Custom Search

Monday, April 25, 2011

പാടം പൂത്ത കാലം

എല്ലാ ദിവസങ്ങളും ഞായറാഴ്ച ആവണേ എന്ന് എത്ര പ്രാര്‍ഥിച്ചതാ കുട്ടിക്കാലത്ത്. സ്കൂളിലും പോവേണ്ട പിന്നെ സാഹിത്യ സമാജം എന്നും പറഞ്ഞ് മദ്രസ നേരത്തെ വിടുകയും ചെയ്യും. ബാക്കിയുള്ള സമയം എന്തൊക്കെ ചെയ്തു തീര്‍ക്കണം. എത്ര വണ്‍ ഡേ മേച്ചാണ്‌ ഒരു ദിവസം കളിക്കുക. കളിയുടെ ആവേശം കൂടുമ്പോഴായിരിക്കും ഉമ്മാന്റെ വിളി. "മന്‍സ്വോ...പീടികയില്‍ പോയി സാധനങ്ങള്‍ മേടിച്ചു കൊണ്ടുവാ" എന്ന്. ഉപ്പ ഉമ്മറത്ത്‌ തന്നെ ഇരിക്കുമ്പോള്‍ ഈ തീരുമാനത്തിന് അപ്പീലിന് പോകാന്‍ പോലും പറ്റില്ല . കളി നിര്‍ത്തി മനസ്സില്ല മനസ്സോടെ പീടികയില്‍ പോവും. തിരിച്ചു വരുമ്പോള്‍ പോക്കറ്റില്‍ നിറയെ ആ കറുത്ത പുളി അച്ചാര്‍ കുത്തി നിറച്ചിരിക്കും. ഇടക്കൊക്കെ നാട്ടില്‍ പോവുമ്പോള്‍ കുട്ടികളെ കൊണ്ട് അതൊക്കെ മേടിച്ചു കഴിക്കാന്‍ രസായിരുന്നു. കവറിന്റെ മൂലയ്ക്ക് ഓട്ടയുണ്ടാക്കി അത് വലിച്ചു കഴിക്കുമ്പോള്‍ നമുക്ക് പ്രായം ഒത്തിരി കുറഞ്ഞ പോലെ തോന്നും. ഇന്ന് നോക്കുമ്പോള്‍ വെറും പുളിയച്ചാര്‍ മാത്രമല്ല അത്, ബാല്യവുമായി കണക്റ്റ് ചെയ്യുന്ന ഒരു പ്രതീകം കൂടിയാണ്.


നാളെ പാടത്ത് കന്ന്‌ പൂട്ടുകാര്‍ ഉണ്ടാവും എന്ന് വല്യുമ്മ പറയുന്നത് കേട്ടു. എനിക്ക് സന്തോഷമായി. നല്ല രസമാണ് ആ സമയത്ത് പാടത്തെ ചെളിയില്‍ കളിക്കാന്‍ . ഞങ്ങള്‍ കുറെ കുട്ടികള്‍ ഉണ്ടാവും. മീന്‍ പിടിക്കാനായിരുന്നു കൂടുതല്‍ ആവേശം. നല്ല വലിയ പരല്‍ മീനുകള്‍ കിട്ടും. കോട്ടി എന്ന് വിളിക്കുന്ന ഒരു മീനുണ്ട്. വലിയ മീശയൊക്കെ ഉള്ളത്. അത് കുത്തിയാല്‍ രണ്ടു ദിവസം കൈ അനക്കാന്‍ പറ്റില്ല. അത്രക്കും കടച്ചിലാ.ഞങ്ങളെ ശല്യം കൂടുമ്പോള്‍ കന്ന്‌ പൂട്ടുന്ന ആല്യാക്ക വഴക്ക് പറയും. ഞങ്ങളുണ്ടോ കേള്‍ക്കുന്നു. കുറെ നാളായി എന്റെയൊരു പൂതിയാണ് കാളകളെ കെട്ടിയ ആ തട്ടില്‍ കയറി ഒരു റൌണ്ട് പാടത്ത് കറങ്ങണം എന്ന്. ആല്യാക്ക സമ്മതിക്കില്ല. നല്ലം പെരവനെ സോപ്പിട്ടു. നന്നായി മുറുകെ പിടിക്കണം . അല്ലേല്‍ താഴെ വീഴും എന്നൊക്കെ പറഞ്ഞെങ്കിലും ഇതൊക്കെ എത്ര കണ്ടതാ എന്ന ഭാവത്തിലായിരുന്നു ഞാന്‍ . എന്റെ അഹങ്കാരം കാളകള്‍ക്ക് മനസ്സിലായെന്ന് തോന്നുന്നു . എനിക്കൊന്നും ആലോചിക്കാന്‍ സമയമുണ്ടായിരുന്നില്ല. കാളകള്‍ നല്ല സ്പീഡില്‍ തന്നെ ഓട്ടം തുടങ്ങിയതും ഞാന്‍ പിടിവിട്ട് ചളിയില്‍ വീണു. ശരീരത്തിന്റെ ഒരു ഭാഗവും ചളി ആവാത്തതില്ല. കണ്ണ് എന്ന ഭാഗമേ ഇല്ല എന്ന് തോന്നും. ഒന്നും കാണുന്നില്ല. പിടിച്ചു എണീപ്പിച്ചത് നല്ലം പെരവന്‍ ആണെന്നും തലയ്ക്കു മേടിയത് ആല്യാക്ക ആണെന്നും പ്രതികരണം കൊണ്ട് മനസ്സിലായി. പക്ഷെ ആ പൂതി അതോടെ തീര്‍ന്നു.
നല്ലം പെരവന്‍ ഈയിടെ മരിച്ചെന്ന് കേട്ടു . നല്ല സ്നേഹം ആയിരുന്നു. പക്ഷെ എനിക്കിഷ്ടം പുറം പോക്കില്‍ നല്ലം പെരവന്‍ കൃഷി ചെയ്തിരുന്ന വെള്ളരിയോടായിരുന്നു. മൂപ്പ് ആകുന്നതിനു മുമ്പുള്ള നല്ല ഇളം വെള്ളരി കട്ട് തിന്നാന്‍ ഞങ്ങള്‍ ചങ്ങാതിമാര്‍ രാത്രിയിലാണ് പോകുക. അന്നതൊക്കെ ഒരു സല്‍കര്‍മ്മം ചെയ്യുന്നത് പോലെയാണ്. പിന്നെ നല്ലം പെരവന്റെതാകുമ്പോള്‍ കക്കുകയല്ല ഒരു അവകാശം മേടിക്കുകയാണ് എന്ന രീതിയിലാണ് എന്റെ സമീപനം. ഒരിക്കല്‍ നാട്ടില്‍ പോയപ്പോള്‍ ഞാന്‍ കുറച്ച് പൈസ കൊടുത്തിട്ട് വാങ്ങിയില്ല. കട്ട് തിന്ന വെള്ളരിയുടെ കണക്കില്‍ കുറച്ചാല്‍ മതി എന്ന് പറഞ്ഞപ്പോള്‍ പല്ലില്ലാത്ത ഒരു പൊട്ടിച്ചിരി തന്നുകൊണ്ട് പറഞ്ഞു " എനിക്കറിയായിരുന്നു കുട്ടി കട്ട് തിന്നുന്ന കാര്യം" എന്ന് . ആ ചിരി കണ്ടപ്പോള്‍ എനിക്കും ഒരു പാപ മോക്ഷം കിട്ടിയ സുഖം.
എന്റെ കുട്ടിക്കാലം മുതലേ നല്ലം പെരവനെ ഞാന്‍ കാണാറുണ്ട്. കാണുമ്പോഴൊക്കെ കള്ളിന്റെ മണവും ഉണ്ടാകാറുണ്ട്. പക്ഷെ അതുകൊണ്ട് ഒരു കുഴപ്പവും കണ്ടിട്ടില്ല. ഇടയ്ക്കു കെട്ട്യോളെ അടിക്കും എന്ന് കേട്ടിട്ടുണ്ട്. പക്ഷെ ഞാന്‍ കാണുമ്പോഴൊക്കെ അവര്‍ മാതൃകാ ദമ്പതികള്‍ ആണ്. പാടത്തെ പണിക്കാര്‍ക്ക് ഭക്ഷണം കൊണ്ടുപോകാന്‍ അവരും വരും. ഞാനും കൂടും അവരുടെ കൂടെ ഭക്ഷണം കഴിക്കാന്‍ . ആ സമയത്ത് ആല്യാക്കക്ക് ദേഷ്യം ഒന്നും കാണില്ല. പുട്ടോ കപ്പയോ അടിക്കുന്നതിനിടക്ക് നല്ല തമാശയും പറയും. അത് കഴിഞ്ഞു നാടന്‍ ബീഡി വലിക്കുന്നത് കാണാന്‍ നല്ല രസാണ്. എനിക്കും പൂതി തോന്നും. നാടന്‍ ബീഡി കിട്ടിയില്ലെങ്കിലും നാടന്‍ അടി കിട്ടും . അതുകൊണ്ട് ചോദിക്കാന്‍ പേടി തോന്നും. പക്ഷെ നല്ലം പെരവന്റെ അടുത്ത് മുറുക്കാന്‍ കാണും. പകുതി വെറ്റിലയില്‍ പാകത്തിന് ചുണ്ണാമ്പ് ഒക്കെ ചേര്‍ത്ത് തരും. വല്യ കുട്ടിയായി എന്നൊക്കെ തോന്നും അത് കഴിക്കുമ്പോള്‍. ഭക്ഷണം കഴിഞ്ഞാല്‍ അവര്‍ വീണ്ടും പണിക്കിറങ്ങും. ഞങ്ങള്‍ പാടത്തിന്റെ മൂലക്കുള്ള വല്യ പേര മരത്തില്‍ വലിഞ്ഞു കയറും. മൂത്തതും മൂക്കാത്തതും ആയ എല്ലാ പേരക്കയും പറിച്ചു തിന്നും.


പാടത്തെ പണി തുടങ്ങിയാല്‍ പിന്നെ ഞാറ് നടുന്നത് മറ്റൊരു ആഘോഷം. ഇടയ്ക്കിടയ്ക്ക് പാടത്തു പോയി നോക്കണം. വയലില്‍ വെള്ളംകൂടുതല്‍ ഉണ്ടെങ്കില്‍ വേറെ വയലിലേക്ക്‌ ഒഴുക്കി വിടണം. കുറവാണേല്‍ ഇങ്ങോട്ടും. പിന്നെ കൊയ്ത്തുകാലം. അതാണ്‌ കൂടുതല്‍ രസകരം. മുമ്പ് എഴുതിയത് കൊണ്ട് അത് പറയുന്നില്ല.
എന്ത് മധുരമാണ് ഈ ഓര്‍മ്മകള്‍ക്ക്. ആ ഓര്‍മ്മകളെ പ്രവാസവുമായി ഒരു താരതമ്യം ഞാന്‍ ആഗ്രഹിക്കുന്നില്ല. കാരണം വയല്‍ കരയിലെ ശുദ്ധമായ കാറ്റിന്റെയും സമൃദ്ധമായ പച്ചപ്പിന്റെയും ഓര്‍മ്മകള്‍ അങ്ങിനെ നില്‍ക്കട്ടെ. അരയൊപ്പം വളര്‍ച്ച എത്തിയ നെല്‍കൃഷിയും കണ്ട്‌ അല്ലെങ്കില്‍ പാടത്തെ ചളി വെള്ളത്തില്‍ മീന്‍ പിടിച്ച്‌, ഇളം വെള്ളരി കട്ട് തിന്ന്‌ ഓര്‍മ്മകളുടെ നടവരമ്പിലൂടെ ഞാന്‍ കുറച്ച് ദൂരം നടക്കട്ടെ.

No comments: