Custom Search

Wednesday, April 6, 2011

വഴിയോര കാഴ്ചകള്‍ഒരിക്കല്‍ ഞാന്‍ നിങ്ങളെ വിരുന്നിന് ക്ഷണിച്ചതാണ് എന്റെ ഗ്രാമത്തിലേക്ക്. അവിടത്തെ കാഴ്ചകള്‍ ഇഷ്ടായി എന്ന് നിങ്ങള്‍ പറഞ്ഞപ്പോള്‍ സന്തോഷവും തോന്നി. പിന്നെയും ഒരുപാട് പ്രത്യേകതകളുള്ള എന്റെ അയല്‍ ഗ്രാമങ്ങളെയും ഞാനൊന്ന് പറഞ്ഞു പോകട്ടെ. പക്ഷെ ചെറുവാടിയില്‍ നിന്നുതന്നെ തുടങ്ങും ഇതും.

നമ്മള്‍ നടന്നു തുടങ്ങുന്നു. ഈ പാടങ്ങളിലില്ലേ.. . ഇപ്പോഴും നിങ്ങള്‍ക്ക് മനോഹരമായി തോന്നുന്നത് ഈ ഗ്രാമത്തിന്റെ പ്രത്യേകതകള്‍ കൊണ്ടുതന്നെയാകണം. അല്ലെങ്കില്‍ പണ്ട് കൊയ്ത്ത് പാട്ടുകളും നെല്‍കതിര്‍ കൊത്തി പറക്കുന്ന തത്തകളും അവരുടെ ശബ്ദവും നിറഞ്ഞു നിന്നിരുന്ന ഈ പാടങ്ങള്‍ ഇപ്പോള്‍ വാഴയും കപ്പയും കൃഷിചെയ്യുന്നവയായി മാത്രമല്ലേ നിങ്ങള്‍ കണ്ടത്. പക്ഷെ നഷ്ടപ്പെട്ട ആ നല്ല കാഴ്ചകളുടെ നൊമ്പരം പേറുന്ന എനിക്ക് ആ ഓര്‍മ്മകള്‍ മരിക്കാത്തതാണ്.

ഇപ്പോള്‍ നമ്മളെ കടന്നു പോയ ആ പെണ്ണില്ലേ. കാരിച്ചി എന്ന അവരായിരുന്നു ഇവിടത്തെ കൊയിത്തുത്സവങ്ങളിലെ നായിക. കൊയ്തെടുത്ത നെല്‍കറ്റകളുമായി കാരിച്ചിയും കൂട്ടരും നടക്കുന്നതിന് ഒരു ഫോള്‍ക് ഡാന്‍സിന്റെ താളമുണ്ടായിരുന്നു.നിങ്ങള്‍ പെണ്ണുങ്ങള്‍ ഒക്കെ കാതില്‍ ഇടുന്ന വല്യ വട്ടത്തിലുള്ള റിംഗ് ഇല്ലേ..? ആ ഫാഷനൊക്കെ വര്‍ഷങ്ങള്‍ക്ക് മുമ്പ് കാരിച്ചി ഇന്‍ട്രഡ്യൂസ് ചെയ്തതാ. പക്ഷെ ഇപ്പോഴും അത് തന്നെയാണെന്ന് മാത്രം. വീടിന്റെ മുമ്പില്‍ നെല്‍കറ്റകള്‍ കുന്നു കൂടുമ്പോള്‍
ഞങ്ങള്‍ കുട്ടികള്‍ക്ക് മറ്റൊരു ഉത്സവകാലം തുടങ്ങും. അതില്‍ കയറി മറിഞ്ഞും അത് കാരണം ശരീരമാകെ ചൊറിഞ്ഞും ഓര്‍ക്കാന്‍ രസമുള്ള കുട്ടിക്കാലം. പത്തായപുരകളില്‍ ഇപ്പോള്‍ നെല്ലുകള്‍ നിറയാറില്ല. പാടമില്ലെങ്കില്‍ പിന്നെ പത്തായപുരയുണ്ടോ.പറഞ്ഞു പറഞു നമ്മള്‍ അടുത്ത ഗ്രാമത്തില്‍ എത്തി. കേട്ടിട്ടുണ്ടോ കൂളിമാട് എന്ന സ്ഥലം. കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ പുകവലി വിമുക്ത ഗ്രാമമാണ് ഇത്. ഒരല്പം കുറ്റബോധം ഇതിലൂടെ നടക്കുമ്പോള്‍ എനിക്കും ഇല്ലാതില്ല. പുക വലിക്കില്ല , വാങ്ങില്ല, വിലക്കില്ല ഇവിടെയുള്ളവര്‍. ഈ മാതൃകാ നേട്ടത്തിന് പിന്നില്‍ ഉത്സാഹിച്ച കുറെ ചെറുപ്പകാര്‍ ഉണ്ടിവിടെ.

എനിക്കും വൈകാരികമായി ഏറെ അടുപ്പം തോന്നും ഈ ഗ്രാമത്തോട്. മുമ്പ് കോഴിക്കോട് പോവാന്‍ ഇരുവഴിഞ്ഞി കടവ് കടന്ന് ഇവിടെ വന്നാണ് ബസ്സ്‌ കയറുക. ഇത്തിരി നേരത്തെ എത്തുന്നത്‌ വല്യൊരു മാവിന്റെ ചുവട്ടില്‍ രണ്ടു കവുങ്ങില്‍ തടി ഇട്ടൊരുക്കിയ ബസ് സ്റ്റോപ്പില്‍ കുറച്ചു നേരം ആസ്വദിച്ചിരിക്കാനാണ് . ഇരുവഴിഞ്ഞിക്ക് മീതെ പാലം വന്നെങ്കിലും പഴയ ഐശ്വര്യവുമായി ഇപ്പോഴും മാറാതെയുണ്ട് കൂളിമാട്. ആദ്യമൊക്കെ ഉപ്പാന്റെ കൂടയാണ് കോഴിക്കോട് പോവുക. അന്ന് മുതല്‍ ഈ ഗ്രാമം എനിക്ക് പ്രിയപ്പെട്ടതാണ്. ചായ കുടിച്ചും രാഷ്ട്രീയം പറഞ്ഞും ഉപ്പ സെയിദുക്കാന്റെ മക്കാനിയില്‍ ഇരിക്കും. ഞാന്‍ മരങ്ങളും പാടവും നോക്കി പുറത്തിരിക്കും. തൊട്ടടുത്ത ഗ്രാമത്തില്‍ നിന്നും കല്യാണവും കഴിച്ചതോടെ ഇപ്പോഴും യാത്ര ഇതിലൂടെ തന്നെ. ഇന്നും ഇവിടെത്തുമ്പോള്‍ ഉപ്പാന്റെ കയ്യും പിടിച്ചു ബസ്സിലെ സൈഡ് സീറ്റ് കിട്ടാന്‍ വെപ്രാളപ്പെടുന്ന കൊച്ചു കുട്ടിയാകും ഞാന്‍ . പക്ഷെ സെയിദുക്കാന്റെ മക്കാനി ഇപ്പോള്‍ കാണാത്തത് ഒരു നൊമ്പരവും.അയ്യോ.. നിങ്ങള്‍ കൂടെയുള്ള കാര്യം ഞാനങ്ങു മറന്നു. നാട് കാണാന്‍ വിളിച്ചിട്ട് നിങ്ങളെ ഒറ്റക്കാക്കി ഞാന്‍ എവിടെയൊക്കെയോ പോയി. ദാ.. ആ വരുന്ന ബസ്സില്ലേ. സുല്‍ത്താന്‍ ആണ്. ഒരുപാട് തലമുറകളുടെ യാത്രയിലെ ഓര്‍മ്മയായി അന്നും ഇന്നും ഈ ബസ്സുണ്ട്. ഇനി യാത്ര നമ്മുക്കിതിലാവാം. വഴിയോര കാഴ്ചകള്‍ കണ്ട് നിങ്ങളെയും കൊണ്ട് കോഴിക്കോട് വരെ പോവണം എന്നുണ്ട്. പക്ഷെ നമ്മള്‍ തിരക്കിലല്ലേ. തല്‍കാലം മാവൂര്‍ വരെയാകാം.

വല്യ ഈ ചീനിമരത്തിന്റെ തണലില്‍ നില്‍ക്കുന്ന ഈ ഗ്രാമമാണ് ഇപ്പോള്‍ PHED എന്നും പണ്ടുള്ളവര്‍ മടത്തുംപാറ എന്നും പറയുന്ന സ്ഥലം. കോഴിക്കോട് നഗരത്തിലേക്ക് കുടിവെള്ളം പോകുന്നത് ചാലിയാറില്‍ നിന്നും ശേഖരിച്ച്‌ ഇവിടെ ശുദ്ധീകരിച്ചിട്ടാണ്. ഒപ്പം നല്ലൊരു പ്രകൃതിയും. ഈ പെട്ടിപീടികയില്‍ കയറി ഒന്ന് മുറുക്കണം എന്നുണ്ട് എനിക്ക്. പക്ഷെ പിന്നെയാകാം.നമ്മള്‍ മാവൂരില്‍ എത്താറായി. പക്ഷെ ഇത് പഴയ മാവൂരല്ല. ഗോളിയോര്‍ റയോണ്‍സ്‌ ഫാക്ടറി അടച്ചു പൂട്ടിയപ്പോള്‍ ആത്മാവ് നഷ്ടപ്പെട്ട ഒരു ചെറിയ സിറ്റി. ഫാക്ടറി വക ഒഴിഞ്ഞു പൊളിഞ്ഞ് പ്രേത ഭവനം പോലെ നില്‍ക്കുന്ന കോര്‍ട്ടെഴ്സുകള്‍ പറയുന്നത് നഷ്ടപ്പെട്ടുപോയ കുറേ ജീവിത സൗകര്യങ്ങളുടേതാണ് , കേള്‍ക്കാതെ പോയ അവരുടെ പ്രാര്‍ത്ഥനകളുടേയാണ് , പെയ്തു തീരാത്ത അവരുടെ കണ്ണീരിന്റെയാണ്. ഈ കാഴ്ച കാണാനാണോ നിങ്ങളെ കൊണ്ടുവന്നതെന്ന് തോന്നുന്നുവെങ്കില്‍ , സോറി .. ഈ സങ്കടം കാണിക്കാതെ എങ്ങിനെ ഞാന്‍ മാവൂരിനെ പരിചയപ്പെടുത്തും.ശരി ഇനിയൊരു ചായ കുടിക്കാം. ഈ ചായ കടയില്‍ എന്താ ഇത്ര തിരക്ക് എന്ന് നിങ്ങള്‍ ചോദിക്കുന്നത് ഞാന്‍ കേള്‍ക്കുന്നു. അതില്‍ അത്ഭുതമില്ല. ഇതാണ് പേരുകേട്ട ഹൈദറാക്കാന്റെ പരിപ്പുവട . പകരം വെക്കാനില്ലാത്ത രുചി. ഏഷ്യ നെറ്റുകാര്‍ സ്പെഷ്യല്‍ ഫീച്ചര്‍ ഒരുക്കിയ രുചി വൈഭവം. ഇവിടന്നു കഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ പാര്‍സല്‍ പോകുന്നു. ഇത് വഴി പോകുന്ന ഞങ്ങളും അത് ഒഴിവാക്കില്ല. ഞാനേതായാലും രണ്ടെണ്ണം തട്ടിയിട്ട് ബാക്കി പറയാം. അപ്പോള്‍ നിങ്ങള്‍ എങ്ങിനാ... ഇവിടുന്നു കഴിക്കുന്നോ അതോ പാര്‍സല്‍ എടുക്കുന്നോ...?.

(ഫോട്ടോസ് എടുത്തത്‌ ഗൂഗിളില്‍ നിന്നും പിന്നെ ഫെയിസ് ബുക്കിലെ ചില സുഹൃത്തുക്കളുടെതും)

2 comments:

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ബസ്സിറ‍ങ്ങിയപ്പോള്‍ കണ്ടെത്തിയ ഏതൊക്കെയോ മനോഹരമായ ഗ്രാമങ്ങള്‍ തോന്നുന്നു.വിവരണങ്ങള്‍ അത്രയേറെ നന്നായി.

വീകെ said...

കൊള്ളാം..
നന്നായിരിക്കുന്നു..
ആശംസകൾ...