Custom Search

Friday, February 4, 2011

ചിരിയുടെ മച്ചാന് പ്രണാമം


സാധാരണക്കാരന്റെ മട്ടും ഭാവവും പാടെ പകര്‍ത്തി കഥാപാത്രങ്ങളെ തന്റെ
സ്വതസിദ്ധ ശൈലിയില്‍ അവതരിപ്പിച്ച് മലയാള സിനിമയില്‍ ചിരിയുടെ മാല പടക്കം
പൊട്ടിച്ച മലയാള സിനിമയുടെ ചിരിയുടെ മച്ചാന്‍ താന്‍ ചെയ്ത കഥാപാത്രങ്ങളെയും

രംഗങ്ങളെയും എന്നും അയവിറക്കാന്‍ ബാക്കി വെച്ച്
എന്നന്നേക്കുമായി സിനിമാ പ്രേക്ഷകരുടെ

ഓര്‍മകളുടെ ചില്ലുകൂട്ടിലേക്ക് അന്ത്യ പാലായനം ചെയ്തു .


കൊച്ചിന്‍ ഹനീഫ് ക്കാ വിട വാങ്ങിയതിന്റെ ഒന്നാം വാര്‍ഷികത്തില്‍ വീണ്ടും ഒരു മരണ വാര്‍ത്ത
ക്കൂടി സിനിമാ ലോകത്ത് അമ്പരപ്പ് സൃഷ്ട്ടിച്ചിരിക്കുകയാണ് . മലയാള
സിനിമയിലെ കഴിവുള്ള താരങ്ങള്‍ നമ്മെ വിട്ടു മറഞ്ഞു പോവുകയാണ് .....


' അടര്‍ന്നു വീഴുന്ന ഓരോ പകലുകള്‍ക്കും മുന്നോട്ടുള്ള ഓരോ ചുവടുകള്‍ക്കും
ഇടയില്‍ പതിയിരിക്കുന്ന യാഥാര്‍ത്യത്തെ (അന്ത്യം ) ആര്‍ക്കും
കണ്ടുപിടിക്കാനും , ചെറുക്കാനും കഴിയില്ലല്ലോ ' ...
അസ്വാഭാവികമായി നര്‍മ്മം കൈകാര്യം ചെയ്തിരുന്ന അസാധ്യമായ ടൈമിങ്ങുകളുള്ള നടനായിരുന്നു മച്ചാന്‍ വര്‍ഗീസ്. അദേഹത്തിന്റെ ശബ്ദത്തിന്റെ പ്രത്യേകത യും ആ വ്യത്യസ്ത്യമായ കഴിവുകളും കൊണ്ടാവും അദേഹം ചെയ്ത ചെറിയ കഥാപാത്രങ്ങളെ പോലും നാം എന്നും ഓര്‍ത്തിരിക്കുന്നത് . മൂന്നു മാസം മുമ്പാണ് ഞാന്‍ അദേഹത്തെ വീണ്ടും കണ്ടു മുട്ടുന്നത് അതും തികച്ചും അപ്രതീക്ഷിതമായി കലൂരിലെ ലിസ്സി ജംഗ്ഷനിലെ ഷംസു ടൂറിസ്റ്റ് ഹോമില്‍ വെച്ച് .... " ബെസ്റ്റ് ആക്ടര്‍ " എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വര്‍ക്കുകള്‍ കഴിഞ്ഞ് നാട്ടിലേക്ക് പോകാന്‍ തയ്യാറായി നില്‍ക്കുകയാണ് ഞങ്ങള്‍ . സിറ്റൌട്ടില്‍ മറ്റാരോടോ സംസാരിച്ചു കൊണ്ട് നിന്നിരുന്ന അദേഹം ഞങ്ങളെ കണ്ടു അടുത്തേക്ക്‌ വന്നു . കുശലന്വേഷണങ്ങള്‍ക്കൊടുവില്‍ അദേഹം ചായക്ക്‌ ഓര്‍ഡര്‍ ചെയ്തു . കൂടെ കഴിക്കാന്‍ തൊട്ടടുത്ത കടയില്‍ അദേഹം തന്നെ ചെന്ന് ഒരു പാക്ക് ക്രീം ബിസ്ക്കറ്റും വാങ്ങി പൊട്ടിച്ചു ഞങ്ങളും കൂടെ കഴിച്ചു . ' സിജാറേ നിന്റെ പേര് മാറ്റി അച്ചാര്‍ എന്നാക്കി വിളിച്ചു കൂടെ ... കേള്‍ക്കാനും വിളിക്കാനും അതല്ലേ രസം ' എന്ന് പറഞ്ഞു എപ്പോഴും കളിയാക്കിയിരുന്ന അദേഹം അന്നും ഇത് പറഞ്ഞു എന്നെ ശുണ്ടി പിടിപ്പിച്ചിരുന്നു .. ...ഇതായിരുന്നു അദേഹത്തിന്റെ സ്വഭാവം . സാധാരണക്കാരനില്‍ സാധാരണക്കാരന്‍ ആകാനായിരുന്നു എപ്പോഴും അദേഹത്തിന് കൂടുതല്‍ ഇഷ്ട്ടം . സ്കൂട്ടറില്‍ തലയില്‍ പകുതി ഹെല്‍മറ്റും ധരിച്ച് യാത്രയില്‍ ഇടയ്ക്കു വെച്ച് ട്രാഫിക്ക് പോലീസിനെ കാണുമ്പോള്‍ മാത്രം ഹെല്‍മെറ്റ്‌ മുഴുവനും ധരിക്കുന്ന , കാണുന്നവരോട് സ്കൂട്ടര്‍ നിര്‍ത്തി പരിചയം നില നിര്‍ത്തുന്ന സാധാരണ സ്കൂട്ടര്‍ യാത്രക്കാരനായ മച്ചാന്‍ വര്‍ഗീസിനെ എന്നെ പോലെ തന്നെ മറ്റുള്ളവരും കണ്ടിരിക്കും ഏറണാകുളം ടൌണിലെ റോഡുകളില്‍ ഇനി അതും ഓര്‍മ്മകള്‍ മാത്രമാവും ... ലിസ്സി ഹോസ്പിറ്റലില്‍ ഡോക്ടറെ കാണാന്‍ മകനെയും കാത്തു നില്‍ക്കുകയായിരുന്നു അന്ന് അദേഹം . കുറച്ചു കഴിഞ്ഞ് മകന്‍ വന്നപ്പോള്‍ ഞാന്‍ വരട്ടെ എന്ന് പറഞ്ഞു അദേഹം ഞങ്ങളോട് യാത്ര പറഞ്ഞു പോയപ്പോള്‍ .... വീണ്ടും കാണുവാനും സംസാരിക്കാനും തിരിച്ചു വരാത്ത യാത്രയാവും അതെന്നു ഞങ്ങള്‍ ആരും ഒരിക്കലും കരുതിയത് പോലുമില്ല . ആ ഓര്‍മ്മകള്‍ ഞങ്ങള്‍ക്ക് എന്നും ഓര്‍ക്കാന്‍ പാഴ് കിനാവുകള്‍ മാത്രമായി ... ഹാസ്യത്തിന് രൂപം കൊണ്ടും ഭാവം കൊണ്ടും സംഭാഷണം കൊണ്ടും തന്റേതായ ശൈലി നല്കിയ നടനായിരുന്നു മച്ചാന്‍ വര്‍ഗീസ്. മീശമാധവനിലെ ലൈന്‍മാന്‍ ലോനപ്പനെയും തെങ്കാശിപ്പട്ടണത്തിലെ കറവക്കാരനെയും പഞ്ചാബി ഹൗസിലെ പന്തല്‍ക്കാരനെയും സി ഐ ഡി മൂസയിലെ സെബാസ്റ്റ്യനെയും സിനിമപ്രേമികളുടെ മനസില്‍ ബാക്കിയാക്കിയാണ് മച്ചാന്‍ വര്‍ഗീസ് വിടപറഞ്ഞത്. ഏച്ചുകെട്ടലില്ലാത്ത സാധാരണക്കാരന്റെ ലാളിത്യമുളള ഹാസ്യമായിരുന്നു ഈ
എളമക്കരക്കാരനെ ശ്രദ്ധേയനാക്കിയത്. മീശമാധവനില്‍ ഇലക്ട്രിക്

പോസ്റ്റിലിരുന്നുകൊണ്ട് പിടലീ എന്ന് കൊച്ചിന്‍ ഹനീഫയെ വിളിക്കുന്ന ഒരൊറ്റ

രംഗം മതി മച്ചാന്റെ തനതുശൈലി തിരിച്ചറിയാന്‍.
കാബൂളിവാല , മാന്നാര്‍ മത്തായി സ്പീക്കിങ് , തെങ്കാശിപ്പട്ടണം,
മീശമാധവന്‍, തൊമ്മനും മക്കളും സിഐഡി മൂസ, പഞ്ചാബി ഹൗസ്, തിളക്കം,

ഫ്രണ്ട്‌സ്, ജലോത്സവം, കൊച്ചിരാജാവ്, ചതിക്കാത്ത ചന്തു, പറക്കുംതളിക,

കുഞ്ഞിക്കൂനന്‍, ഹിറ്റ്‌ലര്‍, പാപ്പീ അപ്പച്ചാ, ചക്രം, ഡ്യൂപ്ലിക്കേറ്റ്,

മലബാര്‍ വെഡ്ഡിംഗ്, പട്ടാളം, വെള്ളിത്തിര, വണ്‍മാന്‍ ഷോ, വാഴുന്നോര്‍,

മന്ത്രമോതിരം, പുതുക്കോട്ടയിലെ പുതുമണവാളന്‍ തുടങ്ങി അമ്പതോളം

ചിത്രങ്ങളില്‍ ശ്രദ്ധേയങ്ങളായ കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചു.


സ്‌കൂള്‍ പഠനകാലത്ത് തന്നെ അനുകരണകലയില്‍ വര്‍ഗീസ് വിദഗ്ധനായിരുന്നു. കൊച്ചിയിലെ നാടകവേദികളില്‍ കര്‍ട്ടന്‍കെട്ടുകാരനായി രംഗപ്രവേശം നടത്തിയ
മച്ചാന്‍ വര്‍ഗീസ് വരാത്ത നടന്‍മാര്‍ക്ക് പകരക്കാരനായി അഭിനയത്തിലും

പയറ്റി. നാടകവേദിയില്‍ നിന്ന് മിമിക്രിയിലേക്ക് മച്ചാനെ

കൈപിടിച്ചുകയറ്റിയത് നടന്‍ ഹരിശ്രീ അശോകനായിരുന്നു. എല്ലാവരെയും മച്ചാനെ

എന്ന് വിളിച്ചിരുന്ന എം എല്‍ വര്‍ഗീസിനെ മച്ചാന്‍ വര്‍ഗീസാക്കിയത്

സംവിധായകന്‍ സിദ്ദിഖായിരുന്നു. സിനിമയില്‍ മച്ചാനെ ശ്രദ്ധേയനാക്കിയ

വേഷങ്ങള്‍ സമ്മാനിച്ചതും സിദ്ദിഖ്-ലാല്‍, റാഫി-മെക്കാര്‍ട്ടിന്‍, ലാല്‍ജോസ്

ചിത്രങ്ങളാണ്.


സിനിമയെന്ന മാസ്മരികലോകത്ത് എത്തിപ്പെട്ടതിനു പിന്നില്‍ താരങ്ങള്‍ക്ക്

പറയാനുള്ള കഥകള്‍ വലുതാണ്. എന്നാല്‍ വളര്‍ത്തുനായയുടെ കനിവുമൂലം

വെള്ളിത്തിരയില്‍ ഭാഗ്യം തെളിഞ്ഞ താരമാണത്രെ മച്ചാന്‍ വര്‍ഗീസ്.

ഇതേക്കുറിച്ച് ഒരു അഭിമുഖത്തില്‍ മച്ചാന്‍ പറയുന്നുണ്ട്.
'കാബൂളിവാലയിലേക്ക്
വിളി വന്നപ്പോള്‍ വളര്‍ത്തുനായ പിംഗിയുമായി മച്ചാന്‍ സെറ്റിലെത്തിയത് വലിയ

പ്രതീക്ഷയോടെയായിരുന്നു. പിന്നീടാണറിഞ്ഞത് തന്നെയല്ല, മറിച്ച് തന്റെ

പട്ടിയെയാണ് അവര്‍ക്കാവശ്യമെന്ന്. വിഷമത്തോടെ മച്ചാന്‍ സംവിധായകരോട്

പ്രതികരിച്ചപ്പോള്‍ സ്‌നേഹപൂര്‍വം മച്ചാനായി ഒരു വേഷം സിദ്ദിഖ് ലാല്‍ എഴുതി

ചേര്‍ക്കുകയായിരുന്നു. വളര്‍ത്തുനായയ്‌ക്കൊപ്പം സെറ്റിലെത്തിയ മച്ചാന്റെ അഭിനയമോഹം അദ്ദേഹത്തെയും

നടനാക്കി. പിന്നീട് മാന്നാര്‍മത്തായിയിലും വളര്‍ത്തുനായ പിങ്കിക്കൊപ്പം ഒരു

വേഷം മച്ചാനെ തേടിയെത്തി. തന്റെ പിങ്കിയാണ് തന്നെ നടനാക്കിയതെന്ന്

പിന്നീട് പല അഭിമുഖങ്ങളിലും മച്ചാന്‍ തന്നെ അഭിമാനത്തോടെ

ആവര്‍ത്തിച്ചിരുന്നു. മുന്‍പ് ചില ചിത്രങ്ങളില്‍ മുഖം

കാണിച്ചിരുന്നുവെങ്കിലും പ്രതിഫലം ലഭിക്കുന്ന മച്ചാന്റെ ആദ്യചിത്രം

കാബൂളിവാലയാണ്. സ്‌റ്റേജ് ഷോകളിലും, ടി.വി.പ്രോഗ്രാമുകളിലും

പ്രത്യക്ഷപ്പെടാറുണ്ടായിരുന്ന മച്ചാന് സംഗീതത്തിലും കമ്പമുണ്ടായിരുന്നു.

മകന്‍ റോബിച്ചന്‍ സൗണ്ട് എന്‍ജിനീയറാണ്.
എറണാകുളം എളമക്കര സ്വദേശിയായ മച്ചാന്റെ ഭാര്യ: എല്‍സി. മക്കള്‍: റോബിച്ചന്‍, റിന്‍സു. ബെസ്റ്റ് ഓഫ് ലക്ക് ആണ് അവസാനമായി റിലീസ് ചെയ്ത ചിത്രം. ബോംബെ മിഠായി ആണ് പുറത്തിറങ്ങാനുള്ള ചിത്രം.

3 comments:

സിജാര്‍ വടകര said...

സ്കൂട്ടറില്‍ തലയില്‍ പകുതി ഹെല്‍മറ്റും ധരിച്ച് യാത്രയില്‍ ഇടയ്ക്കു വെച്ച് ട്രാഫിക്ക് പോലീസിനെ കാണുമ്പോള്‍ മാത്രം ഹെല്‍മെറ്റ്‌ മുഴുവനും ധരിക്കുന്ന , കാണുന്നവരോട് സ്കൂട്ടര്‍ നിര്‍ത്തി പരിചയം നില നിര്‍ത്തുന്ന സാധാരണ സ്കൂട്ടര്‍ യാത്രക്കാരനായ മച്ചാന്‍ വര്‍ഗീസിനെ എന്നെ പോലെ തന്നെ മറ്റുള്ളവരും കണ്ടിരിക്കും ഏറണാകുളം ടൌണിലെ റോഡുകളില്‍ ഇനി അതും ഓര്‍മ്മകള്‍ മാത്രമാവും ...

ലിസ്സി ഹോസ്പിറ്റലില്‍ ഡോക്ടറെ കാണാന്‍ മകനെയും കാത്തു നില്‍ക്കുകയായിരുന്നു അന്ന് അദേഹം . കുറച്ചു കഴിഞ്ഞ് മകന്‍ വന്നപ്പോള്‍ ഞാന്‍ വരട്ടെ എന്ന് പറഞ്ഞു അദേഹം ഞങ്ങളോട് യാത്ര പറഞ്ഞു പോയപ്പോള്‍ .... വീണ്ടും കാണുവാനും സംസാരിക്കാനും തിരിച്ചു വരാത്ത യാത്രയാവും അതെന്നു ഞങ്ങള്‍ ആരും ഒരിക്കലും കരുതിയത് പോലുമില്ല . ആ ഓര്‍മ്മകള്‍ ഞങ്ങള്‍ക്ക് എന്നും ഓര്‍ക്കാന്‍ പാഴ് കിനാവുകള്‍ മാത്രമായി ...

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

മച്ചാന്‍ വര്‍ഗ്ഗീസിന്റെ ഓര്‍മ്മകള്‍ക്കു മുന്നില്‍ ആദരാഞ്ജലികള്‍.

വീകെ said...

എന്നും ഓർത്തോർത്ത് ചിരിക്കാൻ പറ്റിയ കഥാപാത്രങ്ങൾക്ക് ജീവൻ കൊടുത്ത ‘മാച്ചാൻ വർഗ്ഗീസ്സിന്റെ’ മരണം ഒരു തീരാനഷ്ടം തന്നെയാണ്.
ആദരാജ്ഞലികൾ...