Custom Search

Sunday, November 7, 2010

കരിഞ്ഞ കടലാസുപൂക്കള്‍


******************
ഇന്നലെ പൊട്ടി തെറിച്ച
കുന്നംകുളത്തെ പടക്ക ശാലയ്ക്ക് മുന്നില്‍
ഒരു പലസ്തീനിയന്‍ കവിത
ചിതറി കിടക്കുന്നു.

കവിയുടെ കടലാസുപൂക്കളില്‍
പാതിവിരിഞ്ഞ ഇതളിലൊരു
ചോര കരിഞ്ഞ നിറമുണ്ടാകും .

മുറിവേറ്റ ഇതളുകള്‍ക്ക്
ചക്രവാളച്ചുകപ്പിലേക്ക് വിടരാന്‍
അലറി കരയുന്ന തിരകളുണ്ടാകും

വേരുകള്‍ ക്ക് പടര്‍ന്നു കയറാന്‍
ആകാശ ഗംഗയില്‍ പടവിടിഞ്ഞ
നക്ഷത്രങ്ങളുടെ നനവുണ്ടാകും .

പച്ച ഞരമ്പുകളില്‍ തൊലിയടര്‍ന്ന
വെളിച്ചത്തിന്‍റെ സൗര യൂഥങ്ങള്‍
ഇരുട്ടിലേക്ക് മുഴച്ചു നില്‍ക്കും

മഴ രാകിയ മൂര്‍ച്ചയില്‍
മുള്ളിലൊരു സ്നേഹത്തിന്‍റെ തുള്ളി
മരവിച്ച് കൂര്‍ത്തിരിക്കും .

വഴിതെറ്റിയ പരാഗരേണുക്കളില്‍
പ്രണയമൊരു ഇണ പിരിഞ്ഞ
കരി വണ്ടിനോട് കലഹിക്കും.

ശിഖരങ്ങള്‍ നാമ്പുകളടര്‍ത്തിയ
കൊടുങ്കാറ്റിനോട് കയര്‍ത്ത്
ഞെട്ടറ്റ സ്വപ്‌നങ്ങള്‍ പൊഴിക്കും .

വേദന നീലിച്ച മൊട്ടുകളില്‍
അനാഥ മാക്കപ്പെട്ട വര്‍ണ്ണങ്ങളുടെ
നേര്‍ത്ത നിലവെളി കൂമ്പി നില്‍ക്കും

മണ്ണിന്‍റെ മുല ഞെട്ടു കളില്‍
ചിതലിന് നുണയാനൊരു വിരഹം
ഇലത്തുമ്പില്‍ ജീവനറ്റ് അടരാതിക്കും .

ഗാസയിലെ കടലാസുപൂക്കള്‍
പടക്കങ്ങളായ് വെന്തടിഞ്ഞാലും
അക്ഷരം നിനക്കൊരു നാളമായ്
കാലത്തിന്‍റെ മുറിവില്‍ തങ്ങി നില്‍ക്കും.


No comments: