നാട്ടില്‍ പൊരിഞ്ഞ മഴയാണത്രെ, എത്ര വിളിച്ചിട്ടും ഉമ്മയെ ലൈനില്‍ കിട്ടിയില്ല. പിന്നെ കിട്ടിയപ്പോള്‍ പറഞ്ഞു മഴയും ഇടിയും കാരണം ഫോണെല്ലാം ഡിസ്കണക്റ്റ് ചെയ്തിരിക്കുകയാണെന്ന്. ഇവിടെ ചൂട് പോയതും ഇല്ല തണുപ്പ് വന്നതും ഇല്ല എന്ന അവസ്ഥയില്‍ ഇരിക്കുമ്പോള്‍ നാട്ടില്‍ എന്നും എന്നെ കൊതിപ്പിക്കുന്ന മഴ വിശേഷങ്ങള്‍. എനിക്കെങ്ങിനെ ഇരിക്കപൊറുതി കിട്ടും?. കണ്ടിട്ടും കൊണ്ടിട്ടും മതിയാവാത്ത അനുഭവങ്ങളാണ് എനിക്ക് മഴക്കാലം. തോന്നുമ്പോള്‍ പെയ്യണം. പെയ്തു പെയ്തങ്ങിനെ മനസ്സിനും ശരീരത്തിനും കുളിര് നല്‍കണം.
ഓര്‍മ്മവെച്ചതുമുതല്‍ മഴയും എന്നോടൊപ്പമുണ്ട്. ഉമ്മ പറഞ്ഞത് ഒരു കര്‍ക്കിടകത്തില്‍ ആയിരുന്നു എന്റെ ജനനവും എന്നാണ്. ഇനി അതാവുമോ ഈ പ്രണയത്തിന് പിന്നില്‍?
സ്കൂളില്‍ നിന്ന് മടങ്ങുമ്പോഴൊക്കെ നല്ല മഴ കാണും. കുടയുണ്ടെങ്കിലും ചൂടില്ല. മുതിര്‍ന്നവര്‍ വഴക്ക് പറഞ്ഞാലും കേള്‍ക്കില്ല. അനുസരണക്കേട് കൂടപ്പിറപ്പാണെന്ന് അവര്‍ കരുതിക്കാണും. കാരണം ഈ അസുഖം പതിവാണ്.
മിക്ക അവധിക്കാലവും മഴക്കാലത്തായിരിക്കും. അതിലൊരു സുഖമുണ്ട്. കുറെ നല്ല ഓര്‍മ്മകള്‍. ബാല്യത്തിലേതും കൌമാരത്തിലേതും. തറവാടിന്റെ കോലായിയിലിരുന്നു നല്ല മഴയും കണ്ട് ഒരു സുലൈമായിയും വല്ലപ്പോഴും ഒരു പുകയും വിട്ട് ആ ഓര്‍മ്മകളൊക്കെ തിരിച്ചു വിളിക്കുമ്പോള്‍ കിട്ടുന്ന ഒരു സന്തോഷമുണ്ട്. അതിവിടെ പകര്‍ത്താന്‍ എന്റെ ഭാഷ മതിയാവില്ല.
കളിക്കിടയില്‍ മഴപെയ്താലും ഞങ്ങള്‍ പിന്മാറില്ല. മഴ അവിടെ പെയ്യട്ടെ, കളി ഇവിടെ നടക്കണം. അതാണ് ഞങ്ങളുടെ നിയമം. കളി കഴിഞ്ഞു ചളി പിടിച്ച വസ്ത്രങ്ങളൊക്കെയായി വീട്ടിലെത്തുമ്പോള്‍ നല്ല കോളായിരിക്കും. അതുകൊണ്ട് ആദ്യം പോകുക തറവാട്ടിലേക്കാണ്. അവിടെ സ്റ്റെപ്പിനി ആയി വെച്ചിട്ടുള്ള ഡ്രസ്സിട്ട്
പോയതിനെക്കാലും ഡീസന്റ് ആയാണ് വീട്ടില്‍ കയറുക. വല്ല്യുമ്മച്ചി ഈ കുസൃതിക്കൊക്കെ കൂട്ട് നില്ക്കും. വാത്സല്യത്തില്‍ തല തോര്‍ത്തി തരികയും ചെയ്യും.
പണ്ട് ഈ തറവാടിന്റെ മുറ്റത്തിരിക്കുന്നത് മഴ കാണാനും മുറ്റത്ത് തന്നെയുള്ള വലിയ കോമാവില്‍ നിന്നും പഴുത്ത മാങ്ങ വീഴുന്നതും നോക്കിയാണ്. വയറ് കേടാവുന്നത് വരെ തിന്നും. പിന്നെ വയറ് കേടായാലും തിന്നും. ഇന്ന് തറവാടിന്റെ മുറ്റത്ത് ആ മാവില്ല. പക്ഷെ ഓര്‍മ്മകള്‍ക്ക് ആ മാമ്പഴത്തിന്റെ രുചി ഇപ്പോഴുമുണ്ട്. വല്യുമ്മച്ചിക്കും
ഉണ്ടായിരുന്നു മാങ്ങകൊതി. പല്ല് കുറഞ്ഞ മോണയും കാട്ടി മാമ്പഴം തിന്നുന്നത് ഇപ്പോഴും ചിരി നല്കുന്നു. ഉപ്പ പുതിയ വീടെടുത്ത് മാറി താമസിച്ചിട്ടും ഞാന്‍ വല്യുമ്മച്ചിക്കൊപ്പം തന്നെ നിന്നു. അത്രയ്ക്കൊരു ആത്മബന്ധം ഉമ്മച്ചിയുമായി എനിക്കുണ്ടായിരുന്നു. ഗള്‍ഫിലേക്ക് പോരുന്നതിന്റെ തലേന്ന് ഉറങ്ങാതെ കിടന്ന എന്നെ കെട്ടിപിടിച്ച് ഉമ്മച്ചി പൊഴിച്ച കണ്ണീരിന്റെയും ചുംബനത്തിന്റെയും ഓര്‍മ്മകള്‍ ഇന്നും എന്റെ കണ്ണുകളെ ആര്‍ദ്രമാക്കാറുണ്ട്. പിന്നൊരു അവധിക്കാലം കൂടി മാത്രമേ ഉമ്മച്ചിയെ കാണാന്‍ പറ്റിയുള്ളൂ. സ്വര്‍ഗത്തില്‍ മഴ പെയ്യുമ്പോള്‍ ഉമ്മച്ചി എന്നെ ഓര്‍ക്കുന്നുണ്ടാവണം.
മഴയോര്‍മ്മകള്‍ ഇനിയും ബാക്കി. നല്ല മഴക്കാലത്ത് ഇരുവഴിഞ്ഞി പുഴ കര കവിഞ്ഞൊഴുകും. ചെറുവാടിയിലെ റോഡും പാടങ്ങളുമെല്ലാം വെള്ളത്തിനടിയിലാകും. വാഴകൊണ്ട് കൊച്ചു ചങ്ങാടങ്ങള്‍ ഉണ്ടാക്കി വെള്ളം കയറിയ റോഡിലെല്ലാം കളിക്കുന്നത് ഞങ്ങള്‍ കുട്ടികളുടെ ഇഷ്ട വിനോദമായിരുന്നു. വെള്ളമിറങ്ങിയാല്‍ മീനുകള്‍ നിറയുന്ന പാടത്തും തോട്ടിലും മീന്‍പിടുത്തം. ഇന്നിപ്പോള്‍ സാമ്പിളിന് ഒരു മഴകണ്ടിട്ട് തന്നെ നാളെത്രയായി.
കഴിഞ്ഞ തവണ അവധി കഴിഞ്ഞ് മടങ്ങിയത് ഒരു മഴക്കാലത്ത്. കേരള മണ്‍സൂണിനെ പറ്റി ഒരു സ്പെഷ്യല്‍ എഡിഷനായിരുന്നു അന്ന് ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഫ്ലൈറ്റ് മാഗസിന് . നല്ല ചിത്രങ്ങളൊക്കെയായി നല്ലൊരു സമ്മാനം. പ്രവാസികളെ വട്ടം കറക്കുന്ന ഇന്ത്യന്‍ വിമാന കമ്പനികളുടെ വകയായി എനിക്ക് ഓര്‍മ്മിക്കാന്‍ ഇത് മാത്രമേ ഉള്ളൂ. ഇറങ്ങുമ്പോള്‍ ഞാനിത് കൂടെയെടുത്തു. കുറ നല്ല എഴുത്തുക്കാരുടെ മഴ അനുഭവങ്ങള്‍. പക്ഷെ എനിക്കിഷ്ടപ്പെട്ടത് ശ്രീമതി അനിത നായരുടെ ഒരു ലേഖനമാണ്. "each raindrops is a poem " എന്ന് തുടങ്ങി ഒരു ക്വാട്ട് ഉണ്ടായിരുന്നു അതില്‍. ബുക്ക് നഷ്ടപ്പെട്ടത് കാരണം ഓര്‍ക്കുന്നില്ല. മഴയെ കുറിച്ച് ഇങ്ങിനൊരു കുറിപ്പ് എഴുതണമെന്ന് തോന്നിയപ്പോള്‍ ആദ്യം മനസ്സില്‍ വന്നതും ആ വരികളാണ്. അത് കിട്ടാനായി ശ്രീമതി അനിത നായരുടെ ഈമെയില്‍ ഐഡി ഇല്ലാത്തതു കാരണം അവരുടെ വെബ് സൈറ്റില്‍ കയറി ഒരു കമ്മന്റ്റ് ഇട്ടു. ആ ക്വാട്ട് ഓര്‍മ്മയുണ്ടെങ്കില്‍ അയച്ചുതരണം എന്ന് പറഞ്ഞ്. മറുപടി കിട്ടിയില്ല. അവരത് കണ്ടുവോ എന്തോ?. ഇല്ലെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.
സന്തോഷവും ദുഃഖവും മഴയുമായി ബന്ധപ്പെട്ടുണ്ട്. എന്റെ വിവാഹത്തിന്റെ പകല്‍ മാറി നിന്ന മഴ രാത്രിയില്‍ തകര്‍ത്തു പെയ്തു. ഇന്നോര്‍ക്കുമ്പോള്‍ ആ സന്തോഷത്തിന്റെ ഓര്‍മ്മകളില്‍ മഴയുടെ പാശ്ചാത്തല സംഗീതമുണ്ട്.
പിന്നൊരിക്കല്‍ അസുഖമായി കിടക്കുന്ന ഉപ്പയെകാണാന്‍ അടിയന്തിരമായി നാട്ടിലെത്തിയപ്പോള്‍ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് മുതല്‍ അമൃത ഹോസ്പിറ്റല്‍ വരെ തകര്‍ത്തു പെയ്യുന്ന മഴയായിരുന്നു. മഴ തോര്‍ന്ന് കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടി ശോക ചവയുള്ള ആ അന്തരീക്ഷത്തിലൂടെ നടന്ന് ഉപ്പകിടക്കുന്ന ഓണ്‍കോളജി വാര്‍ഡിലെത്തി ഉപ്പയെ കണ്ടപ്പോള്‍, എന്റെ കൈകള്‍ പിടിച്ചു ആശ്വാസ വാക്കുകള്‍ പറയുമ്പോള്‍ എന്റ കണ്ണീരിനൊപ്പം പുറത്ത് വീണ്ടും മഴയും പെയ്തുതുടങ്ങി. എന്നെ ആശ്വസിപ്പിക്കാനെന്നോണം. അന്നുമുതല്‍ ഞാന്‍ മഴയെ കൂടുതല്‍ സ്നേഹിച്ചു തുടങ്ങി.
ഇന്നെന്തായാലും ഒരു മഴ പെയ്യാതിരിക്കില്ല. സ്വപ്നത്തിലെങ്കിലും.
ആശ്രമത്തിലെ ദിനങ്ങള്‍ . ഭാഗം-1
-
*(ജീവിതത്തിലെ മറക്കാനാകാത്ത ഒരു ഏടായിരുന്നു ആശ്രമത്തില്‍ കഴിച്ച ചുരുക്കം
നാളുകള്‍. ബ്ലോഗ് എഴുത്ത് ആരംഭിച്ച നാളില്‍ കുറിച്ച ആ കുറിപ്പുകള്‍,പിന്നെ
ഡിലീറ്റു ച...
4 months ago
7 comments:
മഴ നനഞ്ഞ ഓര്‍മ്മകള്‍.
കഴിഞ്ഞ ദിവസം ബഹറനില്‍ നല്ല മഴ ആയിരുന്നു എന്ന് കേട്ടല്ലോ :)
ഇവിടെ സൌദിയില്‍ ഇന്ന് ചെറുതായി ചാറി
ചെറുവാടി ..കൊള്ളാം .ഇവിടെയും ഉണ്ടോ ???..
രഞ്ജിത്ത്.
നല്ല ഒരു മഴ പെയ്തു ഇവിടെ ബഹ്റൈനില്‍. നന്നായി ആസ്വദിക്കുകയും ചെയ്തു.
ഫൈസു,
ഇത് നമ്മുടെ നാടല്ലെ. ബഹ്റൈന്‍കാരുടെ പൊതുബ്ലോഗും. ഇവിടെ വിരുന്നു വന്നതിനു നന്ദി
അതെ ബഹ്റൈനിലെ മഴ ഞാനും ഞാന്‍ തീറ്റ കൊടുക്കാറുള്ള ഇണ പ്രാവുകളും റൂമിന്റെ മുന്നിലെ മരവും നന്നായി ആസ്വദിച്ചു.
നൊസ്റ്റാൾജിയ.ഇഷ്ടപ്പെട്ടു ചെറുവാടി.
അതെ ബഹ്റൈനിലെ മഴ ഞാനും .... നന്നായി ആസ്വദിച്ചു. naattil ninneyyyyyyyyyyyy bu haha ha
Post a Comment