Custom Search

Wednesday, August 21, 2013

ഓർമ്മകൾ കൊണ്ട് ലാമിനേറ്റ് ചെയ്യപ്പെട്ട ചില ചിത്രങ്ങൾ



മനസ്സിന്‍റെ  ആൽബത്തിനുള്ളിൽ ഓർമ്മകൾ കൊണ്ട് ലാമിനേറ്റ് ചെയ്യപ്പെട്ട അനേകം ചിത്രങ്ങളുണ്ട്, ഇനിയൊരിക്കലും കാണില്ലെന്ന് കരുതിയ ചില  അവ്യക്ത ബിംബങ്ങൾ . വല്ലപ്പോഴുമൊക്കെ ഒറ്റപ്പെടുമ്പോൾ നൊമ്പരങ്ങളുടെ കുന്നിറങ്ങിവരുന്ന പേരറിയാത്ത  നിമിഷങ്ങളിൽ , എനിക്ക് മറിച്ചു നോക്കുവാനുള്ളതാണ് ആ ആൽബത്തിലെ  ഓരോ താളുകളും  . അവയെന്നോട് സംസാരിക്കാറുണ്ട് . പഴയ കാലങ്ങളെ കുറിച്ചുള്ള കഥകൾ പറഞ്ഞു തരാറുണ്ട് . ചിലപ്പോഴൊക്കെ എന്നെ നോക്കി കരയാറുമുണ്ട്‌ . 



ഓർമ്മകൾ കൊണ്ട് ലാമിനേറ്റ് ചെയ്യപ്പെട്ട ചില ചിത്രങ്ങൾ



സ്നേഹപൂർവ്വം വായനക്ക് ക്ഷണിക്കുന്നു 


മൻസൂർ  ചെറുവാടി 

Saturday, June 8, 2013

എല്ലാത്തിനും ഒരു സ്വപ്നത്തിലേക്കുള്ള ദൂരം മാത്രം !

മാനസാദേവിയെ കണ്ട് കുന്നിറങ്ങി പുറത്ത് വന്നു . പുസ്തകത്തിൽ നിന്നിറങ്ങി വർത്ത‍മാനത്തിലേക്ക്‌ . സത്യത്തിൽ ഞാനും പോയിരുന്നോ ഹരിദ്വാരിൽ ..? രമേശ്‌ പണിക്കർ ഞാനായിരുന്നോ . അല്ലെങ്കിൽ രമേശ്‌ കുടിച്ച്  മയങ്ങിയ ഭാംഗിന്‍റെ ലഹരി .. അതെങ്ങിനെ ഒരു പെപ്സിക്ക് നൽകാനാവും ..? അവനെ ഉണ്മാദിയാക്കിയ ചരസ്സിന്‍റെ വീര്യം .. അതീ ഡേവിഡോഫിന്‍റെ പുകച്ചുരുളുകൾക്ക് നൽകാൻ പറ്റി എന്നത് സത്യമാവുമോ ? അപ്പോൾ സുജ മെഹ്റ  ആരാണ് . അവളും ഉണ്ടായിരുന്നല്ലോ എന്‍റെ കൂടെ . 


എല്ലാത്തിനും ഒരു സ്വപ്നത്തിലേക്കുള്ള ദൂരം മാത്രം !

Wednesday, April 10, 2013

സഞ്ചരിച്ചുകൊണ്ടേയിരിക്കുന്ന ഒരാൾ

അറിയുമോ മൻസൂർ ... മലപ്പുറം ജില്ലകാരനെങ്കിലും കോഴിക്കോട് എനിക്ക് അതിലേറെ പ്രിയപ്പെട്ടൊരു വികാരമാണ് . എന്‍റെ വിയർപ്പിന്‍റെ ചൂടും ചൂരും അറിയാത്ത ഒരു ഗലികൾ പോലും ഇവിടെ കാണില്ല . സ്നേഹം പകർന്ന ചിരികളും വാക്കുകളും വിശപ്പിന് പകരം നിന്നിട്ടുണ്ട് . വിശന്ന വയറിനെ മെഹ്ഫിൽ രാവുകൾ ഊട്ടിയുറക്കിയിട്ടുണ്ട് . പത്രപ്രവർത്തനത്തിന്‍റെ ആദ്യ നാളുകളിലാണ്‌ വിശപ്പ് ശരിക്കും അറിയുന്നത് . സ്റ്റൈപന്റ് ഒന്നിനും തികയില്ല . ഉപ്പ സർവീസിൽ നിന്നും വിരമിച്ചതിനാൽ വീട്ടിൽ കാശ് ചോദിക്കാനും പറ്റില്ല . പത്രപ്രവർത്തകനായ ജിജി പോൾ ചാലപ്പുറത്ത് താമസിക്കുന്ന ലോഡ്ജിൽ പ്രഭാതഭക്ഷണം മോഹിച്ച് രാത്രി അതിഥിയെന്ന് ഭാവിച്ച് പോകും . മോഹനൻ ചേട്ടനും അളിയനും നടത്തുന്ന ചെറിയ ഹോട്ടലിലെ ദോശയിലാണ് അഭയം . ദാരിദ്ര്യക്കാരെ അടുത്തറിയാൻ അവർക്ക് രണ്ടുപേർക്കും അനിതരസാധാരണമായ കഴിവുണ്ടായിരുന്നു . അളിയൻ മിക്കപ്പോഴും സാമ്പാർ ബക്കറ്റ് ഞങ്ങൾ ഇരിക്കുന്നിടത്ത് വെക്കും . അതിലെ കഷ്ണങ്ങൾ കഴിച്ച്‌ വിശപ്പടക്കിക്കോട്ടേ എന്ന് കരുതിയിട്ടായിരുന്നു അത് . അതുപോലെ കുറേ മുഖങ്ങൾ ഉണ്ടിവിടെ ഓർക്കാൻ . പുലർച്ചെ ഹോട്ടലുകളിൽ മീൻ മുളകിട്ടതും പുട്ടും ബീഫ് ഫ്രൈയും പൊറോട്ടയും കിട്ടുന്ന കോഴിക്കോട്ട് വിശന്നു നടക്കേണ്ടി വരുന്നത് ഏറ്റവും വലിയ ശിക്ഷയാണ് .



പ്രശസ്ത എഴുത്തുക്കാരൻ വി . മുസഫർ അഹമ്മദുമായുള്ള അഭിമുഖം 


സഞ്ചരിച്ചുകൊണ്ടേയിരിക്കുന്ന ഒരാൾ

Sunday, April 7, 2013

പവിഴ ദ്വീപില്‍ ഉറങ്ങുന്ന ചരിത്രസ്മരണകള്‍

ഏതാനും ദ്വീപുകള്‍ കൂടിച്ചേര്‍ന്ന ഒരു രാജ്യം , അധികം ശ്രദ്ധിക്കപ്പെടാത്ത കുറച്ച് ചരിത്രം , അതിലുപരി "ട്രീ ഓഫ് ലൈഫ് "എന്ന മരം ചേര്‍ന്ന ഒരു പാരമ്പര്യം ഇത്രയും മാത്രമാണ് ബഹ്റൈന്‍ എന്ന രാജ്യത്തിന് പറയാനുള്ളത് എന്ന് കരുതിയിരുന്ന എന്‍റെ വിവരക്കേട് ഞാനിവിടെ അഴിച്ചു വെക്കുന്നു. ഇനി പറയുന്ന കാര്യങ്ങള്‍ എന്‍റെ ഈ അബദ്ധ ധാരണയ്ക്കുള്ള പ്രായക്ശ്ചിത്തമായി എഴുതിച്ചേര്‍ക്കുന്നു. ബഹ്റൈനിലെ പ്രസിദ്ധമായ ബുദയ്യ കോട്ട തേടിയുള്ള ആ യാത്ര വഴിതെറ്റി എന്നെ എത്തിച്ചത് ചരിത്ര സ്മരണകള്‍ മിഴി പൂട്ടി ഉറങ്ങുന്ന ഒരു ഭൂമിയിലേക്കായിരുന്നു . ഓരോ രാജ്യത്തിന്റെയും പുരാതനമായ സംസ്കാരത്തെ അന്വേഷിച്ചിറങ്ങിയാല്‍ അറിയാനും പഠിക്കാനും ഏറെ കാണുമെന്ന ഒരു തിരിച്ചറിവിലേക്കായിരുന്നു ഞാന്‍ എത്തപ്പെട്ടതും . ബഹ്‌റൈന്‍ എന്ന ഈ കൊച്ചു രാജ്യത്തിനും ഉള്ളിലടക്കി പിടിച്ച കുറേ ചരിത്ര സത്യങ്ങള്‍ ഉണ്ടായിരുന്നു എന്ന പുതിയ അറിവ് എന്നെ ഏറെ സന്തോഷിപ്പിച്ചു . തകര്‍ന്ന് കിടക്കുന്ന ഈ ഭൂമിയില്‍ നില്‍ക്കുമ്പോള്‍ ഒരു സാധാരണക്കാരന്റെ നോട്ടത്തില്‍ ഒന്നും കാണില്ലായിരിക്കാം. പക്ഷെ ഒരു ചരിത്രാന്യോഷിയുടെ കണ്ണിലൂടെ സമീപ്പിക്കുമ്പോള്‍ നമ്മെ വിസ്മയിപ്പിക്കുന്ന ഒരു നാഗരികതയുടെ ബാക്കിപത്രം ഇവിടെ വായിച്ചെടുക്കാം . ആര്‍ക്കിയോളജിക്കല്‍ വിഭാഗം "ബാര്‍ബാര്‍ ക്ഷേത്രം " എന്ന് വിളിപ്പേരിട്ട , പുരാതന നാഗരികതയുടെ തിരുശേഷിപ്പുകള്‍ നിറഞ്ഞ ഈ മണ്ണില്‍ നിന്ന് എന്തെല്ലാം അറിയാനുണ്ട് നമുക്ക്..? ഡില്‍മന്‍ സംസ്കാരവുമായ ബന്ധപ്പെട്ട പേരത്രേ ഇത്. 2000 BC യില്‍ ഡില്‍മന്‍ സംസ്കാരത്തിന്റെ അവസാന കാലത്താണ് ഇത് നിലനിന്നിരുന്നത് എന്നാണ് ചില രേഖകള്‍ പറയുന്നത്. 1954 ഡാനിഷ് പുരാവസ്തു ഗവേഷകരാണ് ഇത് കണ്ടെത്തുന്നത്. ലൈം സ്റ്റോണുകള്‍ കൊണ്ട് നിര്‍മ്മിച്ച ഇത്തരം മൂന്നു ക്ഷേത്രങ്ങള്‍ ഇവിടെ ഉണ്ടായിരുന്നു . സുമേറിയന്‍ ക്ഷേത്രങ്ങളുടെ മാതൃകയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ക്ഷേത്രങ്ങള്‍ ഓരോന്നും ഓരോ കാലഘട്ടത്തിലാണ് നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത് . എന്നാല്‍ വലിപ്പത്തിലും, ആകൃതിയിലും മൂന്നാമത്തെ ക്ഷേത്രം മറ്റ് രണ്ടിനെക്കാളും വ്യത്യസ്തമായിരുന്നു. എങ്കി (Enki )എന്ന ദേവനേയും പത്നി നാന്‍ഖൂര്‍ സാക് ( (Ninhursag). ) എന്ന ദേവതയെയും ആയിരുന്നു ഇവര്‍ ആരാധിച്ചിരുന്നത്. വെള്ളത്തിന്‍റെയും വിജ്ഞാനത്തിന്റെയും ദൈവമായിരുന്ന enki യെക്കുറിച്ച് സുമേറിയന്‍ മിത്തോളജിയിലാണ് പരാമര്‍ശമുള്ളത്‌. ക്ഷേത്രത്തിന്‌ ഉള്ളില്‍ത്തന്നെ കാണുന്ന കിണറുകള്‍ ഒരു പക്ഷെ ആ വിശ്വാസത്തിന്റെ അടയാളമാകാം . കിണറിലേക്ക് ഇറങ്ങി ചെല്ലുന്ന പടവുകള്‍ ഇന്നും കേടു കൂടാതെയുണ്ട്. ആര്‍ക്കിയോളജിക്കല്‍ വിഭാഗം ഇവിടെ നിന്നും കണ്ടെടുക്കപ്പെട്ട ആയുധങ്ങളും പാത്രങ്ങളും ചെറിയ സ്വര്‍ണ തകിടുകളും മറ്റും ബഹ്‌റൈന്‍ നാഷണല്‍ മ്യൂസിയത്തില്‍ പ്രദര്‍ശിച്ചിട്ടുണ്ട്. പ്രധാനമായും കണ്ടെടുത്തത് ചെമ്പില്‍ നിര്‍മ്മിച്ച ഒരു പശുവിന്റെ തലയാണ് എന്നും പറയപ്പെടുന്നു. മ്യൂസിയത്തിലെ ശേഖരത്തില്‍ ഉള്ള ഈ രൂപം ആരാധനയുമായി ബന്ധപ്പെട്ട ഒന്നാണോ എന്ന് ഒരു വിവരണങ്ങളില്‍ നിന്നും അറിയുവാന്‍ സാധിച്ചില്ല. സിന്ധൂ നദീതട സംസ്കാരവും, മറ്റ് പല സംസ്കാരങ്ങളെയും കുറിച്ച് പണ്ട് സ്കൂളില്‍ ചരിത്ര പുസ്തകങ്ങളില്‍ പഠിച്ച കുറെ അദ്ധ്യായങ്ങളുണ്ട്‌. അന്ന് പഠന വിഷയം എന്നതിലപ്പുറം അതിനെക്കുറിച്ചൊന്നും അറിയാന്‍ ശ്രമിച്ചിട്ടുമില്ല എന്നതാണ് സത്യം . ജീവിതത്തില്‍ ഒരിക്കല്‍ പോലും അതുമായി ബന്ധപ്പെട്ട ഒരു സ്ഥലങ്ങളും കണ്ടിട്ടുമില്ല. പക്ഷേ യുഗങ്ങള്‍ക്ക് പിറകില്‍ സംഭവിച്ചു പോയ ഒരു നാഗരികതയുടെ അവശിഷ്ടങ്ങള്‍ കഥ പറയുന്ന ഈ ഭൂമിയില്‍ നില്‍ക്കുമ്പോള്‍ ഇവിടെ ചിക്കിച്ചികയാന്‍ വളരെയധികം കാര്യങ്ങളുണ്ടെന്ന് എന്‍റെ മനസ്സ് പറയുന്നു. മിത്തുകളിലെ ദൈവങ്ങളും ആരാധനാ മുറകളും ഉണ്ടായിരുന്ന ഒരു കാലത്തുനിന്നും തുടങ്ങി ഇന്ന് ഇസ്ലാമിന്‍റെ ഏക ദൈവ വിശ്വാസത്തിലേക്കുള്ള ഈ രാജ്യത്തിന്‍റെ യാത്ര എങ്ങിനെ ആയിരുന്നിരിക്കണം..? മെസപ്പൊട്ടോമിയന്‍ സംസ്കാരവും, പിന്നെ അതിനോട് തന്നെ ചേര്‍ന്ന ഡില്‍മന്‍ സംസ്കാരവും ആയിരുന്നു ആദ്യ കാലത്തെ ബഹ്റൈന്‍ . അസ്സീറിയന്‍സും ( ആദ്യകാല സിറിയന്‍ ക്രിസ്ത്യന്‍ വിഭാഗം) ബാബിലോണിയന്‍ സംസ്കാരവും ആണ് തുടര്‍ന്ന് വന്നത്. പിന്നെ പേര്‍ഷ്യന്‍സും കഴിഞ്ഞാണ് ഇന്ന് കാണുന്ന ഈ ഇസ്ലാമിക രാജ്യം അറബ് സംസ്കാരത്തിലേക്ക് എത്തിയത് എന്നാണ് രേഖകളില്‍ കാണുന്നത്, അത് പ്രവാചകന്‍ മുഹമ്മദ്‌ നബി (സ .അ ) കാലത്താണ് . AD 628 ലാണ് പ്രവാചകന്‍ അയച്ച സംഘം ദൌത്യവുമായി ബഹ്റൈനില്‍ എത്തിയത്. അന്നത്തെ ബഹ്റൈന്‍റെയും ഖത്തറിന്റെയും ഭരണാധികാരി ആയിരുന്ന മിര്‍സ ബിന്‍ സവ അല്‍ തമീമിയുടെ നേതൃത്വത്തില്‍ ഈ രണ്ട് രാജ്യവും ഇസ്ലാമിക സ്വാധീനത്തിലേക്ക് മാറുകയും ചെയ്തു. അതായത് ഏകദേശം ഒരേ സമയത്ത് തന്നെയാണ് ബഹ്റൈനും ഖത്തറും ഇസ്ലാമിക രാജ്യമായി മാറിയത് എന്ന് സാരം . അതിന് ശേഷം മറ്റു മുസ്ലിം മത വിഭാഗങ്ങള്‍ ഭരണത്തില്‍ വന്നിട്ടുണ്ട് എന്നും രേഖകളില്‍ കാണുന്നുണ്ട്. പോര്‍ച്ചുഗീസ് അധിനിവേശത്തിന് ശേഷമാണ് അത്. ഒരു കാലത്ത് യൂറോപ്പില്‍ Tylos എന്ന പേരിലായിരുന്നത്രേ ബഹ്‌റൈന്‍ അറിയപ്പെട്ടിരുന്നത് . പോര്‍ച്ചുഗീസ് അധിനിവേശം ആരംഭി ക്കുന്നത് 1622 AD മുതല്‍ക്കാണ് . നീണ്ട എണ്‍പതോളം വര്‍ഷങ്ങള്‍ പിന്നെ അവരുടെ അധീനതയില്‍ ആയിരുന്നു രാജ്യം. ഇന്ന് കാണുന്ന ബഹ്റൈനിലേക്ക് എത്തിയത് പിന്നെയും രണ്ട് നൂറ്റാണ്ടുകള്‍ക്ക് ശേഷവും . ആ ചരിത്രം പറയാന്‍ ഒരുപാടുണ്ട്. ബാര്‍ബാര്‍ ക്ഷേത്രത്തെ കുറിച്ച് പറഞ്ഞു വന്നിട്ട് ഞാന്‍ വന്നു നിന്നത് ബഹ്‌റൈന്‍ ചരിത്രത്തില്‍ ആയി പോയല്ലേ..? പക്ഷെ ചരിത്രത്തിന്റെ ശേഷിപ്പായി അവശേഷിക്കുന്ന ഈ മണ്ണില്‍ ഒരു ചരിത്ര വിദ്യാര്‍ഥിയുടെ ആവേശത്തോടെ നില്‍ക്കുമ്പോള്‍ ആ കഥകളും പറയാതെ വയ്യല്ലോ. അറാദ്‌ ഫോര്‍ട്ട്‌ കൂടെ സന്ദര്‍ശിക്കണം എന്ന് ഞങ്ങള്‍ തീരുമാനിച്ചതാണ്. ബഹ്റൈന്‍റെ ചരിത്രത്തോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതാണ് ഈ കോട്ടയും. പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തിലും പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തിലും ആണ് ഇതിന്‍റെ നിര്‍മ്മാണം . അതായത് പോര്‍ച്ചുഗീസ് അധിനിവേശത്തിനും മുമ്പ്. പ്രതിരോധത്തിന് വേണ്ടി തന്നെയാണ് ഇതിന്റെയും നിര്‍മ്മാണം. ആ കാലത്തെ യുദ്ധങ്ങളിലും മറ്റും ഒരു നിര്‍ണ്ണായകമായ ഒരു സ്ഥാനം ഈ കോട്ടയ്ക്കും ഉണ്ടായിരുന്നിരിക്കണം. കാരണം ഖലീഫ ഭരണം വരുന്നതിന്‌ മുമ്പ് പല അധിനിവേശങ്ങളും നാട്ടു യുദ്ധങ്ങളും ഇവിടെയും നടന്നിരുന്നു എന്ന് രേഖകളില്‍ കാണപ്പെടുന്നുണ്ട്. തനിമ നഷ്ടപ്പെടാതെ പുതുക്കി പണിതെങ്കിലും അറാദ്‌ ഫോര്‍ട്ടിന്റെ ഉള്ളറകള്‍ നമ്മെ വിസ്മയിപ്പിക്കും. പക്ഷെ ഈ ചരിത്ര സത്യങ്ങള്‍ അറിയാനും പഠിക്കാനും സഞ്ചാരികള്‍ക്കായി ഇവിടെ ഒരു വിവരങ്ങളും ലഭ്യമാകുന്നില്ല എന്നത് നിരാശപ്പെടുത്തുന്ന കാര്യം തന്നെയാണ് . അതേ സമയം ഇവയെല്ലാം സൂക്ഷമമായി പരിപാലിക്കുന്ന കാര്യത്തില്‍ ഇവര്‍ തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു. നമ്മുടെ നാട്ടിലെ ഓരോ ചരിത്ര സ്മാരകങ്ങളില്‍ ചെല്ലുമ്പോഴും വ്യക്തമായ വിവരങ്ങള്‍ നല്‍കുന്നതിലും , അവയെല്ലാം പരിചയപ്പെടുത്തുന്നതിലും സംരക്ഷിക്കുന്നതിലും നമ്മുടെ രാജ്യം വളരെ ശ്രദ്ധിക്കുന്നു എന്നതും ഇവിടെ എടുത്ത് പറയേണ്ട കാര്യമാണ്. പൊടിക്കാറ്റ് മറച്ചിട്ടുണ്ട്‌ ഹൈവേകളെ . പതുക്കെയാണ് വാഹനം നീങ്ങുന്നത്‌. കോട്ടയിലെ അനുഭവങ്ങള്‍ക്കൊപ്പം അമര്‍ ദിയാബിന്റെ അറബി സംഗീതം കൂടി ചേര്‍ന്നപ്പോള്‍ സന്തോഷം തോന്നുന്നു. ഈ അവധി ദിവസം നല്ലൊരു അനുഭവമായി എന്ന്തന്നെ പറയാം. പതുക്കെ തണുപ്പിന്റെ ആലസ്യത്തില്‍ നിന്നുണര്‍ന്ന് ചൂടിലേക്കുള്ള പ്രയാണത്തില്‍ ആണ് പവിഴ ദ്വീപ്‌. ഒപ്പം സമ്പന്നമായ കുറേ ചരിത്ര സത്യങ്ങളെ അടുത്തറിഞ്ഞ സന്തോഷത്തില്‍ എന്‍റെ മനസ്സും.

Saturday, March 9, 2013

ഒരു "കുട്ട" നിറയെ മധുരം

"വിട പറയുന്നതിന്‍റെ വിഷമം അവര്‍ക്കിടയിലുണ്ട് . തോട്ടത്തിന്‍റെ അതിര്‍ത്തി കടക്കുമ്പോള്‍ അവര്‍ തമ്മില്‍ കൈമാറിയ ചിരിയില്‍ ഒരു സങ്കടം കാണാമായിരുന്നു . കയ്യില്‍ പാതി കഴിച്ച ഓറഞ്ചുമായി ആ മുക്കുത്തി കുട്ടി കുറച്ച് ദൂരം വാഹനത്തിന് പിറകെ ഓടി . അവളുടെ കുപ്പിവളകളുടെ കിലുക്കം വീണ്ടും കുറെ ദൂരം വന്നു . പിന്നേയത് അവളുടെ പൊട്ടിച്ചിരിയായി ഞങ്ങളില്‍ നിറഞ്ഞു" . ചെറിയൊരു യാത്രയിലേക്ക് നിങ്ങള്‍ക്കും കൂടെ വരാം . സ്നേഹത്തോടെ സെന്‍റര്‍ കോര്‍ട്ടിലേക്ക് സ്വാഗതം ഒരു "കുട്ട" നിറയെ മധുരം http://mansoormaruppacha.blogspot.ae/2013/03/blog-post.html