Custom Search

Sunday, May 9, 2010

പതിനഞ്ച് വര്‍ഷങ്ങള്‍ പിന്നോട്ട്.

ഞാനിത് വല്ലാതെ ആഗ്രഹിച്ചിരുന്നു. പതിനഞ്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് ഗള്‍ഫ് ജീവിതം തുടങ്ങിയ ഉമ്മുല്‍ ഖുവൈന്‍ ഒന്ന് പോവണം. താമസിച്ച വീട്, ജോലി ചെയ്ത സ്ഥലങ്ങള്‍ , എല്ലാം ഒന്ന് കാണണമെന്ന്. അങ്ങിനെ പ്രത്യേകിച്ചൊരു അറ്റാച്ച്മെന്റൊന്നും തോന്നേണ്ട കാര്യമില്ല ഗള്‍ഫിലെ സ്ഥലങ്ങളോട്. പക്ഷെ, ഉമ്മുല്‍ ഖുവൈന്‍ എനിക്ക് അങ്ങിനെയല്ല. ഇവടെ ജീവിച്ച ഒരു വര്‍ഷത്തിനു പകരം വെക്കാനാവില്ല എന്റെ ബാക്കി പതിനാല്‌ വര്‍ഷങ്ങള്‍. അത് ദുബായിയും ഷാര്‍ജയും അബൂദാബിയും കഴിഞ്ഞ് ഇപ്പോള്‍ ബഹ്റൈനില്‍ എത്തിനില്‍ക്കുമ്പോഴും ഞാന്‍ ആ അഭിപ്രായം മാറ്റില്ല. ഈ പെരുന്നാള്‍ കേറാ മൂലയാണോ നിന്റെ സ്വപ്നസ്ഥലം എന്ന് ചോദിക്കുന്നവര്‍ ഉണ്ടായേക്കാം. പക്ഷെ , അതങ്ങിനെയാണ്.
നാട്ടിലെ കുരുത്തക്കേടുകള്‍ക്ക് അവധി നല്‍കി പെട്ടൊന്ന് ഗള്‍ഫിലേക്ക് എക്സ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ എത്തിപ്പെട്ടതും മറ്റൊരു ചെറുവാടിയിലാണ് എന്ന് തോന്നിയതില്‍ തുടങ്ങി ആ മുഹബ്ബത്. പുതിയ സുഹൃത്തുക്കള്‍ വന്നു. ജോലി ചെയ്തിരുന്ന സ്കൂളിന്റെ വോളിബോള്‍ ഗ്രൌണ്ട് എനിക്ക് ചെറുവാടി ഗവേര്‍മെന്റ്റ് യു പി സ്കൂളിന്റെ മുറ്റം പോലെയാണ് തോന്നിയത്. തൊട്ടു ചേര്‍ന്ന് കിടക്കുന്ന വിശാലമായ ഗ്രൌണ്ടിലാണ് ക്രിക്കറ്റ് കളി. ഈ സ്ഥലമാണെങ്കില്‍ ചെറുവാടിയിലെ കട്ടപ്പുറം പറമ്പ് പറിച്ചു നട്ടപോലെയാണ്. ആകെ കുറവുണ്ടായിരുന്നത് ഫീല്‍ഡ് ചെയ്യുമ്പോള്‍ പോലും വലിച്ചിരുന്ന ദിനേശ് ബീഡിയാണ്. ഉമ്മുല്‍ ഖുവൈന്റെ ഒരു ജിയോഗ്രാഫി വെച്ച് അതും കിട്ടേണ്ടതാണ്‌. ചുരുങ്ങിയ പക്ഷം അത്രയെങ്കിലും മാറ്റം വേണ്ടേ എന്ന് ഷെയ്ക്ക് തീരുമാനിച്ചു കാണും. അതുകൊണ്ട് ജീവിതത്തില്‍ ആദ്യമായി കാശ് കൊടുത്തു എന്നെക്കാള്‍ വലിപ്പമുണ്ടായിരുന്ന മാള്‍ബൊറോയിലേക്ക് സകല മാനദന്ടങ്ങളും ക്കാറ്റില്‍ പറത്തി ഞാന്‍ പ്രൊമോഷന്‍ മേടിച്ചു. (ദിനേശ് ബീഡി ദിനേശ് ബീഡി തന്നെ).
ഇന്നും മുണ്ടും മടക്കിക്കുത്തി ഇറങ്ങി നടക്കാന്‍ ചെറുവാടി കഴിഞ്ഞാല്‍ എനിക്ക് ഉമ്മുല്‍ ഖുവൈനിലെ ധൈര്യമുള്ളൂ. ഗള്‍ഫിന്റെ കാര്യമാ പറഞ്ഞത്. ഷാര്‍ജ ഞാന്‍ കേട്ടിട്ടേ ഇല്ലാതെ സ്ഥലമാണ്.
താമസിച്ചിരുന്ന വില്ലയുടെ നടുവിലൊരു കിടിലന്‍ തെങ്ങ്. മണ്ടരി പിന്നെ ഉമ്മുല്‍ ഖുവൈനില്‍ ഇല്ലാതിരിക്കുമോ? അതുകൊണ്ട് തെങ്ങ് ഒരു സിമ്പല്‍ മാത്രമായിരുന്നു. ഏതായാലും തെങ്ങിനോടും കേരളത്തോടും ഉള്ള ബഹുമാനാര്‍ത്ഥം ഞങ്ങള്‍ വില്ലയുടെ പേര് "കേരള ഹൌസ്" എന്നാക്കി. (ക്ലിഫ് ഹൌസ് എന്ന പേരും സജ്ജഷനില്‍
വന്നതാണ്. അതോടെ തുടങ്ങും റൂമില്‍ പാരവെപ്പും തമ്മിലടിയും എന്ന് ബുദ്ധിയുള്ള ആരോ (ഞാനല്ല) ഉപദേശിച്ചു. അതോടെ കേരള ഹൌസില്‍ രജിസ്റ്റര്‍ ചെയ്തു.
അറബിക്ക് കാശ് കിട്ടിയാല്‍ പോരെ, ധരിദ്രവാസികള്‍ വില്ലക്കിനി വൈറ്റ് ഹൌസ് എന്നിട്ടാലും അങ്ങേര്‍ക്കെന്താ. മല്ലൂസിനോടാ കളി.

വില്ലക്കു മുമ്പില്‍ വിശാലമായ മുറ്റം. മതിലിനോട് ചേര്‍ന്ന് ഒരു അഞ്ചാറ്‌ മുരിങ്ങാമരം. (ഇതെവിടെ കുത്തിയാലും മുളക്കും. ഇതിന്റെ പേറ്റന്റ്‌ തന്നെ UAQ നാണെന്ന് തോന്നുന്നു. പാവക്ക, പടവലങ്ങ, തക്കാളി ,വെണ്ട തുടങ്ങി ചെറിയൊരു സെറ്റപ്പ് തോട്ടം തന്നെ ഞങ്ങളൊരുക്കി. നാട്ടില് മേയ്യനക്കാത്ത ഞാന്‍ ഇവിടെ ഒരു കര്‍ഷകശ്രീ ആയ ഭാവത്തിലാണ്.
പിന്നത്തെ പരിപാടി ചൂണ്ടയിടലാണ്. ബോട്ടിന് പെട്രോള്‍ അടിക്കുന്ന പമ്പില്‍ നിന്നും ഉള്ള ഇത് നല്ല രസായിരുന്നു. നാട്ടില് അമ്മായി പരലും പിലോപ്പിയയും പിടിച്ച ഞമ്മള് ഇവിടെ അയിലയെ പിടിച്ചു. അതുകൊണ്ട് തന്നെ പിടിച്ചത് അയക്കൂറ ആണെന്ന് തോന്നിയതില്‍ തെറ്റുണ്ടോ? ഒരുപാട് മീന്‍ കിട്ടും. റൂമിലെത്തി പൊരിച്ചു പെപ്സിയും കൂട്ടി തട്ടും. എനിക്ക് സ്വന്തമായി ഒരു പൂച്ചയും ഉണ്ടായിരുന്നു. ഫ്രഷ്‌ മീനെ അവനും കഴിക്കൂ. യോഗം.
ഓസ്കാര്‍ വീഡിയോയില്‍ നിന്നും കള്ള കാസെറ്റ് ( ഐ മീന്‍ തീയേറ്റര്‍ പ്രിന്റ്‌) , ബീച്ചിനടുത്തുള്ള ഓപ്പണ്‍ എയര്‍ തീയേറ്ററില്‍ നിന്നും ഒരു സിനിമ, വരൈറ്റിക്ക്
റഹിമാനിക്കാന്റെ ഹോട്ടലീന്ന് ചിക്കന്‍ ചുക്ക പിന്നെ മാനിപ്പാന്റെ കടയില്‍ നിന്നും ഒരു മീട്ടാ പാന്‍ . ഇനി പറ, ഈ ഉമ്മുല്‍ ഖുവൈനെന്ന ഈ ഗള്‍ഫ് ചെറുവാടി ഇഷ്ട്ടപ്പെടാന്‍ കാരണം വേറെ പറയണോ?
ഇനി പതിനഞ്ച് വര്‍ഷങ്ങള്‍ ഇപ്പുറം. കഴിഞ്ഞ ആഴ്ച ദുബായില്‍ വന്നപ്പോള്‍ ഒരു പൂതി. പ്രവാസത്തിന്റെ ഈ പതിനഞ്ചാം വര്‍ഷത്തില്‍ ആ പഴയ ഉമ്മുല്‍ ഖുവൈനില്‍ ഒന്ന് പോവണമെന്ന്. സുഹൃത്തുക്കളുമായി വിട്ടു. സത്യം പറയാലോ. എന്റെ ചെറുവാടി മാറിയിട്ടും ഉമ്മുല്‍ ഖുവൈന്‍ അതുപോലുണ്ട്. എനിക്കും കാണേണ്ടത് ഈ ഉമ്മുല്‍ ഖുവൈനെ തന്നെയാണ്. ഹസനിക്കാന്റ്റ് ഹറം സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും ഒരു പെപ്സിയും വാങ്ങി ഗല്ലിയിലൂടെ ഞാന്‍ എന്റെ പഴയ കേരള ഹൌസിന്റെ മുമ്പിലെത്തി. അകത്തു ഒന്ന് കയറാന്‍ പൂതിയുണ്ട്. ആരെങ്കിലും പുറത്തു വന്നാല്‍ ഞാന്‍ സമ്മതം ചോദിച്ചു കയറുമായിരുന്നു. ആ തെങ്ങ് ഒന്ന് തൊട്ടു നോക്കാന്‍, ആ പഴയ ഗന്ധം ഫീല്‍ ചെയ്യാന്‍, പിന്നെ പണ്ടത്തെ മൂട്ടകള്‍ക്ക്‌ സുഖാണോ എന്നന്യോഷിക്കാന്‍. എന്റെ പൂച്ച അവിടുണ്ടെങ്കില്‍ അവനെത്തിയേനെ എന്നെയും നോക്കി. അര മണിക്കൂര്‍ കുത്തനെ നിന്നിട്ടും ആരും വാതില്‍ തുറന്നില്ല. വിഷമത്തോടെ ഞാന്‍ തിരിച്ചു നടന്നു. ജോലി ചെയ്തിരുന്ന സ്കൂളിലേക്ക്. രണ്ടു ദിവസത്തെ അവധി കഴിഞ്ഞ് എത്തിയ പോലെയേ എനിക്ക് തോന്നിയുള്ളൂ. മരങ്ങളും ചെടികളും എല്ലാം അതുപോലുണ്ട്. കിളിക്കൂടുകള്‍ കൂടിയിട്ടുണ്ട്. പക്ഷെ അധ്യായനം മാത്രമില്ല. ഇവിടന്നു മറ്റൊരിടത്തേക്ക് മാറ്റിക്കാണും. ചോദിക്കാന്‍ ആരെയും കാണുന്നില്ല. അല്ലെങ്കില്‍ താനെ എന്തിന്‌ ഞാന്‍ വന്നത് ഇവിടം കാണാനല്ലേ. ഒന്ന് ചുറ്റിയടിച്ചു കുറെ നല്ല ഓര്‍മ്മകള്‍ തിരിച്ചുവിളിച്ചു. ബസാരിലൂടെ മടങ്ങുമ്പോള്‍ മുസ്തഫക്കാന്റെ ഖൈബര്‍ ഹോട്ടലില്‍ നിന്നും ഗ്രില്‍ ചിക്കന്‍ പൊരിയുന്ന മണം. തിരിചൊരിക്കല്‍ കൂടി ഇവിടെയെത്തുന്നത് വരെ കൂടെ കാണും ഈ മണവും ഓര്‍മ്മകളും.

www.mansoormaruppacha.blogspot.com

2 comments:

Sulfikar Manalvayal said...

പ്രവാസത്തിന്റെ ഓര്‍മ്മകള്‍ ഭംഗിയായി അവതരിപ്പിച്ചു... എനിക്കും തോന്നിപ്പോയി ആ ഉമ്മുല്‍ ഖുവൈനോന്നു കാണണമെന്ന്.....
നാടും പ്രവാസവും ഇത്ര മനോഹരമായി സമന്വയിപ്പിച്ചുള്ള വിവരണം.......... നന്നായി..... ഇനിയുമുണ്ടോ ഇത്തരം മനസ് നിറക്കുന്ന അനുഭവങ്ങള്‍.....
കേള്‍കാന്‍ കൊതിയായി... ഈ പുതു പ്രവാസിക്ക്...

jef said...

വളരെ നന്നായി. താങ്കളെ പോലെ എനിക്കുമുണ്ട് പതിനഞ്ചു വര്ഷം മുന്‍പുള്ള ഒരു "മുര്‍സലാത്ത്" . അത് രിയാടിലാനെന്നു മാത്രം. എനിക്കും താങ്കളെ പ്പോലെ അവിടെയോന്നുപോകാന്‍ വെറുതെയൊരു മോഹമുദിച്ചു ഇത് വഴിച്ചടുമുതല്‍.