Custom Search

Sunday, September 12, 2010

ഇരുവഴിഞ്ഞിപുഴയുടെ തലോടല്‍.


പടച്ച തമ്പുരാന്‍ മുന്നില്‍ വന്ന് എന്നോട് എന്ത് വേണമെന്ന് ചോദിച്ചാല്‍ ഞാന്‍ കരുതിവെച്ച രണ്ട് ആവിശ്യങ്ങളുണ്ട്. ഒന്ന്, എന്റെ ഉപ്പയെ തിരിച്ചുതരുമോ എന്ന്, പിന്നെ ഒരു ദിവസത്തേക്കെങ്കിലും ആ ബാല്യത്തിലേക്ക് കൂട്ടികൊണ്ട് പോകുമോ എന്നും. രണ്ടും നടക്കില്ലെന്നറിയാം. എന്നാലും എന്റെ പകല്‍ കിനാവുകളില്‍ ഇത് രണ്ടും സംഭവിക്കാറുണ്ട്.
സ്കൂളും വിട്ടുവന്ന് ചായ പോലും കുടിക്കാതെ ഓട്ടമാണ് കട്ടപുറത്തേക്ക്. കട്ടപുറമെന്നാല്‍ ചെറുവാടിക്കാരുടെ കളിസ്ഥലമാണ്. തോടിനും വയലിനും മധ്യേയുള്ള വിശാലമായ സുന്ദരന്‍ ഭൂമി. ഫുട്ബാളും ക്രിക്കറ്റും ഷട്ടിലും തുടങ്ങി എല്ലാ താല്പര്യക്കാരെയും ഉള്‍കൊള്ളാന്‍ കട്ടപുറത്തിന് സ്ഥലം ബാക്കി. ഒരു ലോക്കല്‍ മെസ്സി ആകാന്‍ താല്പര്യമില്ലാത്തത് കൊണ്ട് ഞാന്‍ ക്രിക്കറ്റിലെ കൂടൂ. മുത്തയ്യ മുരളീധരനെ മാങ്ങയേറ്കാരനെന്നു വിളിക്കാന്‍ ഒരു ബേദിയെ കാണൂ എങ്കില്‍ ഞങ്ങളുടെ കൂട്ടത്തിലെ എല്ലാരും എന്നെ അങ്ങിനെയാ വിളിച്ചത്. ഇന്നത്തെ കുട്ടികള്‍ക്ക് കളിക്കാനായി ഇപ്പോഴും അല്പം സ്ഥലം ബാക്കിയുണ്ടവിടെ. കൂടുതലും ഇഷ്ടിക കളമായി. ഞങ്ങള്‍ വല്ലപ്പോഴും ആരും കാണാതെ പുകവിടാന്‍ ഒളിച്ചിരുന്നിരുന്ന കുറ്റികാടുകളെല്ലാം ഇഷ്ടിക കളത്തിലെ പാണ്ടിപിള്ളേര്‍ക്ക് അപ്പിയിടാന്‍ സ്വന്തമായി. പിന്നത്തെ രസം തോട്ടിലെ ചൂണ്ടയിടല്‍.പിടിക്കുന്ന മീനിനെ കൊടുത്താല്‍ മണ്ണിര കോര്‍ത്തുതരാന്‍ കുട്ടികളെ കിട്ടും. തോടിന് കുറുകെ ഒരു കവുങ്ങിന്റെ ഒറ്റത്തടി പാലമുണ്ടായിരുന്നു. അതിന്റെ മുകളില്‍ കയറി ട്രിപീസ് കളിക്കുമ്പോള്‍ ഒടിഞ്ഞു താഴെ വീണു. നല്ല വെള്ളമുള്ള സമയവും. കൂടെയുള്ളവര്‍ ഇടപ്പെട്ടതുകൊണ്ട് ഈ കുറിപ്പ് പരലോകത്തിരുന്നു എഴുതേണ്ടി വന്നില്ല. പിന്നൊരിക്കല്‍ കൂടി ഈ തോട്ടില്‍ ചാടിയിട്ടുണ്ട്‌. അത് അബുകാക്കയുടെ കാള കുത്താന്‍ ഓടിച്ചപ്പോഴാണ്. വെള്ളം കുറവുള്ള സമയം ആയതുകൊണ്ട് ഞാന്‍ രക്ഷപ്പട്ടു. എന്നെ കുത്തി എന്ന ചീത്തപ്പേരില്‍ നിന്നും കാളയും. ഈ തോടിന്റെ കൈവരിയിലൂടെ നടന്നാല്‍ അങ്ങേയറ്റം ഇരുവഴിഞ്ഞിപുഴയാണ്. കളിയൊക്കെ കഴിഞ്ഞ് തോടിന്റെ കരയിലൂടെ തെച്ചിക്കായയും പറിച്ചു തിന്ന് മുളക്കൂട്ടങ്ങള്‍ക്കിടയിലെ കുളക്കോഴികളെയും കണ്ട് ഇരുവഴിഞ്ഞിവരെ നടക്കും. ഒരു ദിവസം കുളക്കോഴിക്ക് പകരം വന്നത് ഒരുഗ്രന്‍ പാമ്പ്‌. എനിക്കിഷ്ടപ്പെട്ടില്ല. എങ്കിലും ആ ഇഷ്ടയാത്ര പറ്റെ ഉപേക്ഷിച്ചില്ല. ഞാന്‍ മുന്നില്‍ നടക്കില്ല എന്ന് മാത്രം. കാരണം, ഇരുവഴിഞ്ഞിപുഴയുടെ തീരങ്ങളിലെ വൈകുന്നേരം ഞങ്ങള്‍ക്ക് അത്രയും പ്രിയപ്പെട്ടതാണ്. ചെറുവാടിക്കാരുടെ സുന്ദരിക്കുട്ടിയാണ് ഈ പുഴ. ഒരുകാലത്തും ഇവള്‍ ഞങ്ങളോട് പിണങ്ങിയിട്ടില്ല. കലക്ക് വെള്ളം പെട്ടന്നു തെളിയുന്നത് ഇതിന്റെ തീരത്തുള്ള അത്യപൂര്‍വ്വമായ ഔഷധ ചെടികളുടെ പ്രത്യേകത കൊണ്ടാണത്രേ.
പൊട്ടിത്തെറികളുടെ ആ കുട്ടിക്കാലം തിരിച്ചുവരാന്‍ ആഗ്രഹിക്കാത്തവര്‍ ആരുണ്ട്‌. സൈക്കിള്‍ ഓടിക്കാന്‍ പഠിക്കാന്‍ ശ്രമിച്ചു ഒടിഞ്ഞത് കയ്യും കൂടെയൊരു പ്ലാസ്റ്ററും. പിന്നെ ദാസന്‍ ഗുരിക്കളുടെ ഉഴിച്ചില്‍. അന്ന് വേദനിച്ചെങ്കിലും ഇന്ന് ഓര്‍ക്കാന്‍ സുഖമുണ്ട്. ഇന്നും നാട്ടിലൊക്കെ പോകുമ്പോള്‍, ഞാനീ വയലിലും തോട്ടിലും കട്ടപ്പുറത്തും പിന്നെ പുഴയുടെ തീരങ്ങളിലും പോകാന്‍ സമയം മാറ്റിവെക്കും. ആ പഴയ കുട്ടിക്കാലത്തിന്റെ ഓര്‍മ്മകള്‍ നിറഞ്ഞു നില്‍ക്കുന്ന ഇവിടങ്ങളില്‍ നില്‍ക്കുമ്പോള്‍ മനസ്സിലേക്ക് കയറി വരുന്ന വികാരത്തെ എന്ത് പേരിട്ടാണ്‌ വിളിക്കേണ്ടത്?
പൊട്ടിത്തെറികള്‍ക്ക് വീട്ടില്‍ നിന്നും നല്ല പൊട്ടിക്കലും കിട്ടും. ഉപ്പ തല്ലാന്‍ വരുമ്പോള്‍ ഓടാത്തത്‌ ഓടിയ വകയില്‍ രണ്ടെണ്ണം കൂടുതല്‍ കിട്ടും എന്ന് പേടിച്ചാണെങ്കില്‍ ഉമ്മാന്റെ തല്ല്‌ കൊള്ളുന്നത്‌ അത് കഴിഞ്ഞു വല്ല സ്പെഷലും കിട്ടും എന്നതിനാലാണ്. എന്നാലും ഉപ്പാന്റെ തല്ല്‌ ഒന്ന് മതി. ഒരു ഏഴുമണിക്ക് മുമ്പേ വീട്ടിലെത്തണം എന്നൊക്കെ നിയന്ത്രണം ഉള്ള സമയം. പഞ്ചായത്ത് ടീവിയില്‍ സിനിമയും കണ്ടു നേരം വൈകിപ്പോയി. വീട്ടിലെത്തുമ്പോള്‍ ഉമ്മറത്ത്‌ തന്നെ ഉപ്പയുണ്ട്.
"മന്‍സ്വാ... നീ ഇശാഹ് നിസ്കരിച്ചോ "? പെട്ടന്നു ഞാന്‍ മറുപടിയും പറഞ്ഞു. "അതെ ഉപ്പാ".
അടുത്ത ചോദ്യം. പള്ളിയില്‍ കറന്റ് ഉണ്ടായിരുന്നോ?
അങ്ങിനെ ചോദിക്കുമ്പോള്‍ ഉണ്ടാവാന്‍ ചാന്‍സില്ല എന്ന് എന്റെ ഒടുക്കത്തെ ബുദ്ധി തോന്നിച്ചു.
" ഇല്ലായിരുന്നു"
ട്ടപ്പേ...ട്ടപ്പേ . രണ്ടെണ്ണമേ കിട്ടിയുള്ളൂ. എന്റെ കറന്റ് പോയി, കാരണം പള്ളിയിലെ കറന്റ് പോയിട്ടില്ലായിരുന്നു.
രണ്ടെണ്ണം കിട്ടിയതിന്റെ വിശദീകരണവും തന്നു. ഒന്ന് നിസ്കരിക്കാത്തതിന്, രണ്ട് കള്ളം പറഞ്ഞതിന്.
സിനിമ കാണുന്ന സ്വഭാവം ഉപ്പക്കില്ല. പിന്നെങ്ങിനെ ഇതുപോലുള്ള സേതുരാമയ്യര്‍ സ്റ്റയില്‍ ചോദ്യങ്ങള്‍ വരുന്നു? വരും. ഇതുപോലുള്ള വിത്തുകള്‍ ഉണ്ടായാല്‍ സേതുരാമയ്യരല്ല, ഷെര്‍ലക് ഹോംസ് തന്നെ ആയിപോകും. പക്ഷെ അതോടെ രാത്രി സഞ്ചാരത്തിന്റെ നിരോധാജ്ഞ മാറ്റി അടിയന്തിരാവസ്ഥ ആക്കി.
പിന്നെ ഓരോ പ്രായം കൂടുമ്പോഴും ഉപ്പ കൂടുതല്‍ അയവുകള്‍ വരുത്തി. പതുക്കെ പതുക്കെ ഞാനെന്റെ ഉപ്പയെ തിരിച്ചറിയുകയായിരുന്നു. സ്നേഹത്തെ, ഉത്തരവാദിതത്തെ, സുഹൃത്തിനെ എല്ലാം ഉപ്പയില്‍ കാണാന്‍ കഴിഞ്ഞു. അത് ഞാന്‍ മുമ്പ് എഴുതിയിട്ടുണ്ട്. ഞാന്‍ ഗള്‍ഫിലേക്ക് വന്നിട്ടും ആ ആത്മബന്ധത്തിന് ഒന്നും പറ്റിയില്ല. വിളിക്കാന്‍ വൈകിയാല്‍ ഉടനെയെത്തും വിളി. എന്റെ അവധികാലങ്ങല്‍ക്കായി എന്നെക്കാളും മുമ്പേ ഒരുങ്ങും ഉപ്പ. ഉപ്പയെ കുറിച്ചുള്ള ഓര്‍മ്മകള്‍ എന്റെ പല പോസ്റ്റിലും കടന്നുവരുന്നതിന് മാപ്പ്. കാരണം, ഞാനാ വേര്‍പ്പാടിന്റെ വേദന ഇപ്പോഴുമറിയുന്നു.
അതുകൊണ്ട് തന്നെയാണ് ഉപ്പയെ തിരിച്ചുകിട്ടുമോ എന്ന് ഞാന്‍ മോഹിച്ചു പോകുന്നതും.

കട്ടപ്പുറം,


ഇഷ്ടികകളത്തിന് കുഴിയെടുത്ത് ഇപ്പോള്‍ നല്ല സുന്ദരന്‍ പൊയ്കയായി മാറിയ മറ്റൊരു ഭാഗം.


ഇരുവഴിഞ്ഞിപുഴയുടെ മറ്റൊരു ഭാഗം,


Welcome to CENTRE COURT

4 comments:

മൻസൂർ അബ്ദു ചെറുവാടി said...

കുട്ടിക്കാലത്തെ കുസൃതികള്‍ , ഓര്‍മ്മകള്‍
ഉപ്പയുടെ വേര്‍പാടിന്റെ വേദന,
തിരിച്ചുകിട്ടാതെ ചില നഷ്ടങ്ങളിലൂടെ ഒരു യാത്ര.
"ഇരുവഴിഞ്ഞിയും ചില ഓര്‍മ്മകളും

Akbar said...

ഓര്‍മ്മക്കുറിപ്പ്‌ അതി മനോഹരമായി. തിരിച്ചു കിട്ടാത്ത ബാല്യ കൌമാരങ്ങളിലേക്കുള്ള ഓര്‍മ്മയുടെ തിരിച്ചു പോക്ക് എപ്പോഴും സുഖം തരുന്ന ഒന്നാണ്. താങ്കള്‍ അതില്‍ അല്പം നര്‍മ്മം കലര്‍ത്തിയപ്പോള്‍ വായിക്കാന്‍ ഏറെ രസം തോന്നി. ഉപ്പയുടെ വിയോഗം ഓര്‍മ്മകളില്‍ വിഷാദം പരത്തുമ്പോള്‍ ഓര്‍മ്മകളില്‍ല്‍ നനവ്‌ പടരുന്നത്‌ ഞാനറിയുന്നു.

പൂതുമ്പി said...

ഒരിക്കലും തിരിച്ച് കിട്ടാത്ത ബാല്യം കളഞ്ഞ് പോയ മയിൽ‌പ്പീലി തുണ്ട് പോലേയാണ് ..ഓർമ്മകൾ നന്നായിരിക്കുന്നു,നല്ല ഫൊട്ടോകളും.

OAB/ഒഎബി said...

ആ പുഴ എനിക്കറിയില്ലെൻകിലും ചെറുവാടി എനിക്കറിയാം.

വെറുതെയാണീ മോഹമെൻകിലും വെറുതെ മോഹിക്കുവാൻ മോഹം......
:(