Custom Search

Thursday, August 5, 2010

അറേബ്യന്‍ സംസ്കൃതിയുടെ പുനരാവിഷ്കാരം

http://www.mansoormaruppacha.blogspot.com/

ഈ വിസ്മയ ലോകത്തേക്ക് എത്തിപ്പെടാന്‍ എന്തേ ഇത്ര വൈകിയത്? ബഹ്‌റൈന്‍ എന്ന രാജ്യത്തിന്‍റെ പഴയകാല ചരിത്രം എത്ര ഭംഗിയായാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. വലിയ പ്രതീക്ഷകള്‍ ഒന്നുമില്ലാതെയാണ് ബഹ്‌റൈന്‍ നാഷണല്‍ മ്യൂസിയം സന്ദര്‍ശിക്കാന്‍ പോയത്. പക്ഷെ മുന്‍വിധികളെ മാറ്റിമറിച്ചു ഈ വെള്ളിയാഴ്ച. തൊട്ടരികില്‍ ഇത്ര മനോഹരമായ ഒരു കാഴ്ചയുണ്ടായിട്ട് അതവഗണിച്ച കഴിഞ്ഞ വര്‍ഷങ്ങളെ എങ്ങിനെ പഴിക്കാതിരിക്കും?
ഇവിടത്തെ ഓരോ അനുഭവങ്ങളെയും വിവരിക്കാന്‍ ഒരു പോസ്റ്റ്‌ മതിയാവില്ല. അതൊകൊണ്ട് ഒരു ഓട്ടപ്രദക്ഷിണം ആവാം.
പഴയകാല ചരിത്രവും ജീവിതരീതികളും സചിത്ര സഹിതം വിവരിക്കുന്ന ആദ്യത്തെ ഹാള്‍ കഴിഞ്ഞാല്‍ പിന്നെ ആസ്വാദനത്തിന്റെ മറ്റൊരു ലോകമാണ് നമുക്ക് മുന്നില്‍ തെളിയുന്നത്. പഴയ ഗുരുകുല വിദ്യാഭ്യാസത്തിന്റെ മാതൃകകളും കല്യാണ പെണ്ണും കല്യാണ രാവിലെ ആഘോഷങ്ങളും തുടങ്ങി പഴയ മീറ്റിംഗ് ഹാളും കൂടാതെ വിവിധ ആഘോഷങ്ങളുടെ രൂപവും ഭാവവും, പിന്നെ ഒരു സംസ്കാരത്തിന്റെ ഭാഗമായിരുന്ന എല്ലാ അടയാളങ്ങളെ കുറിച്ചും നമുക്ക് പരിചയപ്പെടുത്തുന്ന ഇവിടത്തെ കാഴ്ചകള്‍ അത്ഭുതകരമാണ്.

ഇനി മുകളിലത്തെ നിലയിലേക്ക്, കാഴ്ചകളുടെ മറ്റൊരു വിസ്മയലോകത്താണ് ഇപ്പോള്‍ നമ്മളെത്തിയിരിക്കുന്നത്. പവിഴങ്ങളുടെ നാടായാണ് ബഹ്‌റൈന്‍ അറിയപ്പെടുന്നത്. ഇതിന്റെ നിര്‍മ്മാണ രീതി വളരെ വിശദമായിത്തന്നെ ഇവിടെ ഒരുക്കിയിരിക്കുന്നു. പഴയൊരു ബഹ്‌റൈന്‍ ഗ്രാമത്തെ എത്ര മനോഹരമായാണ് ഇവിടെ പുനര്‍നിര്‍മ്മിച്ചിരിക്കുന്നത്. നമ്മളും ഇപ്പോള്‍ ആ പഴയ ഗ്രാമത്തിലെത്തിയ ഒരു ഫീലിംഗ്.
ഇപ്പോള്‍ നമ്മള്‍ സഞ്ചരിക്കുന്നത് പഴയൊരു മാര്‍ക്കറ്റിലൂടെയാണ്. അംബര ചുംബികളും മോട്ടോര്‍ വാഹനങ്ങളുടെ ബഹളവും ഒന്നും ഇപ്പോള്‍ നമ്മുടെ മനസ്സിലില്ല .
ഇതിനകത്ത് കയറുമ്പോള്‍ തന്നെ ആ ഒരു ലോകത്തേക്ക് നമ്മളറിയാതെ എത്തിപ്പെടും. മാര്‍ക്കറ്റിലെ മങ്ങിയ വെളിച്ചത്തിലൂടെ നമ്മളിപ്പോള്‍ സഞ്ചരിക്കുന്നത് നൂറ്റാണ്ടുകള്‍ പിന്നിലൂടെയാണ്. പച്ചക്കറിക്കട ഒരുക്കിയത് കണ്ടാല്‍ കടക്കാരനോട് തക്കാളിക്ക് കിലോക്കെന്തു വില എന്നറിയാതെ ചോദിച്ചുപോകുന്ന ഒറിജിനാലിറ്റി. മരുന്ന് കടയും പുകയില കച്ചവടക്കാരനും ടൈലര്‍ ഷോപ്പും സ്വര്‍ണ പണിക്കാരും മധുരപലഹാരങ്ങള്‍ വില്‍ക്കുന്നകടയും തുടങ്ങി ഈ മാര്‍ക്കറ്റും ഇവിടത്തെ അനുഭവങ്ങളും നമ്മുടെ കൂടെപോരും. തീര്‍ച്ച.

ഇനിയും പോവാനുണ്ട് കാലങ്ങള്‍ പിറകിലേക്ക്. പതിനേഴാം നൂറ്റാണ്ടിലെ ഖുര്‍ആനും മറ്റനേകം രേഖകളും മറ്റും അടങ്ങിയ വിശാലമായ ഹാള്‍ ചരിത്രത്തെ അടുത്തറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മുതല്‍കൂട്ടാവും.
ഇനി ഇറങ്ങിച്ചെല്ലുന്നത് മറ്റൊരു ലോകത്തേക്ക്. അല്പം ഭയപ്പെടുത്തുന്ന എന്നാല്‍ ഒരു കാലഘട്ടത്തില്‍ മരണവും മരണശേഷവും അവലംബിച്ചിരുന്ന രീതികള്‍ തുടങ്ങി ഒരുപാട് മാതൃകകള്‍. ഇവിടത്തെ കാഴ്ചകളെ പരിചയപ്പെടുത്താന്‍ എന്റെ ഭാഷ അപര്യാപ്തമാണ്. ക്ഷമിക്കുക. കാഴ്ചകള്‍ ഇവിടെ അവസാനിക്കുന്നില്ല. ചിത്രങ്ങളും മാതൃകാരൂപങ്ങളുമായി നമുക്ക് കാണാനും പഠിക്കാനും ഒരു വിസ്മയലോകം തന്നെ ഒരുക്കിയിട്ടുണ്ട് ഇവിടെ. പഴയ ബഹ്‌റൈന്‍ സംസ്കാരത്തിന്റെ പുനര്‍ നിര്‍മ്മിതി എന്നുതന്നെ പറയാം.

മൂന്ന് മണിക്കൂര്‍ പോയതറിഞ്ഞില്ല. കണ്ടത് മതിയായില്ല, വല്ലതും കാണാതെ പോയോ എന്നൊക്കെയുള്ള ചിന്തകളുമായി ഞങ്ങള്‍ പുറത്തേക്കിറങ്ങി. പുറത്തു പലതരം ഈത്തപഴങ്ങള്‍ പഴുത്ത് കുലച്ചു നില്‍ക്കുന്നു. ഞങ്ങള്‍ പൊട്ടിച്ചു കഴിച്ചുതുടങ്ങി.
ഈ ഈത്തപഴങ്ങള്‍ക്കോ അതോ അകത്തെ കാഴ്ച്ചകള്‍ക്കോ രുചി കൂടുതല്‍?


മ്യൂസിയം കാഴ്ചകളിലൂടെ
















http://www.mansoormaruppacha.blogspot.com/

3 comments:

മൻസൂർ അബ്ദു ചെറുവാടി said...

മ്യൂസിയത്തില്‍ കണ്ട കാഴ്ചകളെ അതേ ആവേശത്തില്‍ ഇവിടെ എഴുതി ഫലിപ്പിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. കഴിയുകയുമില്ല. അതുകൊണ്ട് കണ്ടവരും കാണാത്തവരും എന്നോട് ക്ഷമിക്കുക.

OAB/ഒഎബി said...

പറഞ്ഞ പോലെ തന്നെ ഒരു ദൃതി എഴുത്തില്‍ കാണുന്നു.
അവിടം വരെ വരാതെ ആയല്ലൊ.
കുറച്ച് ഫോട്ടോ കൂടി ആവാമായിരുന്നു.

സജി said...

നല്ല വിവരണം, ഞാനും ഒന്നു രണ്ടു വട്ടം പോയിട്ടുണ്ട്