Custom Search

Monday, May 3, 2010

കേള്‍ക്കാതെ പോയ ഒസ്യത്ത് (എന്റെ തെറ്റ്)

ഉപ്പ മരിക്കുന്നതിന്റെ ഒരു ആറ് മാസം മുമ്പ്. അമൃത ഹോസ്പിറ്റലില്‍ ഒരു ഓപ്പറേഷന് സമയവും കാത്ത് ഏറണാകുളത്തെ യാത്ര നിവാസില്‍ ഞങ്ങളെല്ലാം ഉണ്ട്. ഒരാഴ്ചത്തെ അവധിക്ക് ഉപ്പയെ കാണാന്‍ വന്നതാണ് ഞാന്‍. എന്റെ ഓരോ അവധിക്കാലവും സന്തോഷത്തോടെ കാത്തിരിക്കാറാണ് ഉപ്പ. നാട്ടിലെ ദിവസങ്ങള്‍ ഞാനെങ്ങിനെ ചിലവിടണം എന്നതിനെ കുറിച്ച് ഒരു രൂപരേഖ തന്നെ ഉണ്ടാക്കിയിരിക്കും ഉപ്പ. അതും എന്റെ മനസ്സിനും ആഗ്രഹങ്ങള്‍ക്കും അനുസരിച്ച്. മുതിര്‍ന്നിട്ടും ഉപ്പയെടുക്കുന്ന ആ സ്വാതന്ത്ര്യം ഞാനസ്വദിക്കുകയും ചെയ്തിരുന്നു. ഇന്നിപ്പോള്‍ ഈ വരവ്? എയര്‍പോര്‍ട്ടില്‍ നിന്നും നേരെ ആശുപത്രിയിലേക്ക്. പ്രസന്നമായി പുഞ്ചിരിയോടെ വീടിന്റെ പൂമുഖത് എന്നെ കാത്തിരിക്കുന്നതിന് പകരം ഒന്ന് ചിരിക്കാന്‍ തന്നെ പണിപ്പെട്ട് ഇവിടെ ഓപ്പറേഷന്റെ ഊഴവും കാത്ത്. അല്ലെങ്കില്‍ വന്നു കയറുമ്പോള്‍ തന്നെ ഒരുപാട് വിശേഷങ്ങള്‍ കാണും ഉപ്പാക്ക് പറയാന്‍. ചെന്തെങ്ങില്‍ കുല കൂടിയതും ചെമ്പകം പൂക്കാത്തതും എന്തിനു ഒരു പുതിയ റോസ് വിരിഞ്ഞത് പോലും വാര്‍ത്തയാണ് . ഉപ്പയില്‍ നിന്നും പകര്‍ന്നു കിട്ടിയ വായന ശീലം. അത് കുറയുന്നതില്‍ പരിഭവിക്കും. വായിച്ചതിനെ കുറിച്ച് പറഞ്ഞാല്‍ സന്തോഷവും വിശകലനവും.
ഉപ്പ എഴുതിയത് ആദ്യം എനിക്കയച്ചുതരും. അഭിപ്രായം നല്ലതെങ്കില്‍ സ്വീകരിക്കും.ഇതെല്ലം ആലോചിച്ചിരിക്കെ ഉമ്മ മുറിയിലേക്ക് കയറിവന്നു.
"മന്‍സൂ...ഉറങ്ങിയോ നീ, ഉപ്പ വിളിക്കുന്നുണ്ട്"
ഞാന്‍ ഇറങ്ങി നടന്നു. എന്റെ കണ്ണ് നിറഞ്ഞത്‌ ഉമ്മ കണ്ടിരിക്കുമോ. അല്ലെങ്കിലും ഉമ്മക്കിതൊക്കെ ശീലമായി. ഒരു വര്‍ഷത്തോളമായി ആശുപത്രിയും ഓപ്പറേഷനും ഒക്കെയായി ഉപ്പയോടൊപ്പം. വാക്കിലും നടപ്പിലുമൊക്കെ ഒരു ധൈര്യം വന്നിട്ടുണ്ട് ഉമ്മാക്ക് . അനുഭവങ്ങള്‍ നല്‍കിയ കരുത്ത്. അത് നല്ലതാണ്. ഞാനാലോചിച്ചു.
"ഉപ്പാ", ഞാന്‍ പതുക്കെ വിളിച്ചു, തലയിണയില്‍ ചാരി അല്പം മേല്‍പ്പോട്ടിരുന്നു. പിന്നെ എന്റെ കൈപിടിച്ച് തഴുകി ഒന്നും മിണ്ടാതെ കുറച്ചു സമയം.
പിന്നെ പതുക്കെ പറഞ്ഞു തുടങ്ങി. ഒട്ടും പതറാതെ, " മന്‍സൂ, ഞാന്‍ പറയുന്നത് ശ്രദ്ധിച്ചു കേള്‍ക്കുക. മൂത്ത കുട്ടി എന്ന നിലയില്‍ നീ അറിയേണ്ട കാര്യങ്ങള്‍, ചുമതലകള്‍.
ഉപ്പക്കിനി അധികം നാളുണ്ടെന്നു തോന്നുന്നില്ല. അതുകൊണ്ട് എന്റെ ഒസ്യത്തായി നീ ഇതിനെ എടുക്കുക". ഞാന്‍ ഉപ്പയെ തടഞ്ഞു. വേണ്ട, എനിക്കിപ്പോള്‍ കേള്‍ക്കണ്ട. അതിനുള്ള ഒരു മനസ്ഥിതിയിലല്ല ഞാനിപ്പോള്‍. ഉപ്പ വീണ്ടും പറഞ്ഞു. "പിന്നെ, ഉപ്പ ഒന്നും പറഞ്ഞില്ലല്ലോ എന്ന വിഷമം നിനക്കുണ്ടാവരുത്. അതുകൊണ്ടാണ്". പക്ഷെ ഞാന്‍ സമ്മതിച്ചില്ല. ഞാന്‍ തിരിച്ചു നടന്നു. വാതിലിനരുകില്‍ ഉമ്മ. നിനക്കത് കേള്‍ക്കാമായിരുന്നു എന്ന് ഉമ്മയുടെ കണ്ണുകള്‍ എന്നോട് പറയുന്നത് പോലെ തോന്നി.
പക്ഷെ സാധിക്കില്ലായിരുന്നു. കാരണം ഉപ്പ ഇല്ലാതാവുന്ന ഒരു ദിവസം സങ്കല്‍പ്പിക്കാന്‍ ദുര്‍ബലമായ എന്റെ മനസ്സ് തയ്യാറല്ലായിരുന്നു. തീര്‍ച്ചയായും ആയുസ്സിന്റെ ദൈര്‍ഘ്യം തീരുമാനിക്കുന്നത് സര്‍വ്വശക്തന്‍ തന്നെ. ഉപ്പയുടെ കാര്യത്തില്‍ ഒരത്ഭുതം തന്നെ സംഭവിക്കേണ്ടിയിരുന്നു തിരിച്ചുവരാന്‍.എന്നിട്ടും ഞാനാ അത്ഭുതം പ്രതീക്ഷിച്ചു. പരാജയപ്പെട്ടു.
ഇന്നും കേള്‍ക്കാതെപോയ ആ ഒസ്യതിന്റെ നഷ്ടബോധം എന്നെ വേട്ടയാടുന്നു. കുറച്ചുകൂടെ പക്വമായി ചിന്തിക്കമായിരുന്നു അന്നെനിക്ക്. ഒരു ഭീരുവിനെ പോലെ ഒളിച്ചോടിയ എന്നെ ഉപ്പ എങ്ങിനെ കണ്ടിട്ടുണ്ടാവും? എന്തായിരിക്കും ഉപ്പ പറയാന്‍ ആഗ്രഹിച്ചത്?
മനപ്പൂര്‍വമല്ലാത്ത തെറ്റ്. പക്ഷെ ഇതിനു പ്രായശ്ചിത്തമില്ല. പ്രതിസന്ധികളെ നേരിടുന്നതില്‍ പരാജയപ്പെട്ടു ഞാന്‍. കുറേകൂടെ ഗൗരവത്തോടെ സമീപിക്കേണ്ടിയിരുന്നു അന്ന്. എങ്കില്‍ ഈ നഷ്ടബോധം എന്നെ വേട്ടയാടുമായിരുന്നില്ല.
സെന്റര്‍ കോര്‍ട്ട്

1 comment:

Mohamed Salahudheen said...

വിഷമമുണ്ട്