ഈ പ്രവാസ ജീവിതത്തിനിടയിൽ ഇത്തരം ഒരു കൂട്ടായ്മയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷം. ബ്ലോഗ് ഇതിനകം മാധ്യമരംഗത്ത് ശ്രദ്ധേയമായ ചലനങ്ങൾ സൃഷ്ടിച്ചുകഴിഞ്ഞുവെന്ന് നിങ്ങൾക്കറിയാം. പുതിയ കാലത്തിന്റെ മാധ്യമം എന്ന നിലയിൽ ഈ ഇടം ഉപയോഗിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന നിങ്ങളോരോരുത്തരോടും ഞാൻ പ്രത്യേകം നന്ദി പറയുന്നു.
ഒരു മാധ്യമം എന്ന നിലയിൽ ഇതിൽ ഇടപെടുന്നവർ നേരിടുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണെന്നു അന്വേഷിക്കുന്നത് ഇത്തരം കൂട്ടായ്മയിൽ നന്നായിരിക്കും എന്നു ഞാൻ കരുതുന്നു. സത്യത്തിൽ ലോകത്തിലെ എഴുത്തുകാർ എന്നും അനുഭവിച്ചിരുന്ന പ്രശ്നങ്ങൾ തന്നെയാണു പുതിയ പാഠഭേദങ്ങളോടെ ഇന്നത്തെ ബ്ലോഗ് എഴുത്തുകാരും നേരിടുന്നത്. നോകൂ എഴുത്തച്ച്ഛൻ വന്നപ്പോൾ ചോദിച്ചത് “ തന്റെ ചക്കിൽ എത്രയാടും എന്നാണു” അതിനർത്ഥം ഒരു ചക്കാല നായർക്ക് ഇക്കാര്യങ്ങൾ ചെയ്യാനാകുമോയെന്നാണു അല്ലങ്കിൽ എഴുതിയാൽ തന്നെ നന്നവുമോ എന്നതായിരുന്നു അതിലടങ്ങിയിരുന്ന സന്ദേഹം. ഒരേ സമയം എഴുത്തുകാരന്റെയും കൃതിയുടെയും അസ്ഥിത്വത്തെ , സാമൂഹികമായ അതിന്റെ സാധുതയെ ചോദ്യം ചെയ്യുന്ന തരത്തിലായിരുന്നു ഈ ചോദ്യങ്ങൾ ഉയര്ന്നിരുന്നത്. ബഷിർ വന്നപ്പോൾ ഇതേ ചോദ്യങ്ങൾ തന്നെയാണു അദ്ദേഹത്തോടും ചോദിച്ചത്. ‘ശബ്ദങ്ങൾ‘ സാഹിത്യകൃതിയാണങ്കിൽ പൂരപ്രബന്ധവും സാഹിത്യകൃതിയായി കണക്കാക്കണമെന്നു പറഞ്ഞത് ഇവിടുത്തെ ആദരണീയരായ വിമർശകരായിരുന്നുവെന്നു നാം മറന്നുകൂടാ. എഴുത്തുകാരനെയും ഇതിവൃത്തത്തെയും സംബന്ധിക്കുന്ന ഒരു കാലത്തിന്റെ ധാരണകളുടെ യാഥാസ്തികത വെളിപ്പെടുത്തുന്നവയാണു ഈ ചോദ്യങ്ങളെല്ലാം. നീ എഴുതാനാളായോ എന്നു അല്ലങ്കിൽ ഇതാണോ എഴുതേണ്ടത് എന്നു അതുമല്ലങ്കിൽ ഇവിടെയാണോ എഴുതേണ്ടതെന്നു തുടർച്ചയായ സംശയങ്ങൾ ഉന്നയിച്ചു കൊണ്ടിരിക്കുന്നു.ഇവിടെയിതാ ബ്ലോഗ് എഴുത്തുകാരോടും ഇതേ ചോദ്യങ്ങൾ തന്നെ ആവർത്തീക്കുന്നതായിക്കാണാം.
ഓരോ കാലത്തിലും അധികാരകേന്ദ്രങ്ങൾ ആവിഷ്കരിക്കപ്പെടേണ്ട വിഷയങ്ങളെ സംബന്ധിച്ച്, അത് ആവിഷ്കരിക്കേണ്ട ആളുകളെ കുറിച്ച് അലിഖിതമായ ഒരു നിയമമുണ്ടാക്കിയിരിക്കും. ഒരു ജനതയുടെ പൊതുസമ്മതിയിൽ മേൽകൈ നേടി ആധിപത്യം ചെലുത്തുന്ന ഈ ധാരണയിലാണു അവിടെയുണ്ടാവുന്ന എന്തും വായിക്കപ്പെടുന്നത്. മാനകമേത് അപഭ്രംശമേത് എന്നല്ലാം ഈ ധാരണയിന്മേലാണു പരിശോധിക്കുക. മീഡിയാക്കും ഇത ബാധകമാണെന്നു കാണാം. നമ്മുടെ നാട്ടിൽ ഓലയിലെഴുതിയിരുന്നവർ കടലാസ്സുവന്നിട്ടും പൂർണ്ണമായി അതിലേക്കു മാറാൻ വിമുഖത കാട്ടിയിരുന്നതായി കാണാൻ കഴിയും. ഗദ്യം പേപ്പറിൽ എഴുതിയാലും കവിത ഓലയിലെഴുതിയിരുന്നു. ജാതകം ഇന്നും ഓലയിലെഴുതാമോയെന്നു നാം അന്വേഷിച്ചു കൊണ്ടിരിക്കുന്നു. കൂടുതൽ പ്രധാനപ്പെട്ടത് അങ്ങനെയാണു വേണ്ടതെന്നു നാം അബോധമായി പേറിനടക്കുന്നു. പുതിയ മാധ്യമങ്ങളെ സ്വീകരിക്കുന്നതിൽ കാണിക്കുന്ന ഈ ജഡത്വം ബ്ലോഗിന്റെ കാര്യത്തിലും പ്രസക്തമാണെന്നു കാണാം. പേപ്പറിൽ എഴുതുകയും അതു വായിക്കുകയും ചെയ്യുന്നത് വരേണ്യമെന്നു കരുതുന്നവർ ഭൂരിപക്ഷമാണു. ബ്ലോഗ് എഴുത്തുകാരിൽ തന്നെ ചിലർ നല്ല കഥയും കവിതയും പ്രിന്റ് മീഡിയാക്ക് വിടുകയും രാണ്ടാംതരം സാധനങ്ങൾ ബ്ലോഗിൽ പോസ്റ്റ് ചെയ്യുന്നതും കാണാം. സാങ്കേതിക വിദ്യയുടെ മുന്നേറ്റവും കാലത്തിന്റെ പുരോഗതിയും ഈ ധാരണകളെ ചവറ്റുകൊട്ടയിലേയ്ക്ക് തള്ളുന്ന കാലം വിദൂരമല്ല. ലോകത്തിലെ ശ്രദ്ധിക്കപ്പെടുന്ന രചനകൾ ബ്ലോഗിൽ പ്രത്യക്ഷപ്പെടും എന്നു എനിക്കുറപ്പണു.
ഈ യാഥാസ്ഥിതികതയെ നാം മറികടക്കേണ്ടതായിട്ടുണ്ട്. വീട്ടുകാരികൾ അതും പ്രവാസി വീട്ടുകാരികൾ എഴുതുന്നു എന്നതാണു ബ്ലോഗിന്റെ ഒരു പ്രത്യേകത. പാചകകുറിപ്പുകൾ സ്വകാര്യ അനുഭവങ്ങൾ, യാത്രാവിവരണങ്ങൾ ഇതെല്ലാം കൊണ്ട് ഈ പെണ്ണുങ്ങൾ എഴുത്തിന്റെ ഗൌരവം കുറച്ചുകളയുന്നുവെന്നതാണു ഒരു ആരോപണം. സത്യത്തിൽ ഇത് ആരുടെ പരാതിയാണു. വായനക്കാരന്റേതാണെങ്കിൽ തീർച്ചയായും പരിഗണിക്കേണ്ടവയാണു. പക്ഷേ വായനക്കാരനു അവനിഷ്ടമില്ലാത്തതും നിലവാരമില്ലാത്തതും ഉപേക്ഷിക്കനുള്ള സ്വാതന്ത്രമുണ്ട്. ഇവിടെ ഈ ആരോപണങ്ങളെല്ലാം വരുന്നത് എഴുത്തുകാരിൽ നിന്നു തന്നെയാണു. എഴുത്ത് മണ്ഡലത്തിൽ ഇരിപ്പുവശമായ ആളുകൾക്ക് സ്ത്രീകളും കുട്ടികളും മറ്റ് മേഖലയിലുള്ള ആളുകളും എഡിറ്ററ്റുടെയോ മറ്റ് അധികാരികളുടെയോ പടിക്കൽ കാവൽ കിടക്കാതെ ഇവിടെ കസേര വലിച്ചിട്ട് ഇരിക്കുന്നത് തീരെ സുഖിക്കുന്നില്ല. അവരാണു അസഹിഷ്ണുത കാണിക്കുന്നത്. ഇതിനു മറുമരുന്നില്ല,അങ്ങ് സഹിക്കുകയല്ലതെ.
തീർച്ചയായും ഇത് ആവിഷ്കരണത്തിന്റെ രംഗത്ത് വരുന്ന ഒരു വലിയ ജനാധീപത്യ വിപ്ലവമാണു. എല്ലാ മനുഷ്യർക്കും അവരുടെ അനുഭവങ്ങളും ചിന്തകളും പ്രകടിപ്പിക്കാൻ കഴിയുന്നോരുകാലം അല്ലങ്കിൽ അതിനു അവകാശമുണ്ടായിരിക്കുന്ന കാലം എന്നെ സംബന്ധിച്ചിടത്തോളം പൂർണ്ണമായും ആനന്ദ ദായകമായ കാലമാണു. അത്തരമൊരു കാലത്തേക്ക് ഉണരണം എന്നതാണെന്റെ രാഷ്ടീയം.
നാം ഇപ്പോഴും ഒരു സെക്സ് വർക്കറോ, ഒരു കള്ളനോ, ഒരു തെരുവു ഗുണ്ടയോ തന്റെ ജീവിത കഥ പറഞ്ഞുതുടങ്ങുമ്പോൾ ഞെട്ടുകയാണു.ഇവർക്കും ആത്മകഥയോ? തുടർച്ചയായ ഞെട്ടലുകളുണ്ടാക്കുന്ന പുതിയ ലക്ഷക്കണക്കിനു ബ്ലോഗുകളുണ്ടാവട്ടേയെന്നു ഞാൻ ആശംസിക്കുന്നു. ഒപ്പം ഒരേ ഇടങ്ങളിൽ പരിചിതരായവരുടെ ഈ കൂട്ടായ്മ പങ്കുവയ്ക്കുന്ന സ്നേഹോഷ്മളത തുടർന്നും ഉണ്ടാകട്ടെയെന്നു ആശംസിക്കുന്നു.
നന്ദി
(2008 സെപ്തം:20നു ബു അലി ഇന്റർനാഷണൽ ഹോട്ടലിൽ വച്ചു നടന്ന ബഹറൈൻ ബുലോക സംഗമത്തിൽ ശ്രീ. അനിൽ വേങ്കോട് നടത്തിയ പ്രഭാഷണത്തിൽ നിന്നു)
4 comments:
നന്നായി ഈ പോസ്റ്റ്. ആ പ്രസംഗം ഇവിടെ കാണാനായതില്‍ സന്തോഷം.
ആ നല്ല പ്രസംഗം ഇങ്ങനെ പോസ്റ്റായി വന്നതില്‍ വളരെ സന്തോഷം.....
മാഷേ.......ആ കേള്‍ക്കാന്‍ കഴിയാതിരുന്ന വിജയന്‍ മാഷ് അനുസ്മരണത്തിന്റെ പ്രസംഗവും, കഴിയുമെങ്കില്‍ ഒരു പോസ്റ്റാക്കു...
നല്ല പ്രസംഗം മാഷേ :)
Post a Comment