രണ്ടു വെള്ളിയാഴ്ച മുമ്പ് രാത്രി 12മണിക്കുള്ള ഷോയുടെ ടിക്കറ്റെടുത്താണ് അന്ന് ബഹ്റൈനിൽ കളിച്ചുകൊണ്ടിരുന്ന പ്രാഞ്ചിയേട്ടൻ എന്ന രഞ്ജിത്തിന്റെ സിനിമ കണ്ടത്. സിനിമ കഴിഞ്ഞ് വീട്ടിൽ കിടക്കയിലെത്തുമ്പോഴേക്കും മൂന്നുമണികഴിഞ്ഞിരുന്നു. ഉറക്കം വർദ്ധിച്ച ഭാരത്തിൽ കൺപോളകളിൽ ഊയലാടുന്നുണ്ടായിരുന്നെങ്കിലും ഉറക്കത്തിനു സമ്മതം നൽകാതെ ഉള്ളിൽ നിന്നാരോ എന്നോട് ചോദിക്കുന്നതുപോലെ തോന്നി “ നീ പ്രാഞ്ചിയേട്ടൻ എത്രതവണകണ്ടു?” സത്യത്തിൽ ഒരു തവണമാത്രമാണ് ഞാൻ സിനിമകണ്ടത്. പിന്നെ ഇങ്ങനെയൊരു ചോദ്യം ഉള്ളിൽ നിന്നുയരുന്നതെന്തുകൊണ്ട്? അപ്പോഴാണ് മനസ്സിലാകുന്നത് ഈ സിനിമയിലെ ഓരോ രംഗവും ബഹ്റൈനിലെ കഴിഞ്ഞ അഞ്ച് വർഷക്കാലത്തെ പ്രവാസജീവിതത്തിനിടയിൽ എത്രയോ തവണ കണ്ടിരിക്കുന്നു.
ഭാരതരത്നമുതൽ പത്മശ്രീവരെ നോബൽ പ്രൈസ്മുതൽ ജ്ഞാനപീഠം വരെ എന്തും അലങ്കാരമാവുമെങ്കിൽ എനിക്ക് കൂടി ഇരിക്കട്ടെയെന്ന് കരുതുന്ന പുതുപണക്കാരും അവരെ അണിയിച്ചൊരുക്കുന്നതിലൂടെ ജീവിക്കാൻ കഴിയുന്ന കുറച്ച് മനുഷ്യരും ചേർന്നൊരുക്കുന്നൊരു ലോകത്തിലാണ് നമ്മുടെ വാസം . സ്വതവേ ഇല്ലാത്ത ഗൌരവം ആഢ്യതയും മുഖത്ത് വരുത്തി ടൈ കെട്ടി കറുത്തകോട്ടണിഞ്ഞ് ബലിച്ചോറിന്റെ മുമ്പിലേയ്ക്ക് കാക്കകൾ വരുന്നതുപോലെ പറന്നെത്തുന്ന സമുദായപ്രമാണിമാരുടെ “പൂരങ്ങളുടെ പൂരമായ.. എന്നമട്ടിൽ ആരംഭിക്കുന്ന പ്രസംഗമത്സരങ്ങളിൽ, ചിങ്ങത്തിൽ തുടങ്ങി കർക്കിടകത്തിൽ അവസാനിക്കുന്ന പ്രവാസ ഓണാഘോഷങ്ങൾ മുതൽ ക്ലബ്ബുകളുടെയും അസോസിയേഷനുകളുടെയും വാർഷിക മഹാവേളകൾ വരെ നീളുന്ന ആയിരം സന്ദർഭങ്ങളിൽ ഇവർ നമ്മെ ചിരിയുടെ ഹിമാലയം കയറിക്കും
മമ്മൂട്ടി അവതരിപ്പിക്കുന്ന പ്രാഞ്ചിയെന്ന കഥാപാത്രത്തെ സർവ്വവിധമായും പ്രോത്സാഹിപ്പിച്ച് ഉപജീവനം നടത്തുന്ന കുറച്ച് ഉപഗ്രഹങ്ങളെ രഞ്ജിത്ത് ഇതിൽ അവതരിപ്പിച്ചിട്ടുണ്ട്. സിനിമയിലും നമ്മുടെ ജീവിത പരിസരങ്ങളിലും ഇവരുടെ നില ഗ്രഹനിലയിലേതു പോലെ രാഹുവും കേതുവുമായിട്ടാണ്. ഈ സിനിമയിൽ ഈ ഉപഗ്രഹ കഥാപാത്രങ്ങളുടെ കൂട്ടത്തിൽ ഇന്നസെന്റ് ചെയുന്ന ഒരു വേഷമുണ്ട് അയാൾ ഇടക്കിടെ എഡ്യൂകേഷന്റെ കുറവ് എന്നപ്രശ്നം ഉന്നയിക്കുകയും അത് തരണം ചെയ്യേണ്ട വിദ്യകളാലോചിക്കുകയും ചെയ്യുന്നത് രസാവഹമാണ്. പണം കൊണ്ട് മാത്രം ശരിയാക്കാനാകാത്ത ഇത്തരം ഇടങ്ങളിൽ കവിയും സാഹിത്യകാരനും ഗവേഷകനും ഒക്കെയായി അറിയപ്പെടാൻ എന്താണ് കുറുക്കുവഴിയെന്നന്വേഷിക്കുന്നവരുടെ വൻ നിര പ്രവാസികളൂടെ ഇടയിൽ കൂടിവരികയാണ്. അവർ പ്രാഞ്ചിയെ കടന്ന് സ്വയം സ്പോൺസർ ചെയ്യുന്ന അവാർഡുകളും മെമന്റോകളും ആദരിക്കലുകളുമായി നമുക്ക് ചുറ്റും ആനന്ദനൃത്തം ചെയ്യുന്നു. ആൽബങ്ങൾ മുതൽ മെഗാ സീരിയൽ വരെ എന്തിനും തയ്യാറായി ദൃശ്യകലാരൂപങ്ങളിലും ഇവരുണ്ട്. കുളത്തിലേയ്ക്ക് ചാടുന്ന രംഗം ചിത്രീകരിക്കാൻ ക്യാമറ എവിടെ വയ്ക്കണം എന്ന ചോദ്യത്തിന് ക്യാമറകൂടി വെള്ളത്തിൽ ചാടട്ടേയെന്ന് പറയുന്ന ശ്രീനിവാസൻ ഫലിതമാണ് നമുക്ക് ഓർമ്മവരുന്നത്. ഒന്ന് തീർച്ചയാണ് മനുഷ്യനുള്ളടത്തോളം കാലം പ്രവാസമവസാനിക്കുന്നില്ല, അവിടെല്ലാം മലയാളിയും. അതിനാൽ പുരാണത്തിലെ അശ്വത്ഥാമാവിനെ പോലെ പരശുരാമനെ പ്പോലെ പ്രാഞ്ചിയും ചിരംജ്ജീവിയായിരിക്കും. ഇതാണ് ഇന്ന് നമ്മുടെ ജീവിതപരിസരങ്ങൾ നമ്മോട് ഏറ്റവും ശക്തമായി ഓർമ്മപ്പെടുത്തുന്നത്.
3 comments:
ഒന്ന് തീർച്ചയാണ് മനുഷ്യനുള്ളടത്തോളം കാലം പ്രവാസമവസാനിക്കുന്നില്ല, അവിടെല്ലാം മലയാളിയും. അതിനാൽ പുരാണത്തിലെ അശ്വത്ഥാമാവിനെ പോലെ പരശുരാമനെ പ്പോലെ പ്രാഞ്ചിയും ചിരംജ്ജീവിയായിരിക്കും. ഇതാണ് ഇന്ന് നമ്മുടെ ജീവിതപരിസരങ്ങൾ നമ്മോട് ഏറ്റവും ശക്തമായി ഓർമ്മപ്പെടുത്തുന്നത്.
ithuvere padam kandilla;kaananam.
നല്ല പോസ്റ്റ് ....എന്തെല്ലാം തമാശകള്‍ ആണ് അവന്മാര്‍ ഒപ്പിക്കുന്നത് ...ഇതെല്ലവര്‍ക്കും മനസ്സിലാവും എന്നുള്ളത് എന്ത് കൊണ്ട് അവര്‍ ആലോചിക്കുന്നില്ല ...പാവങ്ങള്‍ ...
Post a Comment