Custom Search

Wednesday, December 30, 2009

ബഹറൈന്‍ ബ്ലോഗ്‌ മീറ്റ്‌ -2010


ബഹറൈന്‍ ബ്ലോഗ്‌ മീറ്റ്‌ -2010

പ്രിയരെ.....

ബഹറൈന്‍ ബ്ലോഗ് & ഫാമിലി മീറ്റ്-2010, ഈ വരുന്ന ജനുവരി 8 നു
വെള്ളിയാഴ്ച സൌത്ത് പാര്‍ക്ക് റസ്റ്റോറന്റില്‍ 7 മണിക്ക് വച്ച് നടത്താന്‍ തീരുമാനിച്ചിരിക്കുന്നു.

പരിപാടി വിജയമാക്കുന്നതിന് മെമ്പേഴ്സിന്റെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കുമല്ലോ. പുതിയതായി നിരവധി ബ്ലോഗേഴ്സ് ബഹറൈനില്‍ വന്നിട്ടുണ്ട്. പര്‍സ്പരം കാണാനും, പരിചയപ്പെടാനും നിയതമായ ഒരു ചട്ടക്കൂട്ടിലും പെടുത്താതെ, എല്ലാവരും കൂടി യോജിച്ച് നടത്തുന്ന ഒരു
ബ്ലോഗ് & ഫാമിലി മീറ്റ്.

കുഞ്ഞു കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ അവസരമുണ്ടായിരിക്കുന്നതാണ്. ആഗ്രഹമുള്ളവര്‍ അതിനുള്ള പേര്‍ തരിക.

എല്ലാവരുടെയും സ്നേഹസഹകരണത്തോടെ ഈ പരിപാടിയില്‍
പങ്കെടുക്കാന്‍ കുടുംബസമേതം ക്ഷണിച്ചുകൊള്ളുന്നു.

അജണ്ടകള്‍ ഒന്ന് രണ്ട് ദിവസങ്ങള്‍ക്കകം പ്രസിദ്ധികരിക്കുന്നതാണ്.

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ അവരുടെ പേരും, ഫോണ്‍ നമ്പറും കൂടെയുള്ളവരുടെ സംഖ്യയും നേരത്തെ അറിയിച്ചാല്‍ ഭക്ഷണം (വെജിറ്റേറിയന്‍ ഭക്ഷണം വേണ്ടവര്‍ അതും അറിയിക്കുക) ക്രമികരിക്കാന്‍ സൌകര്യമായിരുന്നു.

പേര് തന്നവര്‍
രാജു ഇരിങ്ങല്‍ & ഫാമിലി - 36360845
ബാജി ഓടംവേലി & ഫാമിലി - 39258308

Shams Balusseri-363 987 66, 38391239
ടി.എസ്. നദീര്‍ & ഫാമിലി MOB:36071109
Minesh R Menon Mob: 39337089
സജീവ്‌ - 38382742
പ്രഭാകരന്‍ - 39723900

ബെന്യാമിന്‍ & ഫാമിലി - 39812111
Manu Mohanan-39164732

Dani Thomas 39083090

നചികേതസ് -

സജി മര്‍ക്കോസ് & ഫാമിലി - 39684766
അനിൽ വേങ്കോട്- 39320278
സജി മങ്ങാട് & ഫാമിലി - 39136844

സിജാര്‍ വടകര - 36124494

ബിജിലി & ഫാമിലി

രാമു - 36229204

മോഹന്‍ പുത്തെഞ്ചിര & ഫാമിലി

എം. കെ. നമ്പ്യാര്‍ - 39890385

ജയ്സണ്‍ & ഫാമിലി - 39411078

രഞ്ജിത്ത് വിശ്വം - 39636019

ദീപു & ഫാമിലി -

കുഞ്ഞന്‍ & ഫാമിലി - 39556987

മനു പടയണി - 39164732

സിനു കക്കട്ടില്‍ & ഫാമിലി

നിബു & ഫാമിലി

സാജു ജോണ്‍ - 390 420 72
സ്നേഹത്തോടെ ബഹറൈന്‍ ബൂലോകത്തിന് വേണ്ടി

നട്ട്സ്Tuesday, December 29, 2009

തണല്‍ കഥ / കവിതാ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.

ബഹറിനിലെ എഴുത്തുകാരുടെ കൂട്ടായ്‌മയായ തണല്‍ ബഹറിന്റെ 2009 ലെ കഥ / കവിതാ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. തണല്‍ കഥാ പുരസ്‌കാരം ശ്രീമതി ഷീജാ ജയനും, തണല്‍ കവിതാ പുരസ്‌കാരം ശ്രി. കെ. ബാലചന്ദ്രന്‍ കൊന്നക്കാടിനുമാണ് ലഭിച്ചത്. ബഹറിനിലെ എഴുത്തുകാരായ പതിനൊന്നംഗ സമിതിയാണ് ഇവരെ തെരഞ്ഞെടുത്തത്.

കഴിഞ്ഞ 15 വര്‍ഷമായി ബഹറിനിലുള്ള ഷീജാ ജയന്‍ മാവേലിക്കര സ്വദേശിയായ വീട്ടമ്മയാണ്‍. ഭര്‍ത്താവ് ജയന്‍ എസ്. നായര്‍ ജി. ഡി. എന്‍. ല്‍ ജോലി ചെയ്യുന്നു. മക്കള്‍ പൂജാ ജയനും, നികേത് ജയനും സ്‌ക്കൂളില്‍ പഠിക്കുന്നു. ബഹറിന്‍ കേരളീയ സമാജത്തിലേയും ബഹറിന്‍ കേരള സോഷ്യല്‍ ആന്റ് കള്‍ച്ചറല്‍ അസോസിയേഷനിലേയും സജ്ജീവ പ്രവര്‍ത്തകയാണ് ഷീജാ ജയന്‍. ( 36284941 )
കെ. ബാലചന്ദ്രന്‍ കൊന്നക്കാട്, കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാടിനടുത്ത് കൊന്നക്കാട് പി. ഗോപിനാഥന്‍ പിള്ളയുടേയും സൌദാമിനിയമ്മയുടേയും മകനാണ്‍. ബഹറിനില്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു. ഭാര്യ രശ്‌മി സ്‌ക്കൂള്‍ അദ്ധ്യാപികയാണ്‍. മക്കള്‍ ആര്യ, ആരതി. അറിയുക നേര്‍വഴി എന്ന കവിത കേരള സാഹിത്യ അക്കാദമിയുടെ ഗള്‍ഫ് മലയാളി കവിതകള്‍ എന്ന പുസ്‌തകത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. (39244577)

ചീഫ് എഡിറ്റര്‍

Thursday, December 24, 2009

പ്രവാസം


--------------
രക്തം
വിയര്‍ത്ത് കുറുകിയ
മണ മുയരുമ്പോള്‍
സുഗന്ധങ്ങള്‍
പെറ്റു പെരുകാന്‍
കണക്ക്
പുസ്തകത്തി ലൊരു
മയില്‍ പീലി നടും .
സ്വപ്‌നങ്ങള്‍
ഇരട്ടിക്കുമ്പോള്‍
വസന്തങ്ങള്‍ കൊഴിഞ്ഞ്
എല്ലുകള്‍ ഉന്തി
പുറം ചട്ട നരയ്ക്കും .
താളുകള്‍ കാലം കൂടി
തുറക്കുമ്പോള്‍
പിന്നിലും മുന്നിലും
ശിഷ്ടം ശൂന്യത മാത്രം .
വഴി കണക്കിലെ
ഹരിക്കുന്ന കള്ളിയിലാണ്
ജീവിതം ആദ്യമേ
ഞങ്ങള്‍ തെറ്റി സൂക്ഷിച്ചത് .
----------------------------ഷംസ്

Tuesday, December 22, 2009

'മഹിളാരത്നം' പരിപാടിയില്‍ സംഗീതാ സുജിത്ത് ഒന്നാം സ്ഥാനം നേടി

കേരളീയ സമാജത്തിന്റെ വനിതാ വിഭാഗം നടത്തിയ 'മഹിളാരത്നം' പരിപാടിയില്‍ സംഗീതാ സുജിത്ത് ഒന്നാം സ്ഥാനം നേടി,100 ല്‍ 69 പോയിന്റ് നേടിയാണ്‍ സംഗീതാ സുജിത്ത് ഒന്നാം സ്ഥാനം കരസ്തമാക്കിയത്61 പോയിന്റോടെ ഷീന ചന്ദ്രദാസ് ഫസ്റ്റ് റണ്ണറപ്പും 59 പോയിന്റോടെ മതിമുഖി സൂരജ് സെക്കന്റ് റണ്ണറപ്പുമാണ്. ജീവയാണ്‍ തേഡ് റണ്ണറപ്പ്.മൊത്തം പത്ത് ഇനങ്ങളിലായിരുന്നു മത്സരം ഇതില്‍ ആറിനങ്ങള്‍ നിര്‍ബന്ധമായിരുന്നു. ബാക്കി നാലിനങ്ങളില്‍ രണ്ടെണ്ണം വീതം തിരഞ്ഞെടുക്കുവാനുള്ള സൗകര്യമുണ്ടായിരുന്നു.അനിലാ സുനില്‍ , ജയ രഞ്ജിത്ത്, മതിമുഖി, ഷീജ വീരമണി, ഷീന ചന്ദ്രദാസ്, സുമ മനോഹരന്‍ , ജീവാ വിനേദ്കുമാര്‍ , സൂസി തോമസ്സ്, ഉമ ഗണേഷ്, സംഗീതാ സുജിത്ത്, ബെറ്റി സജി എന്നിവരാണ്‍ ഫൈനലില്‍ മത്സരിച്ചത്. സംഗീതക്ക് 5 പവന്‍ സ്വര്‍ണവും , ഷീനക്ക് എല്‍ . സീ. ഡീ റ്റീവിയും മതിമുഖിക്ക് ഒരു പവന്‍ സ്വര്‍ണ്ണവുമാണ്‍ ലഭിച്ചത്. അനായാസമായി പ്രേക്ഷകരുമായി സംവദിക്കാനുള്ള കഴിവും മോണോ ആക്റ്റിലെ മികവുമാണ്‍ സം ഗീതയെ വിജയിയാക്കിയത്.ഗായികകൂടിയാണിവര്‍ . ഭര്‍ത്താവ് സുജിത്ത് കൊല്ലം നാടകപ്രവര്‍ത്തകനാണ്. ന്യത്താധ്യാപികയായ ഷീന പ്രൊഫഷനല്‍ നര്‍ത്തകിയും നടിയുമാണ്. സിനര്‍ജി ചലച്ചിത്രോല്‍സവത്തില്‍ ' വേഷങ്ങള്‍ ' എന്ന ചിത്രത്തിലൂടെ മികച്ച സഹനടിയായി. ചടങ്ങില്‍ റീമാ കല്ലിം ഗല്‍ , ജയ മേനോന്‍ എന്നിവര്‍ക്ക് മൊമന്റോ നല്കി. മഹിളാരത്നം ലോഗോ ഡിസൈനിംഗ് മത്സരത്തില്‍ വിജയിയായ ലതാമണികണ്ടനും സ്മാരകോപഹാരം നല്കി

പ്രവാസിയുടെ പേരും ... നേരും (സിജാര്‍ വടകര )മനസ്സിനുള്ളിലെ ജീവിത സ്വപ്‌നങ്ങള്‍
കാര്‍മേഘം പോലെ തെന്നി പ്പായുമ്പോള്‍
മനസ്സില്‍ പമ്പരം പോലെ ....
തിരിയുന്ന നൊമ്പരമാണ് ... പ്രവാസം !.


ഉറ്റവര്‍ക്ക്‌ തണലേകാന്‍ കൊതിക്കുംതോറും
മനസ്സില്‍ ഭാരങ്ങളേറി മനസ്സൊന്ന്
ശൂന്യമാക്കാന്‍ കാത്തിരിക്കുന്ന
ദിന രാത്രങ്ങളാണ് .... പ്രവാസം !.


ചാരം ഒളിപ്പിച്ച കനലുകള്‍ പോലെ
മനസ്സില്‍ ഒളിപ്പിച്ച ,പേറി നടക്കും ...
സ്വകാര്യ ദുഃഖങ്ങള്‍ ആണ് ... പ്രവാസം !.


പ്രകൃതിയെ പൊരുളാല്‍ കുറിക്കുന്ന സാഹിത്യകാരന്‍
കാണാത്ത മികച്ച സാഹിത്യമാണ് ... പ്രവാസം !.


ആരും കൊതിക്കുന്ന ജീവിത നൌകയില്‍
ഉലഞ്ഞാടി കരയൊന്നു കാണാന്‍ ....
കൊതിക്കുന്ന ,പാഴ് വഞ്ചിയാണ് ... പ്രവാസം !.


ഓണവും ,ഈദും ,ക്രിസ്തുമസ്സും
ഉറ്റവരോട് ആസ്വദിക്കാന്‍ കഴിയാതെ ,
ഓര്‍മകളുടെ നെരിപ്പോട് പുകച്ച് ആശകളുടെ ..,
ശവമഞ്ചം പേറി നടക്കും വിധിയാണ് ... പ്രവാസം !.


പൂ പോലെയുള്ള യൌവനം കാലത്താല്‍
നക്കി കുടിക്കുന്ന ഊര്‍ജ്ജമാണ് ... പ്രവാസം !.


കനവുകള്‍ മാത്രമാകുന്ന ദാമ്പത്യത്തെ ... ,
അര്‍ത്ഥ ശൂന്യമാക്കുന്ന വന്‍ കരയാണ്‌ ... പ്രവാസം !.


പ്രപഞ്ചത്തിന്‍റെ സമയ രഥം ചലിക്കുമ്പോള്‍
ചിന്തകളുടെ വിഷാദ മണികള്‍ ... ,
മുഴക്കുന്ന ടൈംപീസാണ് പ്രവാസം !.


ജന്മ നാട്ടില്‍ എത്തുമെന്ന് ഗ്യാരണ്ടിയില്ലാത്ത
മനുഷ്യ ജന്മങ്ങളുടെ പാഴ് ജന്മമാണ് ... പ്രവാസം !.


രക്ത ബന്ധങ്ങള്‍ ചായം പൂശുന്ന മുഖങ്ങളാല്‍
വികൃതമാക്കുന്ന ... , മലീസമാക്കുന്ന .....
തടാകമാകുന്നു ... പ്രവാസം !.


തന്റേതു മാത്രമാകുന്ന ലോകം ....
ആരോടും പരാതി ഇല്ലാതെ ,പരിഭവം ഇല്ലാതെ
സ്വ അഭിമാനം കാക്കുന്ന ലോകം
അതാണ്‌ ..... പ്രവാസം !.


സ്വര്‍ഗ്ഗവും , നരകവും കാലന്‍റെ കൈകളാല്‍ കുറിക്കപ്പെടുന്ന
പരലോകത്തിന്‍റെ റിഹേഴ്സല്‍ ആണ് പ്രവാസം !.


അക്ഷരങ്ങള്‍ക്ക്‌ പെയ്തിറങ്ങാന്‍ ...
നിലവും നിലാവുമൊരുക്കി വെച്ച്‌....
ഞാനെഴുത്ത്‌ തുടരുമ്പോള്‍ ...
എന്നിലെ പ്രവാസിക്ക് വാക്കുകള്‍ വരുന്നില്ല ...
കാരണം ! എന്‍റെ ചിന്തകള്‍ ....

ഇപ്പോഴും , എന്‍റെ പിറന്ന മണ്ണിലാണ് ... ഇതാണ് പ്രവാസം !.


*************************************************************************************************

Sunday, December 20, 2009

ഒരു ഡ്യൂപ്ലിക്കേറ്റ്‌ നഗരത്തിന്റെ സദാചാരപോരാട്ടങ്ങളും ഞങ്ങളുടെ കോളേജ്‌ ജീവിതവും.മേലേക്കാവ്‌ താഴേക്കാവ്‌ എന്ന ഇരട്ട പേരുകളിലാണ്‌ അന്ന്‌ നഗരത്തിലെ പ്രശസ്‌തമായ ആ തിയ്യറ്ററുകള്‍ അറിയപ്പെട്ടിരുന്നത്‌.

അവ തമ്മില്‍ ശക്തമായ മത്സരവും നിലനിന്നിരുന്നു. ആരുണ്ടിവിടെ ചോദിക്കാന്‍ എന്ന സിനിമ മേലേക്കാവില്‍ ഓടാന്‍ തുടങ്ങിയപ്പോള്‍ നിയമം എന്തുചെയ്യും എന്ന സിനിമ കൊണ്ടുവന്നാണ്‌ താഴെക്കാവ്‌ തിരിച്ചടിച്ചത്‌. ഞങ്ങളന്ന്‌ വിവേകാനന്ദകോളേജില്‍ പ്രീഡിഗ്രിക്ക്‌ പഠിക്കുന്നു. ഞങ്ങളെന്ന്‌ പറഞ്ഞാല്‍ കുട്ടിഷൈജു, ബിജു ബാലകൃഷ്‌ണന്‍, ബാബുമത്തായി, മന്‍മഥന്‍ എന്ന മനോജ്‌, ശര്‍മ്മാജി, ജെയിന്‍ജെയിംസ്‌, ഉല്ലാസ്‌ അന്തിക്കാടന്‍, മുജീബ്‌, മൂപ്പന്‍ സന്തോഷ്‌, ജുബീഷ്‌, ഷഹീര്‍, മനോജ്‌, പ്രദീപ്‌ ഈപ്പന്‍, ബിജു കരിക്കാട്‌........ മൂപ്പനാണ്‌ സംഘത്തിന്റെ നേതാവ്‌. പ്രായത്തില്‍ കവിഞ്ഞ വളര്‍ച്ചയും നല്ലതടിമിടുക്കും തികഞ്ഞ ചക്കൂറ്റവുമുള്ള മൂപ്പന്‍ അന്ന്‌ ആനക്കൂട്ടി തമ്പിയുടെ സി.സി. പിടുത്തം സംഘത്തിലെ അംഗം കൂടിയാണ്‌.

രാവിലെ മുടങ്ങാതെ കേളേജിലെത്തും. പിന്നെ സൗകര്യം പോലെ പുറത്തു ചാടും. കോളേജിന്‌ താഴെ കാടുപിടിച്ച്‌ കിടക്കുന്ന തെങ്ങിന്‍ പറമ്പാണ്‌ അവിടെ വെച്ചാണ്‌ അന്നത്തെ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നത്‌. വെട്ടിക്കടവ്‌ ഷാപ്പുപിടിക്കണോ ചെറുവത്താനി ഷാപ്പു പിടിക്കണൊ. പ്രിന്‍സിപ്പലായ രാഘവന്‍ മാഷ്‌ക്ക്‌ ആ ആഴ്‌ച്ച എന്ത്‌ പണികൊടുക്കും. കലാകാരിയും, പുരുഷ വിദ്വേഷിയും സര്‍വ്വോപരി ഒരു കൊച്ചു സുന്ദരിയുമായ കോളേജ്‌ താരത്തെ എങ്ങിനെ തറപറ്റിക്കും. മൂപ്പന്‍ സന്തോഷ്‌ സ്വന്തമായി ഏറ്റ ചെറുകിട വണ്ടിപിടുത്തം പരിപാടികളില്‍ ആരൊക്കെ പങ്ക്‌ചേരും. ചിറളയം കോണ്‍വെന്റിന്‌ കല്ലെറിഞ്ഞ കേസില്‍ കോടതിയില്‍ ഹാജരാകേണ്ടത്‌ ആരൊക്കെ എന്ന അജണ്ടയിലെ പ്രധാനചര്‍ച്ചാവിഷയങ്ങള്‍ക്കപ്പുറം അന്നത്തെ കാര്യപരിപാടികള്‍ ആരംഭിക്കും. എന്ത്‌ തിരക്കുകളുണ്ടെങ്കിലും ആഴ്‌ച്ചയിലൊരിക്കല്‍ വികേകാനന്ദ ബോയ്‌സ്‌ താഴെക്കാവ്‌ സന്ദര്‍ശിച്ചിരിക്കും. അതും കോളേജില്‍ നിന്ന്‌ ആഘോഷമായി പ്രകടനം പോലെയാണ്‌ യാത്ര. ഒളിച്ചും പതുങ്ങിയും ഒറ്റയ്‌ക്കും തെറ്റയ്‌ക്കും ഉച്ചപ്പടം കാണാനെത്തുന്ന മറ്റ്‌ കോളേജ്‌ കുമാരന്‍മാര്‍ ഞങ്ങളെ അസൂയയോടെ നോക്കും. താഴെക്കാവില്‍ ഇടവേള വരെ ടിക്കറ്റ്‌ കൊടുക്കും. ഇടവേളയ്‌ക്ക്‌ ശേഷമാണ്‌ യഥാര്‍ത്ഥ പടം. അര മണിക്കൂറോളം പിന്നെ ദ്രുതതാളത്തിലുള്ള സംഗീതമാണ്‌ തിയ്യറ്ററില്‍ നിന്ന്‌ കേള്‍ക്കുക. പുറത്ത്‌ റോഡിലൂടെ പോകുന്ന നാട്ടുകാര്‍ക്കറിയാം ഉള്ളില്‍ എന്താണ്‌ നടക്കുന്നതെന്ന്‌. പഴയ കോടംമ്പാക്കം ബിറ്റുകളുടെ വലിയൊരു ശേഖരം സ്വന്തമായുണ്ട്‌ ഇരു തിയ്യറ്ററുകള്‍ക്കും. മലപ്പുറം പാലക്കാട്‌ ജില്ലകളില്‍ നിന്നു വരെ ഈ തിയ്യറ്ററുകള്‍ തേടി ആളുകളെത്തിയിരുന്നു. പല പ്രായത്തിലും പല പദവിയിലും ഉള്ള ആളുകള്‍. ഒരിക്കല്‍ നിലമ്പൂരടുത്തുള്ള ഒരു പള്ളിയില്‍ നിന്ന്‌ ഇടയ്‌ക്കിടെ പടം കാണാനെത്തിയ ഒരച്ഛനെ ഇടവകക്കാര്‍ പിടിച്ചതായി കേട്ടിരുന്നു. ഇന്റെര്‍നെറ്റും ബ്ലൂടൂത്തും എം.എം.എസും എന്തിന്‌ സി.ഡി. പോലും ഇല്ലാതിരുന്ന അക്കാലത്ത്‌ ഒരു തലമുറയുടെ രതികാമനകളെ ശമിപ്പിച്ചിരുന്നത്‌ ഈ തിയ്യറ്ററുകളായിരുന്നു.

മന്‍മഥന്‍ അന്ന്‌ വലതു കമ്മ്യുണിസ്‌റ്റ്‌ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവാണ്‌. ഞാനന്ന്‌ വിശ്വസ്ഥനായ അനുയായിയും. അങ്ങിനെ ഒരുനാള്‍ സിനിമ കണ്ട്‌ കൊണ്ടിരിക്കുന്നതിനിടയില്‍ പുറകിലെ ഒരു കോണില്‍ ഒതുങ്ങിയിരുന്ന്‌ സിനിമ കാണുന്ന കുമാരേട്ടനെ മനോജ്‌ എനിക്ക്‌ കാണിച്ചു തന്നു. ഞങ്ങളുടെ ലേഡി വൈസ്‌ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയുടെ അച്ഛനും പാര്‍ട്ടിയുടെ കര്‍ഷക സംഘത്തിന്റെ ജില്ലാനേതാവുമാണ്‌. ഞങ്ങളെ അദ്ദേഹവും കണ്ടു. ഇന്‍ട്രബെല്‍ ഷോ കഴിയാന്‍ നിന്നില്ല. കുമാരേട്ടന്‍ പുറത്തുചാടി. പുറകെ ഞങ്ങളും. ഒരു ചായ കുടിച്ചിട്ട്‌ പോകാം കുമാരേട്ടാ എന്നായി മനോജ്‌. ഒടുവില്‍ കുമാരേട്ടന്‍ കാലുപിടിച്ചു നാറ്റിക്കല്ലെ മക്കളെ മോളേട്‌ ഇതേ പറ്റി പറയല്ലെ. കടം പറഞ്ഞാണ്‌ കുമാരേട്ടന്‍ ബ്രൈറ്റ്‌ ഹോട്ടലില്‍ നിന്ന്‌ ചിക്കന്‍ ബിരിയാണി വാങ്ങിതന്നത്‌. എന്നിട്ടും പിറ്റേന്ന്‌ കണ്ടപ്പോള്‍ മനോജ്‌ ശ്രീജയോട്‌ പറഞ്ഞു അച്ഛനെ ഇന്നലെ ഞങ്ങള്‍ കണ്ടിരുന്നു. എവിടെ വെച്ചാണെന്ന്‌ പറയുന്നില്ല അത്‌ അച്ഛനോട്‌ തന്നെ ചോദിച്ചാല്‍ മതി.

അക്കാലത്താണ്‌ കേരളകോണ്‍ഗ്രസ്സിലെ പ്രബല വിഭാഗം വീണ്ടും രണ്ടായി പിളരുന്നത്‌. മാതൃസംഘടന കരുത്തുതെളിയിക്കാന്‍ മണ്ണാര്‍ക്കാട്‌ വെച്ച്‌ റാലിയും പൊതുയോഗവും നടത്തുന്നു. ഒരു ബസ്സ്‌ നിറയെ ആളെ മണ്ണാര്‍ക്കാട്‌ എത്തിക്കാനുള്ള കൊട്ടേഷന്‍ പഴഞിയിലെ കേരളകോണ്‍ഗ്രസ്സ്‌ നേതാവായ ജോസഫേട്ടന്‍ വഴി ഞങ്ങളെടുക്കുന്നു. ആളൊന്നിന്‌ 50 രൂപ, ശാപ്പാട്‌, പിന്നെ തൊണ്ടനനയ്‌ക്കാന്‍ ഇത്തിരി. പാല സാറ്‌ പ്രസംഗം തുടങ്ങി. പാര്‍ട്ടിയുടെ രാഷ്ടീയ പ്രസക്തയെപറ്റി അദ്ദേഹം കത്തികയറുന്നതിനിടയില്‍ ബാബുമത്തായി പ്രകോപിതനായി " എടാ പെറ്റി ബൂര്‍ഷ്വേ പെരും കള്ളാ നിന്നോടുള്ള സ്‌നേഹം കൊണ്ടല്ലടാ പൈസയ്‌ക്ക്‌ വേണ്ടിയെടാ വന്നത്‌ നിറുത്തെടാ പ്രസംഗം. പട്ടയരാഷ്ട്രീയമല്ല പട്ടരാഷ്ടീയം *്‌%#@*&^_!@%^^$##$*/-%$#@*&%*%$#@! " എന്നായി ബാബു. സംഗതി ഉന്തും തള്ളിലുമെത്തി. എതിരാളികള്‍ തന്നെ അപമാനിക്കാന്‍ മന:പൂര്‍വ്വം ആസൂത്രണം ചെയ്‌തതാണെന്നായി പാലസാര്‍. പാര്‍ട്ടിപ്രവര്‍ത്തകരുടെയും വാടകഗുണ്ടകളുടെയും കൈകരുത്ത്‌ ഞങ്ങളില്‍ പലരുമറിഞ്ഞു. പരിപാടി തീരും മുന്‍പെ രക്ഷപ്പെട്ടു. ആ സംഭവത്തിന്റെ ക്ഷീണം തീരും മുന്‍പെ മൂപ്പനും പരിക്കേറ്റു. കുന്നംകുളത്തെ ഒരു ബ്ലേഡില്‍ നിന്ന്‌ വായ്‌പ്പയെടുത്ത്‌ വാങ്ങിയ ബസ്സ്‌. സ്ഥലം കണ്ണൂര്‍. തിരിച്ചടവ്‌ മുടങ്ങിയിട്ട്‌ നാളുകളായി. രാഷ്ടീയ പിന്‍ബലവുമുണ്ട്‌ കക്ഷികള്‍ക്ക്‌. ഒടുവില്‍ തമ്പിയുടെ സംഘം ഓപ്പറേഷന്‍ ഏറ്റെടുക്കുന്നു. രാത്രിയിലെ ട്രിപ്പ്‌ കഴിഞ്ഞ്‌ പാര്‍ക്കുചെയ്യുന്നതിന്‌ മുന്‍പായി ബസ്സ്‌ കഴുകുന്ന തോട്ടിന്‍ കരയില്‍ നിന്ന്‌ വണ്ടി റാഞ്ചാനാണ്‌ തീരുമാനം. സ്ഥലം പോലീസിന്റെ മൗനാനുവാദവുമുണ്ട്‌. ഞങ്ങളെ അറിയിക്കാതെയാണ്‌ മൂപ്പന്‍ പോയത്‌. 14 അംഗ സംഘമാണ്‌ ഓപ്പറേഷന്‌. വണ്ടി റാഞ്ചി പക്ഷെ കണ്ണൂരിനും കോഴിക്കോടിനുമിടയിലുള്ള അസംഖ്യം റെയില്‍വ്വേ ഗെയ്‌റ്റുകളിലൊന്നില്‍ വണ്ടി പെട്ടു. പുറകെയെത്തിയ ബസ്സ്‌ മുതലാളിയുടെ സംഘത്തോട്‌ എതിരിടാന്‍ കഴിയാതെ തമ്പിയും കൂട്ടാളികളും പല വഴിക്ക്‌ ഓടി. പിറ്റേന്ന്‌ വിവരമറിഞ്ഞ്‌ ഞങ്ങള്‍ പോയി കണ്ടപ്പോള്‍ മൂപ്പന്റെ മേലാസകലം പരിക്കുകളുണ്ടായിരുന്നു. ഓടും വഴി തോട്ടില്‍ വീണതാണെന്നാണ്‌ മൂപ്പരുടെ മൊഴി. ഞങ്ങളാരും അത്‌ വിശ്വസിച്ചില്ലെങ്കിലും.

അങ്ങിനെയൊക്കെ ദിവസങ്ങള്‍ കടന്നുപോകുന്നു. 1992 ഡിസംബര്‍ 6 അയോദ്ധ്യയില്‍ ബാബറി മസ്‌ജിദ്‌ തകര്‍ക്കപ്പെടുന്നു. ഇന്ത്യയൊട്ടാകെ ബന്ദ്‌, ഹര്‍ത്താല്‍, കരിദിനം, കലാപങ്ങള്‍. കോളേജ്‌ വീണ്ടും തുറന്ന ദിവസം കറുത്ത ബാഡ്‌ജ്‌ കുത്തിയാണ്‌ ഞങ്ങള്‍ കോളേജിലെത്തിയത്‌ അധ്വാനിയുടെയും ചവാന്റെയും കോലങ്ങള്‍ കത്തിച്ചു ഒപ്പം മദനിയുടെ വിഷം പരത്തുന്ന കാസറ്റുകളും. ബാബറി ചരിത്രം വിവരിക്കുന്ന കെ.വേണുവിന്റെ മാതൃഭൂമി ലേഖനത്തിന്റെ ഫോട്ടോകോപ്പി വിതരണം. കോളേജിലും കുന്നംകുളം ടൗണിലും പോസ്‌റ്റര്‍ പ്രദര്‍ശനം. ഭൂരിപക്ഷം ന്യൂനപക്ഷം എന്ന പേരില്‍ വര്‍ഗീയത രണ്ടില്ല ഒരേനാണയത്തിന്‌ ഇരുവശങ്ങളെന്നതു പൊലെ ഒന്നേയുള്ളൂ എന്നും ആനന്ദിനെ ഉദ്ധരിച്ച്‌ ബിജു പ്രസംഗിച്ചു. ഡിസംബര്‍ വെക്കേഷന്‍ നാഷണല്‍ സര്‍വ്വീസ്‌ സ്‌കീം ക്യാമ്പ്‌ കോളേജില്‍ വെച്ച്‌ തന്നെ. അതിനടയിലും ചൂടുപിടിച്ച ചര്‍ച്ചകള്‍. വിഷയം വര്‍ഗീയത തന്നെ. അന്നും കോളേജില്‍ വര്‍ഗീയമായി ചിന്തിക്കുന്ന ഒരു ന്യൂനപക്ഷമുണ്ട്‌. അനുകൂല സാഹചര്യമില്ലാത്തതുകൊണ്ട്‌ വിഷം പുറത്തേക്ക്‌ ചീറ്റാറില്ലെങ്കിലും. കുറിതൊട്ട ഐ. എസ്‌ .എസ്‌ എന്ന്‌ ഗോഡ്‌സെയുടെ അനുയായികളെയും തൊപ്പിയിട്ട ആര്‍. എസ്‌. എസ്‌ എന്ന്‌ മദനിയുടെ അനുയായികളെയും ഞങ്ങള്‍ വിളിച്ചുപോന്നു. മതങ്ങളാണ്‌ പ്രശ്‌നമെന്നും മതനിരാസവും മതേതരമായ ജീവിതവുമാണ്‌ പരിഹാരം എന്നുമുള്ള പൊതുധാരണയില്‍ ഞങ്ങളെത്തി. എല്ലാവരും പൂര്‍ണ്ണമായി പിന്തുണച്ചില്ലെങ്കിലും. മിശ്രവിവാഹിതരാകണമെന്ന തീരുമാനവും അന്നെടുത്തിരുന്നു.

വീണ്ടും കോളേജ്‌ തുറന്നു. രണ്ടു ദിവസം കഴിഞ്ഞില്ല. ഞെട്ടിപ്പിക്കുന്ന ഒരു വാര്‍ത്ത പരന്നു കോളേജില്‍. കീഴെക്കാവില്‍ ഓടുന്ന പടത്തിനിടയ്‌ക്ക്‌ പ്രദര്‍ശിപ്പിക്കുന്നത്‌ കോളേജ്‌ താരത്തിന്റെ ദൃശ്യങ്ങള്‍. വിവരമറിഞ്ഞു വരാന്‍ മൂപ്പന്‍ അന്വേഷണകമ്മീഷനെ വെച്ചു. കമ്മീഷന്‍ റിപ്പോര്‍ട്ട്‌ സംഗതി ശരി വെക്കുന്നതായിരുന്നു. പിന്നെ കോളേജില്‍ നിന്ന്‌ ഒരൊഴുക്കായിരുന്നു കാവിലേക്ക്‌. ആരോപിക്കപ്പെട്ട നായികക്ക്‌ കേളേജ്‌ താരവുമായി വിദൂരഛായ പോലും ഉണ്ടായിരുന്നില്ല. എന്നിട്ടും കണ്ടവരില്‍ പലരും അതവര്‍ തന്നെ എന്ന്‌ തമാശയായി പറഞ്ഞു. അവരുടെ ചെവിയിലും ആ വാര്‍ത്ത എത്താതിരുന്നിരിക്കില്ല. സൗന്ദര്യത്തിന്റെ ഭാഗമായി ഒരല്‍പ്പം തലക്കനം ഉണ്ടായിരുന്നു എന്നതൊഴിച്ചാല്‍ വളരെ പാവമായ ഒരുകുട്ടിയായിരുന്നു അവര്‍ അതുകൊണ്ടുതന്നെ ഒരാളും ആ വാര്‍ത്ത വിശ്വസിക്കുകയോ അങ്ങനെ സംശയിക്കുകയോ ചെയ്‌തില്ല. എങ്കിലും അന്ന്‌ അവര്‍ എത്രമാത്രം വേദനിച്ചിരുന്നിരിക്കണം. പ്രതികരണങ്ങളൊ പരാതികളെ ഒന്നും ഉണ്ടായില്ല. ഒരു കോളേജ്‌ തമാശയായി സംഭവം ഒതുങ്ങി. സംഭവത്തിന്‌ പുറകെയുള്ളവരെ വിളിച്ച്‌ മൂപ്പന്‍ താക്കീത്‌ ചെയ്‌തു. പതുക്കെ എല്ലാവരും ആ സംഭവം മറക്കുകയും ചെയ്‌തു. ആ സംഭവവുമായി ബന്ധമുണ്ടോ ?. ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശ പ്രകാരം തിയ്യറ്റര്‍ റെയ്‌ഡ്‌ ചെയ്‌ത്‌ കോടമ്പാക്കം നീലയുടെ വലിയൊരുശേഖരം പോലീസ്‌ പിടിച്ചെടുത്തു. സ്ഥലം പോലീസ്‌ തിയ്യറ്റര്‍ ഉടമകള്‍കള്‍ക്ക്‌ അനുകൂലമായതുകൊണ്ട്‌ അന്നൊരു പുലിയായിരുന്ന തൃശ്ശൂര്‍ ട്രാഫിക്ക്‌ സി. ഐ . ആയിരുന്നു റെയ്‌ഡ്‌ നടത്തിയതും പ്രിന്റ്‌ പിടിച്ചെടുത്തതും. പിറ്റേന്ന്‌ കോടതിയില്‍ ഹാജരാക്കിയപ്പോളാണ്‌ സ്ഥലം പോലീസിന്റെ മിടുക്ക്‌ ജനമറിഞ്ഞത്‌. കാമകേളികള്‍ ഭക്തിലീലകളായി. നീലചിത്രം ഭകതി കുചേലന്‍ സിനിമയായി. പത്രങ്ങള്‍ സംഭവമേറ്റു പിടിച്ചു. തൃശ്ശൂരില്‍ നിന്ന്‌ മനുഷ്യാവകാശ-പ്രതിരോധ പ്രവര്‍ത്തകര്‍ രംഗത്തെത്തി. രാഘവന്‍ തേറമ്പില്‍ ഫിലിം പെട്ടി തലയില്‍ വെച്ച്‌ പോലീസ്‌ സ്‌റ്റേഷനിലേക്ക്‌ പഥയാത്ര നടത്തി. എന്തിനധികം സമരം യൂത്ത്‌ കോണ്‍ഗ്രസ്സും ഡി.വെ.എഫ്‌ ഐയും ഏറ്റെടുത്തു. '' ആഴ്‌ച്ചയിലൊരിക്കലെങ്കിലും ഇവിടെയെത്തിയില്ലെങ്കില്‍ ഉറക്കം വരാത്ത പിള്ളാരാണ്‌ ഇപ്പോള്‍ ഞങ്ങള്‍ക്കെതിരെ സമരം നടത്തുന്നത്‌'' തിയ്യറ്ററിലെ വാച്ച്‌മാനായ വറതുണ്ണിയേട്ടന്‍ കാര്‍ക്കിച്ചുതുപ്പി.

വിദ്യര്‍ത്ഥിസംഘടനകളും സമരപരിപാടികള്‍ ആവിഷ്‌ക്കരിച്ചെങ്കിലും കോളേജില്‍ നിന്ന്‌ കക്ഷി രാഷ്ടീയ ഭേദമന്യേ സമരപരിപാടികളില്‍ നിന്നും വിട്ടു നില്‍ക്കാനാണ്‌ ഞങ്ങള്‍ തീരുമാനിച്ചത്‌. "കപടസദാചാരവാദികള്‍ തുലയട്ടെ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ" മത്തായി നീട്ടിവിളിച്ചു.

എന്തായാലും സി.ഐ. മിന്നല്‍ ചാക്കോ സസ്‌പെന്‍ഷനിലായി. സംഭവം നടന്ന്‌ വര്‍ഷം പതിനഞ്ച്‌ ഇപ്പോഴും കേസ്‌ കോടതിയില്‍ തന്നെ. ചാക്കോയുടെ സര്‍വീസ്സ്‌ ജീവിതം മിക്കവാറും അവസാനിച്ചു. അത്യന്താധൂനിക സാങ്കേതികവിദ്യകളുടെ കുത്തൊഴുക്കില്‍ നീല ജനകീയമായതോടെ പഴയ പ്രാതാപം നഷ്ടമായെങ്കിലും ഒരു കാലഘട്ടത്തിന്‍െ ഗൃഹാതുര സ്‌മരണകളുയര്‍ത്തി താഴെക്കാവ്‌ ഇപ്പോഴും നിലനില്‍ക്കുന്നു. മേലേക്കാവിന്റെ സ്ഥാനത്ത്‌ നഗരത്തിലെ ഏറ്റവും വലിയ കല്യാണമണ്ഡപം. എങ്കിലും വടക്കാഞ്ചേരി റൂട്ടിലെ ആദ്യ സ്‌റ്റോപ്പെത്തുമ്പോള്‍ പഴയ ഓര്‍മ്മകള്‍ അയവിറക്കി ചില കിളികള്‍ നീട്ടിവിളിക്കും "മേലേക്കാവ്‌, മേലേക്കാവ്‌ ആളിറങ്ങാനുണ്ടോ........ ''

വാപ്പ, ഇഹലൊക വാസം വെടിഞ്ഞു


ലളിത ജീവിത പ്രിയനും ഓരോ നിമിഷങളിലും തമാശകൾ നിറച്ച് ജീവിതം ആസ്വദിച്ച് തീർത്ത സാധുവായ ഒരു സ൪ക്കാ൪ ജീവനക്കാരൻ, ഞങളുടെ ഗ്രാമത്തിൽ ഓരോരുത്തരുടെയും ഇഷ്ട ചങാതി ശ്രി.ടി.ക്കെ.സൈതുകുട്ടി, അതാണ്‍ എന്റെ വാപ്പയുടെ പേര്‍
ഇന്നലെ വാപ്പ പോയി.. ആരൊടും.. പരിഭവമില്ലാതെ… മഹാ രൊഗം പേറി കൊണ്ട് ഞങളെ അറിയിക്കാതെ കൊണ്ടു നടന്ന്, ആരെയും ബുദ്ധിമുട്ടിക്കാതെ, വളരെ ശാന്തനായി… വേണ്ടു വൊളം.. സ്നഹവും,വാത്സല്ല്യവും ഞങൾക്ക് വാരിക്കോരി തന്ന്, മരിക്കുന്നതിന്‍ തലെ ദിവസം. വാപ്പ എന്നെ വിളിച്ച് ഉപദേശിച്ചു… സ്നെഹത്തിനും.. നല്ല ക൪മ്മ്ങളും മാത്രമെ.. മനുഷ്യനെ സംത്രപ്ത്തനാക്കു..
ഇതു വായിക്കുന്ന പ്രിയ സഹൊദരാ, എന്റെ വാപ്പയുടെ ആത്മാവിന്‍ വേണ്ടി പ്രാർതഥക്കുവാ൯ നിങളൊട് ഞാ൯‍ അപേക്ക്ഷിക്കുന്നു…
ഇന്നലെ എന്റെ വീട്ടിൽ എത്തി ചേ൪ന്ന ആയ്രിരങൾക്കും, എന്നെ ഫൊണിലും, ഇ മെയിലും.. വഴി എന്റെ ദുഖത്തിൽ പങ്കു ചേർന്ന് ഏവർക്കും.. നന്ദി…

Thursday, December 17, 2009

പുസ്തകോത്സവത്തിന് തുടക്കമായി

പ്രേരണയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പുസ്തകോത്സവം’09 ന് തുടക്കമായി. ഇന്നലെ(16-12-09) വൈകീട്ട് സൌത്ത്പാര്‍ക്ക് റെസ്റ്റോറന്റിലെ പ്രിയദര്‍ശിനി ഓഡിറ്റോറിയത്തില്‍ വെച്ചു നടന്ന ചടങ്ങില്‍ പ്രശസ്ത നാടക രചയിതാവും സവിധായകനുമായ മനോജ് കാന പുസ്തകപ്രദര്‍ശനത്തിന്റേയും വില്പനയുടേയും ഔപചാരികമായ ഉത്ഘാടനം നിര്‍വ്വഹിച്ചു.

ഇന്നലെ അന്തരിച്ച പ്രശസ്ത ഏഴുത്തുകാരി റോസിതോമസിനെ അനുസ്മരിച്ച് പത്തുനിമിഷം മൌനമാചരിച്ചതിനു ശേഷമായിരുന്നു പരിപാടികളുടെ ഔപചാരികമായ ഉത്ഘാടനം നടന്നത്. ഉത്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കേരളത്തിന്റെ പ്രിയ സാഹിത്യകാരി സാറാജോസഫ് സന്നിഹിതയായിരുന്നു. രാംദാസും അഖിലേഷും ഒരുമിച്ചവതരിപ്പിച്ച സംഗീതവിരുന്നായിരുന്നു പരിപാടിയുടെ ഉത്ഘാടനം നിര്‍വ്വഹിച്ചത്. സംഗീത വിരുന്നിനു ശേഷം സാറടീച്ചര്‍ മാധവിക്കുട്ടിയെ അനുസ്മരിച്ച് പ്രഭാഷണം നടത്തി.

മൂന്നു എഴുത്തുകാരുടെ ജന്മശതാബ്ദി വര്‍ഷമാണ് 2009 എന്ന് ഓര്‍മ്മിപ്പിച്ചു കൊണ്ടു തുടങ്ങിയ സാറടീച്ചര്‍; ബാലാമണിയമ്മ, ലളിതാംബിക അന്തര്‍ജനം, കടത്തനാട്ട് മാധവിയമ്മ എന്നീ ‘എഴുത്തുകാരി‘കളുടേതായതിനാലാകണം ജന്മശതാബ്ദി വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയത് എന്ന സന്ദേഹം പ്രകടിപ്പിച്ചു. ബാലാമണിയമ്മ, ലളിതാംബിക അന്തര്‍ജനം, കടത്തനാട്ട് മാധവിയമ്മ എന്നിവരിലൂടെ തുടങ്ങി, പുരുഷന്റെ പെണ്‍പക്ഷ വീക്ഷണം, സ്ത്രീ വിമോചനം എന്നീ വിഷയങ്ങളിലൂടെ മാധവിക്കുട്ടിയിലേക്ക് ഒഴുകിയെത്തുന്നതായിരുന്നു ടീച്ചര്‍ നടത്തിയ പ്രഭാഷണം.

സ്ത്രീ വിമോചനത്തിനുവേണ്ടി ആവലാതിപ്പെടുന്ന പുരുഷനുപോലും പരിമിതികളുണ്ടെന്ന് ഉദാഹരണം നിരത്തി വ്യക്തമാക്കിയ ടീച്ചര്‍ സ്ത്രീവിമോചനം അവളുടെ തന്നെ സ്വത്വബോധത്തില്‍ നിന്നാരംഭിക്കേണ്ടതാണെന്ന് അഭിപ്രായപ്പെട്ടു. താന്‍ അകപ്പെട്ടിരിക്കുന്ന കൂട് ആരെങ്കിലും വന്ന് തുറന്നു തരേണ്ടതല്ല, മറിച്ച് തന്റെ തന്നെ ചിറകുകള്‍ കൊണ്ട് തച്ചുതകര്‍ക്കേണ്ടതാണെന്ന് അവര്‍ ഓര്‍മ്മിപ്പിച്ചു.

വളരെ കുറച്ചു മലയാള പദങ്ങള്‍ മാത്രം കൈവശമുണ്ടായിരുന്ന മാധവിക്കുട്ടി ആ പദങ്ങളെ തേച്ചുമിനുക്കി തേച്ചുമിനുക്കി സൌന്ദര്യവതിയാക്കിയെടുക്കുകയായിരുന്നു മലയാളസാഹിത്യത്തില്‍. അവരുടെ സ്ത്രീപക്ഷ വീക്ഷണം പുരുഷനെ സൌന്ദര്യത്തിലേക്കാകര്‍ഷിക്കുക എന്നതായിരുന്നു. യുദ്ധം, ആക്രമണം, കീഴടക്കല്‍, വിജയം എന്നിവക്കു വേണ്ടി പുറത്തേക്ക്...പുറത്തേക്ക് എന്ന് അകന്നുപൊയ്ക്കൊണ്ടിരിക്കുന്ന പുരുഷനെ സൌന്ദര്യം, സ്നേഹം, ആകര്‍ഷണം എന്നിവകൊണ്ട് അകത്തേക്ക്... അകത്തേക്ക് എന്ന് തന്നിലേക്ക്, ഭൂമിയിലേക്ക്, വിത്തിലേക്ക്, വിളയിലേക്ക് സര്‍വ്വവിധ ജീവജാലങ്ങളിലേക്ക്, ജൈവതയിലേക്കു തന്നെയും തിരിച്ചുപിടിക്കുക എന്ന കാഴ്ചയാണ് എഴുത്തിലൂടെ അവര്‍ നമുക്ക് മുന്നിലേക്ക് നീട്ടിയത്. അതുകൊണ്ടു തന്നെയാണ് മാധവിക്കുട്ടി മലയാളിയായ ഏതാണിനും പെണ്ണിനും ഒരുപോലെ സ്വീകാര്യയാകുന്നത്. കല്പനകളുടേയും യാഥാര്‍ത്ഥ്യത്തിന്റേയും ലോകത്തില്‍ ഏതു കല്പന ഏതു യാഥാര്‍ത്ഥ്യമെന്നു തിരിച്ചറിയാനാവാ‍ത്തവിധം ഇഴുകിച്ചേര്‍ന്നതായിരുന്നു മാധവിക്കുട്ടിയുടെ ജീവിതം. അവസാന കാലഘട്ടത്തില്‍ അവര്‍തന്നെ അത് സമ്മതിച്ചിട്ടുമുണ്ട്; ടീച്ചറുടെ വാക്കുകള്‍ അങ്ങിനെ പെയ്തുകൊണ്ടേയിരുന്നു.

ടീച്ചറുടെ പ്രസംഗത്തിനുശേഷം മനോജ് കാന പുതിയ കാലത്തിന്റെ വായന നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് വാചാലനായി. അതിനു ശേഷം ബഹറിനിലെ 15-ഓളം കവികള്‍ അവരുടെ കവിതകള്‍ അവതരിപ്പിച്ചു. ഒടുവില്‍ പുസ്തകപ്രദര്‍ശനത്തിന്റെയും വില്പനയുടേയും ഉത്ഘാടനത്തിനു ശേഷം, നീണ്ടകാത്തിരിപ്പിനൊടുവില്‍ ഗള്‍ഫുകാരനു വന്നു ചേരുന്ന ഒരു മഴയെ ആഘോഷിക്കുമ്പോലെ പുസ്തകങ്ങളെ തന്റേതാക്കാനുള്ള മത്സരമായിരുന്നു പങ്കെടുത്തവരില്‍. എന്നാല്‍ കഥ, കവിത തുടങ്ങി ഫിക്ഷനുകളെ തീര്‍ത്തും അവഗണിച്ചുകൊണ്ടുള്ള ഒരു പുസ്തക തെരഞ്ഞെടുപ്പായിരുന്നു പ്രേരണയുടേതെന്നത് നേരിയ തോതില്‍ കല്ലുകടിയായി.

പുസ്തകോത്സവത്തോടനുബന്ധിച്ച് ഷൈജു, നിത്യ എന്നിവരടങ്ങിയ ടീമിന്റെ ചിത്രപ്രദര്‍ശനവും ഏറെ ശ്രദ്ധയാകര്‍ഷിച്ചു. മൂന്നുദിവസങ്ങളിലായിട്ടാണ് പുസ്തകോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. ഇന്തോ-ബഹറിന്‍ സാംസ്കാരിക സംഗമം, കഥാപഠന കളരി എന്നിവ വരും നാളുകളില്‍ പുസ്തകോത്സവത്തെ ഏറെ മഹത്തരമാക്കും.

Sunday, December 13, 2009

ഗള്‍ഫ് മലയാള കവിതാ സമാഹാരം

തണല്‍ ബഹറിന്‍
ഗള്‍ഫ് മലയാള കവിതാ സമാഹാരം
ബഹറിനിലെ എഴുത്തുകാരുടെ കൂട്ടായ്‌മയായ തണല്‍ ബഹറിന്‍ ജനുവരി ആദ്യവാരംപ്രസിദ്ധീകരിക്കുന്ന ഗള്‍ഫ് മലയാള കവിതാ സമാഹാരത്തിലേക്ക് കവിതകള്‍ ക്ഷണിക്കുന്നു. ഗള്‍ഫ്‌ മേഖലയിലെ പ്രത്യേകാല്‍ ബഹറിനിലുള്ള മുഴുവന്‍ കവികളുടേയും കവിതകള്‍ ഉള്‍പ്പെടുത്തുവാന്‍ താത്പര്യമുണ്ട്. കവിതയോടൊപ്പം എഴുതിയ ആളേക്കുറിച്ചുള്ള വിവരണവും ഫോട്ടോയും ടെലിഫോണ്‍ നമ്പരും ചേര്‍ത്തിരിക്കണം. മൌലിക സൃഷ്ടികള്‍ Thanal Bahrain, P. O. 32802, Kingdom of Bahrain എന്ന വിലാസത്തിലോ thanalbah@gmail.com എന്ന ഇ - മെയില്‍വിലാസത്തിലോ ഡിസംബര്‍ 20 നു മുന്‍പ്‌ ലഭിച്ചിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബാജി ഓടംവേലിയുമായി ബന്ധപ്പെടുവാന്‍ താത്പര്യപ്പെടുന്നു. ടെലിഫോണ്‍ നമ്പര്‍ 39258308.

ബാജി ഓടംവേലി - 00973 - 39258308
( ചീഫ് എഡിറ്റര്‍ )

Saturday, December 12, 2009

ആധുനിക കവിത-------------------------


നഗ്നയാണ്‌ ,അണിയിച്ചൊരുക്കിയെന്നെ നാണം കെടുത്തല്ലേ.
---------------------------------------------------------------ഷംസ്

Sunday, December 6, 2009

അമ്മയുടെ തിരുമുറിവുകള്‍

അമ്മയുടെ തിരുമുറിവുകള്‍
---------------
അര്‍ദ്ധ രാത്രിയില്‍
തിരുപ്പിറവിയുടെ
കാറ്റടി ച്ച പ്പോള്‍
ഹിന്ദു മുസ്ലിം
ചോര പിരിഞ്ഞ്
മാതാവ്
രണ്ട് ദേശങ്ങളായി
ഒലിച്ചു പോയി .

പിതാവിന്‍റെ
ഒടിഞ്ഞ വാരിയെല്ലിനു
പകരമായി
വെട്ടിക്കീറി യ
സ്വാതന്ത്രത്തി ന്‍റെ
ഒരു അപ്പ കഷണമാണ്‌
അപ്പോസ്തലര്‍
നല്‍കിയത് .

വീഞ്ഞ് കുടിച്ച്‌
ഉന്മത്തരായവര്‍
മിനാരം ഉടച്ചപ്പോള്‍
പുത്രന്‍ വാങ്ങിയത്
മുലയരിഞ്ഞ മുറിവില്‍
ആണിയടിച്ചു കെട്ടാന്‍
പന്നിയും പശുവുമായി
മുക്രയിട്ട്‌ ചങ്ങല പൊട്ടിയ
ഒരു ഭ്രാന്തിനെയാണ് .

-------------------------ഷംസ്
december6

Friday, December 4, 2009

രണ്ട് പുരസ്കാരങ്ങളും ബൂലോകത്തിന് - ബി.കെ.എസ് ജാലകം സാഹിത്യപുരസ്കാരം -09

നമുക്ക് അഭിമാനിക്കാം. ബൂലോകത്തിലെ നമ്മുടെ പ്രിയപ്പെട്ട കൂട്ടുകാരായ നചികേതസ്, ദേവസേന എന്നിവര്‍ക്കാണ് ഈ വര്‍ഷത്തെ  ബി.കെ.എസ് ജാലകം സാഹിത്യപുരസ്കാരം.
പുതിയ കാലത്തിന്റെ രചനാരീതികളെ ഉള്‍ക്കൊണ്ടുകൊണ്ട് എഴുതുന്ന പുതിയ കാലത്തിന്റെ എഴുത്തിനുള്ള അംഗീകാരം കൂടിയാണ് ഈ പുരസ്കാരങ്ങള്‍. അതും പുതിയ മാധ്യമം പങ്കുവെക്കുന്ന നമുക്കിടയിലേക്ക് ലഭ്യമാക്കിയതിന് ബുള്ളറ്റിന്റേയും ബഹറിന്‍ ബൂലോകത്തിന്റേയും നന്ദി നചികേതസിനും ദേവസേനക്കും.
നചികേതിന്റെ അവര്‍ക്കിടയില്‍എന്ന പുതിയ കഥയും ദേവസേനയുടെഅടുക്കി വെച്ചിരിക്കുന്നത് എന്ന കവിതയുമാണ് പുരസ്കാരാര്‍ഹമായ രചനകള്‍.
ഇതോ പുതിയ കാലത്തിന്റെ എഴുത്ത് എന്ന് പുച്ഛിച്ചു തള്ളുന്ന യാഥാസ്ഥിക വായനക്കൂട്ടത്തില്‍ നിന്നും നിരവധി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുള്ള ഇരുവരും പുതുകാല എഴുത്തുരീതിയുടെ, അനുഭവങ്ങളുടെ, ആഖ്യാനത്തിന്റെ വക്താക്കളാണ്. അവര്‍ക്ക് പറയാനുള്ളത് ഏറെ പറഞ്ഞു പഴകിയ ഇതിവൃത്തങ്ങളും രീതിയുമല്ല. പുതിയ കാലം അവര്‍ക്കുമുന്നില്‍ വെളിവാക്കുന്ന സങ്കീര്‍ണ്ണതകളിലാണ് അവരുടെ എഴുത്ത്. ഈ സങ്കീര്‍ണ്ണതകളെ പകര്‍ത്തിവെക്കുന്ന പുതിയ ഭാഷയും രീതിയും യാഥാസ്തിതികത്വത്തില്‍ ഉറച്ചു വിശ്വസിക്കുന്ന ചില പഴഞ്ചന്‍ രീതികള്‍ക്ക് എതിരായിരിക്കാം. എന്നാല്‍ ഈ കാലത്തിന്റെ എഴുത്തു തന്നെയാണ് ഇന്നിന് ഏറെ ആവശ്യമെന്ന് തെളിയിച്ചിരിക്കയാണ് ഈ പുരസ്കാരങ്ങള്‍. 
എഴുത്തുകാര്‍ക്ക് ഒരിക്കല്‍ കൂടി നന്ദി. ആശംസകള്‍!!
 കൂടുതല്‍ വായനക്ക്
ബഹ്‌റൈന്‍ കേരളീയസമാജം സാഹിത്യപുരസ്കാരം 2009 കാക്കനാടന് - മലയാളം ബ്ലോഗേഴ്സിനും അഭിമാന നിമിഷങ്ങള്‍!!!

ചിത്രമൂലയിലെ രാത്രി
വനസ്ഥലികളിലൂടെ ( തുടര്‍ച്ച)
വിശപ്പുകൊണ്ടായിരിയ്‌ക്കാം ഭക്ഷണത്തിന്‌ നല്ല രുചി തോന്നി. ചെറിയൊരു വിശ്രമത്തിന്‌ ശേഷം വീണ്ടും മല കയറ്റം. ആദ്യം ഗണപതി ഗുഹ പിന്നെ സര്‍വജ്ഞ പീഠം അതും കഴിഞ്ഞ്‌ ചിത്രമൂല വീണ്ടും തിരിച്ച്‌ സര്‍വജ്ഞപീഠത്തിലേക്ക്‌, അവിടെ രാത്രി തങ്ങാം അങ്ങിനെയൊക്കെയാണ്‌ ആലോചന. ലഘുഭക്ഷണങ്ങള്‍ കൈയ്യില്‍ കരുതിയിട്ടുണ്ട്‌. വഴിക്കാഴ്‌ച്ചകള്‍ കണ്ടും കുടജാദ്രി മലനിരകളില്‍ നിന്നുള്ള ദൂരക്കാഴ്‌ച്ചകളില്‍ രമിച്ചുമുള്ള യാത്രയുടെ ഒടുവില്‍ സര്‍വജ്ഞപീഠത്തിലെത്തി. ചെറിയൊരു കല്‍മണ്ഡപം അവിടെ വെച്ചാണ്‌ ശങ്കരാചാര്യര്‍ തപസ്സിലൂടെ ജ്ഞാനം നേടിയതെന്ന്‌ വിശ്വാസം. സ്വഛന്ദവും പ്രശാന്തവുമായ അന്തരീക്ഷം. തെളിഞ്ഞകാറ്റും ദൂരക്കാഴ്‌ച്ചകളുടെ സമൃദ്ധിയും. തലേന്ന്‌ രാത്രി ആരോ സര്‍വജ്ഞപീഠപരിസരത്ത്‌ തങ്ങിയിരുന്നു. അടുപ്പുകൂട്ടിയതിന്റെയും ഭക്ഷണസാധനങ്ങളുടെയും അവശിഷ്ടങ്ങളുണ്ട്‌ പരിസരങ്ങളില്‍. ഇളം കാറ്റേറ്റ്‌ സര്‍വജ്ഞപീഠത്തിനരികില്‍ കുറച്ചുനേരം. പിന്നെ ചിത്രമൂലയിലേക്ക്‌. മലമുകളിലെ പുല്‍പ്പരപ്പിലൂടെ കുറച്ച്‌നേരം നടന്ന്‌ പിന്നെ താഴേക്ക്‌ കുത്തനെയുള്ള ഇറക്കമിറങ്ങി വേണം ചിത്രമൂലയിലെത്താന്‍.
ഒറ്റയടിപ്പാതയുടെ ഒരു വശം അഗാധമായ താഴ്‌ച്ചയാണ്‌. മണ്ണിടിഞ്ഞ ചിലയിടത്ത്‌ കുറ്റിച്ചെടികളില്‍ പിടിച്ചുവേണം മുന്നോട്ട്‌ നീങ്ങാന്‍. മരണത്തിനും ജീവിതത്തിനുമിടയിലൂടെയുള്ള നൂല്‍പ്പാലം പോലെയാകുന്നു ചിലയിടങ്ങളില്‍ യാത്രാപഥം. ചിലപ്പോഴൊക്കെ മടങ്ങിയാലോ എന്ന്‌ തോന്നും. മനോബലം കൊണ്ട്‌ മാത്രം മറികടക്കേണ്ട വഴിത്താര. കാരിക്കട്ടെയില്‍ നിന്ന്‌ കുടജാദ്രിയിലേക്കുള്ള യാത്ര ഇതിന്‌ മുന്‍പില്‍ നിസ്സാരമാകുന്നു. ഇത്രയും ദുര്‍ഘടമായ വഴിതാണ്ടിയാണ്‌ കോഴിക്കോട്ടുകാരി മീനാക്ഷിയമ്മ എല്ലാവര്‍ഷവും ഇവിടെയെത്തുന്നതും ദിവസ്സങ്ങളോളം ഈ കാടിനുള്ളിലെ ഈ ഗുഹയില്‍ തങ്ങി തപസ്സുചെയ്യുന്നതും. അവരുടെ മനസ്സിന്റെ ചെറുപ്പത്തിനും ബലത്തിനും മുന്‍പില്‍ നമിച്ചുപോകും നമ്മള്‍ ഈ വഴിപിന്നിടുമ്പോള്‍. ഒടുവില്‍ ചിത്രമൂല ഗുഹാമുഖത്തെത്തി. കുത്തനെയുള്ള മലനിരയിലെ ഒരള്ള്‌. മുന്‍പില്‍ വിശാലമായൊരു താഴ്‌വാരം പരന്നുകിടക്കുന്നു. യുഗങ്ങള്‍ക്ക്‌ മുന്‍പ്‌ കോലമഹര്‍ഷി തപസ്സനുഷ്ടിച്ചതൊടെയാണ്‌ ഇവിടം പുരാണങ്ങളില്‍ ഇടം പിടിക്കുന്നത്‌. പിന്നീട്‌ ഒരു മലയാളി തപസ്സിനായി ഇവിടം തിരഞ്ഞെടുത്തു. ആദി ശങ്കരന്‍. ജ്ഞാനം കൊണ്ട്‌ ലോകം കീഴടക്കാനും ബൗദ്ധ ജൈന മതങ്ങള്‍ക്ക്‌ മുകളില്‍ വീണ്ടും ആര്യമതത്തിന്റെ വെന്നിക്കൊടി പാറിക്കാനും വേണ്ടി ഇറങ്ങിത്തിരിച്ച ശങ്കരന്‍ ഈ വനസ്ഥലിയുടെ വശ്യതയില്‍ ആകൃഷ്ടനായെന്ന്‌ കഥ. ധ്യാനത്തിന്‌ ഉത്തമമെന്ന്‌ വിശ്വസിക്കുന്ന ഇവിടെ മീനാക്ഷിയമ്മയെപ്പോലെ എപ്പോഴും ആരെങ്കിലുമൊക്കെ തങ്ങുന്നുണ്ടാകും. ഞങ്ങളവിടെ എത്തുമ്പോള്‍ കൊല്ലത്തുകാരന്‍ ഒരു സുരേന്ദ്രനായിരുന്നു അവിടത്തെ അന്തേവാസി.
ചെറിയൊരു വിഗ്രഹം പൂജക്കുള്ള പരിമിതമായ സാമഗ്രികള്‍. ഭക്ഷണം പാകം ചെയ്യാനായി രണ്ടുമൂന്നുപാത്രങ്ങള്‍. ചെറിയൊരു സഞ്ചി. ഒരു പായ തീര്‍ന്നു ഗുഹക്കുള്ളിലെ സാധനങ്ങള്‍. മുകളില്‍ നിന്ന്‌ ഒറ്റി വീഴുന്ന വെള്ളം ഗുഹയുടെ ഒരു വശത്തുകൂടി താഴേക്ക്‌ ഒലിച്ച്‌ പോകുന്നു. ഒരു കോണിലായി ചുള്ളിവിറക്‌ ശേഖരിച്ച്‌ വെച്ചിട്ടുണ്ട്‌. ക്ഷീണം തീര്‍ക്കാനായി ഗുഹാമുഖത്തിരുന്നു. ഇന്നിവിടെ തങ്ങാമെന്ന്‌ ആദ്യം പറഞ്ഞത്‌ സനീഷാണ്‌. സുരേന്ദ്രസ്വാമികള്‍ എതിരൊന്നും പറഞ്ഞില്ല. ഇടക്ക്‌ കര്‍ണ്ണാടക്കാരായ ഒരു ചെറിയ സംഘം ഗുഹയില്‍ വന്നുപോയി. നോക്കിയിരിക്കെ മുന്‍പിലെ വിശാലമായ മരത്തലപ്പുകളുടെ സമുദ്രത്തിനുമുകളില്‍ കോട പരന്നു. അതിനപ്പുറം ചക്രവാളത്തില്‍ ചുവപ്പുരാശിയും. അനിര്‍വചനീയമായ അനുഭൂതിയില്‍ മുഴുകിയിരിക്കെ പകല്‍ കടന്നു പോകുന്നതിനും രാത്രിക്കു മുകളില്‍ നിലാവു പരക്കുന്നതിനും ഞങ്ങള്‍ സാക്ഷികളായി. കാടിന്റ സ്വസിദ്ധമായ ശബ്ദങ്ങള്‍ പതുക്കെ തിരിച്ചറിഞ്ഞുതുടങ്ങി. കുറച്ച്‌ അരിയും ശര്‍ക്കരയും ഇരിക്കുന്നുണ്ടെന്നും രാത്രിഭക്ഷണം പായസമാകാമെന്നും സ്വാമികള്‍ പറഞ്ഞു. ചുള്ളിക്കമ്പുകള്‍ വെച്ച്‌ അടുപ്പുകൂട്ടി അന്‍വറും സനീഷും പാചകം ആരംഭിച്ചു. പ്രശാന്തും സജീഷും ഞാനും ചേര്‍ന്ന്‌ പാഥേയങ്ങള്‍ പുറത്തെടുത്ത്‌ പങ്കുവെച്ചു. നേന്ത്രപഴം, അവില്‍, ബ്രഡ്‌, ഉണ്ണിയപ്പം, കായവറവ്‌, ചെറുപഴം, അവിലോസു പൊടി അങ്ങിനെ... പായസം എന്ന്‌ പറയാവുന്ന വിഭവവും അതിനിടയില്‍ തയ്യാറായി. താഴെ നിന്നു പറിച്ചെടുത്ത കാട്ടിലകളില്‍ അത്താഴം വിളമ്പി. ഒരുമിച്ചിരുന്നുള്ള ഭക്ഷണം. അതിനിടയില്‍ കാനനവാസത്തിന്റെ അനുഭവങ്ങളും കഥകളും സ്വാമി പങ്കുവെച്ചു. ഗുഹക്കു കുറച്ചുതാഴെ വരെ പുലി വരാറുണ്ടെന്നും ഇവിടെ നിന്നുള്ള വിളക്കുനോക്കി ഏറെ നേരം നിന്ന്‌ മടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. പിന്നെ ചുറ്റുമുള്ള മറ്റ്‌ വന്യമൃഗങ്ങള്‍, ഗുഹക്കുളളില്‍ വന്നുപോകാറുള്ള പാമ്പുകള്‍, പിന്നെ ഗുഹാപരിസരത്തെ അത്ഭുതങ്ങള്‍ കഥകളില്‍ പലതിനും അവിശ്വസനീയതയുടെയും നിറക്കുട്ടുകഥുടെയും അകമ്പടിയുണ്ടായിരുന്നു. ചില കഥകള്‍ പ്രശാന്ത്‌ പോലും വിശ്വസിച്ചതായി തോന്നിയില്ല. ഗുഹക്കുള്ളില്‍ ഒന്നും പേടിക്കാനില്ലെന്നും പക്ഷെ ഉറക്കത്തില്‍ താഴെ വീഴാതെ നോക്കണമെന്നും സ്വാമികള്‍ പറഞ്ഞു. കാടിന്‌ മുകളില്‍ നിലാവ്‌ പെയ്‌തിറങ്ങുകയാണ്‌ ദൂരെ വെളിച്ചത്തിന്റെ ചെറു പൊട്ടുകള്‍ കാണുന്നുണ്ട്‌ മൂകാംബികയും മറ്റ്‌ ചെറു ഗ്രാമങ്ങളുമാണ്‌. മേഘങ്ങളൊഴിഞ്ഞ സമയത്ത്‌ ഉഡുപ്പിയിലെയും കുന്ദാപുരത്തിലെയും വരെ വെളിച്ചത്തിന്റെ പൊട്ടുകള്‍ ഇവിടെ നിന്ന്‌ കാണാം എന്ന്‌ പറയുന്നു.
എല്ലാവരും പുറത്തെ വിശാലതയിലേക്ക്‌ നോക്കി നിശബ്ദരായി ഇരിക്കുകയാണ്‌. പ്രകൃതി ചിലപ്പോഴൊക്കെ മനുഷ്യനെ നിശ്ശബ്ദനാക്കും മറ്റു ചിലപ്പോള്‍ തത്ത്വജ്ഞാനിയും. നാളെ മൂകാംബിക വിടുകയാണ്‌ പറ്റിയാല്‍ ഉടുപ്പില്‍ കൂടി കയറണം. പിന്നെ നാട്ടിലേക്ക്‌ ഷിമോഗയും ജോഗ്‌ ഫാള്‍സും അടുത്ത യാത്രയിലാക്കാം കേരളീയം ഇറക്കേണ്ട സമയമായിരിക്കുന്നു ഇനിയും ഒട്ടേറെ പണികള്‍ ബാക്കികിടക്കുന്നു.
ഇനി കിടക്കാം സ്വാമികള്‍ പറഞ്ഞു. ഗുഹയില്‍ 5 പേര്‍ക്ക്‌ ഒരുമിച്ച്‌ കിടക്കാന്‍ സ്ഥലമില്ല. സ്വാമി പുറകില്‍ പായ വിരിച്ചു. പെട്ടെന്ന്‌ പ്രശാന്തും തുടര്‍ന്ന്‌ സജീവും സനീഷും വിരി വിരിച്ചു അതു കണ്ടതൊടെ ഞാനും. അന്‍വര്‍ എറ്റവും അവസാനമായി. അവസാനം കിടക്കുന്ന ആള്‍ ഉറക്കത്തില്‍ ഒന്നുരുണ്ടാല്‍ താഴെയെത്തും. ഞാനെഴുനേറ്റ്‌ അന്‍വറിനെ ഇപ്പുറത്തേക്ക്‌ മാറ്റി. ഒരുമിച്ച്‌ മലകയറിയവരാണ്‌ പല അടുക്കളകളില്‍ നിന്നെത്തിയ പാഥേയങ്ങള്‍ പങ്കുവെച്ചവരാണ്‌. ഒരുമിച്ചിരുന്ന്‌ അത്താഴം കഴിച്ചവരാണ്‌. പക്ഷെ നിര്‍ണ്ണായകമായ ചില നിമിഷങ്ങളിലെ സ്വാര്‍ത്ഥത മറികടക്കാന്‍ എളുപ്പമല്ല മനുഷ്യമനസ്സിന്‌. നിലനില്‍പ്പിന്റെ ഇത്തരം ജീന്‍ ഗുണങ്ങളായിരിക്കാം അവന്റെ ജന്മത്തെ സമാനതകളില്ലാത്തതാക്കുന്നതും. വടക്കരെക്കുറിച്ച്‌ ഞങ്ങള്‍ സ്‌നേഹിക്കാന്‍ മാത്രം അറിയുന്നവരെന്ന്‌ പറയും. കുടജാദ്രിയാത്രയില്‍ തളര്‍ന്നിരുന്ന ഞങ്ങള്‍ക്ക്‌ വെള്ളം തന്ന്‌ കൂടെ കൂട്ടിയവര്‍ തന്നെയാണ്‌ ഇപ്പോള്‍ തിരക്കിട്ട്‌ സ്വന്തം സ്ഥാനം സുരക്ഷിതമാക്കിയതും.
പരുപരുത്ത പാറമേല്‍ വിരിച്ച വിരിപ്പില്‍ ഉറങ്ങാതെ കിടന്നു. മുണ്ടിനും അതിനുമുകളിലായി വീണ്ടും പുതച്ച പുതപ്പിനും തണുപ്പിനെ തടയാനാകുന്നില്ല. ഉറക്കത്തില്‍ താഴേക്ക്‌ ഉരുണ്ടു പോകാതിരിക്കാന്‍ സ്വാമി രണ്ടു കരിങ്കല്ലുകഷ്‌ണങ്ങള്‍ വെച്ച്‌ തന്നു അതിന്‌ പുറമെ ഞങ്ങളുടടെ രണ്ടു പേരുടെ ബാഗുകളും. എങ്കിലും പേടി തോന്നി. താഴെ മരങ്ങളുടെ നിഴലില്‍ ചുവന്ന കണ്ണുകള്‍ കാണുന്നുണ്ടോ, മഞ്ഞ്‌ വീണ്‌ നനഞ്ഞ കരിയിലകളില്‍ പതിഞ്ഞ കാലടികള്‍ അമരുന്നുണ്ടോ. ഉറക്കം വന്നില്ല. രണ്ടു ദിവസം മുന്‍പും ഗുഹക്കുതാഴെ വരെ പുലി വന്നിരുന്നു ഭാഗ്യമുണ്ടെങ്കില്‍ കാണാം. എന്ന്‌ സ്വാമികള്‍ പറഞ്ഞത്‌ ഓര്‍മ്മയില്‍ നിന്നും മായുന്നില്ല. പിന്നെയെപ്പോഴൊ കണ്ണുകളടഞ്ഞു. പാത്രങ്ങള്‍ തട്ടിമറയുന്ന ശബ്ദം കേട്ടാണ്‌ ഉണര്‍ന്നത്‌. തലക്കുപുറകിലായി വെച്ച ടോര്‍ച്ചുതപ്പി ചാടി എഴുന്നേറ്റു. പാമ്പാണെന്ന്‌ മനസ്സ്‌ തീര്‍ച്ചപ്പെടുത്തിയിരുന്നു. ഭക്ഷണം തേടി വരുന്ന എലികളാണ്‌ കിടന്നോളൂ സ്വാമികള്‍ ശാന്തനായി പറഞ്ഞു.
ഉറക്കം വന്നില്ല. പുതപ്പും മുണ്ടും കൂടി വാരിപ്പുതച്ച്‌ ഗുഹാഭിത്തിയില്‍ ചാരിയിരുന്നു. മുന്‍പില്‍ കോടയൊഴിഞ്ഞ താഴ്‌വാരവും തെളിഞ്ഞ ആകാശവും കടലുപോലെ നിലാവിലങ്ങനെ പരന്നു കിടക്കുകയാണ്‌. കണ്ണിമവെട്ടാതെ നോക്കിയിരുന്നു ആ കാഴ്‌ച്ച. നിലാവും കാടും ആകാശവും ചേര്‍ന്ന്‌ ഒരുക്കിയ ഒരു മായാലോകമാണ്‌ മുന്‍പില്‍. ഞാനൊരു വിശ്വാസിയല്ല. ഒരു തീര്‍ത്ഥാടകനായല്ല സഞ്ചാരിയായാണ്‌ ഇവിടെ എത്തിയതും. പക്ഷെ ദൈവമെന്നൊന്നുണ്ടെങ്കില്‍ അത്‌ ഈ പ്രകൃതിയായിരിക്കും എന്ന്‌ എനിക്ക്‌ അപ്പോള്‍ തോന്നി. (നിലാവിന്‌ ഇത്രത്തോളം വശ്യതയും സൗന്ദര്യവുമുണ്ടെന്ന്‌ തിരിച്ചറിഞ്ഞതും അന്നാണ്‌. അന്നത്തെ ആ ഒരു നിലാവു തേടി കലശമലക്കുന്നത്തും നോങ്ങല്ലൂര്‍ പാടത്തും നിളയുടെ മണല്‍ പരപ്പിലും ഗോവന്‍ ബീച്ചുകളിലും ഉറങ്ങാതെ കഴിച്ചുകൂട്ടിയിട്ടുണ്ട്‌. ഇപ്പോള്‍ ബഹ്‌റിനിലും ആ നിലാവ്‌ തേടുന്നു. പക്ഷെ ജീവിതത്തില്‍ ഒരിക്കല്‍ മാത്രം കൈവരുന്ന മഹാഭാഗ്യം പോലെ അതെന്നെ കൈവിട്ടിരിക്കുന്നു. പക്ഷെ മനസ്സിപ്പോഴും 10 വര്‍ഷങ്ങള്‍ക്കപ്പുറമുള്ള ആ കാഴ്‌ച്ചയുടെ ഹാങ്ങ്‌ഓവറില്‍ തന്നെ).
എത്രനേരം ആ കാഴ്‌ച്ചകണ്ടിരുന്നു എന്നോര്‍മ്മയില്ല. സ്വാമിയുടെ വിളികേട്ടാണ്‌ ഉണര്‍ന്നത്‌. "സമയം ബ്രഹ്മമുഹൂര്‍ത്തമായിരിക്കുന്നു. മൂകാംബികയില്‍ നട തുറക്കുന്ന സമയമാണ്‌. ചിത്രമൂലയുടെ ഗുഹാമുഖം പടിഞ്ഞാറോട്ടാണ്‌ മൂകാംബികയുടെ കിഴക്കേനടക്ക്‌ നേരഭിമുഖമായി. അതു കൊണ്ടു തന്നെ ഇവിടെ ദേവിക്ക്‌ മുഖമായിരുന്ന്‌ ധ്വാനിക്കാം". സ്വാമി ക്ഷണിച്ചു.
സ്വാമി പത്മാസനത്തിലമര്‍ന്നപ്പോഴും ഞാനാഇരുപ്പു തന്നെ തുടര്‍ന്നു. കാടിനു മുകളില്‍ പതുക്കെ പകലിന്റെ വരവറിഞ്ഞു തുടങ്ങി ആകാശത്തെ നിറക്കൂട്ടുകള്‍ മാറി മറയുന്നു. മഞ്ഞും മേഘങ്ങളും സൂര്യരശ്‌മികളും നിറങ്ങളും ചേര്‍ന്നുള്ള ജ്വാലവിദ്യ. പ്രഭാതത്തിലെ പ്രകൃതിയുടെ വര്‍ണ്ണവിസ്‌മയങ്ങള്‍ക്ക്‌ സാക്ഷിയാകാന്‍ അപ്പോഴേക്കും സുഹൃത്തുക്കളുമെത്തി. കോടക്കിടയിലൂടെ സൂര്യകിരണങ്ങള്‍ കാട്ടിലേക്കിറങ്ങുകയാണ്‌.
സുരേന്ദ്രസ്വാമികള്‍ക്ക്‌ ചെറിയൊരു സംഖ്യ കൊടുത്ത്‌ ഞങ്ങള്‍ യാത്രപറഞ്ഞിറങ്ങി. കാറ്റിലുടെയെത്തുന്ന കോട പലപ്പോഴും ചവിട്ടടികളെപ്പോലും മറയ്‌ക്കുന്നു. എങ്കിലും അങ്ങോട്ടുള്ള യാത്രയുടെ ആയാസം തോന്നിയില്ല മടക്കത്തിന്‌. മുകളിലെത്തി. സര്‍വജ്ഞ പീഠവും പരിസരവും ഒരു ഛായാചിത്രം കണക്ക്‌ കോടയില്‍ കുളിച്ചു തന്നെ കിടക്കുന്നു. കുറച്ചകലെയായി ഒരു കാട്ടുകോഴിപറ്റം പുല്‍മേട്‌ മുറിച്ചുകടക്കുന്നുണ്ട്‌. ചിത്രമൂലയ്‌ക്ക്‌ മുന്‍പിലെ മായാ ലോകമായിരുന്നു അപ്പോഴും മനസ്സില്‍........
(അവസാനിച്ചു)