Custom Search

Sunday, December 20, 2009

ഒരു ഡ്യൂപ്ലിക്കേറ്റ്‌ നഗരത്തിന്റെ സദാചാരപോരാട്ടങ്ങളും ഞങ്ങളുടെ കോളേജ്‌ ജീവിതവും.



മേലേക്കാവ്‌ താഴേക്കാവ്‌ എന്ന ഇരട്ട പേരുകളിലാണ്‌ അന്ന്‌ നഗരത്തിലെ പ്രശസ്‌തമായ ആ തിയ്യറ്ററുകള്‍ അറിയപ്പെട്ടിരുന്നത്‌.

അവ തമ്മില്‍ ശക്തമായ മത്സരവും നിലനിന്നിരുന്നു. ആരുണ്ടിവിടെ ചോദിക്കാന്‍ എന്ന സിനിമ മേലേക്കാവില്‍ ഓടാന്‍ തുടങ്ങിയപ്പോള്‍ നിയമം എന്തുചെയ്യും എന്ന സിനിമ കൊണ്ടുവന്നാണ്‌ താഴെക്കാവ്‌ തിരിച്ചടിച്ചത്‌. ഞങ്ങളന്ന്‌ വിവേകാനന്ദകോളേജില്‍ പ്രീഡിഗ്രിക്ക്‌ പഠിക്കുന്നു. ഞങ്ങളെന്ന്‌ പറഞ്ഞാല്‍ കുട്ടിഷൈജു, ബിജു ബാലകൃഷ്‌ണന്‍, ബാബുമത്തായി, മന്‍മഥന്‍ എന്ന മനോജ്‌, ശര്‍മ്മാജി, ജെയിന്‍ജെയിംസ്‌, ഉല്ലാസ്‌ അന്തിക്കാടന്‍, മുജീബ്‌, മൂപ്പന്‍ സന്തോഷ്‌, ജുബീഷ്‌, ഷഹീര്‍, മനോജ്‌, പ്രദീപ്‌ ഈപ്പന്‍, ബിജു കരിക്കാട്‌........ മൂപ്പനാണ്‌ സംഘത്തിന്റെ നേതാവ്‌. പ്രായത്തില്‍ കവിഞ്ഞ വളര്‍ച്ചയും നല്ലതടിമിടുക്കും തികഞ്ഞ ചക്കൂറ്റവുമുള്ള മൂപ്പന്‍ അന്ന്‌ ആനക്കൂട്ടി തമ്പിയുടെ സി.സി. പിടുത്തം സംഘത്തിലെ അംഗം കൂടിയാണ്‌.

രാവിലെ മുടങ്ങാതെ കേളേജിലെത്തും. പിന്നെ സൗകര്യം പോലെ പുറത്തു ചാടും. കോളേജിന്‌ താഴെ കാടുപിടിച്ച്‌ കിടക്കുന്ന തെങ്ങിന്‍ പറമ്പാണ്‌ അവിടെ വെച്ചാണ്‌ അന്നത്തെ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നത്‌. വെട്ടിക്കടവ്‌ ഷാപ്പുപിടിക്കണോ ചെറുവത്താനി ഷാപ്പു പിടിക്കണൊ. പ്രിന്‍സിപ്പലായ രാഘവന്‍ മാഷ്‌ക്ക്‌ ആ ആഴ്‌ച്ച എന്ത്‌ പണികൊടുക്കും. കലാകാരിയും, പുരുഷ വിദ്വേഷിയും സര്‍വ്വോപരി ഒരു കൊച്ചു സുന്ദരിയുമായ കോളേജ്‌ താരത്തെ എങ്ങിനെ തറപറ്റിക്കും. മൂപ്പന്‍ സന്തോഷ്‌ സ്വന്തമായി ഏറ്റ ചെറുകിട വണ്ടിപിടുത്തം പരിപാടികളില്‍ ആരൊക്കെ പങ്ക്‌ചേരും. ചിറളയം കോണ്‍വെന്റിന്‌ കല്ലെറിഞ്ഞ കേസില്‍ കോടതിയില്‍ ഹാജരാകേണ്ടത്‌ ആരൊക്കെ എന്ന അജണ്ടയിലെ പ്രധാനചര്‍ച്ചാവിഷയങ്ങള്‍ക്കപ്പുറം അന്നത്തെ കാര്യപരിപാടികള്‍ ആരംഭിക്കും. എന്ത്‌ തിരക്കുകളുണ്ടെങ്കിലും ആഴ്‌ച്ചയിലൊരിക്കല്‍ വികേകാനന്ദ ബോയ്‌സ്‌ താഴെക്കാവ്‌ സന്ദര്‍ശിച്ചിരിക്കും. അതും കോളേജില്‍ നിന്ന്‌ ആഘോഷമായി പ്രകടനം പോലെയാണ്‌ യാത്ര. ഒളിച്ചും പതുങ്ങിയും ഒറ്റയ്‌ക്കും തെറ്റയ്‌ക്കും ഉച്ചപ്പടം കാണാനെത്തുന്ന മറ്റ്‌ കോളേജ്‌ കുമാരന്‍മാര്‍ ഞങ്ങളെ അസൂയയോടെ നോക്കും. താഴെക്കാവില്‍ ഇടവേള വരെ ടിക്കറ്റ്‌ കൊടുക്കും. ഇടവേളയ്‌ക്ക്‌ ശേഷമാണ്‌ യഥാര്‍ത്ഥ പടം. അര മണിക്കൂറോളം പിന്നെ ദ്രുതതാളത്തിലുള്ള സംഗീതമാണ്‌ തിയ്യറ്ററില്‍ നിന്ന്‌ കേള്‍ക്കുക. പുറത്ത്‌ റോഡിലൂടെ പോകുന്ന നാട്ടുകാര്‍ക്കറിയാം ഉള്ളില്‍ എന്താണ്‌ നടക്കുന്നതെന്ന്‌. പഴയ കോടംമ്പാക്കം ബിറ്റുകളുടെ വലിയൊരു ശേഖരം സ്വന്തമായുണ്ട്‌ ഇരു തിയ്യറ്ററുകള്‍ക്കും. മലപ്പുറം പാലക്കാട്‌ ജില്ലകളില്‍ നിന്നു വരെ ഈ തിയ്യറ്ററുകള്‍ തേടി ആളുകളെത്തിയിരുന്നു. പല പ്രായത്തിലും പല പദവിയിലും ഉള്ള ആളുകള്‍. ഒരിക്കല്‍ നിലമ്പൂരടുത്തുള്ള ഒരു പള്ളിയില്‍ നിന്ന്‌ ഇടയ്‌ക്കിടെ പടം കാണാനെത്തിയ ഒരച്ഛനെ ഇടവകക്കാര്‍ പിടിച്ചതായി കേട്ടിരുന്നു. ഇന്റെര്‍നെറ്റും ബ്ലൂടൂത്തും എം.എം.എസും എന്തിന്‌ സി.ഡി. പോലും ഇല്ലാതിരുന്ന അക്കാലത്ത്‌ ഒരു തലമുറയുടെ രതികാമനകളെ ശമിപ്പിച്ചിരുന്നത്‌ ഈ തിയ്യറ്ററുകളായിരുന്നു.

മന്‍മഥന്‍ അന്ന്‌ വലതു കമ്മ്യുണിസ്‌റ്റ്‌ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവാണ്‌. ഞാനന്ന്‌ വിശ്വസ്ഥനായ അനുയായിയും. അങ്ങിനെ ഒരുനാള്‍ സിനിമ കണ്ട്‌ കൊണ്ടിരിക്കുന്നതിനിടയില്‍ പുറകിലെ ഒരു കോണില്‍ ഒതുങ്ങിയിരുന്ന്‌ സിനിമ കാണുന്ന കുമാരേട്ടനെ മനോജ്‌ എനിക്ക്‌ കാണിച്ചു തന്നു. ഞങ്ങളുടെ ലേഡി വൈസ്‌ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയുടെ അച്ഛനും പാര്‍ട്ടിയുടെ കര്‍ഷക സംഘത്തിന്റെ ജില്ലാനേതാവുമാണ്‌. ഞങ്ങളെ അദ്ദേഹവും കണ്ടു. ഇന്‍ട്രബെല്‍ ഷോ കഴിയാന്‍ നിന്നില്ല. കുമാരേട്ടന്‍ പുറത്തുചാടി. പുറകെ ഞങ്ങളും. ഒരു ചായ കുടിച്ചിട്ട്‌ പോകാം കുമാരേട്ടാ എന്നായി മനോജ്‌. ഒടുവില്‍ കുമാരേട്ടന്‍ കാലുപിടിച്ചു നാറ്റിക്കല്ലെ മക്കളെ മോളേട്‌ ഇതേ പറ്റി പറയല്ലെ. കടം പറഞ്ഞാണ്‌ കുമാരേട്ടന്‍ ബ്രൈറ്റ്‌ ഹോട്ടലില്‍ നിന്ന്‌ ചിക്കന്‍ ബിരിയാണി വാങ്ങിതന്നത്‌. എന്നിട്ടും പിറ്റേന്ന്‌ കണ്ടപ്പോള്‍ മനോജ്‌ ശ്രീജയോട്‌ പറഞ്ഞു അച്ഛനെ ഇന്നലെ ഞങ്ങള്‍ കണ്ടിരുന്നു. എവിടെ വെച്ചാണെന്ന്‌ പറയുന്നില്ല അത്‌ അച്ഛനോട്‌ തന്നെ ചോദിച്ചാല്‍ മതി.

അക്കാലത്താണ്‌ കേരളകോണ്‍ഗ്രസ്സിലെ പ്രബല വിഭാഗം വീണ്ടും രണ്ടായി പിളരുന്നത്‌. മാതൃസംഘടന കരുത്തുതെളിയിക്കാന്‍ മണ്ണാര്‍ക്കാട്‌ വെച്ച്‌ റാലിയും പൊതുയോഗവും നടത്തുന്നു. ഒരു ബസ്സ്‌ നിറയെ ആളെ മണ്ണാര്‍ക്കാട്‌ എത്തിക്കാനുള്ള കൊട്ടേഷന്‍ പഴഞിയിലെ കേരളകോണ്‍ഗ്രസ്സ്‌ നേതാവായ ജോസഫേട്ടന്‍ വഴി ഞങ്ങളെടുക്കുന്നു. ആളൊന്നിന്‌ 50 രൂപ, ശാപ്പാട്‌, പിന്നെ തൊണ്ടനനയ്‌ക്കാന്‍ ഇത്തിരി. പാല സാറ്‌ പ്രസംഗം തുടങ്ങി. പാര്‍ട്ടിയുടെ രാഷ്ടീയ പ്രസക്തയെപറ്റി അദ്ദേഹം കത്തികയറുന്നതിനിടയില്‍ ബാബുമത്തായി പ്രകോപിതനായി " എടാ പെറ്റി ബൂര്‍ഷ്വേ പെരും കള്ളാ നിന്നോടുള്ള സ്‌നേഹം കൊണ്ടല്ലടാ പൈസയ്‌ക്ക്‌ വേണ്ടിയെടാ വന്നത്‌ നിറുത്തെടാ പ്രസംഗം. പട്ടയരാഷ്ട്രീയമല്ല പട്ടരാഷ്ടീയം *്‌%#@*&^_!@%^^$##$*/-%$#@*&%*%$#@! " എന്നായി ബാബു. സംഗതി ഉന്തും തള്ളിലുമെത്തി. എതിരാളികള്‍ തന്നെ അപമാനിക്കാന്‍ മന:പൂര്‍വ്വം ആസൂത്രണം ചെയ്‌തതാണെന്നായി പാലസാര്‍. പാര്‍ട്ടിപ്രവര്‍ത്തകരുടെയും വാടകഗുണ്ടകളുടെയും കൈകരുത്ത്‌ ഞങ്ങളില്‍ പലരുമറിഞ്ഞു. പരിപാടി തീരും മുന്‍പെ രക്ഷപ്പെട്ടു. ആ സംഭവത്തിന്റെ ക്ഷീണം തീരും മുന്‍പെ മൂപ്പനും പരിക്കേറ്റു. കുന്നംകുളത്തെ ഒരു ബ്ലേഡില്‍ നിന്ന്‌ വായ്‌പ്പയെടുത്ത്‌ വാങ്ങിയ ബസ്സ്‌. സ്ഥലം കണ്ണൂര്‍. തിരിച്ചടവ്‌ മുടങ്ങിയിട്ട്‌ നാളുകളായി. രാഷ്ടീയ പിന്‍ബലവുമുണ്ട്‌ കക്ഷികള്‍ക്ക്‌. ഒടുവില്‍ തമ്പിയുടെ സംഘം ഓപ്പറേഷന്‍ ഏറ്റെടുക്കുന്നു. രാത്രിയിലെ ട്രിപ്പ്‌ കഴിഞ്ഞ്‌ പാര്‍ക്കുചെയ്യുന്നതിന്‌ മുന്‍പായി ബസ്സ്‌ കഴുകുന്ന തോട്ടിന്‍ കരയില്‍ നിന്ന്‌ വണ്ടി റാഞ്ചാനാണ്‌ തീരുമാനം. സ്ഥലം പോലീസിന്റെ മൗനാനുവാദവുമുണ്ട്‌. ഞങ്ങളെ അറിയിക്കാതെയാണ്‌ മൂപ്പന്‍ പോയത്‌. 14 അംഗ സംഘമാണ്‌ ഓപ്പറേഷന്‌. വണ്ടി റാഞ്ചി പക്ഷെ കണ്ണൂരിനും കോഴിക്കോടിനുമിടയിലുള്ള അസംഖ്യം റെയില്‍വ്വേ ഗെയ്‌റ്റുകളിലൊന്നില്‍ വണ്ടി പെട്ടു. പുറകെയെത്തിയ ബസ്സ്‌ മുതലാളിയുടെ സംഘത്തോട്‌ എതിരിടാന്‍ കഴിയാതെ തമ്പിയും കൂട്ടാളികളും പല വഴിക്ക്‌ ഓടി. പിറ്റേന്ന്‌ വിവരമറിഞ്ഞ്‌ ഞങ്ങള്‍ പോയി കണ്ടപ്പോള്‍ മൂപ്പന്റെ മേലാസകലം പരിക്കുകളുണ്ടായിരുന്നു. ഓടും വഴി തോട്ടില്‍ വീണതാണെന്നാണ്‌ മൂപ്പരുടെ മൊഴി. ഞങ്ങളാരും അത്‌ വിശ്വസിച്ചില്ലെങ്കിലും.

അങ്ങിനെയൊക്കെ ദിവസങ്ങള്‍ കടന്നുപോകുന്നു. 1992 ഡിസംബര്‍ 6 അയോദ്ധ്യയില്‍ ബാബറി മസ്‌ജിദ്‌ തകര്‍ക്കപ്പെടുന്നു. ഇന്ത്യയൊട്ടാകെ ബന്ദ്‌, ഹര്‍ത്താല്‍, കരിദിനം, കലാപങ്ങള്‍. കോളേജ്‌ വീണ്ടും തുറന്ന ദിവസം കറുത്ത ബാഡ്‌ജ്‌ കുത്തിയാണ്‌ ഞങ്ങള്‍ കോളേജിലെത്തിയത്‌ അധ്വാനിയുടെയും ചവാന്റെയും കോലങ്ങള്‍ കത്തിച്ചു ഒപ്പം മദനിയുടെ വിഷം പരത്തുന്ന കാസറ്റുകളും. ബാബറി ചരിത്രം വിവരിക്കുന്ന കെ.വേണുവിന്റെ മാതൃഭൂമി ലേഖനത്തിന്റെ ഫോട്ടോകോപ്പി വിതരണം. കോളേജിലും കുന്നംകുളം ടൗണിലും പോസ്‌റ്റര്‍ പ്രദര്‍ശനം. ഭൂരിപക്ഷം ന്യൂനപക്ഷം എന്ന പേരില്‍ വര്‍ഗീയത രണ്ടില്ല ഒരേനാണയത്തിന്‌ ഇരുവശങ്ങളെന്നതു പൊലെ ഒന്നേയുള്ളൂ എന്നും ആനന്ദിനെ ഉദ്ധരിച്ച്‌ ബിജു പ്രസംഗിച്ചു. ഡിസംബര്‍ വെക്കേഷന്‍ നാഷണല്‍ സര്‍വ്വീസ്‌ സ്‌കീം ക്യാമ്പ്‌ കോളേജില്‍ വെച്ച്‌ തന്നെ. അതിനടയിലും ചൂടുപിടിച്ച ചര്‍ച്ചകള്‍. വിഷയം വര്‍ഗീയത തന്നെ. അന്നും കോളേജില്‍ വര്‍ഗീയമായി ചിന്തിക്കുന്ന ഒരു ന്യൂനപക്ഷമുണ്ട്‌. അനുകൂല സാഹചര്യമില്ലാത്തതുകൊണ്ട്‌ വിഷം പുറത്തേക്ക്‌ ചീറ്റാറില്ലെങ്കിലും. കുറിതൊട്ട ഐ. എസ്‌ .എസ്‌ എന്ന്‌ ഗോഡ്‌സെയുടെ അനുയായികളെയും തൊപ്പിയിട്ട ആര്‍. എസ്‌. എസ്‌ എന്ന്‌ മദനിയുടെ അനുയായികളെയും ഞങ്ങള്‍ വിളിച്ചുപോന്നു. മതങ്ങളാണ്‌ പ്രശ്‌നമെന്നും മതനിരാസവും മതേതരമായ ജീവിതവുമാണ്‌ പരിഹാരം എന്നുമുള്ള പൊതുധാരണയില്‍ ഞങ്ങളെത്തി. എല്ലാവരും പൂര്‍ണ്ണമായി പിന്തുണച്ചില്ലെങ്കിലും. മിശ്രവിവാഹിതരാകണമെന്ന തീരുമാനവും അന്നെടുത്തിരുന്നു.

വീണ്ടും കോളേജ്‌ തുറന്നു. രണ്ടു ദിവസം കഴിഞ്ഞില്ല. ഞെട്ടിപ്പിക്കുന്ന ഒരു വാര്‍ത്ത പരന്നു കോളേജില്‍. കീഴെക്കാവില്‍ ഓടുന്ന പടത്തിനിടയ്‌ക്ക്‌ പ്രദര്‍ശിപ്പിക്കുന്നത്‌ കോളേജ്‌ താരത്തിന്റെ ദൃശ്യങ്ങള്‍. വിവരമറിഞ്ഞു വരാന്‍ മൂപ്പന്‍ അന്വേഷണകമ്മീഷനെ വെച്ചു. കമ്മീഷന്‍ റിപ്പോര്‍ട്ട്‌ സംഗതി ശരി വെക്കുന്നതായിരുന്നു. പിന്നെ കോളേജില്‍ നിന്ന്‌ ഒരൊഴുക്കായിരുന്നു കാവിലേക്ക്‌. ആരോപിക്കപ്പെട്ട നായികക്ക്‌ കേളേജ്‌ താരവുമായി വിദൂരഛായ പോലും ഉണ്ടായിരുന്നില്ല. എന്നിട്ടും കണ്ടവരില്‍ പലരും അതവര്‍ തന്നെ എന്ന്‌ തമാശയായി പറഞ്ഞു. അവരുടെ ചെവിയിലും ആ വാര്‍ത്ത എത്താതിരുന്നിരിക്കില്ല. സൗന്ദര്യത്തിന്റെ ഭാഗമായി ഒരല്‍പ്പം തലക്കനം ഉണ്ടായിരുന്നു എന്നതൊഴിച്ചാല്‍ വളരെ പാവമായ ഒരുകുട്ടിയായിരുന്നു അവര്‍ അതുകൊണ്ടുതന്നെ ഒരാളും ആ വാര്‍ത്ത വിശ്വസിക്കുകയോ അങ്ങനെ സംശയിക്കുകയോ ചെയ്‌തില്ല. എങ്കിലും അന്ന്‌ അവര്‍ എത്രമാത്രം വേദനിച്ചിരുന്നിരിക്കണം. പ്രതികരണങ്ങളൊ പരാതികളെ ഒന്നും ഉണ്ടായില്ല. ഒരു കോളേജ്‌ തമാശയായി സംഭവം ഒതുങ്ങി. സംഭവത്തിന്‌ പുറകെയുള്ളവരെ വിളിച്ച്‌ മൂപ്പന്‍ താക്കീത്‌ ചെയ്‌തു. പതുക്കെ എല്ലാവരും ആ സംഭവം മറക്കുകയും ചെയ്‌തു. ആ സംഭവവുമായി ബന്ധമുണ്ടോ ?. ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശ പ്രകാരം തിയ്യറ്റര്‍ റെയ്‌ഡ്‌ ചെയ്‌ത്‌ കോടമ്പാക്കം നീലയുടെ വലിയൊരുശേഖരം പോലീസ്‌ പിടിച്ചെടുത്തു. സ്ഥലം പോലീസ്‌ തിയ്യറ്റര്‍ ഉടമകള്‍കള്‍ക്ക്‌ അനുകൂലമായതുകൊണ്ട്‌ അന്നൊരു പുലിയായിരുന്ന തൃശ്ശൂര്‍ ട്രാഫിക്ക്‌ സി. ഐ . ആയിരുന്നു റെയ്‌ഡ്‌ നടത്തിയതും പ്രിന്റ്‌ പിടിച്ചെടുത്തതും. പിറ്റേന്ന്‌ കോടതിയില്‍ ഹാജരാക്കിയപ്പോളാണ്‌ സ്ഥലം പോലീസിന്റെ മിടുക്ക്‌ ജനമറിഞ്ഞത്‌. കാമകേളികള്‍ ഭക്തിലീലകളായി. നീലചിത്രം ഭകതി കുചേലന്‍ സിനിമയായി. പത്രങ്ങള്‍ സംഭവമേറ്റു പിടിച്ചു. തൃശ്ശൂരില്‍ നിന്ന്‌ മനുഷ്യാവകാശ-പ്രതിരോധ പ്രവര്‍ത്തകര്‍ രംഗത്തെത്തി. രാഘവന്‍ തേറമ്പില്‍ ഫിലിം പെട്ടി തലയില്‍ വെച്ച്‌ പോലീസ്‌ സ്‌റ്റേഷനിലേക്ക്‌ പഥയാത്ര നടത്തി. എന്തിനധികം സമരം യൂത്ത്‌ കോണ്‍ഗ്രസ്സും ഡി.വെ.എഫ്‌ ഐയും ഏറ്റെടുത്തു. '' ആഴ്‌ച്ചയിലൊരിക്കലെങ്കിലും ഇവിടെയെത്തിയില്ലെങ്കില്‍ ഉറക്കം വരാത്ത പിള്ളാരാണ്‌ ഇപ്പോള്‍ ഞങ്ങള്‍ക്കെതിരെ സമരം നടത്തുന്നത്‌'' തിയ്യറ്ററിലെ വാച്ച്‌മാനായ വറതുണ്ണിയേട്ടന്‍ കാര്‍ക്കിച്ചുതുപ്പി.

വിദ്യര്‍ത്ഥിസംഘടനകളും സമരപരിപാടികള്‍ ആവിഷ്‌ക്കരിച്ചെങ്കിലും കോളേജില്‍ നിന്ന്‌ കക്ഷി രാഷ്ടീയ ഭേദമന്യേ സമരപരിപാടികളില്‍ നിന്നും വിട്ടു നില്‍ക്കാനാണ്‌ ഞങ്ങള്‍ തീരുമാനിച്ചത്‌. "കപടസദാചാരവാദികള്‍ തുലയട്ടെ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ" മത്തായി നീട്ടിവിളിച്ചു.

എന്തായാലും സി.ഐ. മിന്നല്‍ ചാക്കോ സസ്‌പെന്‍ഷനിലായി. സംഭവം നടന്ന്‌ വര്‍ഷം പതിനഞ്ച്‌ ഇപ്പോഴും കേസ്‌ കോടതിയില്‍ തന്നെ. ചാക്കോയുടെ സര്‍വീസ്സ്‌ ജീവിതം മിക്കവാറും അവസാനിച്ചു. അത്യന്താധൂനിക സാങ്കേതികവിദ്യകളുടെ കുത്തൊഴുക്കില്‍ നീല ജനകീയമായതോടെ പഴയ പ്രാതാപം നഷ്ടമായെങ്കിലും ഒരു കാലഘട്ടത്തിന്‍െ ഗൃഹാതുര സ്‌മരണകളുയര്‍ത്തി താഴെക്കാവ്‌ ഇപ്പോഴും നിലനില്‍ക്കുന്നു. മേലേക്കാവിന്റെ സ്ഥാനത്ത്‌ നഗരത്തിലെ ഏറ്റവും വലിയ കല്യാണമണ്ഡപം. എങ്കിലും വടക്കാഞ്ചേരി റൂട്ടിലെ ആദ്യ സ്‌റ്റോപ്പെത്തുമ്പോള്‍ പഴയ ഓര്‍മ്മകള്‍ അയവിറക്കി ചില കിളികള്‍ നീട്ടിവിളിക്കും "മേലേക്കാവ്‌, മേലേക്കാവ്‌ ആളിറങ്ങാനുണ്ടോ........ ''

5 comments:

സഹില്‍ തൊടുപുഴ said...

കൊള്ളാം നന്നായിട്ടുണ്ട്
അഭിനന്ദനങ്ങള്‍

ബിനോയ്//HariNav said...

ലളിതം സുന്ദരം അനര്‍ഗ്ഗളം :)

സിജാര്‍ വടകര said...

കൊള്ളാം നന്നായിട്ടുണ്ട്

സിജാര്‍ വടകര said...
This comment has been removed by the author.
കണ്ണനുണ്ണി said...

മേലെക്കാവില്‍ ആളിരങ്ങാനുണ്ടോ