിയപ്പോൾ മനസ്സില് വീണ്ടും കോടതി മുറി രൂപംകൊണ്ടു. വാദി: ".... പിന്നെ..... പിച്ചക്കാരനാണ് ഇയ്യാള് സദ്യ ഒരുക്കാൻ പോണത്?" കണ്ടോ കണ്ടോ? രാവിലെ എല്ലാം +ve ആയി ചിന്തിച്ച വാദി ദേ മലക്കം മറിഞ്ഞു -ve വിളമ്പുന്നു. -അയ്യാളെ കുറിച്ച് കാര്യങ്ങൾ തിരക്കണം. പേര്, നാട്, കുടുംബം.... അങ്ങിനെയങ്ങിനെ... പറ്റുമെങ്കിൽ അയ്യാളുടെ ജീവിത കഥ ചോദിച്ചു മനസ്സിലാക്കണം. പുതിയൊരു സൃഷ്ടിക്ക് എന്തേലും ത്രെഡ് കിട്ടിയാലോ?
നേരം വീണ്ടും വെളുത്തു. പതിവ് കൃത്യങ്ങൾ. ഇപ്പ്രാവശ്യം ഭക്ഷണപ്പൊതി നല്കാൻ വലിയ വൈക്ലബ്യം ഉണ്ടായില്ല. എന്നെ പ്രതീക്ഷിച്ചിരിക്കും പോലെ ഞാൻ വരുന്ന വഴിയിലേയ്ക്കു നോക്കി ആൾ ഇരിപ്പുണ്ടാരുന്നു. ചോദിക്കാൻ മനസ്സിൽ തയ്യാറാക്കി വച്ചിരുന്ന ചോദ്യങ്ങൾ പക്ഷെ ചോദിക്കാൻ മുതിർന്നില്ല. കുറച്ചുകൂടി പരിചയമാവട്ടെ എന്നിട്ട് ചോദിക്കാം
ദിവസങ്ങൾ കൊഴിഞ്ഞു. വൃദ്ധൻ എന്റെ ജീവിതത്തിന്റെ ഭാഗമായി മാറിയത് പെട്ടന്നായിരുന്നു. ഒരു പക്ഷെ ചെയ്യുന്ന നന്മകൾ ഗർഭവതിയായ എന്റെ ഭാര്യയുടെ ഉദരത്തിലെ എന്റെ പൈതലിനു നന്മ മഴയായി പെയ്തിറങ്ങട്ടെ. വൃദ്ധനുമായുള്ള ബന്ധം പക്ഷെ ഭക്ഷണപ്പൊതിയിൽ മാത്രമായി ഒതുങ്ങി... വളരെ നാളുകൾ കഴിഞ്ഞെങ്കിലും അയാള് തന്റെ മൌനത്തിന്റെ വേലിക്കെട്ടു തകർക്കാൻ ശ്രമിച്ചില്ല. സ്വതവേ സംസാരപ്രിയനും സരസനുമായ എന്റെ സംഭാഷണത്തിന് ഒരിക്കല്പോലും അദ്ദേഹത്തിന്റെ മൌനത്തെ ഭഞ്ജിക്കാൻ  കഴിഞ്ഞില്ല. കിളവൻ 'ജപൻ' ആണോ എന്നെ സംശയം എന്റെ മനസ്സിൽ ബലപ്പെട്ടു. എങ്കിലും അയാൾക്ക്എന്റെ മനസ്സിൽ എന്റെ കുടുംബാംങ്ങളോളം സ്ഥാനം കൈവന്നത് ഞാൻ മനസ്സിലാക്കി.
പെട്ടന്ന് ഒരു സുപ്രഭാതത്തിൽ കിഴവൻ അപ്രത്യക്ഷനായി. എങ്ങോ മറഞ്ഞ കിളവന്റെ ആരോഗ്യത്തിനായി പ്രാർധിച്ചുകൊണ്ട്   അന്നത്തെ ഭക്ഷണപ്പൊതി ഞാൻ ഉച്ചയ്ക്ക് അകത്താക്കി. പിന്നീടുള്ള എന്റെ ദിനങ്ങൾ വളരെ വിരസങ്ങളായി എനിക്ക് തോന്നി. വിരസതയ്ക്ക് വിരാമമിട്ടുകൊണ്ട് അയാൾ ശക്തമായി തിരിച്ചെത്തി. പഴയ രൂപത്തിൽ പഴയ പുഞ്ചിരിയുമായ്...'എവിടെയാരുന്നു രണ്ടാഴ്ചക്കാലം? ഞാൻ കരുതി വല്ല അപകടവും....' അതിനും മറുപടി ഇല്ല. എന്റെ സേവനം ഞാൻ പുനരാരംഭിച്ചു. സൽപ്രവർത്തി നല്കുന്ന നവ്യാനുഭൂതിയിൽ ഞാൻ നീന്തി നീരാടി
" ഭാര്യ പ്രസവിച്ചു. ഇന്ന് വൈകിട്ട് ഞാൻ നാട്ടിലേയ്ക്ക് പോകും. 2 ദിവസം കഴിഞ്ഞേ വരൂ. ഞാൻ ആങ്ങ്യ ഭാഷയിലും അല്ലാതെയും കിഴവനോട് പറഞ്ഞു. കുട്ടി ആണോ പെണ്ണോ എന്ന് മനപ്പൂർവം ഞാൻ പറയാതിരുന്നു. അയാൾ ദയകലർന്ന ഒരു പുഞ്ചിരിയോടെ എന്നെ യാത്രയാക്കി.    
*          *          *          *          *          *
"എടാ ചങ്കരാ... നീ പോയിട്ട് കുറെ നാളായല്ലോ? ഇവിടെ മലപോലെ ജോലികിടക്കുമ്പോ നീയവിടെ കൊച്ചിനേം കളിപ്പിച്ച് ഇരുന്നോ."
മണി സാർ ആണ്. എന്റെ ബോസ്സ്. ആൾ ഇങ്ങിനെയാ ഒരു ബെല്ലും ബ്രേക്കും ഇല്ലാതെ സംസാരിക്കും.
"ആകെ രണ്ടു നാളല്ലേ ആയുള്ളൂ സർ? ഞാൻ നാളെ രാവിലെ ഓഫീസിൽ കാണും. ബാക്കിയുള്ള മല ഇടിച്ചു നിരത്താൻ."
" പിന്നെ ഒരു കാര്യം. നിന്നെ അന്വേഷിച്ച് പോലീസ് വന്നിരുന്നു. എന്തോ നിന്നോട് ചോദിച്ചറിയാൻ ഉണ്ട് പോലും."
"എന്നെയോ?! പോലീസോ?!.... ഞാൻ പാസ്പോർടിനു അപേക്ഷിചിട്ടുണ്ടാരുന്നു. അതിന്റെ വെരിഫിക്കേഷൻ ആവും."
"അപ്പൊ നാളെ കാണാം. ടോമിക്ക് നെറ്റിൽ പെണ്ണ് തപ്പുന്ന തിരക്കിലാ... നീ ഫോണ്വച്ചോ..."
*          *          *          *          *          *
"ഗുഡ് മോണിംഗ് സർ. എന്റെ പേര് ശങ്കർ. ഇന്നലെ എന്നെ അന്വേഷിച്ച് ഓഫീസിൽ ചെന്നിരുന്നു എന്ന് പറഞ്ഞു?" പരിഭ്രമത്തിന്റെ കാൽവയ്പ്പുകളുമായ് ഞാൻ പോലീസ് സ്റ്റെഷന്റെ പടവുകൾ താണ്ടി.
" ഒന്ന് wait ചെയ്യു. ഞാൻ സർ നോട് ചോദിച്ചിട്ട് വരാം" കോണ്സ്ടബിൾ SI യുടെ കാബിനിലേക്ക്പോയി.
            " സർ വിളിക്കുന്നു. അകത്തേക്ക് ചെന്നോളൂ"
"ഗുഡ് മോണിംഗ് സർ. ഞാൻ ശങ്കർ."
"ഉം. ഇരിക്കൂ."
SI തിടുക്കപ്പെട്ട് റാക്കിൽ നിന്ന് ഒരു ഫയൽ എടുത്തു.
" ആളെ പരിചയമുണ്ടോ?" ഫയലിൽ നിന്ന് ഒരു ഫോട്ടോ എനിക്ക് നീട്ടി അദ്ദേഹം ചോദിച്ചു.
ഞാൻ കുറച്ചുനേരം ഫോടോയിലേക്ക് മിഴിച്ചു നോക്കിയിരുന്നു.
"ഉവ്വ് സർ. ഞാൻ ഇയാളെ അറിയും."
"എങ്ങിനെ അറിയാം?"
"നമ്മുടെ പുത്തെത്ത് പള്ളിയുടെ അരികിൽ ഉണ്ടാവാറുള്ള ഒരു യാചകനാണിയാൾ."
"അത്രേ അറിയാവൂ നിങ്ങള്ക്ക് ഇയാളെപ്പറ്റി?"
"അയാൾക്ക്ഞാൻ ഇടയ്ക്ക് ഭക്ഷണം നല്കിയിരുന്നു. പള്ളിയിൽ വരുന്നവരോട് യാചിച്ചും ആക്രി പെറുക്കിയുമാണ് അയാൾ ജീവിച്ചിരുന്നത്?"
"ഹും...യാചിച്ചും ആക്രിപെറുക്കിയും..... നിങ്ങൾ കണ്ടിട്ടുണ്ടോ?"
ശരിയാണ്. ഇതുവരെ  അയാൾ യാചിക്കുന്നതായോ പാട്ട പെറുക്കുന്നതായോ ഞാൻ കണ്ടിട്ടില്ല.
"ഇല്ല സർ.. ഞാൻ കണ്ടിട്ടില്ല. ബട്ട്; അയാളുടെ രൂപം കണ്ടിട്ട്....."
"ആഹാ.... അത് കൊള്ളാം. നല്ല തമാശ. സുഹൃത്തേ..ആരെയും അവരുടെ രൂപം കണ്ടിട്ട് അനലൈസ് ചെയ്യരുത്." SI അൽപനേരം മൌനം പാലിച്ചു. "ഉം..... അതിൽ കവിഞ്ഞ് ഒരു ബന്ധവും നിങ്ങൾ തമ്മിൽ ഇല്ല?"
"ഇല്ല സർ" ഉദ്വേഗത്തിന്റെ നിമിഷങ്ങൾ നീളുമ്പോൾ എന്നിൽ പരിഭ്രമം ഏറിവന്നു.
SI തുടർന്നു. "സുഹൃത്തേ... നിങ്ങൾ ഉദ്ദേശിക്കുന്ന രീതിയിൽ ഒരാളല്ല അത്. പേര് മരുത് പാണ്ട്യൻ. ചെറുപ്പത്തിലെ തമിഴ്നാട്ടിൽ നിന്നും കേരളത്തി വന്നു. അല്ലറ ചില്ലറ മോഷണവും പിടിച്ചുപറിയും ഒക്കെയായി ഇവിടെയങ്ങ് വേരുപിടിച്ചു. കണക്കിൽ കവിഞ്ഞ സ്വത്തിന്റെ ഉടമ. എങ്കിലും ഇപ്പോഴും ഫീൽഡിൽ സജീവം. അയാൾ ഇന്ന് കേരളത്തിൽ സജീവമായ ഒരു മയക്കുമരുന്ന് racket ലെ പ്രധാന കണ്ണിയാണ്. മുൻ താവളം ത്രിശൂർ. അവിടുത്തെ പോലീസ് തിരിച്ചറിഞ്ഞു എന്ന് മനസ്സിലാക്കിയപ്പോ location ഇവിടെയ്ക്ക് മാറ്റിയതാണ്. ഇത് നോക്കൂ..." 
SI ഒരു പഴയ സായാഹ്ന പത്രം എനിക്ക് നീട്ടി. അതിന്റെ ആദ്യ പേജിൽ തന്നെ വൃദ്ധൻ ഉൾപ്പെടുന്ന ചില സംഭവ ദൃശ്യങ്ങൾ. SI തുടർന്നു.
"തൃശൂർ നഗരത്തിൽ പട്ടാപ്പകൽ ലഹരി വിലക്കുന്നതിന്റെ ദൃശ്യങ്ങൾ ആണ് നിങ്ങൾ കാണുന്നത്. അതിൽ നിങ്ങളുടെ പരിചയക്കാരനായ അഗതി ഉണ്ടോന്നു നോക്കൂ. സുഹൃത്തേ നിങ്ങളുടെ പൊതിച്ചോറിന്റെ ആവശ്യമൊന്നും അയാൾക്കില്ല. ഒരുപക്ഷെ അയാൾ ദിവസവും നിങ്ങളെക്കാൾ മികച്ച ഭക്ഷണമാവും കഴിച്ചുകൊണ്ടിരിക്കുന്നത്."
എനിക്ക് ഒന്നിനെക്കുറിച്ചും ഒരു രൂപവും കിട്ടിയില്ല. SI തുടർന്നു.
"സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ ആണ് ഇയാൾ നഗരത്തിൽ ഉള്ള വിവരം ഞങ്ങൾക്ക് തന്നത്. എന്നാൽ പോലീസിന് അയാളെ പറ്റി വിവരം ലഭിച്ചു എന്ന് അയാൾ എങ്ങിനെയോ മനസ്സിലാക്കി ഇവിടെ നിന്നും മുങ്ങി. പള്ളിയുടെ പരിസരത്തും കാണാൻ സാധ്യതയുള മറ്റിടങ്ങളിലും ഞങ്ങൾ 2 നാൾ തിരഞ്ഞു. ആളിന്റെ പൊടിപോലും കിട്ടിയില്ല. അങ്ങിനെയാണ് അന്വേഷണം നിങ്ങളിലേക്ക് തിരിഞ്ഞത്. നിങ്ങള്ക്ക് എന്തെങ്കിലും വിവരം തരാൻ കഴിയും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു."
"സത്യമായും ഇല്ല സർ. അയാൾ ഒരിക്കൽപോലും എന്നോട് സംസാരിച്ചിട്ടില്ല. ഒരുപക്ഷെ ഊമ ആയിരിക്കാം. വേറൊന്നും എനിക്കറിയില്ല. ഞാൻ ഒരു സദുദ്ദേശത്തോടെ....."
"ഉം... അയാൾ ഊമയൊന്നും അല്ല. ഞാൻ നിങ്ങളെ കുറിച്ചും അന്വേഷിച്ചു. പേര് ശങ്കർ സത്യരാജൻ. സോഷ്യൽ വർകർ, ആക്ടീവ് ബ്ലഡ് ഡോണർ, പരിസ്ഥിതി പ്രവർത്തകൻ, സാഹിത്യകാരാൻ, കലാകാരൻ..... അങ്ങിനെ നീളുന്നു വിശേഷണങ്ങൾ. നിങ്ങളുടെ fb അക്കൗണ്ട്ഞങ്ങൾ പരിശോധിച്ചിരുന്നു. (ഇതാവണം ഡാ പോലീസ്). വാട്സപിലും fb യിലും ഇപ്പോൾ നിങ്ങളാണ് ഹീറോ. വീഡിയോ കണ്ടില്ലേ?"
"ഇല്ല സർ. ഞാൻ രണ്ടുനാൾ നല്ല തിരക്കിലാരുന്നു."
SI തന്റെ മൊബൈലിൽ ഒരു വീഡിയോ ക്ലിപ് എനിക്ക് കാട്ടിത്തന്നു. ഞാൻ ബൈക്കിൽ വരുന്നു. കിഴവന് ഭക്ഷണപ്പൊതി നല്കുന്നു, ഞാൻ പോയതിനു ശേഷം കിഴവൻ അത് തെരുവ് നായ്ക്കൾക്ക് കൊടുക്കുന്നു. ദൈവമെ! ഞാൻ എത്രനാൾ ഭക്ഷണം കൊടുത്തോ അത്രേം ദിവസത്തെയും ദൃശ്യങ്ങൾ നന്നായി എഡിറ്റ്ചെയ്ത് കാപ്ഷൻ ഒക്കെ കൊടുത്ത് ഭംഗിയാക്കി അവതരിപ്പിച്ചിരിക്കുന്നു. 'പാത്രം അറിഞ്ഞു വിളംബിയില്ലെങ്കിൽ....' എന്ന തലവാചകത്തോടെ തുടങ്ങുന്ന വീഡിയോ ഏകദേശം രണ്ടര മിനിറ്റ് ഉണ്ട്. ഏതോ വീടിന്റെ ടെറസ്സിൽ നിന്ന് പകര്തിയതാണ് ദൃശ്യങ്ങൾ.
" വീഡിയോ തൃശൂർ CI കണ്ടിട്ട് ആളിനെ തിരിച്ചറിയുകയായിരുന്നു. വീഡിയോയിലെ പശ്ചാത്തലം മനസ്സിലാക്കി സ്റ്റേഷൻ അതിര്തിയിലാണ് സംഭവം എന്നത് അറിഞ്ഞപോഴേ നിങ്ങളെ രണ്ടാളെയും തപ്പാൻ തുടങ്ങി. താങ്കൾ ജനുവിൻ ആണെന്ന് വീഡിയോ കണ്ടപ്പോഴേ ഞങ്ങൾക്ക് മനസ്സിലായി. എങ്കിലും നിങ്ങളില്ക്കൂടി അയാളിലെയ്ക്കെത്താൻ  എന്തെങ്കിലും പഴുത്തു ലഭിക്കും എന്ന് ഞങ്ങൾ പ്രതീക്ഷിച്ചു. ബുദ്ധിമുട്ടിച്ചതിൽ ക്ഷമിക്കണം. ഇങ്ങിനെ ഒരു സംഭവം ഉണ്ടായെന്നു കരുതി സേവന പ്രവർത്തനങ്ങൾ ഒന്നും നിർത്തേണ്ട. കേട്ടോ?"
     SI ചിരിച്ചുകൊണ്ട് എനിക്ക് ഹസ്ത ദാനം നല്കിഅതുവരെയുള്ള എന്റെ പിരിമുറുക്കങ്ങൾക്ക് വാക്കുകൾ ആശ്വാസമായി.
ബൈക്കിൽ തിരികെ ഓഫീസിലേയ്ക്ക് പോകുമ്പോൾ കഴിഞ്ഞ കാര്യങ്ങൾ എന്റെ മനസ്സിൽ മിന്നലാട്ടമായിപാത്രം അറിഞ്ഞേ വിളമ്പാവൂ.... പാത്രം അറിയാൻ താൻ നാലഞ്ചുനാൾ അയാളെ നിരീക്ഷിച്ചതല്ലേ? പാത്രങ്ങൾ ഇമ്മാതിരിയായാൽ നാലഞ്ചു കൊല്ലം നിരീക്ഷിചാലും അറിയാൻ പറ്റില്ല. പക്ഷെ ഒരു മരുതിനും ഒരു പാണ്ട്യനും എന്റെ സോഷ്യൽ കമ്മിറ്റ്മെന്റ് തകർക്കാം എന്ന് കരുതേണ്ടാ. ഇനി നൂറു മരുത് വന്നാലും പാത്രങ്ങളിലൊക്കെ ഞാൻ വിളമ്പും…. എന്തൊക്കെ ആയാലെന്നാ? വൈറലായ ഒരു വീഡിയോയിൽ അഭിനയിക്കാൻ പറ്റിയല്ലോ? നന്ദി പറയേണ്ടത് തെരുവ് നായ്ക്കൾക്കാണ്. ഞാൻ ഉണ്ടാക്കിയ ഭക്ഷണം അവറ്റകൾ കഴിച്ചല്ലോ?!!!!!