Custom Search

Thursday, December 23, 2010

ചാലിയാറിലെ ഓളങ്ങളിലൂടെ.
അഞ്ചു രൂപ കൊടുത്താല്‍ കുഞ്ഞിയുടെ തോണി ഒരു മണിക്കൂറിന് വാടകക്ക് കിട്ടും. പക്ഷെ കാശ് പറയുകയല്ലാതെ കുഞ്ഞി ഇതുവരെ വാടക മേടിച്ചിട്ടും ഇല്ല ഞങ്ങള്‍ കൊടുത്തിട്ടും ഇല്ല. പക്ഷെ ഇന്ന് ഞങ്ങളിറങ്ങുന്നത് ഒരു മണിക്കൂറിനല്ല. തോണിയില്‍ ഒരു യാത്ര. അങ്ങിനെ ലക്ഷ്യം ഒന്നുമില്ല. ചാലിയാറിലൂടെ കുറെ നേരം ഒരു നേരമ്പോക്ക് സവാരി. തോണിയാത്രയാണ് ഇന്നത്തെ തരികിട എന്ന് വീട്ടിലറിയില്ല. പറഞ്ഞാല്‍ കടവിലേക്ക് പോലും വിടില്ല. പിന്നല്ലേ തോണി. കുരുത്തക്കേടിന്‍റെ മൊത്ത കച്ചവടമുള്ള ഞങ്ങള്‍ അഞ്ച് കസിന്‍സ് നടത്തിയ ഒരു ഒരു തോണി യാത്രയും കുറച്ച് അനുഭവങ്ങളും നിങ്ങളുമായി പങ്കുവെക്കാം.ആദ്യം ചാലിയാറിനെ അടുത്തറിയാം. ഈ പുഴക്കരയിലെ പഞ്ചാരമണലില്‍ കിടന്നു നക്ഷത്രങ്ങളെയും നോക്കി ഞങ്ങള്‍ സുഹൃത്തുക്കള്‍ കത്തിവെച്ചിരിക്കും. ചാലിയാര്‍ എനിക്ക് കളികൂട്ടുകാരനാണ്. സന്തോഷത്തില്‍ കൂടെ ചിരിക്കുന്ന സങ്കടത്തില്‍ കൂടെകരയുന്ന പ്രിയ സുഹൃത്ത്‌. സംഭവിക്കുമായിരുന്ന ഒരു മഹാദുരന്തത്തില്‍ നിന്നും ഞങ്ങള്‍ ഒരു കുടുംബത്തിലെ ഒരുപാട് കുട്ടികളെ കാത്ത അമ്മപ്പുഴ. നിലാവുള്ള രാത്രിയില്‍ ചാലിയാറിലൂടെ തോണി സവാരി ഞങ്ങള്‍ കുട്ടികള്‍ക്ക് പ്രിയപ്പെട്ടതായിരുന്നു. അങ്ങിനെ ഒരു രാത്രി സഞ്ചാരത്തില്‍ ഗോളിയോര്‍ റയോണ്‍സ് കമ്പനിയുടെ താഴെ കെട്ടിയ ബണ്ടിന്‍റെ ചീപ്പ് തുറന്നത് അറിയാതെ ആ ദിശയില്‍ നീങ്ങിയ ഞങ്ങള്‍ രക്ഷപ്പെട്ടത് നിമിഷങ്ങളുടെ വിത്യാസം കൊണ്ടാണ്. ചലപില സംസാരിക്കുന്നതിനിടയില്‍ തുറന്ന തടയണക്ക് കാവല്‍ നില്‍ക്കുന്നവരുടെ ആര്‍പ്പുവിളികള്‍ ഞങ്ങള്‍ കേട്ടില്ല. കളിച്ചു വളര്‍ന്ന പുഴയ്ക്കു തന്നെ ഞങ്ങളുടെ ജീവനെടുക്കാന്‍ മനസ്സ് തോന്നിക്കാണില്ല. അതുമല്ലെങ്കില്‍ ആരുടെയൊക്കെയോ പ്രാര്‍ത്ഥന. അല്ലെങ്കില്‍ വരല്ലേ ..വരല്ലേ ..എന്ന ആ കാവല്‍ക്കാരുടെ ആര്‍പ്പുവിളികള്‍ അവസാന നിമിഷം ഞങ്ങളുടെ കാതില്‍ എത്തില്ലായിരുന്നു. പങ്കായവും കഴുക്കോലും കയ്യും എല്ലാമിട്ട് തോണി തിരിച്ചില്ലായിരുന്നെങ്കില്‍ റയോണ്‍സിന്‍റെ വിഷ ദ്രാവകം ചേര്‍ന്ന് വേദനിക്കുന്ന ചാലിയാറിന് ഞങ്ങള്‍ വേദനിപ്പിക്കുന്ന മറ്റൊരു ഓര്‍മ്മയായേനെ. സര്‍വ്വ ശക്തന്‍ കാത്തു.ഇന്നിപ്പോള്‍ ഞങ്ങളീ യാത്ര തുടങ്ങുന്നതും ഈ തീരത്ത് നിന്നാണ്. ഗോളിയോര്‍ റയോണ്‍സ് കമ്പനിയുടെ താഴെ നിന്ന്. ഒരു കാലത്ത് കുറെ കുടുംബങ്ങളുടെ സന്തോഷത്തിന്‍റെ പ്രതീകമായിരുന്നു ഈ കമ്പനി. പരിസരത്തെ പഞ്ചായത്തുകളിലെ സാമ്പത്തിക സന്തുലിതാവസ്ഥ നിയന്ത്രിച്ചിരുന്ന വ്യവസായം . ഇതിന്‍റെ കുഴലുകളിലൂടെ പുക പുറം തള്ളുമ്പോള്‍ അവരുടെ അടുപ്പിലും തീ പുകഞ്ഞു. അതോടൊപ്പം വിഷവായു ശ്വസിച്ചും മലിന ജലം കുടിച്ചും രോഗ ബാധിധരായവരുടെ വിഷമവും ബാക്കിയായി. അതുമൂലമുള്ള സമരവും മറ്റും കമ്പനി പൂട്ടിക്കുന്നതിലും കുറെ പേരുടെ സ്വപ്‌നങ്ങള്‍ കരിയുന്നതിലും മറ്റു ചിലരുടെ സന്തോഷത്തിലും അവസാനിച്ചു. ഇവിടെ നിന്നും യാത്ര തുടങ്ങുമ്പോള്‍ സാന്ദര്‍ഭികമായി ഈ കാര്യങ്ങള്‍ സൂചിപ്പിച്ചു എന്ന് മാത്രം.

പുഴക്കരയിലുള്ള ഹാജിക്കയുടെ മക്കാനിയില്‍ നിന്നും തലേ ദിവസമേ പറഞ്ഞുറപ്പിച്ചതാണ് യാത്രക്കുള്ള ഭക്ഷണത്തിന്‍റെ കാര്യം. വാഴയില വാട്ടി അതില്‍ നല്ല നെയ്ച്ചോറും ബീഫ് കറിയും പൊതിഞ്ഞു തന്നു ഹാജിക്ക. ആലിക്കയുടെ കടയില്‍ നിന്ന് കൊറിക്കാനുള്ളതും വാങ്ങി. പിന്നെയും ഉണ്ട് ഒരുക്കങ്ങള്‍. വീട്ടിലറിയാതെ കടത്തിയ പുല്‍പായയും തലയിണയും. രണ്ടു മൂന്ന് ചൂണ്ട, പിന്നെ എനിക്കിഷ്ടപ്പെട്ട കുറച്ച് പുസ്തകങ്ങളും. ഒന്നൂടെ വാങ്ങി. പണിക്കാരനെ വിട്ട് ഒരു പാക്കറ്റ് സിഗരറ്റ്. ആരും വലിക്കുന്നവരല്ല. പക്ഷെ ഈ യാത്രയില്‍ അത് ട്രൈ ചെയ്യണം എന്ന സാരോപദേശം നല്‍കിയത് ഞാനാണോ എന്നെനിക്ക് ഓര്‍മ്മയില്ല. പക്ഷെ ചുമച്ചും കണ്ണീന്നും മൂക്കീന്നും വെള്ളം വന്നും ആ പാക്കറ്റ് തീര്‍ത്തത് എനിക്കോര്‍മ്മയുണ്ട്.


അങ്ങിനെ ഞങ്ങള്‍ തോണിയിറക്കി. പ്രായത്തിലും കുരുത്തക്കേടിലും മൂപ്പ് എനിക്കായതുകൊണ്ട് അമരത്തും ഞാനാണ്. അതല്ലേ നാട്ടുനടപ്പ്. ഇരു കരകളിലെയും പ്രകൃതി ഭംഗി ആസ്വദിച്ച്‌, ചാലിയാറിന്‍റെ ഓളപരപ്പിലൂടെ ഞങ്ങള്‍ തുഴഞ്ഞു നീങ്ങി. സ്വപ്നം പോലൊരു യാത്ര. കുറച്ചു ദൂരം പോയപ്പോഴേക്കും കൈ കുഴഞ്ഞ് അമരക്കാരന്‍റെ സ്ഥാനം ഞാന്‍ രാജിവെച്ചു. ഈ സീറ്റിനായി നല്ല കസേര കളിതന്നെയുണ്ട്‌. പക്ഷെ എന്‍റെ ഉദ്ദേശം വേറെയാണ്. ചൂണ്ടയിടണോ അതോ നോവല്‍ വായിക്കണോ എന്ന ഡിലേമ്മയില്‍ ആണ് ഞാനിപ്പോള്‍. രണ്ടും കൂടെ ഒന്നിച്ചു നടക്കും. പക്ഷെ ഞാന്‍ വെള്ളത്തില്‍ വീഴും. കാരണം ഏണസ്റ്റ് ഹെമിംഗ് വേയുടെ The old man and The sea എന്ന നോവലിന്‍റെ മലയാള പരിഭാഷ "കിഴവനും കടലും " ആണ് ഞാന്‍ വായിക്കാന്‍ എടുത്തത്‌. വെറുതെ കൂടെയുള്ളവര്‍ക്ക് പണിയാക്കേണ്ട. ഞാന്‍ നോവല്‍ വായിക്കാന്‍ തീരുമാനിച്ചു . തോണിയില്‍ പായ വിരിച്ചു കിടന്നു. അപ്പോള്‍ അടുത്ത പ്രശ്നം. തെളിഞ്ഞ മാനവും പാറിപറക്കുന്ന പക്ഷികളെയും നോക്കി ദിവാസ്വപ്നം കണ്ടിരിക്കണോ അതോ വായന വേണോ എന്നത്. ഇതുരണ്ടും ഒന്നിച്ചാവാം. ബുക്ക്‌ പിടിച്ചു കൈ കഴക്കുമ്പോള്‍ ഞാന്‍ മാനം നോക്കിയിരിക്കും. എന്നെ സംബന്ധിച്ചിടത്തോളം പുസ്തകം വായിക്കാന്‍ ഇങ്ങിനെയുള്ള സമയങ്ങളാണ് ഇഷ്ടം. കടിച്ചാല്‍ പൊട്ടാത്ത ആനന്ദിന്‍റെ നോവലുകള്‍ വരെ എളുപ്പം കൈകാര്യം ചെയ്യാം. എന്ത് രസാന്നോ ഈ അനുഭവം. കിഴവനും കടലും വായിക്കേണ്ടത് ഈ ഒരു മൂഡില്‍ തന്നെയാണ്. ചെറിയ ചെറിയ ഓളങ്ങളില്‍ തോണി കുലുങ്ങുമ്പോള്‍ ഞാന്‍ സാന്‍റിയാഗോ ആയി മാറും. അത്രക്കും ആവേശകരമാണ് ആ കഥ. ഇന്ന് ചാലിയാറിനെ കുറിച്ചോര്‍ക്കുമ്പോള്‍ ആ കഥയും എനിക്കോര്‍മ്മവരും .

കൂളിമാട് കടവും ചെറുവാടിക്കടവും ഒക്കെ കടന്നു ഞങ്ങള്‍ യാത്ര തുടര്‍ന്നു. പുഴവക്കിലുള്ള എല്ലാ മക്കാനിയിലും തോണി അടുപ്പിക്കും. ചായ കുടിക്കാന്‍. അത് വേണ്ടിയിട്ടല്ല. പക്ഷെ പുഴയുടെ തീരത്തിരുന്നു മൂളിപറക്കുന്ന കാറ്റിനൊപ്പം ചായയും നെയ്യപ്പവും കഴിക്കാന്‍ എന്ത് സ്വാദാണ്. പൂഴി പണിക്കാരും കാറ്റ് കൊള്ളാന്‍ വന്നവരും ഒക്കെയായി അവിടെ ഉരുത്തിരിയുന്ന കൂട്ടായ്മയുണ്ട്. കുറെ നല്ല മനുഷ്യര്‍, അവരുടെ നിഷ്കളങ്കമായ പെരുമാറ്റം, പുഴമീനും കക്കയും വില്‍ക്കുന്നവര്‍. ഞങ്ങള്‍ക്ക് പരിചയമില്ലാത്ത സ്ഥലങ്ങളല്ലിത്. പക്ഷെ ഇതുപോലൊരു യാത്ര ആദ്യമാണ്. അതിന്‍റെ ആവേശം ഞങ്ങള്‍ ശരിക്കും ആസ്വദിക്കുന്നുമുണ്ട്. ഓരോ തീരങ്ങളും ഒരുപാട് ആഹ്ലാദം തരുന്നു. അനുഭവങ്ങളും. ഞങ്ങള്‍ വീണ്ടും തുഴഞ്ഞു. ചൂണ്ടയില്‍ മീന്‍പിടുത്തം നന്നായി നടക്കുന്നു. എനിക്ക് പുഴമീന്‍ പറ്റില്ല. പക്ഷെ ഒരു മണ്ണെണ്ണ സ്റ്റൌവ് കൂടെ എടുക്കാമായിരുന്നു എന്ന നജ്മുവിന്‍റെ അഭിപ്രായത്തോട് എനിക്ക് എതിര്‍പ്പ് തോന്നിയില്ല. ചൂണ്ടയില്‍ പിടിച്ച മീനുകളെ അപ്പോള്‍ തന്നെ പൊരിച്ചടിക്കാന്‍ പറ്റാത്ത വിഷമമാണ് അവര്‍ക്ക്. ഉണ്ടായിരുന്നെങ്കില്‍ അതൊരു രസകരമായ പരിപാടി ആവുമായിരുന്നു.

ചാലിയാറിന്‍റെ നടുവില്‍ തോണിയില്‍ ഒരു ഉച്ചഭക്ഷണം. വല്ലാത്തൊരു പരീക്ഷണം തന്നെ. എത്ര നേരായി ആ ബീഫ് കറിയുടെ മണം എന്നെ വേട്ടയാടുന്നു. ഹാജിക്കയുടെ കുക്ക് റഷീദ്ക്ക ഇത്ര കേമനാണെന്ന് ഇപ്പോഴല്ലേ മനസ്സിലായത്‌. വയറ് നിറഞ്ഞ ആവേശത്തില്‍ ഞാന്‍ വീണ്ടും അമരത്തെത്തി. പിന്നെയും കുറെ മുന്നോട്ട് പോയി. അപ്പോഴേക്കും പേടിയും കയറി. ഇപ്പോള്‍ തന്നെ തിരിച്ചുതുഴഞ്ഞാലേ ഇരുട്ടുന്നതിനു മുമ്പ് വീട്ടിലെത്തൂ. ഇതായിരുന്നു പരിപാടി എന്ന് വീട്ടിലറിഞ്ഞിരിക്കുമോ . എത്രയും നേരത്തെ എത്തിയാല്‍ അത്രയും ഡോസ് കുറയും കിട്ടുന്ന അടിക്ക്‌. ഞങ്ങള്‍ റിവേഴ്സ് ഗിയര്‍ ഇട്ടു. പേടി കൂടിയാല്‍ എല്ലാം വേഗത്തിലായിരിക്കും. തുഴയാന്‍ എല്ലാരും നന്നായി ഉത്സാഹിച്ചു. അസ്തമിക്കാന്‍ പോവുന്ന സൂര്യന്‍ ചാലിയാറിന് കൂടുതല്‍ ശോഭ നല്‍കുന്നു. വെള്ളതിനെല്ലാം സ്വര്‍ണ്ണ നിറം.ഞങ്ങളറിഞ്ഞ പുഴയിലെ ഈ പകല്‍ വിവരണങ്ങള്‍ക്കതീതമാണ്. കൂടണയുന്ന പക്ഷികളെ നോക്കി പൂഴിപണി കഴിഞ്ഞും മീന്‍പിടുത്തം കഴിഞ്ഞും മടങ്ങുന്ന വഞ്ചിക്കാരോട് വിശേഷം കൈമാറി ഞങ്ങള്‍ വേഗം തുഴഞ്ഞു. കൊന്നാര് തീരത്ത് തോണി എത്തുന്നതിനു മുമ്പ് തന്നെ പുഴയും നോക്കി ഫുള്‍ ടെന്‍ഷനില്‍ നില്‍ക്കുന്ന കുഞ്ഞിയുടെ മുഖം കണ്ടപ്പോഴേ സംഗതി കൈവിട്ടുപ്പോയി എന്നെനിക്കുറപ്പായി.

ഇന്ന് ആ ഓര്‍മ്മകളിലൂടെ തിരിച്ചു തുഴയുമ്പോള്‍ അന്ന് കിട്ടിയ അടിയുടെ ചൂട് ഇപ്പോഴും ആറാതെയുണ്ട്.

My Blog


(ഫോട്ടോസ് - ഷക്കീബ് കൊളക്കാടന്‍ , റിയാസ് എളമരം, ജലീല്‍ കൂളിമാട്)

No comments: