Custom Search

Thursday, October 27, 2011

സൈബര്‍ കൂട്ടായ്മ - ഓണ്‍ലൈന്‍ എഴുത്തുകാരുടെ സംഗമം

ബഹറിന്‍ കേരളീയ സമാജം സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ സൈബര്‍ കൂട്ടായ്മ - ഓണ്‍ലൈന്‍ എഴുത്തുകാരുടെ സംഗമം സംഘടിപ്പിക്കുന്നു . ഒക്ടോബര്‍ 30 ഞായര്‍ രാത്രി 8 മണിക്ക് ബഹറിന്‍ കേരളീയ സമാജത്തില്‍ വെച്ചു നടക്കുന്ന പരിപാടിയില്‍ ഓണ്‍ലൈന്‍ എഴുത്തുകള്‍/ബ്ലോഗുകള്‍ പരിചയപ്പെടുത്തുന്നു. ഏവര്‍ക്കും സ്വാഗതം

കൂടുതല്‍ വിവരങ്ങള്‍ക്ക് സജി മാര്‍ക്കോസ്, മിനേഷ് എന്നിവരുമായി ബന്ധപ്പെടുക

മൊബൈല്‍: 39471633 /wall4bks@gmail.com

Saturday, August 13, 2011

രാഖി വര്‍ഗ്ഗീയ വല്ക്കരിക്കപ്പെടുമ്പോള്‍......


**********************************************
രാഖി ഒരു ആശയ വിനിമയമാണ്‌..ഭാഷയുടെ മറ്റൊരു  രൂപം.കൈകൊട്ടലും ,ചൂളമടിയും  കണ്‍ മുനയേറ് മൊന്നും. ഒരു അടയാള ഭാഷയായി അന്ഗീകരിക്കപ്പെട്ടിട്ടില്ല. അതുകൊണ്ട് അത്തരക്കാരില്‍ നിന്ന് രക്ഷ നേടാന്‍ വേണ്ടിയാകണം.ഇന്നത്തെ യുവത രാഖി കെട്ടുന്നത്. എന്ന് നമുക്ക് കൌതുക പൂര്‍വ്വം പറയാം.അല്ലെങ്കില്‍ ഭാഷാപരമായി വിലയിരുത്താം .ഇവിടെ നാം വളരെ ശ്രദ്ധിക്കേണ്ടത്  രാഖി ഒരു  അടയാളമാണ് എന്ന വസ്തുതയാണ്.അടയാള ങ്ങളിലൂടെ ആശയ വിനിമയം നടത്തുക എന്ന രീതി. ചുവന്ന കൊടി കാണുമ്പോള്‍ അപകടമാണെന്നും നാം മനസ്സിലാക്കുന്നത് പോലെ.ഒരു പച്ചക്കൊടി കാണുമ്പോള്‍ ഡ്രൈവര്‍ നിര്‍ത്താതെ ട്രെയിന്‍ ഓടിക്കുന്നത് ഇതിന്റെ മറ്റൊരു രൂപമാണ്.

രാഖിയുടെ ഐതിഹ്യം ഇങ്ങനെയാണ്. ഒരിക്കൽ ദേവന്മാരും അസുരന്മാരും തമ്മിൽ യുദ്ധം നടന്നു.ദേവന്മാർ പരാജയപ്പെടാൻ തുടങ്ങിയപ്പോൾ ഇന്ദ്രന്റെ പത്നിയായ ‘ശചി’ ഇന്ദ്രന്റെ കയ്യിൽ രക്ഷയ്ക്കായി,രാഖി കെട്ടികൊടുക്കുകയും,ഈ രക്ഷാസൂത്രത്തിന്റെ ബലത്തിൽ, ഇന്ദ്രൻ ശത്രുക്കളെ പരാജയപ്പെടുത്താൻ ശക്തി നേടി.വിജയവുമായി തിരിച്ച് വന്ന ആ ദിവസം മുതൽ ‘രക്ഷാബന്ധൻ‘ എന്ന ഉത്സവം ആരംഭമായി...ഇവിടെ ഭാര്യ ഭര്‍ത്താവിന്റെ കയ്യില്‍ കെട്ടി കൊടുത്തത് ആണ് രാഖി .എന്നത് വളരെ ശ്രദ്ധിക്കുക.

 
സിക്കന്ദറും പുരുവും തമ്മിലുള്ള ചരിത്രപ്രധാനമായ യുദ്ധം ആരംഭിക്കുന്നതിന് മുമ്പ്, സിക്കന്ദറുടെ കാമുകി,പുരുവിനെ സമീപിക്കുകയും,കൈകളിൽ രാഖി കെട്ടിച്ച് സഹോദരനാക്കുകയും ചെയ്ത്,യുദ്ധത്തിൽ സിക്കന്ദറെ വധിക്കുകയില്ല എന്നു ഒരു സത്യവചനവും വാങ്ങി.പുരു,കൊടുത്ത വാക്ക് പാലിക്കുകയും ചെയ്തു.രക്ഷാബന്ധന്റെ മഹത്ത്വം കാണിക്കുന്ന സംഭവമായാണ്  ഇത് ഇന്നും കണക്കാക്കുന്നത്.ഇവിടെ കാമുകനെ രക്ഷിക്കാന്‍ കാമുകിയാണ് ചെയ്യുന്നത്.

മുകളില്‍ സൂചിപ്പിച്ച ഈ രണ്ടു അവസരങ്ങളും   യുദ്ധവുമായി ബന്ധപ്പെട്ടതാണ്.

ഇതിനിടയില്‍ ഇത് എവിടെ വെച്ചാണ് സഹോദരി സഹോദര ബന്ധം എന്ന നിലയിലേക്ക് രാഖി മാറ്റി മറിക്കപ്പെടുന്നത്.
കുത്താന്‍ ഓങ്ങി യവനോട്  
അരുതെന്ന പറയുന്ന കയ്യില്‍ ഒരു രാഖി കാണുമ്പോള്‍ അത് ഒരു ഹിന്ദു വാണ്‌ എന്ന് തിരിച്ചറിയുന്നു.അങ്ങിനെ അത് ഒരു അടയാള വാക്കാകുന്നു.അയാള്‍ ശൂലം  താഴ്ത്തി തിരിച്ചു അടുത്ത ആളിലേക്ക് നീങ്ങുന്നു.തൊപ്പി അണിഞ്ഞവന്‍ വാളു വീശുമ്പോള്‍ കയ്യില്‍ രാഖിയില്ലെങ്കില്‍ സ്വ മതസ്ഥന്‍ എന്ന് കണക്കാക്കുകയും രാഖി കെട്ടിയവനെ തിരഞ്ഞു പോകുന്നു.ഈ  വിധം ഒരു പൊതു വര്‍ഗീയമായ അടയാളമായി രാഖി മാറി കൊണ്ടിരിക്കുന്നത് വളരെ നിസ്സാരമായ ഒരു കാര്യമാണ് എന്ന് തോനുന്നില്ല.ശ്രീമതി.ഇന്ദിരാ ഗാന്ധിയുടെ മരണാനന്തരം ഡല്‍ഹിയില്‍ സിഖുകാര്‍ കൂട്ടക്കൊല ചെയ്യപ്പെടാന്‍ ഇടയായത് അവരെ മത ചിഹ്നങ്ങളിലൂടെ തിരിച്ചറിയാന്‍ കഴിയുമായിരുന്നു എന്ന ഒറ്റ കാരണം കൊണ്ടാണ്.ബോംബെ കലാപങ്ങളില്‍ ആയുധങ്ങളേക്കാള്‍ ഏറെ ഉപയോഗിച്ചിരുന്നത് അടയാള ചിഹ്ന്നങ്ങളും അടയാള വാക്കുകളുമായിരുന്നു.ആചാരങ്ങളും ആഘോഷങ്ങളും ജന സമൂഹത്തിനു സന്തോഷം  പകരുമ്പോള്‍ തന്നെ   കലാപങ്ങളില്‍ പരസ്പരം ഉപയോഗിക്കാനുള്ള ഒരു തിരിച്ചറിയല്‍ അടയാള വാക്കായി, അല്ലെങ്കില്‍ മത ചിഹ്നങ്ങള്‍ മാത്രമായി   മതവര്‍ഗീയ മൌലിക വാദികള്‍ അത് ഉപയോഗിക്കാതെ തടയേണ്ടതാണ്  മുഖ്യമാണ് എന്ന് സ്വതന്ത്ര ദിനത്തിന്‍റെ തലേ നാളില്‍
ഓര്‍മ്മിപ്പിക്ക പെടെണ്ടത് ആണ്.വ്യാഴ വട്ടങ്ങള്‍ പലതു കഴിഞ്ഞിട്ടും,പുതു തലമുറകള്‍ വന്നിട്ടും  ഒരു വിഭജന ത്തിന്റെ ഉണങ്ങാത്ത മുറിവ് ഭാ രാതാംബയുടെ നെഞ്ചിലിന്നു മുണ്ട്.അതൊരു സത്യം തന്നെയാണ്. ആ ഒരു മുറിവ് ഇല്ലായിരുന്നെങ്കില്‍ ലോകത്തിനു തന്നെ  സമാധാനത്തിന്റെ ഒരു തിലക ക്കുറി യാകു മായിരുന്നു  എന്റെ അമ്മ.വന്ദേ മാതരം.

Tuesday, August 9, 2011

ഒരു ഒപ്പനപ്പാട്ടിന്‍റെ ഓര്‍മ്മയ്ക്ക്‌

പടിയിറങ്ങിപോയതില്‍ പിന്നെ കണ്ടില്ലല്ലോ എന്ന പരിഭവം പറയല്ലേ എന്‍റെ വിദ്യാലയമേ. അല്ലെങ്കിലും ഓര്‍മ്മകള്‍ക്കുണ്ടോ പടിയിറക്കം. ചെമ്മണ്ണിട്ട റോഡിലൂടെ നടന്ന് വലത്തോട്ടുള്ള ഇടവഴി തിരിഞ്ഞ് ഞാനിതാ എത്തിരിയിരിക്കുന്നു നിന്‍റെ തിരുമുറ്റത്ത്‌. ഇതെന്ത് മറിമായമാണ്. മീശ തടവി വല്ല്യ ആളായൊരു അഹങ്കാരത്തില്‍ ഇവിടെത്തിയ ഞാനെങ്ങിനെ ആ പഴയ സ്കൂള്‍ കുട്ടിയായി. ഏതോ കുട്ടികള്‍ കഴിച്ചിട്ട മാങ്ങയണ്ടി ഞാന്‍ തട്ടി തെറിപ്പിച്ചു. സ്കൂള്‍ മുറ്റത്തെ ആ പഴയ കാഞ്ഞിര മരത്തില്‍ തട്ടി അത് തിരിച്ചുവരുമ്പോള്‍ കുറെ പഴയ ഓര്‍മ്മകളും കൂടെ പോന്നു. ഒരു പഞ്ചാര മാങ്ങയുടെ രുചിയുള്ള ഓര്‍മ്മകള്‍. റഹീം മാഷിന്‍റെ മലയാളം ക്ലാസുകള്‍ നടക്കുമ്പോള്‍ പുറത്തു വീഴുന്ന പഴുത്ത മാങ്ങകള്‍ പെറുക്കി ആരും കാണാതെ എനിക്ക് തരും പ്യൂണ്‍ നാരായണേട്ടന്‍ . ഉപ്പ ഇതേ സ്കൂളിലെ മാഷായതില്‍ ഉള്ള ആനുകൂല്യമാണ്. ‌. ഒരിത്തിരി കുശുമ്പ് മറ്റു കുട്ട്യോള്‍ക്ക് എന്നോട് തോന്നാതിരുന്നില്ല.

ഇന്നും ഞാന്‍ ക്ലാസിലെത്താന്‍ അല്പം വൈകിയോ..? ഇടത്തോട്ടൊന്ന് പാളി നോക്കി. ഹെഡ് മാഷ്‌ കുട്ട്യാലി മാഷിനെ കാണാനില്ല. സമാധാനം. നേരം വൈകിയതിന് ഇന്നലെയും കണ്ണുരുട്ടിയതാണ് എന്നോട്. ഞാനോടി ഏഴ് ബിയിലെ ഒന്നാമത്തെ ബെഞ്ചില്‍ ഇരുന്നു. എന്നേ കണ്ടതും ആമി ഹോം വര്‍ക്ക് ചെയ്ത കണക്കു പുസ്തകം നീട്ടി. ഗംഗാധരന്‍ മാഷ്‌ വരുന്നതിന് മുമ്പായി അത് പകര്‍ത്തണം. അല്ലേല്‍ ബുക്ക്‌ കൊണ്ട് ചെകിടത്താണ് മാഷ്‌ പൊട്ടിക്കുക. ആറാം ക്ലാസ് മുതല്‍ മാഷിന്‍റെ അടിയില്‍ നിന്നും എന്നെ കാക്കുന്നത് ആമിയുടെ സഹായമാണ്.

പതുക്കെ ഞാനാ ഷെഡിലേക്ക് കയറി. ശൂന്യമായ ബെഞ്ചുകളൊന്നില്‍ നിന്നും ചുണ്ടില്‍ ഒരു കള്ളചിരിയും മുഖത്ത് ഒരു നാണവുമായി ആമിയുടെ കണക്ക് നോട്ട്ബുക്ക് എന്‍റെ നേരെ നീണ്ടു വരുന്നുണ്ടോ. എനിക്കങ്ങിനെ തോന്നി. ഹോം വര്‍ക്ക് ചെയ്തു ബുക്ക്‌ തിരിച്ചു നല്‍കുമ്പോള്‍ എന്നെക്കാള്‍ ആശ്വാസം അവള്‍ക്കായിരുന്നോ? എനിക്ക് അടി കിട്ടില്ലല്ലോ എന്ന ആശ്വാസം ആയിരുന്നില്ലേ അത്. നിന്‍റെ നിഷ്കളങ്കതക്ക് നന്ദി ഇപ്പോള്‍ പറഞ്ഞാല്‍ മതിയോ ആമീ. വൈകിയിട്ടില്ല. കാരണം ഞാനിപ്പോള്‍ ആ പഴയ ഏഴാം ക്ലാസുകാരനാണ്.

ഞാന്‍ സ്കൂളിന്‍റെ മൈതാനത്തിലേക്കിറങ്ങി. എത്ര തവണ വീണതാ ഇവിടെ. തൊലിപൊട്ടി ചോര വരുമ്പോള്‍ ശിവദാസന്‍ മാസ്റ്റര്‍ പഞ്ഞിയില്‍ ടിങ്ക്ചര്‍ മുക്കി മുറിവില്‍ വെക്കും. നീറിയിട്ട് സ്വര്‍ഗം കാണുമെങ്കിലും കരയാതിരിക്കുന്നത് മാഷ്‌ മരുന്ന് വെക്കുമ്പോള്‍ അതില്‍ ഒളിപ്പിക്കുന്ന വാത്സല്യത്തിന്‍റെ മധുരം കൊണ്ടാണ്. യൂത്ത് ഫെസ്റ്റിവലിന് മാഷിന്‍റെ വീട്ടില്‍ നിന്നും ഹാര്‍മോണിയം കൊണ്ടുവരും. മാഷിന്‍റെ വിരലുകള്‍ അതില്‍ തലോടുമ്പോള്‍ പൊഴിക്കുന്ന സംഗീതം പോലെ തന്നയായിരുന്നു മാഷിന്‍റെ ക്ലാസുകളും.
അറിയാതെ കേട്ടു പോകുന്ന ഏത് ഹാര്‍മോണിയം ശ്രുതികളും ഇപ്പോഴും എന്നെ കൊണ്ട് പോവാറുണ്ട് ആ പഴയ സ്കൂള്‍ കാലത്തിലേക്ക്. ഒപ്പം മാഷിനെ കുറിച്ചുള്ള ഓര്‍മ്മകളിലേക്കും . മിക്കപ്പോഴും മാഷിന്‍റെ ക്ലാസുകള്‍ സ്കൂളിനു പുറത്ത് ഏതേലും മരത്തിന്‍റെ ചുവട്ടിലാകും. ആ മരങ്ങളൊക്കെ മാറി അവിടെയെല്ലാം പുതിയ സ്കൂള്‍ കെട്ടിടങ്ങള്‍ വന്നു. പ്രകൃതിയോട് ചേര്‍ന്നുള്ള ഇത്തരം അനുഭവങ്ങളൊക്കെ പുതിയ കുട്ടികള്‍ക്ക് നഷ്ടപ്പെടുന്നു.

ഈ മൈതാനത്തില്‍ ആയിരുന്നു സ്കൂള്‍ അസംബ്ലി കൂടുക. ഏഴാം ക്ലാസില്‍ വെച്ച് സ്കൂള്‍ ലീഡറായി തിരഞ്ഞെടുത്തപ്പോള്‍ ഇത്തിരി അഹങ്കാരം തോന്നിയോ എനിക്ക് . ആദ്യത്തെ അസംബ്ലിയില്‍ തന്നെ "അസ്സംബ്ലി അറ്റന്‍ഷന്‍ " എന്ന് വലിയ ശബ്ദത്തില്‍ വിളിച്ചു കൂവി കുട്ടികളെ ഞെട്ടിക്കുകയും അധ്യാപകരെ ചിരിപ്പിക്കുകയും ചെയ്ത റെക്കോര്‍ഡ്‌ ആരേലും മാറ്റിയിട്ടുണ്ടാവുമോ ആവോ. "എന്നെ സ്കൂള്‍ ലീഡറായി തിരഞ്ഞെടുത്താല്‍ സ്കൂളിന്‍റെ ഭാവിക്ക് അത് ചെയ്യും ഇത് ചെയ്യും " എന്നൊക്കെ പ്രസംഗിപ്പിച്ചത് സുബ്രമണ്യന്‍ സാറായിരുന്നു. അത് കേട്ട് ചിരിച്ചു മറിയാന്‍ മുമ്പില്‍ തന്നെ സാറും ഉണ്ടായിരുന്നു. പക്ഷെ ഞാന്‍ വിട്ടുകൊടുത്തില്ല.

നോക്കിനില്‍ക്കെ മറ്റൊരു സ്കൂള്‍ ദിവസം കടന്നുവരുന്നു. ഇന്ന് കലോത്സവം അല്ലേ. ഞാനും ഉണ്ടല്ലോ പ്രസംഗ മത്സരത്തിന്. വരാന്‍ സാധ്യതയുള്ള വിഷയങ്ങളെ പറ്റി ഒരു ചെറുകുറിപ്പ് എഴുതിതന്നിട്ടുണ്ട് ഉപ്പ. ഇനി അതുവെച്ച്‌ ഒന്ന് വിശാലമാക്കണം പ്രസംഗം. ആ കുറിപ്പും തേടി ഞാന്‍ അറിയാതെ പോക്കറ്റില്‍ തപ്പിയോ? ഫസല്‍ സാറിന്‍റെ അനൌണ്‍സ്മെന്റ് വരുന്നു. പ്രസംഗ മത്സരം ഫസ്റ്റ് പ്രൈസ് ഗോസ് റ്റു... ആമി ഓടിവന്നു കയ്യില്‍ പിടിച്ചു. ഒപ്പന മത്സരത്തില്‍ അവള് മണവാട്ടി ആയ ടീമിനായിരുന്നു ഒന്നാം സ്ഥാനം. അവളുടെ ഉമ്മാന്‍റെ പട്ടുസാരിയുടുത്ത് മുഖത്തൊരു കള്ള നാണവുമായി അവള്‍ നന്നായി ശോഭിച്ചിരുന്നു. മുന്നിലൂടെ ഓടിപ്പോയ ഒരു കുട്ടിയുടെ പാദസരത്തിന്‍റെ കിലുക്കം എന്നെ തിരിച്ചു വിളിച്ചു.



മഴക്കാലമായി. സ്കൂളിലേക്കുള്ള റോഡൊക്കെ വെള്ളത്തിനടിയിലായി. ഇനി കുറച്ച് കാലം സ്കൂളിന് അവധിയാണ്. ഞങ്ങളുടെ പ്രാര്‍ത്ഥന പോലെ വെള്ളപൊക്കമിറങ്ങാന്‍ കുറെ കഴിയും. വെള്ളമിറങ്ങി കഴിഞ്ഞാല്‍ വീണ്ടും സ്കൂള്‍ തുറക്കും. നല്ല രസമാണ് രണ്ടു വശത്തും വെള്ളം നിറഞ്ഞ വയലുകള്‍ക്കിടയിലൂടെ പോവാന്‍ . പക്ഷെ റോഡിന്‌ നടുവിലൂടെ നടക്കണം . അല്ലെങ്കില്‍ മുതിര്‍ന്നവര്‍ വഴക്ക് പറയും. വെള്ളത്തില്‍ വീണു പോകുമോ എന്ന പേടിയാണ് അവര്‍ക്ക്.

അന്നും ഇന്നും ചെറുവാടിക്കാരുടെ സ്വന്തം ഹെഡ് മാഷ്‌ ആണ് കുട്ട്യാലി മാസ്റ്റര്‍. വാത്സല്യം കൊണ്ട് എങ്ങിനെ കുട്ടികളെ നേരെയാക്കാം എന്നതായിരുന്നു മാഷിന്‍റെ വിജയം.ആ മനോഹരമായ പുഞ്ചിരിയുമായി ഇന്നും ഞങ്ങളുടെ ഗ്രാമത്തില്‍ സാറുണ്ട്‌. തലമുറകളുടെ അക്ഷര സൗഭാഗ്യത്തിന് തിരികൊളുത്തിയ സുകൃതവുമായി. നാട്ടിലെത്തുമ്പോള്‍ ഞാനും ഓടിയെത്തും മാഷിനടുത്ത്. ആ ആലിംഗനത്തില്‍ അറിയുക ഒരച്ഛന്‍റെ വാത്സല്യമാണ്.

സ്കൂള്‍ വരാന്തയിലൂടെ ഞാന്‍ പുറത്തോട്ട് നടന്നു. വീതികൂടിയ നെറ്റിയിലെ വിയര്‍പ്പ് തുടച്ച് വേഗത്തില്‍ നടന്നു വരുന്നത് ഖാദര്‍ മാഷല്ലേ. പക്ഷെ മാഷ്‌ ഇന്നില്ല എന്നത് മറ്റൊരു തിരിച്ചറിവും. ഞാന്‍ പഠിച്ച മറ്റൊരു കലാലയത്തിനും ഇത്രത്തോളം മധുരമായ ഓര്‍മ്മകള്‍ നല്‍കാന്‍ പറ്റിയിട്ടില്ല. ഒരു കാലാലയത്തിനോടും ഇത്രക്കടുപ്പം എനിക്കും തോന്നിയിട്ടില്ല. അന്ന് കിട്ടിയ അടിയുടെ വേദന ഇന്നെനിക്ക് സുഖമുള്ള നോവുകളാണ്, കേട്ട വഴക്കുകള്‍ ഇന്നൊരു ഗാനം പോലെ മധുരമാണ് . കാരണം വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ തിരിച്ചറിയുന്നത് അതൊരു വിജയ മന്ത്രമായിട്ടാണ്. പാഠപുസ്തകങ്ങള്‍ക്കൊപ്പം പഠിച്ചിറങ്ങിയത് സ്നേഹത്തിന്‍റെ കൂടി പാഠങ്ങളാണ്.കുട്ടികള്‍ക്കൊപ്പം നിന്ന് അവരുടെ മനസ്സറിഞ്ഞ് ഇടപ്പെട്ട കുറെ അധ്യാപകരുണ്ടായിരുന്നു ഇവിടെ. ഇപ്പോഴും ഞങ്ങളുടെ മനസ്സില്‍ ജീവിക്കുന്നവര്‍. പലരും ഇന്നീ ലോകത്ത് ഇല്ലാതിരിക്കാം. പക്ഷെ ഈ വിദ്യാലയവും ഇതിന്‍റെ മതില്‍കെട്ടും പിന്നെ എഴുതിയും ചൊല്ലിയും പഠിച്ച അക്ഷരങ്ങളും നിലനില്‍ക്കുവോളം അവര്‍ക്കും മരണമില്ല. പ്രിയപ്പെട്ട ആ അധ്യാപകര്‍ക്കുള്ള ഗുരുദക്ഷിണ കൂടിയാണ് ഈ കുറിപ്പ്. അങ്ങിനെ കുറെ അനുഭവങ്ങള്‍. എല്ലാര്‍ക്കും കാണുമല്ലോ പഠിച്ച കലാലയങ്ങളെ ചുറ്റി പറ്റി മറക്കാന്‍ പറ്റാത്ത ഓര്‍മ്മകള്‍.

ദേ... പ്യൂണ്‍ നാരായണേട്ടന്‍ ലോങ്ങ്‌ ബെല്‍ അടിക്കുന്നു. ക്ലാസ് തുടങ്ങാന്‍ സമയമായി. വര്‍ഷങ്ങള്‍ പിറകിലേക്കോടി ഞാന്‍ വീണ്ടും ഏഴ് ബി യിലെ മുന്‍ ബെഞ്ചില്‍ ചെന്നിരുന്നു . നീണ്ട ഹാജര്‍ പുസ്തകവുമായി ഗംഗാധരന്‍ മാസ്റ്റര്‍ എത്തി.
അസീസ്‌ ടീ.പി
ഹാജര്‍ സര്‍
മായ. സി
ഓള് വന്നീല്ല സേര്‍
കെ. ടി. മന്‍സൂര്‍ അഹമ്മദ്
പ്രസന്റ് സര്‍ .
.....................

Tuesday, June 7, 2011

വിളക്ക് മരങ്ങള്‍



ട്രെയിന്‍ ഒരു മണിക്കൂര്‍ വൈകുമെന്ന അറിയിപ്പ് കേള്‍ക്കുന്നു. ഇന്ന് സ്റ്റേഷനില്‍ തിരക്ക് കുറവാണ് ‍. ഉച്ചവെയിലില്‍ തിളങ്ങുന്ന പാളങ്ങള്‍ .
മിനറല്‍ വാട്ടര്‍ വാങ്ങി പണം ഏല്‍പ്പിക്കുമ്പോള്‍ അബുക്കയുടെ മുഖത്ത് അവിശ്വസനീയത. ഓരോ യാത്രയിലും സിഗരറ്റും മാസികകളും വാങ്ങിയിരുന്നത് ഇവിടെനിന്നായിരുന്നു.
എത്ര പെട്ടെന്നാണ് ദിവസങ്ങള്‍ പോയത് . എന്തെല്ലാം മാറ്റങ്ങള്‍ ...!

മുന്‍പ് ബാംഗ്ലൂരിലേക്കുള്ള ഓരോ യാത്രയും ആഘോഷമായിരുന്നു . ചുറ്റിലും സുഹൃത്തുക്കളുടെ വലയം . അതിലെ അപകടം മനസ്സിലാക്കിയപ്പോഴേക്കും വൈകിപ്പോയിരുന്നില്ലേ ..

എവിടം മുതല്‍ക്കായിരുന്നു താളപ്പിഴകളുടെ തുടക്കം.....?.
ദാമുവേട്ടനില്‍ നിന്നോ ?. അതോ ഹമീദില്‍ നിന്നോ .....?

തലയിലെ കെട്ടഴിക്കുമ്പോള്‍ ഒരു ഇന്ദ്രജാലക്കാരന്‍റെ കയ്യടക്കത്തോടെ കഞ്ചാവ് ബീഡികള്‍ മാറ്റം ചെയ്തിരിക്കും പോര്‍ട്ടര്‍ ദാമുവേട്ടന്‍ .
വലിയൊരു കുടുംബത്തെ നോക്കാന്‍ പോര്‍ട്ടര്‍ ജോലിയില്‍ നിന്നും കിട്ടുന്നത് തികയാതെ വന്നപ്പോഴാണ് ദാമുവേട്ടന്‍ ഇതും തുടങ്ങിയത്. ഇതിലെ അപകടത്തെ കുറിച്ച് നല്ല ബോധ്യവും ഉണ്ടായിരുന്നു .
എന്നിട്ടും .....

ഇവിടെങ്ങും കാണാനില്ലല്ലോ ദാമുവേട്ടനെ. ആരോടെങ്കിലും ചോദിച്ചാലോ.....?
വേണ്ട.....
ജയിലിന്റെ ഇരുണ്ട അറകളില്‍ മക്കളെ ഓര്‍ത്ത് വിതുമ്പുന്ന ആ മുഖം എനിക്ക് സങ്കല്‍പ്പിക്കാന്‍ വയ്യ.

ഹമീദിനെ പരിചയപ്പെടുത്തിത്തന്നതും ദാമുവേട്ടന്‍ തന്നെയാണ് .സിറിഞ്ചിലൂടെ കത്തിപ്പടരുന്ന ലഹരിയുടെ പുതിയ ഒരു ലോകം, പുതിയ ബന്ധങ്ങള്‍........അങ്ങനെ പുതുമകള്‍ തേടി തുടങ്ങിയ ഒരു യാത്ര .
ബോധമണ്ഡലത്തില്‍ അപൂര്‍വ്വമായി കടന്നു വരുന്ന ഓര്‍മ്മകളിലൂടെ ഒരു തിരിച്ചു വരവ് ഞാന്‍ ആഗ്രഹിച്ചിരുന്നോ ?
നീന്തി കയറാന്‍ ഒരുങ്ങുമ്പോള്‍ കൂടുതല്‍ ആഴങ്ങളിലേക്ക് എടുത്തെറിയപ്പെട്ടു. വലിച്ചെറിയുന്ന സിറിഞ്ചുകള്‍ക്കൊപ്പം പറന്നുപോയത് കുറെ മൂല്യങ്ങളും , തകര്‍ന്നു പോയത് നൊന്തു പ്രസവിച്ച ഒരമ്മയുടെ സ്വപ്നങ്ങളും പ്രതീക്ഷകളും ആയിരുന്നു.
അധാര്‍മ്മികതയിലൂടെ ഒരു വഴി നടത്തം ........
പതുക്കെ പതുക്കെ ജീവിതം കൈവിടുകയായിരുന്നു.

തെറ്റുകളെ ശരികളാക്കിയുള്ള എന്‍റെ യാത്ര ഇന്നെവിടെയെത്തി?

ഇന്നീ ജീവിതം കടപ്പെട്ടിരിക്കുന്നത് രണ്ട് അമ്മമാരോടാണ്. ജീവിതത്തില്‍ വെളിച്ചമാകേണ്ട ഏക മകന്‍ ലഹരിയുടെ തീരങ്ങളില്‍ പറന്നു നടന്ന് ജീവിതത്തിന്റെ തന്നെ താളം പിഴച്ചപ്പോള്‍ തളര്‍ന്നില്ലല്ലോ എന്‍റെ അമ്മ . സമൂഹവും കുടുംബവും ഒറ്റപ്പെടുത്തിയിട്ടും കാലിടറി പോയതും ഇല്ല. അച്ഛന്‍ മരിച്ചതില്‍ പിന്നെ പ്രതീക്ഷകളത്രയും എന്നിലായിരുന്നു. മകനൊരു എഞ്ചിനീയര്‍ ആയി തീരുമെന്ന് എത്ര സ്വപ്നം കണ്ടിരിക്കും ആ മനസ്സ്.
പക്ഷെ....

ഒരിക്കല്‍ ഹമീദിനെ കാണാതെ പതിവ് ഡോസ് വൈകിയതില്‍ പിന്നെയാണ് കഥയും മാറിയത്. സമനില തെറ്റിയപ്പോള്‍ കാണിച്ചു കൂട്ടിയ അവിവേകങ്ങള്‍ ആണല്ലോ അവസാനം ആ ചികിത്സാ കേന്ദ്രത്തില്‍ എത്തിച്ചതും. അമ്മാവന്മാരുടെ പരിഹാസത്തിന് മുന്നില്‍ നിസ്സഹായതയോടെ കണ്ണ് തുടക്കുന്ന അമ്മയുടെ മുഖം ഇപ്പോഴും എന്‍റെ ഓര്‍മ്മകളില്‍ മായാതെയുണ്ട്‌ . ആ കണ്ണീര്‍ മാത്രം മതിയാകുമായിരുന്നു എന്‍റെ ഈ പാഴ്ജന്മം ഉരുകിതീരാന്‍ . എന്നിട്ടും എന്നെ ശപിച്ചില്ലല്ലോ എന്‍റെ അമ്മ. സ്വന്തം കണ്ണീരിലൂടെ കഴുകി തീര്‍ക്കുകയായിരുന്നോ എന്‍റെ പാപങ്ങളെ.....
ഓരോ തുള്ളി കണ്ണീരും ദൈവത്തിലേക്കുള്ള ഒരായിരം പ്രാര്‍ത്ഥനകളായിരിക്കണം......

ഡോക്ടര്‍ ബാലസുമ....... ഞാനെന്ത് വിളിക്കണം ......? ഡോക്ടറെന്നോ അമ്മയെന്നോ. ? അമ്മ എന്ന് തന്നെ വിളിക്കാം . എനിക്ക് അമ്മ മാത്രമായിരുന്നോ അവര്‍?. ജീവിതത്തിലേക്കുള്ള മകന്റെ തിരിച്ചു വരവും സ്വപ്നംകണ്ട് നാട്ടില്‍ നിന്നും വരുന്ന അമ്മക്ക് ഒരു സാന്ത്വനം കൂടി ആയിരുന്നില്ലേ ‍. ഒരു പക്ഷെ അമ്മയില്‍ പ്രതീക്ഷയുടെ തിരിതെളിയിക്കാനും അവര്‍ക്ക് കഴിഞ്ഞിരിക്കണം.
എനിക്കിഷ്ടപ്പെട്ട മധുരങ്ങളും കൊണ്ടാവും പലപ്പോഴും അമ്മ വരിക. "അവനിതൊന്നും കഴിക്കാന്‍ പറ്റില്ല" എന്ന് പറഞ്ഞ് ഒരിക്കലും എന്‍റെ അമ്മയെ നിരാശപ്പെടുത്തിയില്ല ഡോക്ടറമ്മ . അമ്മയുടെ വാത്സല്യ പകരുന്ന ആ മധുരം പലപ്പോഴും എന്‍റെ ചുണ്ടുകളില്‍ ചേര്‍ത്ത് "അമ്മ തരുന്നതല്ലേ....... കഴിക്കു "എന്ന് എത്ര വട്ടം ഡോക്ടര്‍ അമ്മ എന്നെ ഊട്ടിയിട്ടുണ്ട്. ചികിത്സക്കിടയില്‍ പലപ്പോഴും വിഭ്രാന്തിയുടെ വക്കോളം എത്തിയ എത്രയെത്ര ദിവസങ്ങള്‍ ....! സ്വബോധം തന്നെ നഷ്ടപ്പെട്ട സമയങ്ങള്‍...

പതുക്കെ പതുക്കെ താളം വീണ്ടെടുക്കുക ആയിരുന്നു.
ആശുപത്രിയുടെ പുറത്തുള്ള മനോഹരമായി പൂന്തോട്ടത്തില്‍ എന്നെയും കൊണ്ട് നടക്കും ഡോക്ടറമ്മ. ഓരോ പൂക്കളെ പറ്റിയും ഓരോ കഥകള്‍ പറഞ്ഞുതരും. ഒരു കൊച്ചു കുട്ടിയോടെന്നപോലെ.

ഒരിക്കല്‍ ഡോക്ടറമ്മയുടെ മുറിയില്‍ ഇരിക്കുമ്പോള്‍ ടേബിളില്‍ ഫ്രെയിം ചെയ്ത് വച്ചൊരു ഫോട്ടോ കണ്ട് "ഇത് ആരാണ് .." എന്ന എന്‍റെ ചോദ്യത്തിന് . " നീ തന്നെ..... . നിന്നിലൂടെ ഞാന്‍ തിരിച്ചു പിടിച്ചത് എന്‍റെ മകനെയാണ്".
എന്ന് പറയുമ്പോള്‍ ആ കണ്ണുകള്‍ നിറഞ്ഞിരുന്നത് ഇപ്പോഴും ഓര്‍ക്കുന്നു .

എന്നിലെ തെറ്റുകളെ മനസ്സിലാക്കിയ ഒരു കുട്ടിയാണ് ഞാന്‍ ഇന്ന് .
നീണ്ട ആറുമാസത്തെ അനുഭവങ്ങള്‍ എന്നെ ഒരുപാട് മാറ്റിയിരിക്കുന്നു.

ആ ചികിത്സാലയത്തിന്റെ പടികള്‍ ഇറങ്ങിയ നിമിഷങ്ങള്‍...... .

അമ്മ കരയുന്നുണ്ടായിരുന്നു ." ഇതാ ഞാനെന്റെ മകനെ തിരിച്ചു നേടിയിരിക്കുന്നു " എന്ന് ലോകത്തോട് വിളിച്ചുപറയുന്ന ആ മുഖം എനിക്കിന്നും മറക്കാന്‍ കഴിയുന്നില്ല . വെളുത്ത യൂണിഫോമില്‍ ഡോക്ടര്‍ ബാലസുമയും വന്നു. അന്നേവരെ ഡോക്ടറമ്മയെ ആ വേഷത്തില്‍ കണ്ടിട്ടില്ല ഞാന്‍ . എന്നെ നേര്‍വഴി നടത്താന്‍ ദൈവം ഭൂമിയിലേക്ക്‌ അയച്ച ഒരു മാലാഖയെ പോലെ............
നിറയുന്നു കണ്ണുകളോടെ ഡോക്ടറമ്മ എന്‍റെ കൈപിടിച്ച് അമ്മയെ ഏല്പിച്ചു. "ഇതാ നിങ്ങളുടെ മകനെ ഞാന്‍ തിരിച്ചു തരുന്നു" . അമ്മ തിരുത്തി, "എന്‍റെ അല്ല ..നമ്മുടെ മകനെ " .
എന്‍റെ അമ്മയോടൊപ്പം ഞാന്‍ ദൂരെ നടന്നു മറയുമ്പോള്‍ മകന്റെ ഫോട്ടോയില്‍ മുഖം ചേര്‍ത്ത് ഡോക്ടറമ്മ കരയുകയായിരുന്നോ ?

ഇന്‍റര്‍ സിറ്റി എക്സ്പ്രസ് കിതച്ചെത്തി. ഓര്‍മ്മകളില്‍ നിന്നും ഉണര്‍ന്നെണീറ്റ് ഞാന്‍ ട്രെയിനിനടുത്തെക്ക് നീങ്ങി . സ്റ്റേഷനില്‍ തിരക്ക് കൂടിയിട്ടുണ്ട്. വണ്ടി പതുക്കെ നീങ്ങി തുടങ്ങി. ആള്‍ക്കൂട്ടത്തിനിടയിലൂടെ വേഗത്തില്‍ നീങ്ങുന്നത്‌ ദാമുവേട്ടനാണോ..? പക്ഷെ തലയില്‍ ആ കെട്ടില്ലല്ലോ..
കാഴ്ചകളെ മറച്ചുകൊണ്ട്‌ വണ്ടിക്കു വേഗത കൂടുന്നു. കിതപ്പ് മാറി. ഇനി ഇത് കുതിച്ചു പായും. പ്രതീക്ഷയുടെ പുതിയ ലോകത്തിലേക്ക്‌.

ചിത്രം ഗൂഗിള്‍

Sunday, May 1, 2011

വിവാഹം





പ്രിയ ബൂലോകം സുഹൃത്തുക്കളെ,

മെയ്‌ 12ന്‌ വൈകീട്ട്‌ നാട്ടിലേക്ക്‌ വണ്ടി കയറുന്നു. മെയ്‌ 23ന്‌ എന്റെ വിവാഹമാണ്‌. എല്ലാ പ്രിയ കൂട്ടുകാരും ഇത്‌ വ്യക്തിപരമായ അറിയിപ്പായി തന്നെ കാണണം. നാട്ടിലുള്ള ബൂലോകം കൂട്ടുകാര്‍ തീര്‍ച്ചയായും പങ്കെടുക്കണം. വധു നിത്യ ഒരു സ്വകാര്യസ്‌ക്കുള്‍ അധ്യാപികയാണ്‌. വിശദവിവരങ്ങള്‍ ഇതോടൊപ്പമുള്ള ഇന്‍വിറ്റേഷനില്‍...

സസ്‌നേഹം

രാമു
---------------------------------- 


 K.S. Pramod
......................................
Mob    : +973 36229204 (Bahrain), +91 9447674375 (India)
Skype : pramodkanamkote 
 ......................................