Custom Search

Tuesday, April 19, 2011

ഈ പുഴയും ഇവിടത്തെ കാറ്റും



എന്തൊരു സൗന്ദര്യമാണ് ഈ സായാഹ്നത്തിന്. വിടപറയാനൊരുങ്ങുന്ന സൂര്യന്റെ പൊന്‍കിരണങ്ങള്‍ പതിക്കുന്ന ചാലിയാര്‍ മുഖം ചുവന്നു തുടുത്ത് സുന്ദരിയായിരിക്കുന്നു. ചെരുപ്പ് കരയില്‍ അഴിച്ചു വെച്ച് ഞാന്‍ പുഴയിലേക്കിറങ്ങി. നിശ്ചലമായിരുന്ന പുഴയിലെ ഓളങ്ങള്‍ കരക്കൊരു ചെറിയ മുത്തം കൊടുത്തു. നാണം വന്ന പരല്‍ മീനുകള്‍ ഓടിയൊളിച്ചു. നല്ല തെളിഞ്ഞ വെള്ളം. അടിത്തട്ട് കാണുന്നുണ്ട്. ഞാന്‍ മുട്ടറ്റം വെള്ളത്തിലേക്ക്‌ ഇറങ്ങി നിന്നു.എന്തൊരു അവാച്യമായ അനുഭൂതിയാണിപ്പോള്‍ ‍. ഒരു സുന്ദരമായ പ്രണയ കവിത വായിക്കുന്ന സുഖം. അസ്തമിക്കാന്‍ ഒരുങ്ങുന്ന സൂര്യനും ശാന്തമായി മയങ്ങുന്ന ചാലിയാറും ഇരു കരകളിലെ സുന്ദരമായ പച്ചപ്പും നല്‍കുന്നൊരു സ്വപ്ന ലോകം. എനിക്ക് തിരിച്ചു കയറാന്‍ തോന്നിയില്ല.



ചാലിയാറിനെ പറ്റി എത്ര തവണ പറഞ്ഞിരിക്കുന്നു ഞാന്‍ . പക്ഷെ ഓരോ തവണ
ഇവള്‍ക്കരികിലെത്തുമ്പോഴും ഓരോ കഥ പറഞ്ഞു തരും. പക്ഷെ മഴക്കാലത്ത് ഞങ്ങള്‍ പിണങ്ങും. ഇത്തിരി രൗദ്രമാകുന്ന ചാലിയാറിനെ പേടിയാണെനിക്ക്. അപ്പോഴെന്റെ പ്രണയം മഴയോട് മാത്രമാകും. ഇടക്കാലത്തേക്ക് കാമുകിയെ മാറുന്നത് കൊണ്ടാണോ എന്തോ വര്‍ഷക്കാലം കഥയൊന്നും പറഞ്ഞുതരില്ല. പക്ഷെ അവള്‍ക്കറിയാം വര്‍ഷം കഴിഞ്ഞാല്‍ ആ കാമുകിയേയും തള്ളിപറഞ്ഞ്‌ ഞാന്‍ തിരിച്ചെത്തുമെന്ന്. പരിഭവമില്ലാതെ എന്നെ സ്വീകരിക്കുകയും ചെയ്യും.

നല്ല ഇളം ചൂടുള്ള വെള്ളം. ഇറങ്ങി നില്‍ക്കാന്‍ നല്ല രസമുണ്ട്. ഇതുപോലെ ടാറിട്ട റോഡിലൂടെ ചെരിപ്പില്ലാതെ നടന്ന് നോക്കിയിട്ടുണ്ടോ നിങ്ങള്‍. ഒരു ഇളം ചൂട് കാലില്‍ തട്ടും. നല്ല രസമാണ് അതും. ഇത്തരം ചെറിയ വട്ടുകളല്ലേ നമ്മെ വിത്യസ്തമാക്കുന്നത് . ഞാനത് ആസ്വദിക്കുന്നു.

പുഴക്കരയില്‍ ഒരു പള്ളിയുണ്ട്. വഴിയാത്രകാര്‍ക്ക് നിസ്കരിക്കാനായി ഏതോ നല്ല മനുഷ്യര്‍ ഒരുക്കിയത്. പുഴയില്‍ നിന്നു കാലൊക്കെ കൊടുത്തു മരങ്ങള്‍ കൊണ്ട് നിര്‍മ്മിച്ച ചെറിയൊരു പള്ളി. "സ്രാമ്പ്യ" എന്ന് പഴമക്കാര്‍ വിളിച്ചിരുന്നു. ഒരുകാലത്ത് വളരെ സജീവമായിരുന്നു ഇത്തരം പള്ളികള്‍. ദൂരയാത്ര പോകുന്നവര്‍ക്കും തോണി യാത്രകാര്‍ക്കും വിശ്രമിക്കാന്‍ ഒരു ഇടത്താവളം കൂടിയായിരുന്നു ഇത്. പുഴയില്‍ നിന്നു അംഗ ശുദ്ധി വരുത്തി ഞങ്ങള്‍ മഗ്രിബ് നിസ്കരിക്കാന്‍ കയറി. പതിയെ ഒഴുകുന്ന നദിയും മനസ്സിനെ കുളിരണിയിച്ച് പതുക്കെ വീശുന്ന കാറ്റും ഒപ്പം ഒരു നാട്ടുകാരന്റെ സുന്ദരമായ ഖുര്‍ ആന്‍ പാരായണവും പ്രസന്നമാക്കിയ ഈ അന്തരീക്ഷത്തില്‍ അനുഭവിക്കുന്ന ഒരു ആത്മീയ നിര്‍വൃതി അനിര്‍വചനീയം. മണന്തല കടവില്‍ ഇപ്പോഴും ഉണ്ടോ ആവോ ആ പള്ളി. ഒരു കാലഘട്ടത്തിന്റെ ഓര്‍മ്മയുടെ ബാക്കി പത്രമായിരുന്നു അത്. ഓര്‍മ്മകളില്‍ ഒരു നന്മയുടെ വീണ്ടെടുപ്പിന് പരിക്കുകളൊന്നും പറ്റാതെ അതവിടെ കാണണേ എന്ന് ആശിച്ചുപോകുന്നു.



മഗരിബ് നിസ്കാരം കഴിഞ്ഞ്‌ ഞങ്ങള്‍ വീണ്ടും പുഴവക്കിലേക്കിറങ്ങി. പതിയെ ഇരുട്ടായി വരുന്നു. ബോട്ട് ജെട്ടിയുടെ കരിങ്കല്‍ പടവില്‍ ഞങ്ങള്‍ വെടിവട്ടത്തിനിരുന്നു.കക്കയിറച്ചിയുമായി ഒരു തോണിക്കാരന്‍ വന്നു. ഇനി ഇത് പാകം ചെയ്യാന്‍ ഉമ്മച്ചിക്ക് പണിയായി. സന്തോഷത്തോടെ തോണിക്കാരന്‍ തുഴഞ്ഞു നീങ്ങി. വലയും ചൂണ്ടയുമായി ഒരുപ്പയും മകനും പുഴയിലേക്ക് ഇറങ്ങുന്നു. നാളത്തെ അന്നം തേടിയൊന്നും അല്ലെന്നു തോന്നുന്നു. പുഴയുടെ മാറിലൂടെ അല്പം നേരമ്പോക്കാവാം അവര്‍ക്ക്. പെട്രോള്‍ മാക്സ് നേരെ പിടിക്കെടാ എന്ന് പറഞ്ഞു അയാള്‍ മകനെ വഴക്ക് പറഞ്ഞു. അവനൊരു ചമ്മലോടെ ഞങ്ങളെ നോക്കി. സാരല്ല്യ എന്ന മട്ടില്‍ ഞങ്ങളും ചിരിച്ചത് അവനെ സന്തോഷിപ്പിച്ചു കാണും.

ഒരു കാറ്റ് ഞങ്ങളെ തഴുകി കടന്നു പോയി. എന്തേ ഈ കാറ്റിനൊരു ശോക ഭാവം. തിരിഞ്ഞു നോക്കിയാല്‍ കുന്നിന്റെ മുകളില്‍ നിന്നും മങ്ങിയ വെളിച്ചം കാണാം. എളമരം യതീം ഖാനയാണ്. ആ കുട്ടികളെ, അവരുടെ നൊമ്പരങ്ങളെ തഴുകിയാവണം ഈ കാറ്റും വന്നിട്ടുണ്ടാവുക. അല്ലെങ്കില്‍ ‌ പതിവില്ലാതെ ഇവിടത്തെ കാറ്റുകള്‍ സങ്കടം പറയാറില്ല. പാരമ്പര്യവും പ്രശസ്തിയും ഒത്തിരിയുള്ള സ്ഥാപനമാണിത്. ചാലിയാറിന്റെ മേലെ കുന്നിനു മുകളില്‍ ഈ അനാഥാലയം ഒരുപാട് കുട്ടികളുടെ കണ്ണീരൊപ്പുന്നു. ഈ പുഴക്കരയിലിരുന്ന് അവിടെ നിന്നുമുള്ള മങ്ങിയ വെളിച്ചവും കണ്ട്‌ പിന്നെ അന്തരീക്ഷത്തിന് പെട്ടൊന്നൊരു ശോകച്ഛായ പകര്‍ന്നപോലെ ഈ സങ്കടക്കാറ്റും കൊണ്ട് കൂടുതലിരിക്കാന്‍ എന്തോ വിഷമം തോന്നുന്നു. പുഴയിലും തോണിക്കാരുടെ ആരവം ഒഴിഞ്ഞിട്ടുണ്ട്. ഞങ്ങള്‍ കുറച്ചൂടെ വിശാലമായ തീരത്തേക്ക് മാറിയിരുന്നു. പൂഴിമണലില്‍ മലര്‍ന്നു കിടക്കുന്ന ഞങ്ങള്‍ക്ക് കൂട്ടായി നല്ല പാല്‍നിലാവും കുറെ നക്ഷത്രങ്ങളും. തീരത്തെ ഒരു കുടിലില്‍ നിന്നും പഴയൊരു മാപ്പിള പാട്ടിന്റെ ഈരടികള്‍ ഒഴുകിവരുന്നു. അതില്‍ ലയിച്ച്‌ ഞങ്ങളും.

Pls visit my Blog CENTRE COURT

2 comments:

ചെമ്മരന്‍ said...

ഇത് ചെറുവാടിയുടെ ബ്ലോഗില്‍ നിന്നും വായിച്ചിരുന്നു.

നല്ല ലേഖനം!

www.chemmaran.blogspot.com

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ഒരു നദിക്കരയുടെ കുളിരും മനോഹാരിതയും പകർന്നു തന്നു ഈ വിവരണം.