വയലറ്റ് പൂക്കൾ വിരിഞ്ഞ നദിക്കരയിൽ കരിമഷി കലങ്ങി കറുത്ത നിന്റെപച്ച കണ്ണുകൾ.
അങ്ങകലെ വസന്തതിന്റെ വെയിൽ വീണ ചെങ്കുത്തായ പർവ്വത ശിഖരത്തിന്റെ കണ്ണാടിയിൽ തെളിഞ്ഞു കാണാം.
നീയോ, ഞാനോ, പൂക്കളോ,
ഇല പൊഴിഞ്ഞ വഴികളോ,
മഞ്ഞു വീണു നനഞ്ഞ പ്രഭാതങ്ങളോ,
വെയിൽ കൊണ്ട് കറുത്ത നമ്മുടെ മേനിയോ അറിയാത്ത,
മഞ്ഞു തുള്ളി പോലെ ഉറഞ്ഞു,
മെഴുകു പൊലെ ഉരുകി ഒലിച്ചു
പൊഴിഞ്ഞു വീഴുന്ന
നിന്റെ പച്ച കണ്ണിന്റ വസന്തം.
ചെങ്കുത്തായ താഴ്‌വരയുടെ കണ്ണാടിയിൽ
എനിക്ക് തെളിഞ്ഞു കാണാം.
വയലറ്റ് പൂക്കളേക്കാൾ,
നദിയിൽ തെന്നി നീങ്ങുന്ന മീനുകളേക്കാൾ
ആഴമുള്ള, ഉരുകിയ, നിന്റെ മഞ്ഞു തുള്ളികൾ.
നിശബ്ദതയിൽ നിന്ന് പതിയെ ഒഴുകി വരുന്നതാണാസ്വരം. ഭൈരവിയുടെ വകഭേദങ്ങൾ മാത്രമാണ്
മറ്റെല്ലാ രാഗങ്ങളും.
അശാന്തമായ നിന്റെ മനസ്സിന്റെ താളങ്ങളുടെ ജുഗൽബന്ധിയിൽ
ചെറിയൊരു ബന്ധിഷ് മാത്രമേ
ആ രാഗഭാവങ്ങളുടെ ഉച്ചസ്ഥായികൾക്കുള്ളു.
ഒരിക്കൽ ഉരുകി തുടങ്ങിയാൽ
വെയിൽ വഴികളിൽ സന്ധ്യ മയങ്ങുമ്പോൾ കൂടണയുന്ന
ഉഷ്ണപക്ഷികളുടെ ചിറകിലെ
വിയർപ്പു തുള്ളികളെ പോലും ആവാഹിക്കുന്ന
ആഴമുള്ള നിന്റെ ഉരുകിയ മഞ്ഞു തുള്ളികൾ സ്പുരിക്കുന്ന പച്ച കണ്ണുകൾ.
എത്ര തോരാതെ പെയ്‌തിട്ടുമൊരിക്കൽ
വട്ടത്തിൽ കെട്ടിയ ഒരു പൂമാലയിൽ കഴുത്തൊടിഞ്ഞു ആടി നിന്ന; മരച്ചില്ലകൾക്കിടയിലൂടെ
ചിതറിത്തെറിച്ച മുടിക്കിടയിലൂടെ
കാറ്റ് വന്നു വകച്ച് മാറ്റി തന്ന;
നീലിച്ച മുഖത്തിൽ ഉരുകി ഒലിച്ച
നിൻ്റെ പച്ച കണ്ണുകൾ.
No comments:
Post a Comment