Custom Search

Monday, December 24, 2007

ഒരു ക്രിസ്തുമസ് തലേന്ന്.........


കുട്ടിക്കാലത്തെ ക്രിസ്തുമസ് ഓര്‍മയാണ്.നമുക്കെന്തു ക്രിസ്തുമസ് അതൊക്കെ ക്രിസ്താനികള്‍ക്കല്ലെ, നമുക്ക് പരീക്ഷ കഴിഞ്ഞ് ആഹ്ലാദിക്കാനുള്ള ദിവസങ്ങള്‍ മാത്രം എന്നൊക്കെ കരുതീ നടക്കുന്ന കുട്ടിക്കാലം. കരൊള്‍ സംഘങ്ങള്‍ ആ വഴിക്കു വരാറില്ല,കാണാനുള്ള കൊതി കൊണ്ട് കുറേ ദൂരം നടന്ന് കരോള്‍ വരുന്ന വീടുകളുടെ പരിസരത്തു പോയി നില്‍ക്കും, വീടിനടുത്ത് ഒരു ക്രിസ്താനി താമസം ഉണ്ടെങ്കില്‍ ഈ നടപ്പ് ഒഴിവാക്കാമായിരുന്നു എന്നു ആഗ്രഹിക്കും.അപ്പൊഴാണ് ഈ പ്രദേശത്തുള്ളവര്‍ക്കായി ഒരു ചെറിയ കരോള്‍ തുടങ്ങിയാലൊ? ക്രിസ്തുമസ് അവധിക്ക് ക്രിക്കറ്റ് കളിക്കാന്‍ പന്തു വാങ്ങാന്‍ ഈ രീതി പ്രയോഗിച്ചു,വമ്പന്‍ വിജയമായി, ബോളു മാത്രമല്ല ബാറ്റും സ്റ്റമ്പും ഒക്കെ വാങ്ങാനുള്ള തുക കിട്ടി, അങ്ങനെ അവധി തീരാറായി..ആയിടക്കാണ് അമ്മയും രണ്ടു പെണ്‍മക്കളും അടങ്ങുന്ന ആ ക്രിസ്താനി കുടുംബം എന്‍റെ തൊട്ടടുത്ത വീട്ടില്‍ താ‍മസത്തിനു വന്നത്, ക്രമേണ അവരുടെ വീട്ടിലെ ഒരു അംഗമായി ഞാന്‍.പാലാക്കാരി മെഴ്സി ആന്‍റി എനിക്കു മമ്മിയായി, മൂത്ത കുട്ടി എന്‍റെ പ്രായം എന്‍റെ ക്ലാസില്‍ തന്നെ ചേര്‍ന്നു അനിയത്തി തീരെ കുഞ്ഞാണു, ആന്‍റീടെ അങ്കിള്‍ എവിടെയാ? നാഗാലാന്‍റില്‍ ആണെന്ന് പിന്നീടറിഞ്ഞു. അങ്ങനെ മേഴ്സി മമ്മിയുടെയും കുട്ടികളുടെയും ദിനങ്ങള്‍ അനീ...എന്ന നീട്ടിയ ഒരു വിളിയില്‍ തുടങ്ങിക്കൊണ്ടിരുന്നു, എന്‍റെ നൊണ്‍ രുചികള്‍ക്ക് പുതിയ മാനങ്ങള്‍ കൈവന്നു. കുടം പുളിയിട്ട് വറ്റിച്ച മീന്‍ കറി കൈപ്പുണ്ണ്യത്തിനു ശിഷ്യപ്പെടാന്‍ ആ നാട്ടിലെ വീട്ടമ്മമാര്‍ മത്സരീച്ചു. എന്തു വിശേഷ അവസരത്തിനും അനിയുടെ സജീവ സാന്നിദ്ധ്യം അവര്‍ക്കു എപ്പോഴും ഉണ്ടായിരുന്നു.പെസഹാപ്പവും, പെരുനാള്‍ ഊട്ടിന്‍റെയും ഒക്കെ അമരക്കാരനായി.മേഴ്സി മമ്മിയുടെ മാനസപുത്രന്‍ അതില്‍ ഞാന്‍ അഭിമാനം കൊണ്ടൂ.സ്നേഹത്തിന്‍റെ മൂര്‍ത്തീഭാവം, എന്‍റെ മുന്നില്‍ വച്ച് അതിഥികളൊടു പറയുമായിരുന്നു “അനി എനിക്കു പിറക്കാതെ പോ‍യ മകനാണ്” എന്ന്. കാലം കടന്നു പോയി...കാലത്തിന്‍റെ വളര്‍ച്ച എന്നിലും പ്രകടമായി....സൈക്കിളിന്‍റെ സ്ഥാനത്ത് ബൈക്കായി, അവരുടെ വീട്ടിലേക്കുള്ള പോക്ക് പേരിനു മാത്രമായി, എങ്കിലും ആ സ്നേഹത്തിനു ഒരു കുറവും ഇല്ലായിരുന്നു.ഒരു ദിവസം രാവിലെ എന്നെ വിളിച്ചു ,ആ വിളിയില്‍ അല്പം ക്ഷീണം ഉണ്ടായിരുന്നൊ? ഞാന്‍ ചെന്നു മൂത്തമകള്‍ ബാംഗ്ലൂരില്‍ നഴ്സിംഗ് പടിക്കുന്നു.ഇളയ കുട്ടി മാത്രമാണ് വീട്ടില്‍ ,ചെന്നപ്പോള്‍ എന്നോടു പറഞ്ഞു “ അനീ ഇന്നു തിരക്കു വല്ലതും ഉണ്ടോ? എനിക്ക് ഒന്നു ആശുപത്രിയില്‍ പോകണം..പോകാമല്ലൊ...തിരക്കൊന്നുമില്ല...അങ്ങനെ ആശുപത്രിയിലെത്തി,പരിശോധനകള്‍ക്കു ശേഷം ഡോക്ടറുടെ മുറിയിലെത്തി...എന്നെ ചൂണ്ടി മമ്മിയോട് ചോദിച്ചു...ഇതാരാ മകനാണോ? മമ്മി അതെ എന്നര്‍ത്ഥത്തില്‍ തലകുലുക്കി...നിങ്ങള്‍ ഒന്നു പുറത്തു നില്കൂ...മമ്മി വെളിയിലേക്കു പോയി.....എന്നൊടു മാത്രമായി എന്താണാവോ ഇയാള്‍ക്കു പറയാനുള്ളത് ഞാന്‍ ചിന്തിച്ചു..തന്നൊടു മമ്മി എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ? ചൊദ്യം മനസിലാവാതെ അയാളുടെ നരച്ച മീശയിലേക്കു നോക്കി.ഇല്ല....ഒന്നും പറഞ്ഞിട്ടില്ല.....എന്താ കാര്യംഉം...നേരത്തെ വന്നപ്പോള്‍ ഞാന്‍ പറഞ്ഞതാണു തന്‍റെ പപ്പയെ അറിയിക്കാന്‍ഡോക്ടര്‍ കാര്യം പറയൂ എന്താ മമ്മിക്ക് അസുഖം?“സ്തനാര്‍ബുദം”വാട്ട്????? ആദ്യമായാണു ഒരു ഇംഗ്ലീഷ് പദം ഇത്ര ഉച്ചത്തില്‍ ഉരുവിടുന്നത്.....പിന്നെയും ഡൊക്ടറുടെ ശബ്ദം.....കൂള്‍ ഡൌണ്‍ ...കഴിഞ്ഞ ഒരു വര്‍ഷമായി അവര്‍ ഇവിടെ വരാറുണ്ട്....വീട്ടുകാ‍രെ അറിയിക്കേണ്ട ഒരു ബാദ്ധ്യത എനിക്കുണ്ട്...അതാ പറഞ്ഞെ......വിഷമം ഉണ്ടാകും എന്നറിയാം..ബട്ട് അതാണു സത്യം...ചികിത്സിക്കാന്‍ കഴിയില്ലെ? സമനില കിട്ടിയപ്പോള്‍ ഞാന്‍ ചോദിച്ചു...റേഡിയേഷന്‍ ചികിത്സയുണ്ട് കോട്ടയം മെഡിക്കല്‍ കോ‍ളേജില്‍ പോകണം.ഞാന്‍ ഡൊക്ടറുടേ മുറിയില്‍ നിന്നും ഇറങ്ങി.....മനസ്സില്‍ മമ്മി മാത്രം.....മുലയൂട്ടി വളര്‍ത്തിയില്ലാന്നെ ഉള്ളൂ.....അമ്മിഞ്ഞപ്പാലിന്‍റെ വാത്സല്യമുള്ള ആ വറ്റാത്ത സ്നേഹം.........സഹിക്കാന്‍ കഴിഞ്ഞില്ല....പൊട്ടിക്കരയുമെന്നു തൊന്നി.....ഇടനാഴിയില്‍ കൂടി നടന്നു, ഒരു തണുത്ത കരം എന്നെ പിടിച്ചു നിര്‍ത്തി...അനീ..നീ വിഷമിക്കരുത്....എന്തും നേരിടാന്‍ ഉറച്ച ഒരു മനസില്‍ നിന്നുള്ള വാചകം.....എന്‍റെ കണ്ണു നനഞ്ഞിരിക്കുന്നത് സാരിത്തലപ്പു കൊണ്ട് തുടച്ചു തന്നിട്ട് വീണ്ടും പറഞ്ഞു....നീ എനിക്ക് ഒരു വാക്കു തരണം. ഇതു ആരോടും പറയരുതെന്ന്...മോനെ മക്കള്‍ ഒരു നിലയില്‍ ആയിട്ടില്ല...അവരെ ഓര്‍ക്കുമ്പോള്‍ മാത്രമാണ് എനിക്കു സങ്കടം..സാവധാനം ഞാന്‍ തന്നെ പറയാം..അച്ചായനോടും..എനിക്ക് ഒന്നും പറയാന്‍ കഴിഞ്ഞില്ല....എങ്ങനെയോ ബൈക്ക് ഓടിച്ചു വീട്ടിലെത്തി......ഒരു അപ്രീയസത്യം സൂക്ഷിക്കുക, അതും ഇങ്ങനെയുള്ള ഒരു കാര്യം.....ഇല്ല..മമ്മിക്ക് വാക്കു കൊടുത്തതാണ്... പറയില്ല.“മമ്മിം മോനും കൂടി എവീടെപ്പൊയീ?....പശുവിനു പുല്ലുചെത്തിക്കൊണ്ട് നടന്നു വന്ന ഇന്ദിരാമ്മയുടെ ചോദ്യത്തിനു മറുപടി കൊടുത്തത് മമ്മിയാണ്....അനിയെ മാമോദീസാ മുക്കാന്‍ കൊണ്ടുപൊയതാ........മമ്മിയൊടൊപ്പം അവരും ഉറക്കെ ചിരിച്ചു.....എങ്ങനെ കഴിയുന്നു മമ്മീ ഇത്?.....പാലാക്കാരികള്‍ അല്പം കരളുറപ്പുള്ള കൂട്ടത്തിലാ അനീ.അതു തമാശയായി എനിക്കു തോന്നിയില്ല....വീട്ടില്‍ എത്തിയ ശേഷം അറിയാവുന്ന ദൈവങ്ങളെ വിളിച്ചു പ്രാര്‍ത്ഥിച്ച്...വഴിപാടുകള്‍ നേര്‍ന്നു,അക്കൊല്ലത്തെ പരുമല പദയാത്രയില്‍ പങ്കെടുത്തു..പ്രാര്‍ഥിച്ചു.......



മാസങ്ങള്‍ പിന്നെയും കടന്നുപോയി.....പാലക്കാട്ട് ഒരു പ്രൊജക്ടുമായി ബദ്ധപ്പെട്ടു നില്‍ക്കുമ്പോള്‍ അമ്മയുടെ ഫോണ്‍..മേഴ്സി കോട്ടയം മെഡിക്കല്‍ കോളേജിലാണ്...നിന്നെ കാണണമെന്നു ആ കൊച്ചു വന്ന് പറഞ്ഞു..അപ്പൊള്‍ തന്നെ തിരിച്ചു നേരെ കോട്ടയത്തേക്ക്....ആശുപത്രിക്കിടക്കയില്‍ മമ്മിയെ എനിക്കു സങ്കല്‍പ്പിക്കാന്‍ കഴിഞ്ഞില്ല.....മുടി മുഴുവന്‍ പൊയിരിക്കുന്നു.....ഞാന്‍ കസേര നിക്കിയിട്ടു അടുത്തിരുന്നു. എന്‍റെ കയ്യില്‍ പിടിച്ചു....എന്തൊക്കെയോ പറയാന്‍ ആ മനസ് വെമ്പുന്നത് ഞാന്‍ കണ്ടു.....കണ്ണിര്‍ ധാരധാരയായി ഒഴുകുന്നു. എനിക്കും....ഇല്ല മമ്മീ ഞാന്‍ ആരോടൂം പറയില്ല. മനസില്‍ ആ വാചകം മാത്രം


“നിങ്ങള്‍ ഒന്നു പുറത്തുനില്‍ക്കു തുണി മാറ്റണം”......തിരിഞ്ഞു നോക്കി വെള്ളസാരിയുടുത്ത് ആ സത്വത്തെ കൊല്ലാനുള്ള ദേഷ്യം വന്നു,

ഞാന്‍ പുറത്തിറങ്ങി..എന്തായിരിക്കും മമ്മി എന്നോടു പറയാന്‍ ആഗ്രഹിച്ചത്?


“അനി വന്നോ? ഞാന്‍ ഒന്നു പുറത്തുപോയതാണു, രാവിലെ നിന്നെ കാണണമെന്നു പറഞ്ഞിരുന്നു“..പൊന്നച്ചായന്‍റെ സ്വരം..


അച്ചാ‍യന്‍ ഉണ്ടായിരുന്നു അല്ലെ?

അതെ കഴിഞ്ഞമാസം വന്നു....എന്നാലും അവള്‍ ഇത്രയും കാലം അവള്‍ എന്നെ മറച്ചു വച്ചല്ലൊ?


ചുവരിലേക്കു അയാള്‍ ചാരിനിന്നു....

അടുത്ത നിമിഷം ഞാന്‍ പ്രതീക്ഷിച്ച ചോദ്യം വന്നു....


“ അനിക്ക് അറിയാ‍മായിരുന്നല്ലെ?”


ഒന്നും മിണ്ടാതെ ഞാന്‍ ഇറങ്ങി നടന്നു...വീട്ടിലെത്തി.....ക്രിസ്തുമസ് തലെന്നാള്‍ മമ്മിയുടെ മരണം അറിയിച്ചുകൊണ്ട് ആംബുലന്‍സ് എത്തി.....സ്നേഹിക്കാന്‍ മാ‍ത്രം അറിയാവുന്ന ആ മാലാഖയുടെ ചേതനയറ്റ ശരീരം....ഇനി സ്വര്‍ഗനാട്ടിലെ പ്രിയന്‍ തീര്‍ത്തിടും.............. എന്നു തുടങ്ങുന്ന പ്രാര്‍ഥന ചൊല്ലാന്‍ മമ്മിക്ക് സ്വരമില്ല.......നാളെ കേക്കുണ്ടാക്കിത്തരാന്‍ മമ്മിയില്ല.....



കാലം എന്നെ എത്തിച്ച മണലാരണ്യത്തിലെ ഈ ട്രീ ഓഫ് ലൈഫിന്‍റെ അടുത്തും മമ്മിയുടെ ഓര്‍മ്മകള്‍........ ക്രിസ്തുമസ് തലേന്നും.......ഇല്ല മമ്മീ ഇതുവരെ ഞാന്‍ പറഞ്ഞിട്ടില്ല......ഇപ്പോള്‍ എഴുതുന്നു......നക്ഷത്രങ്ങളുടെ ലോകത്തിരുന്ന് മമ്മി എനിക്കു മാപ്പു തരട്ടെ.........

6 comments:

ഉപാസന || Upasana said...

നന്നായി
ഖണ്ഢിക തിരിച്ചെഴുതിയാല്‍ വായിക്കാന്‍ കൂടുതല്‍ എളുപ്പമാകും
:)
ഉപാസന

കുഞ്ഞായി | kunjai said...

ചിലപ്പോ ദൈവം നമ്മെ വെറും കാഴ്ച്ചക്കാരനാക്കും .....ഇതുപോലെ..
നല്ല വിവരണം
ക്രിസ്തുമസ്സ് ആശംസകള്‍

സജീവ് കടവനാട് said...

എല്ലാവര്‍ക്കും ക്രിസ്തുമസ് ആശംസകള്‍!!

ഏ.ആര്‍. നജീം said...

മനസ്സില്‍ തൊട്ടു...

ക്രിസ്മസ് പുതുവത്സരാശംസകള്‍..!

നമുക്കൊരു ടൂർ പോവാം said...

ചന്ദന്മുട്ടികള്‍ക്കിടയില്
കത്തി എരിയുന്ന ഒരു കൂട്ടം സ്വപ്നങ്ങളുടെ ചിത
ഓര്‍മ്മകളായ് ശേഷിക്കുന്ന
ബലിച്ചോറുരുളകള്
കൊത്തിയെടുത്തു ദൂരേയ്ക്കു
പറന്നു പോയ ഇന്നലെയുടെ ആത്മാക്കള്!
നാമിന്നു,
നെടുകെ കീറിയെറിഞഞ -
നാക്കില പോലെ രണ്ടു ജന്മങ്ങള്

മുക്കുവന്‍ said...

മനസ്സില്‍ മമ്മി മാത്രം.....മുലയൂട്ടി വളര്‍ത്തിയില്ലാന്നെ ഉള്ളൂ.....അമ്മിഞ്ഞപ്പാലിന്‍റെ വാത്സല്യമുള്ള ആ വറ്റാത്ത സ്നേഹം.........സഹിക്കാന്‍ കഴിഞ്ഞില്ല....പൊട്ടിക്കരയുമെന്നു തൊന്നി.....ഇടനാഴിയില്‍ കൂടി നടന്നു, ഒരു തണുത്ത കരം എന്നെ പിടിച്ചു നിര്‍ത്തി...അനീ..നീ വിഷമിക്കരുത്....എന്തും നേരിടാന്‍ ഉറച്ച ഒരു മനസില്‍ നിന്നുള്ള വാചകം.....

made me to cry!