Custom Search

Monday, April 13, 2009

കൊടിതോരണങ്ങളാൽ അലംകൃതമായ....

ഭാരതീയരായ നമ്മൾക്കു ധാരാളം ഉത്സവങ്ങൾ ഉണ്ട്. മണങ്ങൾ കൊണ്ടും നിറങ്ങൾ കൊണ്ടും വേർതിരിക്കാവുന്നവ,തണുപ്പുകൊണ്ടും ചൂടുകൊണ്ടും വകതിരിച്ചവ, സമൃദ്ധികൊണ്ടും പഞ്ഞംകൊണ്ടും അകന്നു നിൽക്കുന്നവ, ശബ്ദകോലാഹലങ്ങൾ കൊണ്ടും അടക്കിപിടിച്ച കുശുകുശുക്കലുകളാലും വ്യതിരിക്തമായവ. ഇന്ത്യൻ ഗ്രാമങ്ങളുടെ തനതു അസ്തിത്വം അറിയണമെങ്കിൽ ഈ ഉത്സവങ്ങളിലൂടെ നാം പ്രവേശിക്കണം. മതപരവും ഗോത്രപരവുമായ നിരവധി ഉത്സവങ്ങളെപ്പോലെ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ പോലുള്ള ദേശീയ ആഘോഷങ്ങൾ കൂടി നാം ഏറ്റെടുത്തിട്ടുണ്ട്. മറ്റൊരർത്ഥത്തിൽ നാം ഇന്നു എന്തും ആഘോഷമാക്കാനുള്ള ഒരു മനോഗതിയിലാണെന്നു തോന്നിപ്പോയിട്ടുണ്ട്. മരണാ‍നന്തരം ഷെയറിട്ടു മദ്യപിക്കുന്ന ആഘോഷങ്ങൾ മുതൽ ഇതു പുതിയ പുതിയ മേഖലകളിലേക്കു വ്യാപിക്കുന്നതായി എനിക്കു തോന്നിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും തെരഞ്ഞെടുപ്പുകളെ നാം സ്വീകരിച്ചതിന്റെ സൂക്ഷ്മാംശങ്ങൾ പരിശോധിച്ചാൽ തെരഞ്ഞെടുപ്പുകൾ ഒരു മഹോത്സവമായിത്തീരുന്ന പ്രക്രീയ നമുക്കു കാണാനാകും.
ന്ത്യൻ ജനാധിപത്യം ലോകത്തിലെ ഏറ്റവും ശ്രദ്ധേയവും വലുതുമായ ഒരു സംവിധാനമാണു. എന്തെല്ലാം അപവാദങ്ങൾ അതിനെതിരെ നിരത്താനുണ്ടെങ്കിലും അതു തുറന്നു വയ്ക്കുന്ന തിരഞ്ഞെടുക്കൽ സ്വാതന്ത്ര്യം മറ്റേത് രാജ്യത്തേക്കാളും മികച്ചതാണു . കഴിഞ്ഞ25 വർഷക്കാലത്തിനിടക്കു ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ഭൂരിപക്ഷം വരുന്ന ദളിത് - സ്ത്രീ ജനവിഭാഗങ്ങൾ ജനാധിപത്യ പ്രക്രീയയിലേക്കു സജീവമായി കടന്നു വന്നത് നമ്മുടെ ജനാധിപത്യ സംവിധാ‍നത്തിന്റെ വലുപ്പത്തെ വർദ്ധിപ്പിച്ചിട്ടുണ്ട്. പറ്റങ്ങൾ വോട്ട് ചെയ്തിരുന്ന ആ ഗ്രാമങ്ങളിൽ ഇപ്പോൾ വ്യക്തി വോട്ടുകൾ വന്നിരിക്കുന്നു. വ്യക്തി പ്രഭാവങ്ങളിൽ കുടുക്കിയുള്ള വോട്ടു ബാങ്കുകളില്ലയെന്നല്ല, 25 വർഷം മുമ്പുള്ള നിലയിൽ നിന്നു വളരെ അഭിവൃദ്ധിപ്പെട്ടിട്ടുണ്ടെന്നു മാത്രമാണു അർഥം. പഴയ വോട്ടുബാങ്കുകൾ നഷ്ടമായതിൽ പാപ്പരായ പ്രസ്ഥാനങ്ങൾ അതിൽനിന്നു പിന്നെ എണീറ്റിട്ടില്ല.

കേരളം വളരെ മുമ്പുതന്നെ ജനാധിപത്യ പ്രക്രീയയിൽ ഉയർന്ന ബോധത്തോടെ പ്രതികരിച്ച സംസ്ഥാനമാണു. അടിയന്തിരാവസ്ഥയോട് കാണിച്ച ആഭിമുഖ്യത്തോടെ ജനാധിപത്യ വിരുദ്ധമായ ഒരു കാലത്തിനോട് ചേർന്നു നിന്നവർ എന്ന ചീത്തപ്പേരു മലയാളിക്കു ഒരിക്കലും മായ്ച്ചുകളയാനാകാത്തതായി ഉണ്ടെങ്കിൽ പോലും വ്യക്തികൾ അവരുടെ നിർണ്ണയാവകാശം വിനിയോഗിക്കുന്നതിലും മറ്റും ഉയർന്ന ബോധം പുലർത്തിയിരുന്നു. ഇന്ത്യയിൽ മറ്റൊരിടത്തും ചർച്ചചെയ്യാത്തതരത്തിലുള്ള ചില രാഷ്ട്രീയ പ്രശ്നങ്ങൾ വളരെ ഗൌരവത്തോടെ ഇലക്ഷൻ സമയത്തും അല്ലാതെയും കേരളം ചർച്ചചെയ്തിരുന്നു. എന്നാൽ നിർഭാഗ്യമെന്നു പറയട്ടെ മാധ്യമങ്ങളൂടെ കാലമെന്നു പേർകേട്ട ഇക്കാലത്ത് നടക്കുന്ന തെരഞ്ഞെടുപ്പിൽ കേരളം രാഷ്ട്രീയം ചർച്ചചെയ്യുന്നില്ലായെന്ന ദുരന്തമാണു നാം അറിയുന്നത്.
ന്തുകൊണ്ടാണു ഇതു സംഭവിച്ചത്? മാധ്യമങ്ങൾ സൃഷ്ടിച്ചെടുത്ത കൃത്രിമ വിവാദങ്ങളിലാണു ഇന്നത്തെ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒരു സ്വീഡോ- പൊളിറ്റിക്കൽ സ്പിയർ അവർ സൃഷ്ടിച്ചെടുത്തിരിക്കുന്നു. നമ്മുടെ നേതാക്കൻമാർ ഇടതു വലതു വ്യത്യാസമില്ലാതെ മീഡിയാ മാനിയാക്കുകളായിരിക്കുന്നു. വസ്ത്രധാരണത്തിലും മുടിചീകിവയ്ക്കുന്നതിലും മറ്റ് ബോഡി-ലാംഗേജുകളിലും ശ്രദ്ധിച്ചുനടക്കുന്ന സുന്ദരപുരുഷന്മാരുടെ നേതൃനിരയാണു നാം ഇന്നു കാണുന്നത്.
അടുത്ത അഞ്ചുവർഷത്തേയ്ക്കു ഇന്ത്യയെ ആ‍രു ഭരിക്കണം, ആഗോള സാമ്പത്തിക മാന്ദ്യത്തിൽ നമ്മുടെ നാടു നേരിടുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണു, അല്പമെങ്കിലും ആ കെടുതികളിൽ നിന്നു നമ്മൾക്കു വിടുതൽ കിട്ടാൻ സഹായിച്ച നടപടികൾ ഏതെല്ലാ‍മായിരുന്നു. എന്നിങ്ങനെ ശ്രദ്ധയോടെ രാജ്യതാല്പര്യത്തിൽ ഊന്നി ചർച്ചചെയ്യേണ്ട ധാരാളം പ്രശ്നങ്ങൾ ഇരിക്കെ നമ്മുടെ സന്ധ്യകൾ ഇരുളുന്നത് ആരുടെ പുകമറയിൽ പെട്ടാണു. ഇന്നു തകർന്നടിഞ്ഞു കിടക്കുന്ന ലോക സാമ്പത്തിക രംഗത്തിന്റെ കുഴലൂത്തുകാരും ബ്രോക്കറുമാരുമായി നിറഞ്ഞാടിയാവർ ആരെല്ലാമാണു. ഇന്നു അവർക്കു പറയാനുള്ളതെന്തെല്ലാമാണു. അവരെല്ലാം നോമിനേഷൻ പേപ്പറിനൊപ്പം പൂരിപ്പിച്ചു നൽകിയ സ്വത്ത് വിവര കണക്കിലെ ഭീമൻ സഖ്യകളെകുറിച്ചോ പാപ്പരായി പേപ്പർ നൽകിയ ചിലരുടെ മില്ല്യനർ ഭാര്യമാരെകുറിച്ചോ നമ്മൾ ചിന്തിക്കുന്നില്ല.
ജാതി -മതാദി കക്ഷികൾ പ്രത്യേകം പ്രത്യേകം യോഗം ചേരുകയും തെരഞ്ഞെടുപ്പിനു ശേഷമുണ്ടാകാവുന്ന അധികാര ധ്രുവീകരണത്തെ എങ്ങനെ തങ്ങൾക്കു അനുകൂലമാക്കിതീർക്കാം എന്നു കൊണ്ട്പിടിച്ചു ശ്രമം നടത്തികൊണ്ടിരിക്കുന്നു. കുരിശിലേറിയ ഒരു മഹാജീവന്റെ ഓർമ്മയിലും കച്ചവടപ്രസംഗങ്ങൾ നടത്തുന്ന പാതിരിമാർ അരങ്ങു തകർത്തു വാഴുന്നു. ഇലക്ഷൻ സ്ക്വോഡിറങ്ങി തിരികെ വന്ന നമ്മുടെ നാട്ടുപ്രവർത്തകർ ജാതിയും മതവും തിരിച്ച ലിസ്റ്റു വച്ചു വോട്ടു പകുത്തു വയ്ക്കുന്നു.പോൾ ചെയ്ത വോട്ടുകളുടെ ക്രഡിറ്റ് വർഷങ്ങളായി സാമൂഹികപ്രവർത്തനം നടത്തിയവരുടെ കൈയ്യിൽനിന്നും കിമിനലുകളും വ്യവസായികളും കൊണ്ടുപോകുന്നു.

ഞാൻ തുടക്കത്തിൽ പറഞ്ഞതു പോലെ നമ്മൾക്കിതൊരു ഉത്സവമാണു. മാർക്കറ്റിന്റെ എല്ലാ തലങ്ങളിലും ഇളക്കം വയ്ക്കുന്ന ഒരു ഉശിരൻ ഉത്സവം. ഒന്നു വച്ചാൽ പത്ത് , പത്തു വച്ചാൽ നൂറ് എന്ന് വിളിച്ചു കൊണ്ട് പടംകുത്തുകാ‍ർ ഒരു വശത്ത്. എല്ലാ‍ കാഴ്ച്ചയും മറയ്ക്കുന്ന അതിവെളിച്ചത്തിന്റെ ക്രൂര മാധ്യമ കണ്ണുകൾ മറു വശത്ത്. നമുക്കു നഷ്ടപ്പെടുന്ന നമ്മുടെ ഇടങ്ങൾ, ഓർമ്മകൾ ചികഞ്ഞെടുക്കാനുള്ള നമ്മുടെ അവകാ‍ശങ്ങൾ , ഭാവിയിലേയ്ക്ക് നോക്കാനുള്ള നമ്മുടെ കർത്തവ്യങ്ങൾ ഇവയെല്ലാം തകർത്തെറിയുന്നതാരാണു?
സ്നേഹിതാ .. സത്യത്തിൽ നാം ജനാധിപത്യത്തിലേക്കു വളരുകയാണോ?അനിൽ വേങ്കോട്

6 comments:

അനില്‍ വേങ്കോട്‌ said...

നമുക്കു നഷ്ടപ്പെടുന്ന നമ്മുടെ ഇടങ്ങൾ, ഓർമ്മകൾ ചികഞ്ഞെടുക്കാനുള്ള നമ്മുടെ അവകാ‍ശങ്ങൾ , ഭാവിയിലേയ്ക്ക് നോക്കാനുള്ള നമ്മുടെ കർത്തവ്യങ്ങൾ ഇവയെല്ലാം തകർത്തെറിയുന്നതാരാണു?

വായന said...

ചാനലുകളില്‍ മുന്നിട്ടു നില്‍ക്കുന്ന ഏഷ്യാനെറ്റ്‌ ചില അജണ്ടകള്‍ കൃത്യമായി നടപ്പില്‍ വരുത്തുകയാണു.... മറ്റു ചാനലുകള്‍ക്കു ഏഷ്യാനെറ്റിണ്റ്റെ സ്വാധീനത്തില്‍ നിന്നു രക്ഷപ്പെടാനാവാതെ ഏഷ്യാനെറ്റ്‌ നയിക്കുന്ന പാതയില്‍ മുന്നോട്ട്‌ പോകുകയാണു.... ഏഷ്യാനെറ്റിനെതിരെ ചിന്തിക്കുന്ന ബഹുജനമുണ്ടായാലെ .... ചാനല്‍ ഭീകരതക്കെതിരെ എന്തെങ്കിലുമൊക്കെ പോരാട്ടമുണ്ടാവുകയുള്ളൂ....

സജീവ് കടവനാട് said...

തെരഞ്ഞെടുപ്പുത്സവത്തെക്കുറിച്ചുള്ള എഴുത്തുകൊള്ളാം. ഞാനാ സാപ്പീന്റെ കമന്റിന്റെ പിന്നലെ വന്നതാണ്.

“ഏഷ്യാനെറ്റിനെതിരെ ചിന്തിക്കുന്ന ബഹുജനമുണ്ടായാലെ .... ചാനല്‍ ഭീകരതക്കെതിരെ എന്തെങ്കിലുമൊക്കെ പോരാട്ടമുണ്ടാവുകയുള്ളൂ...” ഹഹ, അദ്ദാണ്.

Unknown said...

:)

Anonymous said...

ജനങള്‍ക്കു വേണ്ടി ജനങള്‍ കണ്ടെത്തി തിരഞെടുക്കുമ്പോള്‍ മാത്രമേ ജനാധിപത്യം പൂര്‍ണമാക്കുന്നുള്ളു.പോളിറ്റ് ബുറോയും ഭാരതത്തില്‍ സ്വന്തമായി വീടില്ലാത്ത മദാമ്മയും വര്‍ഗ്ഗീയവാദികളും തീരുമനിക്കപ്പെടുന്ന ജനാധിപത്യം എങനെ പൂര്‍ണമാകും...?

പടയണി/Padayani said...

ജനങള്‍ക്കു വേണ്ടി ജനങള്‍ കണ്ടെത്തി തിരഞെടുക്കുമ്പോള്‍ മാത്രമേ ജനാധിപത്യം പൂര്‍ണമാക്കുന്നുള്ളു.പോളിറ്റ് ബുറോയും ഭാരതത്തില്‍ സ്വന്തമായി വീടില്ലാത്ത മദാമ്മയും വര്‍ഗ്ഗീയവാദികളും തീരുമനിക്കപ്പെടുന്ന ജനാധിപത്യം എങനെ പൂര്‍ണമാകും...?