Custom Search

Wednesday, November 25, 2009

വനസ്ഥലികളിലൂടെ......


ഫെബ്രുവരിയുടെ അവസാനത്തെ ഒരു ദിവസം ഉച്ച കഴിഞ്ഞാണ്‌ മൂകാംബികയിലെത്തുന്നത്‌. ലോഡ്‌ജില്‍ ഭാരങ്ങളിറക്കിയതിനുശേഷം സൗപര്‍ണ്ണിക തേടി യാത്രയായി. മരങ്ങള്‍ തണല്‍ വിരിച്ച വഴികള്‍ പിന്നിട്ട്‌ സൗപര്‍ണ്ണികയിലെത്തുമ്പോഴേക്കും ചെറുതായി തണുപ്പു പരന്നു തുടങ്ങിയിരുന്നു. ചെറുതല്ലാത്ത ആള്‍ക്കൂട്ടം. സോപ്പ്‌ ചിപ്പ്‌ കണ്ണാടി അവശിഷ്ടങ്ങള്‍ ഭക്ഷണ സാധങ്ങള്‍ പൊതിഞ്ഞു കൊണ്ടു വന്ന കവറുകള്‍. മനസ്സിലുള്ള ഒരു സൗപര്‍ണ്ണിക തീരമായിരുന്നില്ല അത്‌. വെള്ളത്തിന്‌ ചെറിയൊരു തടയണ തീര്‍ത്തിരിക്കുന്നു. ഒഴുക്കുകുറഞ്ഞ വെള്ളത്തിന്‌ ചെറിയ വഴുവഴുപ്പ്‌. സ്‌ത്രീകളും കുട്ടികളുമടക്കമുള്ള ആളുകള്‍ വണ്ടിയിലും നടന്നും സൗപര്‍ണ്ണിക തീരത്തെത്തുകയും ഒരനുഷ്ടാനം പോലെ കുളിച്ചുകയറുകയും ചെയ്യുന്നുണ്ട്‌. കടവില്‍ നിന്ന്‌ കുറച്ച്‌ മുകളിലായി പുഴയിലിറങ്ങി. വെള്ളത്തിന്‌ അപ്പോഴും സുഖകരമായ ഒരിളം ചൂട്‌. തൃശ്ശുരില്‍ നിന്ന്‌ മംഗലാപുരത്തേക്കുള്ള കഠിനമായ ഒരു ട്രെയിന്‍ യാത്രയും അവിടെ നിന്ന്‌ മണിക്കുറുകള്‍ നീണ്ട ബസ്‌ യാത്രയും. ചവിട്ടടി വെക്കാന്‍ പോലുമാകാത്ത തിരക്കായിരുന്നു നേത്രാവതി എക്‌സ്‌പ്‌സ്സില്‍. ഒരു പോള കണ്ണടക്കാനായില്ല രാത്രി. മുന്‍കൂട്ടി തീരുമാനിച്ചുറപ്പിച്ച്‌ ഒരു യാത്ര അന്‍വറിനോടൊപ്പം സാദ്ധ്യമല്ല. രാവിലെയാകും ചിലപ്പോള്‍ വിളിവരുന്നത്‌ വൈകീട്ട്‌ പോകാം. പ്രത്യേകിച്ച്‌ ഒരുക്കങ്ങളുമില്ല. ഒരു ജോഡി വസ്‌ത്രം ഒരു ടവ്വല്‍. വായിക്കാനായി ഏതെങ്കിലും പുസ്‌തകം. ഭക്ഷണത്തിലും താമസത്തിലും യാതൊരു നിര്‍ബന്ധങ്ങളുമാല്ല. കിട്ടിയതെന്തും കഴിക്കും റൂമുകിട്ടിയില്ലെങ്കില്‍ റെയില്‍വേപ്ലാറ്റ്‌ഫോമിലും കടവരാന്തയിലും കിടക്കും.

കടവില്‍ ആളൊഴിഞ്ഞുടങ്ങിയിരിക്കുന്നു. മരത്തലപ്പുകള്‍ക്കിടയിലുള്ള വിടവുകളിലൂടെ നിലാവു പരന്ന ആകാശം കാണം. വെള്ളത്തിലും തണുപ്പുപരക്കുകയാണ്‌. മുറിയിലേക്കുള്ള നടത്തത്തെകുറിച്ചാലോചിച്ചപ്പോള്‍ വെള്ളത്തില്‍ നിന്ന്‌ കയറാന്‍ മടി തോന്നി. അമ്പലത്തിലെ തേര്‌ അന്ന്‌ പുറത്തിറക്കി പ്രദക്ഷിണമുണ്ട്‌.

ക്ഷേത്രത്തില്‍ മോശമല്ലാത്ത തിരക്കുണ്ട്‌ മലയാളി കുടുംബങ്ങളാണ്‌ അധികവും. തേര്‌ വലിക്കാന്‍ കൂടി ഒടുവില്‍ തേരില്‍ നിന്ന്‌ നാണയങ്ങള്‍ വാരിയെറിയും അത്‌ കിട്ടുന്നവര്‍ക്ക്‌ ഭാഗ്യം കൈവരുമെന്ന്‌ വിശ്വാസം. ഞങ്ങളും ശ്രമിച്ചു അന്‍വറിനെയാണ്‌ ഭാഗ്യം കടാക്ഷിച്ചത്‌. അമ്പലത്തിലെ ഊട്ടുപുരയില്‍ നിന്ന്‌ ആവശ്യത്തിലധികം വെന്ത പച്ചരിച്ചോറും സാമ്പാറും കൂട്ടി നന്നായി ഭക്ഷണം കഴിച്ചു. കൗമാരക്കാരായ പട്ടുപാവാടക്കാരെ കണ്ണെറിഞ്ഞും അമ്പലക്കാഴ്‌ച്ചകളില്‍ മുഴുകിയും കുറച്ചുനേരം ചുറ്റി നടന്നു. ചുറ്റുമുള്ള കടകളില്‍ കച്ചവടം പൊടിപൊടിക്കുന്നു. തണുപ്പിന്‌ കട്ടിയേറുന്നു കണ്‍ പോളകളുടെ ഭാരവും കൂടിവരികയാണ്‌. ലോഡ്‌ജ്‌മുറിയിലേക്ക്‌ നടന്നു.

രാവിലെ വൈകിയാണ്‌ എഴുനേറ്റത്‌. അമ്പലത്തില്‍ നിന്ന്‌ കുറച്ചുമാറിയാണ്‌ ലോഡ്‌ജ്‌. ജാലകത്തിലുടെ പരന്നുകിടങ്ങുന്ന പച്ചതലപ്പുകളും ചില സമതലങ്ങളും ദൂരെയുള്ള മലനിരകളും കാണാം. വെളിനിലങ്ങളില്‍ പണിയെടുക്കുന്നവരുടെ ദുരക്കാഴ്‌ച്ച. കുറച്ചകലെയായി ക്ഷേത്രം പോലെ എന്തോ ഒന്നിന്റെ പണി നടക്കുന്നു. വണ്ടിത്താവളത്തുകാരന്‍ തഥാഥന്റെ ആശ്രമാണെന്ന്‌ ലോഡ്‌ജിന്റെ മാനേജര്‍ പറഞ്ഞു. കണക്കൂതീര്‍ത്ത്‌ തോള്‍സഞ്ചിയുമെടുത്തിറങ്ങി. ഇനി കുടജാദ്രിയിലേക്കാണ്‌.

മൂകാംബികയില്‍ നിന്ന്‌ കുടജാദ്രിലേക്കുള്ളയാത്ര കാല്‍നടയായിട്ടാകണമെന്ന്‌ ആദ്യമേ തീരുമാനിച്ചിരുന്നു. നേരിട്ട്‌ നടക്കാനാകില്ലെന്നും ഷിമോഗ ബസ്സില്‍ കയറി കാരിക്കട്ടെ എന്ന സ്ഥലത്ത്‌ ബസ്സിറങ്ങി പിന്നെയൊരു 6 കിലോമീറ്റര്‍ കാട്ടിലൂടെ നടന്നാല്‍ കുടജാദ്രിയെത്തും എന്നും പറഞ്ഞത്‌ രാമചന്ദ്രേട്ടനായിരുന്നു. തളിപ്പറമ്പുകാരനാണ്‌ രാമേട്ടന്‍ വര്‍ഷങ്ങളായി മൂകാംബികയില്‍ ഹോട്ടല്‍ നടത്തുന്നു. ചെറുതായി തുടങ്ങിയതാണ്‌. ഇപ്പോള്‍ ഹോട്ടലിനോട്‌ ചേര്‍ന്ന്‌ 6 മുറി കൂടി എടുത്ത്‌ തീര്‍ത്ഥാടകര്‍ക്ക്‌ ദിവസവാടക്ക്‌ കൊടുക്കുന്നു. ടൗണില്‍ നിന്ന്‌ ഉള്ളിലേക്ക്‌ മാറി രണ്ടേക്കറോളമുള്ള ഒരു സ്ഥലം വാങ്ങി ചെറിയ കൃഷികള്‍ നടത്തുന്നു. തങ്കപ്പന്‍നായരുടെ ചായക്കടയെ പറ്റി പറഞ്ഞതും രാമേട്ടനാണ്‌. ബസ്സില്‍ കാര്യമായ തിരക്കില്ല. ഗ്രാമീണരും ചില കച്ചവടക്കാരുമല്ലാതെ തീര്‍ത്ഥാടകരൊ സഞ്ചാരികളൊ ഞങ്ങള്‍ കയറിയ ബസ്സിലുണ്ടായിരുന്നില്ല. കാരിക്കട്ടെയില്‍ ബസ്സിറങ്ങുമ്പോള്‍ കുടജാദ്രിയിലേക്കുള്ള മണ്‍പാത കണ്‍ഡക്ടര്‍ കാണിച്ചുതന്നു. അടുത്തിടെ വീതി കുട്ടിയ ഒരു റോഡ്‌ കാടിനു നടുവിലൂടെ ഉള്ളിലേക്ക്‌ പോകുന്നു. മുന്‍പിലും പുറകിലും ആരുമില്ല. കാടു കടന്ന്‌ വെളിനിലങ്ങളിലേക്കെത്തി. വെട്ടുകല്ലുകള്‍ നിരത്തി അതിര്‍ത്തിതിരിച്ച ചില പറന്വുകള്‍ ചിലതിന്‌ കാട്ടുകുറ്റിചെടികള്‍ വെച്ച്‌ വേലി തീര്‍ത്തിരിക്കുന്നു. നല്ല വെയിലുണ്ട്‌. മരത്തണലുകള്‍ കുറഞ്ഞു വരുന്നു. കുപ്പിയില്‍ കരുതിയ വെള്ളം തീര്‍ന്നുതുടങ്ങി. വഴിയില്‍ രണ്ടുമുന്നു കുടുമ വെച്ച കാവി വസ്‌ത്രധാരികള്‍ റോഡിലെ കുഴികള്‍ മൂടുന്നുണ്ട്‌. ഹരേകൃഷ്‌ണക്കാരുടെ ഭകതി വേദാന്ത എന്ന ഓര്‍ഗാനിക്ക്‌ വില്ലേജിലെ അന്തേവാസികളാണ്‌. വഴി പറഞ്ഞു തന്നു നേരെ തന്നെ കുറച്ചുകൂടി പോയാല്‍ ചായക്കടയുണ്ട്‌ അവിടെ കയറി ക്ഷീണം തീര്‍ക്കാം.

1970 കളില്‍ മല കയറി വന്നതാണ്‌ കോതമംഗലത്തുകാരന്‍ തങ്കപ്പന്‍ നായര്‍ അന്ന്‌ കുടജാദ്രിയിലേക്ക്‌ ജീപ്പില്ല. എല്ലാവരും നടന്നു തന്നെ പോകും. അവര്‍ക്കായി ചായക്കടയിട്ടു. നല്ല ഭക്ഷണം നല്ല കച്ചവടം. പുരയിടമായി ഭൂമിയായി കുടുംബമായി കുട്ടികളായി അവര്‍ക്കും കുടുംബമായി. ജീപ്പുകളുണ്ട്‌ പലചരക്ക്‌ സ്റ്റേഷനറി സാധങ്ങളുടെ കച്ചവടം. എങ്കിലും ആദ്യത്തെ തൊഴില്‍ ഉപേക്ഷിക്കുന്നില്ല നായര്‍. പുട്ടും പഴവും പപ്പടവും കടലക്കറിയും വാരി വലിച്ചുതിന്നിട്ടും ആര്‍ത്തിമാറിയില്ല ഞങ്ങള്‍ക്ക്‌. കുറച്ചുനേരമിരുന്നാല്‍ ഉച്ചഭക്ഷണം തരാം എന്നായി നായര്‍. വേണ്ട നടന്നോളൂ ഇപ്പോപ്പോയാല്‍ ഒരുമണിയോടെ മലമുകളിലെത്താം ഇരുന്നാല്‍ വൈകും പിന്നെയും ചൂടു കൂടും നായര്‍ തന്നെ പറഞ്ഞു. അപ്പോഴേക്കും അടുത്ത ബസ്സില്‍ വന്നവരാണെന്നു തോന്നുന്നു അഞ്ചെട്ടുപേരെത്തി. ചിലര്‍ തങ്കപ്പന്‍ നായരുടെ മുന്‍ പരിചയക്കാര്‍. ഫെഡറേഷന്‍ ഓഫ്‌ ഫിലിം സൊസൈറ്റീസ്‌ പ്രസിഡന്റ്‌ വി.കെ.ജോസഫുമുണ്ട്‌ കൂട്ടത്തില്‍.

വീണ്ടും നടന്നുതുടങ്ങി. ചിലയിടത്ത്‌ പറങ്കിമാവിന്‍ തോട്ടങ്ങളാണ്‌. കുടിയേറ്റത്തിന്റെ ബാക്കിപത്രം. സര്‍ക്കാര്‍ വനവും സ്വകാര്യഭൂമികളും ഇടകലര്‍ന്നുകിടക്കുകയാണ്‌. കയറ്റവും വെയിലും അന്‍വര്‍ വഴിയിലിരിപ്പായി. വെള്ളവും കഴിഞ്ഞുതുടങ്ങി. പുറകില്‍ വീണ്ടും ആളുകളെത്തുന്നു. ചിലരൊക്കെ കടന്നുപോയി. പാനൂരുകാരായ മൂന്നുപേരെ പരിചയപ്പെട്ടു. സനീഷും സജീഷും പ്രശാന്തും. സനീഷും സജീഷും സഹോദരങ്ങളാണ്‌ പ്രശാന്ത്‌ അവരുടെ അയല്‍വാസിയും തികഞ്ഞ ഭക്തരാണ്‌ മൂന്നുപേരും കാവി വസ്‌ത്രത്തിലാണ്‌ പ്രശാന്ത്‌ പിന്നെയുള്ള യാത്ര ഒരുമിച്ചായി. തണലിടങ്ങളില്‍ വിയര്‍പ്പാറ്റി തുറസ്സുകള്‍ മുറിച്ചുകടന്ന്‌ കുടജാദ്രി പൂജാരിമാര്‍ താമസിക്കുന്ന ഇടത്തെത്തിയപ്പോഴേക്കും ഒന്നരകഴിഞ്ഞു.

തണുത്തവെള്ളം കുടിച്ച്‌ ദാഹം മാറ്റി. മുകളിലേക്ക്‌ കയറിയാല്‍ കാട്ടരുവിയുണ്ടെന്നും കുളിച്ചുവരുമ്പോഴേക്കും ഭക്ഷണം ശരിയാക്കാമെന്നും ശാക്തേയപൂജയുള്ള വീട്ടീലെ അമ്മ പറഞ്ഞു. കുറച്ചു മല കയറിയപ്പോഴെ കേട്ടുതുടങ്ങി വെള്ളമൊഴുകുന്ന ശബ്ദം. കാട്ടരുവിയിലെ ചെറിയൊരു വെള്ളച്ചാട്ടമാണ്‌ നല്ല തണുത്ത തെളിഞ്ഞ വെള്ളം. കുത്തിനുതാഴെ നിന്നപ്പോള്‍ ക്ഷീണം അകന്നുപോകുന്നതും സമാധിതുല്യമായ ഒരവസ്ഥയിലേക്ക്‌ ശരീരം മാറുന്നതും ഞങ്ങളറിഞ്ഞു. ജലം ഔഷധതുല്യമാകുകയാണ്‌. കാട്ടരുവിയെ പൂര്‍ണ്ണമായി തന്നിലേക്കാവാഹിക്കാനെന്നോണം പ്രശാന്ത്‌ അവശേഷിക്കുന്ന വസ്‌ത്രവും ഉരിഞ്ഞെറിഞ്ഞു പുറകെ ഞങ്ങളും. പൂര്‍ണ്ണ നഗ്നരായി സ്ഥലകാലസമയബന്ധങ്ങളില്‍ നിന്നെല്ലാം വിമുക്തരായി പ്രകൃതിയിലലിഞ്ഞ്‌ എത്ര നേരം. അത്രയും ഉന്‍മേഷകരായ ഒരു കുളി അതിന്‌ മുന്‍പും പിന്‍പും ഉണ്ടായിട്ടില്ല. പ്രകൃതിയുടെ ചില സ്‌പര്‍ശനങ്ങളങ്ങനെയാണ്‌ നമ്മളെ അത്‌ മാറ്റിമറയ്‌ക്കും ജോണ്‍സി മാഷ്‌ പറയാള്ളത്‌ എത്‌ അവസ്ഥയെക്കുറിച്ചായിരുന്നു എന്ന്‌ പൂര്‍ണ്ണമായി മനസ്സിലായത്‌ അപ്പോഴാണ്‌. മലയിറങ്ങുമ്പോള്‍ എല്ലാവരും മൗനികളായിരുന്നു. കഴിഞ്ഞുപോയ കാതങ്ങള്‍ക്ക്‌ ഒരു ജന്മത്തിന്റെ ദൈര്‍ഘ്യം ഉണ്ടായിരുന്നെങ്കിലെന്ന്‌ ചിലരെങ്കിലും കരുതാറുണ്ടായിരിക്കും ഇവിടെ നിന്ന്‌ മടങ്ങുമ്പോള്‍. സൗപര്‍ണ്ണിക തന്ന നിരാശ മറികടന്നതും ആ യാത്രയുടെ മാത്രമല്ല അതു വരെയുള്ള ജീവിത്തിന്റെ തന്നെ എല്ലാ മുഷിപ്പുകളും കഴുകികളഞ്ഞതിനും ആ കാട്ടരുവിക്ക്‌ നന്ദി. എല്ലാ ക്ഷീണവും കഴുകി കളഞ്ഞ്‌ പുതു ഊര്‍ജ്ജം നേടി തിരിച്ചിറങ്ങുമ്പോള്‍ നിഴലുകള്‍ക്ക്‌ നീളം കുടി തുടങ്ങിയിരുന്നു.

(തുടരും)

8 comments:

വീകെ said...

ആ തണുപ്പിൽ എങ്ങന്യാ കുളിച്ചത്...?!

ആശംസകൾ..

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

യാത്രാ വിവരണം കൊള്ളാം. മൂകാംബികയും, സൌപര്‍ണ്ണികയും, കുടജാദ്രിയുമൊക്കെ പഴയൊരു മൂംകാംബിക യാത്രയുടെ ഓര്‍മ്മകളുണര്‍ത്തി. ബാക്കി ഭാഗങ്ങള്‍ കൂടി വരട്ടെ.

കെ.കെ.എസ് said...
This comment has been removed by the author.
കെ.കെ.എസ് said...

valare nannayirikkunnu

Jayasree Lakshmy Kumar said...

നന്നായിരിക്കുന്നു വിവരണം. കുറേക്കൂടി ചിത്രങ്ങളുണ്ടായിരുന്നെങ്കിൽ എന്നു തോന്നി.

aneeshans said...

nice. add more pictures if you can. thats the only things missed here

ഗൗരിനാഥന്‍ said...

പോകണം എന്ന് വിചാരിച്ചിട്ട് പോകാന്‍ പറ്റിയിട്ടില്ല, ഇതു വായിച്ചപ്പോള്‍ ആസങ്കടം തീര്‍ന്നു,ഫോട്ടോ ഇല്ല്യാഞ്ഞിട്ടും മനസ്സില്‍ തെളിയുന്ന കാഴ്ചകള്‍..

jayanEvoor said...

ഇഷ്ടപ്പെട്ടു...
നല്ല വിവരണം.