Custom Search

Wednesday, December 30, 2009

ബഹറൈന്‍ ബ്ലോഗ്‌ മീറ്റ്‌ -2010


ബഹറൈന്‍ ബ്ലോഗ്‌ മീറ്റ്‌ -2010

പ്രിയരെ.....

ബഹറൈന്‍ ബ്ലോഗ് & ഫാമിലി മീറ്റ്-2010, ഈ വരുന്ന ജനുവരി 8 നു
വെള്ളിയാഴ്ച സൌത്ത് പാര്‍ക്ക് റസ്റ്റോറന്റില്‍ 7 മണിക്ക് വച്ച് നടത്താന്‍ തീരുമാനിച്ചിരിക്കുന്നു.

പരിപാടി വിജയമാക്കുന്നതിന് മെമ്പേഴ്സിന്റെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കുമല്ലോ. പുതിയതായി നിരവധി ബ്ലോഗേഴ്സ് ബഹറൈനില്‍ വന്നിട്ടുണ്ട്. പര്‍സ്പരം കാണാനും, പരിചയപ്പെടാനും നിയതമായ ഒരു ചട്ടക്കൂട്ടിലും പെടുത്താതെ, എല്ലാവരും കൂടി യോജിച്ച് നടത്തുന്ന ഒരു
ബ്ലോഗ് & ഫാമിലി മീറ്റ്.

കുഞ്ഞു കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ അവസരമുണ്ടായിരിക്കുന്നതാണ്. ആഗ്രഹമുള്ളവര്‍ അതിനുള്ള പേര്‍ തരിക.

എല്ലാവരുടെയും സ്നേഹസഹകരണത്തോടെ ഈ പരിപാടിയില്‍
പങ്കെടുക്കാന്‍ കുടുംബസമേതം ക്ഷണിച്ചുകൊള്ളുന്നു.

അജണ്ടകള്‍ ഒന്ന് രണ്ട് ദിവസങ്ങള്‍ക്കകം പ്രസിദ്ധികരിക്കുന്നതാണ്.

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ അവരുടെ പേരും, ഫോണ്‍ നമ്പറും കൂടെയുള്ളവരുടെ സംഖ്യയും നേരത്തെ അറിയിച്ചാല്‍ ഭക്ഷണം (വെജിറ്റേറിയന്‍ ഭക്ഷണം വേണ്ടവര്‍ അതും അറിയിക്കുക) ക്രമികരിക്കാന്‍ സൌകര്യമായിരുന്നു.

പേര് തന്നവര്‍
രാജു ഇരിങ്ങല്‍ & ഫാമിലി - 36360845
ബാജി ഓടംവേലി & ഫാമിലി - 39258308

Shams Balusseri-363 987 66, 38391239
ടി.എസ്. നദീര്‍ & ഫാമിലി MOB:36071109
Minesh R Menon Mob: 39337089
സജീവ്‌ - 38382742
പ്രഭാകരന്‍ - 39723900

ബെന്യാമിന്‍ & ഫാമിലി - 39812111
Manu Mohanan-39164732

Dani Thomas 39083090

നചികേതസ് -

സജി മര്‍ക്കോസ് & ഫാമിലി - 39684766
അനിൽ വേങ്കോട്- 39320278
സജി മങ്ങാട് & ഫാമിലി - 39136844

സിജാര്‍ വടകര - 36124494

ബിജിലി & ഫാമിലി

രാമു - 36229204

മോഹന്‍ പുത്തെഞ്ചിര & ഫാമിലി

എം. കെ. നമ്പ്യാര്‍ - 39890385

ജയ്സണ്‍ & ഫാമിലി - 39411078

രഞ്ജിത്ത് വിശ്വം - 39636019

ദീപു & ഫാമിലി -

കുഞ്ഞന്‍ & ഫാമിലി - 39556987

മനു പടയണി - 39164732

സിനു കക്കട്ടില്‍ & ഫാമിലി

നിബു & ഫാമിലി

സാജു ജോണ്‍ - 390 420 72




സ്നേഹത്തോടെ ബഹറൈന്‍ ബൂലോകത്തിന് വേണ്ടി

നട്ട്സ്



Tuesday, December 29, 2009

തണല്‍ കഥ / കവിതാ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.

ബഹറിനിലെ എഴുത്തുകാരുടെ കൂട്ടായ്‌മയായ തണല്‍ ബഹറിന്റെ 2009 ലെ കഥ / കവിതാ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. തണല്‍ കഥാ പുരസ്‌കാരം ശ്രീമതി ഷീജാ ജയനും, തണല്‍ കവിതാ പുരസ്‌കാരം ശ്രി. കെ. ബാലചന്ദ്രന്‍ കൊന്നക്കാടിനുമാണ് ലഭിച്ചത്. ബഹറിനിലെ എഴുത്തുകാരായ പതിനൊന്നംഗ സമിതിയാണ് ഇവരെ തെരഞ്ഞെടുത്തത്.

കഴിഞ്ഞ 15 വര്‍ഷമായി ബഹറിനിലുള്ള ഷീജാ ജയന്‍ മാവേലിക്കര സ്വദേശിയായ വീട്ടമ്മയാണ്‍. ഭര്‍ത്താവ് ജയന്‍ എസ്. നായര്‍ ജി. ഡി. എന്‍. ല്‍ ജോലി ചെയ്യുന്നു. മക്കള്‍ പൂജാ ജയനും, നികേത് ജയനും സ്‌ക്കൂളില്‍ പഠിക്കുന്നു. ബഹറിന്‍ കേരളീയ സമാജത്തിലേയും ബഹറിന്‍ കേരള സോഷ്യല്‍ ആന്റ് കള്‍ച്ചറല്‍ അസോസിയേഷനിലേയും സജ്ജീവ പ്രവര്‍ത്തകയാണ് ഷീജാ ജയന്‍. ( 36284941 )
കെ. ബാലചന്ദ്രന്‍ കൊന്നക്കാട്, കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാടിനടുത്ത് കൊന്നക്കാട് പി. ഗോപിനാഥന്‍ പിള്ളയുടേയും സൌദാമിനിയമ്മയുടേയും മകനാണ്‍. ബഹറിനില്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു. ഭാര്യ രശ്‌മി സ്‌ക്കൂള്‍ അദ്ധ്യാപികയാണ്‍. മക്കള്‍ ആര്യ, ആരതി. അറിയുക നേര്‍വഴി എന്ന കവിത കേരള സാഹിത്യ അക്കാദമിയുടെ ഗള്‍ഫ് മലയാളി കവിതകള്‍ എന്ന പുസ്‌തകത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. (39244577)

ചീഫ് എഡിറ്റര്‍

Thursday, December 24, 2009

പ്രവാസം


--------------
രക്തം
വിയര്‍ത്ത് കുറുകിയ
മണ മുയരുമ്പോള്‍
സുഗന്ധങ്ങള്‍
പെറ്റു പെരുകാന്‍
കണക്ക്
പുസ്തകത്തി ലൊരു
മയില്‍ പീലി നടും .
സ്വപ്‌നങ്ങള്‍
ഇരട്ടിക്കുമ്പോള്‍
വസന്തങ്ങള്‍ കൊഴിഞ്ഞ്
എല്ലുകള്‍ ഉന്തി
പുറം ചട്ട നരയ്ക്കും .
താളുകള്‍ കാലം കൂടി
തുറക്കുമ്പോള്‍
പിന്നിലും മുന്നിലും
ശിഷ്ടം ശൂന്യത മാത്രം .
വഴി കണക്കിലെ
ഹരിക്കുന്ന കള്ളിയിലാണ്
ജീവിതം ആദ്യമേ
ഞങ്ങള്‍ തെറ്റി സൂക്ഷിച്ചത് .
----------------------------ഷംസ്

Tuesday, December 22, 2009

'മഹിളാരത്നം' പരിപാടിയില്‍ സംഗീതാ സുജിത്ത് ഒന്നാം സ്ഥാനം നേടി

കേരളീയ സമാജത്തിന്റെ വനിതാ വിഭാഗം നടത്തിയ 'മഹിളാരത്നം' പരിപാടിയില്‍ സംഗീതാ സുജിത്ത് ഒന്നാം സ്ഥാനം നേടി,100 ല്‍ 69 പോയിന്റ് നേടിയാണ്‍ സംഗീതാ സുജിത്ത് ഒന്നാം സ്ഥാനം കരസ്തമാക്കിയത്61 പോയിന്റോടെ ഷീന ചന്ദ്രദാസ് ഫസ്റ്റ് റണ്ണറപ്പും 59 പോയിന്റോടെ മതിമുഖി സൂരജ് സെക്കന്റ് റണ്ണറപ്പുമാണ്. ജീവയാണ്‍ തേഡ് റണ്ണറപ്പ്.മൊത്തം പത്ത് ഇനങ്ങളിലായിരുന്നു മത്സരം ഇതില്‍ ആറിനങ്ങള്‍ നിര്‍ബന്ധമായിരുന്നു. ബാക്കി നാലിനങ്ങളില്‍ രണ്ടെണ്ണം വീതം തിരഞ്ഞെടുക്കുവാനുള്ള സൗകര്യമുണ്ടായിരുന്നു.അനിലാ സുനില്‍ , ജയ രഞ്ജിത്ത്, മതിമുഖി, ഷീജ വീരമണി, ഷീന ചന്ദ്രദാസ്, സുമ മനോഹരന്‍ , ജീവാ വിനേദ്കുമാര്‍ , സൂസി തോമസ്സ്, ഉമ ഗണേഷ്, സംഗീതാ സുജിത്ത്, ബെറ്റി സജി എന്നിവരാണ്‍ ഫൈനലില്‍ മത്സരിച്ചത്. സംഗീതക്ക് 5 പവന്‍ സ്വര്‍ണവും , ഷീനക്ക് എല്‍ . സീ. ഡീ റ്റീവിയും മതിമുഖിക്ക് ഒരു പവന്‍ സ്വര്‍ണ്ണവുമാണ്‍ ലഭിച്ചത്. അനായാസമായി പ്രേക്ഷകരുമായി സംവദിക്കാനുള്ള കഴിവും മോണോ ആക്റ്റിലെ മികവുമാണ്‍ സം ഗീതയെ വിജയിയാക്കിയത്.ഗായികകൂടിയാണിവര്‍ . ഭര്‍ത്താവ് സുജിത്ത് കൊല്ലം നാടകപ്രവര്‍ത്തകനാണ്. ന്യത്താധ്യാപികയായ ഷീന പ്രൊഫഷനല്‍ നര്‍ത്തകിയും നടിയുമാണ്. സിനര്‍ജി ചലച്ചിത്രോല്‍സവത്തില്‍ ' വേഷങ്ങള്‍ ' എന്ന ചിത്രത്തിലൂടെ മികച്ച സഹനടിയായി. ചടങ്ങില്‍ റീമാ കല്ലിം ഗല്‍ , ജയ മേനോന്‍ എന്നിവര്‍ക്ക് മൊമന്റോ നല്കി. മഹിളാരത്നം ലോഗോ ഡിസൈനിംഗ് മത്സരത്തില്‍ വിജയിയായ ലതാമണികണ്ടനും സ്മാരകോപഹാരം നല്കി

പ്രവാസിയുടെ പേരും ... നേരും (സിജാര്‍ വടകര )



മനസ്സിനുള്ളിലെ ജീവിത സ്വപ്‌നങ്ങള്‍
കാര്‍മേഘം പോലെ തെന്നി പ്പായുമ്പോള്‍
മനസ്സില്‍ പമ്പരം പോലെ ....
തിരിയുന്ന നൊമ്പരമാണ് ... പ്രവാസം !.


ഉറ്റവര്‍ക്ക്‌ തണലേകാന്‍ കൊതിക്കുംതോറും
മനസ്സില്‍ ഭാരങ്ങളേറി മനസ്സൊന്ന്
ശൂന്യമാക്കാന്‍ കാത്തിരിക്കുന്ന
ദിന രാത്രങ്ങളാണ് .... പ്രവാസം !.


ചാരം ഒളിപ്പിച്ച കനലുകള്‍ പോലെ
മനസ്സില്‍ ഒളിപ്പിച്ച ,പേറി നടക്കും ...
സ്വകാര്യ ദുഃഖങ്ങള്‍ ആണ് ... പ്രവാസം !.


പ്രകൃതിയെ പൊരുളാല്‍ കുറിക്കുന്ന സാഹിത്യകാരന്‍
കാണാത്ത മികച്ച സാഹിത്യമാണ് ... പ്രവാസം !.


ആരും കൊതിക്കുന്ന ജീവിത നൌകയില്‍
ഉലഞ്ഞാടി കരയൊന്നു കാണാന്‍ ....
കൊതിക്കുന്ന ,പാഴ് വഞ്ചിയാണ് ... പ്രവാസം !.


ഓണവും ,ഈദും ,ക്രിസ്തുമസ്സും
ഉറ്റവരോട് ആസ്വദിക്കാന്‍ കഴിയാതെ ,
ഓര്‍മകളുടെ നെരിപ്പോട് പുകച്ച് ആശകളുടെ ..,
ശവമഞ്ചം പേറി നടക്കും വിധിയാണ് ... പ്രവാസം !.


പൂ പോലെയുള്ള യൌവനം കാലത്താല്‍
നക്കി കുടിക്കുന്ന ഊര്‍ജ്ജമാണ് ... പ്രവാസം !.


കനവുകള്‍ മാത്രമാകുന്ന ദാമ്പത്യത്തെ ... ,
അര്‍ത്ഥ ശൂന്യമാക്കുന്ന വന്‍ കരയാണ്‌ ... പ്രവാസം !.


പ്രപഞ്ചത്തിന്‍റെ സമയ രഥം ചലിക്കുമ്പോള്‍
ചിന്തകളുടെ വിഷാദ മണികള്‍ ... ,
മുഴക്കുന്ന ടൈംപീസാണ് പ്രവാസം !.


ജന്മ നാട്ടില്‍ എത്തുമെന്ന് ഗ്യാരണ്ടിയില്ലാത്ത
മനുഷ്യ ജന്മങ്ങളുടെ പാഴ് ജന്മമാണ് ... പ്രവാസം !.


രക്ത ബന്ധങ്ങള്‍ ചായം പൂശുന്ന മുഖങ്ങളാല്‍
വികൃതമാക്കുന്ന ... , മലീസമാക്കുന്ന .....
തടാകമാകുന്നു ... പ്രവാസം !.


തന്റേതു മാത്രമാകുന്ന ലോകം ....
ആരോടും പരാതി ഇല്ലാതെ ,പരിഭവം ഇല്ലാതെ
സ്വ അഭിമാനം കാക്കുന്ന ലോകം
അതാണ്‌ ..... പ്രവാസം !.


സ്വര്‍ഗ്ഗവും , നരകവും കാലന്‍റെ കൈകളാല്‍ കുറിക്കപ്പെടുന്ന
പരലോകത്തിന്‍റെ റിഹേഴ്സല്‍ ആണ് പ്രവാസം !.


അക്ഷരങ്ങള്‍ക്ക്‌ പെയ്തിറങ്ങാന്‍ ...
നിലവും നിലാവുമൊരുക്കി വെച്ച്‌....
ഞാനെഴുത്ത്‌ തുടരുമ്പോള്‍ ...
എന്നിലെ പ്രവാസിക്ക് വാക്കുകള്‍ വരുന്നില്ല ...
കാരണം ! എന്‍റെ ചിന്തകള്‍ ....

ഇപ്പോഴും , എന്‍റെ പിറന്ന മണ്ണിലാണ് ... ഇതാണ് പ്രവാസം !.


*************************************************************************************************

Sunday, December 20, 2009

ഒരു ഡ്യൂപ്ലിക്കേറ്റ്‌ നഗരത്തിന്റെ സദാചാരപോരാട്ടങ്ങളും ഞങ്ങളുടെ കോളേജ്‌ ജീവിതവും.



മേലേക്കാവ്‌ താഴേക്കാവ്‌ എന്ന ഇരട്ട പേരുകളിലാണ്‌ അന്ന്‌ നഗരത്തിലെ പ്രശസ്‌തമായ ആ തിയ്യറ്ററുകള്‍ അറിയപ്പെട്ടിരുന്നത്‌.

അവ തമ്മില്‍ ശക്തമായ മത്സരവും നിലനിന്നിരുന്നു. ആരുണ്ടിവിടെ ചോദിക്കാന്‍ എന്ന സിനിമ മേലേക്കാവില്‍ ഓടാന്‍ തുടങ്ങിയപ്പോള്‍ നിയമം എന്തുചെയ്യും എന്ന സിനിമ കൊണ്ടുവന്നാണ്‌ താഴെക്കാവ്‌ തിരിച്ചടിച്ചത്‌. ഞങ്ങളന്ന്‌ വിവേകാനന്ദകോളേജില്‍ പ്രീഡിഗ്രിക്ക്‌ പഠിക്കുന്നു. ഞങ്ങളെന്ന്‌ പറഞ്ഞാല്‍ കുട്ടിഷൈജു, ബിജു ബാലകൃഷ്‌ണന്‍, ബാബുമത്തായി, മന്‍മഥന്‍ എന്ന മനോജ്‌, ശര്‍മ്മാജി, ജെയിന്‍ജെയിംസ്‌, ഉല്ലാസ്‌ അന്തിക്കാടന്‍, മുജീബ്‌, മൂപ്പന്‍ സന്തോഷ്‌, ജുബീഷ്‌, ഷഹീര്‍, മനോജ്‌, പ്രദീപ്‌ ഈപ്പന്‍, ബിജു കരിക്കാട്‌........ മൂപ്പനാണ്‌ സംഘത്തിന്റെ നേതാവ്‌. പ്രായത്തില്‍ കവിഞ്ഞ വളര്‍ച്ചയും നല്ലതടിമിടുക്കും തികഞ്ഞ ചക്കൂറ്റവുമുള്ള മൂപ്പന്‍ അന്ന്‌ ആനക്കൂട്ടി തമ്പിയുടെ സി.സി. പിടുത്തം സംഘത്തിലെ അംഗം കൂടിയാണ്‌.

രാവിലെ മുടങ്ങാതെ കേളേജിലെത്തും. പിന്നെ സൗകര്യം പോലെ പുറത്തു ചാടും. കോളേജിന്‌ താഴെ കാടുപിടിച്ച്‌ കിടക്കുന്ന തെങ്ങിന്‍ പറമ്പാണ്‌ അവിടെ വെച്ചാണ്‌ അന്നത്തെ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നത്‌. വെട്ടിക്കടവ്‌ ഷാപ്പുപിടിക്കണോ ചെറുവത്താനി ഷാപ്പു പിടിക്കണൊ. പ്രിന്‍സിപ്പലായ രാഘവന്‍ മാഷ്‌ക്ക്‌ ആ ആഴ്‌ച്ച എന്ത്‌ പണികൊടുക്കും. കലാകാരിയും, പുരുഷ വിദ്വേഷിയും സര്‍വ്വോപരി ഒരു കൊച്ചു സുന്ദരിയുമായ കോളേജ്‌ താരത്തെ എങ്ങിനെ തറപറ്റിക്കും. മൂപ്പന്‍ സന്തോഷ്‌ സ്വന്തമായി ഏറ്റ ചെറുകിട വണ്ടിപിടുത്തം പരിപാടികളില്‍ ആരൊക്കെ പങ്ക്‌ചേരും. ചിറളയം കോണ്‍വെന്റിന്‌ കല്ലെറിഞ്ഞ കേസില്‍ കോടതിയില്‍ ഹാജരാകേണ്ടത്‌ ആരൊക്കെ എന്ന അജണ്ടയിലെ പ്രധാനചര്‍ച്ചാവിഷയങ്ങള്‍ക്കപ്പുറം അന്നത്തെ കാര്യപരിപാടികള്‍ ആരംഭിക്കും. എന്ത്‌ തിരക്കുകളുണ്ടെങ്കിലും ആഴ്‌ച്ചയിലൊരിക്കല്‍ വികേകാനന്ദ ബോയ്‌സ്‌ താഴെക്കാവ്‌ സന്ദര്‍ശിച്ചിരിക്കും. അതും കോളേജില്‍ നിന്ന്‌ ആഘോഷമായി പ്രകടനം പോലെയാണ്‌ യാത്ര. ഒളിച്ചും പതുങ്ങിയും ഒറ്റയ്‌ക്കും തെറ്റയ്‌ക്കും ഉച്ചപ്പടം കാണാനെത്തുന്ന മറ്റ്‌ കോളേജ്‌ കുമാരന്‍മാര്‍ ഞങ്ങളെ അസൂയയോടെ നോക്കും. താഴെക്കാവില്‍ ഇടവേള വരെ ടിക്കറ്റ്‌ കൊടുക്കും. ഇടവേളയ്‌ക്ക്‌ ശേഷമാണ്‌ യഥാര്‍ത്ഥ പടം. അര മണിക്കൂറോളം പിന്നെ ദ്രുതതാളത്തിലുള്ള സംഗീതമാണ്‌ തിയ്യറ്ററില്‍ നിന്ന്‌ കേള്‍ക്കുക. പുറത്ത്‌ റോഡിലൂടെ പോകുന്ന നാട്ടുകാര്‍ക്കറിയാം ഉള്ളില്‍ എന്താണ്‌ നടക്കുന്നതെന്ന്‌. പഴയ കോടംമ്പാക്കം ബിറ്റുകളുടെ വലിയൊരു ശേഖരം സ്വന്തമായുണ്ട്‌ ഇരു തിയ്യറ്ററുകള്‍ക്കും. മലപ്പുറം പാലക്കാട്‌ ജില്ലകളില്‍ നിന്നു വരെ ഈ തിയ്യറ്ററുകള്‍ തേടി ആളുകളെത്തിയിരുന്നു. പല പ്രായത്തിലും പല പദവിയിലും ഉള്ള ആളുകള്‍. ഒരിക്കല്‍ നിലമ്പൂരടുത്തുള്ള ഒരു പള്ളിയില്‍ നിന്ന്‌ ഇടയ്‌ക്കിടെ പടം കാണാനെത്തിയ ഒരച്ഛനെ ഇടവകക്കാര്‍ പിടിച്ചതായി കേട്ടിരുന്നു. ഇന്റെര്‍നെറ്റും ബ്ലൂടൂത്തും എം.എം.എസും എന്തിന്‌ സി.ഡി. പോലും ഇല്ലാതിരുന്ന അക്കാലത്ത്‌ ഒരു തലമുറയുടെ രതികാമനകളെ ശമിപ്പിച്ചിരുന്നത്‌ ഈ തിയ്യറ്ററുകളായിരുന്നു.

മന്‍മഥന്‍ അന്ന്‌ വലതു കമ്മ്യുണിസ്‌റ്റ്‌ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവാണ്‌. ഞാനന്ന്‌ വിശ്വസ്ഥനായ അനുയായിയും. അങ്ങിനെ ഒരുനാള്‍ സിനിമ കണ്ട്‌ കൊണ്ടിരിക്കുന്നതിനിടയില്‍ പുറകിലെ ഒരു കോണില്‍ ഒതുങ്ങിയിരുന്ന്‌ സിനിമ കാണുന്ന കുമാരേട്ടനെ മനോജ്‌ എനിക്ക്‌ കാണിച്ചു തന്നു. ഞങ്ങളുടെ ലേഡി വൈസ്‌ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയുടെ അച്ഛനും പാര്‍ട്ടിയുടെ കര്‍ഷക സംഘത്തിന്റെ ജില്ലാനേതാവുമാണ്‌. ഞങ്ങളെ അദ്ദേഹവും കണ്ടു. ഇന്‍ട്രബെല്‍ ഷോ കഴിയാന്‍ നിന്നില്ല. കുമാരേട്ടന്‍ പുറത്തുചാടി. പുറകെ ഞങ്ങളും. ഒരു ചായ കുടിച്ചിട്ട്‌ പോകാം കുമാരേട്ടാ എന്നായി മനോജ്‌. ഒടുവില്‍ കുമാരേട്ടന്‍ കാലുപിടിച്ചു നാറ്റിക്കല്ലെ മക്കളെ മോളേട്‌ ഇതേ പറ്റി പറയല്ലെ. കടം പറഞ്ഞാണ്‌ കുമാരേട്ടന്‍ ബ്രൈറ്റ്‌ ഹോട്ടലില്‍ നിന്ന്‌ ചിക്കന്‍ ബിരിയാണി വാങ്ങിതന്നത്‌. എന്നിട്ടും പിറ്റേന്ന്‌ കണ്ടപ്പോള്‍ മനോജ്‌ ശ്രീജയോട്‌ പറഞ്ഞു അച്ഛനെ ഇന്നലെ ഞങ്ങള്‍ കണ്ടിരുന്നു. എവിടെ വെച്ചാണെന്ന്‌ പറയുന്നില്ല അത്‌ അച്ഛനോട്‌ തന്നെ ചോദിച്ചാല്‍ മതി.

അക്കാലത്താണ്‌ കേരളകോണ്‍ഗ്രസ്സിലെ പ്രബല വിഭാഗം വീണ്ടും രണ്ടായി പിളരുന്നത്‌. മാതൃസംഘടന കരുത്തുതെളിയിക്കാന്‍ മണ്ണാര്‍ക്കാട്‌ വെച്ച്‌ റാലിയും പൊതുയോഗവും നടത്തുന്നു. ഒരു ബസ്സ്‌ നിറയെ ആളെ മണ്ണാര്‍ക്കാട്‌ എത്തിക്കാനുള്ള കൊട്ടേഷന്‍ പഴഞിയിലെ കേരളകോണ്‍ഗ്രസ്സ്‌ നേതാവായ ജോസഫേട്ടന്‍ വഴി ഞങ്ങളെടുക്കുന്നു. ആളൊന്നിന്‌ 50 രൂപ, ശാപ്പാട്‌, പിന്നെ തൊണ്ടനനയ്‌ക്കാന്‍ ഇത്തിരി. പാല സാറ്‌ പ്രസംഗം തുടങ്ങി. പാര്‍ട്ടിയുടെ രാഷ്ടീയ പ്രസക്തയെപറ്റി അദ്ദേഹം കത്തികയറുന്നതിനിടയില്‍ ബാബുമത്തായി പ്രകോപിതനായി " എടാ പെറ്റി ബൂര്‍ഷ്വേ പെരും കള്ളാ നിന്നോടുള്ള സ്‌നേഹം കൊണ്ടല്ലടാ പൈസയ്‌ക്ക്‌ വേണ്ടിയെടാ വന്നത്‌ നിറുത്തെടാ പ്രസംഗം. പട്ടയരാഷ്ട്രീയമല്ല പട്ടരാഷ്ടീയം *്‌%#@*&^_!@%^^$##$*/-%$#@*&%*%$#@! " എന്നായി ബാബു. സംഗതി ഉന്തും തള്ളിലുമെത്തി. എതിരാളികള്‍ തന്നെ അപമാനിക്കാന്‍ മന:പൂര്‍വ്വം ആസൂത്രണം ചെയ്‌തതാണെന്നായി പാലസാര്‍. പാര്‍ട്ടിപ്രവര്‍ത്തകരുടെയും വാടകഗുണ്ടകളുടെയും കൈകരുത്ത്‌ ഞങ്ങളില്‍ പലരുമറിഞ്ഞു. പരിപാടി തീരും മുന്‍പെ രക്ഷപ്പെട്ടു. ആ സംഭവത്തിന്റെ ക്ഷീണം തീരും മുന്‍പെ മൂപ്പനും പരിക്കേറ്റു. കുന്നംകുളത്തെ ഒരു ബ്ലേഡില്‍ നിന്ന്‌ വായ്‌പ്പയെടുത്ത്‌ വാങ്ങിയ ബസ്സ്‌. സ്ഥലം കണ്ണൂര്‍. തിരിച്ചടവ്‌ മുടങ്ങിയിട്ട്‌ നാളുകളായി. രാഷ്ടീയ പിന്‍ബലവുമുണ്ട്‌ കക്ഷികള്‍ക്ക്‌. ഒടുവില്‍ തമ്പിയുടെ സംഘം ഓപ്പറേഷന്‍ ഏറ്റെടുക്കുന്നു. രാത്രിയിലെ ട്രിപ്പ്‌ കഴിഞ്ഞ്‌ പാര്‍ക്കുചെയ്യുന്നതിന്‌ മുന്‍പായി ബസ്സ്‌ കഴുകുന്ന തോട്ടിന്‍ കരയില്‍ നിന്ന്‌ വണ്ടി റാഞ്ചാനാണ്‌ തീരുമാനം. സ്ഥലം പോലീസിന്റെ മൗനാനുവാദവുമുണ്ട്‌. ഞങ്ങളെ അറിയിക്കാതെയാണ്‌ മൂപ്പന്‍ പോയത്‌. 14 അംഗ സംഘമാണ്‌ ഓപ്പറേഷന്‌. വണ്ടി റാഞ്ചി പക്ഷെ കണ്ണൂരിനും കോഴിക്കോടിനുമിടയിലുള്ള അസംഖ്യം റെയില്‍വ്വേ ഗെയ്‌റ്റുകളിലൊന്നില്‍ വണ്ടി പെട്ടു. പുറകെയെത്തിയ ബസ്സ്‌ മുതലാളിയുടെ സംഘത്തോട്‌ എതിരിടാന്‍ കഴിയാതെ തമ്പിയും കൂട്ടാളികളും പല വഴിക്ക്‌ ഓടി. പിറ്റേന്ന്‌ വിവരമറിഞ്ഞ്‌ ഞങ്ങള്‍ പോയി കണ്ടപ്പോള്‍ മൂപ്പന്റെ മേലാസകലം പരിക്കുകളുണ്ടായിരുന്നു. ഓടും വഴി തോട്ടില്‍ വീണതാണെന്നാണ്‌ മൂപ്പരുടെ മൊഴി. ഞങ്ങളാരും അത്‌ വിശ്വസിച്ചില്ലെങ്കിലും.

അങ്ങിനെയൊക്കെ ദിവസങ്ങള്‍ കടന്നുപോകുന്നു. 1992 ഡിസംബര്‍ 6 അയോദ്ധ്യയില്‍ ബാബറി മസ്‌ജിദ്‌ തകര്‍ക്കപ്പെടുന്നു. ഇന്ത്യയൊട്ടാകെ ബന്ദ്‌, ഹര്‍ത്താല്‍, കരിദിനം, കലാപങ്ങള്‍. കോളേജ്‌ വീണ്ടും തുറന്ന ദിവസം കറുത്ത ബാഡ്‌ജ്‌ കുത്തിയാണ്‌ ഞങ്ങള്‍ കോളേജിലെത്തിയത്‌ അധ്വാനിയുടെയും ചവാന്റെയും കോലങ്ങള്‍ കത്തിച്ചു ഒപ്പം മദനിയുടെ വിഷം പരത്തുന്ന കാസറ്റുകളും. ബാബറി ചരിത്രം വിവരിക്കുന്ന കെ.വേണുവിന്റെ മാതൃഭൂമി ലേഖനത്തിന്റെ ഫോട്ടോകോപ്പി വിതരണം. കോളേജിലും കുന്നംകുളം ടൗണിലും പോസ്‌റ്റര്‍ പ്രദര്‍ശനം. ഭൂരിപക്ഷം ന്യൂനപക്ഷം എന്ന പേരില്‍ വര്‍ഗീയത രണ്ടില്ല ഒരേനാണയത്തിന്‌ ഇരുവശങ്ങളെന്നതു പൊലെ ഒന്നേയുള്ളൂ എന്നും ആനന്ദിനെ ഉദ്ധരിച്ച്‌ ബിജു പ്രസംഗിച്ചു. ഡിസംബര്‍ വെക്കേഷന്‍ നാഷണല്‍ സര്‍വ്വീസ്‌ സ്‌കീം ക്യാമ്പ്‌ കോളേജില്‍ വെച്ച്‌ തന്നെ. അതിനടയിലും ചൂടുപിടിച്ച ചര്‍ച്ചകള്‍. വിഷയം വര്‍ഗീയത തന്നെ. അന്നും കോളേജില്‍ വര്‍ഗീയമായി ചിന്തിക്കുന്ന ഒരു ന്യൂനപക്ഷമുണ്ട്‌. അനുകൂല സാഹചര്യമില്ലാത്തതുകൊണ്ട്‌ വിഷം പുറത്തേക്ക്‌ ചീറ്റാറില്ലെങ്കിലും. കുറിതൊട്ട ഐ. എസ്‌ .എസ്‌ എന്ന്‌ ഗോഡ്‌സെയുടെ അനുയായികളെയും തൊപ്പിയിട്ട ആര്‍. എസ്‌. എസ്‌ എന്ന്‌ മദനിയുടെ അനുയായികളെയും ഞങ്ങള്‍ വിളിച്ചുപോന്നു. മതങ്ങളാണ്‌ പ്രശ്‌നമെന്നും മതനിരാസവും മതേതരമായ ജീവിതവുമാണ്‌ പരിഹാരം എന്നുമുള്ള പൊതുധാരണയില്‍ ഞങ്ങളെത്തി. എല്ലാവരും പൂര്‍ണ്ണമായി പിന്തുണച്ചില്ലെങ്കിലും. മിശ്രവിവാഹിതരാകണമെന്ന തീരുമാനവും അന്നെടുത്തിരുന്നു.

വീണ്ടും കോളേജ്‌ തുറന്നു. രണ്ടു ദിവസം കഴിഞ്ഞില്ല. ഞെട്ടിപ്പിക്കുന്ന ഒരു വാര്‍ത്ത പരന്നു കോളേജില്‍. കീഴെക്കാവില്‍ ഓടുന്ന പടത്തിനിടയ്‌ക്ക്‌ പ്രദര്‍ശിപ്പിക്കുന്നത്‌ കോളേജ്‌ താരത്തിന്റെ ദൃശ്യങ്ങള്‍. വിവരമറിഞ്ഞു വരാന്‍ മൂപ്പന്‍ അന്വേഷണകമ്മീഷനെ വെച്ചു. കമ്മീഷന്‍ റിപ്പോര്‍ട്ട്‌ സംഗതി ശരി വെക്കുന്നതായിരുന്നു. പിന്നെ കോളേജില്‍ നിന്ന്‌ ഒരൊഴുക്കായിരുന്നു കാവിലേക്ക്‌. ആരോപിക്കപ്പെട്ട നായികക്ക്‌ കേളേജ്‌ താരവുമായി വിദൂരഛായ പോലും ഉണ്ടായിരുന്നില്ല. എന്നിട്ടും കണ്ടവരില്‍ പലരും അതവര്‍ തന്നെ എന്ന്‌ തമാശയായി പറഞ്ഞു. അവരുടെ ചെവിയിലും ആ വാര്‍ത്ത എത്താതിരുന്നിരിക്കില്ല. സൗന്ദര്യത്തിന്റെ ഭാഗമായി ഒരല്‍പ്പം തലക്കനം ഉണ്ടായിരുന്നു എന്നതൊഴിച്ചാല്‍ വളരെ പാവമായ ഒരുകുട്ടിയായിരുന്നു അവര്‍ അതുകൊണ്ടുതന്നെ ഒരാളും ആ വാര്‍ത്ത വിശ്വസിക്കുകയോ അങ്ങനെ സംശയിക്കുകയോ ചെയ്‌തില്ല. എങ്കിലും അന്ന്‌ അവര്‍ എത്രമാത്രം വേദനിച്ചിരുന്നിരിക്കണം. പ്രതികരണങ്ങളൊ പരാതികളെ ഒന്നും ഉണ്ടായില്ല. ഒരു കോളേജ്‌ തമാശയായി സംഭവം ഒതുങ്ങി. സംഭവത്തിന്‌ പുറകെയുള്ളവരെ വിളിച്ച്‌ മൂപ്പന്‍ താക്കീത്‌ ചെയ്‌തു. പതുക്കെ എല്ലാവരും ആ സംഭവം മറക്കുകയും ചെയ്‌തു. ആ സംഭവവുമായി ബന്ധമുണ്ടോ ?. ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശ പ്രകാരം തിയ്യറ്റര്‍ റെയ്‌ഡ്‌ ചെയ്‌ത്‌ കോടമ്പാക്കം നീലയുടെ വലിയൊരുശേഖരം പോലീസ്‌ പിടിച്ചെടുത്തു. സ്ഥലം പോലീസ്‌ തിയ്യറ്റര്‍ ഉടമകള്‍കള്‍ക്ക്‌ അനുകൂലമായതുകൊണ്ട്‌ അന്നൊരു പുലിയായിരുന്ന തൃശ്ശൂര്‍ ട്രാഫിക്ക്‌ സി. ഐ . ആയിരുന്നു റെയ്‌ഡ്‌ നടത്തിയതും പ്രിന്റ്‌ പിടിച്ചെടുത്തതും. പിറ്റേന്ന്‌ കോടതിയില്‍ ഹാജരാക്കിയപ്പോളാണ്‌ സ്ഥലം പോലീസിന്റെ മിടുക്ക്‌ ജനമറിഞ്ഞത്‌. കാമകേളികള്‍ ഭക്തിലീലകളായി. നീലചിത്രം ഭകതി കുചേലന്‍ സിനിമയായി. പത്രങ്ങള്‍ സംഭവമേറ്റു പിടിച്ചു. തൃശ്ശൂരില്‍ നിന്ന്‌ മനുഷ്യാവകാശ-പ്രതിരോധ പ്രവര്‍ത്തകര്‍ രംഗത്തെത്തി. രാഘവന്‍ തേറമ്പില്‍ ഫിലിം പെട്ടി തലയില്‍ വെച്ച്‌ പോലീസ്‌ സ്‌റ്റേഷനിലേക്ക്‌ പഥയാത്ര നടത്തി. എന്തിനധികം സമരം യൂത്ത്‌ കോണ്‍ഗ്രസ്സും ഡി.വെ.എഫ്‌ ഐയും ഏറ്റെടുത്തു. '' ആഴ്‌ച്ചയിലൊരിക്കലെങ്കിലും ഇവിടെയെത്തിയില്ലെങ്കില്‍ ഉറക്കം വരാത്ത പിള്ളാരാണ്‌ ഇപ്പോള്‍ ഞങ്ങള്‍ക്കെതിരെ സമരം നടത്തുന്നത്‌'' തിയ്യറ്ററിലെ വാച്ച്‌മാനായ വറതുണ്ണിയേട്ടന്‍ കാര്‍ക്കിച്ചുതുപ്പി.

വിദ്യര്‍ത്ഥിസംഘടനകളും സമരപരിപാടികള്‍ ആവിഷ്‌ക്കരിച്ചെങ്കിലും കോളേജില്‍ നിന്ന്‌ കക്ഷി രാഷ്ടീയ ഭേദമന്യേ സമരപരിപാടികളില്‍ നിന്നും വിട്ടു നില്‍ക്കാനാണ്‌ ഞങ്ങള്‍ തീരുമാനിച്ചത്‌. "കപടസദാചാരവാദികള്‍ തുലയട്ടെ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ" മത്തായി നീട്ടിവിളിച്ചു.

എന്തായാലും സി.ഐ. മിന്നല്‍ ചാക്കോ സസ്‌പെന്‍ഷനിലായി. സംഭവം നടന്ന്‌ വര്‍ഷം പതിനഞ്ച്‌ ഇപ്പോഴും കേസ്‌ കോടതിയില്‍ തന്നെ. ചാക്കോയുടെ സര്‍വീസ്സ്‌ ജീവിതം മിക്കവാറും അവസാനിച്ചു. അത്യന്താധൂനിക സാങ്കേതികവിദ്യകളുടെ കുത്തൊഴുക്കില്‍ നീല ജനകീയമായതോടെ പഴയ പ്രാതാപം നഷ്ടമായെങ്കിലും ഒരു കാലഘട്ടത്തിന്‍െ ഗൃഹാതുര സ്‌മരണകളുയര്‍ത്തി താഴെക്കാവ്‌ ഇപ്പോഴും നിലനില്‍ക്കുന്നു. മേലേക്കാവിന്റെ സ്ഥാനത്ത്‌ നഗരത്തിലെ ഏറ്റവും വലിയ കല്യാണമണ്ഡപം. എങ്കിലും വടക്കാഞ്ചേരി റൂട്ടിലെ ആദ്യ സ്‌റ്റോപ്പെത്തുമ്പോള്‍ പഴയ ഓര്‍മ്മകള്‍ അയവിറക്കി ചില കിളികള്‍ നീട്ടിവിളിക്കും "മേലേക്കാവ്‌, മേലേക്കാവ്‌ ആളിറങ്ങാനുണ്ടോ........ ''