Custom Search

Monday, December 6, 2010

''ആഗോളീവല്‍ക്കരണവും കോളനിവല്‍ക്കരണവും തമ്മില്‍ വ്യത്യാസമുണ്ട്-''!-ബെന്യാമിന്‍

+++++++++++++++++++++++++++++++++++++

”നാംഅനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്കു വെറും കെട്ടുകഥകള്‍ മാത്രമാണ്” – കേരള സാഹിത്യ അക്കാദമിയുടെ ഈ വര്‍ഷത്തെ പുരസ്കാരത്തിനു അര്‍ഹനായ ശ്രീ ബന്യാമിന്റെ ‘ആടുജീവിതം’ എന്ന നോവലിന്റെ പുറംചട്ടയില്‍ വായനക്കാരന്റെ കണ്ണുകള്‍ ആദ്യമെത്തുന്നത് ഈ വാക്കുകളിലേക്കാണ്. മരുഭൂമിയില്‍ ജീവിതം മേയ്ക്കാന്‍ വിധിക്കപ്പെട്ട ഓരോ പ്രവാസിയിലും ഒരു ആടു ജീവിതമുണ്ട്. ബന്യാമിനിലെ ആ പച്ച മനുഷ്യനെ തേടി ഒരു യാത്ര ''

? പ്രവാസിക്ക് തന്റെ നാടിനെ കുറെ കൂടി ആഴത്തില്‍ വിശകലനം ചെയ്യാന്‍ പറ്റുമല്ലോ! ഉദാഹരണത്തിന് കേരളത്തില്‍ മാത്രം ഒതുങ്ങുന്ന, അല്ലെങ്കില്‍ ഇന്ത്യയില്‍ മാത്രം ഒതുങ്ങുന്ന ഒരാളെക്കാള്‍ ആഴത്തിലും പരപ്പിലും പ്രവാസിക്ക് സ്വന്തം നാടിനെ, രാജ്യത്തെ നോക്കി കാണാന്‍ കഴിയും. അത് മുന്‍ നിര്‍ത്തി പ്രവാസിയായ എഴുത്തുകാരന്‍ എന്ന നിലയില്‍ താങ്കള്‍ എങ്ങനെയാണ് നാടിനെ നോക്കി കാണുന്നത്?


കേരളത്തിന്റെ രാഷ്ട്രീയ പരമായ ,സാമൂഹിക പരമായ ,സാമ്പത്തിക പരമായ വീക്ഷണ ത്തിലൂടെയാണ് ഞാന്‍ നാടിനെ നോക്കി കാണുന്നത്. ഇവിടെ നിന്ന് പല പ്രവാസികളും നോക്കിക്കാണുന്നത് പോലെ ഗൃഹാതുരത്വമായ ഒരു അടുപ്പം എനിക്ക് നാടിനോടില്ല. അതില്‍ കാര്യവുമില്ല.നമ്മള്‍ കുടിയേറ്റക്കാരാണ്.കൂടുതല്‍ പണത്തിനോ , സുഖസൌകര്യങ്ങള്‍ക്കോ വേണ്ടി ഒരു വിധത്തില്‍ നമ്മള്‍ നാടിനെ ഉപേക്ഷിച്ചു പോന്നവരാണ്.ബാക്കിയുള്ള കോടികണക്കിന് ജനങ്ങള്‍ പ്രവാസം കൊണ്ടല്ലല്ലോ കഴിഞ്ഞു കൂടുന്നത്. പ്രവാസി എന്ന വാക്കിനോട് എനിക്ക് അധികം യോജിപ്പില്ല. എങ്കിലും നമ്മള്‍ നാടിനെ തിരസ്കരിച്ചിട്ടില്ല.ഒരു രാഷ്ട്രമെന്ന നിലയില്‍ തിരിച്ചു ചെന്ന് പാര്‍ക്കാന്‍ ഒരു പിടി മണ്ണ് അവശേഷിക്കുന്നുണ്ട് . ആ ഒരു അടുപ്പം നാടിനോട് ഉണ്ട്.അത് പോലുമില്ലാത്ത എത്രയോ കോടി ജനങ്ങള്‍ ലോകത്ത് ഉണ്ട്.അവരെ നോക്കിയാണ് നാം ഗൃഹാതുരത്വത്തെ കുറിച്ച് പറയുന്നതെന്ന് പലപ്പോഴും ഓര്‍ക്കാറില്ല.

? എഴുത്ത് എന്നത് പ്രിന്റ്‌ മീഡിയ ഇലക്ട്രോണിക് മീഡിയ എന്നിടത് രണ്ടാകുമ്പോള്‍ , അത് എഴുത്തിനു വേണ്ടി എന്നവസ്തയിലെക്കോ ചില അനാരോഗ്യകരമായ മത്സരത്തിലെക്കോ നീങ്ങുന്നതായി ഈയിടെ എം. മുകുന്ദന്റെ പ്രസ്താവനയില്‍ നിന്നും മനസിലാക്കാന്‍ ആകുന്നു. അതായത് പ്രവാസികളുടെ എഴുത്തുകള്‍ ചവറുകള്‍ ആണെന്ന , ശ്രീ എം മുകുന്ദന്റെ അഭിപ്രായം. അതെ കുറിച്ച് താങ്കളുടെ പ്രതികരണം?


ഗള്‍ഫ്‌ ഇപ്പോള്‍ സാഹിത്യത്തിന്റെ ഉണര്‍വിലാണ് .കഴിഞ്ഞ പത്ത് വര്‍ഷമായി ഗള്‍ഫ്‌ മേഖലയില്‍ നിന്ന് നല്ല രചനകള്‍ ഉണ്ടാകുന്നുണ്ട്. പക്ഷെ പ്രവാസികളുടെ ഇടയില്‍ മോശം രചനകളും ഉണ്ടാകുന്നുണ്ട്. ആ മോശം രചനകളാണ് ശരിയായ രചനകള്‍ എന്ന് വിശ്വസിക്കുന്ന ഒരു സംഭവമുണ്ട് .അത് പ്രവാസികളുടെ വായനയുടെ അഭാവത്തില്‍ നിന്നാണ്.മികച്ച വായനയില്‍ നിന്നെ പ്രവാസികളുടെ എഴുത്ത് എവിടെ എത്തി നില്‍ക്കുന്നു എന്ന് തിരിച്ചറിയാന്‍ കഴിയൂ. ആ ഒരു അപാകതയാണ് ഉന്നതമായ തലത്തില്‍ നില്‍ക്കുന്നു എന്ന ഒരു സങ്കല്‍പ്പമുണ്ടാക്കുന്നത്‌.നമ്മുടെ എഴുത്ത് നാട്ടിലുള്ള വലിയ എഴുത്തുകാര്‍ക്കൊപ്പം മത്സരിക്കാന്‍ തക്ക പ്രാപ്തിയുള്ളതാവണം,അപ്പോള്‍ മാത്രമേ രചനകള്‍ മികച്ചത് എന്ന് പറയാന്‍ പറ്റുകയുള്ളു.


? എഴുത്തില്‍ മാതൃകകള്‍ വേണമോ? അങ്ങനെ ഒരു മാതൃക വേണമെന്നല്ലേ എഴുത്ത് ഒരൊഴുക്കായി കാണുന്നിടത്ത്, അതായതു കൈവഴികളായി ഒഴുകി പോകുന്നത്. അല്ലെങ്കില്‍ മറ്റൊരാള്‍ നിര്‍ത്തിയിടത്തു നിന്നും നാം തുടങ്ങുന്നതും തുടരുന്നതും, അതല്ലേ ശരിയായ ഒരുവഴി?
ആ ഒരര്‍ഥത്തില്‍ താങ്കള്‍ക്ക് മാതൃകകള്‍ ആരങ്കിലും ഉണ്ടോ?


എഴുത്തില്‍ ഗുരുക്കന്‍മാരോ മാതൃകകളൊ സ്വാധീനമോ ഇല്ല. യാദൃശ്ചികമായി
വാരികയിലേക്ക്‌ വന്നു.പിന്നെ ഒരു ആസക്തിയായി പിന്തുടരുകയാണ് .

? ഏറ്റവും ഇഷ്ടപ്പെട്ട എഴുത്തുകാരന്‍?

കസന്ത് സാക്കീസ്, അദേഹത്തിന്റെ ആത്മവിലാപത്തോളം ചെല്ലുന്ന രചനകള്‍, പ്രാര്‍ത്ഥനയോളം വരുന്ന രചനകള്‍ ഭയങ്കര ഇഷ്ടമാണ്. ‘ലാസ്റ്റ് ടേംറ്റെഷന്‍
ഓഫ് ക്രൈസ്ത്’ അതി മോനോഹര മായ പുസ്തകങ്ങളില്‍ ഒന്നാണ്.

?  ബെന്യാമിന്‍  എന്ന വ്യക്തിയും ബെന്യാമിന്‍  എന്ന എഴുത്തുകാരനും തമ്മിലുള്ള വിത്യാസം?


മനുഷ്യ സഹജമായി ഒരു സാധാരണ മനുഷ്യനാണ്.ഒരു എഴുത്തുകാരന്‍ എന്ന നിലക്ക് ,തന്‍റെ പരിസരങ്ങളെ നോക്കിക്കാണുകയും ,വീക്ഷണങ്ങള്‍ രൂപപ്പെടുത്തുകയും ചെയ്യുന്നതില്‍ വ്യത്യാസമുണ്ട്.വ്യക്തിയും എഴുത്തുകാരനും തമ്മില്‍ വളരെ വിഭിന്നമാണ്എന്നു തോന്നുന്നില്ല. ഒരേ സമയം ചേര്‍ന്നിരിക്കയും അതെ സമയം വേര്‍പിരിഞ്ഞു നില്‍ക്കുകയും ചെയ്യുന്ന പ്രതീതിയാണ്. എല്ലാ സമയവും ഒരാള്‍ എഴുത്തുകാര്‍ അല്ല.വ്യക്തിയാണ്. ഒരു ദിവസം കുറച്ചു പ്രത്യേക നിമിഷങ്ങളില്‍ മാത്രമേ എഴുത്തുകാരന്‍ ആകുന്നു ള്ളൂ.അത് അങ്ങിനെ സംഭവിച്ചു പോകുന്ന നിമിഷങ്ങളാണ്. അപ്പോള്‍ മാത്രമേ എഴുത്തുകാരന്‍ ആകുന്നുള്ളൂ.

? എഴുത്തുകാരന് രാഷ്ട്രീയം വേണമോ? അങ്ങനെ ഒരു രാഷ്ട്രീയം എഴുത്തിനെ ബാധിക്കുമോ?

എഴുത്തുകാരന്റെ രാഷ്ട്രീയമായ ചില ബോധ്യങ്ങള്‍ അവന്റെ സൃഷ്ടിയില്‍ ഉണ്ടാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു . അവന്റെ രാഷ്ടീയ നിലപാടുകള്‍ സൃഷ്ടിയെ നശിപ്പിക്കാനും പാടില്ല. ചില ശക്തമായ രാഷ്ട്രീയ നിലപാടുകള്‍ സൃഷ്ടികളെ നശിപ്പിക്കാറുണ്ട്.

? ആഗോളീകരണം എന്നത് നവ കോളനി വല്ക്കരണമായി തോന്നുന്നുണ്ട് .പ്രത്യേകിച്ചു നാലാം ലോകത്തെ സാമ്രാജ്യത്വത്തിന്റെ ഇടപ്പെടല്‍ . അത് പലപ്പോഴും പഴയ ജന്മി കുടിയാന്‍ അവസ്ഥ പ്രതിഫലിപ്പിക്കുന്നു. പണം നല്‍കി ജന്മി കുടിയാനെ ചൂഷണം ചെയ്യുന്നത്. അങ്ങനെയൊക്കെ വായിച്ചു പോകുമ്പോള്‍ ആഗോളീവല്‍ക്കരണം കോളനി വല്‍ക്കരണമാണോ ?


ആഗോളീവല്‍ക്കരണവും കോളനിവല്‍ക്കരണവും തമ്മില്‍ വ്യത്യാസമുണ്ട്. അത് ബ്രിട്ടീഷ് രാജിന്റെ കാലത്ത് നടന്നതാണ്. കോളനി വല്‍ക്കരണത്തില്‍ നീതിയുടെ ഒരു ശതമാനമെങ്കിലും ഉണ്ടായിരുന്നു. അത് കൊണ്ടാണ് ബ്രിട്ടീഷുകാരുടെ മുന്‍പില്‍ ഗാന്ധിജിയെന്ന ഒരാളുണ്ടായത്. ഇന്നത്തെ ആഗോളീ- വല്‍ക്കരണത്തില്‍ നീതിയെന്ന ഒരു പദമേയില്ല. പണം എന്ന ഒരൊറ്റ പദമേ അതിനുള്ളൂ. ഇന്നത്തെ ഈ ആഗോളീ വല്‍ക്കരണ കാലത്ത് ഒരു ഗാന്ധിയുണ്ടാകുക സാധ്യമല്ല.

? ആഗോളീവല്‍ക്കരണത്തിന് പാതയൊരുക്കയാണ് വര്‍ഗീയ ശക്തികള്‍. ബാബറി പള്ളിയുടെ തകര്‍ച്ചയും ഗാട്ടിന്റെ കടന്നു കയറ്റവും അത് സൂചിപ്പിക്കുന്നുണ്ട്. എല്ലാത്തരത്തിലുള്ള വര്‍ഗീയതയും ഭീകരതയും സാമ്രാജ്യത്വ സൃഷ്ടിയായി മാറുന്നു. അത്തരം ചിദ്ര ശക്തികള്‍ സാമ്രാജ്യത്വത്തിന് വേരോടാന്‍ മണ്ണ് പാകപ്പെടുത്തുന്നു. അത്തരം ഒരു വാദത്തെ താങ്കള്‍ എങ്ങനെ വിലയിരുത്തുന്നു ?


ആഗോളീവല്‍ക്കരണം സംഭവിച്ചു കഴിഞ്ഞതാണ് .അതിന് വര്‍ഗീയശക്തികള്‍ തീര്‍ച്ചയായും പാതയൊരുക്കിയിട്ടുണ്ട്. ആഗോളീവല്‍ക്കരണത്തിന്റെ ശ്രോതസ്സ് വര്‍ഗീയ ശക്തികളായിരുന്നു,ഇന്ത്യയിലായാലും ലോകത്തെവിടെയായാലും.

? ലോകത്തെ പൊട്ടി ത്തെറിയിലേക്ക് നയിക്കുന്ന വര്‍ഗീയതയ്ക്കും ,സാമ്രാജ്യത്വത്തിനും ഫാസിസത്തിനുമെതിരായി ഒരു എഴുത്തുകാരന് എന്തല്ലാം സംഭാവനകള്‍ നല്‍കാന്‍ പറ്റും?

ഒരു എഴുത്തുകാരന് പ്രത്യക്ഷത്തിലുള്ള സംഭാവനകള്‍ ഒന്നും നല്‍കാന്‍ പറ്റില്ലെങ്കില്‍ പോലും ചില അപകടസൂചനകള്‍ തന്റെ രചനയിലൂടെ നല്‍കാന്‍ പറ്റും. തന്നെ ആക്രമിക്കാന്‍ കീഴടക്കാന്‍ വരുന്ന, വായനക്കാരന്‍ നേരിടാന്‍ പോകുന്ന വിപല്‍സന്ധികളെ കുറിച്ച് ചില സൂചനകള്‍ നല്‍കാന്‍ പറ്റും. പ്രത്യക്ഷമല്ലാത്ത ആ സൂചനകള്‍ തിരിച്ചറിയാന്‍ വായനക്കാരന് കഴിയുമെങ്കില്‍ ,അത് പ്രതിഷേധ ത്തിനും പിന്നീട് വലിയ ചെറുത്തുനില്‍പ്പുമായ് രൂപപ്പെട്ട് വരാന്‍ സാധ്യതകളുണ്ട്.

? എല്ലാ പ്രവാസികളും എഴുത്തുകാരല്ല. എന്നാല്‍ പ്രവാസികളില്‍ എഴുത്തുകാരെ ധാരാളം കണ്ടുവരുന്നു. താങ്കള്‍ ഒരു പ്രവാസിയായത്‌ കൊണ്ടാണോ ഒരു എഴുത്തുകാരനായത് ?പ്രവാസിയല്ലെങ്കില്‍ ബന്യാമിന്‍ എന്ന ഒരു എഴുത്തുകാരന്‍ ഉണ്ടാകുമായിരുന്നോ?

പ്രവാസിയല്ലെങ്കില്‍ എഴുത്തുകാരന്‍ ആകുമോ എന്ന ചോദ്യം സാങ്കല്‍പ്പികമാണന്ന് അറിയാമല്ലോ, അല്ലെ?പ്രവാസിയായത്‌ കൊണ്ട് എഴുത്തുകാരന്‍ ആയി എന്നും പറയാന്‍ പറ്റില്ല. പ്രവാസിയായതിനു ശേഷമാണ് ഞാനെഴുത്തുകാരനായത്. ഇവിടുത്തെ ജീവിത സാഹചര്യങ്ങള്‍ ആണ് എന്നെ എഴുത്തുകാരന്‍ ആക്കിയത്.ഇവിടുത്തെ സുഖങ്ങള്‍ അല്ലെങ്കില്‍ സൌകര്യങ്ങള്‍ ഉപയോഗിച്ചാണ് ഞാന്‍ പുസ്തകങ്ങള്‍ വായിച്ചത്.ഇവിടുത്തെ പണം ഉപയോഗിച്ചാണ് ഞാന്‍ പുസ്തകങ്ങള്‍ വാങ്ങിയത്.ഇവിടുത്തെ ജോലി കഴിഞ്ഞുള്ള സമയമാണ് എന്നെ വായിക്കാനും എഴുതാനും സഹായിച്ചത്.പ്രവാസം എന്ന വാക്ക് ഞാന്‍ ഇഷ്ടപ്പെടുന്നില്ലങ്കിലും ,ഗള്‍ഫ്‌ ജീവിതമാണ് എന്നെ ഒരു എഴുത്തുകാരനാക്കിയത് .

? പ്രവാസി എഴുത്തുകാരെ ഏറ്റവും കൂടുതല്‍ തുണക്കുന്നത് ഇലക്ട്രോണിക് മീഡിയ എന്നാ കാര്യത്തില്‍ തര്‍ക്കമില്ല. ഇലക്ട്രോണിക് മീഡിയയുടെ സൗകര്യം ഒന്ന് കൊണ്ടുമാത്രം എഴുത്തുകാര്‍ ആകുന്നവരും ഉണ്ട്. വായനയുടെയും എഴുത്തിന്റെയും ലോകത്ത് ഇലക്ട്രോണിക് മീഡിയകളിലെ കുതിച്ചു ചാട്ടങ്ങളായ ഓണ്‍ലൈന്‍ മാഗസിനുകള്‍, ബ്ലോഗുകള്‍ , ഓര്‍ക്കുട്ട് കമ്യുണിറ്റികള്‍ എന്നിവയെ കുറിച്ച് ബന്യാമിന്‍ എന്ന മുഖ്യധാര എഴുത്തുകാരന്‍റെ കാഴ്ചപ്പാട് ?ഞാന്‍ ബഹറിനിലെ ആദ്യത്തെ ബ്ലോഗര്‍മാരില്‍ ഒരാളാണ്. ഇത്തരം സാങ്കേതിക വിദ്യകളോട് അനുഭാവം പുലര്‍ത്തുകയും ,അതിനു വേണ്ടി വാദിക്കുകയും പ്രചാരം നടത്തുകയും ചെയ്തിട്ടുണ്ട്. 2005 മുതല്‍ ബ്ലോഗര്‍ ആണ്.ബഹറിന്‍ കേരള സമാജത്തില്‍ ബ്ലോഗ്‌ മീറ്റിംഗ് ആദ്യമായി സംഘടിപ്പിച്ചു. എല്ലാ പുതിയ മാറ്റങ്ങളെയും ഇഷ്ടപ്പെടുന്നു. എഴുത്തിന്റെ പുതിയ രീതികള്‍ വരികയാണ്.പഴയ സ്ഥലത്ത് നിന്നും തിര യെഴുത്തിലേക്ക് നമ്മള്‍ മാറുകയാണ്. അതിനോടൊപ്പം സഞ്ചരിക്കുന്നു.

? എഴുത്തു താങ്കള്‍ക്ക് എന്താണ്?

എഴുത്ത് എന്റെ ജീവിതവും ആത്മാവുമാണ്. ജീവിതത്തിന്റെ അവസാനം വരെ എഴുത്ത് കൊണ്ട് പോകണം എന്നാണ് ആഗ്രഹം. എഴുത്ത് നല്‍കുന്ന അനുഭൂതി പറഞ്ഞ് അറിയിക്കാനാവില്ല. ആത്മവേദനയോളം കൂടെ കൊണ്ട് നടക്കുന്ന ഒന്നെന്ന് പറയാം.

? എഴുത്തിന് വേദന നിറഞ്ഞ മനസ്സാണ് വേണ്ടത് എന്ന് ചിലയിടങ്ങളില്‍ നിന്നും കേട്ടിട്ടുണ്ട്. ഇലക്ട്രോണിക് മീഡിയയില്‍ പോലും അത്തരം വാദത്തിനു മുന്‍ തൂക്കം ലഭിക്കുന്നു. അല്ലെങ്കില്‍ പ്രശാന്തമായ ഒരു മനസ്സാണോ വേണ്ടത്?

വേദനയുടെ നടുവിലിരുന്ന് കഴിയുമെന്ന വിശ്വാസമില്ല. പ്രശാന്തമായ മനസ്സ് തന്നെയാണ് ആവശ്യം. നമ്മെ തഴുകി പോകുന്ന വേദനകള്‍ ,പ്രയാസങ്ങള്‍ ,നമ്മുടെ ജീവിതാനുഭവങ്ങള്‍ എന്നിവയെല്ലാം പ്രശാന്തമായ മനസ്സിലേക്ക് മടക്കി വിളിക്കുകയും,പിന്നെ അതിനെ എഴുത്തിലേക്ക്‌ കൊണ്ട് വരികയും ചെയ്യുന്നു.എഴുതുന്ന വേളയില്‍ തീര്‍ത്തും പ്രശാന്തമായ അവസ്ഥയാണ് വേണ്ടത്.

? ‘ആട് ജീവിതം’ എന്ന താങ്കളുടെ നോവലിന് സാഹിത്യ അക്കാദമി അവാര്‍ഡു കിട്ടി. ആ കൃതിയാണ് ഏറ്റവും മികച്ച രചന എന്ന് താങ്കള്‍ വിശ്വസിക്കുന്നുവോ?

ഇല്ല.ഏറ്റവും മികച്ച രചന ഇനിയും എഴുതാനാണ് ആഗ്രഹിക്കുന്നത്.എഴുത്തില്‍ ഏറ്റവും അധികം അനുഭൂതി നല്‍കിയ രചന അക്കപ്പോരിന്റെ ഇരുപത് നസ്രാണി വര്‍ഷങ്ങള്‍ ആണ്. ആടു ജീവിതം മറ്റൊരു തലത്തില്‍ നില്‍ക്കുന്നതാണ്. ആടു ജീവിതത്തേക്കാള്‍ വ്യക്തിപരമായി എനിക്കിഷ്ടം അക്കപ്പോരിന്റെ ‘ഇരുപത് നസ്രാണി വര്‍ഷങ്ങള്‍’ ആണ് .

 ( തുടരും …)
2 comments:

Anonymous said...

oru bhudhijeevi touch undu ezhuthinu...................best wishes.....

Anonymous said...

oru bhudhijeevi touch undu ezhuthinu...................best wishes.....