Custom Search

Sunday, May 16, 2010

ദേശീയോദ്ഗ്രഥനവും ഞാനും (ഒരു ചമ്മല്‍ കഥ )

എനിക്കിപ്പോഴും അറിയില്ല ഏത് അസുഖത്തിന്റെ പുറത്താണ് ഞാനാ സാഹസത്തിന് മുതിര്‍ന്നതെന്ന്. നാട്ടില് കേരളോത്സവം നടക്കുന്ന സമയം. എന്റെ പ്രായക്കാരെല്ലാം പാട്ടായും ഡാന്‍സായുമൊക്കെ ഓരോ പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്. പക്ഷെ ഇതൊന്നും എനിക്ക് പറഞ്ഞ പണിയല്ല. പിന്നെ അല്പം ജാടയൊക്കെ കാണിക്കാന്‍ സ്കോപ്പുള്ളത് പ്രസംഗ മത്സരത്തിനാണ്. കൂടുതലൊന്നും ആലോചിക്കാതെ ചാടി അതിന് തന്നെ പേര് കൊടുത്തു. മത്സരത്തിന്റെ മുഖ്യ സംഘാടകനായി UKDR എന്ന പേരില്‍ കൊടിയത്തൂരിലെ കലാ സാംസ്കാരിക രംഗങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന ഉസ്സന്‍ മാസ്റ്റര്‍ ഉണ്ട്. മാഷിനാണെങ്കില്‍ എന്നെ നല്ല പരിചയവും ഉണ്ട്.
പ്രസംഗ മത്സരം ആയതുകൊണ്ട് ലോക്കല്‍ ബുജികളെല്ലാം വേദിയില്‍ ഉണ്ടെന്നും ഞാന്‍ മനസ്സിലാക്കി. വരട്ടെ.. എല്ലാരേം ഒന്ന് ഞെട്ടിക്കണം. പരിപാടി നടക്കുന്നത് ചെറുവാടിയിലെ LP സ്കൂളില്. മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാരേയും ഒരു ക്ലാസ്സ്‌ മുറിയിലേക്ക് വിളിച്ചു. നോക്കുമ്പോള്‍ കോളേജ് ലെവലില്‍ ഉള്ള നാട്ടിലെ ഒരു വിധം എല്ലാരും ഉണ്ട് മത്സരത്തിന്. കൂട്ടത്തില്‍ ഏറ്റവും ചെറിയ ഐറ്റം ഞാനാണ്. ഇവന് ഇവിടെന്ത്‌ കാര്യം എന്ന രീതിയില് അവരൊക്കെ എന്നെ നോക്കുന്നുമുണ്ട്. പക്ഷെ ഞാനാരെയും മൈന്‍ഡ് ചെയ്തില്ല. പക്ഷെ കളി മാറിയത് പ്രസംഗിക്കാനുള്ള വിഷയം കയ്യില്‍ കിട്ടിയപ്പോഴാണ്. 'ദേശീയോദ്ഗ്രഥനം".പടച്ചോനെ പെട്ടല്ലോ. ഇതെന്താവും സംഗതി, ഏതായാലും ഞാന്‍ കേട്ടിട്ടില്ല. മുന്നും പിന്നും നോക്കാതെ ചെന്ന് ചാടിയ അബദ്ധം. നല്ല ക്ഷീണവും വിറയലും തോന്നുന്നു. മത്സരം തുടങ്ങാന്‍ സമയമായി എന്ന അറിയിപ്പും വന്നതോടെ അത് കൂടുതലായി. എന്തെങ്കിലും ചെയ്തേ പെട്ടു. ഞാന്‍ ആലോചിച്ചു. എന്തും നേരിടാനുള്ള ധൈര്യം വേണം. ഉസ്സന്‍ മാഷൊന്ന് മാറിയ തക്കത്തിന് ഞാന്‍ പുറത്തിറങ്ങി. സ്കൂളിന്നു എന്റെ വീട്ടിലെത്താന്‍ കണ്ണടച്ച് തുറക്കേണ്ട സമയമേ വേണ്ടൂ. അല്ലെങ്കില്‍ ഞാനത്ര സമയമേ എടുത്തുള്ളൂ.
സ്റ്റേജില്‍ കയറി നിന്ന് വിയര്‍ക്കുന്നതിനേക്കാള്‍ ആരോഗ്യകരം ഓടി വിയര്‍ക്കുന്നതാണ്. നാലാളുടെ മുമ്പില്‍ നാണം കേടുന്നതിനേക്കാള്‍ ഭേദം ഇത് തന്നെയാണ്. ഏതായാലും എന്റെ പ്രസംഗം ഇല്ലാതെ അവിടെ പരിപാടി നടന്നു.
വൈകുന്നേരം ക്രിക്കറ്റ് ബാറ്റുമായി പുറത്തേക്കു പോവുമ്പോള്‍ മുമ്പില്‍ ഉസ്സന്‍ മാസ്റ്റര്‍. " നീ മുങ്ങി ല്ലേ " ? എന്ന മാഷിന്റെ ചോദ്യത്തിനു ഞാന്‍ പറഞ്ഞ മറുപടി എന്തായാലും മാഷ്‌ ഇത്രയും കൂട്ടി ചേര്‍ത്തു. " നീ പങ്കെടുക്കേണ്ടിയിരുന്നത് പ്രസംഗത്തിനല്ല.. ഓട്ടത്തിനായിരുന്നു ". ഒരു പുഞ്ചിരിയോടെ ഉസ്സന്‍ മാഷ് നടന്നു നീങ്ങി.
(കഴിഞ്ഞ വര്‍ഷം അര്‍ബുദം ബാധിച്ച് ഉസ്സന്‍ മാഷ് വിടപറഞ്ഞു. മാഷിന്റെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ ഞാനീ കുറിപ്പ് സമര്‍പ്പിക്കുന്നു).

ഇവിടേക്കും സ്വാഗതം സെന്റര്‍ കോര്‍ട്ട്

1 comment:

ഉപാസന || Upasana said...

സ്റ്റേജ് കണ്ടാല്‍ എനിക്കും വിറവരുമായിരുന്നു.
:-)