Custom Search

Sunday, May 16, 2010

പാറപ്പള്ളി കടപ്പുറം, കൊയിലാണ്ടി


 


ഇത് പാറപ്പള്ളി കടപ്പുറം,
ആകാശവും, കടലും, പാറക്കൂട്ടങ്ങളും, കുന്നിന്‍ ചെരിവുകളും ചേര്‍ന്ന് പ്രകൃതി മനോഹരമായ ഒരിടം.
എപ്പോഴെങ്കിലും കുറച്ചു സമയം പ്രകൃതിയോടൊത്ത്  നില്‍ക്കെണമെന്നു നിങ്ങള്‍ക്ക് തോന്നുന്നെങ്കില്‍, ഒന്നിവിടെക്ക് പോകൂ... അത്രയ്ക്ക് ശാന്തസുന്ദരമായ ഒരിടം.

 കടലിലേക്ക്‌ ഇറങ്ങി നില്‍ക്കുന്ന പാറക്കൂട്ടം
കടലിന്റെ ഇരമ്പലും,കാറ്റിന്റെ സംഗീതവും ആസ്വദിച്ചു കൊണ്ട് ഈ കുന്നിന്‍ ചരിവിലൂടെ കുറച്ചു സമയം നടക്കൂ.....അപ്പോള്‍ കിട്ടുന്ന ഒരു ശാന്തത അത് അനുഭവിച്ചു തന്നെ അറിയണം....

ഈ മനോഹര കടല്‍തീരത്തില്‍ എത്താന്‍, കോഴിക്കോട് - കണ്ണൂര്‍ ദേശീയപാതയില്‍ കൊയിലാണ്ടി ടൌണ്‍ കഴിഞ്ഞു, കൊല്ലം പിരാഷികാവ് അമ്പലത്തിനു അടുത്തുകൂടെ പടിഞ്ഞാറേക്ക്‌ പോകുന്ന ചെറിയ റോഡിലൂടെ കുറച്ചു ദൂരം പോയാല്‍ മതി.
റോഡ്‌ ചെന്ന് നില്‍ക്കുന്നത് കടലിനടുത്തായി കുന്നിന്‍ ചെരിവ് തുടങ്ങുന്ന സ്ഥലത്ത് തന്നെ. ഇവിടെ നിന്ന് നോക്കിയാല്‍ കാണുന്ന പച്ചപുതച്ചു നില്‍ക്കുന്നതാണ്  പാറപ്പള്ളി മഖാം. ഈ കുന്നിനു മുകളില്‍ ഒരു ചെറിയ കെട്ടിടമുണ്ട് അതാണ്‌ ഔലിയാപ്പള്ളി.

കുന്നിന്‍ചെരിവിലൂടെയുള്ള യാത്രയില്‍ പടിഞ്ഞാറു ഭാഗത്ത്‌ കാണുന്ന കടലിലേക്ക് ഇറങ്ങി നില്‍ക്കുന്ന  ഒറ്റയ്ക്കും, കൂട്ടായും, ചെറുതും, വലുതുമായ നിരവധി പാറകൂട്ടങ്ങള്‍ ആണ്  പാറപ്പള്ളിയുടെ ഏറ്റവും വലിയ പ്രത്യേകത.ഈ കുന്നിന്‍ ചെരുവില്‍ കടലിനോടു ചേര്‍ന്ന് പാറകള്‍ക്കിടയിലൂടെ ഒരു ചെറിയ നീരുറവയുണ്ട്.
ഔലിയ വെള്ളമെന്ന് വിളിക്കുന്ന ഈ നിരുറവയിലെ വെള്ളം വിശ്വാസികള്‍ ശേഖരിച്ചു കൊണ്ട് പോകാറുണ്ട്.
മുന്‍പൊരിക്കല്‍ ഞാനും ഈ നീരുരവയുടെ സ്വാദ് ആസ്വദിച്ചിട്ടുണ്ട്, ഒട്ടും ഉപ്പുരസമില്ലാത്ത നല്ല ശുദ്ധമായ ഇളം തണുപ്പ് വെള്ളം.
ഔലിയാ വെള്ളം ശേഖരിക്കുന്നു..
കുന്നിന്‍ ചെരിവിലൂടെ കുറച്ചു ദൂരം പോയാല്‍ നമുക്ക് കടല്‍ തീരത്തെത്താം. മറ്റു കടല്‍ തീരങ്ങളില്‍ നിന്നും വ്യത്യസ്തമായി വളരെ വൃത്തിയുള്ള ഒരു തീരം.

പച്ചപുതച്ച കുന്നിന്‍ ചെരിവിലെ നടപ്പാത 

കുന്നിന്‍ ചെരിവിലൂടെയുള്ള ഈ നടത്തത്തില്‍ ഇടക്ക് കാണുന്ന പറങ്കിമാവുകളുടെ കൂട്ടവും, കുറ്റിച്ചെടികള്‍ നിറഞ്ഞ പാറ ചെരിവുകളുമൊക്കെ ഒരു പ്രത്യേക സുഖമാണ് നമുക്ക് നല്‍കുന്നത്. അതാണ്‌ പാറപ്പള്ളിയുടെ ഭംഗി.


ഈ മരങ്ങള്‍ക്കിടയില്‍ അവിടവിടെയായി ചെറിയ ചന്ദന മരങ്ങളും ഞാന്‍ കണ്ടു...


മരക്കൂട്ടങ്ങള്‍.... വിശ്രമിക്കാന്‍ വേണ്ടി..

ഇടക്ക് കാണുന്ന ഈ മരക്കൂട്ടങ്ങള്‍ക്കിടയില്‍ വിശ്രമിച്ചു, കടല്‍ക്കാറ്റിന്റെ തലോടലോക്കെ ആസ്വദിച്ചു എത്ര സമയം ഇവിടെ ഇരുന്നാലും മതിയാവില്ല. എല്ലാ അവധിക്കാലത്തും മുടങ്ങാതെ ഞാന്‍ ഈ തീരത്ത് പോയിരിക്കാറുണ്ട്. കുറച്ചു സമയം വെറുതെ ഇരിക്കാന്‍, പ്രകൃതിയുടെ താളത്തോട്‌ , പ്രകൃതിയുടെ ആത്മാവിനോട് ചെര്‍ന്നിരിക്കാന്‍.....

കടല്‍ ഭംഗി ആസ്വദിച്ചിരിക്കാന്‍  നമ്മളെയും കാത്തിരിക്കുന്ന പാറക്കൂട്ടങ്ങള്‍...

 

പച്ച പുതച്ച കുന്നിന്‍ ചെരിവ്...
 
കടലിലേക്ക് ഇറങ്ങി നില്‍ക്കുന്ന ഈ പാറകളുടെ അടുത്തു ചെന്നാല്‍ പാറകൂട്ടങ്ങളില്‍ അടിച്ചു രസിക്കുന്ന   കൂറ്റന്‍ തിരമാലകള്‍ നമ്മെയും ഒന്ന് നനയ്ക്കും....


പാറക്കൂട്ടങ്ങളിലേക്ക് അടിച്ചു കയറുന്ന തിരമാലകള്‍...
ഇവിടെ കടല്‍ ഒരു അര്‍ദ്ധവൃത്താകൃതിയില്‍ കുറച്ചുള്ളിലേക്ക് കയറിആണിരിക്കുന്നത്തു . അതുകൊണ്ട് തെക്ക് പടിഞ്ഞാറ് ഭാഗത്തായി കൊയിലാണ്ടി കടല്‍പ്പുറവും, വടക്ക് പടിഞ്ഞാറായി തിക്കൊടി കടപ്പുറവും ഇവിടെ നിന്നും വ്യക്തമായി കാണാം. സുന്ദരമായ ഒരു കാഴ്ചയാണത് .

ദൂരെ കാണുന്നത്  കൊയിലാണ്ടി കടല്‍പ്പുറംആ കാണുന്നത് ,.. ദൂരെ തിക്കൊടി കടല്‍പ്പുറം ..
ഇവിടെ എത്തിയാല്‍ വാഹനം പാര്‍ക്ക് ചെയ്യുന്ന സ്ഥലത്തിനോടു ചേര്‍ന്ന്, നടത്തം തുടങ്ങുന്ന സ്ഥലത്ത് തന്നെ  ചെറിയ ഒരു പെട്ടിക്കടയുണ്ട്, കുടിക്കാനുള്ള വെള്ളവും, സര്‍ബത്തും, നാരങ്ങസോഡയും, ഉപ്പിലിട്ട നാരങ്ങയും, നെല്ലിക്കയുമൊക്കെ കിട്ടുന്ന ഒരു കുഞ്ഞുപെട്ടിക്കട.

കുന്നിന്‍ചെരിവിലേക്ക് പ്രവേശിച്ചാല്‍ പിന്നെ വേറെ കടകള്‍ ഒന്നും തന്നെ ഇല്ല. അതുകൊണ്ട് ഇവിടെ നിന്നും ആവശ്യത്തിനു ഇന്ധനം നിറച്ചു വേണമെങ്കില്‍ കയ്യിലും കരുതി മുന്നോട്ടു പോകുന്നതാണ് നല്ലത്.

നടത്തം ഇവിടെ നിന്നും തുടങ്ങുന്നു...
ഇവിടെ ഈ പാറക്കൂട്ടങ്ങല്‍ക്കിടയില്‍ ഇറങ്ങി കുളിക്കുന്നവരെയും കാണാറുണ്ട്‌. ഒത്തിരി അപകടം പിടിച്ച ഏര്‍പ്പാടാണിത്. തിരമാലകള്‍ നനച്ച, പായലുകള്‍ നിറഞ്ഞ പാറയില്‍ ചവിട്ടുന്നത്തെ അപകടം പിടിച്ച കാര്യമാണ്.


എന്നെങ്കിലും നിങ്ങള്‍ കൊയിലാണ്ടി - വടകര ദേശീയപാത വഴി പോകുന്നെങ്കില്‍, ഒന്ന്  പോകണം ഈ മനോഹര തീരത്തിലേക്ക്... പച്ച പുതച്ചു നില്‍ക്കുന്ന ഈ കുന്നിന്‍ചെരിവിലേക്ക്.... കടലിലേക്ക്ഇറങ്ങി നില്‍ക്കുന്ന ഈ പാറകൂട്ടങ്ങളിലേക്ക്..... ജീവിതത്തിലെ ഏറ്റവും മനോഹരമായ കുറച്ചു നിമിഷങ്ങള്‍ ആയിരിക്കും അത്  തീര്‍ച്ച....
കുന്നും, പാറയും, കടലും, പിന്നെ ആകാശവും...കുന്നിന്‍ ചെരിവിലെ കൂറ്റന്‍ പാറക്കൂട്ടങ്ങള്‍..
എന്റെ അടുത്ത അവധിക്കു ഞാനുമുണ്ടാകും പാറപ്പള്ളിയിലേക്ക്, എല്ലാവര്‍ഷത്തെയും പോലെ...
അന്നും, എന്നും ഈ കാഴ്ചകള്‍ ഇതുപോലെ തന്നെ ഉണ്ടാകണേ എന്നാശിക്കാറുണ്ട്, ഓരോ തവണയും.....


കുറച്ചു ദൃശ്യങ്ങള്‍ കൂടെ .... പാറപ്പള്ളിയില്‍ നിന്നും കിട്ടിയത്...

'കടുവയെ പിടിക്കാന്‍ നോക്കുന്ന കിടുവ...'
 എന്റെ അടുത്ത സുഹൃത്തും ഇളയമ്മയുടെ മകനുമായ സ്വരൂപിന്റെ ഫോട്ടോ പിടുത്തം..ആര്‍ത്തുല്ലസിക്കുന്ന തിരമാലകള്‍...


 


മരത്തണല്‍,  ഒന്നിരിക്കാന്‍ വല്ലാതെ കൊതിത്തോന്നുന്ന ഒരിടം...
 

'ശാന്തത..' കടലിന്റെ വേറൊരു മുഖം...
 


ഞാന്‍ എന്നും അസൂയ്യയോടെ നോക്കുന്ന,  
എനിക്ക് നഷ്ടപ്പെട്ട ആ ബാല്യം...


നമ്മളെ പോലെ ഈ ഭൂമിയുടെ വേറൊരു അവകാശി...ഇവരും പാറപ്പള്ളി നിവാസികള്‍...

6 comments:

Muhammed Shan said...
This comment has been removed by the author.
Muhammed Shan said...

നന്നായിരിക്കുന്നു.. :)
ചിത്രങ്ങള്‍ അല്പം കൂടി വലുതാക്കാമായിരുന്നില്ലേ ?

Mohamed Salahudheen said...

Good

Unknown said...

പാറപ്പള്ളി കടപ്പുറം പരിചയപ്പെടുത്തിയതിന് നന്ദി. പോസ്റ്റില്‍ കൂടുതല്‍ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തുന്നെങ്കില്‍ ടെമ്പ്ളേറ്റ് മാറ്റുന്നതിനെക്കുറിച്ച് ഒന്നാലോചിക്കുമല്ലോ, അപ്പോള്‍ ചിത്രങ്ങള്‍ ഒന്നുകൂടി ആസ്വാദ്യകരമാകും...

Sulthan | സുൽത്താൻ said...

നല്ല വിവരണം, മനോഹരമായ ചിത്രങ്ങൾ.
കൊതിതോന്നുന്നു. ഈ പറക്കുട്ടങ്ങളിൽ പോയി, ഇത്തിരിനേരമിരിക്കാൻ.

ആശംസകൾ

Sulthan | സുൽത്താൻ

സജി said...

പടം എടുത്താന്‍ ഇങ്ങനെയെടുക്കണം !!
അല്ലാതെ...ക്യാമറയും ചുമന്നോണ്ടു നടന്നാല്‍ പോര..(എന്നേപ്പോലെ)