Custom Search

Sunday, April 25, 2010

ബാജി ഓടംവേലിയുടെ 'വെള്ളരി നാടകം'

ദുബായിലെ സാംസ്‌കാരിക സംഘടനയായ 'ദല'യുടെ കൊച്ചുബാവ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കഥാ വിഭാഗത്തില്‍ ബാജി ഓടംവേലിയുടെ 'വെള്ളരി നാടകം', കവിതാ വിഭാഗത്തില്‍ രമ്യ തുറവൂരിന്റെ 'നോക്കുകുത്തി', ഏകാങ്ക നാടകത്തില്‍ ഗിരീഷ് ഗ്രാമികയുടെ 'ഒറ്റമുറി', ലേഖനത്തിന് അഭിജിത് മോസ്‌കോ എന്നിങ്ങനെയാണ് അവാര്‍ഡ് നേടിയത്. 5001 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരമെന്ന് സംഘാടക സമിതി ചെയര്‍മാന്‍ ഡോ.എ.കെ.നമ്പ്യാരും 'ദല' പ്രസിഡന്റ് എന്‍.കെ.കുഞ്ഞഹമ്മദും പത്രസമ്മേളനത്തില്‍ അറിയിച്ചു. മെയ് ആദ്യവാരം പുരസ്‌കാരങ്ങള്‍ നല്കും. പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ നേതൃത്വത്തിലാണ് ചടങ്ങ്. പൊന്ന്യം ചന്ദ്രനും എം.കെ.മനോഹരനും സംബന്ധിച്ചു.

Monday, April 19, 2010

ബോണ്ട കൊണ്ടൊരു ബൗണ്‍സര്‍ (ഇതും ഒരു ലവ് സ്റ്റോറി തന്നെ).

സെന്റര്‍ കോര്‍ട്ട്
www.mansoormaruppacha.blogspot.com

അന്നും ഇന്നും. ഒരു വിട്ടുവീഴ്ചക്കും തയ്യാറാകാത്ത ഒരു കാര്യമേ എനിക്കുള്ളൂ. ഭക്ഷണം.ഇന്നത്തെ ഒരു ട്രാക്ക് റെക്കോര്‍ഡ്‌ വെച്ച് നോക്കുമ്പോള്‍ നാളയും മറിച്ചാവാന്‍ ‍വഴിയില്ല.
കൊടിയത്തൂര്‍ PTM ഹൈസ്കൂളിലെ എട്ടാം ക്ലാസില്‍ ഞാന്‍ വലതുകാല് വെച്ച് കയറിയത് മുതല്‍ എന്നോടൊപ്പമുള്ള ഇഷ്ടമാണ് മയമ്മാക്കന്റെ (മുഹമ്മദ്‌ കാക്ക) ഹോട്ടലിലെ ബോണ്ട. ഒരു പ്രേമത്തിനുള്ള മൂപ്പൊന്നും സമൂഹം അനുവദിച്ചു തന്നിട്ടില്ലാത്തതിനാല്‍ എനെ സ്നേഹം മുഴുവന്‍ അനുഭവിക്കാന്‍ യോഗമുണ്ടായത്‌ ഈ ബോണ്ടകള്‍ക്കാണ്.അതാണെങ്കില്‍ സത്യായിട്ടും ഒരു ടൂവേ ലൈനും. തമ്മില്‍ കണ്ടാല്‍ രണ്ടാള്‍ക്കും ഇളക്കം തുടങ്ങും. ഷെല്‍ഫിലെ ബോണ്ടകളെല്ലാം സിക്സര്‍ അടിക്കാന്‍ പാകത്തില്‍ വരുന്ന ഫുള്‍ടോസ്സ് ബോള്‍ പോലെ തോന്നും എനിക്ക്. ഇനി വേണ്ടാന്ന് വെച്ച് പോകാന്‍ നോക്കിയാല്‍, മയമ്മാക്ക വിടില്ല. " മോനെ, എന്താ ബോണ്ട വേണ്ടേ? നല്ല ഏലക്കായ പൊടിച്ചതും ഏത്തക്കായ നിറച്ചും ഉണ്ടാക്കിയ സ്പെഷ്യല്‍ ആണ്. ഒരു രണ്ടെണ്ണം എടുക്കാം അല്ലെ"? രണ്ടെണ്ണം വെറും സ്റ്റാര്‍ട്ടര്‍ ആണെങ്കിലും അതിനപ്പുറം പോകാറില്ല. കാരണം ഫിനാന്‍ഷ്യല്‍ ക്രൈസിസൊക്കെ ചെറുവാടിയില്‍ ഇത്തിരി നേരത്തെ തുടങ്ങിയിരുന്നു.
ഉച്ചക്കാണെങ്കില്‍ ചോറ് വീട്ടില്‍നിന്നും കൊണ്ടുവരുന്നതൊക്കെ ഔട്ട്‌ ഓഫ് ഫാഷന്‍ ആയി തോന്നി തുടങ്ങുകയും ഇനി കൊണ്ട് വന്നാല്‍ അതിലെ വല്ലപ്പോഴും ഒക്കുന്ന ആംലൈറ്റ് ചങ്ങാതിമാര്‍ നേരത്തെ തട്ടുകയും ചെയ്യുന്നത് കാരണം ഞാന്‍ ലഞ്ചും മയമ്മാക്കാന്റെ ഹോട്ടലിലേക്ക് മാറ്റി.
മൂപ്പര്‍ക്കും എനിക്കും സന്തോഷം. ഒന്ന് രണ്ട്‌ മാസം സംഭവം ഭംഗിയായി മുന്നോട്ട് നീങ്ങി. പിന്നെ മയമ്മാക്ക പതുക്കെ കാശ് ചോദിച്ചു തുടങ്ങി. ഇന്ന് തരാം നാളെ തരാം എന്നൊക്കെ പറഞ്ഞു സംഗതി പിടിവിട്ടുപോയി. ശ്രീശാന്തിനെ കണ്ട ഹെയ്ഡനെ പോലെ മയമ്മാക്ക കൂടുതല്‍ സ്ട്രോങ്ങ്‌ ആയി.
സംഭവം വീട്ടില്‍ പറഞ്ഞാല്‍ സംഗതി കിട്ടും . കാശല്ല. വെടിപ്പായി ഉപ്പാന്റെ അടി. കഴിച്ച ഓരോ ബോണ്ടയും ഓരോ ബൌണ്‍സര്‍ പോലെ എന്റെ നേരെ വരുന്നു.
മയമ്മാക്കന്റെ കണ്ണില്‍ പെടാതെ ക്ലാസില്‍ കയറി പറ്റാന്‍ അധികം ഷോര്‍ട്ട് കട്ടൊന്നും ഇല്ല. മാത്രമല്ല, ഇപ്പോള്‍ അകത്തും പുറത്തും പ്രശ്നമാണ്. കണക്കിന് തോമസ്‌ മാഷിന്റെ അടുത്തുനിന്നും ഞാനൊരു അവകാശം പോലെ മേടിച്ചെടുക്കുന്ന തല്ലുണ്ട്. ഡെയിലി മിനിമം രണ്ടെണ്ണം വെച്ച് കിട്ടും.എന്നോടുള്ള ഇഷ്ടം കൊണ്ടോ എന്തോ, സാറത്‌ ഒരു ദിവസം പോലും മുടക്കിയിട്ടില്ല. ആ വര്‍ഷം തീരുന്നതുവരെ. ആ ചൂരലിന്റെ വിഷമം തീര്‍ക്കുന്നത് ഇന്റര്‍വല്‍ സമയത്തെ ബോണ്ടയടിയിലൂടെയാണ്. അടിയുടെ ഡോസിനനുസരിച്ചു ബോണ്ടയുടെ എണ്ണവും കൂടും. ഇതിപ്പോള്‍ അടി മാത്രം കൂടി, എന്റെ സങ്കടം തീര്‍ക്കാന്‍ ബോണ്ടയും ഇല്ല.
അങ്ങിനെ കാത്തിരുന്ന ആ ദിനം വന്നെത്തി, സംഗതി വീട്ടിലെത്തി. അതുമാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. എന്റെ മൂന്ന്‌ മാസത്തെ ടെന്‍ഷന്‍ ഉപ്പ മൂന്ന്‌ മിനുട്ട് കൊണ്ട് സോള്‍വ്‌ ആക്കി.സ്കോര്‍ 3 + 2 . സ്കോര്‍ ഇന്‍ ഡീറ്റയില്‍സ്.. മൂന്ന്‌ അടി, രണ്ട്‌ മേട്ടം. അതും ഹെല്‍മറ്റ് ഇല്ലാത്ത തലക്ക്. കളി തീര്‍ന്നു. മയമ്മാക്കാക്ക് ഫുള്‍ പേ എനിക്ക് ഫുള്‍ പെയിന്‍.
കഴിഞ്ഞ തവണ നാട്ടില്‍ വെച്ച് പള്ളിയില്‍ നിന്നും ഇറങ്ങിവരുമ്പോള്‍ മുന്നില്‍ മയമ്മാക്ക. പെട്ടൊന്ന് ഞാനാലോചിച്ചത് വീട്ടിലേക്കു ഷോര്‍ട്ട് കട്ടുണ്ടോ എന്നാണ്. കാരണം ആ പഴയ ചമ്മല്‍ ഇന്നും മാറിയിട്ടില്ല. എന്നാലും എന്റെ ബോണ്ട പ്രേമം ഓര്‍മ്മിപ്പിക്കാതിരുന്നില്ല മയമ്മാക്ക. രണ്ടാളും പൊട്ടിച്ചിരിച്ചു. നാട്ടില്‍ മാത്രം സാധ്യമാകുന്ന ആ തുറന്ന ചിരി.
ഇന്നലെ സല്‍മാനിയയിലൂടെ നടക്കുമ്പോള്‍ ശ്രീനിവാസ് റസ്റ്റോരന്റിലെ ഷെല്‍ഫില്‍ നിറച്ചും ബോണ്ട പൊരിച്ചത്. പോക്കറ്റില് കാശും ഉണ്ട്.
പക്ഷെ ഞാനെന്തൊക്കെയോ ഓര്‍ത്തുപോയി. ആ പഴയ സ്കൂള്‍ കാലം, തോമസ്‌ സാറ്, മയമ്മാക്ക, പിന്നെ ഉപ്പാന്റെ തല്ലും അത് കഴിഞ്ഞുള്ള സ്നേഹം നിറഞ്ഞ ഉപദേശവും. എനിക്കെന്തോ...... കഴിക്കാന്‍ തോന്നിയില്ല.

Thursday, April 15, 2010

തരൂര്‍, മോഡി, കോടി പിന്നെ സുനന്ദയും.

മറ്റേത് വ്യവസായത്തിന്റെ കാര്യത്തിലും പിറകിലാണെങ്കിലും വിവാദ വ്യവസായത്തിന്റെ കാര്യത്തില്‍ ഒട്ടും വിട്ടുകൊടുക്കാന്‍ തയ്യാറല്ല നമ്മള്‍ കേരളീയര്‍. അത് തരൂരായും തച്ചങ്കരിയായും അഴീക്കോടായും ഇങ്ങിനെ വന്നുകൊണ്ടേയിരിക്കും. ഒരു വഴിപാട് പോലെ. ദൈവം സഹായിച്ച് ഇവര്‍ക്കെല്ലാം ഒരു പ്രത്യേകത കൂടിയുണ്ട്. ഒന്ന് മിണ്ടണമെന്ന് വിചാരിച്ചാല്‍ തന്നെ അത് വിവാദമായേക്കും. അഴീക്കോട് സാറ് പിന്നെ കൃഷി ഇറക്കുന്നത്‌ തന്നെ വിവാദം കൊയ്യാനാണ്. ബാക്കി പണി മാധ്യമങ്ങള്‍ ചെയ്തോളും.
ഇതിപ്പോള്‍ കേരള IPL ആണ് പുതിയ സദ്യ. തരൂര്‍ തിരുമേനിയുടെ ഇടപെടലും മോഡി ചേട്ടന്റെ ഭീഷണിയും പിന്നെ സുനന്ദ മാഡത്തിന്റെ ഷെയറും ഒക്കെയായി സംഗതി അങ്ങ് ടോപ്‌ ഗിയറിലായി. കേരളത്തിന്റെ യുവജനങ്ങള്‍ക്കായി ആണ് എന്റെ ത്യാഗം എന്ന തരൂര്‍ മന്ത്രിയുടെ നിലവിളി എനിക്കും ഇഷ്ടായി. സംഗതി ആത്മാര്‍ത്ഥമായിരിക്കും. ക്രിക്കറ്റിനെ കുറിച്ച് പുസ്തകമൊക്കെ എഴുതിയ മഹാനാണ് . ഇങ്ങിനെ ഒരു സത്കര്‍മ്മം ഈ കൊച്ചു കേരളത്തിന്‌ വേണ്ടി ചെയ്തില്ലെങ്കില്‍ പിന്നെന്തു കേന്ദ്ര മന്ത്രി." നമുക്ക് വേറെ താല്പര്യങ്ങള്‍ ഒന്നും ഇല്ല. ഉണ്ടാവുകയും ഇല്ല" എന്നും പറഞ്ഞിട്ടുണ്ട്.
സുനന്ദ ചേച്ചിയും കല്യാണകാര്യവുമൊക്കെ പിന്നീട് ചര്‍ച്ച ചെയ്യാം. അഴീക്കോട് സാറ് തല്ക്കാലം മിണ്ടുന്നില്ലല്ലോ. നാളത്തേക്കും വേണമല്ലോ വിഷയങ്ങള്‍. ചാനല്‍ ചര്‍ച്ചക്കും നേരമ്പോക്കിനും. അതിനിടക്ക് ഏതോ ഒരു ചാനല്‍ അവതാരികയുടെ വകയും കേട്ടു ചെറിയൊരു വിവാദം. കാശ് ചോദിച്ചിട്ട് ചീത്ത കേട്ടെന്നോ മറ്റോ. ആയമ്മയുടെ മലയാളം കേട്ട് സഹിക്കെട്ട ചിലരാണ് ചീത്ത പറഞ്ഞതെന്നും കേട്ടു ഒരു ഡിസ്കഷന്‍ബോര്‍ഡില്‍. പോട്ടെ, ആനക്കാര്യത്തിനിടക്കോ ചേനകാര്യം.
IPL ലേക്ക് തിരിച്ചു വരാം. മോഡിക്കിട്ടു കളിക്കരുതെന്ന് മറ്റു ചിലര്‍. പണി കിട്ടുമത്രേ. IPL നെ ഒരു മാഹാസംരംഭമാക്കിയ പുലിജന്മമത്രെ ആ ജന്മം. പിന്നല്ലാതെ, കളിക്കിടയില്‍ കാബറെ ഡാന്‍സും കളി കഴിഞ്ഞു പട്ട അഭിഷേകവും പിന്നെ അതൊക്കെ ചാനല്‍ ലൈവും ആകുമ്പോള്‍ കോടിയും മോഡിയും ഒക്കെ മാറിമറിയും എന്ന് തീര്‍പ്പാക്കാന്‍ ഈ മോഡിക്ക് മാത്രമല്ലേ പറ്റൂ. ഇതിനെ പറ്റിയൊക്കെ സുതാര്യമായ ഒരന്യോഷണം നടക്കട്ടെ. അപ്പോള്‍ കാണാം കമ്മീഷണറുടെയും ഐ ജീ യുടേയുമൊക്കെ പത്രാസ് .
ഇതിപ്പോള്‍ ഒരു ടീം തുടങ്ങണം എന്ന് തീരുമാനിച്ചപ്പോള്‍ തന്നെ ഇത്രക്കായി. ഇനി കളി തുടങ്ങിയാലോ? മോശമാകാന്‍ വഴിയില്ല. ശ്രീശാന്ത് ടീമില്‍ വരുമെന്നല്ലേ പറയുന്നത്. വിട്ടുകൊടുക്കാന്‍ ഈ ശാന്ത സ്വഭാവക്കാരന്‍ തയ്യാറാവില്ല. ക്യാപ്ടന്‍ ആണെങ്കില്‍ തീര്‍ന്നു,പിന്നെ വിവാദത്തിന്റെ മൊത്ത കച്ചവടമാകും.
ഏതായാലും ഒരു കാര്യം ഉറപ്പ്‌. ബെര്‍ളി പറഞ്ഞ പോലെ, സ്റ്റുഡിയോയില്‍ ഇരുന്നും കിടന്നും മലര്‍ന്നും വെച്ച് കീറാന്‍ വിഷയങ്ങള്‍ ഒത്തിരി വരുന്നുണ്ട് വഴിയെ.
അതല്ല, ഈ അഴീക്കോട് സാറ് ഈ ബഹളമൊന്നും കേട്ടില്ലേ? ഒരഭിപ്രായവും വന്നില്ലല്ലോ ഇതുവരെ.കയ്യിലിരിപ്പ് വച്ച് ഒരു പത്ത് പഞ്ച് ഡയലോഗ് വരേണ്ട സമയം കഴിഞ്ഞു ഈ വിഷയത്തില്‍. ലാലിനെ വിട്ടുപിടിക്കാന്‍ ഇനിയും സമയം ആയില്ലേ സുന്ദരന്‍ മാഷിന്‌?

Monday, April 12, 2010

സമാജം മലയാളം പാഠശാല എല്ലാ മലയാളികള്‍ക്കുമായി തുറന്നുകൊടുക്കുന്നു

കേരളീയ സമാജത്തില്‍ കുട്ടികളെ മലയാള ഭാഷ അഭ്യസിപ്പിക്കുന്ന മലയാളം പാഠശാല സമാജം എല്ലാ മലയാളികള്‍ക്കുമായി തുറന്നുകൊടുക്കുന്നു. പ്രവേശനോല്‍സവം ഈ മാസം 28ന് നടക്കുമെന്ന് സമാജം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇപ്പോള്‍ സമാജം അംഗങ്ങളുടെ കുട്ടികള്‍ക്കുമാത്രമാണ് പാഠശാലയില്‍ പ്രവേശനം നല്‍കുന്നത്. മലയാള ഭാഷയുടെയും സംസ്കാരത്തിന്റെയും പഠനത്തിനുള്ള പാഠശാലയില്‍ അഞ്ചുമുതല്‍ 17 വയസ്സ് വരെയുള്ളവര്‍ക്കാണ് പ്രവേശനം നല്‍കുക. നാട്ടിലെ സ്കൂള്‍ സിലബസിന്റെ അടിസ്ഥാനത്തില്‍ തയാറാക്കിയ പ്രത്യേക സിലബസനുസരിച്ചാണ് ഭാഷാപഠനം. ഇപ്പോള്‍ ഏഴ് ക്ലാസുകളിലായി 170ഓളം കുട്ടികള്‍ പഠിക്കുന്നുണ്ട്. ഓരോ വര്‍ഷവും പരീക്ഷ നടത്തി സര്‍ട്ടിഫിക്കറ്റും നല്‍കുന്നുണ്ട്. ബിരുദാനന്തര ബിരുദവും ബി.എഡ് അടക്കമുള്ള യോഗ്യതയുമുള്ളവരാണ് അധ്യാപകര്‍. ഭാഷാ പഠനത്തെക്കൂടാതെ കവിത, കഥ, പ്രബന്ധ രചന, പ്രസംഗം എന്നിവയിലും കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്. ബുധനാഴ്ചകളില്‍ രാത്രി എട്ടുമുതല്‍ 9.30വരെയാണ് ക്ലാസ്. പഠനം സൌജന്യമാണ്. പാഠശാലയുടെ പ്രവര്‍ത്തനം കൂടുതല്‍ ആകര്‍ഷകമാക്കാന്‍ നിരവധി പരിപാടികള്‍ ആലോചിക്കുന്നുണ്ടെന്ന് പ്രസിഡന്റ് പി.വി രാധാകൃഷ്ണപിള്ള പറഞ്ഞു. നാട്ടില്‍ നിന്ന് പ്രശസ്തരായ അധ്യാപകരെ കൊണ്ടുവന്ന് കവിത^ കഥ ചൊല്ലല്‍, എഴുത്തുകാരുമായുള്ള സംവാദം എന്നിവ സംഘടിപ്പിക്കും. കേരള സര്‍ക്കാറിന്റെ മധുരം മലയാളം പദ്ധതി പ്രവാസികള്‍ക്കുകൂടി ഉപയോഗപ്പെടുത്തുന്നതിന്റെ സാധ്യത ആരായും.പാഠശാലയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് എന്‍.കെ വീരമണി (36421369), ജോ. കണ്‍വീനര്‍ മോഹന്‍പ്രസാദ് (39175977), ബിജു എം. സതീഷ് (36045442) എന്നിവരുമായി ബന്ധപ്പെടാം

Tuesday, April 6, 2010

രവീന്ദ്രൻ മാഷിനു ആദരാഞ്ജലി

പ്രമുഖ ബ്ലോഗർ ശ്രീ മനോജ് രവീന്ദ്രന്റെ ( നിരക്ഷരൻ) പിതാവും റിട്ടയർഡ് അദ്ധ്യാപകനുമായ രവീന്ദ്രൻ മാഷ് (84)അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ ദീർഘകാലമായി ചികിത്സയിലായിരുന്ന അദ്ദേഹം ഇന്നലെ (5.04.10) വൈകുന്നേരമാണ് വിട്ടുപിരിഞ്ഞത്. ശവസംസ്കാരം ഇന്ന് രാവിലെ വീട്ടുവളപ്പിൽ നടന്നു. അദ്ദേഹത്തിന്റെ ദേഹവിയോഗമുണ്ടാക്കിയ കൊടിയ ദുഖത്തിൽ മനോജിനോടും കുടുംബാംഗങ്ങളോടും ബഹ്‌‌റൈൻ ബൂലോകം പങ്കുചേരുന്നു.
രവീന്ദ്രൻ മാഷിന് ആദരാഞ്ജലികൾ

Sunday, April 4, 2010

അന്യം നിന്ന് പോയ ഗ്രാമീണ ബിംബങ്ങള്‍

ഒരു ആല്‍തറ, പിന്നൊരു വായനശാല, സായാഹ്നങ്ങളിലെ വെടിവട്ടത്തിന് ഒത്തുചേരുന്ന മറ്റിടങ്ങള്‍. തിരിഞ്ഞുനോക്കുമ്പോള്‍ ഗ്രാമീണ ജീവിതത്തെ ഉത്സാഹഭരിതമാക്കിയിരുന്ന ഇത്തരം ഗൃഹാതുരത്തം നിറഞ്ഞ ഓര്‍മകളില്ലാത്ത ആരെങ്കിലും കാണുമോ നമുക്കിടയില്‍? ഉണ്ടാവില്ല. ആ ഓര്‍മകളിലേക്ക് മറഞ്ഞപ്പോള്‍ മനസ്സ് ചില കാര്യങ്ങളില്‍ ഉടക്കി നില്‍ക്കുന്നു. അന്യം നിന്ന് പോയ രണ്ടു ഗ്രാമീണ ബിംബങ്ങള്‍. വായനശാലയും, കൈയ്യെഴുത്ത് മാസികകളും. ഒരു ജനതയുടെ അഭിരുചികള്‍ക്കൊപ്പം നിന്ന് അവരിലേക്ക്‌ അറിവിന്റെയും അക്ഷരത്തിന്റെയും മൂല്യങ്ങള്‍ പകര്‍ത്തി അവരുടെ സ്വത്വ രൂപീകരണത്തില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്ന ഈ രണ്ടു പ്രസ്ഥാനങ്ങള്‍ക്കും ഇന്ന് വംശനാശം സംഭവിച്ചുകഴിഞ്ഞു. വായനയുടെയും ചിന്തയുടെയും ലോകത്തേക്ക് ഗ്രാമങ്ങളെ കൈപിടിച്ചുയര്‍ത്തി എന്നതില്‍ മാത്രമല്ല വായനശാലകളുടെ പ്രസക്തി. ചര്‍ച്ചകളിലൂടെയും സാംസ്കാരിക പരിപാടികളിലൂടെയും സജീവമായൊരു സാന്നിദ്ധ്യമാവുക വഴി സാമൂഹ്യ തിന്മകള്‍ക്കെതിരെയും സാംസ്കാരിക മലിനീകരണത്തിനെതിരെയും ധൈര്യപൂര്‍വ്വമായൊരു ഇടപെടല്‍ പലര്‍ക്കും സാധ്യമായി എന്നതാണ് പ്രധാന നേട്ടം. അതുപോലെ തന്നെ കൈയ്യെഴുത്ത് മാസികകള്‍. ഗ്രാമങ്ങളുടെ തുടിപ്പും കിതപ്പും തുടങ്ങി നഗരങ്ങളുടെ വേഗതയും ലോകത്തിന്റെ സ്പന്ദനങ്ങളും വരെ വിഷയമായി കൈയ്യെഴുത്ത് മാസികകള്‍ നിറഞ്ഞു നിന്നൊരു കാലമുണ്ടായിരുന്നു. ഇന്നത്തെ പല എഴുത്തുകാരുടെയും ആദ്യകാല കളരി. ഇതില്‍ മാത്രം എഴുതിയവര്‍, എഴുതി തെളിഞ്ഞവര്‍, അല്ലെങ്കില്‍ ഇതിനുമപ്പുറത്തേക്ക് വളര്‍ന്നവര്‍. ഒരു സമര്‍പ്പണത്തിന്റെ അടയാളമായി ഗ്രാമീണ വായനശാലകളുടെ ടേബിളില്‍ അലങ്കാരമായി നിന്നിരുന്ന കൈയ്യെഴുത്തു മാസികകളും ഇപ്പോള്‍ ‍കാണാറില്ല.
പൊതുജനങ്ങളെ ഈ അഭിരുചിക്കൊപ്പം നടത്തിയതില്‍ കേരത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക്‌ ചെറുതല്ലാത്ത പങ്കുണ്ട്. ഇപ്പോള്‍ തിരിച്ചാണെങ്കിലും.
വര്‍ഷങ്ങളുടെ പാരമ്പര്യം അവകാശപെടാനുണ്ടായിരുന്ന പല വായനശാല ഗ്രന്ഥശാല പ്രസ്ഥാനങ്ങളും ഇന്ന് തകര്‍ന്നു കഴിഞ്ഞു. ഫാസ്റ്റ് ഫുഡ്‌ കാലഘട്ടത്തില്‍ ഇതിനൊന്നും ആളുകള്‍ക്ക് സമയമില്ലാതെയായി. അല്ലെങ്കില്‍ മനപൂര്‍വ്വം അവഗണിച്ചു. ഇനിയൊരു തിരിച്ചുപിടിക്കല്‍ അസാധ്യമാണ്. കാരണം വെറും ഇടവേളകള്‍ മാത്രമായൊരു ദുര്‍വിധിയല്ലിത്. പുതിയ ജീവിത സാഹചര്യങ്ങളും സമ്മര്‍ദ്ദങ്ങളും പിടിച്ചുനിര്‍ത്തുന്ന മനുഷ്യന്റെ സ്വാഭാവികമായ തിരിഞ്ഞുനില്‍ക്കല്‍. അതിനെ മറ്റൊരു രീതിയില്‍ കാണുന്നില്ലെങ്കിലും ഒരു കാര്യം സത്യമാണ്. നഷ്ടപെട്ടത് സമ്പന്നമായൊരു ഗ്രാമീണ പൈതൃകമാണ്. ആ ഓര്‍മ്മ നല്‍കുന്ന വിഷമം ചെറുതല്ല.

Saturday, April 3, 2010

കലിയുഗ സത്യങ്ങള്‍

------------

കലിയുഗമാണ്
ഗാന്ധിയുടെ നാട്ടില്‍
സത്യത്തെ സ്വപ്നം കാണരുത്
അത് സങ്കല്‍പങ്ങളുടെ പ്രേതമാണ്‌ .

സത്യം കൊത്തിയ ആ
ശില്‍പ്പിയെ നോക്കു
പണ്ട്‌ കൈകളുണ്ടായിരുന്നു .
ആ ചിത്രമെഴുതിയയാള്‍
ഈ നാട്ടു കാരനായിരുന്നു .
കല്ലേറ് കൊള്ളുന്ന ഭ്രാന്തനെ കണ്ടോ
വാക്കുകളില്‍
നേരിന്‍റെ അക്ഷരങ്ങള്‍ നിറച്ച
കവിയായിരുന്നു.

ആദിമ ചിന്താ മണ്ഡല ത്തില്‍
ആര്‍ഷ സംസ്കാരത്തിന്‍റെ
തെരു വീഥിയിലെ
കാലത്തെ ചൂണ്ടി
അപരിഷ്കൃത സത്യങ്ങള്‍
ഊതി കാച്ചണമെന്നു പറഞ്ഞവര്‍

നീ പരിഷ്കൃതന്‍
ഇനി കണ്ണു തുറക്കുക
കാഴ്ചയുടെ തന്മാത്രകള്‍
വിഘടിപ്പിച്ചിരിക്കുന്നു.
കാതു തുറക്കുക
കേള്‍വിയുടെ
സമനില തെറ്റിച്ചിരിക്കുന്നു .
വായ തുറക്കുക
നാവ് മുറിച്ചു കഴിഞ്ഞു .

നീ നഗ്ന നാണെന്ന് പറയുന്ന
കുട്ടിയുടെ തല വെട്ടുകയല്ല
വളരുന്ന രാജ്യ ദ്രോഹികളെ
കുഴിച്ചു മൂടുകയാണ്.
ശൂല മുനകളാള്‍ എഴുതാനും
എഴുത്താണി മുനകളാള്‍
വധിക്കാനും
നീ പഠിച്ചു കഴിഞ്ഞു .


--------------------------ഷംസ്

വിട സഖാവെ വിട..


ഡോക്യുമെന്ററി സംവിധായകനായിരുന്ന സി. ശരത്‌ചന്ദ്രന്റെ ഓര്‍മ്മകള്‍ക്ക്‌ മുന്‍പില്‍...


1999 തൃശ്ശൂര്‍ സാഹിത്യഅക്കാദമിയില്‍ വെച്ച്‌ പരിസ്ഥിതി പ്രവര്‍ത്തകനായിരുന്ന സ്വാമിനാഥന്റെ അനുസ്‌മരണം നടക്കുന്നു. പാഠഭേദം, ആള്‍ട്ടര്‍ മീഡിയ, ക്യാമ്പസ്‌ സര്‍ക്കിള്‍ എന്നീ സംഘടനകള്‍ ചേര്‍ന്നാണ്‌ സംഘാടനം. സി. ആര്‍. പരമേശ്വരന്റെ പുസ്‌തകപ്രകാശനവും സിവിക്ക്‌ ചന്ദ്രന്റെ പ്രഭാഷണവും വി. എം. ഗിരിജയുടെ കവിതയുമൊക്കെയായി ചെറിയൊരു ചടങ്ങ്‌. ചടങ്ങിനൊടുവില്‍ ഒരു ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നു. സൈലന്റ്‌വാലിക്ക്‌ ശേഷം കേരളത്തില്‍ നടന്ന പരിസ്ഥിതി സമരങ്ങളില്‍ പ്രധാനപ്പെട്ട മാവൂരിനെപറ്റി. ഗ്വാളിയേര്‍ റയോണ്‍സ്‌ എന്ന ഫാക്ടറി എങ്ങിനെ ചാലിയാറിനെ കാളിന്ദിയാക്കിമാറ്റി എന്നും ആ പുഴയോരഗ്രാമങ്ങളിലെ ജനജീവിതത്തെ എങ്ങിനെ നശിപ്പിച്ചു എന്നും വരച്ചുകാട്ടുന്ന, രണ്ടു ചെറുപ്പക്കാര്‍ ചേര്‍ന്നെടുത്ത 'ബാക്കിപത്രം' എന്ന ഡോക്യൂമെന്ററി. ചെറിയ ഒരു നിശബ്ദബ്ദതയ്‌ക്കുശേഷം അതിന്റെ സംവിധായകരിലൊരാളായ ശരത്‌ചന്ദ്രന്‍ ആ ഡോക്യുമെന്ററിയെപ്പറ്റി അതിന്‌ പുറകിലുള്ള അനുഭവങ്ങളെപ്പറ്റി കുറഞ്ഞവാക്കുകളില്‍ സംസാരിച്ചു. അതിനും ഏകദേശം ഒരു മാസം മുന്‍പായിരുന്നു. ക്യാന്‍സര്‍ബാധിച്ച്‌ വാഴക്കാട്‌ പഞ്ചായത്ത്‌ പ്രസിഡന്റും മാവൂര്‍ സമരനായകനുമായിരുന്ന റഹ്‌മാന്‍ മരിയ്‌ക്കുന്നത്‌. ശരതിന്റെ വാക്കുകള്‍ക്കുപുറകെ തിരശ്ശീലയില്‍ മാവൂരും ചാലിയാറും, ഒരു ജനത അതിജീവനത്തിനായി നടത്തിയ പോരാട്ടവും തെളിഞ്ഞുവന്നു. ആക്ടിവിസ്‌റ്റായ ആ ചലചിത്രപ്രവര്‍ത്തകനെ പരിചയപ്പെട്ടാണ്‌ അന്ന്‌ കേരളവര്‍മ്മ കോളേജ്‌ വിദ്യാര്‍ത്ഥികളായ ഞങ്ങള്‍ അക്കാദമി വിട്ടിറങ്ങിയത്‌. പിന്നെയും കുറേക്കാലം മനസ്സില്‍ നിന്ന്‌ മായാതെ കിടന്നു ബാക്കിപത്രം എന്ന ആ ഡോക്യുമെന്ററിയും ശരതിന്റെ വാക്കുകളും. കേരളവര്‍മ്മയിലെ രണ്ടാം ഊട്ടി സമരം നടക്കുന്നതും അക്കാലത്തുതന്നെ.

പിന്നെ നര്‍മ്മദ സമരത്തിന്റെ തീഷ്‌ണമായ നാളുകളായി. തൃശ്ശൂരില്‍ നിന്നും നര്‍മ്മദ സമരഭൂമിയിലേയ്‌ക്ക്‌ മണ്ണിനെയും മനുഷ്യനെയും സ്‌നേഹിയ്‌ക്കുന്നവര്‍ യാത്രയായി. ആനന്ദ്‌പട്‌ വര്‍ദ്ധന്‍ അടക്കമുള്ളവരുടെ നര്‍മ്മദ ചിത്രങ്ങളുമായി ശരത്‌ വീണ്ടും തൃശ്ശൂരെത്തി. കോളേജുകളില്‍ സ്‌കൂളുകളില്‍ വായനശാലകളില്‍ ഒക്കെ പുറത്ത്‌ തൂക്കിയിട്ട പ്രോജക്ടറും കൈയ്യില്‍ തിരശ്ശീലയുമായി ഒറ്റയ്‌ക്ക്‌ ശരത്തെത്തി. ആ പഴയ ഒഡേസക്കാലത്തിന്റെ സ്‌മരണകളുയര്‍ത്തി. പിന്നെ എന്‍ഡോസള്‍ഫാന്‍ സമരത്തിന്റെ സമയം. വിളപ്പില്‍ശാലയും, ഞെളിയന്‍പറമ്പും, ലാലൂരും, പുളിയേറ്റുമ്മലും അടക്കമുള്ള നഗരമാലിന്യങ്ങള്‍ ചുമക്കാന്‍ വിധിക്കപ്പെട്ട ജനതകള്‍ക്കുവേണ്ടിയുള്ള സമരങ്ങളുടെ കാലം. എല്ലായിടത്തും ക്യാമറയുമായി ഈ ചെറുപ്പക്കാരനേയും കാണാമായിരുന്നു. അതിനിടയിലാണ്‌ അതിരപ്പള്ളിയുടെ വരവ്‌. പിന്‍വാതിലിലൂടെ കൊണ്ടുവരാന്‍ ശ്രമിച്ച ഒരു പദ്ധതി, ചാലക്കുടിപുഴ സംരക്ഷണസമിതി പ്രവര്‍ത്തകരുടെ ഇടപെടല്‍ മൂലം ജനകീയ തെളിവെടുപ്പ്‌ എന്ന ഒരു നടപടി ക്രമത്തിന്‌ ബന്ധപ്പെട്ടവര്‍ നിര്‍ബന്ധിതരാകുന്നു. രാമനിലയമായിരുന്നു ആദ്യം തെളിവെടുപ്പിനുള്ള വേദിയായി നിശ്ചയിച്ചിരുന്നത്‌. കെ. എസ്‌. ഇ. ബി. രാവിലെ തന്നെ കരാര്‍ തൊഴിലാളികളെയും യൂണിയന്‍ പ്രവര്‍ത്തകരെയും കുടുംബാംഗങ്ങളെയും പ്രദേശവാസികളെന്ന വ്യാജേനെ രാമനിലയത്തിലെ ചെറിയ ഹാളില്‍ കുത്തിനിറച്ചിരുന്നു. നാട്ടുകാരും പരിസ്ഥിതി പ്രവര്‍ത്തകരും സ്ഥലത്തെത്തുമ്പോഴേയ്‌ക്കും രംഗം പൂര്‍ണ്ണമായി കെ. എസ്‌. ഇ. ബി. യുടെ കൈയ്യില്‍. ശരതും, തണലിലെ ശ്രീധറും, ചാലക്കുടിപ്പുഴ സംരക്ഷണ സമിതി പ്രവര്‍ത്തകരായിരുന്ന രവിയും ഉണ്ണിക്കൃഷ്‌ണനും ലതയും കേരളീയത്തിന്റെ റോബിനുമെക്കെ ചേര്‍ന്ന്‌ ജില്ലാകലക്ടര്‍ക്ക്‌ പരാതി നല്‍കി. സൗമ്യനായ ശരതിനെ അത്രയും ക്ഷുഭിതനായി കാണുന്നത്‌ അന്നായിരുന്നു. ഇത്തരമൊരു തെളിവെടുപ്പാണ്‌ ഇവിടെ നടത്താനുദ്ദേശിക്കുന്നതെങ്കില്‍ അതിവിടെ നടക്കില്ല എന്ന്‌ ശരത്‌ തീര്‍ത്തുപറഞ്ഞു ബന്ധപ്പെട്ടവരോട്‌.

ഒടുവില്‍ ആ തെളിവെടുപ്പ്‌ തൃശ്ശൂര്‍ ടൗണ്‍ഹാളിലേക്ക്‌ മാറ്റാന്‍ ബന്ധപ്പെട്ടവര്‍ നിര്‍ബന്ധിതരായി. നാട്ടുകാരുടെ രോഷത്തിനുമുന്‍പില്‍ കെ. എസ്‌. ഇ. ബി. യിലെ ഡാം ലോബിയ്‌ക്ക്‌ ഉത്തരം മുട്ടി അന്ന്‌. ആ തെളിവെടുപ്പിന്റെ രേഖകളില്‍ അന്നത്തെ മലിനീകരണനിയന്ത്രണ ബോര്‍ഡ്‌ ചെയര്‍മാന്‍ സര്‍ക്കാര്‍ സമ്മര്‍ദ്ധം മൂലം കൃത്രിമം നടത്തിയെങ്കിലും ചാല്‌ക്കുടിപ്പുഴ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ തോറ്റു പിന്‍മാറിയില്ല. ആയ്യിടയ്‌ക്കാണ്‌ വിളയോടി വേണുഗോപാലും അറുമുഖന്‍ പത്തിച്ചിറയും കണ്ണദാസനും മാരിയപ്പനും മയിലമ്മയും ഒക്കെ ചേര്‍ന്ന പെരുമാട്ടിപ്പഞ്ചായത്തിലെ പ്ലാച്ചിമടയില്‍ കൊക്കക്കോള എന്ന ആഗോള ഭീമനെതിരെ സമരം തുടങ്ങുന്നത്‌ കുടിവെള്ളം എന്ന പ്രാഥമികമായ അവകാശത്തിനുവേണ്ടി. ശരത്‌ സമരത്തിന്റെ ആദ്യഘട്ടം മുതലേ പ്ലാച്ചിമടയിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു. പ്ലാച്ചിമട സമരത്തിന്റെ സന്ദേശം ദേശിയ അന്തര്‍ദേശിയ തലത്തിലേക്കെത്തിക്കുന്നതിന്‌ ശരത്‌ തന്റെ ബന്ധങ്ങളും സൗഹൃദങ്ങളും ഫലപ്രദമായി ഉപയോഗിച്ചു. സമരത്തിന്റെ പ്രാധാനഘട്ടങ്ങളൊക്കെ ശരത്‌ ഡോക്യുമെന്‍്‌ ചെയ്‌തു. സമരത്തിന്റെ പോരായ്‌മകള്‍ ചൂണ്ടിക്കാട്ടി. സമരപ്രവര്‍ത്തകര്‍ക്കിടയില്‍ അനൈക്യത്തിന്റെ മുളകള്‍ പൊട്ടിയപ്പോള്‍ അത്‌ പറഞ്ഞുതീര്‍ക്കാനായി ശ്രമിച്ചു. പ്ലാച്ചിമട സമരം ഹൈജാക്ക്‌ ചെയ്യാനുള്ള ശ്രമങ്ങള്‍ നടന്നപ്പോള്‍ അതിനെതിരായി എൈക്യനിര തയ്യാറാക്കാനുള്ള ശ്രമങ്ങളില്‍ പങ്കാളിയായി. ശരത്‌ കേരളത്തിലെത്തിയതിനുശേഷം ഒരു പക്ഷേ ഓരോഘട്ടത്തിലും ഇടപ്പെട്ട സമരം ഒരു പക്ഷെ പ്ലാച്ചിമടയായിരിയ്‌ക്കാം. ശരതിനെപ്പോലെ ഒരു നിഴലെന്നപോലെ പ്ലാച്ചിമടയെ പിന്‍തുടന്ന മറ്റൊരു മീഡിയ ആക്ടിവിസ്റ്റ്‌ മാതൃഭൂമിയിലെ മധുരാജായിരുന്നു.

അതിനിടയില്‍ കരിമണല്‍ വിരുദ്ധസമരം വന്നു. എക്‌സ്‌പ്രസ്സ്‌ ഹൈവേവിരുദ്ധസമരം, പെരിയാര്‍ വില്‍പ്പനക്കെതിരായ സമരം, മതികെട്ടാന്‍, പൂയ്യംകുട്ടി അങ്ങനെ പ്രക്ഷോഭങ്ങള്‍ ഒട്ടേറെ കേരളത്തില്‍ നടന്നു. കുഞ്ഞാലിക്കുട്ടിയും മാണിക്കുഞ്ഞുമൊക്കെ ചേര്‍ന്ന്‌ കേരളം മൊത്തത്തില്‍ തീറെഴുതാനായി ശ്രമിച്ചുകൊണ്ടിരിയ്‌ക്കുന്ന കാലം. ശരതിന്റെ ജീവിതത്തിലെ ഏറ്റവും ക്രിയാത്മകമായിരുന്ന കാലം കൂടിയായിരുന്നു അത്‌. ഒരു ആക്ടിവിസ്‌റ്റായും ഒരു ചലചിത്രകാരനായും ഒരോ സമയം ശരത്‌ ഇവിടെയൊക്കെയെത്തി. പക്ഷേ ഒരു വേദിയിലും ശരതിനെ കണ്ടിരുന്നില്ല. എന്നും സദസ്സിനൊപ്പമായിരുന്നു, ജനങ്ങള്‍ക്കൊപ്പമായിരുന്നു ശരത്‌. മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട്‌ കേരളത്തിലെ പരിസ്ഥിതി പ്രവര്‍ത്തകര്‍ രണ്ടുചേരിയിലായ സമയത്ത്‌. ആദിവാസിയെ മറന്നുകൊണ്ടുള്ള ഒരു വനസംരക്ഷണത്തിന്‌ താനില്ല എന്ന നിലപാട്‌ ശരത്‌ തുറന്നുപ്രഖ്യാപിച്ചു. 'വംശഹത്യയുടെ ഇരകള്‍' എന്ന ശരതിന്റെ ഡോക്യുമെന്ററി മുത്തങ്ങ സംഭവത്തോടുള്ള ശരതിന്റെ പ്രതികരണമായിരുന്നു. അതിനു മുന്‍പായിരുന്നു വയനാട്ടിലെ കനവ്‌ വിദ്യാലയത്തെക്കുറിച്ചുള്ള 'കനവ്‌ ' എന്ന ഡോക്യുമെന്ററി.

അതിനിടയില്‍ കേരളം മറ്റൊരു വാര്‍ത്ത കേട്ടു. സൈലന്റ്‌ വാലി പദ്ധതി വീണ്ടും കൊണ്ടുവരാന്‍ശ്രമിക്കുന്നു, പാത്രക്കടവ്‌ എന്ന പുതിയ പേരില്‍. കേരളത്തിലെ കാടുകളേയും പുഴകളേയും സ്‌നേഹിയ്‌ക്കുന്ന എല്ലാവരെയും തെറി വിളിച്ചുകൊണ്ട്‌ കടവൂര്‍ ശിവദാസന്‍. തെളിവെടിപ്പുസംഘത്തിനുമുന്‍പെ മൊഴിനല്‍കാനെത്തിയ സുഗതകുമാരിയെ വരെ കൈയ്യേറ്റം ചെയ്‌തുകൊണ്ട്‌ മണ്ണാര്‍ക്കാട്‌ എം. എല്‍. എ. യുടെ നേതൃത്ത്വത്തില്‍ രാഷ്ടീയ ഗുണ്ടാസംഘം. ആശങ്കപ്പെടുത്തുന്ന ആ നാളുകളാണ്‌. 'ഒരു മഴവിന്റെ ദൂരം മാത്രം' എന്ന ശരതിന്റെ ഡോക്യുമെന്ററിയ്‌ക്കു പുറകില്‍. സൈലന്റ്‌വാലി സമരത്തിന്റെയും പശ്ചിമഘട്ടരക്ഷായാത്രയുടെയും കാലത്തുനിന്നാണല്ലോ ഒരു തലമുറയെപ്പോലെ ശരത്തും കടന്നുവന്നത്‌.

അക്കാലത്തു തന്നെ 'കയ്‌പുനീര്‍' എന്ന പ്ലാച്ചിമടയിലെ കൊക്കക്കോള കമ്പനിയെക്കുറിച്ചുള്ള ശരതിന്റെ ഡോക്യുമെന്ററി പുറത്തുവന്നിരുന്നു. ആ ഡോക്യുമെന്ററി വിപുലീകരിച്ചാണ്‌ പിന്നീട്‌ 'ആയിരം ദിനങ്ങളും ഒരു സ്വപ്‌നവും' എന്ന ഡോക്യുമെന്ററിയായത്‌. ഇതിനിടയില്‍ നോട്ടം എന്ന ശരതിന്റെ സഞ്ചരിയ്‌ക്കുന്ന ചലചിത്രമേളയും പിന്നീട്‌ വിബജിയോര്‍ എന്ന പേരില്‍ പ്രശസ്‌തമായ ഡോക്യുമെന്ററി ഫെസ്റ്റിവലിനും ശരതും സുഹൃത്തുക്കളും തുടക്കമിട്ടിരുന്നു. അങ്ങിനെ കേരളത്തിലെ പത്തുവര്‍ഷത്തെ പാരിസ്ഥിതിക സമരങ്ങളുടെ ചരിത്രം ശരത്തിന്റെ കൂടി ചരിത്രമാകുന്നു. പാഠഭേദത്തിന്റെ അരിയന്നൂര്‍ ക്യാമ്പില്‍ വെച്ചാണത്രെ ശരത്‌ തന്റെ പ്രവര്‍ത്തനമേഖല പരിസ്ഥിതി മാധ്യമപ്രവര്‍ത്തനമാക്കാന്‍ തീരുമാനിക്കുന്നത്‌. ജീവരേഖ മറ്റത്തൂരും ഉറവ്‌ വയനാടും ആള്‍ട്ടര്‍മീഡിയയും കേരളജൈവകര്‍ഷക പ്രകൃതിയും തുടക്കം കൊള്ളുന്നതും അവിടെ നിന്നുതന്നെ കൃഷി, പരിസ്ഥിതി, ആരോഗ്യം, മനുഷ്യാവകാശം, സ്‌ത്രീനീതി, ആദിവാസി, ദളിത്‌, ഉപഭോക്തൃസംക്ഷണം,.. എന്നും മുഖ്യധാരയില്‍ നിന്ന്‌ മാറ്റപ്പെട്ട വിഷയങ്ങിലൊക്കെ പുതിയൊരു കേരളം പടുത്തുയര്‍ത്താനുള്ള ശ്രമങ്ങളായിരുന്നു പാഠഭേദം ക്യാമ്പിന്‌ ശേഷമുള്ള ഇത്രയും കാലത്തെ കേരളത്തിന്റെ ബദല്‍ രാഷ്ടീയം. നവസാമൂഹ്യപ്രസ്ഥാനങ്ങളുടെ പോരാട്ടഭൂമിയില്‍ നിന്ന്‌ ശരത്‌ പിന്‍വാങ്ങുകയാണ്‌. പൂര്‍ണ്ണമായും നല്ലൊരു നാളേയുടെ സ്വപ്‌നങ്ങള്‍ക്ക്‌ വേണ്ടി തന്നെ തന്നെ സമര്‍പ്പിച്ച ഒരു കാലത്തിനുശേഷം. വിട സഖാവേ വിട.