skip to main |
skip to sidebar
വനസ്ഥലികളിലൂടെ ( തുടര്‍ച്ച)
വിശപ്പുകൊണ്ടായിരിയ്‌ക്കാം ഭക്ഷണത്തിന് നല്ല രുചി തോന്നി. ചെറിയൊരു വിശ്രമത്തിന് ശേഷം വീണ്ടും മല കയറ്റം. ആദ്യം ഗണപതി ഗുഹ പിന്നെ സര്‍വജ്ഞ പീഠം അതും കഴിഞ്ഞ് ചിത്രമൂല വീണ്ടും തിരിച്ച് സര്‍വജ്ഞപീഠത്തിലേക്ക്, അവിടെ രാത്രി തങ്ങാം അങ്ങിനെയൊക്കെയാണ് ആലോചന. ലഘുഭക്ഷണങ്ങള്‍ കൈയ്യില്‍ കരുതിയിട്ടുണ്ട്. വഴിക്കാഴ്‌ച്ചകള്‍ കണ്ടും കുടജാദ്രി മലനിരകളില്‍ നിന്നുള്ള ദൂരക്കാഴ്‌ച്ചകളില്‍ രമിച്ചുമുള്ള യാത്രയുടെ ഒടുവില്‍ സര്‍വജ്ഞപീഠത്തിലെത്തി. ചെറിയൊരു കല്‍മണ്ഡപം അവിടെ വെച്ചാണ് ശങ്കരാചാര്യര്‍ തപസ്സിലൂടെ ജ്ഞാനം നേടിയതെന്ന് വിശ്വാസം. സ്വഛന്ദവും പ്രശാന്തവുമായ അന്തരീക്ഷം. തെളിഞ്ഞകാറ്റും ദൂരക്കാഴ്‌ച്ചകളുടെ സമൃദ്ധിയും. തലേന്ന് രാത്രി ആരോ സര്‍വജ്ഞപീഠപരിസരത്ത് തങ്ങിയിരുന്നു. അടുപ്പുകൂട്ടിയതിന്റെയും ഭക്ഷണസാധനങ്ങളുടെയും അവശിഷ്ടങ്ങളുണ്ട് പരിസരങ്ങളില്‍. ഇളം കാറ്റേറ്റ് സര്‍വജ്ഞപീഠത്തിനരികില്‍ കുറച്ചുനേരം. പിന്നെ ചിത്രമൂലയിലേക്ക്. മലമുകളിലെ പുല്‍പ്പരപ്പിലൂടെ കുറച്ച്‌നേരം നടന്ന് പിന്നെ താഴേക്ക് കുത്തനെയുള്ള ഇറക്കമിറങ്ങി വേണം ചിത്രമൂലയിലെത്താന്‍.
ഒറ്റയടിപ്പാതയുടെ ഒരു വശം അഗാധമായ താഴ്‌ച്ചയാണ്. മണ്ണിടിഞ്ഞ ചിലയിടത്ത് കുറ്റിച്ചെടികളില്‍ പിടിച്ചുവേണം മുന്നോട്ട് നീങ്ങാന്‍. മരണത്തിനും ജീവിതത്തിനുമിടയിലൂടെയുള്ള നൂല്‍പ്പാലം പോലെയാകുന്നു ചിലയിടങ്ങളില്‍ യാത്രാപഥം. ചിലപ്പോഴൊക്കെ മടങ്ങിയാലോ എന്ന് തോന്നും. മനോബലം കൊണ്ട് മാത്രം മറികടക്കേണ്ട വഴിത്താര. കാരിക്കട്ടെയില്‍ നിന്ന് കുടജാദ്രിയിലേക്കുള്ള യാത്ര ഇതിന് മുന്‍പില്‍ നിസ്സാരമാകുന്നു. ഇത്രയും ദുര്‍ഘടമായ വഴിതാണ്ടിയാണ് കോഴിക്കോട്ടുകാരി മീനാക്ഷിയമ്മ എല്ലാവര്‍ഷവും ഇവിടെയെത്തുന്നതും ദിവസ്സങ്ങളോളം ഈ കാടിനുള്ളിലെ ഈ ഗുഹയില്‍ തങ്ങി തപസ്സുചെയ്യുന്നതും. അവരുടെ മനസ്സിന്റെ ചെറുപ്പത്തിനും ബലത്തിനും മുന്‍പില്‍ നമിച്ചുപോകും നമ്മള്‍ ഈ വഴിപിന്നിടുമ്പോള്‍. ഒടുവില്‍ ചിത്രമൂല ഗുഹാമുഖത്തെത്തി. കുത്തനെയുള്ള മലനിരയിലെ ഒരള്ള്. മുന്‍പില്‍ വിശാലമായൊരു താഴ്‌വാരം പരന്നുകിടക്കുന്നു. യുഗങ്ങള്‍ക്ക് മുന്‍പ് കോലമഹര്‍ഷി തപസ്സനുഷ്ടിച്ചതൊടെയാണ് ഇവിടം പുരാണങ്ങളില്‍ ഇടം പിടിക്കുന്നത്. പിന്നീട് ഒരു മലയാളി തപസ്സിനായി ഇവിടം തിരഞ്ഞെടുത്തു. ആദി ശങ്കരന്‍. ജ്ഞാനം കൊണ്ട് ലോകം കീഴടക്കാനും ബൗദ്ധ ജൈന മതങ്ങള്‍ക്ക് മുകളില്‍ വീണ്ടും ആര്യമതത്തിന്റെ വെന്നിക്കൊടി പാറിക്കാനും വേണ്ടി ഇറങ്ങിത്തിരിച്ച ശങ്കരന്‍ ഈ വനസ്ഥലിയുടെ വശ്യതയില്‍ ആകൃഷ്ടനായെന്ന് കഥ. ധ്യാനത്തിന് ഉത്തമമെന്ന് വിശ്വസിക്കുന്ന ഇവിടെ മീനാക്ഷിയമ്മയെപ്പോലെ എപ്പോഴും ആരെങ്കിലുമൊക്കെ തങ്ങുന്നുണ്ടാകും. ഞങ്ങളവിടെ എത്തുമ്പോള്‍ കൊല്ലത്തുകാരന്‍ ഒരു സുരേന്ദ്രനായിരുന്നു അവിടത്തെ അന്തേവാസി.
ചെറിയൊരു വിഗ്രഹം പൂജക്കുള്ള പരിമിതമായ സാമഗ്രികള്‍. ഭക്ഷണം പാകം ചെയ്യാനായി രണ്ടുമൂന്നുപാത്രങ്ങള്‍. ചെറിയൊരു സഞ്ചി. ഒരു പായ തീര്‍ന്നു ഗുഹക്കുള്ളിലെ സാധനങ്ങള്‍. മുകളില്‍ നിന്ന് ഒറ്റി വീഴുന്ന വെള്ളം ഗുഹയുടെ ഒരു വശത്തുകൂടി താഴേക്ക് ഒലിച്ച് പോകുന്നു. ഒരു കോണിലായി ചുള്ളിവിറക് ശേഖരിച്ച് വെച്ചിട്ടുണ്ട്. ക്ഷീണം തീര്‍ക്കാനായി ഗുഹാമുഖത്തിരുന്നു. ഇന്നിവിടെ തങ്ങാമെന്ന് ആദ്യം പറഞ്ഞത് സനീഷാണ്. സുരേന്ദ്രസ്വാമികള്‍ എതിരൊന്നും പറഞ്ഞില്ല. ഇടക്ക് കര്‍ണ്ണാടക്കാരായ ഒരു ചെറിയ സംഘം ഗുഹയില്‍ വന്നുപോയി. നോക്കിയിരിക്കെ മുന്‍പിലെ വിശാലമായ മരത്തലപ്പുകളുടെ സമുദ്രത്തിനുമുകളില്‍ കോട പരന്നു. അതിനപ്പുറം ചക്രവാളത്തില്‍ ചുവപ്പുരാശിയും. അനിര്‍വചനീയമായ അനുഭൂതിയില്‍ മുഴുകിയിരിക്കെ പകല്‍ കടന്നു പോകുന്നതിനും രാത്രിക്കു മുകളില്‍ നിലാവു പരക്കുന്നതിനും ഞങ്ങള്‍ സാക്ഷികളായി. കാടിന്റ സ്വസിദ്ധമായ ശബ്ദങ്ങള്‍ പതുക്കെ തിരിച്ചറിഞ്ഞുതുടങ്ങി. കുറച്ച് അരിയും ശര്‍ക്കരയും ഇരിക്കുന്നുണ്ടെന്നും രാത്രിഭക്ഷണം പായസമാകാമെന്നും സ്വാമികള്‍ പറഞ്ഞു. ചുള്ളിക്കമ്പുകള്‍ വെച്ച് അടുപ്പുകൂട്ടി അന്‍വറും സനീഷും പാചകം ആരംഭിച്ചു. പ്രശാന്തും സജീഷും ഞാനും ചേര്‍ന്ന് പാഥേയങ്ങള്‍ പുറത്തെടുത്ത് പങ്കുവെച്ചു. നേന്ത്രപഴം, അവില്‍, ബ്രഡ്, ഉണ്ണിയപ്പം, കായവറവ്, ചെറുപഴം, അവിലോസു പൊടി അങ്ങിനെ... പായസം എന്ന് പറയാവുന്ന വിഭവവും അതിനിടയില്‍ തയ്യാറായി. താഴെ നിന്നു പറിച്ചെടുത്ത കാട്ടിലകളില്‍ അത്താഴം വിളമ്പി. ഒരുമിച്ചിരുന്നുള്ള ഭക്ഷണം. അതിനിടയില്‍ കാനനവാസത്തിന്റെ അനുഭവങ്ങളും കഥകളും സ്വാമി പങ്കുവെച്ചു. ഗുഹക്കു കുറച്ചുതാഴെ വരെ പുലി വരാറുണ്ടെന്നും ഇവിടെ നിന്നുള്ള വിളക്കുനോക്കി ഏറെ നേരം നിന്ന് മടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. പിന്നെ ചുറ്റുമുള്ള മറ്റ് വന്യമൃഗങ്ങള്‍, ഗുഹക്കുളളില്‍ വന്നുപോകാറുള്ള പാമ്പുകള്‍, പിന്നെ ഗുഹാപരിസരത്തെ അത്ഭുതങ്ങള്‍ കഥകളില്‍ പലതിനും അവിശ്വസനീയതയുടെയും നിറക്കുട്ടുകഥുടെയും അകമ്പടിയുണ്ടായിരുന്നു. ചില കഥകള്‍ പ്രശാന്ത് പോലും വിശ്വസിച്ചതായി തോന്നിയില്ല. ഗുഹക്കുള്ളില്‍ ഒന്നും പേടിക്കാനില്ലെന്നും പക്ഷെ ഉറക്കത്തില്‍ താഴെ വീഴാതെ നോക്കണമെന്നും സ്വാമികള്‍ പറഞ്ഞു. കാടിന് മുകളില്‍ നിലാവ് പെയ്‌തിറങ്ങുകയാണ് ദൂരെ വെളിച്ചത്തിന്റെ ചെറു പൊട്ടുകള്‍ കാണുന്നുണ്ട് മൂകാംബികയും മറ്റ് ചെറു ഗ്രാമങ്ങളുമാണ്. മേഘങ്ങളൊഴിഞ്ഞ സമയത്ത് ഉഡുപ്പിയിലെയും കുന്ദാപുരത്തിലെയും വരെ വെളിച്ചത്തിന്റെ പൊട്ടുകള്‍ ഇവിടെ നിന്ന് കാണാം എന്ന് പറയുന്നു.
എല്ലാവരും പുറത്തെ വിശാലതയിലേക്ക് നോക്കി നിശബ്ദരായി ഇരിക്കുകയാണ്. പ്രകൃതി ചിലപ്പോഴൊക്കെ മനുഷ്യനെ നിശ്ശബ്ദനാക്കും മറ്റു ചിലപ്പോള്‍ തത്ത്വജ്ഞാനിയും. നാളെ മൂകാംബിക വിടുകയാണ് പറ്റിയാല്‍ ഉടുപ്പില്‍ കൂടി കയറണം. പിന്നെ നാട്ടിലേക്ക് ഷിമോഗയും ജോഗ് ഫാള്‍സും അടുത്ത യാത്രയിലാക്കാം കേരളീയം ഇറക്കേണ്ട സമയമായിരിക്കുന്നു ഇനിയും ഒട്ടേറെ പണികള്‍ ബാക്കികിടക്കുന്നു.
ഇനി കിടക്കാം സ്വാമികള്‍ പറഞ്ഞു. ഗുഹയില്‍ 5 പേര്‍ക്ക് ഒരുമിച്ച് കിടക്കാന്‍ സ്ഥലമില്ല. സ്വാമി പുറകില്‍ പായ വിരിച്ചു. പെട്ടെന്ന് പ്രശാന്തും തുടര്‍ന്ന് സജീവും സനീഷും വിരി വിരിച്ചു അതു കണ്ടതൊടെ ഞാനും. അന്‍വര്‍ എറ്റവും അവസാനമായി. അവസാനം കിടക്കുന്ന ആള്‍ ഉറക്കത്തില്‍ ഒന്നുരുണ്ടാല്‍ താഴെയെത്തും. ഞാനെഴുനേറ്റ് അന്‍വറിനെ ഇപ്പുറത്തേക്ക് മാറ്റി. ഒരുമിച്ച് മലകയറിയവരാണ് പല അടുക്കളകളില്‍ നിന്നെത്തിയ പാഥേയങ്ങള്‍ പങ്കുവെച്ചവരാണ്. ഒരുമിച്ചിരുന്ന് അത്താഴം കഴിച്ചവരാണ്. പക്ഷെ നിര്‍ണ്ണായകമായ ചില നിമിഷങ്ങളിലെ സ്വാര്‍ത്ഥത മറികടക്കാന്‍ എളുപ്പമല്ല മനുഷ്യമനസ്സിന്. നിലനില്‍പ്പിന്റെ ഇത്തരം ജീന്‍ ഗുണങ്ങളായിരിക്കാം അവന്റെ ജന്മത്തെ സമാനതകളില്ലാത്തതാക്കുന്നതും. വടക്കരെക്കുറിച്ച് ഞങ്ങള്‍ സ്‌നേഹിക്കാന്‍ മാത്രം അറിയുന്നവരെന്ന് പറയും. കുടജാദ്രിയാത്രയില്‍ തളര്‍ന്നിരുന്ന ഞങ്ങള്‍ക്ക് വെള്ളം തന്ന് കൂടെ കൂട്ടിയവര്‍ തന്നെയാണ് ഇപ്പോള്‍ തിരക്കിട്ട് സ്വന്തം സ്ഥാനം സുരക്ഷിതമാക്കിയതും.
പരുപരുത്ത പാറമേല്‍ വിരിച്ച വിരിപ്പില്‍ ഉറങ്ങാതെ കിടന്നു. മുണ്ടിനും അതിനുമുകളിലായി വീണ്ടും പുതച്ച പുതപ്പിനും തണുപ്പിനെ തടയാനാകുന്നില്ല. ഉറക്കത്തില്‍ താഴേക്ക് ഉരുണ്ടു പോകാതിരിക്കാന്‍ സ്വാമി രണ്ടു കരിങ്കല്ലുകഷ്‌ണങ്ങള്‍ വെച്ച് തന്നു അതിന് പുറമെ ഞങ്ങളുടടെ രണ്ടു പേരുടെ ബാഗുകളും. എങ്കിലും പേടി തോന്നി. താഴെ മരങ്ങളുടെ നിഴലില്‍ ചുവന്ന കണ്ണുകള്‍ കാണുന്നുണ്ടോ, മഞ്ഞ് വീണ് നനഞ്ഞ കരിയിലകളില്‍ പതിഞ്ഞ കാലടികള്‍ അമരുന്നുണ്ടോ. ഉറക്കം വന്നില്ല. രണ്ടു ദിവസം മുന്‍പും ഗുഹക്കുതാഴെ വരെ പുലി വന്നിരുന്നു ഭാഗ്യമുണ്ടെങ്കില്‍ കാണാം. എന്ന് സ്വാമികള്‍ പറഞ്ഞത് ഓര്‍മ്മയില്‍ നിന്നും മായുന്നില്ല. പിന്നെയെപ്പോഴൊ കണ്ണുകളടഞ്ഞു. പാത്രങ്ങള്‍ തട്ടിമറയുന്ന ശബ്ദം കേട്ടാണ് ഉണര്‍ന്നത്. തലക്കുപുറകിലായി വെച്ച ടോര്‍ച്ചുതപ്പി ചാടി എഴുന്നേറ്റു. പാമ്പാണെന്ന് മനസ്സ് തീര്‍ച്ചപ്പെടുത്തിയിരുന്നു. ഭക്ഷണം തേടി വരുന്ന എലികളാണ് കിടന്നോളൂ സ്വാമികള്‍ ശാന്തനായി പറഞ്ഞു.
ഉറക്കം വന്നില്ല. പുതപ്പും മുണ്ടും കൂടി വാരിപ്പുതച്ച് ഗുഹാഭിത്തിയില്‍ ചാരിയിരുന്നു. മുന്‍പില്‍ കോടയൊഴിഞ്ഞ താഴ്‌വാരവും തെളിഞ്ഞ ആകാശവും കടലുപോലെ നിലാവിലങ്ങനെ പരന്നു കിടക്കുകയാണ്. കണ്ണിമവെട്ടാതെ നോക്കിയിരുന്നു ആ കാഴ്‌ച്ച. നിലാവും കാടും ആകാശവും ചേര്‍ന്ന് ഒരുക്കിയ ഒരു മായാലോകമാണ് മുന്‍പില്‍. ഞാനൊരു വിശ്വാസിയല്ല. ഒരു തീര്‍ത്ഥാടകനായല്ല സഞ്ചാരിയായാണ് ഇവിടെ എത്തിയതും. പക്ഷെ ദൈവമെന്നൊന്നുണ്ടെങ്കില്‍ അത് ഈ പ്രകൃതിയായിരിക്കും എന്ന് എനിക്ക് അപ്പോള്‍ തോന്നി. (നിലാവിന് ഇത്രത്തോളം വശ്യതയും സൗന്ദര്യവുമുണ്ടെന്ന് തിരിച്ചറിഞ്ഞതും അന്നാണ്. അന്നത്തെ ആ ഒരു നിലാവു തേടി കലശമലക്കുന്നത്തും നോങ്ങല്ലൂര്‍ പാടത്തും നിളയുടെ മണല്‍ പരപ്പിലും ഗോവന്‍ ബീച്ചുകളിലും ഉറങ്ങാതെ കഴിച്ചുകൂട്ടിയിട്ടുണ്ട്. ഇപ്പോള്‍ ബഹ്‌റിനിലും ആ നിലാവ് തേടുന്നു. പക്ഷെ ജീവിതത്തില്‍ ഒരിക്കല്‍ മാത്രം കൈവരുന്ന മഹാഭാഗ്യം പോലെ അതെന്നെ കൈവിട്ടിരിക്കുന്നു. പക്ഷെ മനസ്സിപ്പോഴും 10 വര്‍ഷങ്ങള്‍ക്കപ്പുറമുള്ള ആ കാഴ്‌ച്ചയുടെ ഹാങ്ങ്‌ഓവറില്‍ തന്നെ).
എത്രനേരം ആ കാഴ്‌ച്ചകണ്ടിരുന്നു എന്നോര്‍മ്മയില്ല. സ്വാമിയുടെ വിളികേട്ടാണ് ഉണര്‍ന്നത്. "സമയം ബ്രഹ്മമുഹൂര്‍ത്തമായിരിക്കുന്നു. മൂകാംബികയില്‍ നട തുറക്കുന്ന സമയമാണ്. ചിത്രമൂലയുടെ ഗുഹാമുഖം പടിഞ്ഞാറോട്ടാണ് മൂകാംബികയുടെ കിഴക്കേനടക്ക് നേരഭിമുഖമായി. അതു കൊണ്ടു തന്നെ ഇവിടെ ദേവിക്ക് മുഖമായിരുന്ന് ധ്വാനിക്കാം". സ്വാമി ക്ഷണിച്ചു.
സ്വാമി പത്മാസനത്തിലമര്‍ന്നപ്പോഴും ഞാനാഇരുപ്പു തന്നെ തുടര്‍ന്നു. കാടിനു മുകളില്‍ പതുക്കെ പകലിന്റെ വരവറിഞ്ഞു തുടങ്ങി ആകാശത്തെ നിറക്കൂട്ടുകള്‍ മാറി മറയുന്നു. മഞ്ഞും മേഘങ്ങളും സൂര്യരശ്‌മികളും നിറങ്ങളും ചേര്‍ന്നുള്ള ജ്വാലവിദ്യ. പ്രഭാതത്തിലെ പ്രകൃതിയുടെ വര്‍ണ്ണവിസ്‌മയങ്ങള്‍ക്ക് സാക്ഷിയാകാന്‍ അപ്പോഴേക്കും സുഹൃത്തുക്കളുമെത്തി. കോടക്കിടയിലൂടെ സൂര്യകിരണങ്ങള്‍ കാട്ടിലേക്കിറങ്ങുകയാണ്.
സുരേന്ദ്രസ്വാമികള്‍ക്ക് ചെറിയൊരു സംഖ്യ കൊടുത്ത് ഞങ്ങള്‍ യാത്രപറഞ്ഞിറങ്ങി. കാറ്റിലുടെയെത്തുന്ന കോട പലപ്പോഴും ചവിട്ടടികളെപ്പോലും മറയ്‌ക്കുന്നു. എങ്കിലും അങ്ങോട്ടുള്ള യാത്രയുടെ ആയാസം തോന്നിയില്ല മടക്കത്തിന്. മുകളിലെത്തി. സര്‍വജ്ഞ പീഠവും പരിസരവും ഒരു ഛായാചിത്രം കണക്ക് കോടയില്‍ കുളിച്ചു തന്നെ കിടക്കുന്നു. കുറച്ചകലെയായി ഒരു കാട്ടുകോഴിപറ്റം പുല്‍മേട് മുറിച്ചുകടക്കുന്നുണ്ട്. ചിത്രമൂലയ്‌ക്ക് മുന്‍പിലെ മായാ ലോകമായിരുന്നു അപ്പോഴും മനസ്സില്‍........
(അവസാനിച്ചു)
2 comments:
നല്ല വിവരണം. കുറച്ച് ചിത്രങ്ങള്‍ കൂടിയുണ്ടായിരുന്നെങ്കില്‍ എന്നാശിച്ചുപോകുന്നു...
നല്ല മനോഹരമായ അവതരണം. ൨ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാന കാല്‍നടയാത്ര ചെയ്ത കാട്ടുവഴികള്‍ എന്നെ വീണ്‍ടും വിളിക്കുന്നപോലെ, കുടജാദ്രിയുടേ ശാന്തി ഞാന്‍ തിരിച്ചറിയുന്നു..
Post a Comment