
ഗിരീഷ് പുത്തഞ്ചേരി എന്ന മനുഷ്യനെ ഞാന്‍ കണ്ടിട്ടില്ല. കൂടുതല്‍ അടുത്തറിഞ്ഞിട്ടില്ല.
അദ്ദേഹത്തിന്റെ കുടുംബം, മക്കള്‍ എന്നിവരെപ്പറ്റിയൊന്നും ഇപ്പോള്‍ മാധ്യമങ്ങളിലൂടെ അറിയുന്നതല്ലാതെ ഒന്നുമറിഞ്ഞിട്ടില്ല. അറിഞ്ഞതൊക്കെയും സ്വന്തം ഭാവനയിലൂടെ അദ്ദേഹം നമ്മെ കൂട്ടിക്കൊണ്ടു പോയ കാവ്യാനുഭൂതിയുടെ ഒരു മഹാപ്രപഞ്ചത്തെയാണ്. അതു മാത്രം മതിയായിരുന്നു അദ്ദേഹം നമ്മളുടെ സിരകളിലൂടെയാണൊഴുകിയിരുന്നതെന്ന് മനസ്സിലാക്കാന്‍.
അനുഗ്രഹീതമായ ഒരു തൂലിക കൂടി അകാലത്തില്‍ നിശ്‌ചേതനമാകുമ്പോള്‍, നമുക്ക്, നമ്മുടെ ഭാഷയ്ക്ക്, സാഹിത്യത്തിന് ഒരുപാടൊരുപാട് നഷ്ടം സംഭവിക്കുന്നു. അതുകൊണ്ടു കൂടിത്തന്നെയാണ് ആ പ്രതിഭാധനന്റെ വേര്‍പാട് നമ്മളെ അഗാധ ദു:ഖത്തിലാഴ്ത്തുന്നത്. ഒരിക്കല്‍പ്പോലും, അടുത്തു കാണാത്തവനായിട്ടും, ഒരു ബന്ധുവിനെപ്പോലെ അദ്ദേഹം നമ്മുടെ മനസ്സിനെ സ്വന്തം ഹൃദയത്തോട് ചേര്‍ത്ത് അടക്കിപ്പിടിക്കുന്നത്. മിഴികള്‍ നിറഞ്ഞ് നമ്മള്‍ അറിയാതെ വിതുമ്പിപ്പോകുന്നത്.
പിന്നെയും പിന്നെയും കിനാവിന്റെ പടികള്‍ കടന്നെത്തുന്ന പദനിസ്വനമായി, എന്നെന്നും നമ്മളോടൊപ്പം അദ്ദേഹത്തിന്റെ സാന്നിദ്ധ്യമുണ്ടാകും, മലയാളമുള്ളിടത്തോളം കാലം.
ആദരാഞ്ജലികള്‍