Custom Search
Showing posts with label ലേഖനം. Show all posts
Showing posts with label ലേഖനം. Show all posts

Thursday, August 5, 2010

അറേബ്യന്‍ സംസ്കൃതിയുടെ പുനരാവിഷ്കാരം

http://www.mansoormaruppacha.blogspot.com/

ഈ വിസ്മയ ലോകത്തേക്ക് എത്തിപ്പെടാന്‍ എന്തേ ഇത്ര വൈകിയത്? ബഹ്‌റൈന്‍ എന്ന രാജ്യത്തിന്‍റെ പഴയകാല ചരിത്രം എത്ര ഭംഗിയായാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. വലിയ പ്രതീക്ഷകള്‍ ഒന്നുമില്ലാതെയാണ് ബഹ്‌റൈന്‍ നാഷണല്‍ മ്യൂസിയം സന്ദര്‍ശിക്കാന്‍ പോയത്. പക്ഷെ മുന്‍വിധികളെ മാറ്റിമറിച്ചു ഈ വെള്ളിയാഴ്ച. തൊട്ടരികില്‍ ഇത്ര മനോഹരമായ ഒരു കാഴ്ചയുണ്ടായിട്ട് അതവഗണിച്ച കഴിഞ്ഞ വര്‍ഷങ്ങളെ എങ്ങിനെ പഴിക്കാതിരിക്കും?
ഇവിടത്തെ ഓരോ അനുഭവങ്ങളെയും വിവരിക്കാന്‍ ഒരു പോസ്റ്റ്‌ മതിയാവില്ല. അതൊകൊണ്ട് ഒരു ഓട്ടപ്രദക്ഷിണം ആവാം.
പഴയകാല ചരിത്രവും ജീവിതരീതികളും സചിത്ര സഹിതം വിവരിക്കുന്ന ആദ്യത്തെ ഹാള്‍ കഴിഞ്ഞാല്‍ പിന്നെ ആസ്വാദനത്തിന്റെ മറ്റൊരു ലോകമാണ് നമുക്ക് മുന്നില്‍ തെളിയുന്നത്. പഴയ ഗുരുകുല വിദ്യാഭ്യാസത്തിന്റെ മാതൃകകളും കല്യാണ പെണ്ണും കല്യാണ രാവിലെ ആഘോഷങ്ങളും തുടങ്ങി പഴയ മീറ്റിംഗ് ഹാളും കൂടാതെ വിവിധ ആഘോഷങ്ങളുടെ രൂപവും ഭാവവും, പിന്നെ ഒരു സംസ്കാരത്തിന്റെ ഭാഗമായിരുന്ന എല്ലാ അടയാളങ്ങളെ കുറിച്ചും നമുക്ക് പരിചയപ്പെടുത്തുന്ന ഇവിടത്തെ കാഴ്ചകള്‍ അത്ഭുതകരമാണ്.

ഇനി മുകളിലത്തെ നിലയിലേക്ക്, കാഴ്ചകളുടെ മറ്റൊരു വിസ്മയലോകത്താണ് ഇപ്പോള്‍ നമ്മളെത്തിയിരിക്കുന്നത്. പവിഴങ്ങളുടെ നാടായാണ് ബഹ്‌റൈന്‍ അറിയപ്പെടുന്നത്. ഇതിന്റെ നിര്‍മ്മാണ രീതി വളരെ വിശദമായിത്തന്നെ ഇവിടെ ഒരുക്കിയിരിക്കുന്നു. പഴയൊരു ബഹ്‌റൈന്‍ ഗ്രാമത്തെ എത്ര മനോഹരമായാണ് ഇവിടെ പുനര്‍നിര്‍മ്മിച്ചിരിക്കുന്നത്. നമ്മളും ഇപ്പോള്‍ ആ പഴയ ഗ്രാമത്തിലെത്തിയ ഒരു ഫീലിംഗ്.
ഇപ്പോള്‍ നമ്മള്‍ സഞ്ചരിക്കുന്നത് പഴയൊരു മാര്‍ക്കറ്റിലൂടെയാണ്. അംബര ചുംബികളും മോട്ടോര്‍ വാഹനങ്ങളുടെ ബഹളവും ഒന്നും ഇപ്പോള്‍ നമ്മുടെ മനസ്സിലില്ല .
ഇതിനകത്ത് കയറുമ്പോള്‍ തന്നെ ആ ഒരു ലോകത്തേക്ക് നമ്മളറിയാതെ എത്തിപ്പെടും. മാര്‍ക്കറ്റിലെ മങ്ങിയ വെളിച്ചത്തിലൂടെ നമ്മളിപ്പോള്‍ സഞ്ചരിക്കുന്നത് നൂറ്റാണ്ടുകള്‍ പിന്നിലൂടെയാണ്. പച്ചക്കറിക്കട ഒരുക്കിയത് കണ്ടാല്‍ കടക്കാരനോട് തക്കാളിക്ക് കിലോക്കെന്തു വില എന്നറിയാതെ ചോദിച്ചുപോകുന്ന ഒറിജിനാലിറ്റി. മരുന്ന് കടയും പുകയില കച്ചവടക്കാരനും ടൈലര്‍ ഷോപ്പും സ്വര്‍ണ പണിക്കാരും മധുരപലഹാരങ്ങള്‍ വില്‍ക്കുന്നകടയും തുടങ്ങി ഈ മാര്‍ക്കറ്റും ഇവിടത്തെ അനുഭവങ്ങളും നമ്മുടെ കൂടെപോരും. തീര്‍ച്ച.

ഇനിയും പോവാനുണ്ട് കാലങ്ങള്‍ പിറകിലേക്ക്. പതിനേഴാം നൂറ്റാണ്ടിലെ ഖുര്‍ആനും മറ്റനേകം രേഖകളും മറ്റും അടങ്ങിയ വിശാലമായ ഹാള്‍ ചരിത്രത്തെ അടുത്തറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മുതല്‍കൂട്ടാവും.
ഇനി ഇറങ്ങിച്ചെല്ലുന്നത് മറ്റൊരു ലോകത്തേക്ക്. അല്പം ഭയപ്പെടുത്തുന്ന എന്നാല്‍ ഒരു കാലഘട്ടത്തില്‍ മരണവും മരണശേഷവും അവലംബിച്ചിരുന്ന രീതികള്‍ തുടങ്ങി ഒരുപാട് മാതൃകകള്‍. ഇവിടത്തെ കാഴ്ചകളെ പരിചയപ്പെടുത്താന്‍ എന്റെ ഭാഷ അപര്യാപ്തമാണ്. ക്ഷമിക്കുക. കാഴ്ചകള്‍ ഇവിടെ അവസാനിക്കുന്നില്ല. ചിത്രങ്ങളും മാതൃകാരൂപങ്ങളുമായി നമുക്ക് കാണാനും പഠിക്കാനും ഒരു വിസ്മയലോകം തന്നെ ഒരുക്കിയിട്ടുണ്ട് ഇവിടെ. പഴയ ബഹ്‌റൈന്‍ സംസ്കാരത്തിന്റെ പുനര്‍ നിര്‍മ്മിതി എന്നുതന്നെ പറയാം.

മൂന്ന് മണിക്കൂര്‍ പോയതറിഞ്ഞില്ല. കണ്ടത് മതിയായില്ല, വല്ലതും കാണാതെ പോയോ എന്നൊക്കെയുള്ള ചിന്തകളുമായി ഞങ്ങള്‍ പുറത്തേക്കിറങ്ങി. പുറത്തു പലതരം ഈത്തപഴങ്ങള്‍ പഴുത്ത് കുലച്ചു നില്‍ക്കുന്നു. ഞങ്ങള്‍ പൊട്ടിച്ചു കഴിച്ചുതുടങ്ങി.
ഈ ഈത്തപഴങ്ങള്‍ക്കോ അതോ അകത്തെ കാഴ്ച്ചകള്‍ക്കോ രുചി കൂടുതല്‍?


മ്യൂസിയം കാഴ്ചകളിലൂടെ
















http://www.mansoormaruppacha.blogspot.com/

Thursday, June 10, 2010

വരുന്നോ.....എന്റെ ഗ്രാമത്തിലേക്ക്..?


ശരിയാണ്. ഞാനിതുവരെ എന്റെ നാടിനെ പറ്റി ഒന്നും പറഞ്ഞില്ല. എഴുതിയതും ഇല്ല. അതുകൊണ്ട് തന്നെ ഒരു പരിചയപ്പെടുത്തലാവാം. കോഴിക്കോട് ജില്ലയുടെ ഭാഗമായി, മലപ്പുറം ജില്ലയുടെ അതിര്‍ത്തിയോട് ചേര്‍ന്നുനില്‍ക്കുന്ന ഈ കൊച്ചു ഗ്രാമത്തെ ചെറുവാടി എന്ന് വിളിക്കാം. ചാലിയാര്‍ - ഇരുവഴിഞ്ഞി പുഴകളുടെ കുളിരേറ്റ്, മൈസൂര്‍ മലകളിറങ്ങി വരുന്ന ഇളം കാറ്റില്‍ ലയിച്ച് ഒരു ഗ്രാമത്തിന്റെ എല്ലാ ഐശ്വര്യങ്ങളുമായി ഞങ്ങളുടെ ചെറുവടി.
രണ്ടു പുഴകളെ പറ്റിയും മറ്റും പറഞ്ഞ് ഓടിപോകാനുള്ള ഒരു ചരിത്രമല്ല ചെറുവാടിക്കുള്ളത്. മലബാര്‍ കലാപ സമയത്ത് വെള്ളക്കാര്‍ക്കെതിരെ നടത്തിയ ഐതിഹാസികമായ ഒരു സമരത്തിന്റെ ചരിത്രവുമുണ്ട്‌ ഈ നാടിന്. കട്ടയാട്ട് ഉണ്ണിമോയിന്‍ കുട്ടി അധികാരിയുടെ നേതൃത്തത്തില്‍ ധീരമായി പൊരുതി അറുപത്തിനാല് രക്ത സാക്ഷികളെ നല്‍കിയ ഉജ്ജ്വലമായ ഒരു പോരാട്ടത്തിന്റെ കഥ. പട്ടാള ബൂട്ടുകളുടെ മുഴക്കം ഇന്നും കാതുകളില്‍ മുഴങ്ങുന്ന ഓര്‍മ്മകളുമായി ജീവിക്കുന്ന ഒരു കൂട്ടം നാട്ടു കാരണവന്മാരും പ്രാദേശിക ചരിത്രകാരന്മാരും ഞങ്ങള്‍ക്ക് പകര്‍ന്നുതന്ന ഈ കഥകള്‍. ബ്രിട്ടീഷ് പട്ടാളത്തെ അമ്പരപ്പെടുത്തിയ സമരമുറകള്‍, ഇടപെടലുകള്‍. ചെറുവാടിയെ കുറിച്ചെഴുതുമ്പോള്‍ ആദ്യം പറയേണ്ടതും ഇതുതന്നെയാണ്.
പഴയ ചെറുവാടിയെ കുറിച്ചാണ് കൂടുതല്‍ പറയാനുള്ളത്. കൃഷിയെ സ്നേഹിച്ച്, ഫുട്ബോളിനെ നെഞ്ചിലേറ്റി നടന്നൊരു ജനത, കാളപ്പൂട്ട്‌ മത്സരങ്ങള്‍ക്ക് പേര് കേട്ട നാട്. തടി വ്യവസായവും കൃഷിയുമായി ബന്ധപ്പെട്ടു കിടക്കുന്ന തൊഴില്‍മേഖല. പ്രസിദ്ധമായൊരു ഞായറാഴ്ച ചന്തയും ഉണ്ടായിരുന്നു പണ്ട്. പക്ഷെ ഞങ്ങളുടെയൊക്കെ തലമുറകള്‍ക്ക് ബാക്കിവെച്ചത് കുറെ ഓര്‍മ്മകള്‍ മാത്രം. പഴയ ആ പ്രതാപ കാലത്തിന്റെ ഒരു സിംബലും ബാക്കിയില്ല ഞങ്ങള്‍ക്ക് താലോലിക്കാന്‍ . കാലത്തിനൊത്ത്
കുറെയൊക്കെ ചെറുവാടിയും മാറി. പുതിയ റോഡുകള്‍ , സൗകര്യങ്ങള്‍. പക്ഷെ ഗ്രാമത്തനിമ വിട്ടുപോരാന്‍ കൂട്ടാക്കാത്ത ആ മനസ്സ് തന്നെയാണ് ഇന്നത്തെയും ചെറുവാടിയുടെ സൗന്ദര്യം.
പിന്നെ, അന്നും ഇന്നും നഷ്ടപ്പെടാതെ ഞങ്ങള്‍ കാത്ത് സൂക്ഷിക്കുന്നൊരു മതസൗഹാര്‍ദ്ധത്തിന്റെ മുഖം. നൂറ്റാണ്ടിന്റെ പ്രൌഡിയുമായി പുതിയോത്ത് ജുമാ മസ്ജിദും പിന്നെ പറയങ്ങാട്ട് ക്ഷേത്രവും. മതത്തിന്റെയും ജാതിയുടെയും പേരില്‍ വേര്‍തിരിവ് കാണിക്കാത്ത ജനങ്ങള്‍. ആകെയുള്ള വിത്യസ്തത വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിലകൊള്ളുന്നു എന്ന് മാത്രം. അവര്‍ക്ക് വേണ്ടി പരസ്പരം പോര്‍ വിളിക്കാം. പക്ഷെ, പിറ്റേന്ന് ഒന്നിച്ച്‌ പന്ത് കളിയും കഴിഞ്ഞു ചാലിയാറില്‍ ഒന്ന് മുങ്ങി നിവരുമ്പോഴേക്കും അലിഞ്ഞിരിക്കും ആ വിഷമവും.
എനിക്കെന്റെ നാടിനെ വല്ലാതെ നഷ്ടപ്പെടുന്നു. ചാലിയാറിനേയും ഇരുവഴിഞ്ഞിയെയും മാറി പ്രണയിച്ചുള്ള സായാഹ്നങ്ങള്‍, പച്ച വിരിഞ്ഞു നില്‍ക്കുന്ന നെല്‍പാടങ്ങളിലൂടെ നടന്ന്, തോടിന്റെ കൈവരിയിലിരുന്നു ചൂണ്ടയിട്ട്‌, കട്ടപ്പുറം പറമ്പില്‍ നിന്നും കണ്ണി മാങ്ങയും താഴെ പറമ്പീന്ന് ഇളം വെള്ളരിയും കട്ട് പറിച്ച് ,
കൂട്ടുകാരോടൊപ്പം ചുറ്റിനടന്ന ആ പഴയ ചെറുവാടിക്കാലവും നഷ്ടമായോ. ഇല്ല. തിരിച്ച്‌ നാട്ടിലെത്തുമ്പോള്‍ നമുക്കാ പഴയ ബാല്യം തിരിച്ചുനല്‍കുന്ന ഒരു മാന്ത്രിക ശക്തിയുണ്ട് എന്റെ ചെറുവാടിക്ക്.
കണ്ടോ. നാടിനെയും നാട്ടാരെയും പറ്റി പറയാന്‍ വന്നിട്ട്. ഞാന്‍ പതിവ് പോലെ അവസാനം ഇതൊരു പ്രവാസി നൊമ്പരമാകി അവസാനിപ്പിച്ചു. അതങ്ങിനെയേ വരൂ.


ചെറുവാടി ഫോട്ടോ ടൂര്‍








www.mansoormaruppacha.bogspot.com

Thursday, April 15, 2010

തരൂര്‍, മോഡി, കോടി പിന്നെ സുനന്ദയും.

മറ്റേത് വ്യവസായത്തിന്റെ കാര്യത്തിലും പിറകിലാണെങ്കിലും വിവാദ വ്യവസായത്തിന്റെ കാര്യത്തില്‍ ഒട്ടും വിട്ടുകൊടുക്കാന്‍ തയ്യാറല്ല നമ്മള്‍ കേരളീയര്‍. അത് തരൂരായും തച്ചങ്കരിയായും അഴീക്കോടായും ഇങ്ങിനെ വന്നുകൊണ്ടേയിരിക്കും. ഒരു വഴിപാട് പോലെ. ദൈവം സഹായിച്ച് ഇവര്‍ക്കെല്ലാം ഒരു പ്രത്യേകത കൂടിയുണ്ട്. ഒന്ന് മിണ്ടണമെന്ന് വിചാരിച്ചാല്‍ തന്നെ അത് വിവാദമായേക്കും. അഴീക്കോട് സാറ് പിന്നെ കൃഷി ഇറക്കുന്നത്‌ തന്നെ വിവാദം കൊയ്യാനാണ്. ബാക്കി പണി മാധ്യമങ്ങള്‍ ചെയ്തോളും.
ഇതിപ്പോള്‍ കേരള IPL ആണ് പുതിയ സദ്യ. തരൂര്‍ തിരുമേനിയുടെ ഇടപെടലും മോഡി ചേട്ടന്റെ ഭീഷണിയും പിന്നെ സുനന്ദ മാഡത്തിന്റെ ഷെയറും ഒക്കെയായി സംഗതി അങ്ങ് ടോപ്‌ ഗിയറിലായി. കേരളത്തിന്റെ യുവജനങ്ങള്‍ക്കായി ആണ് എന്റെ ത്യാഗം എന്ന തരൂര്‍ മന്ത്രിയുടെ നിലവിളി എനിക്കും ഇഷ്ടായി. സംഗതി ആത്മാര്‍ത്ഥമായിരിക്കും. ക്രിക്കറ്റിനെ കുറിച്ച് പുസ്തകമൊക്കെ എഴുതിയ മഹാനാണ് . ഇങ്ങിനെ ഒരു സത്കര്‍മ്മം ഈ കൊച്ചു കേരളത്തിന്‌ വേണ്ടി ചെയ്തില്ലെങ്കില്‍ പിന്നെന്തു കേന്ദ്ര മന്ത്രി." നമുക്ക് വേറെ താല്പര്യങ്ങള്‍ ഒന്നും ഇല്ല. ഉണ്ടാവുകയും ഇല്ല" എന്നും പറഞ്ഞിട്ടുണ്ട്.
സുനന്ദ ചേച്ചിയും കല്യാണകാര്യവുമൊക്കെ പിന്നീട് ചര്‍ച്ച ചെയ്യാം. അഴീക്കോട് സാറ് തല്ക്കാലം മിണ്ടുന്നില്ലല്ലോ. നാളത്തേക്കും വേണമല്ലോ വിഷയങ്ങള്‍. ചാനല്‍ ചര്‍ച്ചക്കും നേരമ്പോക്കിനും. അതിനിടക്ക് ഏതോ ഒരു ചാനല്‍ അവതാരികയുടെ വകയും കേട്ടു ചെറിയൊരു വിവാദം. കാശ് ചോദിച്ചിട്ട് ചീത്ത കേട്ടെന്നോ മറ്റോ. ആയമ്മയുടെ മലയാളം കേട്ട് സഹിക്കെട്ട ചിലരാണ് ചീത്ത പറഞ്ഞതെന്നും കേട്ടു ഒരു ഡിസ്കഷന്‍ബോര്‍ഡില്‍. പോട്ടെ, ആനക്കാര്യത്തിനിടക്കോ ചേനകാര്യം.
IPL ലേക്ക് തിരിച്ചു വരാം. മോഡിക്കിട്ടു കളിക്കരുതെന്ന് മറ്റു ചിലര്‍. പണി കിട്ടുമത്രേ. IPL നെ ഒരു മാഹാസംരംഭമാക്കിയ പുലിജന്മമത്രെ ആ ജന്മം. പിന്നല്ലാതെ, കളിക്കിടയില്‍ കാബറെ ഡാന്‍സും കളി കഴിഞ്ഞു പട്ട അഭിഷേകവും പിന്നെ അതൊക്കെ ചാനല്‍ ലൈവും ആകുമ്പോള്‍ കോടിയും മോഡിയും ഒക്കെ മാറിമറിയും എന്ന് തീര്‍പ്പാക്കാന്‍ ഈ മോഡിക്ക് മാത്രമല്ലേ പറ്റൂ. ഇതിനെ പറ്റിയൊക്കെ സുതാര്യമായ ഒരന്യോഷണം നടക്കട്ടെ. അപ്പോള്‍ കാണാം കമ്മീഷണറുടെയും ഐ ജീ യുടേയുമൊക്കെ പത്രാസ് .
ഇതിപ്പോള്‍ ഒരു ടീം തുടങ്ങണം എന്ന് തീരുമാനിച്ചപ്പോള്‍ തന്നെ ഇത്രക്കായി. ഇനി കളി തുടങ്ങിയാലോ? മോശമാകാന്‍ വഴിയില്ല. ശ്രീശാന്ത് ടീമില്‍ വരുമെന്നല്ലേ പറയുന്നത്. വിട്ടുകൊടുക്കാന്‍ ഈ ശാന്ത സ്വഭാവക്കാരന്‍ തയ്യാറാവില്ല. ക്യാപ്ടന്‍ ആണെങ്കില്‍ തീര്‍ന്നു,പിന്നെ വിവാദത്തിന്റെ മൊത്ത കച്ചവടമാകും.
ഏതായാലും ഒരു കാര്യം ഉറപ്പ്‌. ബെര്‍ളി പറഞ്ഞ പോലെ, സ്റ്റുഡിയോയില്‍ ഇരുന്നും കിടന്നും മലര്‍ന്നും വെച്ച് കീറാന്‍ വിഷയങ്ങള്‍ ഒത്തിരി വരുന്നുണ്ട് വഴിയെ.
അതല്ല, ഈ അഴീക്കോട് സാറ് ഈ ബഹളമൊന്നും കേട്ടില്ലേ? ഒരഭിപ്രായവും വന്നില്ലല്ലോ ഇതുവരെ.കയ്യിലിരിപ്പ് വച്ച് ഒരു പത്ത് പഞ്ച് ഡയലോഗ് വരേണ്ട സമയം കഴിഞ്ഞു ഈ വിഷയത്തില്‍. ലാലിനെ വിട്ടുപിടിക്കാന്‍ ഇനിയും സമയം ആയില്ലേ സുന്ദരന്‍ മാഷിന്‌?

Sunday, April 4, 2010

അന്യം നിന്ന് പോയ ഗ്രാമീണ ബിംബങ്ങള്‍

ഒരു ആല്‍തറ, പിന്നൊരു വായനശാല, സായാഹ്നങ്ങളിലെ വെടിവട്ടത്തിന് ഒത്തുചേരുന്ന മറ്റിടങ്ങള്‍. തിരിഞ്ഞുനോക്കുമ്പോള്‍ ഗ്രാമീണ ജീവിതത്തെ ഉത്സാഹഭരിതമാക്കിയിരുന്ന ഇത്തരം ഗൃഹാതുരത്തം നിറഞ്ഞ ഓര്‍മകളില്ലാത്ത ആരെങ്കിലും കാണുമോ നമുക്കിടയില്‍? ഉണ്ടാവില്ല. ആ ഓര്‍മകളിലേക്ക് മറഞ്ഞപ്പോള്‍ മനസ്സ് ചില കാര്യങ്ങളില്‍ ഉടക്കി നില്‍ക്കുന്നു. അന്യം നിന്ന് പോയ രണ്ടു ഗ്രാമീണ ബിംബങ്ങള്‍. വായനശാലയും, കൈയ്യെഴുത്ത് മാസികകളും. ഒരു ജനതയുടെ അഭിരുചികള്‍ക്കൊപ്പം നിന്ന് അവരിലേക്ക്‌ അറിവിന്റെയും അക്ഷരത്തിന്റെയും മൂല്യങ്ങള്‍ പകര്‍ത്തി അവരുടെ സ്വത്വ രൂപീകരണത്തില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്ന ഈ രണ്ടു പ്രസ്ഥാനങ്ങള്‍ക്കും ഇന്ന് വംശനാശം സംഭവിച്ചുകഴിഞ്ഞു. വായനയുടെയും ചിന്തയുടെയും ലോകത്തേക്ക് ഗ്രാമങ്ങളെ കൈപിടിച്ചുയര്‍ത്തി എന്നതില്‍ മാത്രമല്ല വായനശാലകളുടെ പ്രസക്തി. ചര്‍ച്ചകളിലൂടെയും സാംസ്കാരിക പരിപാടികളിലൂടെയും സജീവമായൊരു സാന്നിദ്ധ്യമാവുക വഴി സാമൂഹ്യ തിന്മകള്‍ക്കെതിരെയും സാംസ്കാരിക മലിനീകരണത്തിനെതിരെയും ധൈര്യപൂര്‍വ്വമായൊരു ഇടപെടല്‍ പലര്‍ക്കും സാധ്യമായി എന്നതാണ് പ്രധാന നേട്ടം. അതുപോലെ തന്നെ കൈയ്യെഴുത്ത് മാസികകള്‍. ഗ്രാമങ്ങളുടെ തുടിപ്പും കിതപ്പും തുടങ്ങി നഗരങ്ങളുടെ വേഗതയും ലോകത്തിന്റെ സ്പന്ദനങ്ങളും വരെ വിഷയമായി കൈയ്യെഴുത്ത് മാസികകള്‍ നിറഞ്ഞു നിന്നൊരു കാലമുണ്ടായിരുന്നു. ഇന്നത്തെ പല എഴുത്തുകാരുടെയും ആദ്യകാല കളരി. ഇതില്‍ മാത്രം എഴുതിയവര്‍, എഴുതി തെളിഞ്ഞവര്‍, അല്ലെങ്കില്‍ ഇതിനുമപ്പുറത്തേക്ക് വളര്‍ന്നവര്‍. ഒരു സമര്‍പ്പണത്തിന്റെ അടയാളമായി ഗ്രാമീണ വായനശാലകളുടെ ടേബിളില്‍ അലങ്കാരമായി നിന്നിരുന്ന കൈയ്യെഴുത്തു മാസികകളും ഇപ്പോള്‍ ‍കാണാറില്ല.
പൊതുജനങ്ങളെ ഈ അഭിരുചിക്കൊപ്പം നടത്തിയതില്‍ കേരത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക്‌ ചെറുതല്ലാത്ത പങ്കുണ്ട്. ഇപ്പോള്‍ തിരിച്ചാണെങ്കിലും.
വര്‍ഷങ്ങളുടെ പാരമ്പര്യം അവകാശപെടാനുണ്ടായിരുന്ന പല വായനശാല ഗ്രന്ഥശാല പ്രസ്ഥാനങ്ങളും ഇന്ന് തകര്‍ന്നു കഴിഞ്ഞു. ഫാസ്റ്റ് ഫുഡ്‌ കാലഘട്ടത്തില്‍ ഇതിനൊന്നും ആളുകള്‍ക്ക് സമയമില്ലാതെയായി. അല്ലെങ്കില്‍ മനപൂര്‍വ്വം അവഗണിച്ചു. ഇനിയൊരു തിരിച്ചുപിടിക്കല്‍ അസാധ്യമാണ്. കാരണം വെറും ഇടവേളകള്‍ മാത്രമായൊരു ദുര്‍വിധിയല്ലിത്. പുതിയ ജീവിത സാഹചര്യങ്ങളും സമ്മര്‍ദ്ദങ്ങളും പിടിച്ചുനിര്‍ത്തുന്ന മനുഷ്യന്റെ സ്വാഭാവികമായ തിരിഞ്ഞുനില്‍ക്കല്‍. അതിനെ മറ്റൊരു രീതിയില്‍ കാണുന്നില്ലെങ്കിലും ഒരു കാര്യം സത്യമാണ്. നഷ്ടപെട്ടത് സമ്പന്നമായൊരു ഗ്രാമീണ പൈതൃകമാണ്. ആ ഓര്‍മ്മ നല്‍കുന്ന വിഷമം ചെറുതല്ല.

Monday, April 13, 2009

കൊടിതോരണങ്ങളാൽ അലംകൃതമായ....

ഭാരതീയരായ നമ്മൾക്കു ധാരാളം ഉത്സവങ്ങൾ ഉണ്ട്. മണങ്ങൾ കൊണ്ടും നിറങ്ങൾ കൊണ്ടും വേർതിരിക്കാവുന്നവ,തണുപ്പുകൊണ്ടും ചൂടുകൊണ്ടും വകതിരിച്ചവ, സമൃദ്ധികൊണ്ടും പഞ്ഞംകൊണ്ടും അകന്നു നിൽക്കുന്നവ, ശബ്ദകോലാഹലങ്ങൾ കൊണ്ടും അടക്കിപിടിച്ച കുശുകുശുക്കലുകളാലും വ്യതിരിക്തമായവ. ഇന്ത്യൻ ഗ്രാമങ്ങളുടെ തനതു അസ്തിത്വം അറിയണമെങ്കിൽ ഈ ഉത്സവങ്ങളിലൂടെ നാം പ്രവേശിക്കണം. മതപരവും ഗോത്രപരവുമായ നിരവധി ഉത്സവങ്ങളെപ്പോലെ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ പോലുള്ള ദേശീയ ആഘോഷങ്ങൾ കൂടി നാം ഏറ്റെടുത്തിട്ടുണ്ട്. മറ്റൊരർത്ഥത്തിൽ നാം ഇന്നു എന്തും ആഘോഷമാക്കാനുള്ള ഒരു മനോഗതിയിലാണെന്നു തോന്നിപ്പോയിട്ടുണ്ട്. മരണാ‍നന്തരം ഷെയറിട്ടു മദ്യപിക്കുന്ന ആഘോഷങ്ങൾ മുതൽ ഇതു പുതിയ പുതിയ മേഖലകളിലേക്കു വ്യാപിക്കുന്നതായി എനിക്കു തോന്നിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും തെരഞ്ഞെടുപ്പുകളെ നാം സ്വീകരിച്ചതിന്റെ സൂക്ഷ്മാംശങ്ങൾ പരിശോധിച്ചാൽ തെരഞ്ഞെടുപ്പുകൾ ഒരു മഹോത്സവമായിത്തീരുന്ന പ്രക്രീയ നമുക്കു കാണാനാകും.
ന്ത്യൻ ജനാധിപത്യം ലോകത്തിലെ ഏറ്റവും ശ്രദ്ധേയവും വലുതുമായ ഒരു സംവിധാനമാണു. എന്തെല്ലാം അപവാദങ്ങൾ അതിനെതിരെ നിരത്താനുണ്ടെങ്കിലും അതു തുറന്നു വയ്ക്കുന്ന തിരഞ്ഞെടുക്കൽ സ്വാതന്ത്ര്യം മറ്റേത് രാജ്യത്തേക്കാളും മികച്ചതാണു . കഴിഞ്ഞ25 വർഷക്കാലത്തിനിടക്കു ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ഭൂരിപക്ഷം വരുന്ന ദളിത് - സ്ത്രീ ജനവിഭാഗങ്ങൾ ജനാധിപത്യ പ്രക്രീയയിലേക്കു സജീവമായി കടന്നു വന്നത് നമ്മുടെ ജനാധിപത്യ സംവിധാ‍നത്തിന്റെ വലുപ്പത്തെ വർദ്ധിപ്പിച്ചിട്ടുണ്ട്. പറ്റങ്ങൾ വോട്ട് ചെയ്തിരുന്ന ആ ഗ്രാമങ്ങളിൽ ഇപ്പോൾ വ്യക്തി വോട്ടുകൾ വന്നിരിക്കുന്നു. വ്യക്തി പ്രഭാവങ്ങളിൽ കുടുക്കിയുള്ള വോട്ടു ബാങ്കുകളില്ലയെന്നല്ല, 25 വർഷം മുമ്പുള്ള നിലയിൽ നിന്നു വളരെ അഭിവൃദ്ധിപ്പെട്ടിട്ടുണ്ടെന്നു മാത്രമാണു അർഥം. പഴയ വോട്ടുബാങ്കുകൾ നഷ്ടമായതിൽ പാപ്പരായ പ്രസ്ഥാനങ്ങൾ അതിൽനിന്നു പിന്നെ എണീറ്റിട്ടില്ല.

കേരളം വളരെ മുമ്പുതന്നെ ജനാധിപത്യ പ്രക്രീയയിൽ ഉയർന്ന ബോധത്തോടെ പ്രതികരിച്ച സംസ്ഥാനമാണു. അടിയന്തിരാവസ്ഥയോട് കാണിച്ച ആഭിമുഖ്യത്തോടെ ജനാധിപത്യ വിരുദ്ധമായ ഒരു കാലത്തിനോട് ചേർന്നു നിന്നവർ എന്ന ചീത്തപ്പേരു മലയാളിക്കു ഒരിക്കലും മായ്ച്ചുകളയാനാകാത്തതായി ഉണ്ടെങ്കിൽ പോലും വ്യക്തികൾ അവരുടെ നിർണ്ണയാവകാശം വിനിയോഗിക്കുന്നതിലും മറ്റും ഉയർന്ന ബോധം പുലർത്തിയിരുന്നു. ഇന്ത്യയിൽ മറ്റൊരിടത്തും ചർച്ചചെയ്യാത്തതരത്തിലുള്ള ചില രാഷ്ട്രീയ പ്രശ്നങ്ങൾ വളരെ ഗൌരവത്തോടെ ഇലക്ഷൻ സമയത്തും അല്ലാതെയും കേരളം ചർച്ചചെയ്തിരുന്നു. എന്നാൽ നിർഭാഗ്യമെന്നു പറയട്ടെ മാധ്യമങ്ങളൂടെ കാലമെന്നു പേർകേട്ട ഇക്കാലത്ത് നടക്കുന്ന തെരഞ്ഞെടുപ്പിൽ കേരളം രാഷ്ട്രീയം ചർച്ചചെയ്യുന്നില്ലായെന്ന ദുരന്തമാണു നാം അറിയുന്നത്.
ന്തുകൊണ്ടാണു ഇതു സംഭവിച്ചത്? മാധ്യമങ്ങൾ സൃഷ്ടിച്ചെടുത്ത കൃത്രിമ വിവാദങ്ങളിലാണു ഇന്നത്തെ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒരു സ്വീഡോ- പൊളിറ്റിക്കൽ സ്പിയർ അവർ സൃഷ്ടിച്ചെടുത്തിരിക്കുന്നു. നമ്മുടെ നേതാക്കൻമാർ ഇടതു വലതു വ്യത്യാസമില്ലാതെ മീഡിയാ മാനിയാക്കുകളായിരിക്കുന്നു. വസ്ത്രധാരണത്തിലും മുടിചീകിവയ്ക്കുന്നതിലും മറ്റ് ബോഡി-ലാംഗേജുകളിലും ശ്രദ്ധിച്ചുനടക്കുന്ന സുന്ദരപുരുഷന്മാരുടെ നേതൃനിരയാണു നാം ഇന്നു കാണുന്നത്.
അടുത്ത അഞ്ചുവർഷത്തേയ്ക്കു ഇന്ത്യയെ ആ‍രു ഭരിക്കണം, ആഗോള സാമ്പത്തിക മാന്ദ്യത്തിൽ നമ്മുടെ നാടു നേരിടുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണു, അല്പമെങ്കിലും ആ കെടുതികളിൽ നിന്നു നമ്മൾക്കു വിടുതൽ കിട്ടാൻ സഹായിച്ച നടപടികൾ ഏതെല്ലാ‍മായിരുന്നു. എന്നിങ്ങനെ ശ്രദ്ധയോടെ രാജ്യതാല്പര്യത്തിൽ ഊന്നി ചർച്ചചെയ്യേണ്ട ധാരാളം പ്രശ്നങ്ങൾ ഇരിക്കെ നമ്മുടെ സന്ധ്യകൾ ഇരുളുന്നത് ആരുടെ പുകമറയിൽ പെട്ടാണു. ഇന്നു തകർന്നടിഞ്ഞു കിടക്കുന്ന ലോക സാമ്പത്തിക രംഗത്തിന്റെ കുഴലൂത്തുകാരും ബ്രോക്കറുമാരുമായി നിറഞ്ഞാടിയാവർ ആരെല്ലാമാണു. ഇന്നു അവർക്കു പറയാനുള്ളതെന്തെല്ലാമാണു. അവരെല്ലാം നോമിനേഷൻ പേപ്പറിനൊപ്പം പൂരിപ്പിച്ചു നൽകിയ സ്വത്ത് വിവര കണക്കിലെ ഭീമൻ സഖ്യകളെകുറിച്ചോ പാപ്പരായി പേപ്പർ നൽകിയ ചിലരുടെ മില്ല്യനർ ഭാര്യമാരെകുറിച്ചോ നമ്മൾ ചിന്തിക്കുന്നില്ല.
ജാതി -മതാദി കക്ഷികൾ പ്രത്യേകം പ്രത്യേകം യോഗം ചേരുകയും തെരഞ്ഞെടുപ്പിനു ശേഷമുണ്ടാകാവുന്ന അധികാര ധ്രുവീകരണത്തെ എങ്ങനെ തങ്ങൾക്കു അനുകൂലമാക്കിതീർക്കാം എന്നു കൊണ്ട്പിടിച്ചു ശ്രമം നടത്തികൊണ്ടിരിക്കുന്നു. കുരിശിലേറിയ ഒരു മഹാജീവന്റെ ഓർമ്മയിലും കച്ചവടപ്രസംഗങ്ങൾ നടത്തുന്ന പാതിരിമാർ അരങ്ങു തകർത്തു വാഴുന്നു. ഇലക്ഷൻ സ്ക്വോഡിറങ്ങി തിരികെ വന്ന നമ്മുടെ നാട്ടുപ്രവർത്തകർ ജാതിയും മതവും തിരിച്ച ലിസ്റ്റു വച്ചു വോട്ടു പകുത്തു വയ്ക്കുന്നു.പോൾ ചെയ്ത വോട്ടുകളുടെ ക്രഡിറ്റ് വർഷങ്ങളായി സാമൂഹികപ്രവർത്തനം നടത്തിയവരുടെ കൈയ്യിൽനിന്നും കിമിനലുകളും വ്യവസായികളും കൊണ്ടുപോകുന്നു.

ഞാൻ തുടക്കത്തിൽ പറഞ്ഞതു പോലെ നമ്മൾക്കിതൊരു ഉത്സവമാണു. മാർക്കറ്റിന്റെ എല്ലാ തലങ്ങളിലും ഇളക്കം വയ്ക്കുന്ന ഒരു ഉശിരൻ ഉത്സവം. ഒന്നു വച്ചാൽ പത്ത് , പത്തു വച്ചാൽ നൂറ് എന്ന് വിളിച്ചു കൊണ്ട് പടംകുത്തുകാ‍ർ ഒരു വശത്ത്. എല്ലാ‍ കാഴ്ച്ചയും മറയ്ക്കുന്ന അതിവെളിച്ചത്തിന്റെ ക്രൂര മാധ്യമ കണ്ണുകൾ മറു വശത്ത്. നമുക്കു നഷ്ടപ്പെടുന്ന നമ്മുടെ ഇടങ്ങൾ, ഓർമ്മകൾ ചികഞ്ഞെടുക്കാനുള്ള നമ്മുടെ അവകാ‍ശങ്ങൾ , ഭാവിയിലേയ്ക്ക് നോക്കാനുള്ള നമ്മുടെ കർത്തവ്യങ്ങൾ ഇവയെല്ലാം തകർത്തെറിയുന്നതാരാണു?
സ്നേഹിതാ .. സത്യത്തിൽ നാം ജനാധിപത്യത്തിലേക്കു വളരുകയാണോ?



അനിൽ വേങ്കോട്