Custom Search

Saturday, December 10, 2011

മുസഫര്‍ കമാല്‍ ഹുസൈന്‍ .. നീ തന്നെയാണോ ഇപ്പോഴും ഇന്ത്യ ഭരിക്കുന്നത്‌..?

മുഗള്‍ വംശ പരമ്പരയുടെ പിന്മുറക്കാര്‍ ഇപ്പോള്‍ എവിടെയാകും...?

സ്നേഹപൂര്‍വ്വം വായനക്ക് ക്ഷണിക്കുന്നു

മുസഫര്‍ കമാല്‍ ഹുസൈന്‍ .. നീ തന്നെയാണോ ഇപ്പോഴും ഇന്ത്യ ഭരിക്കുന്നത്‌..?


മന്‍സൂര്‍ ചെറുവാടി

Friday, November 18, 2011

നാലു കവിതകള്‍

നാലു കവിതകള്‍
1,കറുപ്പനും വെളുപ്പനും
കറുപ്പനും വെളുപ്പനും ഓടാന്‍ തുടങ്ങി
വെളുപ്പന്‍ നൂറു നാഴിക ഓടി ജയിച്ചപ്പോള്‍
കറുപ്പന്‍ അറുപതു നാഴികയില്‍ ഓട്ടം നിര്‍ത്തി.

2,വാതം
വാദിക്കുമ്പോള്‍ ഇടഞ്ഞവാക്കാണ്,
വാതമുണ്ടെന്നു അറിയിച്ചത്.

3,പിത്തം
മുഖങ്ങള്‍ക്ക് മഞ്ഞവര്‍ണ്ണം കൂടിയപ്പോള്‍,
പിത്തത്തിനുള്ള ചികിത്സ തേടേണ്ടി വന്നു.


4,കഫം
വാക്കുകളിലെ പുളിപ്പാണ്,
കട്ടികൂടിയ കഫത്തെ ഓക്കാനിച്ചത്

Thursday, October 27, 2011

സൈബര്‍ കൂട്ടായ്മ - ഓണ്‍ലൈന്‍ എഴുത്തുകാരുടെ സംഗമം

ബഹറിന്‍ കേരളീയ സമാജം സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ സൈബര്‍ കൂട്ടായ്മ - ഓണ്‍ലൈന്‍ എഴുത്തുകാരുടെ സംഗമം സംഘടിപ്പിക്കുന്നു . ഒക്ടോബര്‍ 30 ഞായര്‍ രാത്രി 8 മണിക്ക് ബഹറിന്‍ കേരളീയ സമാജത്തില്‍ വെച്ചു നടക്കുന്ന പരിപാടിയില്‍ ഓണ്‍ലൈന്‍ എഴുത്തുകള്‍/ബ്ലോഗുകള്‍ പരിചയപ്പെടുത്തുന്നു. ഏവര്‍ക്കും സ്വാഗതം

കൂടുതല്‍ വിവരങ്ങള്‍ക്ക് സജി മാര്‍ക്കോസ്, മിനേഷ് എന്നിവരുമായി ബന്ധപ്പെടുക

മൊബൈല്‍: 39471633 /wall4bks@gmail.com

Saturday, August 13, 2011

രാഖി വര്‍ഗ്ഗീയ വല്ക്കരിക്കപ്പെടുമ്പോള്‍......


**********************************************
രാഖി ഒരു ആശയ വിനിമയമാണ്‌..ഭാഷയുടെ മറ്റൊരു  രൂപം.കൈകൊട്ടലും ,ചൂളമടിയും  കണ്‍ മുനയേറ് മൊന്നും. ഒരു അടയാള ഭാഷയായി അന്ഗീകരിക്കപ്പെട്ടിട്ടില്ല. അതുകൊണ്ട് അത്തരക്കാരില്‍ നിന്ന് രക്ഷ നേടാന്‍ വേണ്ടിയാകണം.ഇന്നത്തെ യുവത രാഖി കെട്ടുന്നത്. എന്ന് നമുക്ക് കൌതുക പൂര്‍വ്വം പറയാം.അല്ലെങ്കില്‍ ഭാഷാപരമായി വിലയിരുത്താം .ഇവിടെ നാം വളരെ ശ്രദ്ധിക്കേണ്ടത്  രാഖി ഒരു  അടയാളമാണ് എന്ന വസ്തുതയാണ്.അടയാള ങ്ങളിലൂടെ ആശയ വിനിമയം നടത്തുക എന്ന രീതി. ചുവന്ന കൊടി കാണുമ്പോള്‍ അപകടമാണെന്നും നാം മനസ്സിലാക്കുന്നത് പോലെ.ഒരു പച്ചക്കൊടി കാണുമ്പോള്‍ ഡ്രൈവര്‍ നിര്‍ത്താതെ ട്രെയിന്‍ ഓടിക്കുന്നത് ഇതിന്റെ മറ്റൊരു രൂപമാണ്.

രാഖിയുടെ ഐതിഹ്യം ഇങ്ങനെയാണ്. ഒരിക്കൽ ദേവന്മാരും അസുരന്മാരും തമ്മിൽ യുദ്ധം നടന്നു.ദേവന്മാർ പരാജയപ്പെടാൻ തുടങ്ങിയപ്പോൾ ഇന്ദ്രന്റെ പത്നിയായ ‘ശചി’ ഇന്ദ്രന്റെ കയ്യിൽ രക്ഷയ്ക്കായി,രാഖി കെട്ടികൊടുക്കുകയും,ഈ രക്ഷാസൂത്രത്തിന്റെ ബലത്തിൽ, ഇന്ദ്രൻ ശത്രുക്കളെ പരാജയപ്പെടുത്താൻ ശക്തി നേടി.വിജയവുമായി തിരിച്ച് വന്ന ആ ദിവസം മുതൽ ‘രക്ഷാബന്ധൻ‘ എന്ന ഉത്സവം ആരംഭമായി...ഇവിടെ ഭാര്യ ഭര്‍ത്താവിന്റെ കയ്യില്‍ കെട്ടി കൊടുത്തത് ആണ് രാഖി .എന്നത് വളരെ ശ്രദ്ധിക്കുക.

 
സിക്കന്ദറും പുരുവും തമ്മിലുള്ള ചരിത്രപ്രധാനമായ യുദ്ധം ആരംഭിക്കുന്നതിന് മുമ്പ്, സിക്കന്ദറുടെ കാമുകി,പുരുവിനെ സമീപിക്കുകയും,കൈകളിൽ രാഖി കെട്ടിച്ച് സഹോദരനാക്കുകയും ചെയ്ത്,യുദ്ധത്തിൽ സിക്കന്ദറെ വധിക്കുകയില്ല എന്നു ഒരു സത്യവചനവും വാങ്ങി.പുരു,കൊടുത്ത വാക്ക് പാലിക്കുകയും ചെയ്തു.രക്ഷാബന്ധന്റെ മഹത്ത്വം കാണിക്കുന്ന സംഭവമായാണ്  ഇത് ഇന്നും കണക്കാക്കുന്നത്.ഇവിടെ കാമുകനെ രക്ഷിക്കാന്‍ കാമുകിയാണ് ചെയ്യുന്നത്.

മുകളില്‍ സൂചിപ്പിച്ച ഈ രണ്ടു അവസരങ്ങളും   യുദ്ധവുമായി ബന്ധപ്പെട്ടതാണ്.

ഇതിനിടയില്‍ ഇത് എവിടെ വെച്ചാണ് സഹോദരി സഹോദര ബന്ധം എന്ന നിലയിലേക്ക് രാഖി മാറ്റി മറിക്കപ്പെടുന്നത്.
കുത്താന്‍ ഓങ്ങി യവനോട്  
അരുതെന്ന പറയുന്ന കയ്യില്‍ ഒരു രാഖി കാണുമ്പോള്‍ അത് ഒരു ഹിന്ദു വാണ്‌ എന്ന് തിരിച്ചറിയുന്നു.അങ്ങിനെ അത് ഒരു അടയാള വാക്കാകുന്നു.അയാള്‍ ശൂലം  താഴ്ത്തി തിരിച്ചു അടുത്ത ആളിലേക്ക് നീങ്ങുന്നു.തൊപ്പി അണിഞ്ഞവന്‍ വാളു വീശുമ്പോള്‍ കയ്യില്‍ രാഖിയില്ലെങ്കില്‍ സ്വ മതസ്ഥന്‍ എന്ന് കണക്കാക്കുകയും രാഖി കെട്ടിയവനെ തിരഞ്ഞു പോകുന്നു.ഈ  വിധം ഒരു പൊതു വര്‍ഗീയമായ അടയാളമായി രാഖി മാറി കൊണ്ടിരിക്കുന്നത് വളരെ നിസ്സാരമായ ഒരു കാര്യമാണ് എന്ന് തോനുന്നില്ല.ശ്രീമതി.ഇന്ദിരാ ഗാന്ധിയുടെ മരണാനന്തരം ഡല്‍ഹിയില്‍ സിഖുകാര്‍ കൂട്ടക്കൊല ചെയ്യപ്പെടാന്‍ ഇടയായത് അവരെ മത ചിഹ്നങ്ങളിലൂടെ തിരിച്ചറിയാന്‍ കഴിയുമായിരുന്നു എന്ന ഒറ്റ കാരണം കൊണ്ടാണ്.ബോംബെ കലാപങ്ങളില്‍ ആയുധങ്ങളേക്കാള്‍ ഏറെ ഉപയോഗിച്ചിരുന്നത് അടയാള ചിഹ്ന്നങ്ങളും അടയാള വാക്കുകളുമായിരുന്നു.ആചാരങ്ങളും ആഘോഷങ്ങളും ജന സമൂഹത്തിനു സന്തോഷം  പകരുമ്പോള്‍ തന്നെ   കലാപങ്ങളില്‍ പരസ്പരം ഉപയോഗിക്കാനുള്ള ഒരു തിരിച്ചറിയല്‍ അടയാള വാക്കായി, അല്ലെങ്കില്‍ മത ചിഹ്നങ്ങള്‍ മാത്രമായി   മതവര്‍ഗീയ മൌലിക വാദികള്‍ അത് ഉപയോഗിക്കാതെ തടയേണ്ടതാണ്  മുഖ്യമാണ് എന്ന് സ്വതന്ത്ര ദിനത്തിന്‍റെ തലേ നാളില്‍
ഓര്‍മ്മിപ്പിക്ക പെടെണ്ടത് ആണ്.വ്യാഴ വട്ടങ്ങള്‍ പലതു കഴിഞ്ഞിട്ടും,പുതു തലമുറകള്‍ വന്നിട്ടും  ഒരു വിഭജന ത്തിന്റെ ഉണങ്ങാത്ത മുറിവ് ഭാ രാതാംബയുടെ നെഞ്ചിലിന്നു മുണ്ട്.അതൊരു സത്യം തന്നെയാണ്. ആ ഒരു മുറിവ് ഇല്ലായിരുന്നെങ്കില്‍ ലോകത്തിനു തന്നെ  സമാധാനത്തിന്റെ ഒരു തിലക ക്കുറി യാകു മായിരുന്നു  എന്റെ അമ്മ.വന്ദേ മാതരം.

Tuesday, August 9, 2011

ഒരു ഒപ്പനപ്പാട്ടിന്‍റെ ഓര്‍മ്മയ്ക്ക്‌

പടിയിറങ്ങിപോയതില്‍ പിന്നെ കണ്ടില്ലല്ലോ എന്ന പരിഭവം പറയല്ലേ എന്‍റെ വിദ്യാലയമേ. അല്ലെങ്കിലും ഓര്‍മ്മകള്‍ക്കുണ്ടോ പടിയിറക്കം. ചെമ്മണ്ണിട്ട റോഡിലൂടെ നടന്ന് വലത്തോട്ടുള്ള ഇടവഴി തിരിഞ്ഞ് ഞാനിതാ എത്തിരിയിരിക്കുന്നു നിന്‍റെ തിരുമുറ്റത്ത്‌. ഇതെന്ത് മറിമായമാണ്. മീശ തടവി വല്ല്യ ആളായൊരു അഹങ്കാരത്തില്‍ ഇവിടെത്തിയ ഞാനെങ്ങിനെ ആ പഴയ സ്കൂള്‍ കുട്ടിയായി. ഏതോ കുട്ടികള്‍ കഴിച്ചിട്ട മാങ്ങയണ്ടി ഞാന്‍ തട്ടി തെറിപ്പിച്ചു. സ്കൂള്‍ മുറ്റത്തെ ആ പഴയ കാഞ്ഞിര മരത്തില്‍ തട്ടി അത് തിരിച്ചുവരുമ്പോള്‍ കുറെ പഴയ ഓര്‍മ്മകളും കൂടെ പോന്നു. ഒരു പഞ്ചാര മാങ്ങയുടെ രുചിയുള്ള ഓര്‍മ്മകള്‍. റഹീം മാഷിന്‍റെ മലയാളം ക്ലാസുകള്‍ നടക്കുമ്പോള്‍ പുറത്തു വീഴുന്ന പഴുത്ത മാങ്ങകള്‍ പെറുക്കി ആരും കാണാതെ എനിക്ക് തരും പ്യൂണ്‍ നാരായണേട്ടന്‍ . ഉപ്പ ഇതേ സ്കൂളിലെ മാഷായതില്‍ ഉള്ള ആനുകൂല്യമാണ്. ‌. ഒരിത്തിരി കുശുമ്പ് മറ്റു കുട്ട്യോള്‍ക്ക് എന്നോട് തോന്നാതിരുന്നില്ല.

ഇന്നും ഞാന്‍ ക്ലാസിലെത്താന്‍ അല്പം വൈകിയോ..? ഇടത്തോട്ടൊന്ന് പാളി നോക്കി. ഹെഡ് മാഷ്‌ കുട്ട്യാലി മാഷിനെ കാണാനില്ല. സമാധാനം. നേരം വൈകിയതിന് ഇന്നലെയും കണ്ണുരുട്ടിയതാണ് എന്നോട്. ഞാനോടി ഏഴ് ബിയിലെ ഒന്നാമത്തെ ബെഞ്ചില്‍ ഇരുന്നു. എന്നേ കണ്ടതും ആമി ഹോം വര്‍ക്ക് ചെയ്ത കണക്കു പുസ്തകം നീട്ടി. ഗംഗാധരന്‍ മാഷ്‌ വരുന്നതിന് മുമ്പായി അത് പകര്‍ത്തണം. അല്ലേല്‍ ബുക്ക്‌ കൊണ്ട് ചെകിടത്താണ് മാഷ്‌ പൊട്ടിക്കുക. ആറാം ക്ലാസ് മുതല്‍ മാഷിന്‍റെ അടിയില്‍ നിന്നും എന്നെ കാക്കുന്നത് ആമിയുടെ സഹായമാണ്.

പതുക്കെ ഞാനാ ഷെഡിലേക്ക് കയറി. ശൂന്യമായ ബെഞ്ചുകളൊന്നില്‍ നിന്നും ചുണ്ടില്‍ ഒരു കള്ളചിരിയും മുഖത്ത് ഒരു നാണവുമായി ആമിയുടെ കണക്ക് നോട്ട്ബുക്ക് എന്‍റെ നേരെ നീണ്ടു വരുന്നുണ്ടോ. എനിക്കങ്ങിനെ തോന്നി. ഹോം വര്‍ക്ക് ചെയ്തു ബുക്ക്‌ തിരിച്ചു നല്‍കുമ്പോള്‍ എന്നെക്കാള്‍ ആശ്വാസം അവള്‍ക്കായിരുന്നോ? എനിക്ക് അടി കിട്ടില്ലല്ലോ എന്ന ആശ്വാസം ആയിരുന്നില്ലേ അത്. നിന്‍റെ നിഷ്കളങ്കതക്ക് നന്ദി ഇപ്പോള്‍ പറഞ്ഞാല്‍ മതിയോ ആമീ. വൈകിയിട്ടില്ല. കാരണം ഞാനിപ്പോള്‍ ആ പഴയ ഏഴാം ക്ലാസുകാരനാണ്.

ഞാന്‍ സ്കൂളിന്‍റെ മൈതാനത്തിലേക്കിറങ്ങി. എത്ര തവണ വീണതാ ഇവിടെ. തൊലിപൊട്ടി ചോര വരുമ്പോള്‍ ശിവദാസന്‍ മാസ്റ്റര്‍ പഞ്ഞിയില്‍ ടിങ്ക്ചര്‍ മുക്കി മുറിവില്‍ വെക്കും. നീറിയിട്ട് സ്വര്‍ഗം കാണുമെങ്കിലും കരയാതിരിക്കുന്നത് മാഷ്‌ മരുന്ന് വെക്കുമ്പോള്‍ അതില്‍ ഒളിപ്പിക്കുന്ന വാത്സല്യത്തിന്‍റെ മധുരം കൊണ്ടാണ്. യൂത്ത് ഫെസ്റ്റിവലിന് മാഷിന്‍റെ വീട്ടില്‍ നിന്നും ഹാര്‍മോണിയം കൊണ്ടുവരും. മാഷിന്‍റെ വിരലുകള്‍ അതില്‍ തലോടുമ്പോള്‍ പൊഴിക്കുന്ന സംഗീതം പോലെ തന്നയായിരുന്നു മാഷിന്‍റെ ക്ലാസുകളും.
അറിയാതെ കേട്ടു പോകുന്ന ഏത് ഹാര്‍മോണിയം ശ്രുതികളും ഇപ്പോഴും എന്നെ കൊണ്ട് പോവാറുണ്ട് ആ പഴയ സ്കൂള്‍ കാലത്തിലേക്ക്. ഒപ്പം മാഷിനെ കുറിച്ചുള്ള ഓര്‍മ്മകളിലേക്കും . മിക്കപ്പോഴും മാഷിന്‍റെ ക്ലാസുകള്‍ സ്കൂളിനു പുറത്ത് ഏതേലും മരത്തിന്‍റെ ചുവട്ടിലാകും. ആ മരങ്ങളൊക്കെ മാറി അവിടെയെല്ലാം പുതിയ സ്കൂള്‍ കെട്ടിടങ്ങള്‍ വന്നു. പ്രകൃതിയോട് ചേര്‍ന്നുള്ള ഇത്തരം അനുഭവങ്ങളൊക്കെ പുതിയ കുട്ടികള്‍ക്ക് നഷ്ടപ്പെടുന്നു.

ഈ മൈതാനത്തില്‍ ആയിരുന്നു സ്കൂള്‍ അസംബ്ലി കൂടുക. ഏഴാം ക്ലാസില്‍ വെച്ച് സ്കൂള്‍ ലീഡറായി തിരഞ്ഞെടുത്തപ്പോള്‍ ഇത്തിരി അഹങ്കാരം തോന്നിയോ എനിക്ക് . ആദ്യത്തെ അസംബ്ലിയില്‍ തന്നെ "അസ്സംബ്ലി അറ്റന്‍ഷന്‍ " എന്ന് വലിയ ശബ്ദത്തില്‍ വിളിച്ചു കൂവി കുട്ടികളെ ഞെട്ടിക്കുകയും അധ്യാപകരെ ചിരിപ്പിക്കുകയും ചെയ്ത റെക്കോര്‍ഡ്‌ ആരേലും മാറ്റിയിട്ടുണ്ടാവുമോ ആവോ. "എന്നെ സ്കൂള്‍ ലീഡറായി തിരഞ്ഞെടുത്താല്‍ സ്കൂളിന്‍റെ ഭാവിക്ക് അത് ചെയ്യും ഇത് ചെയ്യും " എന്നൊക്കെ പ്രസംഗിപ്പിച്ചത് സുബ്രമണ്യന്‍ സാറായിരുന്നു. അത് കേട്ട് ചിരിച്ചു മറിയാന്‍ മുമ്പില്‍ തന്നെ സാറും ഉണ്ടായിരുന്നു. പക്ഷെ ഞാന്‍ വിട്ടുകൊടുത്തില്ല.

നോക്കിനില്‍ക്കെ മറ്റൊരു സ്കൂള്‍ ദിവസം കടന്നുവരുന്നു. ഇന്ന് കലോത്സവം അല്ലേ. ഞാനും ഉണ്ടല്ലോ പ്രസംഗ മത്സരത്തിന്. വരാന്‍ സാധ്യതയുള്ള വിഷയങ്ങളെ പറ്റി ഒരു ചെറുകുറിപ്പ് എഴുതിതന്നിട്ടുണ്ട് ഉപ്പ. ഇനി അതുവെച്ച്‌ ഒന്ന് വിശാലമാക്കണം പ്രസംഗം. ആ കുറിപ്പും തേടി ഞാന്‍ അറിയാതെ പോക്കറ്റില്‍ തപ്പിയോ? ഫസല്‍ സാറിന്‍റെ അനൌണ്‍സ്മെന്റ് വരുന്നു. പ്രസംഗ മത്സരം ഫസ്റ്റ് പ്രൈസ് ഗോസ് റ്റു... ആമി ഓടിവന്നു കയ്യില്‍ പിടിച്ചു. ഒപ്പന മത്സരത്തില്‍ അവള് മണവാട്ടി ആയ ടീമിനായിരുന്നു ഒന്നാം സ്ഥാനം. അവളുടെ ഉമ്മാന്‍റെ പട്ടുസാരിയുടുത്ത് മുഖത്തൊരു കള്ള നാണവുമായി അവള്‍ നന്നായി ശോഭിച്ചിരുന്നു. മുന്നിലൂടെ ഓടിപ്പോയ ഒരു കുട്ടിയുടെ പാദസരത്തിന്‍റെ കിലുക്കം എന്നെ തിരിച്ചു വിളിച്ചു.മഴക്കാലമായി. സ്കൂളിലേക്കുള്ള റോഡൊക്കെ വെള്ളത്തിനടിയിലായി. ഇനി കുറച്ച് കാലം സ്കൂളിന് അവധിയാണ്. ഞങ്ങളുടെ പ്രാര്‍ത്ഥന പോലെ വെള്ളപൊക്കമിറങ്ങാന്‍ കുറെ കഴിയും. വെള്ളമിറങ്ങി കഴിഞ്ഞാല്‍ വീണ്ടും സ്കൂള്‍ തുറക്കും. നല്ല രസമാണ് രണ്ടു വശത്തും വെള്ളം നിറഞ്ഞ വയലുകള്‍ക്കിടയിലൂടെ പോവാന്‍ . പക്ഷെ റോഡിന്‌ നടുവിലൂടെ നടക്കണം . അല്ലെങ്കില്‍ മുതിര്‍ന്നവര്‍ വഴക്ക് പറയും. വെള്ളത്തില്‍ വീണു പോകുമോ എന്ന പേടിയാണ് അവര്‍ക്ക്.

അന്നും ഇന്നും ചെറുവാടിക്കാരുടെ സ്വന്തം ഹെഡ് മാഷ്‌ ആണ് കുട്ട്യാലി മാസ്റ്റര്‍. വാത്സല്യം കൊണ്ട് എങ്ങിനെ കുട്ടികളെ നേരെയാക്കാം എന്നതായിരുന്നു മാഷിന്‍റെ വിജയം.ആ മനോഹരമായ പുഞ്ചിരിയുമായി ഇന്നും ഞങ്ങളുടെ ഗ്രാമത്തില്‍ സാറുണ്ട്‌. തലമുറകളുടെ അക്ഷര സൗഭാഗ്യത്തിന് തിരികൊളുത്തിയ സുകൃതവുമായി. നാട്ടിലെത്തുമ്പോള്‍ ഞാനും ഓടിയെത്തും മാഷിനടുത്ത്. ആ ആലിംഗനത്തില്‍ അറിയുക ഒരച്ഛന്‍റെ വാത്സല്യമാണ്.

സ്കൂള്‍ വരാന്തയിലൂടെ ഞാന്‍ പുറത്തോട്ട് നടന്നു. വീതികൂടിയ നെറ്റിയിലെ വിയര്‍പ്പ് തുടച്ച് വേഗത്തില്‍ നടന്നു വരുന്നത് ഖാദര്‍ മാഷല്ലേ. പക്ഷെ മാഷ്‌ ഇന്നില്ല എന്നത് മറ്റൊരു തിരിച്ചറിവും. ഞാന്‍ പഠിച്ച മറ്റൊരു കലാലയത്തിനും ഇത്രത്തോളം മധുരമായ ഓര്‍മ്മകള്‍ നല്‍കാന്‍ പറ്റിയിട്ടില്ല. ഒരു കാലാലയത്തിനോടും ഇത്രക്കടുപ്പം എനിക്കും തോന്നിയിട്ടില്ല. അന്ന് കിട്ടിയ അടിയുടെ വേദന ഇന്നെനിക്ക് സുഖമുള്ള നോവുകളാണ്, കേട്ട വഴക്കുകള്‍ ഇന്നൊരു ഗാനം പോലെ മധുരമാണ് . കാരണം വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ തിരിച്ചറിയുന്നത് അതൊരു വിജയ മന്ത്രമായിട്ടാണ്. പാഠപുസ്തകങ്ങള്‍ക്കൊപ്പം പഠിച്ചിറങ്ങിയത് സ്നേഹത്തിന്‍റെ കൂടി പാഠങ്ങളാണ്.കുട്ടികള്‍ക്കൊപ്പം നിന്ന് അവരുടെ മനസ്സറിഞ്ഞ് ഇടപ്പെട്ട കുറെ അധ്യാപകരുണ്ടായിരുന്നു ഇവിടെ. ഇപ്പോഴും ഞങ്ങളുടെ മനസ്സില്‍ ജീവിക്കുന്നവര്‍. പലരും ഇന്നീ ലോകത്ത് ഇല്ലാതിരിക്കാം. പക്ഷെ ഈ വിദ്യാലയവും ഇതിന്‍റെ മതില്‍കെട്ടും പിന്നെ എഴുതിയും ചൊല്ലിയും പഠിച്ച അക്ഷരങ്ങളും നിലനില്‍ക്കുവോളം അവര്‍ക്കും മരണമില്ല. പ്രിയപ്പെട്ട ആ അധ്യാപകര്‍ക്കുള്ള ഗുരുദക്ഷിണ കൂടിയാണ് ഈ കുറിപ്പ്. അങ്ങിനെ കുറെ അനുഭവങ്ങള്‍. എല്ലാര്‍ക്കും കാണുമല്ലോ പഠിച്ച കലാലയങ്ങളെ ചുറ്റി പറ്റി മറക്കാന്‍ പറ്റാത്ത ഓര്‍മ്മകള്‍.

ദേ... പ്യൂണ്‍ നാരായണേട്ടന്‍ ലോങ്ങ്‌ ബെല്‍ അടിക്കുന്നു. ക്ലാസ് തുടങ്ങാന്‍ സമയമായി. വര്‍ഷങ്ങള്‍ പിറകിലേക്കോടി ഞാന്‍ വീണ്ടും ഏഴ് ബി യിലെ മുന്‍ ബെഞ്ചില്‍ ചെന്നിരുന്നു . നീണ്ട ഹാജര്‍ പുസ്തകവുമായി ഗംഗാധരന്‍ മാസ്റ്റര്‍ എത്തി.
അസീസ്‌ ടീ.പി
ഹാജര്‍ സര്‍
മായ. സി
ഓള് വന്നീല്ല സേര്‍
കെ. ടി. മന്‍സൂര്‍ അഹമ്മദ്
പ്രസന്റ് സര്‍ .
.....................

Tuesday, June 7, 2011

വിളക്ക് മരങ്ങള്‍ട്രെയിന്‍ ഒരു മണിക്കൂര്‍ വൈകുമെന്ന അറിയിപ്പ് കേള്‍ക്കുന്നു. ഇന്ന് സ്റ്റേഷനില്‍ തിരക്ക് കുറവാണ് ‍. ഉച്ചവെയിലില്‍ തിളങ്ങുന്ന പാളങ്ങള്‍ .
മിനറല്‍ വാട്ടര്‍ വാങ്ങി പണം ഏല്‍പ്പിക്കുമ്പോള്‍ അബുക്കയുടെ മുഖത്ത് അവിശ്വസനീയത. ഓരോ യാത്രയിലും സിഗരറ്റും മാസികകളും വാങ്ങിയിരുന്നത് ഇവിടെനിന്നായിരുന്നു.
എത്ര പെട്ടെന്നാണ് ദിവസങ്ങള്‍ പോയത് . എന്തെല്ലാം മാറ്റങ്ങള്‍ ...!

മുന്‍പ് ബാംഗ്ലൂരിലേക്കുള്ള ഓരോ യാത്രയും ആഘോഷമായിരുന്നു . ചുറ്റിലും സുഹൃത്തുക്കളുടെ വലയം . അതിലെ അപകടം മനസ്സിലാക്കിയപ്പോഴേക്കും വൈകിപ്പോയിരുന്നില്ലേ ..

എവിടം മുതല്‍ക്കായിരുന്നു താളപ്പിഴകളുടെ തുടക്കം.....?.
ദാമുവേട്ടനില്‍ നിന്നോ ?. അതോ ഹമീദില്‍ നിന്നോ .....?

തലയിലെ കെട്ടഴിക്കുമ്പോള്‍ ഒരു ഇന്ദ്രജാലക്കാരന്‍റെ കയ്യടക്കത്തോടെ കഞ്ചാവ് ബീഡികള്‍ മാറ്റം ചെയ്തിരിക്കും പോര്‍ട്ടര്‍ ദാമുവേട്ടന്‍ .
വലിയൊരു കുടുംബത്തെ നോക്കാന്‍ പോര്‍ട്ടര്‍ ജോലിയില്‍ നിന്നും കിട്ടുന്നത് തികയാതെ വന്നപ്പോഴാണ് ദാമുവേട്ടന്‍ ഇതും തുടങ്ങിയത്. ഇതിലെ അപകടത്തെ കുറിച്ച് നല്ല ബോധ്യവും ഉണ്ടായിരുന്നു .
എന്നിട്ടും .....

ഇവിടെങ്ങും കാണാനില്ലല്ലോ ദാമുവേട്ടനെ. ആരോടെങ്കിലും ചോദിച്ചാലോ.....?
വേണ്ട.....
ജയിലിന്റെ ഇരുണ്ട അറകളില്‍ മക്കളെ ഓര്‍ത്ത് വിതുമ്പുന്ന ആ മുഖം എനിക്ക് സങ്കല്‍പ്പിക്കാന്‍ വയ്യ.

ഹമീദിനെ പരിചയപ്പെടുത്തിത്തന്നതും ദാമുവേട്ടന്‍ തന്നെയാണ് .സിറിഞ്ചിലൂടെ കത്തിപ്പടരുന്ന ലഹരിയുടെ പുതിയ ഒരു ലോകം, പുതിയ ബന്ധങ്ങള്‍........അങ്ങനെ പുതുമകള്‍ തേടി തുടങ്ങിയ ഒരു യാത്ര .
ബോധമണ്ഡലത്തില്‍ അപൂര്‍വ്വമായി കടന്നു വരുന്ന ഓര്‍മ്മകളിലൂടെ ഒരു തിരിച്ചു വരവ് ഞാന്‍ ആഗ്രഹിച്ചിരുന്നോ ?
നീന്തി കയറാന്‍ ഒരുങ്ങുമ്പോള്‍ കൂടുതല്‍ ആഴങ്ങളിലേക്ക് എടുത്തെറിയപ്പെട്ടു. വലിച്ചെറിയുന്ന സിറിഞ്ചുകള്‍ക്കൊപ്പം പറന്നുപോയത് കുറെ മൂല്യങ്ങളും , തകര്‍ന്നു പോയത് നൊന്തു പ്രസവിച്ച ഒരമ്മയുടെ സ്വപ്നങ്ങളും പ്രതീക്ഷകളും ആയിരുന്നു.
അധാര്‍മ്മികതയിലൂടെ ഒരു വഴി നടത്തം ........
പതുക്കെ പതുക്കെ ജീവിതം കൈവിടുകയായിരുന്നു.

തെറ്റുകളെ ശരികളാക്കിയുള്ള എന്‍റെ യാത്ര ഇന്നെവിടെയെത്തി?

ഇന്നീ ജീവിതം കടപ്പെട്ടിരിക്കുന്നത് രണ്ട് അമ്മമാരോടാണ്. ജീവിതത്തില്‍ വെളിച്ചമാകേണ്ട ഏക മകന്‍ ലഹരിയുടെ തീരങ്ങളില്‍ പറന്നു നടന്ന് ജീവിതത്തിന്റെ തന്നെ താളം പിഴച്ചപ്പോള്‍ തളര്‍ന്നില്ലല്ലോ എന്‍റെ അമ്മ . സമൂഹവും കുടുംബവും ഒറ്റപ്പെടുത്തിയിട്ടും കാലിടറി പോയതും ഇല്ല. അച്ഛന്‍ മരിച്ചതില്‍ പിന്നെ പ്രതീക്ഷകളത്രയും എന്നിലായിരുന്നു. മകനൊരു എഞ്ചിനീയര്‍ ആയി തീരുമെന്ന് എത്ര സ്വപ്നം കണ്ടിരിക്കും ആ മനസ്സ്.
പക്ഷെ....

ഒരിക്കല്‍ ഹമീദിനെ കാണാതെ പതിവ് ഡോസ് വൈകിയതില്‍ പിന്നെയാണ് കഥയും മാറിയത്. സമനില തെറ്റിയപ്പോള്‍ കാണിച്ചു കൂട്ടിയ അവിവേകങ്ങള്‍ ആണല്ലോ അവസാനം ആ ചികിത്സാ കേന്ദ്രത്തില്‍ എത്തിച്ചതും. അമ്മാവന്മാരുടെ പരിഹാസത്തിന് മുന്നില്‍ നിസ്സഹായതയോടെ കണ്ണ് തുടക്കുന്ന അമ്മയുടെ മുഖം ഇപ്പോഴും എന്‍റെ ഓര്‍മ്മകളില്‍ മായാതെയുണ്ട്‌ . ആ കണ്ണീര്‍ മാത്രം മതിയാകുമായിരുന്നു എന്‍റെ ഈ പാഴ്ജന്മം ഉരുകിതീരാന്‍ . എന്നിട്ടും എന്നെ ശപിച്ചില്ലല്ലോ എന്‍റെ അമ്മ. സ്വന്തം കണ്ണീരിലൂടെ കഴുകി തീര്‍ക്കുകയായിരുന്നോ എന്‍റെ പാപങ്ങളെ.....
ഓരോ തുള്ളി കണ്ണീരും ദൈവത്തിലേക്കുള്ള ഒരായിരം പ്രാര്‍ത്ഥനകളായിരിക്കണം......

ഡോക്ടര്‍ ബാലസുമ....... ഞാനെന്ത് വിളിക്കണം ......? ഡോക്ടറെന്നോ അമ്മയെന്നോ. ? അമ്മ എന്ന് തന്നെ വിളിക്കാം . എനിക്ക് അമ്മ മാത്രമായിരുന്നോ അവര്‍?. ജീവിതത്തിലേക്കുള്ള മകന്റെ തിരിച്ചു വരവും സ്വപ്നംകണ്ട് നാട്ടില്‍ നിന്നും വരുന്ന അമ്മക്ക് ഒരു സാന്ത്വനം കൂടി ആയിരുന്നില്ലേ ‍. ഒരു പക്ഷെ അമ്മയില്‍ പ്രതീക്ഷയുടെ തിരിതെളിയിക്കാനും അവര്‍ക്ക് കഴിഞ്ഞിരിക്കണം.
എനിക്കിഷ്ടപ്പെട്ട മധുരങ്ങളും കൊണ്ടാവും പലപ്പോഴും അമ്മ വരിക. "അവനിതൊന്നും കഴിക്കാന്‍ പറ്റില്ല" എന്ന് പറഞ്ഞ് ഒരിക്കലും എന്‍റെ അമ്മയെ നിരാശപ്പെടുത്തിയില്ല ഡോക്ടറമ്മ . അമ്മയുടെ വാത്സല്യ പകരുന്ന ആ മധുരം പലപ്പോഴും എന്‍റെ ചുണ്ടുകളില്‍ ചേര്‍ത്ത് "അമ്മ തരുന്നതല്ലേ....... കഴിക്കു "എന്ന് എത്ര വട്ടം ഡോക്ടര്‍ അമ്മ എന്നെ ഊട്ടിയിട്ടുണ്ട്. ചികിത്സക്കിടയില്‍ പലപ്പോഴും വിഭ്രാന്തിയുടെ വക്കോളം എത്തിയ എത്രയെത്ര ദിവസങ്ങള്‍ ....! സ്വബോധം തന്നെ നഷ്ടപ്പെട്ട സമയങ്ങള്‍...

പതുക്കെ പതുക്കെ താളം വീണ്ടെടുക്കുക ആയിരുന്നു.
ആശുപത്രിയുടെ പുറത്തുള്ള മനോഹരമായി പൂന്തോട്ടത്തില്‍ എന്നെയും കൊണ്ട് നടക്കും ഡോക്ടറമ്മ. ഓരോ പൂക്കളെ പറ്റിയും ഓരോ കഥകള്‍ പറഞ്ഞുതരും. ഒരു കൊച്ചു കുട്ടിയോടെന്നപോലെ.

ഒരിക്കല്‍ ഡോക്ടറമ്മയുടെ മുറിയില്‍ ഇരിക്കുമ്പോള്‍ ടേബിളില്‍ ഫ്രെയിം ചെയ്ത് വച്ചൊരു ഫോട്ടോ കണ്ട് "ഇത് ആരാണ് .." എന്ന എന്‍റെ ചോദ്യത്തിന് . " നീ തന്നെ..... . നിന്നിലൂടെ ഞാന്‍ തിരിച്ചു പിടിച്ചത് എന്‍റെ മകനെയാണ്".
എന്ന് പറയുമ്പോള്‍ ആ കണ്ണുകള്‍ നിറഞ്ഞിരുന്നത് ഇപ്പോഴും ഓര്‍ക്കുന്നു .

എന്നിലെ തെറ്റുകളെ മനസ്സിലാക്കിയ ഒരു കുട്ടിയാണ് ഞാന്‍ ഇന്ന് .
നീണ്ട ആറുമാസത്തെ അനുഭവങ്ങള്‍ എന്നെ ഒരുപാട് മാറ്റിയിരിക്കുന്നു.

ആ ചികിത്സാലയത്തിന്റെ പടികള്‍ ഇറങ്ങിയ നിമിഷങ്ങള്‍...... .

അമ്മ കരയുന്നുണ്ടായിരുന്നു ." ഇതാ ഞാനെന്റെ മകനെ തിരിച്ചു നേടിയിരിക്കുന്നു " എന്ന് ലോകത്തോട് വിളിച്ചുപറയുന്ന ആ മുഖം എനിക്കിന്നും മറക്കാന്‍ കഴിയുന്നില്ല . വെളുത്ത യൂണിഫോമില്‍ ഡോക്ടര്‍ ബാലസുമയും വന്നു. അന്നേവരെ ഡോക്ടറമ്മയെ ആ വേഷത്തില്‍ കണ്ടിട്ടില്ല ഞാന്‍ . എന്നെ നേര്‍വഴി നടത്താന്‍ ദൈവം ഭൂമിയിലേക്ക്‌ അയച്ച ഒരു മാലാഖയെ പോലെ............
നിറയുന്നു കണ്ണുകളോടെ ഡോക്ടറമ്മ എന്‍റെ കൈപിടിച്ച് അമ്മയെ ഏല്പിച്ചു. "ഇതാ നിങ്ങളുടെ മകനെ ഞാന്‍ തിരിച്ചു തരുന്നു" . അമ്മ തിരുത്തി, "എന്‍റെ അല്ല ..നമ്മുടെ മകനെ " .
എന്‍റെ അമ്മയോടൊപ്പം ഞാന്‍ ദൂരെ നടന്നു മറയുമ്പോള്‍ മകന്റെ ഫോട്ടോയില്‍ മുഖം ചേര്‍ത്ത് ഡോക്ടറമ്മ കരയുകയായിരുന്നോ ?

ഇന്‍റര്‍ സിറ്റി എക്സ്പ്രസ് കിതച്ചെത്തി. ഓര്‍മ്മകളില്‍ നിന്നും ഉണര്‍ന്നെണീറ്റ് ഞാന്‍ ട്രെയിനിനടുത്തെക്ക് നീങ്ങി . സ്റ്റേഷനില്‍ തിരക്ക് കൂടിയിട്ടുണ്ട്. വണ്ടി പതുക്കെ നീങ്ങി തുടങ്ങി. ആള്‍ക്കൂട്ടത്തിനിടയിലൂടെ വേഗത്തില്‍ നീങ്ങുന്നത്‌ ദാമുവേട്ടനാണോ..? പക്ഷെ തലയില്‍ ആ കെട്ടില്ലല്ലോ..
കാഴ്ചകളെ മറച്ചുകൊണ്ട്‌ വണ്ടിക്കു വേഗത കൂടുന്നു. കിതപ്പ് മാറി. ഇനി ഇത് കുതിച്ചു പായും. പ്രതീക്ഷയുടെ പുതിയ ലോകത്തിലേക്ക്‌.

ചിത്രം ഗൂഗിള്‍

Sunday, May 1, 2011

വിവാഹം

പ്രിയ ബൂലോകം സുഹൃത്തുക്കളെ,

മെയ്‌ 12ന്‌ വൈകീട്ട്‌ നാട്ടിലേക്ക്‌ വണ്ടി കയറുന്നു. മെയ്‌ 23ന്‌ എന്റെ വിവാഹമാണ്‌. എല്ലാ പ്രിയ കൂട്ടുകാരും ഇത്‌ വ്യക്തിപരമായ അറിയിപ്പായി തന്നെ കാണണം. നാട്ടിലുള്ള ബൂലോകം കൂട്ടുകാര്‍ തീര്‍ച്ചയായും പങ്കെടുക്കണം. വധു നിത്യ ഒരു സ്വകാര്യസ്‌ക്കുള്‍ അധ്യാപികയാണ്‌. വിശദവിവരങ്ങള്‍ ഇതോടൊപ്പമുള്ള ഇന്‍വിറ്റേഷനില്‍...

സസ്‌നേഹം

രാമു
---------------------------------- 


 K.S. Pramod
......................................
Mob    : +973 36229204 (Bahrain), +91 9447674375 (India)
Skype : pramodkanamkote 
 ......................................

Monday, April 25, 2011

പാടം പൂത്ത കാലം

എല്ലാ ദിവസങ്ങളും ഞായറാഴ്ച ആവണേ എന്ന് എത്ര പ്രാര്‍ഥിച്ചതാ കുട്ടിക്കാലത്ത്. സ്കൂളിലും പോവേണ്ട പിന്നെ സാഹിത്യ സമാജം എന്നും പറഞ്ഞ് മദ്രസ നേരത്തെ വിടുകയും ചെയ്യും. ബാക്കിയുള്ള സമയം എന്തൊക്കെ ചെയ്തു തീര്‍ക്കണം. എത്ര വണ്‍ ഡേ മേച്ചാണ്‌ ഒരു ദിവസം കളിക്കുക. കളിയുടെ ആവേശം കൂടുമ്പോഴായിരിക്കും ഉമ്മാന്റെ വിളി. "മന്‍സ്വോ...പീടികയില്‍ പോയി സാധനങ്ങള്‍ മേടിച്ചു കൊണ്ടുവാ" എന്ന്. ഉപ്പ ഉമ്മറത്ത്‌ തന്നെ ഇരിക്കുമ്പോള്‍ ഈ തീരുമാനത്തിന് അപ്പീലിന് പോകാന്‍ പോലും പറ്റില്ല . കളി നിര്‍ത്തി മനസ്സില്ല മനസ്സോടെ പീടികയില്‍ പോവും. തിരിച്ചു വരുമ്പോള്‍ പോക്കറ്റില്‍ നിറയെ ആ കറുത്ത പുളി അച്ചാര്‍ കുത്തി നിറച്ചിരിക്കും. ഇടക്കൊക്കെ നാട്ടില്‍ പോവുമ്പോള്‍ കുട്ടികളെ കൊണ്ട് അതൊക്കെ മേടിച്ചു കഴിക്കാന്‍ രസായിരുന്നു. കവറിന്റെ മൂലയ്ക്ക് ഓട്ടയുണ്ടാക്കി അത് വലിച്ചു കഴിക്കുമ്പോള്‍ നമുക്ക് പ്രായം ഒത്തിരി കുറഞ്ഞ പോലെ തോന്നും. ഇന്ന് നോക്കുമ്പോള്‍ വെറും പുളിയച്ചാര്‍ മാത്രമല്ല അത്, ബാല്യവുമായി കണക്റ്റ് ചെയ്യുന്ന ഒരു പ്രതീകം കൂടിയാണ്.


നാളെ പാടത്ത് കന്ന്‌ പൂട്ടുകാര്‍ ഉണ്ടാവും എന്ന് വല്യുമ്മ പറയുന്നത് കേട്ടു. എനിക്ക് സന്തോഷമായി. നല്ല രസമാണ് ആ സമയത്ത് പാടത്തെ ചെളിയില്‍ കളിക്കാന്‍ . ഞങ്ങള്‍ കുറെ കുട്ടികള്‍ ഉണ്ടാവും. മീന്‍ പിടിക്കാനായിരുന്നു കൂടുതല്‍ ആവേശം. നല്ല വലിയ പരല്‍ മീനുകള്‍ കിട്ടും. കോട്ടി എന്ന് വിളിക്കുന്ന ഒരു മീനുണ്ട്. വലിയ മീശയൊക്കെ ഉള്ളത്. അത് കുത്തിയാല്‍ രണ്ടു ദിവസം കൈ അനക്കാന്‍ പറ്റില്ല. അത്രക്കും കടച്ചിലാ.ഞങ്ങളെ ശല്യം കൂടുമ്പോള്‍ കന്ന്‌ പൂട്ടുന്ന ആല്യാക്ക വഴക്ക് പറയും. ഞങ്ങളുണ്ടോ കേള്‍ക്കുന്നു. കുറെ നാളായി എന്റെയൊരു പൂതിയാണ് കാളകളെ കെട്ടിയ ആ തട്ടില്‍ കയറി ഒരു റൌണ്ട് പാടത്ത് കറങ്ങണം എന്ന്. ആല്യാക്ക സമ്മതിക്കില്ല. നല്ലം പെരവനെ സോപ്പിട്ടു. നന്നായി മുറുകെ പിടിക്കണം . അല്ലേല്‍ താഴെ വീഴും എന്നൊക്കെ പറഞ്ഞെങ്കിലും ഇതൊക്കെ എത്ര കണ്ടതാ എന്ന ഭാവത്തിലായിരുന്നു ഞാന്‍ . എന്റെ അഹങ്കാരം കാളകള്‍ക്ക് മനസ്സിലായെന്ന് തോന്നുന്നു . എനിക്കൊന്നും ആലോചിക്കാന്‍ സമയമുണ്ടായിരുന്നില്ല. കാളകള്‍ നല്ല സ്പീഡില്‍ തന്നെ ഓട്ടം തുടങ്ങിയതും ഞാന്‍ പിടിവിട്ട് ചളിയില്‍ വീണു. ശരീരത്തിന്റെ ഒരു ഭാഗവും ചളി ആവാത്തതില്ല. കണ്ണ് എന്ന ഭാഗമേ ഇല്ല എന്ന് തോന്നും. ഒന്നും കാണുന്നില്ല. പിടിച്ചു എണീപ്പിച്ചത് നല്ലം പെരവന്‍ ആണെന്നും തലയ്ക്കു മേടിയത് ആല്യാക്ക ആണെന്നും പ്രതികരണം കൊണ്ട് മനസ്സിലായി. പക്ഷെ ആ പൂതി അതോടെ തീര്‍ന്നു.
നല്ലം പെരവന്‍ ഈയിടെ മരിച്ചെന്ന് കേട്ടു . നല്ല സ്നേഹം ആയിരുന്നു. പക്ഷെ എനിക്കിഷ്ടം പുറം പോക്കില്‍ നല്ലം പെരവന്‍ കൃഷി ചെയ്തിരുന്ന വെള്ളരിയോടായിരുന്നു. മൂപ്പ് ആകുന്നതിനു മുമ്പുള്ള നല്ല ഇളം വെള്ളരി കട്ട് തിന്നാന്‍ ഞങ്ങള്‍ ചങ്ങാതിമാര്‍ രാത്രിയിലാണ് പോകുക. അന്നതൊക്കെ ഒരു സല്‍കര്‍മ്മം ചെയ്യുന്നത് പോലെയാണ്. പിന്നെ നല്ലം പെരവന്റെതാകുമ്പോള്‍ കക്കുകയല്ല ഒരു അവകാശം മേടിക്കുകയാണ് എന്ന രീതിയിലാണ് എന്റെ സമീപനം. ഒരിക്കല്‍ നാട്ടില്‍ പോയപ്പോള്‍ ഞാന്‍ കുറച്ച് പൈസ കൊടുത്തിട്ട് വാങ്ങിയില്ല. കട്ട് തിന്ന വെള്ളരിയുടെ കണക്കില്‍ കുറച്ചാല്‍ മതി എന്ന് പറഞ്ഞപ്പോള്‍ പല്ലില്ലാത്ത ഒരു പൊട്ടിച്ചിരി തന്നുകൊണ്ട് പറഞ്ഞു " എനിക്കറിയായിരുന്നു കുട്ടി കട്ട് തിന്നുന്ന കാര്യം" എന്ന് . ആ ചിരി കണ്ടപ്പോള്‍ എനിക്കും ഒരു പാപ മോക്ഷം കിട്ടിയ സുഖം.
എന്റെ കുട്ടിക്കാലം മുതലേ നല്ലം പെരവനെ ഞാന്‍ കാണാറുണ്ട്. കാണുമ്പോഴൊക്കെ കള്ളിന്റെ മണവും ഉണ്ടാകാറുണ്ട്. പക്ഷെ അതുകൊണ്ട് ഒരു കുഴപ്പവും കണ്ടിട്ടില്ല. ഇടയ്ക്കു കെട്ട്യോളെ അടിക്കും എന്ന് കേട്ടിട്ടുണ്ട്. പക്ഷെ ഞാന്‍ കാണുമ്പോഴൊക്കെ അവര്‍ മാതൃകാ ദമ്പതികള്‍ ആണ്. പാടത്തെ പണിക്കാര്‍ക്ക് ഭക്ഷണം കൊണ്ടുപോകാന്‍ അവരും വരും. ഞാനും കൂടും അവരുടെ കൂടെ ഭക്ഷണം കഴിക്കാന്‍ . ആ സമയത്ത് ആല്യാക്കക്ക് ദേഷ്യം ഒന്നും കാണില്ല. പുട്ടോ കപ്പയോ അടിക്കുന്നതിനിടക്ക് നല്ല തമാശയും പറയും. അത് കഴിഞ്ഞു നാടന്‍ ബീഡി വലിക്കുന്നത് കാണാന്‍ നല്ല രസാണ്. എനിക്കും പൂതി തോന്നും. നാടന്‍ ബീഡി കിട്ടിയില്ലെങ്കിലും നാടന്‍ അടി കിട്ടും . അതുകൊണ്ട് ചോദിക്കാന്‍ പേടി തോന്നും. പക്ഷെ നല്ലം പെരവന്റെ അടുത്ത് മുറുക്കാന്‍ കാണും. പകുതി വെറ്റിലയില്‍ പാകത്തിന് ചുണ്ണാമ്പ് ഒക്കെ ചേര്‍ത്ത് തരും. വല്യ കുട്ടിയായി എന്നൊക്കെ തോന്നും അത് കഴിക്കുമ്പോള്‍. ഭക്ഷണം കഴിഞ്ഞാല്‍ അവര്‍ വീണ്ടും പണിക്കിറങ്ങും. ഞങ്ങള്‍ പാടത്തിന്റെ മൂലക്കുള്ള വല്യ പേര മരത്തില്‍ വലിഞ്ഞു കയറും. മൂത്തതും മൂക്കാത്തതും ആയ എല്ലാ പേരക്കയും പറിച്ചു തിന്നും.


പാടത്തെ പണി തുടങ്ങിയാല്‍ പിന്നെ ഞാറ് നടുന്നത് മറ്റൊരു ആഘോഷം. ഇടയ്ക്കിടയ്ക്ക് പാടത്തു പോയി നോക്കണം. വയലില്‍ വെള്ളംകൂടുതല്‍ ഉണ്ടെങ്കില്‍ വേറെ വയലിലേക്ക്‌ ഒഴുക്കി വിടണം. കുറവാണേല്‍ ഇങ്ങോട്ടും. പിന്നെ കൊയ്ത്തുകാലം. അതാണ്‌ കൂടുതല്‍ രസകരം. മുമ്പ് എഴുതിയത് കൊണ്ട് അത് പറയുന്നില്ല.
എന്ത് മധുരമാണ് ഈ ഓര്‍മ്മകള്‍ക്ക്. ആ ഓര്‍മ്മകളെ പ്രവാസവുമായി ഒരു താരതമ്യം ഞാന്‍ ആഗ്രഹിക്കുന്നില്ല. കാരണം വയല്‍ കരയിലെ ശുദ്ധമായ കാറ്റിന്റെയും സമൃദ്ധമായ പച്ചപ്പിന്റെയും ഓര്‍മ്മകള്‍ അങ്ങിനെ നില്‍ക്കട്ടെ. അരയൊപ്പം വളര്‍ച്ച എത്തിയ നെല്‍കൃഷിയും കണ്ട്‌ അല്ലെങ്കില്‍ പാടത്തെ ചളി വെള്ളത്തില്‍ മീന്‍ പിടിച്ച്‌, ഇളം വെള്ളരി കട്ട് തിന്ന്‌ ഓര്‍മ്മകളുടെ നടവരമ്പിലൂടെ ഞാന്‍ കുറച്ച് ദൂരം നടക്കട്ടെ.

Tuesday, April 19, 2011

ഈ പുഴയും ഇവിടത്തെ കാറ്റുംഎന്തൊരു സൗന്ദര്യമാണ് ഈ സായാഹ്നത്തിന്. വിടപറയാനൊരുങ്ങുന്ന സൂര്യന്റെ പൊന്‍കിരണങ്ങള്‍ പതിക്കുന്ന ചാലിയാര്‍ മുഖം ചുവന്നു തുടുത്ത് സുന്ദരിയായിരിക്കുന്നു. ചെരുപ്പ് കരയില്‍ അഴിച്ചു വെച്ച് ഞാന്‍ പുഴയിലേക്കിറങ്ങി. നിശ്ചലമായിരുന്ന പുഴയിലെ ഓളങ്ങള്‍ കരക്കൊരു ചെറിയ മുത്തം കൊടുത്തു. നാണം വന്ന പരല്‍ മീനുകള്‍ ഓടിയൊളിച്ചു. നല്ല തെളിഞ്ഞ വെള്ളം. അടിത്തട്ട് കാണുന്നുണ്ട്. ഞാന്‍ മുട്ടറ്റം വെള്ളത്തിലേക്ക്‌ ഇറങ്ങി നിന്നു.എന്തൊരു അവാച്യമായ അനുഭൂതിയാണിപ്പോള്‍ ‍. ഒരു സുന്ദരമായ പ്രണയ കവിത വായിക്കുന്ന സുഖം. അസ്തമിക്കാന്‍ ഒരുങ്ങുന്ന സൂര്യനും ശാന്തമായി മയങ്ങുന്ന ചാലിയാറും ഇരു കരകളിലെ സുന്ദരമായ പച്ചപ്പും നല്‍കുന്നൊരു സ്വപ്ന ലോകം. എനിക്ക് തിരിച്ചു കയറാന്‍ തോന്നിയില്ല.ചാലിയാറിനെ പറ്റി എത്ര തവണ പറഞ്ഞിരിക്കുന്നു ഞാന്‍ . പക്ഷെ ഓരോ തവണ
ഇവള്‍ക്കരികിലെത്തുമ്പോഴും ഓരോ കഥ പറഞ്ഞു തരും. പക്ഷെ മഴക്കാലത്ത് ഞങ്ങള്‍ പിണങ്ങും. ഇത്തിരി രൗദ്രമാകുന്ന ചാലിയാറിനെ പേടിയാണെനിക്ക്. അപ്പോഴെന്റെ പ്രണയം മഴയോട് മാത്രമാകും. ഇടക്കാലത്തേക്ക് കാമുകിയെ മാറുന്നത് കൊണ്ടാണോ എന്തോ വര്‍ഷക്കാലം കഥയൊന്നും പറഞ്ഞുതരില്ല. പക്ഷെ അവള്‍ക്കറിയാം വര്‍ഷം കഴിഞ്ഞാല്‍ ആ കാമുകിയേയും തള്ളിപറഞ്ഞ്‌ ഞാന്‍ തിരിച്ചെത്തുമെന്ന്. പരിഭവമില്ലാതെ എന്നെ സ്വീകരിക്കുകയും ചെയ്യും.

നല്ല ഇളം ചൂടുള്ള വെള്ളം. ഇറങ്ങി നില്‍ക്കാന്‍ നല്ല രസമുണ്ട്. ഇതുപോലെ ടാറിട്ട റോഡിലൂടെ ചെരിപ്പില്ലാതെ നടന്ന് നോക്കിയിട്ടുണ്ടോ നിങ്ങള്‍. ഒരു ഇളം ചൂട് കാലില്‍ തട്ടും. നല്ല രസമാണ് അതും. ഇത്തരം ചെറിയ വട്ടുകളല്ലേ നമ്മെ വിത്യസ്തമാക്കുന്നത് . ഞാനത് ആസ്വദിക്കുന്നു.

പുഴക്കരയില്‍ ഒരു പള്ളിയുണ്ട്. വഴിയാത്രകാര്‍ക്ക് നിസ്കരിക്കാനായി ഏതോ നല്ല മനുഷ്യര്‍ ഒരുക്കിയത്. പുഴയില്‍ നിന്നു കാലൊക്കെ കൊടുത്തു മരങ്ങള്‍ കൊണ്ട് നിര്‍മ്മിച്ച ചെറിയൊരു പള്ളി. "സ്രാമ്പ്യ" എന്ന് പഴമക്കാര്‍ വിളിച്ചിരുന്നു. ഒരുകാലത്ത് വളരെ സജീവമായിരുന്നു ഇത്തരം പള്ളികള്‍. ദൂരയാത്ര പോകുന്നവര്‍ക്കും തോണി യാത്രകാര്‍ക്കും വിശ്രമിക്കാന്‍ ഒരു ഇടത്താവളം കൂടിയായിരുന്നു ഇത്. പുഴയില്‍ നിന്നു അംഗ ശുദ്ധി വരുത്തി ഞങ്ങള്‍ മഗ്രിബ് നിസ്കരിക്കാന്‍ കയറി. പതിയെ ഒഴുകുന്ന നദിയും മനസ്സിനെ കുളിരണിയിച്ച് പതുക്കെ വീശുന്ന കാറ്റും ഒപ്പം ഒരു നാട്ടുകാരന്റെ സുന്ദരമായ ഖുര്‍ ആന്‍ പാരായണവും പ്രസന്നമാക്കിയ ഈ അന്തരീക്ഷത്തില്‍ അനുഭവിക്കുന്ന ഒരു ആത്മീയ നിര്‍വൃതി അനിര്‍വചനീയം. മണന്തല കടവില്‍ ഇപ്പോഴും ഉണ്ടോ ആവോ ആ പള്ളി. ഒരു കാലഘട്ടത്തിന്റെ ഓര്‍മ്മയുടെ ബാക്കി പത്രമായിരുന്നു അത്. ഓര്‍മ്മകളില്‍ ഒരു നന്മയുടെ വീണ്ടെടുപ്പിന് പരിക്കുകളൊന്നും പറ്റാതെ അതവിടെ കാണണേ എന്ന് ആശിച്ചുപോകുന്നു.മഗരിബ് നിസ്കാരം കഴിഞ്ഞ്‌ ഞങ്ങള്‍ വീണ്ടും പുഴവക്കിലേക്കിറങ്ങി. പതിയെ ഇരുട്ടായി വരുന്നു. ബോട്ട് ജെട്ടിയുടെ കരിങ്കല്‍ പടവില്‍ ഞങ്ങള്‍ വെടിവട്ടത്തിനിരുന്നു.കക്കയിറച്ചിയുമായി ഒരു തോണിക്കാരന്‍ വന്നു. ഇനി ഇത് പാകം ചെയ്യാന്‍ ഉമ്മച്ചിക്ക് പണിയായി. സന്തോഷത്തോടെ തോണിക്കാരന്‍ തുഴഞ്ഞു നീങ്ങി. വലയും ചൂണ്ടയുമായി ഒരുപ്പയും മകനും പുഴയിലേക്ക് ഇറങ്ങുന്നു. നാളത്തെ അന്നം തേടിയൊന്നും അല്ലെന്നു തോന്നുന്നു. പുഴയുടെ മാറിലൂടെ അല്പം നേരമ്പോക്കാവാം അവര്‍ക്ക്. പെട്രോള്‍ മാക്സ് നേരെ പിടിക്കെടാ എന്ന് പറഞ്ഞു അയാള്‍ മകനെ വഴക്ക് പറഞ്ഞു. അവനൊരു ചമ്മലോടെ ഞങ്ങളെ നോക്കി. സാരല്ല്യ എന്ന മട്ടില്‍ ഞങ്ങളും ചിരിച്ചത് അവനെ സന്തോഷിപ്പിച്ചു കാണും.

ഒരു കാറ്റ് ഞങ്ങളെ തഴുകി കടന്നു പോയി. എന്തേ ഈ കാറ്റിനൊരു ശോക ഭാവം. തിരിഞ്ഞു നോക്കിയാല്‍ കുന്നിന്റെ മുകളില്‍ നിന്നും മങ്ങിയ വെളിച്ചം കാണാം. എളമരം യതീം ഖാനയാണ്. ആ കുട്ടികളെ, അവരുടെ നൊമ്പരങ്ങളെ തഴുകിയാവണം ഈ കാറ്റും വന്നിട്ടുണ്ടാവുക. അല്ലെങ്കില്‍ ‌ പതിവില്ലാതെ ഇവിടത്തെ കാറ്റുകള്‍ സങ്കടം പറയാറില്ല. പാരമ്പര്യവും പ്രശസ്തിയും ഒത്തിരിയുള്ള സ്ഥാപനമാണിത്. ചാലിയാറിന്റെ മേലെ കുന്നിനു മുകളില്‍ ഈ അനാഥാലയം ഒരുപാട് കുട്ടികളുടെ കണ്ണീരൊപ്പുന്നു. ഈ പുഴക്കരയിലിരുന്ന് അവിടെ നിന്നുമുള്ള മങ്ങിയ വെളിച്ചവും കണ്ട്‌ പിന്നെ അന്തരീക്ഷത്തിന് പെട്ടൊന്നൊരു ശോകച്ഛായ പകര്‍ന്നപോലെ ഈ സങ്കടക്കാറ്റും കൊണ്ട് കൂടുതലിരിക്കാന്‍ എന്തോ വിഷമം തോന്നുന്നു. പുഴയിലും തോണിക്കാരുടെ ആരവം ഒഴിഞ്ഞിട്ടുണ്ട്. ഞങ്ങള്‍ കുറച്ചൂടെ വിശാലമായ തീരത്തേക്ക് മാറിയിരുന്നു. പൂഴിമണലില്‍ മലര്‍ന്നു കിടക്കുന്ന ഞങ്ങള്‍ക്ക് കൂട്ടായി നല്ല പാല്‍നിലാവും കുറെ നക്ഷത്രങ്ങളും. തീരത്തെ ഒരു കുടിലില്‍ നിന്നും പഴയൊരു മാപ്പിള പാട്ടിന്റെ ഈരടികള്‍ ഒഴുകിവരുന്നു. അതില്‍ ലയിച്ച്‌ ഞങ്ങളും.

Pls visit my Blog CENTRE COURT

Wednesday, April 6, 2011

വഴിയോര കാഴ്ചകള്‍ഒരിക്കല്‍ ഞാന്‍ നിങ്ങളെ വിരുന്നിന് ക്ഷണിച്ചതാണ് എന്റെ ഗ്രാമത്തിലേക്ക്. അവിടത്തെ കാഴ്ചകള്‍ ഇഷ്ടായി എന്ന് നിങ്ങള്‍ പറഞ്ഞപ്പോള്‍ സന്തോഷവും തോന്നി. പിന്നെയും ഒരുപാട് പ്രത്യേകതകളുള്ള എന്റെ അയല്‍ ഗ്രാമങ്ങളെയും ഞാനൊന്ന് പറഞ്ഞു പോകട്ടെ. പക്ഷെ ചെറുവാടിയില്‍ നിന്നുതന്നെ തുടങ്ങും ഇതും.

നമ്മള്‍ നടന്നു തുടങ്ങുന്നു. ഈ പാടങ്ങളിലില്ലേ.. . ഇപ്പോഴും നിങ്ങള്‍ക്ക് മനോഹരമായി തോന്നുന്നത് ഈ ഗ്രാമത്തിന്റെ പ്രത്യേകതകള്‍ കൊണ്ടുതന്നെയാകണം. അല്ലെങ്കില്‍ പണ്ട് കൊയ്ത്ത് പാട്ടുകളും നെല്‍കതിര്‍ കൊത്തി പറക്കുന്ന തത്തകളും അവരുടെ ശബ്ദവും നിറഞ്ഞു നിന്നിരുന്ന ഈ പാടങ്ങള്‍ ഇപ്പോള്‍ വാഴയും കപ്പയും കൃഷിചെയ്യുന്നവയായി മാത്രമല്ലേ നിങ്ങള്‍ കണ്ടത്. പക്ഷെ നഷ്ടപ്പെട്ട ആ നല്ല കാഴ്ചകളുടെ നൊമ്പരം പേറുന്ന എനിക്ക് ആ ഓര്‍മ്മകള്‍ മരിക്കാത്തതാണ്.

ഇപ്പോള്‍ നമ്മളെ കടന്നു പോയ ആ പെണ്ണില്ലേ. കാരിച്ചി എന്ന അവരായിരുന്നു ഇവിടത്തെ കൊയിത്തുത്സവങ്ങളിലെ നായിക. കൊയ്തെടുത്ത നെല്‍കറ്റകളുമായി കാരിച്ചിയും കൂട്ടരും നടക്കുന്നതിന് ഒരു ഫോള്‍ക് ഡാന്‍സിന്റെ താളമുണ്ടായിരുന്നു.നിങ്ങള്‍ പെണ്ണുങ്ങള്‍ ഒക്കെ കാതില്‍ ഇടുന്ന വല്യ വട്ടത്തിലുള്ള റിംഗ് ഇല്ലേ..? ആ ഫാഷനൊക്കെ വര്‍ഷങ്ങള്‍ക്ക് മുമ്പ് കാരിച്ചി ഇന്‍ട്രഡ്യൂസ് ചെയ്തതാ. പക്ഷെ ഇപ്പോഴും അത് തന്നെയാണെന്ന് മാത്രം. വീടിന്റെ മുമ്പില്‍ നെല്‍കറ്റകള്‍ കുന്നു കൂടുമ്പോള്‍
ഞങ്ങള്‍ കുട്ടികള്‍ക്ക് മറ്റൊരു ഉത്സവകാലം തുടങ്ങും. അതില്‍ കയറി മറിഞ്ഞും അത് കാരണം ശരീരമാകെ ചൊറിഞ്ഞും ഓര്‍ക്കാന്‍ രസമുള്ള കുട്ടിക്കാലം. പത്തായപുരകളില്‍ ഇപ്പോള്‍ നെല്ലുകള്‍ നിറയാറില്ല. പാടമില്ലെങ്കില്‍ പിന്നെ പത്തായപുരയുണ്ടോ.പറഞ്ഞു പറഞു നമ്മള്‍ അടുത്ത ഗ്രാമത്തില്‍ എത്തി. കേട്ടിട്ടുണ്ടോ കൂളിമാട് എന്ന സ്ഥലം. കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ പുകവലി വിമുക്ത ഗ്രാമമാണ് ഇത്. ഒരല്പം കുറ്റബോധം ഇതിലൂടെ നടക്കുമ്പോള്‍ എനിക്കും ഇല്ലാതില്ല. പുക വലിക്കില്ല , വാങ്ങില്ല, വിലക്കില്ല ഇവിടെയുള്ളവര്‍. ഈ മാതൃകാ നേട്ടത്തിന് പിന്നില്‍ ഉത്സാഹിച്ച കുറെ ചെറുപ്പകാര്‍ ഉണ്ടിവിടെ.

എനിക്കും വൈകാരികമായി ഏറെ അടുപ്പം തോന്നും ഈ ഗ്രാമത്തോട്. മുമ്പ് കോഴിക്കോട് പോവാന്‍ ഇരുവഴിഞ്ഞി കടവ് കടന്ന് ഇവിടെ വന്നാണ് ബസ്സ്‌ കയറുക. ഇത്തിരി നേരത്തെ എത്തുന്നത്‌ വല്യൊരു മാവിന്റെ ചുവട്ടില്‍ രണ്ടു കവുങ്ങില്‍ തടി ഇട്ടൊരുക്കിയ ബസ് സ്റ്റോപ്പില്‍ കുറച്ചു നേരം ആസ്വദിച്ചിരിക്കാനാണ് . ഇരുവഴിഞ്ഞിക്ക് മീതെ പാലം വന്നെങ്കിലും പഴയ ഐശ്വര്യവുമായി ഇപ്പോഴും മാറാതെയുണ്ട് കൂളിമാട്. ആദ്യമൊക്കെ ഉപ്പാന്റെ കൂടയാണ് കോഴിക്കോട് പോവുക. അന്ന് മുതല്‍ ഈ ഗ്രാമം എനിക്ക് പ്രിയപ്പെട്ടതാണ്. ചായ കുടിച്ചും രാഷ്ട്രീയം പറഞ്ഞും ഉപ്പ സെയിദുക്കാന്റെ മക്കാനിയില്‍ ഇരിക്കും. ഞാന്‍ മരങ്ങളും പാടവും നോക്കി പുറത്തിരിക്കും. തൊട്ടടുത്ത ഗ്രാമത്തില്‍ നിന്നും കല്യാണവും കഴിച്ചതോടെ ഇപ്പോഴും യാത്ര ഇതിലൂടെ തന്നെ. ഇന്നും ഇവിടെത്തുമ്പോള്‍ ഉപ്പാന്റെ കയ്യും പിടിച്ചു ബസ്സിലെ സൈഡ് സീറ്റ് കിട്ടാന്‍ വെപ്രാളപ്പെടുന്ന കൊച്ചു കുട്ടിയാകും ഞാന്‍ . പക്ഷെ സെയിദുക്കാന്റെ മക്കാനി ഇപ്പോള്‍ കാണാത്തത് ഒരു നൊമ്പരവും.അയ്യോ.. നിങ്ങള്‍ കൂടെയുള്ള കാര്യം ഞാനങ്ങു മറന്നു. നാട് കാണാന്‍ വിളിച്ചിട്ട് നിങ്ങളെ ഒറ്റക്കാക്കി ഞാന്‍ എവിടെയൊക്കെയോ പോയി. ദാ.. ആ വരുന്ന ബസ്സില്ലേ. സുല്‍ത്താന്‍ ആണ്. ഒരുപാട് തലമുറകളുടെ യാത്രയിലെ ഓര്‍മ്മയായി അന്നും ഇന്നും ഈ ബസ്സുണ്ട്. ഇനി യാത്ര നമ്മുക്കിതിലാവാം. വഴിയോര കാഴ്ചകള്‍ കണ്ട് നിങ്ങളെയും കൊണ്ട് കോഴിക്കോട് വരെ പോവണം എന്നുണ്ട്. പക്ഷെ നമ്മള്‍ തിരക്കിലല്ലേ. തല്‍കാലം മാവൂര്‍ വരെയാകാം.

വല്യ ഈ ചീനിമരത്തിന്റെ തണലില്‍ നില്‍ക്കുന്ന ഈ ഗ്രാമമാണ് ഇപ്പോള്‍ PHED എന്നും പണ്ടുള്ളവര്‍ മടത്തുംപാറ എന്നും പറയുന്ന സ്ഥലം. കോഴിക്കോട് നഗരത്തിലേക്ക് കുടിവെള്ളം പോകുന്നത് ചാലിയാറില്‍ നിന്നും ശേഖരിച്ച്‌ ഇവിടെ ശുദ്ധീകരിച്ചിട്ടാണ്. ഒപ്പം നല്ലൊരു പ്രകൃതിയും. ഈ പെട്ടിപീടികയില്‍ കയറി ഒന്ന് മുറുക്കണം എന്നുണ്ട് എനിക്ക്. പക്ഷെ പിന്നെയാകാം.നമ്മള്‍ മാവൂരില്‍ എത്താറായി. പക്ഷെ ഇത് പഴയ മാവൂരല്ല. ഗോളിയോര്‍ റയോണ്‍സ്‌ ഫാക്ടറി അടച്ചു പൂട്ടിയപ്പോള്‍ ആത്മാവ് നഷ്ടപ്പെട്ട ഒരു ചെറിയ സിറ്റി. ഫാക്ടറി വക ഒഴിഞ്ഞു പൊളിഞ്ഞ് പ്രേത ഭവനം പോലെ നില്‍ക്കുന്ന കോര്‍ട്ടെഴ്സുകള്‍ പറയുന്നത് നഷ്ടപ്പെട്ടുപോയ കുറേ ജീവിത സൗകര്യങ്ങളുടേതാണ് , കേള്‍ക്കാതെ പോയ അവരുടെ പ്രാര്‍ത്ഥനകളുടേയാണ് , പെയ്തു തീരാത്ത അവരുടെ കണ്ണീരിന്റെയാണ്. ഈ കാഴ്ച കാണാനാണോ നിങ്ങളെ കൊണ്ടുവന്നതെന്ന് തോന്നുന്നുവെങ്കില്‍ , സോറി .. ഈ സങ്കടം കാണിക്കാതെ എങ്ങിനെ ഞാന്‍ മാവൂരിനെ പരിചയപ്പെടുത്തും.ശരി ഇനിയൊരു ചായ കുടിക്കാം. ഈ ചായ കടയില്‍ എന്താ ഇത്ര തിരക്ക് എന്ന് നിങ്ങള്‍ ചോദിക്കുന്നത് ഞാന്‍ കേള്‍ക്കുന്നു. അതില്‍ അത്ഭുതമില്ല. ഇതാണ് പേരുകേട്ട ഹൈദറാക്കാന്റെ പരിപ്പുവട . പകരം വെക്കാനില്ലാത്ത രുചി. ഏഷ്യ നെറ്റുകാര്‍ സ്പെഷ്യല്‍ ഫീച്ചര്‍ ഒരുക്കിയ രുചി വൈഭവം. ഇവിടന്നു കഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ പാര്‍സല്‍ പോകുന്നു. ഇത് വഴി പോകുന്ന ഞങ്ങളും അത് ഒഴിവാക്കില്ല. ഞാനേതായാലും രണ്ടെണ്ണം തട്ടിയിട്ട് ബാക്കി പറയാം. അപ്പോള്‍ നിങ്ങള്‍ എങ്ങിനാ... ഇവിടുന്നു കഴിക്കുന്നോ അതോ പാര്‍സല്‍ എടുക്കുന്നോ...?.

(ഫോട്ടോസ് എടുത്തത്‌ ഗൂഗിളില്‍ നിന്നും പിന്നെ ഫെയിസ് ബുക്കിലെ ചില സുഹൃത്തുക്കളുടെതും)

Tuesday, March 22, 2011

അബുദാബി കൈരളി കഥ പുരസ്‌ക്കാരം രാജു ഇരിങ്ങലിന്‌

അബുദാബി കൈരളി കഥാ പുരസ്ക്കാരം, നമ്മുടെയെല്ലാം പ്രിയ സുഹ്രത്ത്‌ ശ്രി. രാജു ഇരിങ്ങലിന്റെ 'ചരിവു തലം' എന്ന കഥയ്ക്കാണ്‌ ലഭിച്ചിരിക്കുന്നത്‌..

ശ്രി. രാജു ഇരിങ്ങലിന്‌ അഭിനന്ദനങ്ങള്‍...

പെയ്തൊഴിയാത്ത കാര്‍മേഘങ്ങള്‍വര്‍ഷം ഇരുപത് കഴിഞ്ഞിരിക്കുന്നു. ഈ ഒട്ടുമാവിനും കാണും അത്രയും പ്രായം. നൊമ്പരങ്ങള്‍ ഇറക്കി വെക്കാന്‍ ഒരത്താണിയാണ് ഇതിന്‍റെ തണല്‍. സന്തോഷവും സന്താപവും പങ്കുവെക്കുന്നതും ഈ മാവിനോട് തന്നെ. വര്‍ഷത്തിലൊരിക്കല്‍ ഇത് പൂക്കുമ്പോള്‍ സന്തോഷം തോന്നും. എന്‍റെ വിഷമങ്ങളെ വളമായി സ്വീകരിക്കുന്ന ഇവള്‍ക്കെങ്ങിനെ ഇങ്ങിനെ പൂത്തുലയാന്‍ കഴിയുന്നു എന്ന് തോന്നാഞ്ഞിട്ടല്ല. ഒരു പക്ഷെ എന്‍റെ സന്തോഷമാവാം മാവും ആഗ്രഹിച്ചിട്ടുണ്ടാവുക.

ആ ചാരുകസേര മകനോട്‌ പറഞ്ഞ് മുറ്റത്ത് ഇട്ടു. ഈ ചൂടത്ത് തന്നെ വേണോ എന്നൊരു ചോദ്യം അവന്‍റെ നോട്ടത്തില്‍ നിന്ന് വായിച്ചെങ്കിലും അതവഗണിച്ചു. മാവിന്‍റെ ചില്ലകളൊരുക്കിയ തണുപ്പിന് പോലും മനസ്സിലെ ചൂടിന് ശമനം നല്‍കാന്‍ പറ്റുമായിരുന്നില്ല. ഒരു പൊള്ളുന്ന ഓര്‍മ്മയുടെ ഭാരം ഇറക്കിവെക്കണം. ചില്ലകളിളക്കി മാവ് കഥ കേള്‍ക്കാന്‍ തയ്യാറായി.

അറേബ്യന്‍ ഗ്രീഷ്മത്തിലെ ഒരു നട്ടുച്ച നേരം. മനസ്സ് ഭരിക്കുന്ന ഫയലുകള്‍ക്കിടയില്‍ നിന്നും ഒരു ഇടവേള പലപ്പോഴും എടുക്കാറുണ്ട്. ഓഫീസിന്‍റെ മുന്നില്‍ തന്നെ നിറഞ്ഞുനില്‍ക്കുന്ന പലതരം മരങ്ങള്‍. കുറച്ചുനേരം അവയെ നോക്കിയിരിക്കുമ്പോള്‍ ഒരാശ്വാസം കിട്ടാറുണ്ട്. ഒരു പക്ഷെ മനസ്സിനെ മരവിപ്പിക്കാതെ നോക്കുന്നതും ഈ പച്ചപ്പുകളായിരിക്കും. ഒരുപാട് ഓഫീസുകള്‍ ഈ കോമ്പൌണ്ടില്‍ തന്നെയുണ്ട്‌. പല രാജ്യക്കാര്‍. വിത്യസ്ഥ സ്വഭാവമുള്ളവര്‍. പക്ഷെ എല്ലാവരില്‍ നിന്നും അല്പം ഒഴിഞ്ഞുമാറിയുള്ളൊരു ശീലം ഇവിടെ വന്നതുമുതല്‍ തുടങ്ങിയതാണ്‌. ഹോസ്റ്റലിലെ ബഹളങ്ങളില്‍ കൂട്ടുകക്ഷിയാകാറുള്ള എനിക്കെങ്ങിനെ ഈ ഒരു മാറ്റം എന്ന് തോന്നാതിരുന്നില്ല. ഒരുപക്ഷെ അതേ കാരണങ്ങള്‍ കൊണ്ടാണോ ഇതും സംഭവിച്ചത്. മരവിച്ച മനസ്സിലേക്ക് ഒരു പ്രണയ മഴ പെയ്തത്. കാറ്റില്‍ പതുക്കെയാടുന്ന ചബോക് മരങ്ങള്‍ക്കിടയിലൂടെ തെളിഞ്ഞു വന്ന നുണക്കുഴി പുഞ്ചിരി. വിടര്‍ന്ന കണ്ണുകളില്‍ വായിച്ചെടുത്തത് അതിരുകള്‍ താണ്ടിയുള്ളൊരു പ്രണയത്തിന്‍റെ ആദ്യാക്ഷരികള്‍ ആയിരുന്നു. ഭാഷയും ദേശവും സ്നേഹത്തിന് വിലങ്ങുകളാവില്ല എന്ന മന്ത്രം തന്നെയാവണം ലാഹോറിന്‍റെ മണ്ണില്‍ നിന്നും ഈ പുഞ്ചിരി എന്‍റെ മനസ്സില്‍ അധിനിവേശം നടത്താന്‍ കാരണം. ഈ സ്ഥലത്ത് ഒരുവര്‍ഷം കഴിഞ്ഞിട്ടും അവളെ കണ്ടില്ല എന്ന് പറയുന്നതില്‍ ശരിയില്ല. പലപ്പോഴും കണ്ടിട്ടുണ്ടെങ്കിലും വായിച്ചെടുക്കാന്‍ പറ്റാത്ത ഒരു ഭാവമാണ് തോന്നിയിട്ടുള്ളത് . മരുഭൂമിയിലെ ചൂടില്‍ പ്രണയം മരീചികയായ നാളുകള്‍.

പക്ഷെ എന്തായിരുന്നു സത്യം. ചെറുപ്പത്തിന്‍റെ തമാശയില്‍ കവിഞ്ഞൊരു തലം അതിന് കൊടുക്കാത്തതാണോ ചെയ്ത തെറ്റ്. ഒരു പെണ്‍കുട്ടിയുടെ ഹൃദയത്തില്‍ ഒരു പൂക്കാലം വിരിയുന്നു എന്നറിഞ്ഞിട്ടും അത് അനുവദിച്ചത് എന്തിനായിരുന്നു. അല്ലായിരുന്നെങ്കില്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മനസ്സില്‍ മായാതെ ഈ കുറ്റബോധത്തിന്റെ കാര്‍മേഘങ്ങള്‍ തന്നെ വേട്ടയാടുന്നതെന്തിന് . കൂടുതല്‍ ആലോചിച്ചപ്പോള്‍ പ്രായോഗികതയും നിസ്സഹായതയും ഒന്നിച്ച് മനസ്സിലായൊരു നേരം, തുറന്നു പറഞ്ഞെങ്കിലും വൈകിപോയിരുന്നു. ഒരു രണ്ടു രാജ്യങ്ങളുടെ വ്രണിത വികാരങ്ങള്‍ക്കുമപ്പുറം സ്നേഹത്തിന്റെ സമര്‍പ്പണം നടത്തിയ പെണ്‍കുട്ടി. അവളുടെ ഹൃദയം പൊട്ടിയൊഴുകിയ കണ്ണീരിന്‍റെ ശക്തിയറിഞ്ഞ് ഒരു ഭീരുവിനെ പോലെ ഓടിയൊളിച്ചപ്പോള്‍ തകര്‍ന്നത് ഒരു വ്യക്തിയുടെ മാത്രം മുഖമായിരുന്നോ.

പിന്നെ കുറെ കാലം ദുസ്വപ്നങ്ങളുടെതായിരുന്നു. സ്നേഹ സമരങ്ങളുടെ യുദ്ധഭൂമിയില്‍ വെള്ള സാല്‍വാറിട്ട പെണ്‍കുട്ടി സഹായത്തിനായി അലമുറയിടുന്ന രംഗങ്ങള്‍ ഉറക്കങ്ങളില്‍ പലപ്പോഴും കയറി വന്നു. വരണ്ടുണങ്ങിയ ഒരു മരുഭൂമിയിലൂടെ നിസ്സഹായയായി അവള്‍നടക്കുന്നതായും കണ്ണീര്‍ തുള്ളികള്‍ പൊള്ളുന്ന മണലുകളെ പോലും ആര്‍ദ്രമാക്കുന്നതായും തോന്നി. ചബോക്ക് മരങ്ങള്‍ കാണുമ്പോഴോക്കെ അതിന്‍റെ മരവിലിരുന്നു ഒരു പെണ്‍കുട്ടി കരയുന്നതായി തോന്നും. മകള്‍ കൊണ്ടുവന്നു മുറ്റത്ത്‌ നട്ട ചബോക് മരത്തിന്‍റെ തൈ ആരും കാണാതെ രാത്രിയില്‍ പിഴുതെറിയുമ്പോള്‍ പ്രതീക്ഷിച്ചതും ആ ഓര്‍മ്മകളില്‍ നിന്നുള്ള ഒരു മോചനം ആയിരുന്നു.

പ്രായശ്ചിത്തമില്ലാത്തതാണ് ചില തെറ്റുകള്‍. അപക്വമായ കൌമാരത്തിന്‍റെ അര്‍ത്ഥ ശൂന്യതകള്‍ എന്ന് കരുതിയിട്ടും എന്തേ ഈ ഓര്‍മ്മകളില്‍ നിന്നും മോചനം കിട്ടാത്തത്. ഒന്ന് ചാഞ്ഞിരുന്നു മയങ്ങാന്‍ നോക്കി. പറ്റുന്നില്ലല്ലോ. കണ്ണീരില്‍ കുതിര്‍ന്നൊരു തൂവാല മാത്രം മനസ്സില്‍ തെളിയുന്നു. ശക്തിയായൊരു കാറ്റില്‍ മാവിലെ കൊമ്പുകള്‍ ഇളകിയാടി. മടിയിലേക്ക്‌ കരിഞ്ഞൊരു മാവിന്‍ പൂക്കുല അടര്‍ന്നു വീണു.

Sunday, February 27, 2011

ഗുണ്ടല്‍പേട്ടയില്‍ ഒരു സൂര്യകാന്തിക്കാലത്ത്.

നാടുകാണി ചുരവും കയറി കയറി ബന്ദിപൂര്‍ വനങ്ങള്‍ വഴിയുള്ള യാത്രകള്‍ ഇത്ര പ്രിയപ്പെട്ടതായത് എന്തുകൊണ്ടാണ്? പ്രത്യേകിച്ചും രാത്രിയിലെ യാത്രകള്‍. നിഗൂഡമായ ഒരു സൗന്ദര്യമുണ്ട് രാത്രിയില്‍ ഇതുവഴിയുള്ള യാത്രക്ക്. കാടിന്റെ ഭീകരമായ അന്തരീക്ഷത്തില്‍, മുന്നില്‍ വന്നുചാടിയേക്കാവുന്ന കാട്ടു മൃഗങ്ങളെയും ഭയന്ന് ഇടയ്ക്കിടയ്ക്ക് പാസ്‌ ചെയ്യുന്ന പാണ്ടി ലോറികളുമൊക്കെയായി ഈ രാത്രിയാത്രകള്‍ ആസ്വദിക്കാന്‍ പലവട്ടം ഇതിലൂടെ പോയിട്ടുണ്ട്. പിന്നിലോട്ടു മറയുന്ന വനങ്ങള്‍ക്കിടയില്‍ മുളയൊടിക്കുന്ന
കാട്ടാനകളെ കാണുമ്പോള്‍ , ഇരുട്ടില്‍ വെട്ടിത്തിളങ്ങുന്ന കണ്ണുകളുമായി നമ്മെ തുറിച്ചുനോക്കുന്ന ചെന്നായകളും കുറുക്കന്മാരും, ഇവയൊക്കെ കാണുമ്പോള്‍ ഉള്ളില്‍ വരുന്ന ഭീതിനിറഞ്ഞ ഒരു അനുഭവമില്ലേ..? ഞാനതിനെ വല്ലാതെ ഇഷ്ട്ടപ്പെടുന്നു.
ഈ യാത്ര ഗുണ്ടല്‍പെട്ടയിലേക്കാണ്. മനസ്സില്‍ പതിയുന്ന ചില അനുഭവങ്ങളാണ് കന്നഡ ഗ്രാമങ്ങള്‍. നഗരത്തിന്റെ പൊലിമയിലൊന്നും ഇവര്‍ വീഴില്ല. പകരം കൃഷിയിലൂടെയും മറ്റും അവരുടെ വിയര്‍പ്പും നഗരങ്ങളിലെത്തുന്നു. എന്തൊരു രസമാണ് ഈ ഗ്രാമീണ റോഡുകളിലൂടെ നടക്കാന്‍ . ഇടയ്ക്കിടയ്ക്ക് വലിയ മരങ്ങള്‍. അതിനു താഴെ ചെറിയൊരു പ്രതിഷ്ഠ. തിരി എപ്പോഴും തെളിഞ്ഞുകൊണ്ടേയിരിക്കും. ഇടയ്ക്കിടയ്ക്ക് കാളവണ്ടികള്‍ , പിന്നെ കൃഷിയിടങ്ങളിലേക്ക് നീങ്ങുന്ന ട്രാക്ടറുകള്‍. ഇനിയൊരു പത്ത് വര്ഷം കഴിഞ്ഞാലും ഇവിടെ ഇങ്ങിനെതന്നെ ആയിരിക്കും.
ഞങ്ങളിപ്പോള്‍ കേജീ ഹള്ളി (Kaligowdanahalli) എന്ന ഗ്രാമത്തിലാണ്. ഇവിടെ കൃഷിയിടങ്ങള്‍ പാട്ടത്തിനെടുത്ത് കരിമ്പ്‌ കൃഷിചെയ്യുന്ന ഒരു സുഹൃത്തിന്റെ കൂടെ. ഇനി രണ്ട് ദിവസം ഈ ഗ്രാമമാണ് ഞങ്ങളുടെ ലോകം. കരിമ്പ്‌ കാടുകളിലൂടെയും സൂര്യകാന്തി തോട്ടങ്ങല്‍ക്കിടയിലൂടെയും ഞങ്ങള്‍ അലഞ്ഞുനടന്നു. ഉള്ളിയും തണ്ണിമത്തനും ബീറ്റ്റൂട്ടും കടലയും എല്ലാം കൃഷി ചെയ്യുന്നുണ്ട് ഇവിടെ. കൃഷിയാണ് ഇവരുടെ ദൈവം. സ്ഥലത്തിന്റെ മുതലാളി രാമദേവ ഗൗഡ സ്നേഹമുള്ള ആള്‍ തന്നെയാണ്. പാടങ്ങള്‍ക്കിടയില്‍ വളരുന്ന തെങ്ങില്‍ നിന്നും ഇളനീര്‍ പൊട്ടിച്ചുനല്കാന്‍ കുശന്‍ എന്ന ശിങ്കിടിയോട്‌ ഗൗഡ പറഞ്ഞു. എന്തൊരു രുചി. തണ്ണിമത്തന്‍ പൊട്ടിച്ച്‌ അവിടന്ന് തന്നെ തട്ടാന്‍ രസം വേറെ തന്നെ. ഞങ്ങളുടെ ആവേശം കണ്ട് കുടവയറും കുലുക്കി ഗൗഡ ചിരിക്കുന്നു.
കൃഷിയിടങ്ങളിലേക്ക് വെള്ളം പമ്പ് ചെയ്യുന്ന ചെറിയ കുളങ്ങള്‍. നല്ല തണുത്ത വെള്ളം. മുങ്ങി നിവരുമ്പോള്‍ തണുപ്പ് കാരണം വിറക്കുന്നു. പക്ഷെ ക്ഷീണം പരിസരത്ത് കാണില്ല പിന്നെ. കരിമ്പിന്‍ കാടിന് അരികെ പുല്‍പായ വിരിച്ചു ഉച്ചയൂണ്. ഉമ്മച്ചി പൊതിഞ്ഞു തന്ന ബീഫ് ഫ്രൈയുടെ മണം കുറ നേരത്തെ തന്നെ കൊതിപ്പിക്കാന്‍ തുടങ്ങിയിരുന്നു. ഗൗഡയുടെ കുടവയര്‍ ഇത്തിരി പേടിപ്പിച്ചെങ്കിലും വെജിറ്റെറിയന്‍ ആണെന്നുള്ള പ്രഖ്യാപനം ആശ്വാസം തന്നു. "സ്നേഹം വേറെ ബീഫ് ഫ്രൈ വേറെ".
പഞ്ചായത്ത് ആപ്പീസില്‍ പോവണം, നാളെ കാണാം എന്നും പറഞ്ഞു ഒരു ട്രാക്ടറില്‍ കയറി ഗൗഡ പോയി. കുശണ്ണന്‍ കൂടെത്തന്നെയുണ്ട്‌.
ഇവിടെ തന്നെ ഒന്ന് മയങ്ങാം. കരിമ്പിന്‍കാടുകള്‍ക്കിടയിലൂടെ മൂളിവരുന്ന പാട്ടിനൊപ്പിച്ച് സൂര്യകാന്തി പൂക്കള്‍ താളം പിടിക്കുന്നു. പുല്‍ത്തകിടിയില്‍ മാനം നോക്കി നോക്കി അങ്ങിനെ മയങ്ങിപോയി എല്ലാരും. എത്ര നേരം ഉറങ്ങിയോ ആവോ. ഉണര്‍ന്നപ്പോള്‍ കട്ടന്‍ ചായയുമായി ഒരു പെണ്ണ്. കുശണ്ണന്‍ പറഞ്ഞു, "നിങ്ങളുടെ നാട്ടുകാരി ആണ് ". കല്‍പ്പറ്റയില്‍ നിന്നും കല്യാണം കഴിഞ്ഞു ഇവിടെ എത്തിയതാണ്. ചിത്ര പറഞ്ഞു തുടങ്ങി. ഇവിടെ കള പറിച്ചും മറ്റു കൂലി പണികള്‍ ചെയ്തും നില്‍ക്കുന്നു. ഭര്‍ത്താവും അതെ. ചിത്രയുടെ വിഷമം അതല്ല. അവിടത്തെ പെണ്ണുങ്ങള്‍ അവളോടൊപ്പം ജോലി ചെയ്യും. പക്ഷ ഭക്ഷണം ഒന്നിച്ചു കഴിക്കില്ല. ജാതി താഴെയാണത്രെ. ഇതിനൊരു പരിഹാരം ഞങ്ങളുടെ അടുത്തില്ല ചിത്രേ. എന്നാലും മലയാളം പറയാന്‍ ആളെ കിട്ടിയതില്‍ അവള്‍ക്കും സന്തോഷം.
ഇന്നത്തെ രാത്രി ഞങ്ങള്‍ ഇവിടെയാണ്‌. കൃഷിയിടങ്ങള്‍ക്ക് നടുവിലായി ഗൗഡയുടെ തന്നെ ഒരു ചെറിയ വീട്. എന്തൊരു പ്രസന്നതയാണ് ഇവിടത്തെ അന്തരീക്ഷത്തിന്‌.
ഇന്ന് രാത്രി നെയ്ച്ചോറും ചിക്കനും ആവാം. നജ്മുവും ആരിഫും സാധനങ്ങള്‍ വാങ്ങാന്‍ പുറത്തേക്കു പോയി. "പെട്ടൊന്ന് മടങ്ങണം. പകല് പോലെയല്ല ഇവിടെ രാത്രി".
കുശണ്ണന്‍ ഓര്‍മ്മിപ്പിച്ചു. വീടിനു പുറത്തിറങ്ങിയപ്പോള്‍ എന്തൊരു തണുപ്പ്. കോടമഞ്ഞ്‌ ഇറങ്ങിയിട്ടുണ്ട്. തണുത്താലും വേണ്ടീല, ഇത് ആസ്വദിച്ചേ പറ്റൂ. വില്‍സിനൊന്നും സ്ട്രോങ്ങ്‌ പോര. മരം കൊണ്ട് കെട്ടിയുണ്ടാക്കിയ കട്ടിലില്‍ ഇരുന്ന്‌ ശാപ്പാട്. ഓരോന്നും ഓരോ അനുഭവമാണ്. തണുപ്പും ഒട്ടും സഹിക്കില്ല എന്നായപ്പോള്‍ ഉറങ്ങാന്‍ കിടന്നു.
ഇത്രയും സുന്ദരമായ പ്രഭാതം മുമ്പ് കണ്ടിട്ടുണ്ടോ? സൂര്യകാന്തി പൂക്കളിലെ മഞ്ഞുത്തുള്ളികള്‍ ഇളം വെയിലില്‍ മിന്നിത്തിളങ്ങുന്നു. കളത്തില്‍ നിറയെ പെണ്ണുങ്ങള്‍. പാട്ടും വര്‍ത്താനവുമായി എന്തൊരു സന്തോഷത്തോടെയാണ് അവര്‍ ജോലി ചെയ്യുന്നത്. പ്രകൃതിയോടു ചേര്‍ന്നുതന്നെ വേണം പ്രഭാത കര്‍മ്മങ്ങളും. യാത്ര സിനിമയിലെ രംഗം ഓര്‍മ്മവന്നത് കൊണ്ടോ എന്തോ ഞാനൊന്ന് മടിച്ചു. നാണം കൊണ്ടൊന്നും അല്ല. ഒരു കന്നടകാരിയെ പ്രേമിച്ചു നടക്കാനൊന്നും നമുക്ക് ടൈം ഇല്ല. പിന്നെ ഒടുവില്‍ പറഞ്ഞപോലെ "നല്ല അടി നാട്ടില്‍ തന്നെ കിട്ടില്ലേ".
ഇനി തിരിച്ചുപോകാം. ഗൗഡ കുറെ തണ്ണിമത്തനും ഇളനീരും വണ്ടിയില്‍ എടുത്തു വെപ്പിച്ചു. എതിര്‍പ്പ് സ്നേഹത്തിന്‌ വഴിമാറി. ഇനിയും വരണമെന്ന് ഓര്‍മ്മിപ്പിച്ചു. എങ്ങിനെ വരാതിരിക്കും?
തിരിച്ചു വിളിക്കുന്നൊരു സൗഹൃദ ഭാവമുണ്ട് ഈ ഗ്രാമങ്ങള്‍ക്ക്. ഞങ്ങള്‍ വരും. കരിമ്പ്‌ തണ്ടും ചവച്ചുതുപ്പി ഈ പാടങ്ങളിലൂടെ ഒരു കന്നഡ പാട്ടും പാടി വീണ്ടുമൊരു അവധികാലത്തിന്.
കോടമഞ്ഞും സൂര്യകാന്തി വര്‍ണങ്ങളും സന്തോഷത്തിന്റെ കയ്യൊപ്പ് ചാര്‍ത്തിയ രണ്ടു ദിവസങ്ങള്‍. ഞങ്ങള്‍ ഇറങ്ങി. ഇനി വീണ്ടും ബന്ദിപൂരിന്റെയും മുതുമലയുടെയും നിഗൂഡതകളിലൂടെ നാടുകാണി ചുരവും ഇറങ്ങി നാട്ടിലേക്ക്.
സൂര്യകാന്തി പൂക്കള്‍ തലകുലുക്കി ഞങ്ങളോട് യാത്ര പറഞ്ഞു.

ബഹറിന്‍ ബൂ ലോഗം നിര്‍ജീവ മായോ...?..

----------------------------------------------------------------
ബഹറിന്‍ ബൂ ലോഗം നിര്‍ജീവ മായോ...?..ദിവസവും വന്നു നോക്കും ഒരു ഇല അനക്കവും കാണില്ല....ഒന്ന് അനങ്ങിക്കോട്ടേ എന്ന് കരുതി വല്ലതും പോസ്റ്റും...എനിക്കിനി വയ്യ ഇങ്ങനെ ഇടക്യു വന്ന് ഈച്ചനെ ആട്ടാന്‍...

Saturday, February 26, 2011

സ്പെഷ്യല്‍ ക്ലാസ്

------------------------------------
അവളുടെ കോമ്പസ് മുനയാണ്
എന്‍റെ ആദ്യത്തെ പ്രണയം
എന്‍റെ സ്ലേറ്റിന്‍റെ മൂലയാണ്
അവളുടെ നെറ്റിയിലെ പൊട്ട്.

രാത്രി കണ്ട സ്വപ്‌നങ്ങള്‍
മനപ്പാ0 മാക്കി
ചോറ്റു പാത്രത്തില്‍ മൂടി അവള്‍
ഇടവഴില്‍ വെച്ച് വായിക്കാന്‍ തരും .

മനസ്സ് തുറക്കുമ്പോള്‍
അരി വെന്ത നിറമുണ്ടാകും.
കാ‍ന്താരി മുളകിന്‍റെ ചൂരും ,
തേങ്ങ വെന്ത മണവും .


വിശപ്പ്‌ തിളച്ച് തൂവിയാണ്
അവളുടെ അരക്കെട്ടിന് തീപ്പിടിച്ചത്.
അന്ന് തെറിച്ചുപോയ ചോരക്കറയാണ്‌
ഇന്നുമവളുടെ മുഖത്തെ കറുപ്പ്.


മുതിര്‍ന്നപ്പോള്‍ അവളുടെ പാവാടയ്ക്ക്
എന്‍റെ തുടയേക്കാള്‍ നീളം കൂടി .


ഏഴാം ക്ലാസ്സില്‍ സങ്കലനം തെറ്റിയാലുള്ള
കണക്കിലെ കളികള്‍
നിക്കറിനേക്കാള്‍ ചുരുട്ടി വെച്ചവള്‍
കാണിച്ചു തരും.
എത്ര കുറച്ചാലും ശിഷ്ടം വരുത്താന്‍
മാഷ്‌ ഗുണന ചിഹ്നന ത്തില്‍
കൂട്ടിയിട്ടുണ്ടാകും .ഒഴിവ് ദിവസങ്ങളില്‍
ലാബിലെ മേശയില്‍
തവളകിടന്നവള്‍
ജീവ ശാസ്ത്രം പഠിച്ചിട്ടും
ഒമ്പതില്‍ മൂന്നു തവണ തോറ്റു.
നിങ്ങളന്ന് കുടഞ്ഞ മഷിയാണ്
ഇന്നുമവളുടെ ഉള്ളിലെ ചുവന്ന വര .അടി വരവീണ താളുകള്‍ മായ്ക്കാന്‍
പാഠം മുഴുവനവള്‍ കീറി കളഞ്ഞില്ല
പൊതിഞ്ഞു വെക്കാന്‍ മടിയുള്ളതെല്ലാം
വഴി യാത്രക്കാരെ കൊണ്ട് വായിപ്പിച്ചു .


അവളൊരു
പൊതിഞ്ഞ പുസ്തകമായിരുന്നു ,
ജീവിതത്തിലെഴുതി കൊടുത്ത
നിങ്ങളുടെ വിശപ്പാണ്
ഇന്നും വായിക്കപ്പെടുന്നത് .


------------------------------------------------------------------------ഷംസ്

Wednesday, February 23, 2011

കുറ്റിപെന്‍സില്‍

----------------------------------------------------------------


ഒരു നാള്‍ മരിച്ചവരെല്ലാം
നിന്‍റെ നഗരത്തില്‍
ഉയര്‍ത്തെഴുനേല്‍ക്കപ്പെടും .


നിന്‍റെ കാതുകളില്‍
യന്ത്ര ചിറകുകള്‍ മുരളും.


നെഞ്ചില്‍
വെടിയൊച്ചകള്‍ പിടയും .


മുറിവേറ്റവരെ ബാക്കി വെച്ച്
സൈറണുകള്‍ പാഞ്ഞു പോകും .

അന്ന് നിന്നെ പോലെ
ആരുമുണ്ടാവില്ല .


അവര്‍ നിന്‍റെ പിറകില്‍
വരികളായ് അണി നിരക്കും.നീ എഴുതി തേഞ്ഞ്
ഒരു ചരമ കോളത്തില്‍
മുനയൊടിഞ്ഞ് ചത്തതല്ല .ഭരണകൂടത്തിന് ഒരു കുത്തിടാന്‍
മുന കൂര്‍പ്പിച്ച്
ഒരു തെരുവില്‍ കൊല്ലപ്പെട്ടതാണ് .

-----------------------------------------------------------------------------ഷംസ്

Monday, February 7, 2011

ഒരു ചോദ്യം

????????????????????????
പുറത്ത് നിന്ന് പൂട്ടാന്‍
വാതിലിന്
ഒരു ഓടാമ്പിലയുണ്ട് .
അകത്ത് നിന്ന് പൂട്ടാന്‍
വാതിലിന് ഒരു താഴുണ്ട് .
ആണായതിനാലാണോ
വാതിലുകളെല്ലാം
നിന്നെ തുറന്ന് വിടുന്നത് .

വഴിതെറ്റി ഓടുന്ന
നിയമത്തെ
റോഡില്‍ നിര്‍ത്താനൊരു
ബെല്ലുണ്ട് .

കടിഞ്ഞാണില്ലാതെ പായുന്ന
ഭരണത്തെ
പാളത്തില്‍ ഒതുക്കാനോരു
ചങ്ങല യുണ്ട് .


ബെല്ലും ചങ്ങലയുമില്ലാതെ
ഞങ്ങള്‍
പെറുന്നത് കൊണ്ടാണോ
ജീവിതത്തിലെ
ബോഗികളിലെല്ലാം
നിര്‍ത്താതെ
ഒറ്റ കയ്യന്‍മാര്‍
നുഴഞ്ഞ് കയറുന്നത് .


----------------------------------------ഷംസ്

Friday, February 4, 2011

ചിരിയുടെ മച്ചാന് പ്രണാമം


സാധാരണക്കാരന്റെ മട്ടും ഭാവവും പാടെ പകര്‍ത്തി കഥാപാത്രങ്ങളെ തന്റെ
സ്വതസിദ്ധ ശൈലിയില്‍ അവതരിപ്പിച്ച് മലയാള സിനിമയില്‍ ചിരിയുടെ മാല പടക്കം
പൊട്ടിച്ച മലയാള സിനിമയുടെ ചിരിയുടെ മച്ചാന്‍ താന്‍ ചെയ്ത കഥാപാത്രങ്ങളെയും

രംഗങ്ങളെയും എന്നും അയവിറക്കാന്‍ ബാക്കി വെച്ച്
എന്നന്നേക്കുമായി സിനിമാ പ്രേക്ഷകരുടെ

ഓര്‍മകളുടെ ചില്ലുകൂട്ടിലേക്ക് അന്ത്യ പാലായനം ചെയ്തു .


കൊച്ചിന്‍ ഹനീഫ് ക്കാ വിട വാങ്ങിയതിന്റെ ഒന്നാം വാര്‍ഷികത്തില്‍ വീണ്ടും ഒരു മരണ വാര്‍ത്ത
ക്കൂടി സിനിമാ ലോകത്ത് അമ്പരപ്പ് സൃഷ്ട്ടിച്ചിരിക്കുകയാണ് . മലയാള
സിനിമയിലെ കഴിവുള്ള താരങ്ങള്‍ നമ്മെ വിട്ടു മറഞ്ഞു പോവുകയാണ് .....


' അടര്‍ന്നു വീഴുന്ന ഓരോ പകലുകള്‍ക്കും മുന്നോട്ടുള്ള ഓരോ ചുവടുകള്‍ക്കും
ഇടയില്‍ പതിയിരിക്കുന്ന യാഥാര്‍ത്യത്തെ (അന്ത്യം ) ആര്‍ക്കും
കണ്ടുപിടിക്കാനും , ചെറുക്കാനും കഴിയില്ലല്ലോ ' ...
അസ്വാഭാവികമായി നര്‍മ്മം കൈകാര്യം ചെയ്തിരുന്ന അസാധ്യമായ ടൈമിങ്ങുകളുള്ള നടനായിരുന്നു മച്ചാന്‍ വര്‍ഗീസ്. അദേഹത്തിന്റെ ശബ്ദത്തിന്റെ പ്രത്യേകത യും ആ വ്യത്യസ്ത്യമായ കഴിവുകളും കൊണ്ടാവും അദേഹം ചെയ്ത ചെറിയ കഥാപാത്രങ്ങളെ പോലും നാം എന്നും ഓര്‍ത്തിരിക്കുന്നത് . മൂന്നു മാസം മുമ്പാണ് ഞാന്‍ അദേഹത്തെ വീണ്ടും കണ്ടു മുട്ടുന്നത് അതും തികച്ചും അപ്രതീക്ഷിതമായി കലൂരിലെ ലിസ്സി ജംഗ്ഷനിലെ ഷംസു ടൂറിസ്റ്റ് ഹോമില്‍ വെച്ച് .... " ബെസ്റ്റ് ആക്ടര്‍ " എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വര്‍ക്കുകള്‍ കഴിഞ്ഞ് നാട്ടിലേക്ക് പോകാന്‍ തയ്യാറായി നില്‍ക്കുകയാണ് ഞങ്ങള്‍ . സിറ്റൌട്ടില്‍ മറ്റാരോടോ സംസാരിച്ചു കൊണ്ട് നിന്നിരുന്ന അദേഹം ഞങ്ങളെ കണ്ടു അടുത്തേക്ക്‌ വന്നു . കുശലന്വേഷണങ്ങള്‍ക്കൊടുവില്‍ അദേഹം ചായക്ക്‌ ഓര്‍ഡര്‍ ചെയ്തു . കൂടെ കഴിക്കാന്‍ തൊട്ടടുത്ത കടയില്‍ അദേഹം തന്നെ ചെന്ന് ഒരു പാക്ക് ക്രീം ബിസ്ക്കറ്റും വാങ്ങി പൊട്ടിച്ചു ഞങ്ങളും കൂടെ കഴിച്ചു . ' സിജാറേ നിന്റെ പേര് മാറ്റി അച്ചാര്‍ എന്നാക്കി വിളിച്ചു കൂടെ ... കേള്‍ക്കാനും വിളിക്കാനും അതല്ലേ രസം ' എന്ന് പറഞ്ഞു എപ്പോഴും കളിയാക്കിയിരുന്ന അദേഹം അന്നും ഇത് പറഞ്ഞു എന്നെ ശുണ്ടി പിടിപ്പിച്ചിരുന്നു .. ...ഇതായിരുന്നു അദേഹത്തിന്റെ സ്വഭാവം . സാധാരണക്കാരനില്‍ സാധാരണക്കാരന്‍ ആകാനായിരുന്നു എപ്പോഴും അദേഹത്തിന് കൂടുതല്‍ ഇഷ്ട്ടം . സ്കൂട്ടറില്‍ തലയില്‍ പകുതി ഹെല്‍മറ്റും ധരിച്ച് യാത്രയില്‍ ഇടയ്ക്കു വെച്ച് ട്രാഫിക്ക് പോലീസിനെ കാണുമ്പോള്‍ മാത്രം ഹെല്‍മെറ്റ്‌ മുഴുവനും ധരിക്കുന്ന , കാണുന്നവരോട് സ്കൂട്ടര്‍ നിര്‍ത്തി പരിചയം നില നിര്‍ത്തുന്ന സാധാരണ സ്കൂട്ടര്‍ യാത്രക്കാരനായ മച്ചാന്‍ വര്‍ഗീസിനെ എന്നെ പോലെ തന്നെ മറ്റുള്ളവരും കണ്ടിരിക്കും ഏറണാകുളം ടൌണിലെ റോഡുകളില്‍ ഇനി അതും ഓര്‍മ്മകള്‍ മാത്രമാവും ... ലിസ്സി ഹോസ്പിറ്റലില്‍ ഡോക്ടറെ കാണാന്‍ മകനെയും കാത്തു നില്‍ക്കുകയായിരുന്നു അന്ന് അദേഹം . കുറച്ചു കഴിഞ്ഞ് മകന്‍ വന്നപ്പോള്‍ ഞാന്‍ വരട്ടെ എന്ന് പറഞ്ഞു അദേഹം ഞങ്ങളോട് യാത്ര പറഞ്ഞു പോയപ്പോള്‍ .... വീണ്ടും കാണുവാനും സംസാരിക്കാനും തിരിച്ചു വരാത്ത യാത്രയാവും അതെന്നു ഞങ്ങള്‍ ആരും ഒരിക്കലും കരുതിയത് പോലുമില്ല . ആ ഓര്‍മ്മകള്‍ ഞങ്ങള്‍ക്ക് എന്നും ഓര്‍ക്കാന്‍ പാഴ് കിനാവുകള്‍ മാത്രമായി ... ഹാസ്യത്തിന് രൂപം കൊണ്ടും ഭാവം കൊണ്ടും സംഭാഷണം കൊണ്ടും തന്റേതായ ശൈലി നല്കിയ നടനായിരുന്നു മച്ചാന്‍ വര്‍ഗീസ്. മീശമാധവനിലെ ലൈന്‍മാന്‍ ലോനപ്പനെയും തെങ്കാശിപ്പട്ടണത്തിലെ കറവക്കാരനെയും പഞ്ചാബി ഹൗസിലെ പന്തല്‍ക്കാരനെയും സി ഐ ഡി മൂസയിലെ സെബാസ്റ്റ്യനെയും സിനിമപ്രേമികളുടെ മനസില്‍ ബാക്കിയാക്കിയാണ് മച്ചാന്‍ വര്‍ഗീസ് വിടപറഞ്ഞത്. ഏച്ചുകെട്ടലില്ലാത്ത സാധാരണക്കാരന്റെ ലാളിത്യമുളള ഹാസ്യമായിരുന്നു ഈ
എളമക്കരക്കാരനെ ശ്രദ്ധേയനാക്കിയത്. മീശമാധവനില്‍ ഇലക്ട്രിക്

പോസ്റ്റിലിരുന്നുകൊണ്ട് പിടലീ എന്ന് കൊച്ചിന്‍ ഹനീഫയെ വിളിക്കുന്ന ഒരൊറ്റ

രംഗം മതി മച്ചാന്റെ തനതുശൈലി തിരിച്ചറിയാന്‍.
കാബൂളിവാല , മാന്നാര്‍ മത്തായി സ്പീക്കിങ് , തെങ്കാശിപ്പട്ടണം,
മീശമാധവന്‍, തൊമ്മനും മക്കളും സിഐഡി മൂസ, പഞ്ചാബി ഹൗസ്, തിളക്കം,

ഫ്രണ്ട്‌സ്, ജലോത്സവം, കൊച്ചിരാജാവ്, ചതിക്കാത്ത ചന്തു, പറക്കുംതളിക,

കുഞ്ഞിക്കൂനന്‍, ഹിറ്റ്‌ലര്‍, പാപ്പീ അപ്പച്ചാ, ചക്രം, ഡ്യൂപ്ലിക്കേറ്റ്,

മലബാര്‍ വെഡ്ഡിംഗ്, പട്ടാളം, വെള്ളിത്തിര, വണ്‍മാന്‍ ഷോ, വാഴുന്നോര്‍,

മന്ത്രമോതിരം, പുതുക്കോട്ടയിലെ പുതുമണവാളന്‍ തുടങ്ങി അമ്പതോളം

ചിത്രങ്ങളില്‍ ശ്രദ്ധേയങ്ങളായ കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചു.


സ്‌കൂള്‍ പഠനകാലത്ത് തന്നെ അനുകരണകലയില്‍ വര്‍ഗീസ് വിദഗ്ധനായിരുന്നു. കൊച്ചിയിലെ നാടകവേദികളില്‍ കര്‍ട്ടന്‍കെട്ടുകാരനായി രംഗപ്രവേശം നടത്തിയ
മച്ചാന്‍ വര്‍ഗീസ് വരാത്ത നടന്‍മാര്‍ക്ക് പകരക്കാരനായി അഭിനയത്തിലും

പയറ്റി. നാടകവേദിയില്‍ നിന്ന് മിമിക്രിയിലേക്ക് മച്ചാനെ

കൈപിടിച്ചുകയറ്റിയത് നടന്‍ ഹരിശ്രീ അശോകനായിരുന്നു. എല്ലാവരെയും മച്ചാനെ

എന്ന് വിളിച്ചിരുന്ന എം എല്‍ വര്‍ഗീസിനെ മച്ചാന്‍ വര്‍ഗീസാക്കിയത്

സംവിധായകന്‍ സിദ്ദിഖായിരുന്നു. സിനിമയില്‍ മച്ചാനെ ശ്രദ്ധേയനാക്കിയ

വേഷങ്ങള്‍ സമ്മാനിച്ചതും സിദ്ദിഖ്-ലാല്‍, റാഫി-മെക്കാര്‍ട്ടിന്‍, ലാല്‍ജോസ്

ചിത്രങ്ങളാണ്.


സിനിമയെന്ന മാസ്മരികലോകത്ത് എത്തിപ്പെട്ടതിനു പിന്നില്‍ താരങ്ങള്‍ക്ക്

പറയാനുള്ള കഥകള്‍ വലുതാണ്. എന്നാല്‍ വളര്‍ത്തുനായയുടെ കനിവുമൂലം

വെള്ളിത്തിരയില്‍ ഭാഗ്യം തെളിഞ്ഞ താരമാണത്രെ മച്ചാന്‍ വര്‍ഗീസ്.

ഇതേക്കുറിച്ച് ഒരു അഭിമുഖത്തില്‍ മച്ചാന്‍ പറയുന്നുണ്ട്.
'കാബൂളിവാലയിലേക്ക്
വിളി വന്നപ്പോള്‍ വളര്‍ത്തുനായ പിംഗിയുമായി മച്ചാന്‍ സെറ്റിലെത്തിയത് വലിയ

പ്രതീക്ഷയോടെയായിരുന്നു. പിന്നീടാണറിഞ്ഞത് തന്നെയല്ല, മറിച്ച് തന്റെ

പട്ടിയെയാണ് അവര്‍ക്കാവശ്യമെന്ന്. വിഷമത്തോടെ മച്ചാന്‍ സംവിധായകരോട്

പ്രതികരിച്ചപ്പോള്‍ സ്‌നേഹപൂര്‍വം മച്ചാനായി ഒരു വേഷം സിദ്ദിഖ് ലാല്‍ എഴുതി

ചേര്‍ക്കുകയായിരുന്നു. വളര്‍ത്തുനായയ്‌ക്കൊപ്പം സെറ്റിലെത്തിയ മച്ചാന്റെ അഭിനയമോഹം അദ്ദേഹത്തെയും

നടനാക്കി. പിന്നീട് മാന്നാര്‍മത്തായിയിലും വളര്‍ത്തുനായ പിങ്കിക്കൊപ്പം ഒരു

വേഷം മച്ചാനെ തേടിയെത്തി. തന്റെ പിങ്കിയാണ് തന്നെ നടനാക്കിയതെന്ന്

പിന്നീട് പല അഭിമുഖങ്ങളിലും മച്ചാന്‍ തന്നെ അഭിമാനത്തോടെ

ആവര്‍ത്തിച്ചിരുന്നു. മുന്‍പ് ചില ചിത്രങ്ങളില്‍ മുഖം

കാണിച്ചിരുന്നുവെങ്കിലും പ്രതിഫലം ലഭിക്കുന്ന മച്ചാന്റെ ആദ്യചിത്രം

കാബൂളിവാലയാണ്. സ്‌റ്റേജ് ഷോകളിലും, ടി.വി.പ്രോഗ്രാമുകളിലും

പ്രത്യക്ഷപ്പെടാറുണ്ടായിരുന്ന മച്ചാന് സംഗീതത്തിലും കമ്പമുണ്ടായിരുന്നു.

മകന്‍ റോബിച്ചന്‍ സൗണ്ട് എന്‍ജിനീയറാണ്.
എറണാകുളം എളമക്കര സ്വദേശിയായ മച്ചാന്റെ ഭാര്യ: എല്‍സി. മക്കള്‍: റോബിച്ചന്‍, റിന്‍സു. ബെസ്റ്റ് ഓഫ് ലക്ക് ആണ് അവസാനമായി റിലീസ് ചെയ്ത ചിത്രം. ബോംബെ മിഠായി ആണ് പുറത്തിറങ്ങാനുള്ള ചിത്രം.

Thursday, February 3, 2011

ചുടല മരം

-------------------------------
പേരമരച്ചോട്ടില്‍
അടുത്ത വീട്ടിലെ കൌമാരക്കാരി
ഉഞ്ഞലാടാനെത്തിയതിനാണ്
രസം വെച്ച് അച്ഛന്‍ പേരയുണക്കിയത് .
തെരുവിലേക്ക് നീണ്ട കൊമ്പില്‍
ചുവന്നൊരു കൊടി കണ്ടപ്പോ ഴാണ്
ഇടത്‌ ഭാഗത്തേക്ക് ചായുമെന്ന് പറഞ്ഞ്
അച്ഛന്‍ ആഞ്ഞിലി മുറിച്ചൊരു
ചില്ലലമാര യുണ്ടാക്കിയത്.


കളിപ്പാട്ടങ്ങളില്ലാത്ത വീട്ടിലെ
ചില്ലലമാറയ്ക്ക് ഒരു പൂട്ട്‌ വന്നപ്പോഴാണ്
പുസ്തകങ്ങള്‍ എനിക്ക് അന്യമായത്.മഹാഗണിയുടെ
തോല് വെട്ടുന്ന ചെക്കന്‍
പെണ്ണ് കെട്ടാതിരുന്നത്തിനാണ് ,
മഹാ ഗണി മുറിച്ച്
അച്ഛന്‍ രണ്ടു കട്ടിലുണ്ടാക്കിയത് .


കട്ടിലുകള്‍ രണ്ടു മുറിയിലേക്ക്
താമസം മാറിയ അന്നാണ്
പാത്രങ്ങള്‍
തട്ടുകയും മുട്ടുകയും ചെയ്യാതെ
വീടൊരു മ്യൂസിയമായത്.

വീടൊരു കാവായിരുന്നു ,വെട്ടിയും,
മുറിച്ചും,
ഉണക്കിയും,
ഒരു മാവ് ബാക്കിവെച്ച്
അച്ഛന്‍ മരിച്ചു .


അച്ഛനെ ചുടാന്‍
ഞാനാ മാവ് മുറിക്കില്ല,
വീട്ടിലൊരു കൊമ്പെങ്കിലും വേണ്ടേ
അമ്മയ്ക്ക് തൂങ്ങാന്‍ ...-----------------------------------------------ഷംസ്

Sunday, January 30, 2011

'തീമരച്ചില്ലകള്‍' പ്രശസ്ത കവി ശ്രി.മുല്ലനേഴി പ്രകാശനം ചെയ്യുന്നു

പ്രിയ മിത്രങ്ങളെ,

നമ്മുടെയെല്ലാം സുഹ്രത്തും കവിയുമായ ശ്രി.സുധി പുത്തന്‍ വേലിക്കരയുടെ, രണ്ടാമത്‌ പുസ്തകം 'തീമരച്ചില്ലകള്‍' പ്രശസ്ത കവി ശ്രി.മുല്ലനേഴി പ്രകാശനം ചെയ്യുന്നു, അതോടനുംബന്ധിച്ച്‌ കവിത അലാപനം, നാടന്‍ പാട്ടുകള്‍ തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്‌, താങ്കളുടെ സജീവ സാന്നിദ്ധ്യം ഉണ്ടാകണം എന്ന് അപേക്ഷിക്കുന്നു.

സ്ഥലം : സൌത്ത്‌ പാര്‍ക്ക്‌ റെസ്റ്റൊറന്റ്‌ ഹാള്‍
സമയം : രാത്രി 7:30 ന്‌
തിയ്യതി : 05-02-2011 (ശനി)

Saturday, January 29, 2011

കുളിമുറി


------------------------------
കുളിക്കുമ്പോള്‍
മുഖം കാണിക്കല്‍ ഹറാമാണ് .


കുറ്റിയും കൊളുത്തും വെക്കാന്‍
പുഴയ്ക് ഒരു വാതിലില്ലായിരുന്നു.
മറഞ്ഞു നില്‍ക്കാന്‍
പുഴയ്ക്ക് നാല് ചുവരും.
മഴ നനയാതിരിക്കാന്‍
ഒരു മേല്‍ക്കൂരയും .


രാത്രിയില്‍
പുഴക്കടവിലെ പൊന്തക്കാട്ടില്‍
കള്ളക്കണ്ണുകള്‍
ഒളിച്ചിരിപ്പുണ്ടെന്ന് പറഞ്ഞാണ്
ബാപ്പ വീട്ടിലൊരു കുളി മുറി പണിതത്.


അടച്ചുറപ്പുള്ള ആ കുളി മുറിയാണ്
ഒരു പകല്‍ മഴയത്ത്
എന്‍റെ കുളിയാദ്യം തെറ്റിച്ചത്.
-----------------------------------------------ഷംസ്

രണ്ട് ചെമ്പരത്തി പൂക്കള്‍

********************
എത്ര തൊട്ടാലും വാടില്ലായിരുന്നു
അടുത്ത വീട്ടിലെ തൊട്ടാവാടി.

മുനകളെത്ര ഒടിച്ചാലും വളരു മായിരുന്നു
അവളുടെ നെഞ്ചിലേക്ക്
കണ്ണില്‍ നിന്നും വീണ്ടുമൊരു കൂര്‍ത്ത ചില്ല .

പുഴയിലേക്ക് നീണ്ട വേരുകള്‍
ഇടവഴിയില്‍
കെട്ടിപ്പിണഞ്ഞ് മുരടിച്ചാണ്
രണ്ടു വീട്ടിലും
ഓരോ ചെമ്പരത്തി കാടുണ്ടായത്.


------------------------------------------------ഷംസ്

Saturday, January 15, 2011

പിണങ്ങിപോയ പൂക്കള്‍.

വീടിന്റെ മുറ്റത്തൊരു ചെമ്പകം ഉണ്ടായിരുന്നു. നാട്ടില്‍ പോയപ്പോള്‍ മുറ്റത്ത്‌ അത് കാണാനില്ല. വേര് വീട്ടിലേക്ക് ഇറങ്ങുന്നത് കാരണം മുറിച്ചു കളഞ്ഞെന്ന് ഉമ്മ പറഞ്ഞു. എനിക്ക് സങ്കടമായി. ത്രിശ്രൂരില്‍ ഒരു അധ്യാപക ക്യാമ്പ് കഴിഞ്ഞുവരുമ്പോള്‍ ഉപ്പ വാങ്ങികൊണ്ടുവന്നാതായിരുന്നു അത്. എന്നോടൊപ്പം ചെമ്പകവും വളര്‍ന്നു വലുതായി. ഉപ്പയെ പോലെ എനിക്കും ഒരുപാടിഷ്ട്ടമായിരുന്നു ആ ചെമ്പകം. എന്റെ വിവാഹത്തിന്റെ നാളുകളിലാണ്‌ ചെമ്പകവും ആദ്യമായി പൂവിട്ടത്. മധുവിധുവിന്റെ ഓര്‍മ്മകളില്‍ ആ ചെമ്പക പൂവിന്റെ സുഗന്ധം കൂടി കലര്‍ന്നതാകുമ്പോള്‍ അതിന്റെ വേര്‍പ്പാട് എനിക്കെങ്ങിനെ നൊമ്പരമാവാതിരിക്കും. ഉമ്മയോട് ഞാനത് മറച്ചുവെച്ചില്ല. ഞാനോര്‍ത്തു. ഉപ്പയുണ്ടായിരുന്നെങ്കില്‍ ഒരു അകാല മരണം അതിന് വിധിക്കില്ലായിരുന്നു.

അറുത്തു മാറ്റിയ ചെമ്പകത്തിനോടൊപ്പം പിണങ്ങി പോയ പൂക്കളെ കുറിച്ചും അന്വേഷിക്കാന്‍ ഞാന്‍ തീരുമാനിച്ചു. അസര്‍മുല്ല പൂവെന്ന് ഞങ്ങള്‍ ഇഷ്ടത്തോടെ വിളിച്ചിരുന്ന കൊച്ചു സുന്ദരി പൂക്കളെ ഇപ്പോള്‍ കാണാനേയില്ല. നാലുമണിക്ക് വിരിഞ്ഞ് , ഇളം കാറ്റില്‍ കൊഞ്ചികുഴഞ്ഞ് , നിഷ്കളങ്കമായ പുഞ്ചിരിയോടെ മുറ്റത്ത്‌ നിറഞ്ഞു നിന്നിരുന്ന ഈ സുന്ദരിപൂവുകള്‍ പിണങ്ങിപോയത് ആരോടായിരിക്കും. എനിക്കുറപ്പാണ് എന്നോടവര്‍ പിണങ്ങില്ലെന്ന്. വെള്ളമൊഴിക്കാനും തൊട്ടു തലോടാനുംഅവരോടൊപ്പം ഞാനെന്നുമുണ്ടായിരുന്നു . അവര്‍ക്ക് പിണക്കം പുതിയ കാലത്തോടും ജീവിത രീതിയോടുമായിരിക്കണം. പക്ഷെ വീണ്ടും എന്റെ വീടിന്റെ മുറ്റത്ത്‌ ആ കുസൃതി ചിരിയുമായി അവര്‍ വിരിഞ്ഞു നില്‍ക്കുന്നത് കാണാന്‍ എനിക്ക് കൊതിയായി.
" അയ്യോ.. നീയൊരു തൊട്ടാവാടി തന്നെ". പലപ്പോഴും പറയാറില്ലേ നമ്മള്‍. ഈ തോട്ടാവാടിയെ തേടി പറമ്പ് മുഴുവന്‍ കറങ്ങുകയാണ് ഞാന്‍ . അവരും പിണക്കത്തിലാണ്. എന്തുപറ്റി ഇവര്‍ക്കൊക്കെ. ദേ.. ആ മൂലയില്‍ ആരോടും കൂട്ടില്ലാതെ ഇരിക്കുന്നു . ഞാന്‍ അടുത്ത് ചെന്നു തൊട്ടപ്പോള്‍ തന്നെ പരിഭവം കൊണ്ട് അവള്‍ വാടി. കൂട്ടുകാരാരും ഇല്ലാതെ ഒറ്റക്കിരിക്കുന്നതിന്റെ വിഷമം മാത്രമല്ല. നല്ല കാലത്തും ഞങ്ങളെ ആരും മൈന്‍ഡ് ചെയ്തിരുന്നില്ല എന്ന പരാതിയും പറഞ്ഞു. പക്ഷെ ഞാന്‍ വന്നു കണ്ട സന്തോഷത്തില്‍ അവള്‍ വീണ്ടും ഉഷാറായി. ഞാനൊരു മുത്തം കൊടുത്തു. നാണത്താല്‍ അവള്‍ വീണ്ടും വാടി.ആ വരിക്കപ്ലാവിന്റെ അടുത്തേക്ക് പോവാം. കുറെ തുമ്പ പൂക്കളുണ്ടാവും അതിനു ചുറ്റും. വരിക്കപ്ലാവിനോട് ഞാന്‍ പണ്ടേ പിണങ്ങിയതാ. ഒരു ദയയും ഇല്ലാതെയല്ലേ എന്നെ പണ്ട് താഴെയിട്ടത്. കളിക്കൂട്ടുകാരായ സുന്ദരി പെണ്‍കുട്ടികളുടെ ഇടയില്‍ ആളാവാന്‍ വലിഞ്ഞുകയറിയ കൊച്ചു കുട്ടിയാണ് എന്നുപോലും ഓര്‍ത്തില്ലല്ലോ അന്ന്. ദാസന്‍ ഗുരിക്കള്‍ എത്ര ഉഴിഞ്ഞിട്ടാ എന്റെ കൈ നേരെ ആയത്. എത്ര വേദനയാ ഞാന്‍ സഹിച്ചത്. നിന്റെ പ്രായമോര്‍ത്തും , പിന്നെ തേനൂറുന്ന വരിക്ക ചക്ക ഞാന്‍ വരുമ്പോഴൊക്കെ തരുന്നത് കൊണ്ടും അതെല്ലാം ഞാനങ്ങു ക്ഷമിച്ചിരിക്കുന്നു. പക്ഷെ ഞാന്‍ നിന്നെ നോക്കാനേല്‍പ്പിച്ച തുമ്പപൂക്കളെവിടെ. ഒരാളെ പോലും കാണാനില്ലല്ലോ. കാലില്‍ ആരോ ഇക്കിളിയിടുന്നു. നോക്കിയപ്പോള്‍ എന്നെ തലോടിക്കൊണ്ട് നില്‍ക്കുന്നു ഒരു തുമ്പ ചെടി. നിങ്ങളും പിണങ്ങിയോ എന്നോട്. വരുമ്പോഴൊക്കെ ഞാനെത്താറില്ലേ നിങ്ങളുടെ ക്ഷേമവും അന്വേഷിച്ച് . നിങ്ങളില്ലാതെ ഓണമുണ്ടായിട്ടുണ്ടോ എനിക്ക്. പിന്നെയെന്താ ഞാന്‍ വരുമെന്നറിഞ്ഞിട്ടുംഎന്നെ വരവേല്‍ക്കാന്‍ കൂട്ടുകാരികള്‍ ആരും കൂടെ വന്നില്ല.. പിണക്കം മാറി അവരെ കണ്ടതും ഇല്ലല്ലോ .ഉമ്മാന്റെ തറവാടിന്റെ മുറ്റത്ത്‌ വലിയൊരു പൂമരം ഉണ്ടായിരുന്നു. പൂമരം എന്ന് തന്നെയാണ് ഞങ്ങള്‍ വിളിച്ചിരുന്നത്‌. വേറെ പേരുണ്ടോ എന്നറിയില്ല. അത് പൂത്തുകഴിഞ്ഞാല്‍ പിന്നെ ഇലകള്‍ കാണില്ല. മരം നിറയെ പൂക്കള്‍. കൊഴിഞ്ഞുവീണ പൂക്കള്‍ കൊണ്ട് മരത്തിന് താഴെ വലിയൊരു പൂക്കളം തന്നെയുണ്ടാകും. അതിന്റെ ചുവട്ടിലിരുന്ന് കളിക്കുന്നത് എന്ത് ഹരമായിരുന്നു. വേനലവധിക്ക് ഉമ്മാന്റെ വീട്ടിലേക്ക് ഓടിയെത്തുമ്പോള്‍ ആദ്യം കാണുക പൂത്തുലഞ്ഞു സുന്ദരിയായി തലയെടുപ്പോടെ നില്‍ക്കുന്ന ഈ പൂമരമാണ്. അല്ലെങ്കില്‍ ഞങ്ങളുടെ അവധിക്കാലവും കാത്തിരിക്കുകയാണോ ഇത് പൂത്തുലയാന്‍ എന്നും തോന്നിപ്പോകും . കാലത്തിന്റെ ചുഴിയില്‍ പെട്ട് അതും അപ്രത്യക്ഷമായി. ഇന്നും ആ തറവാട്ടിലേക്കെത്തുമ്പോള്‍ ഞാന്‍ അറിയാതെ ആഗ്രഹിച്ചുപോകും ഒരിക്കല്‍ കൂടി ആ പൂമരമൊന്നു കണ്ടെങ്കിലെന്ന്.

ഗ്രാമക്കാഴ്ച്ചകളുടെ സൗന്ദര്യമാണ് കോളാമ്പിപൂക്കള്‍. പക്ഷെ ചുരുക്കമെങ്കിലും പറ്റെ കൈവിട്ടുപോയിട്ടില്ല ഇവര്‍. വേലിക്കിടയിലും പടിപ്പുരയിലും ഇവ പൂത്തുനില്‍ക്കുന്നത്
കാണാന്‍ എന്ത് ഭംഗിയാണ്. എന്റെ മനസ്സിലെ മഞ്ഞ നിറം കോളാമ്പിപൂക്കളാണ്. പക്ഷെ എത്രനാള്‍..? കുറെ കഴിയുമ്പോള്‍ ഇവരെയും തേടി നടക്കേണ്ടി വരും. പിന്നെയുമുണ്ട് കുറെ തേടി അലയാന്‍ . മാങ്ങാപുല്ല്. കയ്യില്‍ പിടിച്ചു തിരുമ്മിയാല്‍ മാങ്ങയുടെ മണം. പൊട്ടിക്ക, തവര ചെടി , ഇങ്ങിനെ ബാല്യത്തില്‍ നമ്മളറിഞ്ഞ വര്‍ണ്ണങ്ങള്‍. പലതിന്റെയും പേര് തന്നെ മറന്നു പോയി. വെറുതെയല്ല ഇവരെല്ലാം പിണങ്ങിപോയത്. പക്ഷെ സീനിയയും ഡാലിയയുമൊക്കെ ഇപ്പോഴും നിത്യ യവ്വനങ്ങളായി ബാക്കിയുണ്ട്. നന്ദ്യാര്‍വട്ടവും തെച്ചിപ്പൂക്കളുമൊക്കെ എന്നെ കാത്ത് ഇപ്പോഴും ഇരിപ്പുണ്ട്. ഇനിയിപ്പോള്‍ ഇവരെ പ്രണയിക്കാം.

സെന്റര്‍ കോര്‍ട്ട്


(ചിത്രങ്ങള്‍ എല്ലാം ഗൂഗിളില്‍ നിന്ന്