Custom Search

Tuesday, December 7, 2010

ഹ്രസ്വ സിനിമ: ബാജി ഓടം വേലിയുടെ കാമലസയും ചിന്തകളും

ബഹറൈനിലെ സിനിമാസ്വാദകര്‍ക്ക് ‍ക്ക് ബഹറൈന്‍ കേരളീയ സമാജം സിനിമാസ്വാദനത്തിനായ് പുതിയ വാതിലുകള്‍ തുറന്ന് കൊടുത്തിരിക്കുകയാണ്. പ്രശസ്തരും അപ്രശസ്തരുമായ നിരവധി ചലചിത്ര പ്രവർത്തകരുമായുള്ള ഇടപെടലുകളിലൂടെ സിനിമയെ പഠിക്കുക പുതിയൊരനുഭവം തന്നെയാവണം. ഓരോ ചലച്ചിത്രവും അത് എത്ര തന്നെ മികവില്ലാത്തവയാണെങ്കില്‍ പോലും സിനിമയോടുള്ള ആത്മാര്‍ത്ഥതയില്‍ (അങ്ങിനെയൊന്നുണ്ടെങ്കില്‍) സിനിമകളിലൊക്കെ ജീവിതത്തിന്റെ കൈയ്യൊപ്പ് പതിയുക തന്നെ ചെയ്യും. അത്തരം ചില പരിശ്രമങ്ങളാവണം ബഹറൈന്‍ കേരളീയ സമാജം പുതിയ ചലച്ചിത്ര സംസ്കാരത്തിലൂടെ പ്രാവർത്തീകമാക്കുന്നതിനായ് ആറ് പുതുമുഖ സംവിധായകരെ കൊണ്ട് പൂർണ്ണമായും പുതുമുഖങ്ങളെ വച്ച് ഹ്രസ്വ സിനിമകള് നിർമ്മിക്കുവാൻ തുനിഞ്ഞത്. ഒരു പരിധിവരെ അഭിനന്ദനീയം തന്നെ എന്ന് പറയാം

എന്താണ് സിനിമ നമുക്ക് പകർന്നു തരുന്നത്?


പലതരം കാഴ്ചകള്, വിഭ്രമങ്ങള്, ഉദ്വേഗങ്ങള്, അഹ്ലാദങ്ങള്, വിസ്മയങ്ങള്, വേദനകള്, ഉത്കണ്ഠകള്, അന്വേഷണങ്ങള്...

ലോക സിനിമയിലൂടെ സഞ്ചരിച്ചാൽ അത് അനുഭവങ്ങളിലൂടെയും സംസ്ക്കാരങ്ങളിലൂടെയും ചരിത്രത്തിലൂടെയും ഭൂപ്രദേശങ്ങളിലൂടെയും ഉള്ള നിതാന്തയാത്രകളായി പരിണമിക്കുന്നു.

സിനിമ കേവലം ഉല്ലസിക്കാനും നേരം പോക്കുന്നതിനുമുള്ള ഒരു ഉപാധി മാത്രമല്ല. മനുഷ്യരുടെ ബന്ധങ്ങളും സംഘർഷങ്ങളും
രേഖപ്പെടുത്തിവച്ച ചലിക്കുന്ന ശിലാലിഖിതങ്ങളാണ് സിനിമ. തര്‍ക്കോവിസ്കി ശരിയായി നിർവ്വചിച്ച പോലെ, കാലത്തിൽ കൊത്തിവച്ച ശിൽപ്പങ്ങൾ.
ഡീപ്പ് ഫോക്കസ്, ജംപ് കട്ട്, മുഖത്തിന്റെ ക്ലോസപ്പ് തുടങ്ങി ചലച്ചിത്രഭാഷയുടെ അവിഭാജ്യഘടകങ്ങളായി ഇന്ന് കണക്കാക്കുന്ന പല രീതികളും ആദ്യമായി പരീക്ഷിച്ച മുഴുനീള കഥാചിത്രം ഗ്രിഫിത്തിന്റെ ‘ദ ബര്ത്ത് ഓഫ് എ നാഷനാണ്
നാൽപതു മിനുറ്റിൽ കൂടുതൽ ദൈർഘ്വമുള്ള സിനിമ പ്രേക്ഷകർ സ്വീകരിക്കും എന്നു തെളിയിക്കുകയും പിന്നീട് ദശകങ്ങളോളം തോല്പിക്കാൻ കഴിയാത്ത വിധത്തിലുള്ള വിപണി വിജയം കൈക്കലാക്കുകയും ചെയ്തതിലൂടെ ഒരു വ്യവസായമെന്ന നിലക്ക് സിനിമയുടെ ഭാവി രൂപീകരിച്ചെടുത്തതും ഈ സിനിമയാണെന്നു പറയാം. അതു തന്നെയാണ് ഏറ്റവും വലിയ വൈരുദ്ധ്യവും.
സിനിമ വ്യാവസായികമായി ഉയർന്നു നില്ക്കുന്നീകലഘട്ടത്തിൽ സിനിമ പഠിക്കാൻ വേണ്ടി മാത്രമാവണം
ഇവിടെ ഹ്വസ്വ ചിത്രമെന്ന് ആശയം രൂപപ്പെട്ടത് എന്ന് ഞാൻ വിശ്വസിക്കുന്നു. എന്നാൽ അങ്ങിനെ അല്ലാതെയും ഹ്രസ്വ ചിത്രങ്ങൾ
ഏറെ പ്രസക്തമാവുകയും ചെയ്യുന്നുണ്ട് ചലച്ചിത്ര മേളകളിൽ. ഒരു പക്ഷെ ഹ്രസ്വചിത്രങ്ങൾ പ്രദര്ശിനപ്പിക്കുന്നത് ഇന്ന്
ചലച്ചിത്ര മേളകളിൽ മാത്രമാണെന്നു പറയാം.

ഒരു ക്യാമറക്കുമുമ്പിൽ കളിക്കപ്പെടുന്ന ഒരു നാടകം അല്ലെങ്കിൽ ഒരു കഥാവതരണം മാത്രമായിരുന്ന സിനിമയെ, ചലച്ചിത്രങ്ങളിൽ
ഇന്ന് സർവ്വസാധാരണമായ ഭാഷയിലേക്ക് പരിവർത്തനപ്പെടുത്തിയ ആദ്യസംവിധായകരിൽ പ്രമുഖനായിരുന്നു ഗ്രിഫിത്ത്. ഈ പ്രതിലോമതകൾക്കിടയിലും
വൈഡ് ഷോട്ടിൽ നിന്ന് നേരെ മീഡിയം ഷോട്ടിലേക്കും ക്ലോസപ്പിലേക്കും നീങ്ങാനും സംവിധായകനുള്ള സൌകര്യം ആദ്യമായി അദ്ദേഹം
ഉറപ്പിച്ചെടുത്തു. ഒരേസമയത്ത് രണ്ടിടത്തായി നടക്കുന്ന കാര്യങ്ങളെ മുറിച്ചു മുറിച്ച് പരസ്പരം ഇടകലർത്തി അവതരിപ്പിക്കുന്നതിലൂടെ
കാണിക്ക് ലഭ്യമാവുന്ന ഉദ്വേഗം ദ ബര്ത്ത് ഓഫ് എ നാഷനിലാണ് പരീക്ഷിക്കപ്പെട്ടത്.
ജനസാമാന്യത്തെ അഭിമുഖീകരിക്കാൻ വിസമ്മതിക്കുകയും ചരിത്രത്തെ പിന്തുടരാൻ ധൈര്യമില്ലാതിരിക്കുകയും സമകാലികതയോട് സത്യസന്ധത
പുലര്ത്താനാവാതിരിക്കുകയും ചെയ്യുന്നതിലൂടെയാണ് ഇന്ത്യൻ നവസിനിമ വംശനാശം സംഭവിച്ചേക്കാവുന്ന ഒരു ജനുസ്സായി
മാറിക്കൊണ്ടിരിക്കുന്നതെന്നു കാണാം. ശ്രീ ബാജി ഓടം വേലി രചനയും സംവിധാനവും നിര്വ്വഹിച്ച ‘കാമലസ്‘ എന്ന ഹ്രസ്വ ചിത്രത്തെ പറ്റി
പറയുകയാണ് ഈ കുറിപ്പിനാധാരം.

കാമലസ് എന്നാൽ ഒട്ടകപക്ഷിയുടെ ശാസ്ത്രീയ നാമമാണ്.

യാഥാർത്യത്തിനു നേരെ , സത്യത്തിനു നേരെ കണ്ണടയ്ക്കുന്ന, യാഥാർഥ്യം അംഗീകരിക്കാതെ, അത് നേരിടാനാവാതെ നിരസിക്കുകയോ തള്ളിക്കളയുകയോ
ഒളിച്ചോടുകയോ ചെയ്യുന്ന മനുഷ്യനെയും നമുക്ക് ഓസ്ട്രിച്ച് അഥവാ ഒട്ടകപക്ഷി (കമലസ്) എന്ന് വിളിക്കാം.. സാമൂഹികമായ പ്രശ്നങ്ങളിൽ നിന്ന്
ഒളിച്ചോടുന്ന ആളുകളുടെ എണ്ണം പ്രത്യേകിച്ച് പ്രവാസികളുടെ എണ്ണം നാൾക്ക് നാൾ വര്ദ്ധിച്ചു വരുന്ന ഈ ഒരു കാലാവസ്ഥയിൽ സമൂഹത്തെ
അടയാളപ്പെടുത്തുന്ന കഥാപാത്രങ്ങൾ അത് എത്ര ചെറുതാണെങ്കിലും എടുത്ത് പറയേണ്ടുന്നവ തന്നെ.

കാമലസ് പറയാൻ ശ്രമിക്കുന്നത് ഒരു കുടുംബത്തിന്റെ , ജീവിതത്തിൽ നിന്ന് ഒളിച്ചോടാൻ വിധിക്കപ്പെട്ട ഒരു കുടുംബത്തിന്റെ കഥയാണ്.

കാലവും ദേശവും കഥയ്ക്കും ചിത്രത്തിനും പാത്ര രൂപീകരണത്തിനും ബാധകമല്ലെന്ന് ഒരു വെല്ലുവിളിയായ് തന്നെ സംവിധായകൻ ഏറ്റെടുത്തിരിക്കുന്നു.
അത് കൊണ്ട് തന്നെ ചിത്രത്തിലെ അച്ഛനും, അമ്മയ്ക്കും മകൾക്കും പേരുകളില്ല്. പേരുകൾ ഒരു പ്രത്യേക സമൂഹത്തെ കാട്ടിത്തരും
എന്നത് കൊണ്ടാവണം കഥാപാത്രങ്ങൾ അച്ഛനും അമ്മയും മകളും മാത്രമാകുന്നത്.

തന്നിലേക്ക് ചുരുങ്ങിയ മനുഷ്യൻ തൊട്ടടുത്ത്, തന്റെ ചുറ്റുപാടുകളിൽ എന്ത് നടക്കുന്നു എന്നോ വഴിയിൽ എന്ത് സംഭവിക്കുന്നുവെന്നൊ
അറിയാൻ ഇഷ്ടപ്പെടുകയോ അങ്ങിനെ ഒരു ചിന്ത പോലും ഇല്ലാതിരിക്കുകയോ ചെയ്യുക എന്നത് കാലത്തിന്റെ മാറ്റമാണ് . കണ്ണും കാതും
തുറക്കാതെ ഇരുട്ടിൽ അഭയം തേടുന്ന് മനുഷ്യരാണ് നമുക്ക് ചുറ്റും വളർന്നു വരുന്നതെന്ന് ഈ ഹ്രസ്വസിനിമ കാണിച്ചു തരുന്നു.

വിവിധ കാലങ്ങളിലും വിവിധ സ്ഥലങ്ങളിലും ജീവിക്കുന്നവരാണെങ്കിലും ‘സ്ത്രീ’, ‘പെണ്കുട്ടി’ എന്ന നിലയിലുള്ള നിലവിളികൾക്ക്, പേടിസ്വപ്നങ്ങൾക്ക്
പരിഹാരമില്ലാതെ തുടര്ന്നുകൊണ്ടേയിരിക്കുന്നു എന്നുമാത്രമല്ല അരസികരും ഭ്രാന്തവുമായ ചിന്തകൾക്കും മനോരോഗത്തിലേക്കും ഓരോ
പെണ്കുട്ടികളുടേയും അമ്മയും അച്ഛനും വഴുതി വീഴുന്നു എന്നാണ് കാമലസ് ആഖ്യാനം ചെയ്യുന്നത്.

സമൂഹത്തിനോടുള്ള, പേടികാരണം പലപ്പോഴായി വാടകവീട് മാറേണ്ടി വന്ന പ്രവാസിയായ അച്ഛനും അമ്മയും മകളുമടങ്ങിയ ഒരു കുടുംബമാണ്
ഈ സിനിമയിലെ കഥാപാത്രങ്ങൾ.

സ്വപ്ന/യാഥാര്ത്ഥ്യങ്ങളെ പേടിച്ച് അകത്തുനിന്നും പുറത്തു നിന്നും കടന്നുവരാനുള്ള വാതിലുകൾ മാസ്കിങ്ങ് ടാപ്പ് ഉപയോഗിച്ച് ഒട്ടിച്ച്
ഒരു കാറ്റു പോലും , ഒരു ശബ്ദം പോലും അകത്തേക്ക് കടന്നുവരാതിരിക്കാൻ ബദ്ധപ്പെടുന്നതാണ് സിനിമയിലെ ആദ്യ രംഗങ്ങളിലൊന്ന്.

ഒരു പക്ഷെ ഇത് തന്നെയാവണം മുഴുവൻ പ്രവാസി വീടുകളിലും, നാഗരീക ജീവിതങ്ങളിലും സംഭവിച്ച് പോരുന്നത് അത് ബഹറൈനിലായാലും, ദുബായിലായാലും,
അബുദാബിയിലായാലും മുംബെയിലായാലും പെണ്മക്കളുടെ അച്ഛനും അമ്മയ്ക്കും ഉണ്ടാകുന്ന മനോരോഗങ്ങൾ അനുഭവിപ്പിക്കുന്നതുമായ
ജീവിതയാഥാര്ത്ഥ്യങ്ങളും പ്രതീതികളും തമ്മിലുള്ള സാമ്യങ്ങള് അമ്പരപ്പിക്കുന്നതാണെന്നു കാണാം.

അസ്വസ്ഥകരമായ വാസ്തവികതയെ കണ്ണടച്ചില്ലാതാക്കാനുള്ള, സ്വീകരിക്കാതിരിക്കാനുള്ള, തിരസ്കരിക്കാനുള്ള പെണ്മക്കളുടെ മാതാപിതാക്കൾക്ക്
ഈ സിനിമ ഒരു നൊമ്പരമാവുക തന്നെ ചെയ്യും.

നടക്കാനിക്കുന്ന ഏതോ പരിപാടിയിലേക്ക് സംഭാവന പിരിക്കാൻ വരുന്ന 3- 4 ചെറുപ്പക്കാർ സ്റ്റെയർകേസ് കയറി ഫ്ലാറ്റുകളിൽ എത്തുമ്പോൾ
അകത്ത് ആൾതാമസമുണ്ടായിട്ടും DONT DISTURBE" എന്ന ബോർഡാണ് സ്വീകരിക്കുന്നത്. കാളിങ്ങ് ബെൽ അടിച്ചിട്ടും, വാതിലിൽ മുട്ടി നോക്കിയിട്ടും
ഒരു തരത്തിലും ആ വാതിൽ തുറക്കുന്നില്ല. കാരണം പുറത്താരേയും കാണാൻ ആ വീട്ടുകാർ തയ്യാറല്ല എന്നത് തന്നെ . വാതിൽക്കൽ നിൽക്കുന്നത് ഒരു
കള്ളനാവാം, ഒരു കൊലപാതകിയാവാം, പിടിച്ചു പറിക്കാരനാവാം. അല്ലെങ്കിൽ മകളെ നശിപ്പിക്കാൻ തക്കം പാർത്ത ഒരു കുറുക്കനുവമാവാം.

പുറത്തു നിന്ന് വരുന്ന ശബ്ദങ്ങൾ ഇല്ലാതാക്കുക മാത്രമല്ല് അവർ ചെയ്യുന്നത് ടിവി ചാനലുകളുടെ കേബിൾ വിച്ഛേദിക്കുന്നതിലൂടെ സകലമാന
ബന്ധങ്ങളും സമൂഹത്തിൽ നിന്ന് വിച്ഛേദിക്കുകയാണ് മകൾക്കും അമ്മയ്ക്കും അച്ഛനും. അങ്ങിനെയൊക്കെയാണെങ്കിലും പ്രാഥമീകമായ
ചില ആവശ്യങ്ങൾക്കുള്ള ടെലഫോണ് കേബിള് മുറിച്ച് മാറ്റാതിരിക്കുകയും ചെയ്യുന്നു. ഈ ഒരു അപസ്മാര ചിന്തകൾ പേറി നടക്കുന്ന നിരവധി
ജീവിതങ്ങൾ നമുക്കിടയിലുണ്ട്. ഒരു ഹ്രസ്വചിത്രത്തിനു പറ്റിയ ഏറ്റവും നല്ല വിഷയം തിരഞ്ഞെടുത്തു എന്നതാണ് കാമലസയുടെ പ്രസക്തി.

കാമലസ മനോരോഗം പേറുന്ന, നിഷ്ക്കാസിതരാക്കപ്പെട്ട ജനങ്ങളെയാണ് പ്രത്യക്ഷ വിഷയമാക്കുന്നത്. അതുകൊണ്ടു തന്നെയാണ്
വിഷയവൈവിധ്യങ്ങളിൽ കാലികമയി രേഖപ്പെടുത്തുന്നതായി കാമലസ മാറുന്നത്
അഭിനേതാക്കളും, സാങ്കേതിക വിദഗ്ദ്ധരും സംവിധായകനും പുതുമുഖമായതു കൊണ്ട് തന്നെയാവണം കൃത്യമായ ഒരു ഹോംവര്ക്ക് ഈ സിനിമയ്ക്ക് പുറകിൽ
നടന്നുവെന്ന് വിശ്വസിക്കാൻ പ്രയാസം. ഷോട്ടുകൾ കൈകാര്യം ചെയ്യുന്നതിലെയും ചലിക്കുന്ന് ചിത്രങ്ങളുടേയും അഭാവം പ്രതികൂലമായി
ബാധിക്കുന്നുവെങ്കിലും പ്രഥമ സംരംഭം എന്ന നിലയിൽ കാഴ്ചക്കാര് അതൊക്കെ മറക്കുക തന്നെ വേണം.


ഫ്ലാറ്റില് മരണം നടന്നിരിക്കുന്നുവെന്ന അറിവില്നിന്ന് രക്ഷതേടി വണ്ടിയില് കയറി മരുഭൂമിയില് എത്തിപ്പെടുന്ന ആ കുടുംബത്തില് നിന്ന്
ഗൃഹനാഥന് മരുഭൂമിയുടെ മാര്ത്തട്ടിലേക്ക് ബാഗും കയ്യിലേന്തി ഒറ്റയ്ക്ക് ,ജീവിതത്തില് നിന്നും ഒളിച്ചോടുന്ന അസ്തമയ സൂര്യനെ നിര്ത്തിയാണ്
സിനിമ അവസാനിപ്പിക്കുന്നത്. ദുരന്ത പൂര്ണ്ണമായ സമകാലിക ജീവിതത്തെ വരച്ചു കാട്ടുന്നതില് ഒരു പരിധി വരെ കാമലസ വിജയിക്കുമ്പോഴും
സിനിമയെ കുറിച്ച് സംവിധായകന് ഏറെ പഠിക്കേണ്ടിയിരിക്കുന്നുവെന്ന് പറയാതിരിക്കാന് വയ്യ.

8 comments:

ഞാന്‍ ഇരിങ്ങല്‍ said...

സിനിമ കേവലം ഉല്ലസിക്കാനും നേരം പോക്കുന്നതിനുമുള്ള ഒരു ഉപാധി മാത്രമല്ല. മനുഷ്യരുടെ ബന്ധങ്ങളും സംഘർഷങ്ങളും
രേഖപ്പെടുത്തിവച്ച ചലിക്കുന്ന ശിലാലിഖിതങ്ങളാണ് സിനിമ

saju john said...

എന്നാണ് സിനിമാപ്രദര്‍ശനം?

ബാജി നന്നായി ഫിലിം സംവിധാനം ചെയ്തിട്ടുണ്ട് എന്നാണല്ലോ കേട്ടത്.

ആശംസകള്‍...

ഒപ്പം ആസ്വാദനം എഴുതിയ രാജുവിനും.

കുഞ്ഞന്‍ said...

നമ്മുടെ ബാജി സംവിധായക വേഷത്തിലും..??..സകലകലാവല്ലഭൻ എന്ന നാമം എന്തുകൊണ്ടും ബാജിക്ക് ചേരും. എനിക്കു തോന്നുന്നത് ബാജിയിലെ കലാകാരനെ വ്യക്തിത്വത്തെ പുറത്തുകൊണ്ടുവന്നത് ബ്ലോഗ് എന്ന മാധ്യമം തന്നെയാണ് അല്ലെ... രാജുവിന്റെ വിലയിരുത്തൽ മുഷിവുണ്ടാക്കുന്നില്ല, നല്ല രീതിയിൽ ആ സിനിമയെ പഠിച്ചുകൊണ്ടാണ് വിശകലനം ചെയ്തിരിക്കുന്നത്. ചിയേഴ്സ് രണ്ടുപേർക്കും..!

Samajam Film Club said...

10/12/2010 - 4 pm at Bahrain Keraleeya Samajam with Blessy all are welcome.

padayani said...

dear BAJI

All the best

padayani said...

മലയാള സിനിമ ലോകത്തിന്റെ പുതിയ മുഖങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍ ..! പുതുമുഖ പ്രതിഭകള്‍ ഇത്ര തകര്‍പ്പന്‍ ആക്കുമെന്ന് തീരെ പ്രതീക്ഷിച്ചില്ല എന്നതാണ് എന്നെ സംബന്ധിച്ച സത്യം. അത്യത്ഭുതം തന്നെ .. ആറ്‌ സിനിമകള്‍ കണ്ടത്തില്‍ കഫീന്‍, കാമാലാസ്, alone എന്നിവ നല്ല നിലവാരം പുലര്‍ത്തി. ഹാജ എന്നാ സിനിമ ഒരു ഊമ പയ്യന്റെ കഥ പറയാന്‍ ശ്രമിച്ചു .. പക്ഷെ നാക്കെടുക്കാന്‍ പറ്റാത്തവന്‍ പേനയെക്കള്‍ നലല്‍ വിനിമയ മാര്‍ഗ്ഗം ആന്ഗ്യ ഭാഷ തന്നെ യാണെന്ന സത്യം സംവിധായകന്‍ തിരിച്ചറിയാതെ പോയി. പുനര്‍ജനി രണ്ടാം പകുതി നന്നായെങ്കിലും തുടക്കം അത്ര നന്നായില്ല . കറിയില്‍ കറിവേപ്പില പോലെ കുറച്ചു ദ്രിശ്യങ്ങള്‍ ഒഴിവാക്കനമായിരുന്നു .. സമാന്തരം നല്ല സന്ദേശം തന്നെങ്കിലും ആശയം പൂര്‍ണമായും പകര്‍ന്നു തരുന്നതില്‍ സിനിമ പരാജയ പെട്ട് എന്നുതന്നെ പറയേണ്ടിവരും. എങ്കിലും ഇതിന്റെ പിന്നിലെ അട്വാനത്തിനെ വില മനസിലാക്കുന്നു..എല്ലാവര്ക്കും അഭിനന്തനങ്ങള്‍ ...!
Manu Mohanan
web:-www.padayani.com

സിജാര്‍ വടകര said...

ആശംസകള്‍ നേരുന്നു ... ഈ നല്ല സംരഭത്തിനും , പരിശ്രമത്തിനും .... ഇത് പോലെയുള്ള നല്ല പരിശ്രമങ്ങള്‍ സിനിമാ സംബന്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കും , താല്പര്യമുള്ളവര്‍ക്കും , ... മാതൃകയാവട്ടെ . .. പ്രിയ സുഹൃത്ത് ബാജിക്ക് അഭിനന്ദനങ്ങള്‍ !!!!

സിജാര്‍ വടകര said...
This comment has been removed by the author.