Custom Search

Thursday, December 17, 2009

പുസ്തകോത്സവത്തിന് തുടക്കമായി

പ്രേരണയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പുസ്തകോത്സവം’09 ന് തുടക്കമായി. ഇന്നലെ(16-12-09) വൈകീട്ട് സൌത്ത്പാര്‍ക്ക് റെസ്റ്റോറന്റിലെ പ്രിയദര്‍ശിനി ഓഡിറ്റോറിയത്തില്‍ വെച്ചു നടന്ന ചടങ്ങില്‍ പ്രശസ്ത നാടക രചയിതാവും സവിധായകനുമായ മനോജ് കാന പുസ്തകപ്രദര്‍ശനത്തിന്റേയും വില്പനയുടേയും ഔപചാരികമായ ഉത്ഘാടനം നിര്‍വ്വഹിച്ചു.

ഇന്നലെ അന്തരിച്ച പ്രശസ്ത ഏഴുത്തുകാരി റോസിതോമസിനെ അനുസ്മരിച്ച് പത്തുനിമിഷം മൌനമാചരിച്ചതിനു ശേഷമായിരുന്നു പരിപാടികളുടെ ഔപചാരികമായ ഉത്ഘാടനം നടന്നത്. ഉത്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കേരളത്തിന്റെ പ്രിയ സാഹിത്യകാരി സാറാജോസഫ് സന്നിഹിതയായിരുന്നു. രാംദാസും അഖിലേഷും ഒരുമിച്ചവതരിപ്പിച്ച സംഗീതവിരുന്നായിരുന്നു പരിപാടിയുടെ ഉത്ഘാടനം നിര്‍വ്വഹിച്ചത്. സംഗീത വിരുന്നിനു ശേഷം സാറടീച്ചര്‍ മാധവിക്കുട്ടിയെ അനുസ്മരിച്ച് പ്രഭാഷണം നടത്തി.

മൂന്നു എഴുത്തുകാരുടെ ജന്മശതാബ്ദി വര്‍ഷമാണ് 2009 എന്ന് ഓര്‍മ്മിപ്പിച്ചു കൊണ്ടു തുടങ്ങിയ സാറടീച്ചര്‍; ബാലാമണിയമ്മ, ലളിതാംബിക അന്തര്‍ജനം, കടത്തനാട്ട് മാധവിയമ്മ എന്നീ ‘എഴുത്തുകാരി‘കളുടേതായതിനാലാകണം ജന്മശതാബ്ദി വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയത് എന്ന സന്ദേഹം പ്രകടിപ്പിച്ചു. ബാലാമണിയമ്മ, ലളിതാംബിക അന്തര്‍ജനം, കടത്തനാട്ട് മാധവിയമ്മ എന്നിവരിലൂടെ തുടങ്ങി, പുരുഷന്റെ പെണ്‍പക്ഷ വീക്ഷണം, സ്ത്രീ വിമോചനം എന്നീ വിഷയങ്ങളിലൂടെ മാധവിക്കുട്ടിയിലേക്ക് ഒഴുകിയെത്തുന്നതായിരുന്നു ടീച്ചര്‍ നടത്തിയ പ്രഭാഷണം.

സ്ത്രീ വിമോചനത്തിനുവേണ്ടി ആവലാതിപ്പെടുന്ന പുരുഷനുപോലും പരിമിതികളുണ്ടെന്ന് ഉദാഹരണം നിരത്തി വ്യക്തമാക്കിയ ടീച്ചര്‍ സ്ത്രീവിമോചനം അവളുടെ തന്നെ സ്വത്വബോധത്തില്‍ നിന്നാരംഭിക്കേണ്ടതാണെന്ന് അഭിപ്രായപ്പെട്ടു. താന്‍ അകപ്പെട്ടിരിക്കുന്ന കൂട് ആരെങ്കിലും വന്ന് തുറന്നു തരേണ്ടതല്ല, മറിച്ച് തന്റെ തന്നെ ചിറകുകള്‍ കൊണ്ട് തച്ചുതകര്‍ക്കേണ്ടതാണെന്ന് അവര്‍ ഓര്‍മ്മിപ്പിച്ചു.

വളരെ കുറച്ചു മലയാള പദങ്ങള്‍ മാത്രം കൈവശമുണ്ടായിരുന്ന മാധവിക്കുട്ടി ആ പദങ്ങളെ തേച്ചുമിനുക്കി തേച്ചുമിനുക്കി സൌന്ദര്യവതിയാക്കിയെടുക്കുകയായിരുന്നു മലയാളസാഹിത്യത്തില്‍. അവരുടെ സ്ത്രീപക്ഷ വീക്ഷണം പുരുഷനെ സൌന്ദര്യത്തിലേക്കാകര്‍ഷിക്കുക എന്നതായിരുന്നു. യുദ്ധം, ആക്രമണം, കീഴടക്കല്‍, വിജയം എന്നിവക്കു വേണ്ടി പുറത്തേക്ക്...പുറത്തേക്ക് എന്ന് അകന്നുപൊയ്ക്കൊണ്ടിരിക്കുന്ന പുരുഷനെ സൌന്ദര്യം, സ്നേഹം, ആകര്‍ഷണം എന്നിവകൊണ്ട് അകത്തേക്ക്... അകത്തേക്ക് എന്ന് തന്നിലേക്ക്, ഭൂമിയിലേക്ക്, വിത്തിലേക്ക്, വിളയിലേക്ക് സര്‍വ്വവിധ ജീവജാലങ്ങളിലേക്ക്, ജൈവതയിലേക്കു തന്നെയും തിരിച്ചുപിടിക്കുക എന്ന കാഴ്ചയാണ് എഴുത്തിലൂടെ അവര്‍ നമുക്ക് മുന്നിലേക്ക് നീട്ടിയത്. അതുകൊണ്ടു തന്നെയാണ് മാധവിക്കുട്ടി മലയാളിയായ ഏതാണിനും പെണ്ണിനും ഒരുപോലെ സ്വീകാര്യയാകുന്നത്. കല്പനകളുടേയും യാഥാര്‍ത്ഥ്യത്തിന്റേയും ലോകത്തില്‍ ഏതു കല്പന ഏതു യാഥാര്‍ത്ഥ്യമെന്നു തിരിച്ചറിയാനാവാ‍ത്തവിധം ഇഴുകിച്ചേര്‍ന്നതായിരുന്നു മാധവിക്കുട്ടിയുടെ ജീവിതം. അവസാന കാലഘട്ടത്തില്‍ അവര്‍തന്നെ അത് സമ്മതിച്ചിട്ടുമുണ്ട്; ടീച്ചറുടെ വാക്കുകള്‍ അങ്ങിനെ പെയ്തുകൊണ്ടേയിരുന്നു.

ടീച്ചറുടെ പ്രസംഗത്തിനുശേഷം മനോജ് കാന പുതിയ കാലത്തിന്റെ വായന നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് വാചാലനായി. അതിനു ശേഷം ബഹറിനിലെ 15-ഓളം കവികള്‍ അവരുടെ കവിതകള്‍ അവതരിപ്പിച്ചു. ഒടുവില്‍ പുസ്തകപ്രദര്‍ശനത്തിന്റെയും വില്പനയുടേയും ഉത്ഘാടനത്തിനു ശേഷം, നീണ്ടകാത്തിരിപ്പിനൊടുവില്‍ ഗള്‍ഫുകാരനു വന്നു ചേരുന്ന ഒരു മഴയെ ആഘോഷിക്കുമ്പോലെ പുസ്തകങ്ങളെ തന്റേതാക്കാനുള്ള മത്സരമായിരുന്നു പങ്കെടുത്തവരില്‍. എന്നാല്‍ കഥ, കവിത തുടങ്ങി ഫിക്ഷനുകളെ തീര്‍ത്തും അവഗണിച്ചുകൊണ്ടുള്ള ഒരു പുസ്തക തെരഞ്ഞെടുപ്പായിരുന്നു പ്രേരണയുടേതെന്നത് നേരിയ തോതില്‍ കല്ലുകടിയായി.

പുസ്തകോത്സവത്തോടനുബന്ധിച്ച് ഷൈജു, നിത്യ എന്നിവരടങ്ങിയ ടീമിന്റെ ചിത്രപ്രദര്‍ശനവും ഏറെ ശ്രദ്ധയാകര്‍ഷിച്ചു. മൂന്നുദിവസങ്ങളിലായിട്ടാണ് പുസ്തകോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. ഇന്തോ-ബഹറിന്‍ സാംസ്കാരിക സംഗമം, കഥാപഠന കളരി എന്നിവ വരും നാളുകളില്‍ പുസ്തകോത്സവത്തെ ഏറെ മഹത്തരമാക്കും.

1 comment:

Editor@Bahrain Bulletin said...

പ്രേരണയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പുസ്തകോത്സവം’09 ന് തുടക്കമായി. ഇന്നലെ(16-12-09) വൈകീട്ട് സൌത്ത്പാര്‍ക്ക് റെസ്റ്റോറന്റിലെ പ്രിയദര്‍ശിനി ഓഡിറ്റോറിയത്തില്‍ വെച്ചു നടന്ന ചടങ്ങില്‍ പ്രശസ്ത നാടക രചയിതാവും സവിധായകനുമായ മനോജ് കാന പുസ്തകപ്രദര്‍ശനത്തിന്റേയും വില്പനയുടേയും ഔപചാരികമായ ഉത്ഘാടനം നിര്‍വ്വഹിച്ചു. ഇന്നലെ അന്തരിച്ച പ്രശസ്ത ഏഴുത്തുകാരി റോസിതോമസിനെ അനുസ്മരിച്ച് പത്തുനിമിഷം മൌനമാചരിച്ചതിനു ശേഷമായിരുന്നു പരിപാടികളുടെ ഔപചാരികമായ ഉത്ഘാടനം നടന്നത്. ഉത്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കേരളത്തിന്റെ പ്രിയ സാഹിത്യകാരി സാറാജോസഫ് സന്നിഹിതയായിരുന്നു.