Custom Search

Tuesday, November 30, 2010

ഷംസുദീന്റെ മയ്യിത്ത്‌ നാട്ടിലെത്തിയില്ല...

കൊടുങ്ങല്ലൂര്‍ സ്വദേശി ഷംസുദീന്‍ ബഹറയിനില്‍ വാഹനാപകടത്തില്‍ പ്പെട്ട്‌ സല്‍മാനിയ ഹോസ്പിറ്റലില്‍ 2 മാസത്തൊളം കൊമയില്‍ കിടന്ന് ഇക്കഴിഞ്ഞ വെള്ളിയാഴ്ച മരണപ്പെട്ടു, 4 ദിവസമായിട്ടും ഡെഡ്‌ ബൊഡി നാട്ടിലെത്തിക്കാന്‍ സാധിച്ചിട്ടില്ല, സ്പൊന്‍സറുടെ ദുര്‍വാശി കാരണം അയാള്‍ ഇതുവരെയും ഡോക്ക്യുമന്റ്സില്‍ ഒപ്പിട്ടിട്ടില്ല, ഇന്ത്യന്‍ സാമുഹ്യ പ്രവര്‍ത്തകരും നല്ലവരായ ബഹറയിനികളും സ്പൊന്‍സറൊട`
 ‌ സംസാരിച്ചിട്ടും ഇതുവരെക്കും ഫലം കണ്ടിട്ടില്ല, നാട്ടില് ‍നിര്‍ധനരും, നിരാലംബരുമായ ഷംസുക്കായുടെ കുടുംബം കടുത്ത വേദനയില്‍ കഴിയുന്നു..

Thursday, November 11, 2010

ആധുനികശാസ്ത്രവും യുക്തിചിന്തയുടെ പുതിയമുഖവും


ഭൂമികയുടെ ആഭിമുഖ്യത്തിൽ നവം‌മ്പർ 13 ശനിയാഴ്ച രാത്രി 8 മണിക്ക് ആധുനിക ശാസ്ത്രവും യുക്തിചിന്തയുടെ പുതിയ മുഖവും എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിക്കുന്നു. നവോത്ഥാന കാല ശാസ്ത്ര സങ്കല്പനങ്ങളിൽ നിന്ന് ശാസ്ത്രം ബഹുദൂരം മുന്നോട്ട് പോവുകയും മനുഷ്യന്റെ യുക്തി ബോധത്തിൽ വലിയ ചലനങ്ങൾക്ക് വഴിതെളിക്കുകയും ചെയ്ത ഒരു കാലമാണിത്. കല മുതൽ രാഷ്ട്രീയ നിരീക്ഷണങ്ങൾ വരെ വിവിധ മേഖലകളിൽ മാറ്റം കടന്ന് പ്രവർത്തിക്കുന്നുണ്ട്. നിലയ്ക്ക് ശാസ്ത്രവും അതിന്റെ ദർശനവും കൂടുതൽ അടുത്തറിയുകയും പുതിയകാലത്തെ ശാസ്ത്രീയവീക്ഷണമെന്തെന്ന് അന്വേഷിക്കുകയും ചെയ്യുകയാണ് ചർച്ചയിലൂടെ ചെയ്യുന്നത്. മോഡറേറ്റർ: സജി മങ്ങാട് വിഷയാവതരണം: ഇബ്രാഹിം ചർച്ചയിൽ ഇ പി അനിൽ കുമാർ, അനിൽ വേങ്കോട് എന്നിവർ സംസാരിക്കും .ബഹ്‌റൈൻ കെ സി എ ഹാളിൽ ചേരുന്ന ഈ ചർച്ചയിലേയ്ക്ക് ഏവർക്കും സ്വാഗതം

Tuesday, November 9, 2010

ഇന്നൊരു മഴ പെയ്യാതിരിക്കില്ല..!

നാട്ടില് പൊരിഞ്ഞ മഴയാണത്രെ, എത്ര വിളിച്ചിട്ടും ഉമ്മയെ ലൈനില്‍ കിട്ടിയില്ല. പിന്നെ കിട്ടിയപ്പോള്‍ പറഞ്ഞു മഴയും ഇടിയും കാരണം ഫോണെല്ലാം ഡിസ്കണക്റ്റ് ചെയ്തിരിക്കുകയാണെന്ന്. ഇവിടെ ചൂട് പോയതും ഇല്ല തണുപ്പ് വന്നതും ഇല്ല എന്ന അവസ്ഥയില്‍ ഇരിക്കുമ്പോള്‍ നാട്ടില്‍ എന്നും എന്നെ കൊതിപ്പിക്കുന്ന മഴ വിശേഷങ്ങള്‍. എനിക്കെങ്ങിനെ ഇരിക്കപൊറുതി കിട്ടും?. കണ്ടിട്ടും കൊണ്ടിട്ടും മതിയാവാത്ത അനുഭവങ്ങളാണ് എനിക്ക് മഴക്കാലം. തോന്നുമ്പോള്‍ പെയ്യണം. പെയ്തു പെയ്തങ്ങിനെ മനസ്സിനും ശരീരത്തിനും കുളിര് നല്‍കണം.
ഓര്‍മ്മവെച്ചതുമുതല്‍ മഴയും എന്നോടൊപ്പമുണ്ട്. ഉമ്മ പറഞ്ഞത് ഒരു കര്‍ക്കിടകത്തില്‍ ആയിരുന്നു എന്റെ ജനനവും എന്നാണ്. ഇനി അതാവുമോ ഈ പ്രണയത്തിന് പിന്നില്‍?
സ്കൂളില്‍ നിന്ന് മടങ്ങുമ്പോഴൊക്കെ നല്ല മഴ കാണും. കുടയുണ്ടെങ്കിലും ചൂടില്ല. മുതിര്‍ന്നവര്‍ വഴക്ക് പറഞ്ഞാലും കേള്‍ക്കില്ല. അനുസരണക്കേട്‌ കൂടപ്പിറപ്പാണെന്ന് അവര്‍ കരുതിക്കാണും. കാരണം ഈ അസുഖം പതിവാണ്.
മിക്ക അവധിക്കാലവും മഴക്കാലത്തായിരിക്കും. അതിലൊരു സുഖമുണ്ട്. കുറെ നല്ല ഓര്‍മ്മകള്‍. ബാല്യത്തിലേതും കൌമാരത്തിലേതും. തറവാടിന്റെ കോലായിയിലിരുന്നു നല്ല മഴയും കണ്ട് ഒരു സുലൈമായിയും വല്ലപ്പോഴും ഒരു പുകയും വിട്ട് ആ ഓര്‍മ്മകളൊക്കെ തിരിച്ചു വിളിക്കുമ്പോള്‍ കിട്ടുന്ന ഒരു സന്തോഷമുണ്ട്. അതിവിടെ പകര്‍ത്താന്‍ എന്റെ ഭാഷ മതിയാവില്ല.
കളിക്കിടയില്‍ മഴപെയ്താലും ഞങ്ങള്‍ പിന്മാറില്ല. മഴ അവിടെ പെയ്യട്ടെ, കളി ഇവിടെ നടക്കണം. അതാണ്‌ ഞങ്ങളുടെ നിയമം. കളി കഴിഞ്ഞു ചളി പിടിച്ച വസ്ത്രങ്ങളൊക്കെയായി വീട്ടിലെത്തുമ്പോള്‍ നല്ല കോളായിരിക്കും. അതുകൊണ്ട് ആദ്യം പോകുക തറവാട്ടിലേക്കാണ്. അവിടെ സ്റ്റെപ്പിനി ആയി വെച്ചിട്ടുള്ള ഡ്രസ്സിട്ട്
പോയതിനെക്കാലും ഡീസന്റ് ആയാണ് വീട്ടില്‍ കയറുക. വല്ല്യുമ്മച്ചി ഈ കുസൃതിക്കൊക്കെ കൂട്ട് നില്‍ക്കും. വാത്സല്യത്തില്‍ തല തോര്‍ത്തി തരികയും ചെയ്യും.
പണ്ട് ഈ തറവാടിന്റെ മുറ്റത്തിരിക്കുന്നത് മഴ കാണാനും മുറ്റത്ത്‌ തന്നെയുള്ള വലിയ കോമാവില്‍ നിന്നും പഴുത്ത മാങ്ങ വീഴുന്നതും നോക്കിയാണ്. വയറ് കേടാവുന്നത് വരെ തിന്നും. പിന്നെ വയറ് കേടായാലും തിന്നും. ഇന്ന് തറവാടിന്റെ മുറ്റത്ത്‌ ആ മാവില്ല. പക്ഷെ ഓര്‍മ്മകള്‍ക്ക് ആ മാമ്പഴത്തിന്റെ രുചി ഇപ്പോഴുമുണ്ട്. വല്യുമ്മച്ചിക്കും
ഉണ്ടായിരുന്നു മാങ്ങകൊതി. പല്ല് കുറഞ്ഞ മോണയും കാട്ടി മാമ്പഴം തിന്നുന്നത് ഇപ്പോഴും ചിരി നല്‍കുന്നു. ഉപ്പ പുതിയ വീടെടുത്ത് മാറി താമസിച്ചിട്ടും ഞാന്‍ വല്യുമ്മച്ചിക്കൊപ്പം തന്നെ നിന്നു. അത്രയ്ക്കൊരു ആത്മബന്ധം ഉമ്മച്ചിയുമായി എനിക്കുണ്ടായിരുന്നു. ഗള്‍ഫിലേക്ക് പോരുന്നതിന്റെ തലേന്ന് ഉറങ്ങാതെ കിടന്ന എന്നെ കെട്ടിപിടിച്ച് ഉമ്മച്ചി പൊഴിച്ച കണ്ണീരിന്റെയും ചുംബനത്തിന്റെയും ഓര്‍മ്മകള്‍ ഇന്നും എന്റെ കണ്ണുകളെ ആര്‍ദ്രമാക്കാറുണ്ട്. പിന്നൊരു അവധിക്കാലം കൂടി മാത്രമേ ഉമ്മച്ചിയെ കാണാന്‍ പറ്റിയുള്ളൂ. സ്വര്‍ഗത്തില്‍ മഴ പെയ്യുമ്പോള്‍ ഉമ്മച്ചി എന്നെ ഓര്‍ക്കുന്നുണ്ടാവണം.
മഴയോര്‍മ്മകള്‍ ഇനിയും ബാക്കി. നല്ല മഴക്കാലത്ത് ഇരുവഴിഞ്ഞി പുഴ കര കവിഞ്ഞൊഴുകും. ചെറുവാടിയിലെ റോഡും പാടങ്ങളുമെല്ലാം വെള്ളത്തിനടിയിലാകും. വാഴകൊണ്ട് കൊച്ചു ചങ്ങാടങ്ങള്‍ ഉണ്ടാക്കി വെള്ളം കയറിയ റോഡിലെല്ലാം കളിക്കുന്നത് ഞങ്ങള്‍ കുട്ടികളുടെ ഇഷ്ട വിനോദമായിരുന്നു. വെള്ളമിറങ്ങിയാല്‍ മീനുകള്‍ നിറയുന്ന പാടത്തും തോട്ടിലും മീന്‍പിടുത്തം. ഇന്നിപ്പോള്‍ സാമ്പിളിന് ഒരു മഴകണ്ടിട്ട് തന്നെ നാളെത്രയായി.
കഴിഞ്ഞ തവണ അവധി കഴിഞ്ഞ്‌ മടങ്ങിയത് ഒരു മഴക്കാലത്ത്. കേരള മണ്‍സൂണിനെ പറ്റി ഒരു സ്പെഷ്യല്‍ എഡിഷനായിരുന്നു അന്ന് ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഫ്ലൈറ്റ് മാഗസിന്‍ . നല്ല ചിത്രങ്ങളൊക്കെയായി നല്ലൊരു സമ്മാനം. പ്രവാസികളെ വട്ടം കറക്കുന്ന ഇന്ത്യന്‍ വിമാന കമ്പനികളുടെ വകയായി എനിക്ക് ഓര്‍മ്മിക്കാന്‍ ഇത് മാത്രമേ ഉള്ളൂ. ഇറങ്ങുമ്പോള്‍ ഞാനിത് കൂടെയെടുത്തു. കുറ നല്ല എഴുത്തുക്കാരുടെ മഴ അനുഭവങ്ങള്‍. പക്ഷെ എനിക്കിഷ്ടപ്പെട്ടത് ശ്രീമതി അനിത നായരുടെ ഒരു ലേഖനമാണ്. "each raindrops is a poem " എന്ന് തുടങ്ങി ഒരു ക്വാട്ട് ഉണ്ടായിരുന്നു അതില്‍. ബുക്ക്‌ നഷ്ടപ്പെട്ടത് കാരണം ഓര്‍ക്കുന്നില്ല. മഴയെ കുറിച്ച് ഇങ്ങിനൊരു കുറിപ്പ് എഴുതണമെന്ന് തോന്നിയപ്പോള്‍ ആദ്യം മനസ്സില്‍ വന്നതും ആ വരികളാണ്. അത് കിട്ടാനായി ശ്രീമതി അനിത നായരുടെ ഈമെയില്‍ ഐഡി ഇല്ലാത്തതു കാരണം അവരുടെ വെബ് സൈറ്റില്‍ കയറി ഒരു കമ്മന്റ്റ്‌ ഇട്ടു. ആ ക്വാട്ട് ഓര്‍മ്മയുണ്ടെങ്കില്‍ അയച്ചുതരണം എന്ന് പറഞ്ഞ്. മറുപടി കിട്ടിയില്ല. അവരത് കണ്ടുവോ എന്തോ?. ഇല്ലെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.

സന്തോഷവും ദുഃഖവും മഴയുമായി ബന്ധപ്പെട്ടുണ്ട്. എന്റെ വിവാഹത്തിന്റെ പകല്‍ മാറി നിന്ന മഴ രാത്രിയില്‍ തകര്‍ത്തു പെയ്തു. ഇന്നോര്‍ക്കുമ്പോള്‍ ആ സന്തോഷത്തിന്റെ ഓര്‍മ്മകളില്‍ മഴയുടെ പാശ്ചാത്തല സംഗീതമുണ്ട്.
പിന്നൊരിക്കല്‍ അസുഖമായി കിടക്കുന്ന ഉപ്പയെകാണാന്‍ അടിയന്തിരമായി നാട്ടിലെത്തിയപ്പോള്‍ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് മുതല്‍ അമൃത ഹോസ്പിറ്റല്‍ വരെ തകര്‍ത്തു പെയ്യുന്ന മഴയായിരുന്നു. മഴ തോര്‍ന്ന് കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടി ശോക ചവയുള്ള ആ അന്തരീക്ഷത്തിലൂടെ നടന്ന് ഉപ്പകിടക്കുന്ന ഓണ്‍കോളജി വാര്‍ഡിലെത്തി ഉപ്പയെ കണ്ടപ്പോള്‍, എന്റെ കൈകള്‍ പിടിച്ചു ആശ്വാസ വാക്കുകള്‍ പറയുമ്പോള്‍ എന്റ കണ്ണീരിനൊപ്പം പുറത്ത്‌ വീണ്ടും മഴയും പെയ്തുതുടങ്ങി. എന്നെ ആശ്വസിപ്പിക്കാനെന്നോണം. അന്നുമുതല്‍ ഞാന്‍ മഴയെ കൂടുതല്‍ സ്നേഹിച്ചു തുടങ്ങി.
ഇന്നെന്തായാലും ഒരു മഴ പെയ്യാതിരിക്കില്ല. സ്വപ്നത്തിലെങ്കിലും.

Monday, November 8, 2010

പ്രാഞ്ചിയേട്ടൻ ഞാൻ എത്രതവണ കണ്ടു


രണ്ടു വെള്ളിയാഴ്ച മുമ്പ് രാത്രി 12മണിക്കുള്ള ഷോയുടെ ടിക്കറ്റെടുത്താണ് അന്ന് ബഹ്റൈനിൽ കളിച്ചുകൊണ്ടിരുന്ന പ്രാഞ്ചിയേട്ടൻ എന്ന രഞ്ജിത്തിന്റെ സിനിമ കണ്ടത്. സിനിമ കഴിഞ്ഞ് വീട്ടിൽ കിടക്കയിലെത്തുമ്പോഴേക്കും മൂന്നുമണികഴിഞ്ഞിരുന്നു. ഉറക്കം വർദ്ധിച്ച ഭാരത്തിൽ കൺപോളകളിൽ ഊയലാടുന്നുണ്ടായിരുന്നെങ്കിലും ഉറക്കത്തിനു സമ്മതം നൽകാതെ ഉള്ളിൽ നിന്നാരോ എന്നോട് ചോദിക്കുന്നതുപോലെ തോന്നിനീ പ്രാഞ്ചിയേട്ടൻ എത്രതവണകണ്ടു?” സത്യത്തിൽ ഒരു തവണമാത്രമാണ് ഞാൻ സിനിമകണ്ടത്. പിന്നെ ഇങ്ങനെയൊരു ചോദ്യം ഉള്ളിൽ നിന്നുയരുന്നതെന്തുകൊണ്ട്? അപ്പോഴാണ് മനസ്സിലാകുന്നത് സിനിമയിലെ ഓരോ രംഗവും ബഹ്റൈനിലെ കഴിഞ്ഞ അഞ്ച് വർഷക്കാലത്തെ പ്രവാസജീവിതത്തിനിടയിൽ എത്രയോ തവണ കണ്ടിരിക്കുന്നു.

ഭാരതരത്നമുതൽ പത്മശ്രീവരെ നോബൽ പ്രൈസ്മുതൽ ജ്ഞാനപീഠം വരെ എന്തും അലങ്കാരമാവുമെങ്കിൽ എനിക്ക് കൂടി ഇരിക്കട്ടെയെന്ന് കരുതുന്ന പുതുപണക്കാരും അവരെ അണിയിച്ചൊരുക്കുന്നതിലൂടെ ജീവിക്കാൻ കഴിയുന്ന കുറച്ച് മനുഷ്യരും ചേർന്നൊരുക്കുന്നൊരു ലോകത്തിലാണ് നമ്മുടെ വാസം . സ്വതവേ ഇല്ലാത്ത ഗൌരവം ആഢ്യതയും മുഖത്ത് വരുത്തി ടൈ കെട്ടി കറുത്തകോട്ടണിഞ്ഞ് ബലിച്ചോറിന്റെ മുമ്പിലേയ്ക്ക് കാക്കകൾ വരുന്നതുപോലെ പറന്നെത്തുന്ന സമുദായപ്രമാണിമാരുടെപൂരങ്ങളുടെ പൂരമായ.. എന്നമട്ടിൽ ആരംഭിക്കുന്ന പ്രസംഗമത്സരങ്ങളിൽ, ചിങ്ങത്തിൽ തുടങ്ങി കർക്കിടകത്തിൽ അവസാനിക്കുന്ന പ്രവാസ ഓണാഘോഷങ്ങൾ മുതൽ ക്ലബ്ബുകളുടെയും അസോസിയേഷനുകളുടെയും വാർഷിക മഹാവേളകൾ വരെ നീളുന്ന ആയിരം സന്ദർഭങ്ങളിൽ ഇവർ നമ്മെ ചിരിയുടെ ഹിമാലയം കയറിക്കും

മമ്മൂട്ടി അവതരിപ്പിക്കുന്ന പ്രാഞ്ചിയെന്ന കഥാപാത്രത്തെ സർവ്വവിധമായും പ്രോത്സാഹിപ്പിച്ച് ഉപജീവനം നടത്തുന്ന കുറച്ച് ഉപഗ്രഹങ്ങളെ രഞ്ജിത്ത് ഇതിൽ അവതരിപ്പിച്ചിട്ടുണ്ട്. സിനിമയിലും നമ്മുടെ ജീവിത പരിസരങ്ങളിലും ഇവരുടെ നില ഗ്രഹനിലയിലേതു പോലെ രാഹുവും കേതുവുമായിട്ടാണ്. ഈ സിനിമയിൽ ഈ ഉപഗ്രഹ കഥാപാത്രങ്ങളുടെ കൂട്ടത്തിൽ ഇന്നസെന്റ് ചെയുന്ന ഒരു വേഷമുണ്ട് അയാൾ ഇടക്കിടെ എഡ്യൂകേഷന്റെ കുറവ് എന്നപ്രശ്നം ഉന്നയിക്കുകയും അത് തരണം ചെയ്യേണ്ട വിദ്യകളാലോചിക്കുകയും ചെയ്യുന്നത് രസാവഹമാണ്. പണം കൊണ്ട് മാത്രം ശരിയാക്കാനാകാത്ത ഇത്തരം ഇടങ്ങളിൽ കവിയും സാഹിത്യകാരനും ഗവേഷകനും ഒക്കെയായി അറിയപ്പെടാൻ എന്താണ് കുറുക്കുവഴിയെന്നന്വേഷിക്കുന്നവരുടെ വൻ നിര പ്രവാസികളൂടെ ഇടയിൽ കൂടിവരികയാണ്. അവർ പ്രാഞ്ചിയെ കടന്ന് സ്വയം സ്പോൺസർ ചെയ്യുന്ന അവാർഡുകളും മെമന്റോകളും ആദരിക്കലുകളുമായി നമുക്ക് ചുറ്റും ആനന്ദനൃത്തം ചെയ്യുന്നു. ആൽബങ്ങൾ മുതൽ മെഗാ സീരിയൽ വരെ എന്തിനും തയ്യാറായി ദൃശ്യകലാരൂപങ്ങളിലും ഇവരുണ്ട്. കുളത്തിലേയ്ക്ക് ചാടുന്ന രംഗം ചിത്രീകരിക്കാൻ ക്യാമറ എവിടെ വയ്ക്കണം എന്ന ചോദ്യത്തിന് ക്യാമറകൂടി വെള്ളത്തിൽ ചാടട്ടേയെന്ന് പറയുന്ന ശ്രീനിവാസൻ ഫലിതമാണ് നമുക്ക് ഓർമ്മവരുന്നത്. ഒന്ന് തീർച്ചയാണ് മനുഷ്യനുള്ളടത്തോളം കാലം പ്രവാസമവസാനിക്കുന്നില്ല, അവിടെല്ലാം മലയാളിയും. അതിനാൽ പുരാണത്തിലെ അശ്വത്ഥാമാവിനെ പോലെ പരശുരാമനെ പ്പോലെ പ്രാഞ്ചിയും ചിരംജ്ജീവിയായിരിക്കും. ഇതാണ് ഇന്ന് നമ്മുടെ ജീവിതപരിസരങ്ങൾ നമ്മോട് ഏറ്റവും ശക്തമായി ഓർമ്മപ്പെടുത്തുന്നത്.

Sunday, November 7, 2010

കരിഞ്ഞ കടലാസുപൂക്കള്‍


******************
ഇന്നലെ പൊട്ടി തെറിച്ച
കുന്നംകുളത്തെ പടക്ക ശാലയ്ക്ക് മുന്നില്‍
ഒരു പലസ്തീനിയന്‍ കവിത
ചിതറി കിടക്കുന്നു.

കവിയുടെ കടലാസുപൂക്കളില്‍
പാതിവിരിഞ്ഞ ഇതളിലൊരു
ചോര കരിഞ്ഞ നിറമുണ്ടാകും .

മുറിവേറ്റ ഇതളുകള്‍ക്ക്
ചക്രവാളച്ചുകപ്പിലേക്ക് വിടരാന്‍
അലറി കരയുന്ന തിരകളുണ്ടാകും

വേരുകള്‍ ക്ക് പടര്‍ന്നു കയറാന്‍
ആകാശ ഗംഗയില്‍ പടവിടിഞ്ഞ
നക്ഷത്രങ്ങളുടെ നനവുണ്ടാകും .

പച്ച ഞരമ്പുകളില്‍ തൊലിയടര്‍ന്ന
വെളിച്ചത്തിന്‍റെ സൗര യൂഥങ്ങള്‍
ഇരുട്ടിലേക്ക് മുഴച്ചു നില്‍ക്കും

മഴ രാകിയ മൂര്‍ച്ചയില്‍
മുള്ളിലൊരു സ്നേഹത്തിന്‍റെ തുള്ളി
മരവിച്ച് കൂര്‍ത്തിരിക്കും .

വഴിതെറ്റിയ പരാഗരേണുക്കളില്‍
പ്രണയമൊരു ഇണ പിരിഞ്ഞ
കരി വണ്ടിനോട് കലഹിക്കും.

ശിഖരങ്ങള്‍ നാമ്പുകളടര്‍ത്തിയ
കൊടുങ്കാറ്റിനോട് കയര്‍ത്ത്
ഞെട്ടറ്റ സ്വപ്‌നങ്ങള്‍ പൊഴിക്കും .

വേദന നീലിച്ച മൊട്ടുകളില്‍
അനാഥ മാക്കപ്പെട്ട വര്‍ണ്ണങ്ങളുടെ
നേര്‍ത്ത നിലവെളി കൂമ്പി നില്‍ക്കും

മണ്ണിന്‍റെ മുല ഞെട്ടു കളില്‍
ചിതലിന് നുണയാനൊരു വിരഹം
ഇലത്തുമ്പില്‍ ജീവനറ്റ് അടരാതിക്കും .

ഗാസയിലെ കടലാസുപൂക്കള്‍
പടക്കങ്ങളായ് വെന്തടിഞ്ഞാലും
അക്ഷരം നിനക്കൊരു നാളമായ്
കാലത്തിന്‍റെ മുറിവില്‍ തങ്ങി നില്‍ക്കും.


Tuesday, November 2, 2010

പ്രൊഫ. വി. മധുസൂദനൻ നായരുടെ പ്രഭാഷണവും കവിതയും


ഭൂമിക, കെസി എയുമായി സഹകരിച്ച് കേരളപ്പിറവിയോടനുബന്ധിച്ച് മലയാളോത്സവം സംഘടിപ്പിക്കുന്നു.
നവം‌മ്പർ 2 ചൊവ്വാഴ്ച രാത്രി 8 മണിക്ക് കെസി എ യിൽ ചേരുന്ന സമ്മേളനത്തിൽ മലയാളത്തിന്റെ പ്രിയകവി
പ്രൊഫ. വി മധുസൂദനൻ നായർ പങ്കെടുക്കും. കവിത വഴിയും വംശാവലിയും എന്ന വിഷയത്തിൽ അദ്ദേഹം പ്രഭാഷണം നടത്തുകയും കവിത അവതരിപ്പിക്കുകയും ചെയ്യും. മലയാള ഭാഷയുടെ സൌന്ദര്യവും ശക്തിയും അന്വേഷിക്കുന്ന
ഒരു യാത്രയുടെ അനുഭവമായിരിക്കും ഇത്.ഏവർക്കും സ്വാഗതം