Custom Search

Saturday, April 3, 2010

വിട സഖാവെ വിട..


ഡോക്യുമെന്ററി സംവിധായകനായിരുന്ന സി. ശരത്‌ചന്ദ്രന്റെ ഓര്‍മ്മകള്‍ക്ക്‌ മുന്‍പില്‍...


1999 തൃശ്ശൂര്‍ സാഹിത്യഅക്കാദമിയില്‍ വെച്ച്‌ പരിസ്ഥിതി പ്രവര്‍ത്തകനായിരുന്ന സ്വാമിനാഥന്റെ അനുസ്‌മരണം നടക്കുന്നു. പാഠഭേദം, ആള്‍ട്ടര്‍ മീഡിയ, ക്യാമ്പസ്‌ സര്‍ക്കിള്‍ എന്നീ സംഘടനകള്‍ ചേര്‍ന്നാണ്‌ സംഘാടനം. സി. ആര്‍. പരമേശ്വരന്റെ പുസ്‌തകപ്രകാശനവും സിവിക്ക്‌ ചന്ദ്രന്റെ പ്രഭാഷണവും വി. എം. ഗിരിജയുടെ കവിതയുമൊക്കെയായി ചെറിയൊരു ചടങ്ങ്‌. ചടങ്ങിനൊടുവില്‍ ഒരു ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നു. സൈലന്റ്‌വാലിക്ക്‌ ശേഷം കേരളത്തില്‍ നടന്ന പരിസ്ഥിതി സമരങ്ങളില്‍ പ്രധാനപ്പെട്ട മാവൂരിനെപറ്റി. ഗ്വാളിയേര്‍ റയോണ്‍സ്‌ എന്ന ഫാക്ടറി എങ്ങിനെ ചാലിയാറിനെ കാളിന്ദിയാക്കിമാറ്റി എന്നും ആ പുഴയോരഗ്രാമങ്ങളിലെ ജനജീവിതത്തെ എങ്ങിനെ നശിപ്പിച്ചു എന്നും വരച്ചുകാട്ടുന്ന, രണ്ടു ചെറുപ്പക്കാര്‍ ചേര്‍ന്നെടുത്ത 'ബാക്കിപത്രം' എന്ന ഡോക്യൂമെന്ററി. ചെറിയ ഒരു നിശബ്ദബ്ദതയ്‌ക്കുശേഷം അതിന്റെ സംവിധായകരിലൊരാളായ ശരത്‌ചന്ദ്രന്‍ ആ ഡോക്യുമെന്ററിയെപ്പറ്റി അതിന്‌ പുറകിലുള്ള അനുഭവങ്ങളെപ്പറ്റി കുറഞ്ഞവാക്കുകളില്‍ സംസാരിച്ചു. അതിനും ഏകദേശം ഒരു മാസം മുന്‍പായിരുന്നു. ക്യാന്‍സര്‍ബാധിച്ച്‌ വാഴക്കാട്‌ പഞ്ചായത്ത്‌ പ്രസിഡന്റും മാവൂര്‍ സമരനായകനുമായിരുന്ന റഹ്‌മാന്‍ മരിയ്‌ക്കുന്നത്‌. ശരതിന്റെ വാക്കുകള്‍ക്കുപുറകെ തിരശ്ശീലയില്‍ മാവൂരും ചാലിയാറും, ഒരു ജനത അതിജീവനത്തിനായി നടത്തിയ പോരാട്ടവും തെളിഞ്ഞുവന്നു. ആക്ടിവിസ്‌റ്റായ ആ ചലചിത്രപ്രവര്‍ത്തകനെ പരിചയപ്പെട്ടാണ്‌ അന്ന്‌ കേരളവര്‍മ്മ കോളേജ്‌ വിദ്യാര്‍ത്ഥികളായ ഞങ്ങള്‍ അക്കാദമി വിട്ടിറങ്ങിയത്‌. പിന്നെയും കുറേക്കാലം മനസ്സില്‍ നിന്ന്‌ മായാതെ കിടന്നു ബാക്കിപത്രം എന്ന ആ ഡോക്യുമെന്ററിയും ശരതിന്റെ വാക്കുകളും. കേരളവര്‍മ്മയിലെ രണ്ടാം ഊട്ടി സമരം നടക്കുന്നതും അക്കാലത്തുതന്നെ.

പിന്നെ നര്‍മ്മദ സമരത്തിന്റെ തീഷ്‌ണമായ നാളുകളായി. തൃശ്ശൂരില്‍ നിന്നും നര്‍മ്മദ സമരഭൂമിയിലേയ്‌ക്ക്‌ മണ്ണിനെയും മനുഷ്യനെയും സ്‌നേഹിയ്‌ക്കുന്നവര്‍ യാത്രയായി. ആനന്ദ്‌പട്‌ വര്‍ദ്ധന്‍ അടക്കമുള്ളവരുടെ നര്‍മ്മദ ചിത്രങ്ങളുമായി ശരത്‌ വീണ്ടും തൃശ്ശൂരെത്തി. കോളേജുകളില്‍ സ്‌കൂളുകളില്‍ വായനശാലകളില്‍ ഒക്കെ പുറത്ത്‌ തൂക്കിയിട്ട പ്രോജക്ടറും കൈയ്യില്‍ തിരശ്ശീലയുമായി ഒറ്റയ്‌ക്ക്‌ ശരത്തെത്തി. ആ പഴയ ഒഡേസക്കാലത്തിന്റെ സ്‌മരണകളുയര്‍ത്തി. പിന്നെ എന്‍ഡോസള്‍ഫാന്‍ സമരത്തിന്റെ സമയം. വിളപ്പില്‍ശാലയും, ഞെളിയന്‍പറമ്പും, ലാലൂരും, പുളിയേറ്റുമ്മലും അടക്കമുള്ള നഗരമാലിന്യങ്ങള്‍ ചുമക്കാന്‍ വിധിക്കപ്പെട്ട ജനതകള്‍ക്കുവേണ്ടിയുള്ള സമരങ്ങളുടെ കാലം. എല്ലായിടത്തും ക്യാമറയുമായി ഈ ചെറുപ്പക്കാരനേയും കാണാമായിരുന്നു. അതിനിടയിലാണ്‌ അതിരപ്പള്ളിയുടെ വരവ്‌. പിന്‍വാതിലിലൂടെ കൊണ്ടുവരാന്‍ ശ്രമിച്ച ഒരു പദ്ധതി, ചാലക്കുടിപുഴ സംരക്ഷണസമിതി പ്രവര്‍ത്തകരുടെ ഇടപെടല്‍ മൂലം ജനകീയ തെളിവെടുപ്പ്‌ എന്ന ഒരു നടപടി ക്രമത്തിന്‌ ബന്ധപ്പെട്ടവര്‍ നിര്‍ബന്ധിതരാകുന്നു. രാമനിലയമായിരുന്നു ആദ്യം തെളിവെടുപ്പിനുള്ള വേദിയായി നിശ്ചയിച്ചിരുന്നത്‌. കെ. എസ്‌. ഇ. ബി. രാവിലെ തന്നെ കരാര്‍ തൊഴിലാളികളെയും യൂണിയന്‍ പ്രവര്‍ത്തകരെയും കുടുംബാംഗങ്ങളെയും പ്രദേശവാസികളെന്ന വ്യാജേനെ രാമനിലയത്തിലെ ചെറിയ ഹാളില്‍ കുത്തിനിറച്ചിരുന്നു. നാട്ടുകാരും പരിസ്ഥിതി പ്രവര്‍ത്തകരും സ്ഥലത്തെത്തുമ്പോഴേയ്‌ക്കും രംഗം പൂര്‍ണ്ണമായി കെ. എസ്‌. ഇ. ബി. യുടെ കൈയ്യില്‍. ശരതും, തണലിലെ ശ്രീധറും, ചാലക്കുടിപ്പുഴ സംരക്ഷണ സമിതി പ്രവര്‍ത്തകരായിരുന്ന രവിയും ഉണ്ണിക്കൃഷ്‌ണനും ലതയും കേരളീയത്തിന്റെ റോബിനുമെക്കെ ചേര്‍ന്ന്‌ ജില്ലാകലക്ടര്‍ക്ക്‌ പരാതി നല്‍കി. സൗമ്യനായ ശരതിനെ അത്രയും ക്ഷുഭിതനായി കാണുന്നത്‌ അന്നായിരുന്നു. ഇത്തരമൊരു തെളിവെടുപ്പാണ്‌ ഇവിടെ നടത്താനുദ്ദേശിക്കുന്നതെങ്കില്‍ അതിവിടെ നടക്കില്ല എന്ന്‌ ശരത്‌ തീര്‍ത്തുപറഞ്ഞു ബന്ധപ്പെട്ടവരോട്‌.

ഒടുവില്‍ ആ തെളിവെടുപ്പ്‌ തൃശ്ശൂര്‍ ടൗണ്‍ഹാളിലേക്ക്‌ മാറ്റാന്‍ ബന്ധപ്പെട്ടവര്‍ നിര്‍ബന്ധിതരായി. നാട്ടുകാരുടെ രോഷത്തിനുമുന്‍പില്‍ കെ. എസ്‌. ഇ. ബി. യിലെ ഡാം ലോബിയ്‌ക്ക്‌ ഉത്തരം മുട്ടി അന്ന്‌. ആ തെളിവെടുപ്പിന്റെ രേഖകളില്‍ അന്നത്തെ മലിനീകരണനിയന്ത്രണ ബോര്‍ഡ്‌ ചെയര്‍മാന്‍ സര്‍ക്കാര്‍ സമ്മര്‍ദ്ധം മൂലം കൃത്രിമം നടത്തിയെങ്കിലും ചാല്‌ക്കുടിപ്പുഴ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ തോറ്റു പിന്‍മാറിയില്ല. ആയ്യിടയ്‌ക്കാണ്‌ വിളയോടി വേണുഗോപാലും അറുമുഖന്‍ പത്തിച്ചിറയും കണ്ണദാസനും മാരിയപ്പനും മയിലമ്മയും ഒക്കെ ചേര്‍ന്ന പെരുമാട്ടിപ്പഞ്ചായത്തിലെ പ്ലാച്ചിമടയില്‍ കൊക്കക്കോള എന്ന ആഗോള ഭീമനെതിരെ സമരം തുടങ്ങുന്നത്‌ കുടിവെള്ളം എന്ന പ്രാഥമികമായ അവകാശത്തിനുവേണ്ടി. ശരത്‌ സമരത്തിന്റെ ആദ്യഘട്ടം മുതലേ പ്ലാച്ചിമടയിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു. പ്ലാച്ചിമട സമരത്തിന്റെ സന്ദേശം ദേശിയ അന്തര്‍ദേശിയ തലത്തിലേക്കെത്തിക്കുന്നതിന്‌ ശരത്‌ തന്റെ ബന്ധങ്ങളും സൗഹൃദങ്ങളും ഫലപ്രദമായി ഉപയോഗിച്ചു. സമരത്തിന്റെ പ്രാധാനഘട്ടങ്ങളൊക്കെ ശരത്‌ ഡോക്യുമെന്‍്‌ ചെയ്‌തു. സമരത്തിന്റെ പോരായ്‌മകള്‍ ചൂണ്ടിക്കാട്ടി. സമരപ്രവര്‍ത്തകര്‍ക്കിടയില്‍ അനൈക്യത്തിന്റെ മുളകള്‍ പൊട്ടിയപ്പോള്‍ അത്‌ പറഞ്ഞുതീര്‍ക്കാനായി ശ്രമിച്ചു. പ്ലാച്ചിമട സമരം ഹൈജാക്ക്‌ ചെയ്യാനുള്ള ശ്രമങ്ങള്‍ നടന്നപ്പോള്‍ അതിനെതിരായി എൈക്യനിര തയ്യാറാക്കാനുള്ള ശ്രമങ്ങളില്‍ പങ്കാളിയായി. ശരത്‌ കേരളത്തിലെത്തിയതിനുശേഷം ഒരു പക്ഷേ ഓരോഘട്ടത്തിലും ഇടപ്പെട്ട സമരം ഒരു പക്ഷെ പ്ലാച്ചിമടയായിരിയ്‌ക്കാം. ശരതിനെപ്പോലെ ഒരു നിഴലെന്നപോലെ പ്ലാച്ചിമടയെ പിന്‍തുടന്ന മറ്റൊരു മീഡിയ ആക്ടിവിസ്റ്റ്‌ മാതൃഭൂമിയിലെ മധുരാജായിരുന്നു.

അതിനിടയില്‍ കരിമണല്‍ വിരുദ്ധസമരം വന്നു. എക്‌സ്‌പ്രസ്സ്‌ ഹൈവേവിരുദ്ധസമരം, പെരിയാര്‍ വില്‍പ്പനക്കെതിരായ സമരം, മതികെട്ടാന്‍, പൂയ്യംകുട്ടി അങ്ങനെ പ്രക്ഷോഭങ്ങള്‍ ഒട്ടേറെ കേരളത്തില്‍ നടന്നു. കുഞ്ഞാലിക്കുട്ടിയും മാണിക്കുഞ്ഞുമൊക്കെ ചേര്‍ന്ന്‌ കേരളം മൊത്തത്തില്‍ തീറെഴുതാനായി ശ്രമിച്ചുകൊണ്ടിരിയ്‌ക്കുന്ന കാലം. ശരതിന്റെ ജീവിതത്തിലെ ഏറ്റവും ക്രിയാത്മകമായിരുന്ന കാലം കൂടിയായിരുന്നു അത്‌. ഒരു ആക്ടിവിസ്‌റ്റായും ഒരു ചലചിത്രകാരനായും ഒരോ സമയം ശരത്‌ ഇവിടെയൊക്കെയെത്തി. പക്ഷേ ഒരു വേദിയിലും ശരതിനെ കണ്ടിരുന്നില്ല. എന്നും സദസ്സിനൊപ്പമായിരുന്നു, ജനങ്ങള്‍ക്കൊപ്പമായിരുന്നു ശരത്‌. മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട്‌ കേരളത്തിലെ പരിസ്ഥിതി പ്രവര്‍ത്തകര്‍ രണ്ടുചേരിയിലായ സമയത്ത്‌. ആദിവാസിയെ മറന്നുകൊണ്ടുള്ള ഒരു വനസംരക്ഷണത്തിന്‌ താനില്ല എന്ന നിലപാട്‌ ശരത്‌ തുറന്നുപ്രഖ്യാപിച്ചു. 'വംശഹത്യയുടെ ഇരകള്‍' എന്ന ശരതിന്റെ ഡോക്യുമെന്ററി മുത്തങ്ങ സംഭവത്തോടുള്ള ശരതിന്റെ പ്രതികരണമായിരുന്നു. അതിനു മുന്‍പായിരുന്നു വയനാട്ടിലെ കനവ്‌ വിദ്യാലയത്തെക്കുറിച്ചുള്ള 'കനവ്‌ ' എന്ന ഡോക്യുമെന്ററി.

അതിനിടയില്‍ കേരളം മറ്റൊരു വാര്‍ത്ത കേട്ടു. സൈലന്റ്‌ വാലി പദ്ധതി വീണ്ടും കൊണ്ടുവരാന്‍ശ്രമിക്കുന്നു, പാത്രക്കടവ്‌ എന്ന പുതിയ പേരില്‍. കേരളത്തിലെ കാടുകളേയും പുഴകളേയും സ്‌നേഹിയ്‌ക്കുന്ന എല്ലാവരെയും തെറി വിളിച്ചുകൊണ്ട്‌ കടവൂര്‍ ശിവദാസന്‍. തെളിവെടിപ്പുസംഘത്തിനുമുന്‍പെ മൊഴിനല്‍കാനെത്തിയ സുഗതകുമാരിയെ വരെ കൈയ്യേറ്റം ചെയ്‌തുകൊണ്ട്‌ മണ്ണാര്‍ക്കാട്‌ എം. എല്‍. എ. യുടെ നേതൃത്ത്വത്തില്‍ രാഷ്ടീയ ഗുണ്ടാസംഘം. ആശങ്കപ്പെടുത്തുന്ന ആ നാളുകളാണ്‌. 'ഒരു മഴവിന്റെ ദൂരം മാത്രം' എന്ന ശരതിന്റെ ഡോക്യുമെന്ററിയ്‌ക്കു പുറകില്‍. സൈലന്റ്‌വാലി സമരത്തിന്റെയും പശ്ചിമഘട്ടരക്ഷായാത്രയുടെയും കാലത്തുനിന്നാണല്ലോ ഒരു തലമുറയെപ്പോലെ ശരത്തും കടന്നുവന്നത്‌.

അക്കാലത്തു തന്നെ 'കയ്‌പുനീര്‍' എന്ന പ്ലാച്ചിമടയിലെ കൊക്കക്കോള കമ്പനിയെക്കുറിച്ചുള്ള ശരതിന്റെ ഡോക്യുമെന്ററി പുറത്തുവന്നിരുന്നു. ആ ഡോക്യുമെന്ററി വിപുലീകരിച്ചാണ്‌ പിന്നീട്‌ 'ആയിരം ദിനങ്ങളും ഒരു സ്വപ്‌നവും' എന്ന ഡോക്യുമെന്ററിയായത്‌. ഇതിനിടയില്‍ നോട്ടം എന്ന ശരതിന്റെ സഞ്ചരിയ്‌ക്കുന്ന ചലചിത്രമേളയും പിന്നീട്‌ വിബജിയോര്‍ എന്ന പേരില്‍ പ്രശസ്‌തമായ ഡോക്യുമെന്ററി ഫെസ്റ്റിവലിനും ശരതും സുഹൃത്തുക്കളും തുടക്കമിട്ടിരുന്നു. അങ്ങിനെ കേരളത്തിലെ പത്തുവര്‍ഷത്തെ പാരിസ്ഥിതിക സമരങ്ങളുടെ ചരിത്രം ശരത്തിന്റെ കൂടി ചരിത്രമാകുന്നു. പാഠഭേദത്തിന്റെ അരിയന്നൂര്‍ ക്യാമ്പില്‍ വെച്ചാണത്രെ ശരത്‌ തന്റെ പ്രവര്‍ത്തനമേഖല പരിസ്ഥിതി മാധ്യമപ്രവര്‍ത്തനമാക്കാന്‍ തീരുമാനിക്കുന്നത്‌. ജീവരേഖ മറ്റത്തൂരും ഉറവ്‌ വയനാടും ആള്‍ട്ടര്‍മീഡിയയും കേരളജൈവകര്‍ഷക പ്രകൃതിയും തുടക്കം കൊള്ളുന്നതും അവിടെ നിന്നുതന്നെ കൃഷി, പരിസ്ഥിതി, ആരോഗ്യം, മനുഷ്യാവകാശം, സ്‌ത്രീനീതി, ആദിവാസി, ദളിത്‌, ഉപഭോക്തൃസംക്ഷണം,.. എന്നും മുഖ്യധാരയില്‍ നിന്ന്‌ മാറ്റപ്പെട്ട വിഷയങ്ങിലൊക്കെ പുതിയൊരു കേരളം പടുത്തുയര്‍ത്താനുള്ള ശ്രമങ്ങളായിരുന്നു പാഠഭേദം ക്യാമ്പിന്‌ ശേഷമുള്ള ഇത്രയും കാലത്തെ കേരളത്തിന്റെ ബദല്‍ രാഷ്ടീയം. നവസാമൂഹ്യപ്രസ്ഥാനങ്ങളുടെ പോരാട്ടഭൂമിയില്‍ നിന്ന്‌ ശരത്‌ പിന്‍വാങ്ങുകയാണ്‌. പൂര്‍ണ്ണമായും നല്ലൊരു നാളേയുടെ സ്വപ്‌നങ്ങള്‍ക്ക്‌ വേണ്ടി തന്നെ തന്നെ സമര്‍പ്പിച്ച ഒരു കാലത്തിനുശേഷം. വിട സഖാവേ വിട.

1 comment:

T.S.NADEER said...

വിട സഖാവേ വിട